Showing posts with label ശ്രീജിത്ത്. Show all posts
Showing posts with label ശ്രീജിത്ത്. Show all posts

മോഹം

മോഹം
അതിരുകളില്ലാതെ , ബന്ധനങ്ങളില്ലാതെ അലയുന്ന മേഘമാകാൻ
ദാഹിച്ചു നിൽക്കുന്ന ഭൂമിയെ ദാഹമകറ്റി ഉന്മഷവതിയാക്കുന്ന മഴയാകാൻ
കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന പുഷ്പമാകാൻ
തിരിഞ്ഞും മറിഞ്ഞും കരയിലേക്ക് വന്നു പോകുന്ന തിരമാലകളാകാൻ
കരിയിലകളെ പായിച്ചും പൊടിപടലങ്ങൾ തൂകിയും വീശുന്ന വൃശ്ചിക കാറ്റാകാനും
ഉളള എന്റെ മോഹങ്ങൾ വലുതോ ? ചെറുതോ ? എനിക്കറിയില്ല .
പക്ഷേ
ഒന്നറിയാം
ഇവയെല്ലാം ആകാൻ എപ്പോഴൊക്കയോ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് .
(ശുഭം)
By
നഷ്ടപ്പെട്ട നീലാംബരി

സ്മൃതി (4) വാർഡ് നംമ്പർ 4 . S 6

സ്മൃതി (4) വാർഡ് നംമ്പർ 4 . S 6
അലീനയ്ക്കും അനീറ്റയ്ക്കും ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ .....
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷൻമാരുടെ നാലാം വാർഡ് . S 6 . ആ കളളിയിൽ ആകെ 10 ബെഡ് മാത്രമേ ഉള്ളു . എനിക്കൊരു ഓപ്പറേഷൻ ഉണ്ട് അതിനു വേണ്ടി അഡ്മിറ്റായതാണ് . ബെഡ് എല്ലാം ഫുള്ളായതിനാൽ താഴെ ഞങ്ങൾ സ്ഥലം കണ്ടെത്തി . അധികം വൈകാതെ തന്നെ എന്റെ ഇരുവശങ്ങളിലും വേറെ രണ്ടു പേർ കൂടി വന്നു . വളരെ പെട്ടെന്ന് സൗഹൃദങ്ങൾ വേരുപിടിക്കുന്ന സ്ഥലമാണ് ആശുപത്രികൾ അതേ പോലെ തന്നെ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ എല്ലാം അവിടെ അവസാനിക്കുകയും ചെയ്യുന്നു . 7-1-17 നാണ് ഞാനിവിടെ എത്തുന്നത് . എന്തായാലും പുതുവത്സരം കലക്കി , ആശുപത്രിവാസം . ഇവിടെ കിടന്നു കൊണ്ട് വാർഷിക വാരഫലം വായിക്കാൻ നല്ല രസമുണ്ട് . വ്യാഴ്ചയാണ് ഓപ്പറേഷൻ . ഇനി അഞ്ചു ദിവസം . ഓപ്പറേഷന്റെ തലേ ദിവസമേ മരുന്നുകൾ ചെയ്യൂ അതുവരെ വെറുതെ ഈ കിടപ്പ് തന്നെ . പുറത്തിറങ്ങി സമയം കളയാനും പറ്റില്ല . ഏത് നേരത്താണ് ഡോക്ടർമാർ എത്തുകയെന്ന് പറയാൻ പറ്റില്ല . സമയം കളയാൻ നല്ലൊരു മാർഗം ഞാൻ കണ്ടെത്തിയതായിരുന്നു . നല്ലെഴുത്തിൽ മുഴുവൻ സമയം മുഴുകുക . കുറേ വായിക്കാം കുറേ എഴുതാം . പക്ഷേ നെറ്റ്വർക്ക് ചതിച്ചു . എന്റെ സിം ഒട്ടും റേയ്ഞ്ച് കാണിച്ചില്ല . കൂട്ട് വന്ന മാമന്റെയും അമ്മായിയുടെയും ഫോണുകൾ റേയ്ഞ്ച് കാണിക്കാതിരിക്കാൻ കൂടുതൽ പരിശ്രമിച്ചു . കൊണ്ടുവന്ന പുസ്തകങ്ങൾ പലകുറി വായിച്ചു . നനഞ്ഞു തീർത്ത മഴകൾ ആയിരുന്നു പ്രധാന കൂട്ട് . ഡയറിയിൽ എന്തൊക്കയോ കുത്തിക്കുറിച്ചു . ഇതിനിടയ്ക്കും കിട്ടുന്ന ഇടവേളകളിൽ വാർഡിലെ മറ്റു രോഗികളുടെ കഥകളിലേക്ക് കടന്നു ചെല്ലും . ഈ മുറിയിലെ പ്രധാന പത്രം ഒരു അമ്മായിയാണ് . എല്ലാവരുടെ കഥകളും അവർ പഠിച്ചു വെച്ചിരിക്കുന്നു , എന്നാൽ ആളുടെ ജീവിതം പഠിച്ചതുമില്ല . രോഗിയായ ഭർത്താവിനെ ശുcശു ഷിക്കാതെ അവർ വാർഡിൽ കഥകൾക്കായി അലഞ്ഞു തിരിഞ്ഞു . നോക്കാൻ ആളില്ലാതെ മൂന്നു പേർ അവിടെ ഉണ്ടായിരുന്നു . അവർക്ക് വേണ്ട ഭക്ഷണം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നവർ എത്തിച്ചു കൊടുത്തു . ഒരാൾ വളരെ അവശനായിരുന്നു അയാളെ ബന്ധുക്കൾ ക്വാഷാലിറ്റിയിൽ കൊണ്ടു വന്നിട്ട് പോവുകയായിരുന്നു . മറ്റൊന്ന് അംഗവൈകല്യമുളള ഒരാളായിരുന്നു . സൗഹ്യദ സംഭാഷണത്തിനിയ്ക്ക് വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ അവൻ മൗനം പൂണ്ട് എന്തോ ആലോചനയിൽ മുഴുകി . അവൻ കുറേ സമയം അതേ ഇരുപ്പിരുന്നു .
മൂന്നാമത്തെ ആൾ ജോസഫ് എന്നൊരാൾ ആയിരുന്നു . അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റു കാര്യങ്ങളും ചെയ്ത ശേഷം അയാൾ പുറത്ത് പോകും . വെളളം ചില സമയങ്ങളിലെ ഉണ്ടാകു അതു കൊണ്ടു തന്നെ മിക്കവരും നേരത്തെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കും . ഭക്ഷണം കൊണ്ടു വരുന്ന നേരമാകുമ്പോൾ ജോസഫ് ബെഡിൽ എത്തും . ഭക്ഷണശേഷം നീണ്ടു നിവർന്ന് പുതച്ചുമൂടി ഉറങ്ങും . വന്ന അന്നു മുതൽ അയാളിൽ ഞാൻ കാണുന്ന കാഴ്ച ഇതെല്ലാമാണ് . രാത്രി ഭക്ഷണശേഷം അയാൾ അധികാര ഭാവത്തിൽ ലൈറ്റ് ഓഫ് ചെയ്ത് ഫാനും ഓൺ ചെയ്ത് പുതച്ചുമൂടി കിടക്കും . മുറിയിലെ ഞരക്കങ്ങളും അലർച്ചകളൊന്നും അയാൾ ശ്രദ്ധിച്ചില്ല . അയാൾക്ക് സുഖിച്ച് കിടക്കാൻ ഒരിടം അതാണ് ആശുപത്രിയെന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി . രണ്ട് ദിവസമായി ജോസഫിനോട് ബന്ധത്തിലെ ആരെയെങ്കിലും കൊണ്ടുവരാൻ ഡോക്ടർമാർ പറയുന്നു അവരോട് രോഗവിവരം പറയണമത്ര . അതിനു മാത്രം ഇയാൾക്ക് എന്തു രോഗം ? ജോസഫ് ഉത്തരമില്ലാതെ നിന്നു . നാളെ തീർച്ചയായും ആരെയെങ്കിലും അറിയിക്കു ഡോക്ടർ അവസാനമെന്നോണം പറഞ്ഞു . ഡോക്ടർ പോയ ശേഷം അയാളും പുറത്ത് പോയി . എപ്പോഴോ തിരികെ വന്നു . പാതി മയക്കത്തിൽ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ജോസഫ് കട്ടിലിൽ ഇരുപ്പുണ്ട് . നേർത്ത വെളിച്ചത്തിൽ അയാൾ കണ്ണുകൾ തുടക്കുന്നത് കണ്ടു . എന്തോ എനിക്കും സങ്കടമായി . ഒന്നും അറിയാതെയാണ് ഞാനൊരാളെ വിലയിരുത്തുന്നത് . പിറ്റെന്ന് ഒരു ചെറുപ്പക്കാരൻ ജോസഫിനേ തേടിയെത്തി . ഡോക്ടറുടെ വരവും കാത്ത് അക്ഷമയോടെ അയാൾ ആ മുറിയിൽ നടന്നു . മകനായിരിക്കണം വീണ്ടും വിലയിരുത്തൽ . ഭാര്യയും മക്കളും ആയപ്പോൾ അച്ഛനെ അടിച്ചു പുറത്താക്കിയതായിരിക്കണം . എല്ലാവരും പരസ്പരം കഥകൾ മെനഞ്ഞു . പക്ഷേ എല്ലാവരുടെയും ഊഹാപോഹങ്ങൾ ഡോക്ടറുടെ വരവോടെ മാറി .
നിങ്ങൾ ജോസഫിന്റെ ആരാണ് ? ആ ചെറുപ്പക്കാരനോട് ഡോക്ടർ തിരക്കി .
ഞാൻ......
മറുപടി പറയാൻ കഴിയാതെ ചെറുപ്പക്കാരൻ നിന്നു
എന്റെ അയൽവക്കത്തുള്ളതാണ് , ജോസഫിന്റെ തോണ്ട ഇടറുന്നുണ്ടായിരുന്നു
അപ്പോൾ നിങ്ങൾക്ക് സ്വന്തമായി ആരുമില്ലേ ?
രണ്ട് മക്കളുണ്ട്
അവരെവിടെ ?
ഒരു ഓർഫനേജിൽ നിർത്തിയിരിക്കുന്നു
എത്ര വയസ്സുണ്ട് അവർക്ക് ?
ചെറിയ കുട്ടികളാണ്
ഈ അമ്പതുകാരന് ചെറിയ മക്കളാണെന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് അകാംക്ഷയുണ്ടാകാം ഒരു വൈദ്യൻ എന്തിന് സംശയിച്ചു നിൽക്കണം .
അടുത്ത കാലത്താണ് ഞാൻ കല്ല്യാണം കഴിച്ചത് , ജോസഫ് പറഞ്ഞു .
അപ്പോൾ ഭാര്യ ?
മരിച്ചു , കിഡ്നിക്ക് അസുഖമായിരുന്നു വീടും പറമ്പും വിറ്റ് അവളെ ചികിത്സിച്ചു , എന്നിട്ടും
അയാളുടെ കണ്ണ് നിറഞ്ഞു തുളുമ്പി .
പ്രായമായ അമ്മയുണ്ട് ബുദ്ധിമാന്ദ്യമുളള ഒരു സഹോദരിയും അവർ ഒരു പളളി വക സദനത്തിലാണ് .
കേട്ടതെല്ലാം വിശ്വസിക്കാനാവാതെ ഞാനിരുന്നു . എല്ലാവരുടെയും അവസ്ഥ അതു തന്നെ ആയിരുന്നു .
ഡോക്ടർ ആ ചെറുപ്പക്കാരനെയും കൂട്ടി പുറത്ത് പോയി . അവർ സംസാരിച്ചു .
തിരികെ വന്ന ചെറുപ്പക്കാരനും ജോസഫും സംസാരിച്ചു . ജോസഫ് എല്ലാം കേട്ടിരുന്നു .
യാത്ര പറഞ്ഞ് ചെറുപ്പക്കാരൻ പുറത്തിറങ്ങി . ഞാൻ പുറകെ ചെന്നു . പുറത്ത് മാമനും അയാളും സംസാരിച്ചു നിൽക്കുന്നതു കണ്ടു ഞാൻ അവരുടെ അടുത്ത് ചെല്ലുമ്പോഴെക്കും ആ ചെറുപ്പക്കാരൻ നടന്നു .
അയാൾ എന്താ പറഞ്ഞെ ? ഞാൻ മാമനോട് തിരക്കി .
ജോസഫ് ചേട്ടന് ക്യാൻസറാണ് , ഡോക്ടർമാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല
ഒരു പ്രഹരം കൂടി .
ഞാൻ വാർഡിലേക്ക് കയറി , ചിലർ ജോസഫിന് ചുറ്റുമുണ്ട് .
അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു " എന്റെ ഇളയ മോൾ അനീറ്റ ഞാൻ വിളിക്കുന്നതും നോക്കി കാത്തിരിക്കുന്നുണ്ടാകും . കുറച്ച് ദിവസമായി പുതിയൊരു ഉടുപ്പ് വാങ്ങിക്കൊടുക്കാൻ പറയുന്നു . അദ്ദേഹം കീശയിൽ കയ്യിട്ട് കുറച്ച് കാശ് പുറത്തെടുത്തു , നിങ്ങളിലെ ചില നല്ല മനുഷ്യർ തന്നതാ . എന്റെ മക്കളെ കാണാൻ വയ്യ . ഉടുപ്പ് വാങ്ങി അയച്ചുകൊടുക്കണം . അതും പറഞ്ഞ് കണ്ണും തുടച്ച് അയാൾ പുറത്തേക്ക് പോയി . എല്ലാം ഒരു ശിലാ പ്രതിമ പോലെ നോക്കി നിൽക്കാനേ എനിക്ക് ആകുമായിരുന്നുളളു . ആ പൊന്നുമക്കൾക്കു വേണ്ടി ഈ പ്രാർത്ഥന മാത്രം . അവരുടെ അച്ഛന് ആയുസ്സ് നീട്ടികൊടുക്കട്ടെ . അലീനയ്ക്കും അനീറ്റയ്ക്കും ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ.......!
എഴുതിയത് - ശ്രീജിത്ത്
(ശുഭം)

സ്മൃതി (3) ബിന്ദുചേച്ചി

എന്റെ വീട്ടിൽ നിന്നും 10 മിനുട്ട് നടക്കാവുന്ന ദുരമേ ഉള്ളൂ കടപ്പുറത്തേക്ക് . ഈയിടയായി വൈകുന്നേരം നടത്തം നിർബന്ധമാക്കി . തടി അൽപം കൂടിയോ എന്നൊരു സംശയം . തടി കുറയാൻ നടത്തം മാത്രം പോരാ തീറ്റയും നിർത്തണം എന്നാണ് അനിയന്റെ കമന്റ് . തടി കുറയാൻ ഒരു വഴിയുമില്ല കാരണം കടപ്പുറത്ത് എത്തിയാൽ ഒരിടത്ത് ഇരുപ്പുറപ്പിക്കും . കടലും കണ്ട് കൊച്ചു കുട്ടികളെപ്പോലെ മണൽ കൊട്ടാരവും കെട്ടി സമയം കളയും . എത്ര കണ്ടാലും മതിവരാത്തതാണല്ലോ മഴയും കടലും ആനയും . കാറ്റാടി മരക്കൂട്ടത്തിനിടയിലൂടെ നടന്നു . ഇവിടത്തെ അറപ്പ തോട് കാണാൻ പ്രേത്യേക ഭംഗിയാണ് . ഞാൻ അറപ്പ തോടിന്റെ അടുത്തേക്ക് നടക്കവേ എതിരേ ഒരു സ്ത്രീ ഒരു പശുവിനേയും കൊണ്ട് വരുന്നു . ഞാനവരെ സൂക്ഷിച്ചു നോക്കി , എവിടെയോ കണ്ട മുഖം . ഓർമ്മ വരുന്നില്ല . അവരും എന്റെ നോട്ടം കണ്ട് തിരിച്ചും നോക്കുന്നുണ്ട് . ആലോചനയ്ക്ക് ഒടുവിൽ തെളിഞ്ഞു വന്ന പേര് ഞാൻ ചോദിച്ചു .
" ബിന്ദുചേച്ചി അല്ലേ ?
''അതെ "
" ഞാൻ വലപ്പാടുളള ഷീല ചേച്ചിയുടെ മോനാ "
" ഈശ്വരാ ....... "
ചേച്ചി താടിക്ക് കൈതാങ്ങ് കൊടുത്തു . "ഈർക്കിലി പോലെ ഇരുന്ന ചെക്കനാ ഇപ്പോ നോക്ക്യേ "
" ചേച്ചി ഇവിടെയാണോ താമസം"
" ആ .... അതെ...... ആ കാണുന്നതാ വീട്" കാറ്റാടി മരത്തിനിടയിലൂടെ ചേച്ചി കൈ ചൂണ്ടി .
"മുടിയെല്ലാം ആകെ നരച്ചിരിക്കുന്നു ചേച്ചിയുടെ " ഞാൻ പറഞ്ഞു .
" വയസ്സായില്ലേ "
അതിന് മറുപടിയൊന്നും ഞാൻ പറഞ്ഞില്ല . കൂടിയാൽ 40 അതിനു താഴെ കാണൂ വയസ്സ് . എനിക്ക് 10 വയസ്സ് ഉളളപ്പോഴാണ് ചേച്ചിയെ കാണുന്നത് . പാപ്പൻ ( മേമയുടെ ഭർത്താവ് ) ചെമ്മാപ്പിളളി എന്ന സ്ഥലത്ത് സ്ഥലം വാങ്ങി വീടുവെച്ചു . പാപ്പന്റെ പെട്ടെന്നുളള മരണം വീട് അനാഥമായി . കുടുംബ ചിന്ത ഉണ്ടാകാനായി അമ്മമ്മ അച്ഛനേയും അമ്മയേയും ആ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു . ഈ വിട്ടിലെ അയൽവക്കത്ത് ആയിരുന്നു ബിന്ദുചേച്ചിയുടെ വീട് . പാവാടക്കാരി പെൺകുട്ടി . ചേച്ചി അമ്പലത്തിൽ പോകുമ്പോഴും ഞായറാഴ്ച TV പടം കാണാൻ പോകുമ്പോഴും എന്നെ കൂടെ കൂട്ടും . ഞായറാഴ്ച വിട്ടുജോലികളല്ലാം വേഗം തീർക്കും . കുളിച്ച് ഒരുങ്ങും . മുടിയെല്ലാം മെടഞ്ഞ് റിമ്പൻ കൊണ്ട് കെട്ടിവെയ്ക്കും കുറച്ച് പൗഡർ മുഖത്ത് തേച്ച് ഒരു ചെറിയ പൊട്ടും കുത്തി തിരക്കിട്ട് എന്നെ വിളിക്കും , എവിടെയും പോകാൻ അനുവാദം തരാത്ത അമ്മ എന്തോ ചേച്ചിയുടെ കൂടെ വിടും . തിരക്കിട്ട് നടക്കും . ആ പ്രദേശത്ത് ആകെ രണ്ട് വീട്ടിലെ TV ഉണ്ടായിരുന്നുളളു . വേഗം ഏതെലും ഒരു വീട്ടിൽ എത്തണം . ആളുകൾ കൂടും മുൻപ് സ്ഥലം പിടിക്കണം . ഇപ്പോൾ സെക്കന്റിന് TV ചാനലുകൾ മാറ്റുമ്പോൾ ദൂരദർശൻ പോഗ്രാമുകൾ ക്ഷമയോടെ ഇരുന്ന് കണ്ടതെല്ലാം ഇടയ്ക്ക് ഓർത്തു പോകുന്നു . മഴക്കാലത്ത് പാടത്ത് പോയി ഞവണിക്ക പറക്കാൻ പോകുമ്പോൾ ചേച്ചിയും അനിയൻ ബിജു ചേട്ടനും എന്നെയും കൂട്ടും . വൈകാതെ തറവാട്ടിലെ ചില കടങ്ങൾ തീർക്കാൻ ചെമ്മാപ്പിളളിയിലെ വീട് വിൽക്കേണ്ടി വന്നു . ഞങ്ങളുടെ താമസം വീണ്ടും അമ്മയുടെ തറവാട്ടിലായി . അതോടു കൂടി ചെമ്മാപ്പിള്ളിയുമായുളള ബന്ധങ്ങളും മുറിഞ്ഞു .
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ കടപ്പുറത്താണ് കാണുന്നത് .
" ചേച്ചി ഇവിടെക്കാണ് വിവാഹം കഴിഞ്ഞ് വന്നതെന്ന് എനിക്കറിയില്ലായിരുന്നു . ഞാൻ ഇവിടെ എന്നും വരാറുണ്ട് ഇതുവരെ ചേച്ചിയെ ഈ ഭാഗത്തൊന്നും കണ്ടതുമില്ല "
" വീട്ടിലേക്ക് വാ , അവരെയോക്കെകാണാം "
ആ ക്ഷണം സ്നേഹത്തോടെ ഞാൻ നിരസിച്ചു .
"നാളെ വരാം . അനിയത്തിമാരെയല്ലാം കൂട്ടി വരാം"
പശുവിനെയും കൊണ്ട് നീങ്ങുന്നതിനിടയിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു .
"വരണം . എന്തായാലും വരണം "
എഴുതിയത് - ശ്രീജിത്ത്
(ശുഭം)

മിഴിനീർത്തുളളികൾ

മിഴിനീർത്തുളളികൾ
മുറ്റത്ത് ഓട്ടോറിക്ഷ വന്ന ശബ്ദം കേട്ടു സുശീല അടുക്കളയിൽ നിന്നും പുറത്തു വന്നു . ഓട്ടോയിൽ നിന്നും ഇറങ്ങിയ യുവതി വണ്ടിയിൽ നിന്നും ബാഗുകൾ ഇറക്കി താഴെ വെച്ചു , ഓട്ടോ ചാർജ് കൊടുത്ത് തിരിയുമ്പോൾ സുശീല ഇറയത്തിലെ തൂണും പിടിച്ച് നിൽപ്പുണ്ട് . യുവതി ചിരിച്ചു . സുശീലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . അവർ യുവതിയെ കെട്ടിപ്പിടിച്ച് കരഞ്ഞു .
അവൾ സുശീലയുടെ പുറകിൽ തലോടി .
"എന്താ അമ്മേ ഇത് ?
" നീ ഞങ്ങളെയൊക്കെ മറന്നിട്ട് പോയതല്ലെ ?
അവൾ വിഷാദത്തോടെ ചിരിച്ചു .
'മോള് തനിച്ചെ ഉള്ളോ , ഹരി വന്നില്ലേ ?
'ഇല്ല , ഞാൻ തനിച്ചേ ഉളളൂ .
"ചെറിയച്ചനെന്ത്യേ അമ്മേ ?
അകത്തേക്ക് കയറുന്നതിനിടയിൽ നേഖ തിരക്കി .
'' കവലയിൽ പോയിട്ടുണ്ടാകും , ഒരു തരി നേരം ഒരിടത്ത് ഇരിക്കില്ല .
"പണ്ടും ചെറിയച്ചൻ അങ്ങനെയല്ലേ ?
"എന്റെ കുട്ട്യേള് മാത്രം മാറി , ബാക്കിയെല്ലാം പഴയപടി തന്നെ "
" അമ്മേ ഞാൻ അമ്മുനെ കണ്ടിട്ട് വരാം "
" ഇപ്പോ വന്ന് കയറിയല്ലേ ഉളളു എന്തെലും കഴിച്ച് കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതി..
നേഖ മുറിയിലേക്ക് കയറി . യാത്ര ക്ഷീണം ഉണ്ട് , ചെന്നെയിൽ നിന്നും തൃശ്ശൂരിലേക്ക് അവിടെന്ന് മുക്കാൽ മണിക്കൂർ യാത്ര . ഇരുപത് വർഷം . ചെന്നൈ അത്ര ദൂരയൊന്നുമല്ല . ഇരുപത് വർഷം ഇവരിൽ നിന്നല്ലാം അകന്ന് നിൽക്കാൻ തനിക്ക് എങ്ങിനെ കഴിഞ്ഞു . ഇത് അച്ഛന്റെ തറവാടാണ് . അച്ഛൻ എന്നും ചെന്നൈയിൽ തന്നെ ആയിരുന്നു . താൻ ഇവിടെ ചെറിയച്ചന്റെയും ചെറിയമ്മ സുശീലയുടെയും മകളായി . സുശീല ചെറിയമ്മ ആയിരുന്നില്ല അമ്മ തന്നെ ആയിരുന്നു . അനഘയും അമ്മുവും വിളിച്ച പോലെ അമ്മേ എന്ന് തന്നെ വിളിച്ചു .
" കെട്ട്യേനെം കുട്ടിനെം വിട്ട് സുഖം തേടി പോയ വള് പോകട്ടെ , ഭാസ്കരേട്ടന് ജോലിം പുതിയ ഭാര്യയുമാവലുത് , ആര് വന്നാലും പോയാലും എനിക്ക് ഒന്നുല്യ ആ കുട്ടിനെ നോക്കാൻ എനിക്കറിയാം..
അതായിരുന്നു നാട്ടുകാർക്കുള്ള സുശീലയുടെ മറുപടി .
ഇത്രയും തന്നെ സ്നേഹിച്ചവരേ ഒരിക്കൽ പോലും കാണാൻ വരാതെ , ഫോണിലൂടെ രണ്ട് വാക്ക് മാത്രം പറഞ്ഞ് ഇത്ര കാലം . നേഖയ്ക്ക് വീർപ്പുമുട്ടുന്ന പോലെ തോന്നി .
ഊണ് കഴിക്കുമ്പോൾ ഹരിയെക്കുറിച്ച് അറിയാനായിരുന്നു അമ്മയ്ക്ക് തിടുക്കം .
അച്ഛൻ കണ്ടെത്തിയ മരുമകൻ അച്ഛനേപ്പോലെ തന്നെ ജോലിയും കാമുകിമാരും തിരക്കുമായി നടക്കുകയാണെന്ന് പറയാനാണ് തുനിഞ്ഞത് പിന്നത് വേണ്ടാന്ന് വെച്ചു . അമ്മയെ എന്തിന് വിഷമിപ്പിക്കണം .
ഊണ് കഴിഞ്ഞ് അമ്മയുമായി പലതും സംസാരിച്ചിരുന്നു .
"അമ്മുന് വിനോദയിട്ടുളള ഇഷ്ടം നിനക്കും അറിയായിരുന്നില്ലേ , അവള് അവളുടെ ഇഷ്ടത്തിന് പോയി , രണ്ട് ക്ടാങ്ങളുണ്ട് , മൂത്തത് അഞ്ചിലായി ഇളയതിന് മൂന്ന് വയസ്സ് .
അത്രേം പറഞ്ഞ് നിറുത്തി സുശീല നേഖയുടെ മുഖത്തേക്ക് നോക്കി . "മോളുടെ ചികിത്സ നന്നായി നടക്കണ്ടില്ലേ ?
ഉവ്വ കുറച്ച് സമയം പിടിക്കുമെന്നാ ഡോക്ടർ പറഞ്ഞത്
എല്ലാം നന്നായി നടക്കും ,
എത്ര നുണകളാണ് ഒരു മടിയും കൂടാതെ അമ്മയോട് താൻ പറയുന്നത് .
വെയിലാറിയപ്പോൾ നേഖ മുറ്റത്തിറങ്ങി .
"അമ്മേ ഞാൻ അമ്മു ന്റെ അടുത്ത് പോയിട്ട് വരാം:
''ശരി , എനിക്ക് വിലക്കാണല്ലോ അങ്ങ് ട് പോകാൻ മോള് പോയിട്ട് വാ.. നമ്മുടെ ദേവീക്ഷേത്രത്തിന്റെ അതിലെ പോയാൽ മതി , പാടം വഴി പോകാൻ പറ്റില്ല . അവിടെ നിറയെ കുടിയന്മാരും ചീട്ടുകളിക്കാരും കാണും "
എല്ലാം മൂളി കേട്ട് ഇടവഴിയിലേക്ക് ഇറങ്ങി . വഴിക്ക് ഇരു വശങ്ങളിലും ചെമ്പരത്തി , നീരോലി , മൈലാഞ്ചി ചെടികൾ കൊണ്ടുള്ള വെയിലികൾ . വഴിയിൽ പരിചയക്കാരെക്കണ്ട് സംസാരിച്ചു .
"ഞങ്ങളെയെല്ലാം മറന്നൂലേ ? മിക്കവരുടെയും ആദ്യ ചോദ്യം ഇതായിരുന്നു .
കടവ് എത്തിയപ്പോൾ നെഞ്ചിലൊരു പിടച്ചൽ , കുപ്പിവളകളുടെ കിലുക്കം , അനഘക്ക് കുപ്പിവളകൾ ഒരുപാട് ഇഷ്ടമായിരുന്നു . ചുവന്നതും കറുപ്പും കുപ്പിവളകൾ ഇടകലർത്തി ഇടാൻ അനഘ ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .
ദേവീക്ഷേത്രം കടന്ന് വിനോദിന്റെ വീട്ടുപടിക്കൽ എത്തിയതും പട്ടിയുടെ കുര കേട്ട് ഞെട്ടി . ഭാഗ്യം അതിനെ ഒരു ഇരുമ്പ് കുറ്റിയിൽ ചങ്ങലയ്ക്കിട്ടിട്ടുണ്ട് . നിർത്താതെയുളള പട്ടിയുടെ കുര കേട്ട് അമ്മു വാതിൽ തുറന്ന് പുറത്തു വന്നു . അഴിഞ്ഞു കിടന്ന മുടി വാരി കെട്ടിവെച്ചു . നേഖയെ കണ്ടതും അത്ഭുതത്തോടെ അമ്മുമുറ്റത്തേക്ക് ഓടി വന്ന് കെട്ടിപ്പിടിച്ചു . അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
" ഇനി നീയും തുടങ്ങിക്കോ "
"ഒരു മുന്നറിപ്പ് ഇല്ലാതെ . വിളിച്ചു പറയുക കൂടി ചെയ്തില്ല''
" ഞാൻ വരുന്നുകാരിയൊന്നുമല്ലല്ലോ പറഞ്ഞിട്ട് വരാൻ . എവിടെ നിന്റെ മക്കള് "
"ഇളയത് ഉറങ്ങാ , മൂത്തത് സ്കൂളിലാ കൊണ്ടുവരാൻ വിനോദേട്ടൻ പോയിട്ടുണ്ട് , അമ്മ തൊഴിലുറപ്പിന് പോയി .
ചെറിയൊരു ഓട് വീട് , മുറ്റം നിറയെ പലതരം ചെടികളും പൂക്കളും , അമ്മുന് പണ്ടും ചെടികളോട് താൽപര്യമാണ് . ഒന്നിലും സന്തോഷം കണ്ടെത്താതെ സ്വപ്ന ലോകത്ത് ജീവിച്ചത് താൻ മാത്രമാണ് .
ചായ കുടിക്കുമ്പോൾ വിനോദും കുട്ടിയും വന്നു .
;ആഹാ നേഖയോ ?
അവളൊന്നു ചിരിച്ചു .
"കടവിൽ വായെൽ നോക്കി നിന്ന് നീ ഇവളെ തട്ടികൊണ്ടു പോകുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു "
"അധികമൊന്നും പറയണ്ട , നേഖ എന്ന പേര് ഒരിക്കലും മറക്കാത്ത ഒരാൾ ഇപ്പോഴും ഈ നാട്ടിലുണ്ട് .
നേഖയുടെ മുഖം മങ്ങി .
വിനോദും അമ്മുവും അത് ശ്രദ്ധിച്ചു .
കുട്ടികളെ കളിപ്പിച്ചു , വിനോദിന്റെ അമ്മയുമായി സംസാരിച്ച് നേരം പോയതറിഞ്ഞില്ല . നേഖയെ വീടു വരെ ആക്കാൻ വിനോദും അമ്മുവും കൂടെ പോന്നൂ .
;പാലത്തിന്റെ പണി ഒന്നും ആയില്ല അല്ലേ ? കടവ് എത്തിയപ്പോൾ നേഖ ചോദിച്ചു .
"എവിടെന്ന് .
പണ്ട് സ്കൂളിൽ പോകുക ഇതിലെ വഞ്ചി വഴിയാണ് . റോഡ് വഴി പോകുമ്പോൾ രണ്ട് മണിക്കുർ വേണം .
"കൊല്ലത്തിൽ ആ ഒരു ദിവസം പ്രസംഗത്തിൽ ഒതുങ്ങുംപാലം പണി , രണ്ട് കൊല്ലമായി അനുസ്മരണവും ഇല്ല ഒരു പൂവോ വിളക്കോ വെച്ചാൽ അത് തന്നെ ഭാഗ്യം "
വിനോദ് പറഞ്ഞ് നടന്നു . അടക്കിപിടിച്ച കരച്ചൽ കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ നേഖ മുഖം പൊത്തി കരയുകയാണ് .
"അതെല്ലാം പഴയ കാര്യങ്ങളില്ല നീ കരയാതെ "
അമ്മു അവളെ ആശ്വസിപ്പിച്ചു .
" ഈ വിനോദേട്ടൻ അവൾ വിനോദിനെ കുറ്റപ്പെടുത്തി .
വീടെത്തിയപ്പോൾ വിനോദ് വഴിയിൽ തന്നെ നിന്നു .
"വിനോദ് വരുന്നില്ലേ , കോലായിൽ ചെറിയച്ഛൻ ഇരിപ്പുണ്ട് .
"വിനോദേട്ടൻ അവിടെ വരെ വരുള്ളു . അച്ഛനും അമ്മയും ആളുടെ വീട്ടിൽ എന്ന് കേറുന്നോ അന്നേ ഇവിടെ വിനോദേട്ടൻ കയറൂ
" അപ്പോൾ നീയോ "
"എനിക്ക് കുഴപ്പമില്ല രണ്ടിടത്തും എനിക്ക് പാസ്സുണ്ട് പക്ഷേ ഇപ്പോൾ വരുന്നില്ല "
രാത്രി കിടക്കവിരി വിരിച്ച് നേഖ വാതിൽ ചാരി വന്ന് കിടന്നു . പണ്ട് മൂന്ന് ശരീരങ്ങളും ഒറ്റ ആത്മാവുമായി ജീവിച്ച മുറി . അനഘ , അമ്മു , നേഖ സമപ്രായക്കാർ , എങ്കിലും ഇളയത് അനഘ ആയിരുന്നു . കളി ചിരിയുമായി നടക്കുന്ന സുന്ദരിക്കുട്ടി . സ്കൂളിൽ പോകാനായി കടവിൽ നിൽക്കുമ്പോൾ എതിരെയുളള മുടിവെട്ടുകടയുടെ മുൻപിൽ അവരെ കാണാം . വിനോദിനെയും അവന്റെ സുഹൃത്ത് നിരഞ്ജൻ . നിരഞ്ജൻ കടവിലെ ആൾകൂട്ടത്തിലേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ അനഘ കാതിൽ പറയും ആ ചേട്ടൻ നിന്നെ തന്നയാ നോക്കുന്നത് . മനസ്സിൽ പ്രണയം മൊട്ടിട്ടു തുടങ്ങി .
വൈകുന്നേരങ്ങളിൽ ദേവീക്ഷേത്രത്തിൽ വെച്ച് നിരഞ്ജനെ കണ്ടു , അനഘയോടു എന്തോ പറയുന്നു പറഞ്ഞ് ചിരിക്കുന്നു .
"എന്താ നിരഞ്ജൻ പറഞ്ഞേ "
" ഒന്നുമില്ല"
"ഒന്നുമില്ലാണ്ടാ ചിരിച്ചേ"
"പിന്നെ പറയാം"
എത്ര നിർബന്ധിച്ചിട്ടും അവൾ പറഞ്ഞില്ല .
പിറ്റെന്ന് സ്കൂൾ പടിക്കൽ വെച്ച് നിരഞ്ജൻ ഒരു പൊതി കൊടുക്കുന്നത് കണ്ടു . അവർ തമ്മിൽ പ്രേമമാണെന്നാ തോന്നുന്നെ കൂട്ടുകാരികൾ അടക്കം പറയുന്നത് ഞാനും കേട്ടു .
നേരെ അനഘയുടെ അടുത്ത് ചെന്ന് ആ കവറിനെക്കുറിച്ച് ചോദിച്ചു . അവൾ ഒന്നും പറയാതെ ബാഗും കെട്ടിപ്പിടിച്ച് ഇരുന്നു . നേഖയ്ക്ക് ദേഷ്യം ഇരച്ചു കയറി . സൗന്ദര്യവും മിടുക്കും ഉളള അനഘയെ തന്നെയാണ് നിരഞ്ജൻ നോക്കാറുള്ളതും കാത്തു നിൽക്കാറുള്ളതും . എന്നിട്ട് അവൾ തന്നെ പൊട്ടിയാക്കി . ക്ലാസ്സ് കഴിയുന്നതുവരെ അവളോട് മിണ്ടിയില്ല . ബല്ലടിച്ചതും വേഗം നടന്നു . അനഘ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു , അമ്മു പിന്നാലെ ഓടി വന്നു . അവളോടും ഒന്നും മിണ്ടിയില്ല . വഞ്ചിയിൽ കയറി ഇരുന്നു അമ്മുവും കൂടി . ആദ്യത്തെ ട്രിപ്പ് ആളുകൾ നിറഞ്ഞപ്പോൾ വഞ്ചി നീങ്ങിത്തുടങ്ങി . കരയിലേക്ക് നോക്കിയപ്പോൾ കണ്ടു അനഘ ഓടിക്കിതച്ച് വരുന്നുണ്ട് . പുഴവക്കത്ത് എത്തി അവൾ വിഷാദത്തോടെ തോണി അകലുന്നതും നോക്കി നിന്നു . വീട്ടിലെത്തി യൂണിഫോം മാറ്റി തലവേദനയാണെന്നും പറഞ്ഞ് നേഖ കതകടച്ച് കിടന്നു . സുശീല വന്ന് വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല .
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ആളുകളുടെ ബഹളം കേട്ടാണ് ജനൽ തുറന്ന് നോക്കിയത് . ഈ വഴിയിലൂടെ ആളുകൾ ഓടുന്നു . ആരോ പറയുന്നത് കേട്ടു " തോണി മുങ്ങി " എന്ന് .
ഇറങ്ങി മുറ്റതെത്തി . അമ്മുനെ നോക്കി . അവൾ പരിഭ്രമിച്ച് നിൽപ്പാണ് .
" അനഘ എന്ത്യേ?
അമ്മ ചോദിച്ചു .
ഞങ്ങളുടെ ഒപ്പം ഉണ്ടായില്ല അമ്മുവാണ് മറുപടി പറഞ്ഞത് . അമ്മ ഇടവഴിയിലേക്ക് ഇറങ്ങി ഓടി . കുടെ നേഖയും അമ്മുവും .
കടവിൽ നിറയെ ആളുകൾ . തിക്കും തിരക്കും ബഹളം . നെഞ്ചു പൊട്ടിക്കരയുന്ന അമ്മമാരുടെ നിലവിളി കേൾക്കാം .
"എന്റെ പൊന്നുമോളെ..... "
എന്ന അമ്മയുടെ നിലവിളി നേഖ വ്യക്തമായി കേട്ടു .
ബോധം മറയുന്ന പോലെ .
നേഖ ഉറക്കം വിട്ട് ഉണർന്നു . വല്ലാതെ വിയർക്കുന്നു . ലൈറ്റ് ഓണാക്കി ബാഗ് തുറന്ന് ഒരു ഗുളിക എടുത്ത് കഴിച്ചു .
നേഖ ഉണരുമ്പോൾ 11 മണി കഴിഞ്ഞിരുന്നു . അടുക്കളയിൽ ചെന്നപ്പോൾ അമ്മ ജോലിയിലാണ് .
എന്ത് ഉറക്കാ പെണ്ണേ ഇത് ?
വല്ലാതെ ക്ഷീണം തോന്നി , അവൾ അവരെ കെട്ടിപ്പിടിച്ചു .
കൊഞ്ചാതെ പോയി കുളിച്ചിട്ട് വാ
കുളി കഴിഞ്ഞ് വരുമ്പോൾ അമ്മു ഉണ്ടായിരുന്നു മുറിയിൽ . അവൾ തന്റെ ഗുളിക പരിശോധിക്കുകയാണ് .
"ഇതൊക്കെ ഇപ്പോഴും കഴിക്കുന്നുണ്ടോ ?
"ഒരിക്കൽ മാനസ്സിക രോഗി ആയതല്ലെ ഞാൻ "
"മാനസീക രോഗി , തേങ്ങാക്കോല . കൂടപിറപ്പിന്റെ മരണം കണ്ട് ബോധക്ഷയം വന്നെന്ന് കരുതി "
" ഉറങ്ങാൻ പലപ്പോഴും ഈ ഗുളിക ആവശ്യാ "
" നിരഞ്ജൻ നാട്ടിൽ തന്നെ ഉണ്ടോ ? എന്റെ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല എന്ന് ആ മുഖഭാവം കണ്ടാലറിയാം .
" എറണാകുളത്താ
"ഉം "
" നിന്നോട് നേരിട്ട് പറയാൻ പറ്റാതെ പോയ പ്രണയത്തെക്കുറിച്ച് ഇപ്പോഴും പറയും നിരഞ്ജൻ , നിന്റെ പിറന്നാളിന്റെ അന്ന് കൊടുക്കണമെന്ന് പറഞ്ഞ് പണ്ട് അനഘയുടെ കയ്യിൽ സമ്മാനപൊതി കൊടുത്തിരുന്നത്ര കൂടെ ലെറ്ററും . അന്നത്തെ വിഷമത്തിൽ നമ്മൾ ഒന്നും അറിഞ്ഞില്ല . പിന്നെ നിനക്ക് സുഖമില്ലാതായപ്പോൾ വല്ല്യച്ഛൻ വന്ന് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു .
അമ്മു പറയുന്നതെല്ലാം നേഖ കേൾക്കുകയായിരുന്നു .
" മറ്റന്നാൾ ഞാൻ പോകും"
" പെട്ടെന്ന് എന്താ "
"ഹരി വിളിച്ചിരുന്നു"
" ഇനി എന്നാ ഒരു വരവ് "
" അറിയില്ല "
..................
പോകാൻ യാത്രയായി നേഖ ഇറങ്ങി . വണ്ടി വിളിക്കാമെന്ന് വിനോദ് പറഞ്ഞപ്പോൾ നേഖ തടഞ്ഞു .
" വേണ്ട കടവ് വഴി പോകാം"
അമ്മുവിന്റെ മക്കൾക്ക് നെറ്റിയിൽ ഉമ്മകൾ നൽകി , എല്ലാവരോടും യാത്ര പറഞ്ഞ് നേഖ തോണിയിൽ കയറി . തോണി നീങ്ങി തുടങ്ങി . തണുത്ത കാറ്റിൽ മുടിയിഴകൾ പാറി . കുപ്പിവളകളുടെ നേർത്ത ശബ്ദം കാതുകളിൽ മുഴങ്ങുന്നു .
എഴുതിയത് - ശ്രീജിത്ത്  [നഷ്ടപ്പെട്ട നീലാംബരി]
(ശുഭം)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo