ഉച്ചയൂണും കഴിഞ്ഞ് ഉമ്മറക്കോലായിലെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്ന്‍ കിടന്നുകൊണ്ട് ഞാന്‍ അന്നത്തെ പത്രം നിവര്‍ത്തി വാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ചു. നഗരത്തില്‍ അടുത്തയിടെ കൊല്ലപ്പെട്ട വ്യവസായപ്രമുഖന്‍ നിരഞ്ജന്‍റെ കൊലയാളിയെ കേരളപോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നഗരത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയെ കൊല നടന്നു ഒരാഴ്ച്ച തികയുംമുമ്പേ അതിസാഹസികമായി പോലീസ് പിടികൂടിയിരിയ്ക്കുന്നു. സമ്മതിയ്ക്കണം ഈ ബുദ്ധിരാക്ഷസന്മാരെ.... എന്നും പിറുപിറുത്തു ഞാന്‍ അടുത്ത വാര്‍ത്തയിലേക്കും പിന്നെ ഇടയ്ക്കെപ്പോഴോ പതിവ് ഉറക്കത്തിലേക്കും കടന്നു. ഏതോ വാഹനത്തിന്‍റെ സൈറണടിയും ബ്രേക്കിംഗ് ശബ്ദവുമാണെന്നെ ഉണര്‍ത്തിയത്. കണ്ണു തുറന്ന ഞാന്‍ കണ്ടത് എന്‍റെ നേരെ പാഞ്ഞടുക്കുന്ന ഒരുപറ്റം കാക്കിധാരികളെയാണ്. ഞാനെന്തെങ്കിലും പറയുന്നതിനു മുന്നേ ഇന്‍സ്പെക്ടര്‍ "നീ ആള്‍ക്കാരെ കൊല്ലാന്‍ ക്വൊട്ടേഷന്‍ കൊടുക്കും അല്ലേടാ" എന്നാക്രോശിച്ചു എന്‍റെ ഷര്‍ട്ടില്‍ പിടിച്ചിഴച്ചു മുറ്റത്തേക്കിട്ടു. ഈ ബഹളങ്ങള്‍ കേട്ട് ഉമ്മറത്തേയ്ക്ക് ഓടിവന്ന എന്‍റെ ഭാര്യയും മക്കളും അലമുറയിട്ട് കരയാനും തുടങ്ങി. "സാര്‍, ഞാനാരേയും കൊല്ലിച്ചിട്ടില്ല, നിങ്ങള്‍ക്ക് ആളു മാറിയതാവും" എന്നെല്ലാം ഞാന്‍ പറയുന്നുണ്ട്, പക്ഷെ ആരു കേള്‍ക്കാന്‍. അയല്‍പക്കത്തുള്ളവരും മറ്റും ഓടിക്കൂടുമ്പോഴേയ്ക്കും എന്നെയും എടുത്തിട്ട് അവര്‍ അവിടന്ന് പോയിക്കഴിഞ്ഞിരുന്നു. സ്റ്റേഷനിലെത്തിയ പാടെ തുടങ്ങിയ "നടയടി" ഒടുവില്‍ എസ്.പി എത്തിയപ്പോളാണ് ഒന്ന്‍ നിര്‍ത്തിയത്. അദ്ദേഹം ഒരു നല്ല മനുഷ്യനായതിനാല്‍ എന്‍റെ ഒരു ചോദ്യത്തിനുത്തരം കിട്ടി. കുറച്ചു മുമ്പേ പത്രത്തില്‍ വായിച്ച ആ കൊലയാളി, മൊബൈല്‍ സിംകാര്‍ഡ് എടുത്തിരിയ്ക്കുന്നത് എന്‍റെ ഐഡി പ്രൂഫ് വച്ചാണത്രേ. ഞാനാ ഓഫീസറുടെ കാലില്‍ വീണു കരഞ്ഞ് പറഞ്ഞു "സത്യായിട്ടും എനിക്കറിയില്ലാ സാര്‍, ഞാന്‍ നിരപരാധിയാണ്... എന്നെ രക്ഷിയ്ക്കണം സാര്‍".......... "ഓകെ, രക്ഷിയ്ക്കാം" എന്ന അദ്ദേഹത്തിന്‍റെ സ്വരം എനിക്ക് നല്ല പരിചയമുണ്ടല്ലോ എന്ന്‍ തിരിച്ചറിഞ്ഞ് തട്ടിപ്പിടഞ്ഞ് എണീറ്റ് നോക്കുമ്പോള്‍ ഓഫീസിലെ എന്‍റെ സഹപ്രവര്‍ത്തകരെല്ലാം ചുറ്റുംകൂടിയിരിയ്ക്കുന്നു. അന്ധാളിച്ചുപോയ എന്നോട് എന്‍റെ സുഹൃത്ത് "നാണമില്ലല്ലോടാ ഇങ്ങനെ ഓഫീസില്‍ കിടന്നു പോത്ത് പോലെ ഉറങ്ങി പിച്ചും പേയും പറയാന്‍".... അകമ്പടിയായിട്ട് എല്ലാരുടേം വക കൂവലും കിട്ടി. പറ്റിയ അമളി തിരിച്ചറിഞ്ഞ് ജാള്യതയോടെ ഓഫീസ് ഫയലുകളിലേയ്ക്ക് ഊളിയിട്ട എന്‍റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി.... "എങ്ങനായിരിക്കും എന്‍റെ ഐഡി പ്രൂഫ് വച്ച് ആ കൊലയാളി, സിംകാര്‍ഡ് എടുത്തത്" !!!
(കൃഷ്ണകുമാര്‍ ചെറാട്ട്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക