Slider

ഒരു മടക്കയാത്ര !!

0

തിരിച്ചുപോരേണ്ട ദിവസം അടുത്താല്‍പ്പിന്നെ കണ്ണില്‍ കാണുന്ന എന്തിനും ഏതിനും ചുമ്മാ അടികൂടുന്നത് അയാളുടെ ഒരു സ്വഭാവമാണ്. ഉറ്റവരെ പിരിയാനുള്ള വിഷമം തീര്‍ക്കാന്‍ അതൊരു മാര്‍ഗ്ഗമാക്കിയിട്ട് നാളേറെച്ചെന്നിരിക്കുന്നു. ലീവ് പകുതിയാകുമ്പോള്‍ തുടങ്ങും, ലോട്ടറിയെടുക്കല്‍.... അടിച്ചാല്‍പ്പിന്നെ പോകണ്ടല്ലോ. ആളുകളെ ലീവിന് വിടുന്നത് കൂടാതെ അവരെ വച്ച് പൈസ ഉണ്ടാക്കണം എന്നു കൂടി കമ്പനിക്ക് മനസ്ഥിതി ഉള്ളോണ്ട് ലീവ് നീട്ടിക്കിട്ടാറില്ല. ശ്രമിച്ച് തോറ്റിട്ടുള്ളതിനാല്‍ "എനിക്കിനി ലീവ് നീട്ടിത്തരണ്ട" എന്ന ഒരു ലൈനാണ്. തലേദിവസം രാവിലെ മുതല്‍ ഒറ്റചിന്തയേ ഉള്ളൂ, ഫ്ലൈറ്റ് ഒരു ദിവസമെങ്കില്‍ ഒരു ദിവസം, റീ-ഷെഡ്യൂള്‍ ആയി യാത്ര നീണ്ടിരുന്നെങ്കില്‍ !!!!
എയര്‍പോട്ടില്‍ എത്തിയാല്‍പ്പിന്നെ മനോമുകുരത്തില്‍ വിടരുന്നത്, "പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റദ്ദു ചെയ്തിരിക്കുന്നു" എന്ന അനൌണ്‍സ്മെന്റ് കേള്‍ക്കുന്നതായിട്ടാണ്. അന്നും പതിവുപോലെ ഇത്തരം പ്രാര്‍ത്ഥനകളെല്ലാം ദൈവം നിഷ്ക്കരുണം തള്ളിക്കളഞ്ഞു. ബോര്‍ഡിംഗ് പാസുമായി നിര്‍ദ്ദിഷ്ട പവിലിയനില്‍ ഇരിക്കുമ്പോഴും വിചാരിച്ചത് "ഈശ്വരാ, ദൈവത്തിന്‍റെ മനസ്സു മാറണേ" എന്നാണ്. മോളുടെ സിദ്ധാന്തം പടി, ഒരാള്‍ക്ക് basically അമ്മയും, അച്ഛനും, അമ്മൂമ്മയും ഒക്കെ ഉണ്ട്, അങ്ങനെയാണേല്‍ ദൈവത്തിനും കാണുമല്ലോ, അതാണ്‌ ഈശ്വരന്‍ !!!!
അവസാനം ബോര്‍ഡിംഗ് അനൌണ്‍സ്മെന്റും വന്നു, മനസ്സില്ലാമനസ്സോടെ വിമാനത്തിനകത്തേക്ക്. സ്വസ്ഥാനത്തെത്തി ബാഗ് കാബിനില്‍ വച്ച് ഇരിപ്പുറപ്പിച്ചു. പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് വിമാനം ചലിച്ചു തുടങ്ങിയപ്പോള്‍ ചിന്തിച്ചത്, "എടുത്തത് എടുത്തു, കുറച്ചങ്ങോട്ട്‌ പോയിട്ട് തിരിച്ചിറക്കിയാലും മതി"-ന്നാണ്. പക്ഷെ ആരു കേള്‍ക്കാന്‍, അയാളെയും വഹിച്ചോണ്ട് വിമാനം വായുവില്‍ ഉയര്‍ന്നിരിയ്ക്കുന്നു. പ്രവാസമെന്ന ജയിലിലേക്കുള്ള മടക്കം ആളുകള്‍ അനുവദനീയമായിട്ടുള്ള കള്ളുകുടിയോടെ ആഘോഷിക്കണ കണ്ടപ്പോള്‍ "സത്യത്തില്‍ ഇവന്‍മാരൊക്കെ ഗള്‍ഫിലേക്ക് ലീവിന് പോവാണോ" എന്ന്‍ പോലും സംശയമായി.
യാത്രയുടെ തുടക്കം മുതല്‍ തന്നെ പ്രകടമായ air turbulence ഉണ്ടായിരുന്നതിനാല്‍ ആരേയും സീറ്റില്‍ നിന്നും എണീക്കാന്‍ വിട്ടിരുന്നില്ല. യാത്ര തുടങ്ങി ഉദ്ദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു അനൌണ്‍സ്മെന്റ്, അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന്‍ ലക്ഷ്യസ്ഥാനത്തെ എയര്‍പോര്‍ട്ട് അടച്ചിരിക്കുന്നതിനാല്‍ യാത്ര റദ്ദു ചെയ്ത് തിരിച്ചിറക്കാന്‍ പോകുന്നുവെന്ന്. മനസ്സില്‍ ഒരായിരം ലഡ്ഡുകള്‍ ഒന്നിച്ചു പൊട്ടി. ഒടുക്കം ദൈവം കനിഞ്ഞിരിക്കുന്നു, ആദ്യം അവനു നന്ദിയോതി. തുള്ളിച്ചാടുന്ന മനസ്സുമായി ഒരു തിരിച്ചിറക്കം. എയര്‍പോര്‍ട്ട് അധികൃതര്‍ ആ മനോഹരമായ വാക്യം മൊഴിഞ്ഞു, മുടങ്ങിയ യാത്ര ഇന്നേതായാലും ഉണ്ടാകില്ല, വിമാനക്കമ്പനിക്കാരുടെ അറിയിപ്പിനു ശേഷം‍ മാത്രം തിരിച്ചുവന്നാല്‍ മതിയാകും.... അയാള്‍ മനസ്സില്‍ കരുതി, ഏതായാലും വീട്ടിലേക്ക് വിളിക്കണ്ട, ഒരു സര്‍പ്രൈസ് കൊടുക്കാം. എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട വണ്ടി എന്തായാലും അങ്ങെത്തിക്കാണും, അതിനാല്‍ പ്രീപെയ്ഡ് ടാക്സി കൌണ്ടര്‍ പരതി നിന്നപ്പോള്‍, ഒരു സ്വരം....
"എന്തു വേണം, സര്‍ ??"
ടാക്സി വേണമെന്ന് പറഞ്ഞിട്ടും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു,
“What would you like to have, sir, veg or non-veg ???”
പരിസരബോധം വീണ്ടെടുത്ത് അയാള്‍ ജാള്യതയോടെ പറഞ്ഞു..... "വെജ്"....
(കൃഷ്ണകുമാര്‍ ചെറാട്ട്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo