Slider

നിഴലുകള്‍

0

നിഴലുകള്‍
-------------
കാറിലേക്ക് കയറുന്നതിന് മുന്‍‌പ്, അവന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ആ കൊച്ചുവിടിന്റെ വാതില്‍ അവനു പിന്നിലടഞ്ഞു. രവി തുറന്ന് പിടിച്ച ഡോറിലുടെ യമുന അവനെ കാറുനുള്ളിലേക്ക് കയറ്റി. കാറിനുള്ളിലിരുന്നവന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കി, വാതിലിനരികില്‍ ചാരി വച്ചിരിക്കുന്ന പഴയ സൈക്കിള്‍ ടയറും അത് ഉരുട്ടാനുപയോഗിക്കുന്ന ഒരു ചെറു വടിയും അനാഥത്വത്തിന്റെ പര്യായമായിട്ടവശേഷിച്ചിരിക്കുന്നു. അവനു പിന്നാലെ യമുനയും കാറിനുള്ളിലേക്ക് കയറി,അവനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു.
നിസ്സഹായതയുടെ ആര്‍ത്ത നാദങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ കൈപ്പത്തികൊണ്ട് വായ പൊത്തിപ്പിടിച്ച്, ഹൃദയം പറിച്ചെടുത്ത വേദന സഹിക്കാനാകാതെ കാല്‍‌മുട്ടുകള്‍ക്കിടയില്‍ മുഖം അമര്‍ത്തി അടഞ്ഞ വാതിലില്‍ ചാരിയിരുന്ന് തേങ്ങലുകള്‍ കൊക്കിലൊതുക്കുകയായിരുന്നു ഒരമ്മ.
മുന്നോട്ട് നീങ്ങുന്ന കാറിന്റെ ചില്ല് ജാകലത്തിലൂടെ പരിചിത ലോകം അവസാനിച്ചതവനറിഞ്ഞു. സ്വാഗതമേകേണ്ട പുതു കാഴ്ചകളെ മറച്ച് കൊണ്ട് ഉരുണ്ട് കൂടിയ അശ്രുകണങ്ങള്‍. കണ്ണൊന്ന് ഇറുക്കി ചിമ്മിയപ്പോള്‍ ഉരുണ്ട് വീണത് യമുനയുടെ കൈകളില്‍.
ഒരു പകലുകൊണ്ട് മാറിയ സാഹചര്യങ്ങളില്‍ അവനു പൊരുത്തപ്പെടാനായില്ല. അടുക്കളയിലെ അരണ്ട വെളിച്ചത്തില്‍ വക്കു മടങ്ങിയ സ്റ്റീല്‍ പാത്രത്തില്‍ കരിപുരണ്ട പാത്രങ്ങളില്‍ നിന്ന് പകര്‍ന്ന് കഴിക്കുന്ന വറ്റിന്റെ സ്വാദോ മണമൊ വലിയ തീന്‍‌മേശയിലെ വൈവിധ്യം നിറഞ്ഞ ആഹാരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. തണുപ്പിച്ച മുറിയിലെ മാര്‍ദ്ദവമുള്ള കിടക്കയില്‍ യമുനയുടെ അരികില്‍ കിടക്കുമ്പോഴും, പുല്ല് പായയില്‍ വിയര്‍പ്പിന്റെ മണമുള്ള അമ്മയുടെ മാറില്‍ ചേര്‍ന്ന് കിടക്കുമ്പോഴുള്ള സുരക്ഷിതത്വം അനുഭവിച്ചില്ല.
യമുന മുറിക്കുള്ളില്‍ കടന്നപ്പോള്‍, കണ്ണുകളടച്ച് ഗാഡമായ ആലോചനയിലയിലായിരുന്നു രവി. അവളത് ശ്രദ്ധിക്കാതെ കിടക്ക‌വിരി എടുത്ത് കുടഞ്ഞു, തലയിണകളെടുത്ത് യഥാസ്ഥാനത്ത് വച്ചു. യമുനയുടെ മുഖത്തെ വ്യസന ഭാവം വായിച്ചറിഞ്ഞ രവി , അവളുടെ അടുത്ത് ചെന്ന് ചുമലില്‍ പിടിച്ച് തനിക്കഭിമുഖം നിര്‍ത്തി . അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മുഖം അവന്റെ നെഞ്ചിലേക്കമര്‍ത്തി വിതുമ്പിക്കരഞ്ഞു.
യമുനയുടെ മുഖം കൈകളില്‍ കോരിയെടുത്ത് നെറുകയില്‍ ഒരു ചുംബനം നല്‍‌കികൊണ്ട് ചോദിച്ചു,
"അവന്‍ നിന്നോടടുക്കുന്നില്ലല്ലേ?"?
ഇല്ലന്നവള്‍ തലയാട്ടി.
"സാരമില്ലെടൊ, അവന്റെ അമ്മയെ വിട്ട് വന്നതല്ലേ? നമ്മളുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും. ഒക്കെ ശരിയാകും". രവി യമുനയെ ആശ്വസിപ്പിച്ചു.
"ഇനി അവന്‍ അമ്മയുടെ അരികിലേക്ക് പോകണമെന്ന് വാശിപിടിച്ചാല്‍?" യമുന സംശയം പ്രകടിപ്പിച്ചു.
"ഹേയ്, അങ്ങനെയൊന്നുമുണ്ടാകില്ല. നമ്മളുടെ സ്നേഹം അവന് മനസ്സിലാകാണ്ടിരിക്കില്ല? അവന് ഏഴു വയസ്സായതല്ലെ, കിടന്നോളു, നാളെ രാവിലെ അവന്റെ സ്കൂള്‍ അഡ്മിഷനുവേണ്ടി പോകേണ്ടതാണു"?
രവി കട്ടിലിലേക്കിരുന്നു. യമുന മുറിയുടെ മൂലയിലിരിക്കുന്ന അലമാര തുറന്ന് ഫ്രയിം ചെയ്ത് വച്ചിരിക്കുന്ന ഒരു ഫോട്ടോ കയ്യിലെടുത്തു. സാരിത്തലപ്പ് കൊണ്ട് അതിന്റെ ചില്ല് തുടച്ചു. യമുനയുടെ കയ്യില്‍ നിന്നും രവി ആ ഫോട്ടോ തിരിച്ച് അലമാരയില്‍ വച്ചു പൂട്ടി.
"എന്തിനാ നീ ഇതിപ്പോഴെടുത്ത് നോക്കിയത്, നമ്മുടെ കണ്ണന്‍ പോയില്ലെ, അവനത്രയേ ആയുസ്സ് തന്നുള്ളു ദൈവം". നിറ കണ്ണുകളൊടെ പറഞ്ഞു.
യമുന തളര്‍ന്ന് രവിയിടെ ദേഹത്ത്‌ ചാരി. അവനവളെ കട്ടിലില്‍ കൊണ്ട് ചാരിയിരുത്തി മേശവലിപ്പില്‍ നിന്നും ഒരു ഗുളികയെടുത്ത് ജെഗ്ഗില്‍ നിന്നും വെള്ളം ഒരു ഗ്ലാസില്‍ പകര്‍ന്ന് ഗുളിക കഴിപ്പിച്ചു, കട്ടിലില്‍ കിടത്തി പുതപ്പെടുത്ത് പുതപ്പിച്ചു. ഒരു ദീര്‍ഘനിശ്വാസത്തോടെ രവിയും കട്ടിലിലേക്കിരുന്നു.
കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് രവി കതക് തുറന്നത്. പുറത്ത് നിന്ന സ്ത്രീയെക്കണ്ട് ആദ്യമൊന്ന് നടുങ്ങി. പെട്ടെന്ന് പുറത്തേക്കിറങ്ങി വാതില്‍ ചാരി. പുറത്ത് നിന്ന സ്ത്രീയെ മാറ്റി നിര്‍ത്തി ദേഷ്യത്തോട ചോദിച്ചു,
"നീയൊരിക്കലും ഇങ്ങോട്ട് വരില്ലന്നല്ലേ പറഞ്ഞിരുന്നത്, പിന്നെന്തിനാ ഇപ്പോള്‍? അവനിപ്പോഴും ഞങ്ങളോട് അടുത്തിട്ടില്ല. ഇതിനിടക്ക് നിന്നെ വിണ്ടും കണ്ടാല്‍"???
" അവനിന്നലെ ഉറങ്ങികാണില്ല. ആദ്യമായിട്ടാ അവന്‍ എന്നെ പിരിഞ്ഞ്" ആ സ്ത്രീ കരച്ചിലിന്റെ വക്കോളമെത്തി.
"അങ്ങനൊന്നുമില്ല, അവന്‍ നന്നായി ഉറങ്ങി, അവനിപ്പോഴും ഉറക്കമുണര്‍ന്നിട്ടില്ല. ദയവ് ചെയ്ത് നീ തിരിച്ച് പോകണം, യമുന നിന്നെ കാണണ്ട, നിനക്ക് കാശിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിച്ചോളു.. പിന്നെ, നിയമപരമായിട്ടാണു അവനെ ഞങ്ങള്‍ ദത്തെടുത്തത്" രവി ധൃതിയില്‍ പറഞ്ഞു.
കയ്യിലിരുന്ന ഒരു പൊതിക്കെട്ട് രവിയെ ഏല്പിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു,
"ഇതാ നിങ്ങളുടെ കാശ്. എന്റെ മകന് പകരമാകില്ല ഇത്, എന്റെ മാനത്തിനും. എനിക്കെന്റെ മകനെ തിരിച്ച് വേണം". അവരുടെ ശബ്ദം ഉറച്ചതായിരുന്നു.
"ഞാനവനൊരു കുറവും വരുത്തില്ല, നിനക്കെന്നെ വിശ്വസിക്കാം. ഒന്ന് ഓര്‍ത്ത് നോക്കു, നാളെ അവന്‍ നിന്നെക്കുറിച്ചറിയുമ്പോള്‍?" രവി പകുതിയില്‍ പറഞ്ഞ് നിര്‍ത്തി.
"ഇനിയും ഞാന്‍ വിശ്വസിക്കണം അല്ലെ?, എന്റെ കണ്ണുകളില്‍ നോക്കി നിങ്ങള്‍ക്കത് പറയാന്‍ കഴിയുമോ ഇനിയും ഞാന്‍ നിങ്ങളെ വിശ്വസിക്കണമെന്ന്"?
അവളുടെ കണ്ണിലെ തീ രവി തിരിച്ചറിഞ്ഞു, ആ കണ്ണുകളില്‍ നോക്കാന്‍ ഒരിക്കല്‍കൂടി അവനായില്ല. ഒരു വിതുമ്പലോടെ അവള്‍ തുടര്‍ന്നു ,
"നാളെ അവന്‍ എന്നെക്കുറിച്ചറിയും. ഞാന്‍ ജീവിച്ച രീതിയെ ചോദ്യം ചെയ്യും, എല്ലാം മനസ്സിലാകുമ്പോള്‍ അവന്‍ എന്നെ വിട്ട് പോകും. എന്നാലും സാരമില്ല, എനിക്കവനെ ഉപേക്ഷിക്കാന്‍ സാധിക്കില്ല.. അവന്‍ പൊയ്ക്കോട്ടെ അവന് എന്നെ വേണ്ടാത്ത കാലം വരുമ്പോള്‍.. ഒരു പക്ഷെ അതെനിക്ക് സഹിക്കാന്‍ കഴിഞ്ഞേക്കും... പക്ഷെ ഞാനായിട്ട് എന്റെ മകനെ ഉപേക്ഷിക്കില്ല".
"അവന്‍ മറ്റൊരിടത്തല്ല, മറ്റാരുടെയും കൂടെയുമല്ല".. അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു.
"അതെ, അത് തന്നെയാണു എന്റെ ഏറ്റവും വലിയ സങ്കടം, നിഷേധിക്കപ്പെട്ട നിഴലിന്റെ തണലവനു വേണ്ട, ഉള്‍ക്കൊള്ളാനാകാത്ത വാസ്തവികതയുടെ അസ്വസ്ഥതകള്‍ നിങ്ങളും ചുമക്കേണ്ട".
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട സംസാരം നിര്‍ത്തി രണ്ട് പേരും തിരിഞ്ഞ് നോക്കി. വാതില്‍ക്കല്‍ യമുന, അവളുടെ കയ്യില്‍ തൂങ്ങി ഉറക്കച്ചടവോടെ കണ്ണു തിരുമ്മി അവനും. അമ്മയെ കണ്ടതും യമുനയുടെ കൈ വിട്ട് അവരുടെ അരികിലേക്ക് ഓടി വന്ന അവനെ രവി തടഞ്ഞു.രവിയുടെ കയ്യില്‍ നിന്നും യമുന അവനെ അവന്റെ അമ്മയുടേ അരികിലേക്ക് അയച്ചു. ചോദ്യഭാവത്തിലുയര്‍ന്ന രവിയുടെ മുഖത്ത് നോല്‍ക്കാതെ യമുന പറഞ്ഞു,
"അവന്‍ പൊയ്ക്കോട്ടെ, ആരും ആര്ക്കും പകരമാകില്ല രവിയേട്ട, പകരക്കാരുടെ വേഷങ്ങള്‍ക്ക് എന്നും അല്പായുസ്സല്ലെ"
യമുന പറഞ്ഞത് മനസ്സിലാകാതെ അവന്‍ അവളെ തന്നെ നോക്കി നിന്നു.
അമ്മയുടെ അരികിലെത്തിയ മകന്‍, അമ്മയെ കെട്ടിപിടിച്ച് ഏങ്ങലടിക്കുകയായിരുന്നു. അവന്റെ മുഖത്തും കഴുത്തിലും തുരു തുരു ഉമ്മവച്ച് ആ അമ്മയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് വേച്ച് വേച്ച് ഗേറ്റ് കടക്കുമ്പോഴും അവന്‍ അമ്മയുടെ അരക്കെട്ടിലെ പിടിവിട്ടിരുന്നില്ല.
(അശോക് വാമദേവന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo