Slider

പെൺകുഞ്..

0
പെൺകുഞ്..
=========
നിനവിലൊരു പെൺകുഞ്ഞിൻ നിലവിളി മുഴങ്ങുന്നു
നിസ്സഹായമീ ധരിത്രിതൻ ശാപമായ്
പലവർണ്ണ ചിറകൊത്ത പൂമ്പാറ്റപോലവൾ
തുള്ളി പറന്നെൻ നാട്ടിലാകെ
കുഞ്ഞരിപല്ലിന്റെയോമന പുഞ്ചിരി
നിർവൃതി പകർന്നെൻ നെഞ്ചിലാകെ
പട്ടിളംപാദത്തിലൊട്ടികിടക്കുന്നു
കിങ്ങിണി കൊഞ്ചുന്ന പാദസരം
കിലുകിലെകിലുങ്ങുന്ന കുപ്പിവളകളും
കുഞ്ഞിളം കൈകളിലാഭരണം
ഇളം കാറ്റിലെപ്പോഴുമുടലാട്ടി നിൽക്കുന്ന
പനിനീർ ചെടിപോലെപെൺകുഞ്ഞവൾ
അതിരില്ലാ ലോകത്തിനാവകാശിയാമവൾ
നാളെകൾതൻപൊൻ കിരണമാവേണ്ടവൾ
വർണ്ണ ചിത്രം തീർത്ത പിഞ്ചുപാദങ്ങളീ
മണ്ണിനു പോലുമേ രോമാഞ്ചമായ്
------
ഒരുദിനം മാഞ്ഞവൾ എവിടെയെന്നറിയില്ല
ആരുമേ കണ്ടില്ല കേട്ടതില്ല
ആളുകൾ നാലുപാടുമായ് ചിതറുന്നു
പെൺകുഞ്ഞവളെങ്ങു പോയ് മറഞ്ഞു
കുഞ്ഞു പാദത്തിൻ അടയാളമുണ്ടോ
പാദസരത്തിൻ കിലുക്കമുണ്ടോ
ചെവിയോർത്തു തിരയുന്നു മാനവരെല്ലാരു
മാരുമേ അവളെയും കണ്ടതില്ല
===
നാളുകൾ നീളുന്നൊരന്വേഷണത്തിന്ന്
അന്ത്യമായ് പെണ്കുഞ്ഞിവിടെയുണ്ട്
അമ്പലക്കുളത്തിൽ മീനുകളുംപിന്നെ
കരയിലെ കാലുള്ള മീനുകളും
കൊത്തി വലിച്ചതിൻ ബാക്കിയായുള്ളതോ
ജലകന്യ മടിയിലെടുത്തു വെച്ചു്
പ്രകൃതിയു മൊരുവേള മൗനമായ്
കരയുവാൻ പോലും മറന്നു പോയി
======
ഇനിയുമാ പിഞ്ചുപാദങ്ങളോടില്ല
ഒടിച്ചതും നിർദ്ദയം കശ്മലന്മാർ
ഇനിയില്ല പുഞ്ചിരി കുഞ്ഞിളം ചുണ്ടിലും
പല്ലവാധരം കൊത്തി വലിച്ചെടുത്തു
ഇനിയൊന്നുമില്ലയാ പിഞ്ചു ശരീരത്തിൽ
ഇത്രമേൽ ഘോരമാം പാപിയോയിവൾ
ഓർക്കുക !നാളെ നിൻ തനയയായ് തന്നെയീ
പെണ്കുഞ്ഞു വീണ്ടും പുനർജനിക്കും
അന്നുനിൻ കാട്ടാള മാനസമോർക്കുമോ
ഇന്ന് നീ ചെയ്തോരീ പാതകത്തെ...
____===

By Nisa Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo