നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിധവ..

വിധവ..
_____
പൂമുഖത്തിണ്ണയിൽ വെട്ടിയിട്ട വാഴയിലയിൽ നീണ്ടു നിവർന്നു കണ്ണുകളടച്ചു ചുണ്ടിലൊരു പുഞ്ചിരിയുമായി വെള്ളപുതച്ച് ഉറങ്ങിക്കിടക്കുന്നത് അവളുടെ ഭർത്താവാണ്.അഞ്ചോ ആറോ മാസം നീണ്ടു നിന്ന മനോഹരമായ ദാമ്പത്യത്തിന്റെ അന്ത്യം.
കരയുവാൻ പോലുമാവാതെ കണ്ണുകൾ തുറിച്ച് അയാളുടെ അരികിലായ് ഭിത്തിയിൽ ചാരി ആ മുഖത്തേയ്ക്ക് കണ്ണുകൾ നട്ട് അവളിരുന്നു.ചുറ്റും കൂടി നിന്നവരിൽ നിന്ന് സഹതാപം നിറഞ്ഞ നോട്ടവും ദീർഘ നിശ്വാസങ്ങളുമൊക്കെ ആവോളം അവളെ ലക്ഷ്യമിട്ടെത്തുന്നുണ്ടായിരുന്നു.ആളുകൾ മുറ്റത്തും തൊടിയിലുമൊക്ക കൂടി നിന്ന് പരേതന്റെ ഓർമകൾ പങ്കുവെച്ചു.സ്ത്രീ ജനങ്ങളിലാരൊക്കെയോ അവളുടെ തലയിലും മുടിയിഴകളിലുമൊക്ക തലോടുന്നുണ്ട്.
മകന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മോഹാലസ്യപ്പെട്ട അയാളുടെ അമ്മ ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ മകന്റെ പേര് ചൊല്ലി തലതല്ലികരയുന്നുണ്ട്. ആരൊക്കെയോ ബലമായി അവരെ ചേർത്ത് പിടിച്ചു സാന്ത്വനിപ്പിക്കുന്നുണ്ട്.
അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.കണ്ണ്നീർ പോലും പുറത്തേയ്ക്ക് ചാടാൻ ഭയന്നു.
'എപ്പോ എടുക്കും'ആൾക്കൂട്ടത്തിൽ നിന്നും ആരുടെയോ ചോദ്യം.'ഒരുമണിക്കൂറിനുള്ളിൽ എടുക്കും'
ആരുടെയോ മറുപടി അവളുടെ കാതിൽ മുഴങ്ങി.എടുക്കണമത്രെ,എന്താണ് നിങ്ങളെടുക്കുന്നത്.ഈ ജീവനറ്റ് കിടക്കുന്നത് എന്റെ ജീവിതമാണ്.അറിയുമോ നിങ്ങൾക്ക് എന്റെ പ്രണനാണ് ഈ കിടക്കുന്ന ആൾ.ഇന്നലെ രാത്രി ഞാനുറങ്ങിയത് ആ നെഞ്ചിൽ തല ചേർത്താണ് .ഇന്ന് വിരലുകൾ കൂട്ടിക്കെട്ടി എന്റെ മുന്നിൽ ഓർമ്മകളുടെ കൂമ്പാരത്തിനു മുകളിലേയ്ക്ക് പോവാൻ തയ്യാറായി കിടക്കുന്ന എന്റെ ജീവനായ ആൾ.ആ കരങ്ങൾ ഇന്നലെ രാത്രി എന്നെ വാരിപ്പുണർന്നിരുന്നു.ആ വിരലുകൾ എന്റെ സ്ത്രീത്വത്തെ ഉണർത്തിയിരുന്നു.ആ വിരലിനാൽ എന്റെ സീമന്ത രേഖയിൽ ചാർത്തിത്തന്ന സിന്ദൂരമുദ്രയിൽ ആയിരം വട്ടം മുത്തമിട്ടിരുന്നു.രാത്രിയുടെ യാമങ്ങളിലെപ്പോഴോ നിശബ്ദത തളം കെട്ടിയ ശപിക്കപ്പെട്ട നിമിഷത്തിൽ എന്റെ നിദ്രയെ തടസ്സപ്പെടുത്താതെ മരണം കട്ടെടുത്തതാണ് എന്റെ പുരുഷനെ.,ബാക്കിയാവുന്നത് ആറുമാസം മാത്രം ആയുസ്സുണ്ടായ ,ആറായിരം വർഷത്തേക്ക് എന്നെ കണ്ണ് നിറയാതെ ജീവിക്കാൻ കരുത്തേകുന്ന ഓർമ്മകൾ മാത്രമാണ്.ഞാനുണ്ട് കൂടെ ,എന്നൊരിക്കൽപോലും എന്നോട് പറഞ്ഞിട്ടില്ല.കൂടെയുണ്ടെന്നുള്ളത് ഒരു സത്യമായിരുന്നു.എത്ര സങ്കടം വന്നാലും ചേർന്ന് നിന്ന് പൊട്ടിക്കരയാൻ ആ വിരിഞ്ഞ നെഞ്ചും പുണർന്നു ചേർക്കാൻ ആ കരങ്ങളും കൂടെയുണ്ടായിരുന്നു.ഒരു പുഞ്ചിരിയിൽ പറയാനുള്ളതൊക്കെ ഒതുക്കിയിരുന്നു.ശൂന്യതയാണിന്നു മുതൽ ജീവിതം.ആ ശൂന്യത സ്വീകരിക്കാനൊരുങ്ങണം. ഇന്നലെ രാവു വരെ കേട്ട വിളിയൊച്ച ഇനിയില്ല..'ചിന്തകൾ അവളുടെ ഹൃദയം കീറിമുറിച്ചു.വാക്കുകൾ പുറത്തേയ്ക്ക് വരാതൊടുങ്ങി.
ആരൊക്കെയോ ചേർന്ന് ശരീരമെടുക്കാനുള്ള തയ്യാറെടുപ്പുകളായി.തൊടിയുടെ തെക്കെയറ്റത്തായി ആറടി നീളത്തിലെടുത്ത കുഴിയുടെ അരികിലേയ്ക് ചുമന്നു നീങ്ങി...ആരൊക്കെയോ അവളെ താങ്ങിപ്പിടിച്ചു നടത്തി.മനോരോഗിയെപ്പോലെ വിദൂരതയിലേക്ക് ദൃഷ്ടിയുറപ്പിച്ചവൾ വേച്ച് വേച്ചു ഭർത്താവിന്റെ ശരീരത്തെ അനുഗമിച്ചു.ഒരു മാത്ര അവളുടെ ദൃഷ്ടി മണ്ണ് മാറ്റപ്പെട്ട കുഴിയിലേയ്ക്കെത്തി.'ഇന്ന് മുതൽ അദ്ദേഹം ഇവിടെയുറങ്ങും.തന്റെ ചൂട് വിട്ടുമാറാത്ത ആ ശരീരം ഇനിമണ്ണിലെ പുഴുക്കൾക്ക് ആഹാരമാകും.,
വീണ്ടും അയാളുടെ അമ്മയുടെ നിലവിളി അവളുടെ ചിന്തയെ മുറിച്ചു..എത്ര ഹീനമായ വിധിയാണിത്,മാതാപിതാക്കളുടെ കണ്മുന്പിൽ മക്കളുടെ അന്ത്യം കാണേണ്ടി വരിക.കൊഞ്ചിച്ചു ,താരാട്ട് പാടിയുറക്കി ,മക്കളുടെ ദീർഘായുസ്സിനായി നോമ്പെടുത്ത്,സർവദൈവങ്ങൾക്കും മുൻപിൽ കണ്ണീരു കൊണ്ട് അർച്ചന ചെയ്തു പ്രാർത്ഥിച്ചു,ഒടുവിൽ കണ്മുന്നിൽ വെച്ച് മരണം കൊണ്ടുപോവുക....വീണ്ടും നിലവിളി ഉച്ചത്തിലായി,ശരീരം പെട്ടിയിലാക്കി കുഴിയിലേയ്ക്കെടുക്കുന്നു.
ആദ്യത്തെ മണ്ണ് വീഴ്ത്തുന്നതിനു മുൻപ് ആരോ അവളുടെ കാതിൽ പറഞ്ഞു'താലി ഊരി മാറ്റു' ആ ആജ്ഞ അനുസരിക്കാതിരിക്കാൻ അവൾക്കായില്ല.
നെഞ്ചിലൊട്ടിക്കിടന്ന ആ സ്വർണതരി വിറയ്ക്കുന്ന കൈകളോടെ അവൾ പൊട്ടിച്ചെടുത്തു.'താഴേയ്ക്കിട്' വീണ്ടും ആജ്ഞ..ചുരുട്ടിയ കൈത്തലം അവൾ ഇരുകണ്ണിലും ചേർത്തു. പിന്നെ ചുണ്ടിലും..സുമംഗലിയായിരുന്നതിന്റെ ആദ്യ അടയാളം. മെല്ലെയത് കുഴിയിലേയ്ക്കിട്ടു.മനസ്സിൽ മന്ത്രിച്ചു , കൊണ്ടുപോവുക...ഈ ഭൂമി മുഴുവൻ കിളച്ചുമറിച്ചാൽ ഒരു പക്ഷെ വിധി പൊട്ടിച്ച മംഗല്യ സൂത്രങ്ങൾ ഒരുപാട് കാണും.അതിലൊന്നായെന്റെ താലിയും .....,ആരോ ഒരാൾ അവളുടെ നിറുകയിലെ സിന്ദൂരം മായ്ക്കാൻ കൈയ്യെത്തിച്ചു.അവൾ ആ കൈ തട്ടിമാറ്റി.നിശബ്ദതയിൽ വാക്കുകളുറഞ്ഞു...ഇതെന്റെ പ്രിയപ്പെട്ടവന്റെ അടയാളമാണ്.ഈ ആറുമാസക്കാലം ഞാൻ ചാരിതാര്ഥ്യത്തോടെ കൊണ്ട് നടന്നത് ,മറ്റൊരാളും തൊട്ടത് ആശുദ്ധമാക്കരുത്.ഇത് ഞാൻ മായ്ച്ചു കളയില്ല.എന്റെ മനസ്സിൽ എന്റെ ഭർത്താവ് ജീവനോടെയുണ്ട്.എന്റെ മനസ്സിൽ അദ്ദേഹം മരണപ്പെട്ടാൽ അന്ന് ഞാനിത് മായ്ക്കും.ഒരു തരി പൊന്നിലല്ല ഞാനെന്റെ വിശ്വാസവും സ്നേഹവും തളച്ചിട്ടത്.ഒരാളുടെ സ്വന്തമാണ് ഞാനെന്നുള്ള ആദ്യ അടയാളം നിങ്ങൾക്കുമുന്പിൽ ഞാനുപേക്ഷിച്ചു.ഇനി ബാക്കി നിൽക്കുന്നതാണിത്.ഇതും കൂടി ഞാനുപേക്ഷിച്ചാൽ എന്റെ ജീവനായ മനുഷ്യന്റെ അവസാന അടയാളവും എനിക്ക് നഷ്ട്ടമാകും .ഞാൻ അനുവദിക്കില്ല.വീണ്ടുമാ നെറുകിലേയ്ക്ക് നീണ്ട കൈകൾ ബലമായി അവൾ തടഞ്ഞു...
പെണ്ണിന് ഭ്രാന്തായീന്ന തോന്നുന്നത്, ആരോ മന്ത്രിച്ചു.കുഴിയിലേക്ക് അവസാന മണ്ണും നീക്കി ഓരോരുത്തരായി മടങ്ങി.പതിയെ അവൾ ആ നിലത്ത് താഴ്ന്നിരുന്നു...കൈനീട്ടി ആ മണ്കൂനയിൽ തൊട്ടു...അവളുടെ ഹൃദയം അയാളോട് മൃദുവായി പറഞ്ഞു..ഞാനെത്തും ഒരിക്കൽ..ബാക്കിയാക്കിയ ഈ ജീവിതം മുഴുമിപ്പിക്കാൻ..ആ താലി ഭദ്രമായി സൂക്ഷിക്കണം.ഇനിയുമത് സ്വീകരിക്കാൻ ഞാനെത്തും ..അതുവരെ അങ്ങയുടെ പ്രണയത്തിന്റെ അടയാളമായ ഈ സിന്ദൂരം മായാതെ ഞാൻ സൂക്ഷിക്കും...ലോകമെന്നെ ഭ്രാന്തിയെന്നു മുദ്രകുത്തിക്കോട്ടെ..എന്റെ ലോകമായിരുന്ന ആൾക്കൊപ്പം ഈ ഭൂമിയിൽ ജീവിച്ചെനിക്കു കൊതി തീർന്നിട്ടില്ല.,ഇനിയുമൊരുമിക്കണം നമുക്ക് ..ജന്മാന്തരങ്ങൾക്കപ്പുറമായാലും....
നിസ നായർ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot