Slider

ഞാൻ അഭിസാരിക

0

ഞാൻ അഭിസാരിക
------------------------------
നീട്ടിയ ഉടവാൾതുമ്പിൽ ചോരപൊടിയും മുമ്പേ
കൂപ്പിയ കരങ്ങോളടവൾ മൊഴിഞ്ഞു 
അരുതരുത് ഉടയോനെ പാപിനിയാണ് ഞാൻ
അവിടുത്തെ ചൂണ്ടുവിരലെൻ നേരെ നീളും മുമ്പേ
പ്രതിബിംബത്തോടൊന്ന് ചോദിക്കുക....
ഈ പാപത്തിൽ അങ്ങേക്കുള്ള പങ്ക് തിരിച്ചറിയുക....
താലി വെച്ചെന്നെ കൈ പിടിച്ച നാൾ മുതലെൻ ഗാത്രപുഷ്ടി മാത്രം തെളിഞ്ഞങ്ങയുടെ കണ്ണുകളിൽ...
ഭോജനങ്ങൾ നല്കിയെന്നെ ഊട്ടി സപ്രമഞ്ച കട്ടിലിൽ കിടത്തിയുറക്കി....
കൈ കാലുകളിൽ വരെ സംരക്ഷകരെ വെച്ചു...
പുറംമേനിയിൽ മാത്രമങ്ങയുടെ മിഴികൾ കറങ്ങി നടന്നു....
കണ്ടവരും കേട്ടവരും ചൊല്ലി മടുപ്പില്ലാതെ.... പെണ്ണിനെ നോക്കാൻ അങ്ങ് തന്നെ കേമൻ.....
എങ്കിലും പതി യേ ഗാത്രത്തിനുള്ളിലൊരു മനസ്സുണ്ടെന്നതെന്തേയങ്ങ് കാണാതെ പോയി...
കൊതിയെന്നതെന്നും മനസ്സിലാണെന്നും എന്തെ അങ്ങറിയാതെ പോയി....
സ്വർണ്ണകന്യകയായിരുന്നോ ഞാനങ്ങേക്കു തൊട്ടാൽ നാശം വരുമെന്നോർത്തോ തൊടാതകലം പ്രാപിച്ചത്....
എന്റെ നെടുവീർപ്പുകൾ അങ്ങയുടെ ഉറക്കത്തിൻ വേലിയിറക്കങ്ങളുടെ ശബ്ദങ്ങളെക്കാൾ ഉച്ചത്തിൽ കിടപ്പറയിൽ മുഴങ്ങിയിരുന്നു....
രാവിലും പകലിലും ഒരു സ്പർശനത്തിനായി എന്റെ അന്തരംഗത്തിൽ തുടികൊട്ടലുകൾ ഉണ്ടായിരുന്നു....
ആശ്ലേഷണങ്ങൾക്ക് കൊതിച്ച മനസ്സ്‌ നിരാശക്ക് വഴിമാറിയപ്പോൾ കണ്ണീർ പെയ്തതങ്ങറിഞ്ഞില്ല..
നിരാശയെന്റെ മുഖത്തു കാളിമ പടർത്തുന്നതിനിടയിൽ അറിയാതെ വന്നൊരു സ്പർശനം ഭൃത്യനിൽ നിന്നും....
ഞെട്ടൽ മെല്ലെയാസ്വാദനത്തിനു വഴി മാറിയപ്പോൾ ......
ഞാനറിയുകയായിരുന്നു .... ഞാനൊരു പെണ്ണാണെന്നു.......
പലവട്ടമത് തുടരാൻ മനസ്സെന്നെ നയിച്ചപ്പോൾ ഞാനറിഞ്ഞു എന്റെ നെടുവീർപ്പുകൾ ഇതിനു വേണ്ടിയായിരുന്നു....
വിയർപ്പുതുള്ളികളുടെ മഴച്ചാറ്റലിനിടയിൽ ഞാൻ തേടിയ ഉയരമുള്ള കുന്നു ഞാൻ കണ്ടു പലവട്ടമതിൻ നിറുകയിൽ ഞാൻ കാല് കുത്തി....
ഒന്നിൽ തുടങ്ങി ഒമ്പത് പത്തൊമ്പതായി ഇത്രനാളും അടക്കി വെച്ചിരുന്നത് ഓരോരോ രീതികളിൽ ഞാനറിഞ്ഞു.....
ഇന്നെന്റെ നേരെ വിരൽ ചൂണ്ടി അഭിസാരികയെന്നോരൊറ്റ നാമം വിളിച്ചങ്ങ് മാന്യനാകും മുമ്പ് അറിയുക....
കല്ലെറിയാൻ വിളിച്ചു കൂട്ടിയ ഈ മാന്യരുടെ മുമ്പിൽ വെച്ച് തന്നെ അറിയുക.....
ആ പദത്തിലെന്നെ ജനിപ്പിച്ചതങ്ങ് തന്നെയായിരുന്നു....
എന്റെ മേനി തേടിയൊരു തവണയങ്ങയുടെ കരങ്ങൾ വന്നിരുന്നെങ്കിൽ ഇന്നങ്ങേക്കീ കോപത്തിൻ കുപ്പായമണിയേണ്ടി വരില്ലായിരുന്നു...
ഇനിയുയരട്ടെയാ ഖട്ഘമെൻ ശിരസ്സ് ലക്ഷ്യമാക്കി..
പൂർണ്ണതയറിഞ്ഞവളായി പരലോകം പൂകട്ടെ ഞാൻ.....
നിങ്ങളുടെ മനസ്സിലെ അഭിസാരികയായി.....
എങ്കിലും......
ഇനിയും ഞാൻ പുനർജനിക്കും അങ്ങും...
കാലങ്ങളെത്ര മാറി മറിഞ്ഞാലും ആയിരമായിരമങ്ങയുടെ ജന്മങ്ങളുടെ പാതിയിൽ ഞാനായിരിക്കുമങ്ങയുടെ പത്നി... അന്നുമെനിക്കിതേ പേരായിരിക്കും അഭിസാരിക....
അന്നും അങ്ങ് മാന്യനായിരിക്കും......
അടക്കിപ്പിടിച്ചു നെടുവീർപ്പുകളുടെ നിശ്വാസപൊയ്കയിൽ മുങ്ങിത്താഴും ജീവിതത്തോണി തുഴയുന്നവർ ആയിരമിവിടെ....
തോണിയറിയാതെ ആശയുടെ കരയിലേക്കൊന്നു തിരിഞ്ഞാലവിടവിടെ കേൾക്കുമാ വിളി..... അഭിസാരിക.....
ഇനിയെങ്കിലും പറയൂ .... ഞാനോ അഭിസാരിക....
ജയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo