
എന്റെ ഹൃദയമിടിപ്പ് ചുറ്റുമുള്ളവർക്ക് കേൾക്കാമെന്ന് തോന്നുന്നു. അത്രത്തോളം ആകാംഷയുടെ മുൾമുനയിലാണ് ഞാന്‍.
ഇവിടെ എത്തിയിട്ട് മൂന്നാല് മണിക്കൂര്‍ ആയി. ഇതുവരെ ഡോക്ടര്‍ ഒന്നും പറഞ്ഞില്ല. ഇത്രയും സമയം ആയതുകൊണ്ട് ഇതും നഷ്ട്ടപെടാനാണ് സാധ്യത. അല്ല... ഇതും നഷ്ട്ടപെട്ടു കഴിഞ്ഞു. കഴിഞ്ഞ ആറു തവണയും ശക്തമായ രക്തം പോക്ക് ആയിരുന്നു കാരണം.ഇപ്പ്രാവശ്യവും അത് തന്നെ. ഒന്നിനും ഒരു വിത്യാസവും ഇല്ല. എനിക്കും സുലുവിനും ഒഴികെ.
ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ്. അതിന്റെ വേദനയും വിഷമവും ഗൗരവവും എത്രമാത്രം ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഞാനും സുലുവും അതനുഭാവിക്കാന്‍ തുടങ്ങിയിട്ട് വർഷങ്ങള്‍ പലതായി. കൂടെ മറ്റുള്ളവരുടെ പരിഹാസം കൂടിയായപ്പോള്‍ ജീവിതം തന്നെ വ്യർത്ഥമായിപോയി എന്ന് തോന്നി. അതിൽനിന്നും കരകയറിയത് ഞങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം ഒന്നുകൊണ്ടു മാത്രം,ആയിരുന്നു.
ഓരോന്ന് നഷ്ട്ടപെടുമ്പോഴും ഞങ്ങള്‍ അടുത്തത് ലഭിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരിക്കും. കഴിഞ്ഞ തവണ ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍ പറഞ്ഞിരുന്നു ഒരു കുഞ്ഞിനെ ദാത്തെടുക്കുന്നതിനെ പറ്റി ആലോചിക്കാന്‍. ഡോക്ടർക്ക് ഞങ്ങളുടെ അടുത്തറിയാവുന്നത് കൊണ്ടും ഒരു കുഞ്ഞിനുവേണ്ടിയുള്ള ഞങ്ങളുടെ ആഗ്രഹം എത്രത്തോളം ആണെന്ന് അറിയാവുന്നതുകൊണ്ടുമണ് അങ്ങനെ പറഞ്ഞത്.
ഈക്കര്യത്തെപ്പറ്റി ഞാനും സുലുവും ആലോചിച്ചിരുന്നു. അനാഥമാക്കപ്പെട്ട ഒരു ബാല്യം സനാഥമാക്കുക വഴി വലിയൊരു പുണ്യപ്രവർത്തിയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന് അറിയാമായിരുന്നു. എങ്കിലും ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സകല ഈശ്വരന്മാരെയും വിളിച്ചു പ്രാർത്ഥിച്ച നാളുകള്‍ ആയിരുന്നു അത്.
ഞാനും സുലുവും തളർന്നില്ല. പ്രർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നു. മൂന്നാം മാസത്തിലേക്ക് കടന്നപ്പോള്‍ അതിയായി സന്തോഷിച്ചു. കാരണം കഴിഞ്ഞ ആറു തവണയും രണ്ടാം മാസം പിന്നിട്ടിരുന്നില്ല. ഈശ്വരകടാക്ഷം എന്ന് ഉറച്ചു വിശ്വസിച്ചു.
എന്നാല്‍ വിധി പിന്നെയും ക്രൂരമായി പെരുമാറി. ശക്തമായ രക്തംപോക്കില്‍ തളർന്നു അവശയായപ്പോഴും സുലുവിന്റെ കണ്ണില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇനി എന്ത് പറഞ്ഞു ഞാനവളെ സമാധാനിപ്പിക്കും. അവളുടെ കണ്ണുനീരിനു ഇനി ഞാന്‍ എന്ത് പകരം വയ്ക്കും.
ഇല്ല തളരാന്‍ പാടില്ല. ഞാന്‍ തളർന്നാല്‍ അവളും തളരും. ഞാനാനവളുടെ കരുത്ത്. അവള്‍ എന്റെയും. മതി .. ഇതോടെ സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് എന്ന പ്രതീക്ഷ ഞാന്‍ നിർത്തി . ഇനിയും ഒരു പരീക്ഷണത്തിന് അവളുടെ ശരീരം വിട്ടുകൊടുക്കുവാന്‍ ഞാന്‍ തയ്യാറല്ല. ദത്തെടുക്കലിനെപറ്റി കാര്യമായി ആലോചിക്കാം. അതാണ് ദൈവം എനിക്കും സുലുവിനും വിധിച്ചിട്ടുള്ളത്.
അതിലൂടെ ഞാനും സുലുവും ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവര്‍ ആകും. ആ കുഞ്ഞിനു വേണ്ടിയാകും ഇനി ഞങ്ങളുടെ ജീവിതം. ചിരിക്കുന്നതും കരയുന്നതും ആ കുഞ്ഞിനു വേണ്ടി, സമ്പാദിക്കുന്നതും ധൂർത്തടിക്കുന്നതും ആ കുഞ്ഞിനു വേണ്ടി. ഞങ്ങളുടെ കൊച്ചുലോകത്തില്‍ ഞങ്ങള്‍ സന്തോഷം കണ്ടെത്തും.
“മി.ഗോപന്‍” ഡോക്ടറുടെ വിളി കേട്ടപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്ന് ഉണർന്നത്. ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് ഓടി.
“ഡോക്ടര്‍ എന്റെ സുലു സുഖമായി ഇരിക്കുന്നോ. എനിക്കവളെ ഒന്ന് കാണണം. എന്നെ കണ്ടാല്‍ അവള്‍ തളരില്ല. എന്തും സഹിക്കാനുള്ള ശക്തി അവൾക്ക് കിട്ടും.” എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വീഴാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്... എന്തോ എനിക്കതിനു കഴിയുന്നില്ല.
“മി.ഗോപന്‍, നിങ്ങള്‍ എന്തൊക്കെയാണീ പറയുന്നത്. നിങ്ങളുടെ ഭാര്യ സുഖമായി ഇരിക്കുന്നു. അവളുടെ ഉദരത്തില്‍ കുഞ്ഞും സുഖമായി ഇരിക്കുന്നു. അവർക്ക് ഒരു കുഴപ്പവും ഇല്ല. അര മണിക്കൂര്‍ കഴിയുമ്പോള്‍ സുലുവിനെ കയറി കണ്ടോളു.” ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്തൊക്കെയാണ് ഞാനീ കേൾക്കുനന്നത്. എനിക്ക് തലകറങ്ങുന്നു. എത്രയോ നാളായി ആശുപത്രിയില്‍ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ കേൾക്കാന്‍ കൊതിച്ച വാക്കുകള്‍... എന്നാല്‍ ഈപ്രാവശ്യം തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല.
“ഗോപന്‍ ഇനിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരുപാട് രക്തം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുലു നന്നേ ക്ഷീണിതയാണ്. ഇനിയുള്ള മാസങ്ങളില്‍ നല്ല റസ്റ്റ് വേണം. ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രേ ബെഡ്ഡില്‍ നിന്ന് എഴുന്നേല്ക്കാവൂ. മുഴുവന്‍ സമയവും നിവർന്നു കിടക്കണം. അതും കാല്‍ അല്പം ഉയർത്തി വെച്ച്. സുലുവിന്റെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള കരുത്തില്ല. നിങ്ങള്‍ സൂക്ഷിക്കും പോലെയിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍.ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ ഗോപന്.” ഡോക്ടര്‍ എന്നെ നോക്കി.
“ഉവ്വ് ഡോക്ടര്‍ ഉവ്വ്. എന്ത് വേണമെങ്കിലും ഞങ്ങള്‍ ചെയ്യാം... ഒരു നിമിഷം കണ്ണ് തെറ്റാതെ അവൾക്ക് കാവല്‍ ഇരുന്നോളാം ഞാന്‍. ഞങ്ങളുടെ കുഞ്ഞിനു ഒരാപത്തും വരരുത്” എന്റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു.
“പ്രാർത്ഥിച്ചോളു ഗോപന്‍. ഇനിയും ഈശ്വരന്‍ നിങ്ങളെ കൈ വിടില്ല. കുറച്ച് മരുന്നുകളൊക്കെ വാങ്ങാനുണ്ട്. ആ ഡോര്‍ ബെല്‍ അടിച്ചോളു. സിസ്റ്റര്‍ ലിസ്റ്റ് തരും” ഡോക്ടര്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു.
ഇനി ജീവിതത്തിലെ മറ്റൊരു അദ്ധ്യായം തുടങ്ങുകയാണ്. ഞാനും സുലുവും ഞങ്ങളുടെ കുഞ്ഞും ഒന്നിച്ചുള്ള മഴവില്ലിന്റെ ചാരുതയുള്ള ഒരു പുതിയ അദ്ധ്യായം. ഈശ്വരനില്‍ ഒരല്പം വിശ്വാസം കൂടിയത് പോലെ. ഒരു മനുഷ്യന് ഇപ്പോഴും ദുർവിധി മാത്രം വരുത്തില്ല ഈശ്വരന്‍. ഒരു കുന്നിന് ഒരു ഇറക്കം ഉണ്ടാകും. തീർച്ച ....
By: KavithaSebastian
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക