Slider

മകളറിയാതെ

0
തണുപ്പിന്റെ അവസാന നിശ്വാസം മയങ്ങുന്ന ജനൽ പ്പാളികൾ തുറന്നിട്ടപ്പോഴണവൾ കണ്ടത്‌, നേരെ എതിർ വശത്തുള്ള ബസ്സ്‌ സ്റ്റാൻഡിൽ അയാളപ്പോളുമിരിപ്പുണ്ട്‌.
ഇന്നലെ രാത്രി ഉമ്മറ വാതിലടക്കാൻ വന്നപ്പോളാണു അയാളവിടെ കൂനിക്കൂടിയിരിക്കുന്നത്‌ കണ്ടത്‌. രാത്രി അവസാന ബസിനു പോകാനായിരിക്കുമെന്നാണു കരുതിയത്‌. ഈ തണുപ്പിൽ ഒരു പുതപ്പു പോലുമില്ലാതെ ഇയാളെങ്ങനെ ഒരു രാത്രി കഴിച്ചു കൂട്ടി...
ഇളവെയിൽ നാളങ്ങൾ മൂടൽ മഞ്ഞിൽ തുരങ്കമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. അവൾ അടുക്കളയിലേക്കു നടന്നു.
ചൂടു കാപ്പി ഊതിക്കുടിക്കുമ്പോൾ ജീന ആകാംഷ വിടാതെ അയാളെ ക്കുറിച്ച്‌ സജീവിനെ ഓർമ്മിപ്പിച്ചു. "അയാൾ പോയിട്ടില്ല സജീവ്‌, ഒരേ ഇരിപ്പാണിപ്പോഴും.. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചു നോക്കൂ.. കണ്ടിട്ട്‌ എന്തോ അസ്വാഭാവികത തോന്നുന്നു."
സജീവ്‌ അയാൾക്കരികിലേക്ക്‌ നടന്നു.
കൂനിയുള്ള ഇരിപ്പിൽ നിന്നയാൾ അനങ്ങുന്നില്ല.
ആളനക്കം കേട്ടിട്ട്‌ തലയുയർത്തി നോക്കിയതുമില്ല.
"ഹേയ്‌.."
ചുമലിൽ തട്ടി വിളിച്ചു നോക്കി. മിണ്ടിയില്ല. അടുത്തേക്കിരുന്ന് ഒന്നു കുലുക്കി വിളിച്ചതും അയാൾ മടിയിലേക്ക്‌ ചാഞ്ഞു വീണു.
"ദൈവമേ.."
സജീവ്‌ ഉറക്കെ നിലവിളിച്ചു പോയി.
ജീന നിലവിളി കേട്ട്‌ പുറത്തേക്ക്‌ ഓടിവന്നു.
അയാളുടെ ദേഹം വല്ലാതെ മരവിച്ചിരുന്നു.
മൂക്കിനു താഴെ കൈവിരൽ വച്ച്‌ സജീവ്‌ നിരാശയോടെ ജീനയെ നോക്കി
അവർക്കിടയിൽ വല്ലാത്തൊരു നിശബ്ദത തളം കെട്ടി.
"നമുക്കു പോലിസ്‌ സ്റ്റേഷനിൽ വിവരമറിയിക്കാം സജീവ്‌."
ജീന ഒരു നിമിഷത്തിനു ശേഷം ബോധവതിയായി.
സജീവ്‌ അയാളുടെ കയ്യിലെ തുകൽ സഞ്ചി പരിശോധിക്കുകയായിരുന്നു.
അഡ്രസ്‌ എന്തെങ്കിലും ലഭിച്ചാലോ..
ഒരു ഡയറീയും ആയിരത്തി മുന്നൂറ്റമ്പത്‌ രൂപയും ഒരു കർച്ചീഫും മാത്രം. സജീവ്‌ ഡയറിയെടുത്ത്‌ ഒന്നു രണ്ടു താളുകൾ മറിച്ചു . മൂന്നാം പേജിൽ നിന്ന് ഒരു ഇൻലന്റ്‌ കാർഡ്‌ ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
"അച്ഛൻ എത്രയും പെട്ടെന്ന് ഇങ്ങോട്ടു വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകണം. എനിക്കിനിയും ഇവരുടെ പീഡനങ്ങൾ സഹിക്കാൻ വയ്യ. നാലു ദിവസമായി എനിക്കു ഭക്ഷണം തന്നിട്ട്‌. ഞാൻ മരിച്ചു പോകും അച്ഛാ.. അച്ഛൻ വേഗം വരണേ.."
3-2-2015
വട്ടവട
മൂന്നാർ
സജീവ്‌ നിശ്ചലനായി. ഇന്ന് 8-2-2015.
ഈ അച്ഛൻ മകളെ കാണാൻ പുറപ്പെട്ടതായിരിക്കണം.
സജീവ്‌ കാർഡിലെ റ്റു അഡ്രെസിലേക്കു കണ്ണുകൾ പായിച്ചു.
റ്റു,
രാമചന്ദ്രൻ മേനോൻ
ചോലയിൽ
തെന്മല പി.ഒ
എറണാകുളം
ഇൻലന്റ്‌ കാർഡ്‌ ജീനക്ക്‌ കൈമാറിയതിനു ശേഷം സജീവ്‌ തന്റെ സുഹൃത്തായ വട്ടവട ഏ എസ്‌ ഐ സുധീഷ്‌ ചന്ദ്രനെ കോണ്ടാക്റ്റ്‌ ചെയ്ത്‌ വിവരങ്ങൾ ധരിപ്പിച്ചു.
തുകൽ സഞ്ചിയിലുണ്ടായിരുന്ന വസ്തുക്കൾ ഒന്നും തന്നെ നഷ്ടപ്പെടരുതെന്നദ്ദേഹം താക്കീത്‌ ചെയ്തു.
മൃതദേഹം തുടർ നടപടികൾക്കായി പോലിസ്‌ കൊണ്ടു പോയെങ്കിലും ജീനക്കും സജീവിനും അന്നൊരു തുള്ളി വെള്ളം പോലും കുടിക്കാൻ തോന്നിയില്ല.
പിറ്റേന്ന് കാലത്ത്‌ സുധീഷ്‌ ചന്ദ്രന്റെ കോൾ വന്നു.
"സജി, പ്രമുഖ പത്രങ്ങളിലെല്ലാം നോട്ടിസ്‌ ചെയ്തിട്ടുണ്ട്‌. പൊലിസിന്റെ കോണ്ടാക്റ്റ്‌ നമ്പറും കൊടുത്തിരുന്നു. ഇതു വരെ ആരും അന്വേഷിച്ചു വിളിച്ചില്ല. അയാളുടെ പോക്കെറ്റിൽ നിന്നു ലഭിച്ച ഒരു തുണ്ടു കടലാസിൽ ലത എന്നയാളുടെ ഫോൺ നമ്പറുണ്ട്‌.എർണാകുളത്തെ ലാന്റ്‌ ലൈൻ കോഡുള്ള നമ്പറാണത്‌. "
സജീവ്‌ എല്ലാം മൂളിക്കേട്ടു.
"ഞാൻ വിളിക്കാം സജി"
സുധീഷ്‌ കോൾ കട്ടാക്കി.
കടലാസിലെ നമ്പറിൽ വിളിച്ചപ്പോൾ മധ്യവയസ്കന്റേതെന്നു തോന്നിക്കുന്ന ശബ്ദമാണു അങ്ങേ തലക്കൽ നിന്നും കേട്ടത്‌.
" ഹെലോ , ലതയാണോ ..?"
"ലതയുടെ ഭർത്താവാണു" മറുപടി -
"ഇത്‌ പോലിസിൽ നിന്നാണു വിളിക്കുന്നത്‌.
ലതക്ക്‌ ഫോൺ കൈമാറൂ.."
" ശരി സർ"
നിമിഷ നേരത്തിനു ശേഷം മറുതലക്കൽ സ്ത്രീശബ്ദം..
"ഹലോ ലതയാ "
അവരുമായുള്ള സംഭാഷണത്തിൽ നിന്നും രാമചന്ദ്രൻ മേനോൻ അവരുടെ മുൻഭർത്താവാണെന്ന് സുധീഷ്‌ മനസിലാക്കി..
അദ്ദേഹത്തിനു
ബന്ധുക്കളാരുമില്ലെന്നും ആകെയുണ്ടായിരുന്ന അമ്മ വർഷങ്ങൾക്കു മുൻപ്‌ മരിച്ചു പോയെന്നും കുട്ടികളുണ്ടാവാതിരുന്നപ്പോൾ അവർ വിവാഹ മോചനം നേടിയെന്നും അതിനു ശേഷം അദ്ദേഹം ഒരു പെൺകുട്ടിയെ ദത്തെടുത്തുവെന്നും ലത പറഞ്ഞു .
അറിഞ്ഞ വിവരങ്ങൾ സുധീഷ്‌ സജീവിനെ ധരിപ്പിച്ചു .
"മൃതദേഹം ഏറ്റെടുക്കാൻ അവർക്ക്‌ വരാൻ കഴിയുകയില്ലെന്ന്‌...
അവർക്കതിന്റെ ആവശ്യമില്ലെന്ന് .. വല്ലാത്ത മനുഷ്യർ തന്നെ .."
സജീവ്‌ നിരാശനായി ജീനയെ നോക്കി .
"ദത്തുപുത്രിയെക്കുറിച്ചെന്തെങ്കിലും അവർക്കറിയാമോ?"
ജീനക്ക്‌ ആശങ്കയേറി.
" ആ കുട്ടി ഇപ്പോൾ എവിടെയാണെന്നും എന്തെന്നും അറിയില്ലെന്നാ അവർ പറഞ്ഞത്‌.. ഇന്നേക്കു മൂന്നു ദിവസം കഴിഞ്ഞു.ഇതുവരെ നമുക്കും ആ മകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനിയും വെയ്റ്റ്‌ ചെയ്യണോ നമ്മൾ.? "
സുധീഷ്‌ പറഞ്ഞതിൽ കാര്യമുണ്ടെന്ന് സജീവിനും ജീനക്കും തോന്നി.
പൊതുശ്മശാനത്തിൽ മൃതദേഹം മറവുചെയ്തു മടങ്ങുമ്പോൾ ജീന ഓർത്തു.
ആ മകൾ അച്ഛൻ വരുന്നതും കാത്ത്‌ ഏതോ ദുരന്ത മുഖത്തായിരിക്കും.. ദൈവത്തിനു മാത്രം രക്ഷിക്കാൻ കഴിയുന്ന ചതുപ്പു കയത്തിൽ ,താഴ്‌ന്നു പോകുന്ന കാലുകൾ ഉറക്കെ വലിച്ചെടുക്കാൻ അവൾ പെടാപ്പാട്‌ പെടുന്നുണ്ടാകണം..
അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കട്ടെ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.
നീർക്കുമിള പോലുള്ള സ്വന്തം ജീവിതത്തെകുറിച്ച്‌ സ്വപ്നങ്ങൾ നെയ്യുന്ന മനുഷ്യൻ ഒരു പമ്പര വിഡ്ഡി തന്നെ.
മൂടൽ മഞ്ഞു തീർത്ത നിഗൂഡതക്കുള്ളിൽ അയാളുറങ്ങി.. കാത്തിരിപ്പുകളുടെ ദീർഗ്ഗനിശ്വാസങ്ങളറിയാതെ.....!!
നസീഹ ഷമീൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo