Slider

പ്രകൃതിയുടെ പരിഭവം

0
Image may contain: 1 person, smiling, closeup
"നാശം എന്തൊരു ചൂടാ ഇത് ,കറണ്ട് പോകാൻ കണ്ട സമയം "
വൈദ്യുതിവിളക്കുകൾ കണ്ണടച്ചരാത്രിയിൽ ആരോടെന്നില്ലാതെ പിറുപിറുത്ത് കിടക്കപ്പായിൽ നിന്നെഴുനേറ്റ
രഘു തൊട്ടരികിൽ കുത്തിയിരുന്നു വിശറിയോട് മല്ലിടുന്ന ഭാര്യയെ ദയനീയതയോടെ നോക്കിയിട്ട് വാതിൽതുറന്ന് പുറത്തേക്കിറങ്ങി....
ഇന്നിനി കറണ്ട് വരുന്നലക്ഷണമില്ല ,പണ്ട് പുറത്തിറങ്ങി നിന്നാൽ അറിയാതെ മയങ്ങിപോകുമായിരുന്നു ,എന്ത് കാറ്റായിരുന്നു ,ഇന്നിപ്പോൾ ഒരു ഓലക്കാല് പോലുമനങ്ങുന്നില്ല,
തൊട്ട്മുന്നിൽ നിശ്ചലമായി കിടക്കുന്ന കായംകുളം കായലിന്റെ വിരിമാറിൽ അങ്ങിങ്ങായി ചില നക്ഷത്രദീപങ്ങൾ തെളിഞ്ഞു കാണാം ,അവ മെല്ലെമെല്ലെ ചലിക്കുന്നുമുണ്ട് , രാത്രിയിൽ വലയിടുന്ന മൽസ്യതൊഴിലാളികളുടെ വള്ളങ്ങളിൽ നിന്നുള്ള വെളിച്ചമാണ് കാണുന്നത്....
രഘുവിന്റെ ഓർമ്മകൾ രാജ്യതലസ്ഥാനത്തെ ആഗോളകമ്പനിയിലെ ഓഫീസർ ജോലിക്ക് മുമ്പുള്ള കാലത്തേക്ക് തിരിഞ്ഞുനടന്നു....
എത്രയോ രാത്രികളിൽ കൊച്ചുവള്ളത്തിൽ പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ വലയിട്ട് മീൻപിടിച്ചത് , വെളുപ്പാൻകാലത്ത് പിടിച്ചമീനുകൾ അക്കരയിലുള്ള കടവിൽകൊണ്ട്ചെന്ന് ലേലത്തിൽ വിറ്റു കാശാക്കി റേഷൻവാങ്ങിയിരുന്നത്,അങ്ങനെ അങ്ങനെ ഓർമ്മകളിലൂടെ സഞ്ചരിക്കവേയാണ് പ്രിയതമയുടെ ആഗമനം
"എന്താ രഘു ഉറക്കം വരുന്നില്ല അല്ലെ ? ,ഇത്തവണ അവധിക്ക് നാട്ടിലേക്ക് തിരിക്കുമ്പോഴേ ഞാൻ പറഞ്ഞതാ ഒരു ഇൻവെർട്ടർ വാങ്ങാൻ കേൾക്കണ്ടേ,ഇനി എങ്ങനെ പന്ത്രണ്ട് ദിവസം കൂടിതള്ളിനീക്കും,
എങ്ങനേലും ഡൽഹിക്ക് തിരികെപോയാൽ
മതിയാരുന്നു,ഭാഗ്യം പിള്ളാരെ കൊണ്ടുവരാതിരുന്നത് , ഞാൻ അപ്പോഴേ പറഞ്ഞതാ ഈ അവധിക്ക് വേറെ എങ്ങോട്ടേലും യാത്രപോകാമെന്ന് അപ്പോഴാ നിങ്ങളുടെ ഒടുക്കലുത്തെ നാടും വീടും നൊസ്റ്റാൾജിയയുമൊക്കെ ,അതൊക്കെ ഓർത്തോണ്ട് വിശറിയും വീശി ഉറങ്ങാതിരിന്നോ "
ഇത്രയും പറഞ്ഞു ചാടിത്തുള്ളി മുറിക്കകത്തേക്ക് തിരിഞ്ഞു നടക്കുന്ന പ്രിയതമയെ നോക്കി ചെറു
പുഞ്ചിരിമാത്രം വിടർത്തി , ഇനിയും വെട്ടുകാരന്റെ മഴുപതിക്കാതെ രക്ഷപെട്ടു നിൽക്കുന്ന തെക്കേകോണിലായുള്ള
കൊന്നതെങ്ങിൽ ചാരി നിന്ന് ഒരു സിഗരറ്റിനു തീ കൊളുത്തുമ്പോഴേക്കും രഘുവിനോടായി കൊന്നത്തെങ്ങിന്റെ ഓർമ്മപ്പെടുത്തൽ
"നിന്റെ അച്ഛനപ്പൂപ്പന്മാർ ഒരു ഫാനും,ഇൻവെർട്ടറുമില്ലാതെ,എന്തിനു കറണ്ട്പോലുമില്ലാതെയാണ് ഇവിടെ ഓലപ്പുരയിൽ ജീവിച്ചത് ,അവർക്ക് തണലായി തെങ്ങും,മാവും പ്ലാവുമടക്കമുള്ള മരങ്ങൾ പന്തലിച്ചു നിന്നിരുന്നു, അവയെല്ലാം അറവാളുകൾക്ക് മുന്നിൽ തലകുനിച്ചു കൊടുക്കപെട്ടപ്പോൾ നിനക്ക് രാത്രിയിൽ ഉറക്കമില്ലാതെയായിരിക്കുന്നു , പ്രായത്തിന്റെ അവശതകളെറെയുള്ള ഈ വൃദ്ധന് ഒറ്റക്ക് എന്ത് ചെയ്യാൻകഴിയും കുഞ്ഞേ,വരുന്ന തലമുറകൾക്ക് വേണ്ടിയെങ്കിലും നീ നിന്റെ മണ്ണിനെ സ്നേഹിക്കു,പച്ചപ്പിനെ പ്രണയിക്കു ഉറക്കം താനെവരും "
അതെ, നട്ടുച്ച സമയത്ത്പോലും വീടിന് നാലുചുറ്റും തണലും തണുപ്പുമേകിനിന്ന പച്ചപ്പെല്ലാം വെട്ടിമാറ്റാൻ തനിക്ക് മണിക്കുറുകൾ മതിയായിരുന്നു ,കെട്ടിമേഞ്ഞ ഓലപ്പുരകളുടെടെ സ്ഥാനത്ത് ആഡംബരത്തിന്റെ കോൺക്രീറ്റ് കൂടാരങ്ങൾപൊങ്ങിയപ്പോൾ , കറണ്ട്കണ്ണടച്ചാൽ സ്വസ്ഥമായൊന്ന് ഉറങ്ങാൻകഴിയാത്തഅവസ്ഥയിലേക്ക് തന്റെ നാടും മാറിയിരിക്കുന്നു.....
തന്റെ കോൺക്രീറ്റ്കൂടാരം ഉയർന്നുപൊങ്ങാനായി മുറിച്ചുമാറ്റപ്പെട്ട പച്ചപ്പുകളുടെ ജീവന് വേണ്ടിയുള്ള തേങ്ങൽ
നിശ്ശബ്ദമായ ആരാത്രിയിലും തന്റെ കാതുകളിൽ മുഴങ്ങുന്നതായി രഘുവിന് തോന്നി
ആഴ്ച്ചകൾക്ക് ശേഷം ,അവധികഴിഞ്ഞു മടക്കയാത്രക്കായി ഇറങ്ങുമ്പോഴേക്കും രഘുവിന്റെ വീടിനു ചുറ്റും വരാനിരിക്കുന്ന നല്ലനാളുകളുടെ സൂചനപോലെ ഒരുപാട് പുതിയ വൃക്ഷതൈകൾ സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു,
അവർക്ക് കൂട്ടായി കാരണവരായി തെക്കേകോണിലായി കൊന്നത്തെങ്ങും...
കെ.ആർ.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo