
സ്വന്തം അമ്മ അവളേയും ഏട്ടനേയും അച്ഛനെയും ഉപേക്ഷിച്ച് മറ്റൊരു ജീവിതംതേടി പോയതുമുതൽ തുടങ്ങിയതായിരുന്നു അവളുടെ അലച്ചിലും കഷ്ടപ്പാടുകളും.
അവൾ ശാലിനി....
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശാലിനിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞത്. അമ്മയിൽ നിന്നുള്ളപീഠനങ്ങളും അമ്മയുടെ സ്വഭാവത്തിൽവന്ന വ്യതിയാനങ്ങളുമാണ് അമ്മയെ വെറുക്കാൻ അവളെ പ്രേരിപ്പിച്ചത്.
ഒരിക്കൽ പോലും അവൾ അമ്മയെ കാണണമെന്ന് അച്ഛനോടോ മറ്റുള്ളവരോടോ പറയുകയോ അമ്മയെക്കുറിച്ചോർത്ത് ദുഃഖിച്ചിരിക്കുകയോ ചെയ്തിട്ടില്ല.
അച്ഛൻ വിദേശത്ത് ആയതിനാൽ പിന്നീട് അവൾ ഇന്നമ്മയോടൊപ്പമായിരുന്നു താമസം. ഇന്നമ്മയെ മനസ്സിലായോ... വലിയച്ഛന്റെ ഭാര്യ...
ഒരു വർഷം അവിടത്തെ ശിക്ഷണത്തിൽ അവരുടെ മക്കളോടൊത്ത്അവരിലൊരാളായി അവൾ അവിടെ ജീവിച്ചു. അമ്മയില്ലാത്തകുട്ടിയല്ലേ എന്നുകരുതി ഇന്നമ്മ അവളെ കൂടുതൽ സ്നേഹിച്ചു... പഠിക്കുവാൻ സഹായിച്ചു.
കോൺവെന്റ് സ്കൂളിലെ ടീച്ചേഴ്സിന് അവളെ വലിയ കാര്യമായിരുന്നു. കാരണം അവൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു. അവരുടെ മനസ്സിൽ ഭാവിയിൽ ഫുൾ A+ നേടാൻ യോഗ്യതയുള്ള കുട്ടിയായി അവൾ മാറി.
എന്നാൽ കാര്യങ്ങൾ പിന്നീട് മാറിമറിഞ്ഞു.
മക്കൾക്ക് ഒരു അമ്മ കൂടിയേ തീരൂ എന്ന തീരുമാനത്തിൽ വീട്ടുകാർ അച്ഛനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു.
മക്കൾക്ക് ഒരു അമ്മ കൂടിയേ തീരൂ എന്ന തീരുമാനത്തിൽ വീട്ടുകാർ അച്ഛനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു.
കാഴ്ചയിലും പെരുമാറ്റത്തിലും അവളെ സ്നേഹിക്കാൻ കഴിയുന്ന സ്ത്രീയാണ് രണ്ടാനമ്മ എന്നവൾക്ക് തോന്നിയതിനാൽ അവൾ ആ സ്ത്രീയെ "അമ്മേ" എന്ന് വിളിച്ചു.
എന്നാൽ അവരുടെ സ്നേഹം അച്ഛൻ അയച്ചു കൊടുക്കുന്ന പണത്തോടും അച്ഛന്റെ മുമ്പിലും മാത്രമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും അവൾ രണ്ടാനമ്മയുടെ വീട്ടിൽ താമസമാക്കിയ കഴിഞ്ഞിരിന്നു.
അവരെക്കുറിച്ച് കരുതിയതെല്ലാം തെറ്റാണെന്ന് അച്ഛനെ അറിയിക്കാൻ അവൾ ശ്രമിച്ചു എങ്കിലും രണ്ടാനമ്മ അവളെ ഭീഷണിപ്പെടുത്തി അച്ഛനെതിരായി കരുക്കൾ നീക്കാൻ അവളെ ഉപയോഗിച്ചു. രണ്ടാനമ്മയുടെ ചെയ്തികളിൽ അവിശ്വസ്തത തോന്നിയ അച്ഛൻ അവളേയും ഏട്ടനേയും അവരിൽനിന്നുംതിരിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ആ സ്ത്രീയുടെ കുടുംബവും ആ സ്ത്രീയും അവളെ അച്ഛന്റെ വീട്ടുകാരിൽനിന്നും അകറ്റിനിർത്തി.
ഒരിക്കലുംആ സ്ത്രീ അവളെ മകളേപ്പോലെ കണ്ടില്ല. മക്കൾ ഇല്ലാത്ത ആ സ്ത്രീ തന്റെ മുൻഭർത്താവ് മരിച്ച വിധവയായിരുന്നു. മക്കൾ ഇല്ലാത്തതിനാൽ അവർ തന്റെ മക്കളെ സ്നേഹിക്കുമെന്ന് കരുതിയ അച്ഛനുതെറ്റി.
എന്നും വഴക്കും അടിയുമായിരുന്നു ശാലിനിക്ക്. ഏട്ടനോട് കാണിച്ചിരുന്ന സ്നേഹം ഒരിക്കലും ആ സ്ത്രീ ശാലിനിയോട് കാണിച്ചില്ല. ആറാം ക്ലാസ്സിൽ പഠിക്കുന്ന അവളെക്കൊണ്ട് വീട്ടുജോലികളും ഏട്ടന്റെയും അവളുടേയും വസ്ത്രം കഴുകലും മുറ്റമടിക്കലും എല്ലാം അവർ ചെയ്യിച്ചു. എന്നിട്ടുംഏട്ടനു കൊടുക്കുന്ന പല ആഹാര സാധനങ്ങളും അവൾക്ക് അവർ കൊടുത്തില്ല. എല്ലാവരും ഭക്ഷണം കഴിക്കുന്ന ഊൺമേശക്കരികിൽ നിന്ന് അവളെ അവർ അകറ്റി നിർത്തി.
പീഡനം സഹിക്ക വയ്യാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയെങ്കിലോ എന്നുപോലും അവൾ ചിന്തിച്ചു. പക്ഷേ പോകാൻ ഒരു സ്ഥലവും അവൾക്ക് അറിയില്ലായിരുന്നു.
അച്ഛൻ നാട്ടിലെത്തിയിട്ടും അച്ഛനെ കാണുവാനോ അച്ഛനോടൊപ്പം പോകുവാനോ ആ സ്ത്രീ അവളെ അനുവദിച്ചില്ല എന്ന് മാത്രമല്ല അച്ഛന്റെ പേരിൽ പീഡനത്തിന് കേസ് കൊടുക്കുകയും ചെയ്തു.
ഇതിനിടയിൽ ശാലിനിയുടെ ആഭരണങ്ങളും അച്ഛന്റെ സർവ്വ സ്വത്തുക്കളും എല്ലാ സമ്പാദ്യങ്ങളും അവർ അവരുടെ വീട്ടിൽ എത്തിച്ചിരുന്നു. അവസാനം സ്വന്തം മക്കളും അഭിമാനവും നഷ്ടപ്പെട്ട അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാലിനിയുടെ ഭാഗ്യം കൊണ്ടാവാം അച്ഛൻ മരണത്തിനു കീഴടങ്ങിയില്ല.
പിന്നീട് അവൾ അച്ഛനോടൊപ്പം ആയിരുന്നു.
അച്ഛന്റെ വിദേശ യാത്രയോടെ അവൾ പഠിക്കുന്ന കോൺവെന്റിലെ മഠത്തിൽ അന്തേവാസിയായി.
ആദ്യമൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും പോകെപോകെ അവിടേയും പീഡനങ്ങൾആയിരുന്നു....മാനസികവും ശാരീരികവുമായ പീഡനങ്ങൾ. മറ്റൊരു സുരക്ഷിത സ്ഥാനം ഇല്ലാത്തതിനാൽ നിസ്സഹായനായ അച്ഛന് അവളെ അവിടെതന്നെ താമസിപ്പിക്കേണ്ടതായി വന്നു.
മാനസിക പീഡനങ്ങൾ മൂലം അവളുടെ കുഞ്ഞു മനസ്സ് തകർന്നു. പഠനത്തിൽ പുറകിലായി.
ഇതിനിടയിൽ അച്ചനെതിരായി കേസ് കൊടുത്ത് കൂടുതൽ പണം നേടാമെന്ന വ്യാമോഹത്തോടെ കൂടെത്തന്നെ താമസിപ്പിച്ചിരുന്ന ഏട്ടൻ അവരുടെ പ്രതീക്ഷകളെല്ലാം തകർക്കുമെന്ന് തോന്നിയപ്പോൾ ആ രണ്ടാനമ്മ ഏട്ടനെതിരേയും കള്ളകേസ് കൊടുത്തു. നിയമവും പോലീസും എന്നും സ്ത്രീകളുടെ പക്ഷത്തായിരുന്നതിനാൽ നിരപരാധികളായ ഏട്ടനും അച്ഛനും അവിടെ തെറ്റുകാരായി.
പക്ഷേ മകനേക്കൂടി തിരിച്ചു കിട്ടിയതോടെ മക്കൾക്കായി അച്ഛൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. എങ്കിലും വീട്ടിൽ അച്ഛന്റെ അസാന്നിദ്ധ്യത്തിൽ ശാലിനി തനിച്ചാകുമെന്ന കാരണത്താൽ പത്താം ക്ലാസ്സ് കഴിയുന്നതുവരെ ശാലിനിക്ക് മഠത്തിൽ തന്നെ തുടരേണ്ടിവന്നു.
ഏട്ടനെ നോക്കുവാനും ശാലിനിയുടെ കാര്യങ്ങൾ ഇടയ്ക്കിടെ അന്വേഷിക്കുവാനും വേണ്ടി അച്ഛൻ നാട്ടിൽ തന്നെ തുടരേണ്ടിവന്നു. അതോടെ അച്ഛന്റെ വരുമാനം നിലച്ചു എന്നുമാത്രമല്ല കടങ്ങൾ കൂടിവന്നു.
ഓരോ തവണയും അച്ഛൻ സ്കൂളിൽ വരുമ്പോൾ മഠത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ശാലിനി അച്ഛനോടു പറയും. പക്ഷേ താമസിക്കുന്ന വീട്ടിൽ നിന്നും രണ്ടു ബസ്സുകൾ കയറിയിറങ്ങി വേണം ആ സ്കൂളിൽ എത്തുവാൻ എന്ന കാരണത്താൽ അച്ഛൻ അവളെ പലതും പറഞ്ഞു ആശ്വസിപ്പിച്ച് അവിടെ തന്നെ നിർത്തി.
എന്നാൽ പുതുതായി വന്ന മഠത്തിലെ ഇൻചാർജ്ജ് അവളെ കൂടുതൽ പീഡിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കിയ അച്ഛൻ മകളുടെ ഭാവിയോർത്ത്... ഈശ്വരനിൽ വിശ്വസിച്ച് ശാലിനിയെ വീട്ടിലേക്ക് കൊണ്ടുപോന്നു.
അടുത്ത ഒന്നര മാസം കഴിഞ്ഞാൽ SSLC പരീക്ഷയാണ്. പക്ഷേ വീട്ടിൽ വന്നതിനു ശേഷമാണ് ശാലിനിയുടെ ഒരു കണ്ണിന്റെ കാഴ്ച കൂടുതൽ മങ്ങിയത് അവളും അച്ഛനും അറിഞ്ഞത്. ആ സമയത്തെങ്കിലും അറിഞ്ഞതിനാൽ ചികിത്സിക്കാനും കണ്ണടവെച്ച് കാഴ്ച വീണ്ടെടുക്കാനും അവൾക്ക് കഴിഞ്ഞു.
സ്വന്തം വീട്ടിൽ എത്തിയതിനുശേഷം ശാലിനി വളരെ സന്തോഷവതിയായി. അച്ഛന്റെഓരോ നിർദ്ദേശങ്ങളും അക്ഷരംപ്രതി അവൾ അനുസരിച്ചു.
വീട്ടിലെ ഇല്ലായ്മകളിൽ ഒരിക്കലും അവൾ അതൃപ്തി കാണിച്ചില്ല. മൂന്നു വർഷം മുമ്പ് എടുത്ത കീറിത്തുടങ്ങിയ സ്കൂൾ യൂണിഫോം ഒരിക്കൽ കൂടി തയ്ചു ശരിയാക്കാൻ കഴിയാത്ത അവസ്ഥയിൽ പൊടിഞ്ഞു തുടങ്ങിയിരുന്നു. ഇറക്കം കുറഞ്ഞ ചുഡിദാറിന്റെ ബോട്ടവും കീറി തുടങ്ങിയ യൂണിഫോമുമായി അവൾ സ്കൂളിലേക്ക് പോകുന്നത് നിസ്സഹായനായ അച്ഛൻ നോക്കി നിന്നു. ഇനി കുറച്ച് നാളുകൾ കൂടിയല്ലേ ഉള്ളൂ എന്നു പറഞ്ഞ് അച്ഛൻ അവളെ ആശ്വസിപ്പിച്ചു.
തോട്ടടുത്ത വീട്ടിലെ കുട്ടികൾ ഓരോ വർഷവും യൂണിഫോം പുതിയത് വാങ്ങുന്നത് കണ്ടിട്ടും അവൾ ഒന്നും പറഞ്ഞില്ല.
താൻ പഠിക്കാൻ മോശമെന്നു പറഞ്ഞു തന്നെ നിത്യേനയെന്നോണം വഴക്ക് പറഞ്ഞിരുന്ന സിസ്റ്റർമാരുടെ മുമ്പിൽ താൻ ഒരു മണ്ടിയല്ല എന്ന് തെളിയിക്കുകയായിരിക്കണം തന്റെ ലക്ഷ്യമെന്ന് ആ അച്ഛൻ മകളെ ഉപദേശിച്ചു.
ഹോം ട്യൂഷൻ ഉള്ള കുട്ടികൾ മൂലം കണക്കിൽ അവൾ എന്നും പുറകിലായിരുന്നു. ടീച്ചേഴ്സ് അവർക്കൊപ്പം നിന്നപ്പോൾ ട്യൂഷന് പോകാൻ നിർവ്വാഹമില്ലാത്ത ശാലിനി വല്ലാതെ വീർപ്പ് മുട്ടി. അവസാന ദിവസങ്ങളിൽ അവളുടെ കൂട്ടുകാരിയും ഇന്നമ്മയുടെ മകളും സഹായിച്ചു. മറ്റുള്ള ഓരോ വിഷയങ്ങളിലേയും സംശയങ്ങൾ അച്ഛൻ അവൾക്ക് പറഞ്ഞു കൊടുത്തു.
അവസാനം ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് റിസൾട്ട് വന്നു. 5A+, 3A,
B+, C+ എന്നിങ്ങനെ ഉയർന്ന വിജയം അവൾ കരസ്ഥമാക്കി. ഒരുപക്ഷെ ട്യൂഷൻ ഇല്ലാതെതന്നെ ഇത്രയും നല്ല വിജയം നേടുന്ന ആദ്യത്തെ കുട്ടി അവളായിരിക്കാം. തന്നെ നിരന്തരം കുറ്റം പറഞ്ഞിരുന്ന രണ്ടു സിസ്റ്റേർസിന്റെ വിഷയങ്ങളിലും അവൾ A+ നേടി ഒരു മണ്ടിയല്ല എന്ന് തെളിയിച്ചു.
B+, C+ എന്നിങ്ങനെ ഉയർന്ന വിജയം അവൾ കരസ്ഥമാക്കി. ഒരുപക്ഷെ ട്യൂഷൻ ഇല്ലാതെതന്നെ ഇത്രയും നല്ല വിജയം നേടുന്ന ആദ്യത്തെ കുട്ടി അവളായിരിക്കാം. തന്നെ നിരന്തരം കുറ്റം പറഞ്ഞിരുന്ന രണ്ടു സിസ്റ്റേർസിന്റെ വിഷയങ്ങളിലും അവൾ A+ നേടി ഒരു മണ്ടിയല്ല എന്ന് തെളിയിച്ചു.
ഇതിൽ പരം ഒരച്ഛന് മറ്റെന്തുവേണം!
ഏതൊരച്ഛനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ച അവൾ... ശാലിനി.....എന്റെ മകൾ
ഏതൊരച്ഛനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ച അവൾ... ശാലിനി.....എന്റെ മകൾ
നന്ദി
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക