Slider

ദൈവേട്ടൻ (കഥ)

0

Image may contain: 1 person, beard
******************
ദൈവം ഉണ്ടോ ഇല്ലയോ എന്ന് എന്നോടു ചോദിച്ചാൽ എനിക്കതിന് വ്യക്തമായ ഒരുത്തരം ഇല്ല എന്നതാണ് സത്യം. എന്നാൽ ഞങ്ങളെല്ലാവരും ദൈവേട്ടൻ എന്നു വിളിക്കുന്ന ദേവരാജൻ കറകളഞ്ഞ ഒരു നിരീശ്വരവാദിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ഫലമായിട്ടാണ് ദേവേട്ടൻ എന്ന വിളിപ്പേര്
നാട്ടുകാരുടെ ഇടയിൽ ദൈവേട്ടൻ എന്നതിലേക്ക് പരിണമിച്ചത്.
നാട്ടുകാരുടെ പ്രത്യേകിച്ച് ഞങ്ങൾ കോളനിവാസികളുടെ കൺകണ്ട ദൈവം തന്നെയായിരുന്നു ദൈവേട്ടൻ. പല കാര്യങ്ങളിലും സാക്ഷാൽ ദൈവം കൈവിട്ട ഒരു ജനവിഭാഗമായിരുന്നല്ലോ ഞങ്ങൾ കോളനിവാസികൾ. പക്ഷേ ദൈവം കൈവിടുമ്പോഴൊക്കെ ദൈവേട്ടൻ ഞങ്ങളുടെ രക്ഷയ്ക്ക് ഓടിയെത്താറുണ്ടായിരുന്നു.
അപ്പുവേട്ടന് ആഴ്ചയിൽ മുന്ന് വട്ടം ഡയാലിസിസ് നടത്താൻ വേണ്ടി പോയി വരാൻ വണ്ടി ഏർപ്പാടാക്കുന്നതും കാശ് ഏർപ്പാടാക്കുന്നതും ദൈവേട്ടനാണ്. മുമ്പെങ്ങോ ഗുരുവായൂർ ദേവസ്വം ബോർഡിലെ ആനപ്പാപ്പാനായിരുന്ന അപ്പുവേട്ടട്ടന് അവിടുന്ന് പെൻഷനായി കിട്ടുന്ന മൂവായിരം രൂപയാണ് ആകെ വരുമാനം.
അപ്പുവേട്ടൻ നല്ല നായരാണ്. തൃശ്ശൂരിൽ നിന്നും ഇവിടെയെത്തി ജാനകി ഏടത്തിയെ കെട്ടി കോളനിയിൽ താമസിക്കുകയായിരുന്നു.മൂപ്പർക്ക് അവിടെ ബന്ധുക്കളുണ്ടോ ഇല്ലയോ എങ്ങിനെയാണ് ഈ നാട്ടിലെത്തിയതെന്നോ എന്നൊന്നും ഞങ്ങളിലാർക്കും വലിയ അറിവൊന്നുമില്ല.
ജാനകിയേടത്തിക്ക് അറിയാമായിരിക്കും
അപ്പുവേട്ടനും ജാനകിയേടത്തിക്കും, ദൈവേട്ടന്റെ പരിഹാസ ഭാഷയിൽ പറഞ്ഞാൽ, വയസ്സാൻ കാലത്ത് അവരെ പരീക്ഷിക്കാൻ വേണ്ടി എല്ലാം അറിയുന്ന ആള് കുട്ടികളെ കൊടുത്തതുമില്ല.
എല്ലാമറിയുന്ന ഒരാൾക്ക് സ്വന്തം നിരപരാധികളായ സൃഷ്ടികളിൽ ഇത്തരം ക്രൂരമായ പരീക്ഷണം നടത്തി ഇനിയുമെന്താണറിയാനുള്ളതെന്ന് എനിക്കും പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
ഇത്തരം സംശയം തോന്നിയ അവസരമായിരുന്നു.കഴിഞ്ഞ വർഷത്തിലെ മഴക്കാലത്ത് ഒരു പാതിരാത്രി എന്നെ ആരോരുമില്ലാത്തവനാക്കി ഞങ്ങളുടെതടക്കം കോളനിയുടെ അങ്ങേ അറ്റത്തെ ആറോളം വീടുകളെ, മലമുകളിൽ നിന്നും വന്ന ചെളിയും വെള്ളവും പാറക്കല്ലുകളും ഒഴുക്കിത്തുടച്ച്, കുറെ ജീവിതങ്ങളുടെ ശ്വാസത്തിനും സ്വപനങ്ങൾക്കും മുകളിൽ ദുരന്തം വിതച്ച സംഭവവും.
അച്ഛനെയും അമ്മയെയും വാവാച്ചിയെയും ആറു വീടുകളിലെ പതിനേഴു പേരെയും വിഴുങ്ങിക്കളഞ്ഞ ആ ഉരുൾപൊട്ടൽ ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ നിറയും ഹൃദയത്തിന്റെ മിടിപ്പ് കൂടും, ഇതാ ഇപ്പം ഒന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കെന്റെ ഹൃദയം പടപടാ മിടിക്കുന്നത് കേൾക്കാം. കണ്ണില് വെള്ളം നെറഞ്ഞത് കാരണം ആകെ വല പിടിച്ചൊരു കാഴ്ചയാ ഇപ്പം വരുന്നെ.
ഉരുണ്ട് വന്ന രണ്ട് വലിയ പാറകൾക്കുള്ളിൽ, അപകടം നടന്ന് നാൽപ്പത്തിയെട്ട് മണിക്കൂറിന് ശേഷവും ഞാൻ ജീവനോടെ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വിദഗ്ദരായ രക്ഷാപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായിട്ടായിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് അന്നെന്നെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞത്.
ആശുപത്രിയിൽ നിന്നും ബോധം വന്ന് സാധാരണ നില കൈവന്നപ്പോൾ എന്നെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയത് ദൈവേട്ടന്റെ വീട്ടിലേക്കായിരുന്നു. അവിടെയെത്തിയപ്പോഴാണ് ദൈവേട്ടൻ എന്നോട് മയത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞത്. എനിക്കപ്പോൾ രക്ഷപ്പെട്ടതിൽ സന്തോഷമേ തോന്നിയില്ല.
ആ മരവിപ്പിൽ നിന്നും എന്നെ മുക്തനാക്കിയത് ദൈവേട്ടന്റെയും കുടുംബത്തിന്റെയും സ്നേഹവും ആശ്വാസവും കൂട്ടുമൊക്കെയായിരുന്നു. അന്ന് ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് ഗവൺമെന്റ് ചില സാമ്പത്തിക സഹായങ്ങളും അപകട മേഖലയിലെ ശേഷിക്കുന്നവരെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും വാഗ്ധാനങ്ങളൊക്കെ പ്രഖ്യാപിച്ചെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ഒന്നും ശരിയായ രീതിയിൽ നടപ്പിലാക്കാൻ അധികാരികൾക്ക് ശുഷ്കാന്തിയുണ്ടായിട്ടില്ല. ദൈവേട്ടനും ചില നല്ല മനുഷ്യരും കോളനിവാസികളെയുമായി, അതിനു വേണ്ടി എത്രയോ വട്ടം ബന്ധപ്പെട്ട ഓഫീസുകളൊക്കെ കയറിയിറങ്ങുന്നു.
കഴിഞ്ഞ S S L C പരീക്ഷയിൽ ഫുൾ A+ നേടിയായിരുന്നു എന്റെ വിജയം.എന്റെ കഴിവാണ് ആ വിജയത്തിന്റെ അടിസ്ഥാനമെന്നൊക്കെ ദൈവേട്ടൻ പറയുമെങ്കിലും എന്നെ ആ വിജയത്തിലേക്കെത്തിച്ചത് ദൈവേട്ടൻ ഒരാൾ മാത്രമാണെന്ന് ഞാൻ ഉറപ്പിച്ച് പറയും.പoനത്തിൽ ഒരു ഇടത്തട്ടുകാരനായിരുന്ന എന്നെ ട്യൂഷന് ചേർത്തതും മകനോടൊപ്പം എന്നെയും വീട്ടിലിരുത്തി ദൈവേട്ടൻ തന്ന ക്ലാസുകളും സ്നേഹവും കൈതാങ്ങുമാണ് എന്റെ വിജയത്തിന്റെ അടിസ്ഥാനം.
ഒരേ റിസൾട്ട് നേടിയ മകനെയും എന്നെയും ചേർത്ത് നിർത്തി ദൈവേട്ടൻ നെറ്റിയിൽ ചേർത്തു തന്ന ആ ഉമ്മയുടെ കുളിര് ഇന്നും എന്റെ മനസ്സിലുണ്ട്.
ഒരോ കംമ്പ്യൂട്ടറും റോണ്ടാ ബേണിന്റെ രഹസ്യം എന്ന ഓരോ പുസ്തകവുമാണ് ദൈവേട്ടൻ അന്നു ഞങ്ങൾക്കായി സമ്മാനിച്ചത്.
അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണ മുറിയിൽ തന്നെയാണ് എന്റെയും കംമ്പ്യൂട്ടർ സ്ഥാപിച്ചിരിക്കുന്നത്. "നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് നേടാം, ചെയ്യാം, ആയിത്തീരാം.. " എന്ന വലിയ ആത്മവിശ്വാസമാണ് രഹസ്യം മുന്നോട്ടു വെക്കുന്നത്.
നല്ല റിസൾട്ട് നേടിയവരൊക്കെ പ്ലസ് വണ്ണിന് സയൻസിന്റെ പിന്നാലെ ഓടിയപ്പോൾ ഞാനും ദൈവേട്ടന്റെ മകനും ഹ്യുമാനിറ്റിസ് ആണ് തിരഞ്ഞെടുത്തത്. കാരണം ഒരു വലിയ ലക്ഷ്യത്തിന്റെ വിത്ത് ഞങ്ങളുടെ ഉള്ളിൽ പാകാൻ ദൈവേട്ടനു കഴിഞ്ഞിരുന്നല്ലോ.
ഞങ്ങൾ കോളനിവാസികൾക്ക്, സാമ്പത്തികം, അസുഖങ്ങൾ, വീടിന്റെ ശോച്യാവസ്ഥ, തൊഴിലില്ലായ്മ, കുടിവെള്ളം,.... തുടങ്ങി പല വിഷയങ്ങളിലും പ്രശ്നങ്ങളുണ്ടെങ്കിലും ഈയിടെയാണ് ഞങ്ങളെയെല്ലാം വലിയ രീതിയിൽ ബാധിക്കുന്ന ഒരു പുതിയ പ്രശ്നം ഉടലെടുത്തത്.
സ്കൂളിലേക്കും, ആശുപത്രിയിലേക്കും,അങ്ങാടിയിലേക്കും, റേഷൻ കടയിലേക്കും എന്നു തുടങ്ങി സകലമാന ആവശ്യത്തിനും ഞങ്ങൾക്കാകെയുള്ള വഴി, മെയിൻ റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം കൃഷിയിടത്തിനു നടുവിലൂടെ മലഞ്ചെരിവിലെ കോളനി വരെയുള്ള പഞ്ചായത്ത് റോഡിൽ ടാറ് ചെയ്യാൻ ശേഷിച്ചിരിപ്പുള്ള റോഡ്, ധനാഢ്യനും മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനും ഏക്കറകളോളം വ്യാപിച്ചുകിടക്കുന്ന ഭൂസ്വത്തിനുടമയുമായ കെവിൻ കുമാർ അയാളുടെ വയലിന് നടുവിലൂടെ കടന്നു വരുന്ന ഭാഗം ഒരു രാത്രി ജെ സി ബി വെച്ച് ഉഴുതുമാറ്റി കോളനിയിലേക്കുള്ള സഞ്ചാരം വിലക്കുന്നു.
കാരണമാണ് വിചിത്രം. ഒരു മാസം മുമ്പാണ് കെവിൻ കുമാറിന്റെ അമ്മ പ്രഷറ് കൂടി ശരീരം തളർന്ന് സംസാരശേഷി നഷ്ടമായി കിടപ്പിലായത്.പുതിയ തലമുറയിൽ പെട്ട ആളെങ്കിലും മതപരമായ യാഥാസ്തിക ചിന്താഗതിവെച്ചു പുലർത്തുന്ന അയാൾ അമ്മയുടെ അസുഖത്തിന്റെ കാരണവും പരിഹാരവും തേടി ജോൽസ്യനെ വരുത്തുന്നു.
വീടിനു സമീപത്തുകൂടി, അതും വീടുപറമ്പിനേക്കാൾ ഉയർന്നു നിൽക്കുന്ന റോഡുവഴി ദളിതർ സഞ്ചരിക്കുന്നത് പാപമാണ്, മാത്രമല്ല അവർ മീനും ഇറച്ചിയും വാങ്ങിപ്പോകുന്നതും ഇതുവഴി തന്നെ. ദൈവകോപമുണ്ടാവുന്ന ഈ സംഗതിയാൽ, അമ്മ കിടക്കവിട്ടെഴുന്നേൽക്കില്ല.ജോൽസ്യൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
"ദൈവനിശ്ചയം " സാധ്യമാക്കാൻ കെവിൻ കുമാർ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു വരികയായിരുന്നു.
സംഭവം നാടാകെ പരക്കുന്നു. ദൈവേട്ടനും ചില രാഷ്ട്രീയക്കാരും ഏതാനും മനുഷ്യ സ്നേഹികളും കോളനിയിലെത്തുന്നു.എല്ലാവരും ചേർന്ന് പഞ്ചായത്തിനെ സമീപിക്കുന്നു. പ്രശ്നം അവതരിപ്പിക്കുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ പ്രിയപ്പെട്ടവനായ കെവിൻ കുമാറിനെതിരെ പ്രവർത്തിക്കാൻ അവർ തയ്യാറല്ലായിരുന്നു. സ്ഥലം സ്വകാര്യ വ്യക്തിയുടെതാണെന്നും എങ്ങിനെ കടന്നുകയറാൻ കഴിയും എന്നുമായിരുന്നു അവരുടെ വാദം.പോലീസൊക്കെ എത്തിയെങ്കിലും കെവിൻ കുമാറിന്റെ പോക്കറ്റിൽ കിടന്നു പിടയ്ക്കാനേ അവർക്കും കഴിഞ്ഞുള്ളൂ.
കേസ് കോടതിയിലേക്ക് നീങ്ങി.അതിനിടെ ഒരു നാൾ സത്യേട്ടന് രാത്രി എട്ട് മണിക്കാണ് നെഞ്ചുവേദന ആരംഭിച്ചത്, അൽപസമയം കഴിഞ്ഞപ്പോഴേക്കും അത് കലശലായി, കോളനിയിലെ ചെറുപ്പക്കാർ സത്യേട്ടനെ കസേരയിലിരുത്തിച്ച് ഉഴുതുമറിച്ചത് കാരണം ചെളിയും കുഴിയും നിറഞ്ഞ വഴിയിലൂടെ ഒന്നര കിലോമീറ്ററോളം ചുമന്ന് നടന്ന് റോഡിന്റെ ടാറിട്ട ഭാഗത്ത് എത്തിച്ച് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമയം വൈകിപ്പോയെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.കോളനി റോഡിൽ കെവിൻ കുമാർ ഏർപ്പെടുത്തിയ സഞ്ചാര വിലക്കിന്റെ ആദ്യ രക്തസാക്ഷിയായി അങ്ങിനെ സത്യേട്ടൻ.
ഏറെ ദൂരം നടക്കാൻ ബുദ്ധിമുട്ടുള്ള അപ്പുവേട്ടനെ ഡയാലിസിന് കൊണ്ടുപോകുന്നതും തിരികെ കൊണ്ടു വരുന്നതും ദൈവേട്ടനും കൂട്ടരും കസേരയിലിരുത്തി ചുമന്നുകൊണ്ടാണ്.
മാലതിച്ചേച്ചിക്ക് പ്രസവവേദന വന്നപ്പോഴും കസേരയായിരുന്നു ശരണം.അമ്മാളു അക്ക ആശുപത്രിയിൽ നിന്നു മരിച്ചപ്പോഴും ഈ ദൂരം ശവം ചുമന്ന് ഏറെ ബുദ്ധിമുട്ടി ഞങ്ങൾ.
പതിറ്റാണ്ടുകൾക്ക് മുമ്പ്, ഭൂവുടമകളായ ഞങ്ങളുടെ മുത്തശ്ശൻമാരിൽ നിന്നും ഭീഷണിപ്പെടുത്തി ചുരുങ്ങിയ വിലയ്ക്ക് കെവിൻ കുമാറിന്റെ കുടുംബം കൈക്കലാക്കിയ ഭൂമിയാണിത്.കോളനിയിലേക്കുള്ള റോഡിനുള്ള ഉപാധി അന്നു തന്നെയുണ്ടായിരുന്നുവെന്ന് കോളനിയിലെ പ്രായമായവർക്ക് നല്ല ഓർമ്മയുണ്ട്. ഇപ്പോഴത്തെ ഭൂവുടമ കെവിൻ കുമാറിന്റെ മുത്തശ്ശനും മുത്തശ്ശിയും ജീവിച്ചിരുന്ന കാലത്താണ് കോളനി റോഡ് ഉണ്ടാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അന്നത്തെ തഹസിൽദാർ ഒപ്പിട്ട സ്കെച്ചിൽ കൊളത്തറ-കാരഗാനി കോളനി റോഡ് കൃത്യമായുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പിലെ പഞ്ചായത്ത് ആസ്തി രജിസ്റ്റർ ബുക്കിലും ഈ റോഡ് നഞ്ചാടി പഞ്ചായത്തിന്റേതാണെന്ന് പറയുന്നു.എന്നാൽ പഞ്ചായത്തിന്റെ ആസ്തി സംരക്ഷിക്കാൻ ബാധ്യസ്ഥരായ, കെവിൻ കുമാറിന്റെ ഇംഗിതത്തിനനുസൃതമായി മാത്രം ചലിക്കുന്ന പഞ്ചായത്ത് ഭരണസമതി രേഖകളൊന്നും കോടതിയിൽ സമർപ്പിക്കാതെ ഒളിച്ചുകളിച്ചു.
സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും പ്രശ്നം കോടതിക്കു പുറത്ത് പറഞ്ഞു തീർക്കണമെന്നും ഹൈക്കോടതി നിർദ്ദേശമുണ്ടായി.എന്നാൽ ഞങ്ങൾ ദളിതരെ മനുഷ്യരായിപ്പോലും കാണാൻ കൂട്ടാകാത്ത ഭൂവുടമ കെവിൻ കുമാർ ഞങ്ങളിലെ വേണ്ടപ്പെട്ടവരെ ഇരുത്തി ഒരു മുഖാമുഖം ചർച്ചക്ക് പോലും തയ്യാറാവുന്നില്ല.
കടുത്ത ദളിത് വിരുദ്ധതയും അയിത്ത ചിന്താഗതിയും വച്ചു പുലർത്തുന്ന ഇരുണ്ട മനസ്സിനുടമയായ അയാൾക്ക് പക്ഷേ വീട്ടിലും പറമ്പിലും കൃഷിയിടങ്ങളിലും കുറഞ്ഞ കാശിന് ജോലി ചെയ്യാൻ കോളനിയിലെ ദളിതരെ തന്നെ വേണം.
കോളനിയിലെ സ്ത്രീകളായാലും പുരുഷൻമാരായാലും കൂടുതൽ പേരും, നിവൃത്തികേടുകൊണ്ട് അവിടെയാണ് ജോലിക്ക് പോകുന്നത്.
ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം സാധ്യമാകാൻ വേണ്ടി ഒരു പൂജയും പ്രാർത്ഥനയും നടത്താൻ കോളനിയിൽ ചിലർ തീരുമാനിച്ചെങ്കിലും ദൈവേട്ടന്റെ ന്യായവും തീരുമാനവും ഉൾക്കൊണ്ട് പ്രവർത്തിക്കാനായിരുന്നു കോളനിവാസികളുടെ അവസാനത്തെ കൂട്ടായ തീരുമാനം. മനുഷ്യന്റെ പ്രശ്നങ്ങൾക്ക് മനുഷ്യന്റെ തന്നെ കൂട്ടായതും അവസരോചിതവും കാലാനുസൃതവുമായ പ്രവൃർത്തികൾക്കേ ഒരു പരിധിവരെയെങ്കിലും പരിഹാരങ്ങൾ കാണാൻ കഴിയുകയുള്ളൂ എന്ന ഉറച്ച നിലപാടായിരുന്നു ദൈവേട്ടന്.
അതോടെ പട്ടിണി കിടക്കേണ്ടി വന്നാലും, ഇനി മുതൽ കോളനിയിൽ ആരും കെവിൻ കുമാറിന്റെ വീട്ടിലോ പറമ്പിലോ ജോലിക്ക് പോകേണ്ടതില്ലെന്ന കടുത്ത തീരുമാനം ഞങ്ങൾ കൈകൊണ്ടു.
ദൈവേട്ടന്റെയും നാട്ടുകാരിൽ ചിലരുടെയും രാഷട്രീയ ലാഭത്തിനു വേണ്ടിയെങ്കിലും ഞങ്ങളോട് ഐക്യം പ്രഖ്യാപിച്ച ചില രാഷട്രീയ പാർട്ടിക്കാരുടെയും ഏതാനും പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ കോളനിവാസികൾ ഒന്നടങ്കം പഞ്ചായത്താഫീസിലേക്കും കെവിൻ കുമാറിന്റെ വീട്ടിലേക്കും മാർച്ച് നടത്തി. പിന്നീട് അധികാരികളിലേക്ക് ശ്രദ്ധ എത്തിക്കാൻ കലക്ടറേറ്റിലേക്കും മാർച്ച് സംഘടിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ സ്ഥലം പരിശോധിക്കാനും സഞ്ചാരസ്വാതന്ത്ര്യം പുന:സ്ഥാപിക്കാനും ഡെപൂട്ടി കലക്ടറെ ചുമതലപ്പെടുത്തി.
പരിശോധന കഴിഞ്ഞ് തീരുമാനമറിയാൻ കാത്തിരിക്കുകയായിരുന്ന ഞങ്ങളിലേക്കിന്നിതാ ഞെട്ടിക്കുന്ന ആ വാർത്ത വന്നു പതിച്ചിരിക്കുന്നു.
ടൗൺ ഹാളിൽ ഒരു പ്രസംഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദേവരാജനെ, ഞങ്ങളുടെ ദൈവേട്ടനെ ബൈക്കുകളിലെത്തിയ ഏതാനും അജ്ഞാതർ വടിവാളുകളാൽ വെട്ടിവീഴ്ത്തിയിരിക്കുന്നു.
വിശ്വസിക്കുന്നതു പോലെ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് നമ്മുടെതെങ്കിലും, ഒരു നിരീശ്വരവാദിക്ക് തന്റെ നിലപാടുകൾ വെളിപ്പെടുത്തി ഈ സമൂഹത്തിൽ ജീവിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അവന് ജീവനിലോ ജീവിതത്തിലോ കൊതി ഉണ്ടായിക്കൂട. സ്നേഹിക്കുന്നവരെക്കാൾ ശത്രുക്കളായിരിക്കും അവനു ചുറ്റും. അവന്റെ യുക്തമായ ആശയത്തെ ആശയം കൊണ്ട് നേരിടാനാവാതെ വടി വാളെടുക്കുന്ന അസഹിഷ്ണുത, അതാണ് മതങ്ങളെന്നും. പരസ്പരം പോരടിച്ച് രക്തം കുടിക്കുന്ന അവർ ഒരു യുക്തിവാദിയെ തകർക്കാൻ ഒരുളുപ്പുമില്ലാതെ കൈകോർക്കുമെന്നും ദൈവേട്ടന്റെ ഒരു പ്രസംഗത്തിൽ നിന്നു തന്നെ ഞാൻ ശ്രവിച്ചിരുന്നു.
ദൈവത്തെ പരിഹസിക്കുന്ന ഒരു യുക്തിവാദിയെ. എല്ലാമറിയുന്ന എല്ലാത്തിനും ശേഷിയുള്ള ദൈവം തന്നെ ശിക്ഷിക്കട്ടെ എന്ന സഹിഷ്ണുതയ്ക്ക് ക്ഷമയില്ലാതെ, ദൈവത്തിന് ചെയ്യാനുള്ളത് നിറവേറ്റാൻ പോലും ദൈവത്തെ അനുവദിക്കാത്ത,
ദൈവത്തിന്റെ കാര്യത്തിൽ ദൈവത്തേക്കാൾ ഉത്തരവാദിത്വം കാട്ടാൻ ഇറങ്ങിപ്പുറപ്പെടുന്ന മതമൗലികവാദികളും അവരോട് കൂട്ടായ അധികാര കച്ചവട ഭൂർഷ്വാസി വർഗ്ഗവും അറിയുന്നില്ല ഒരു ദേവരാജനെ ഇല്ലാതാക്കുമ്പോൾ അവർ അനേകം ദേവരാജൻ മാരെ സൃഷ്ടിക്കുകയായിരുന്നുവെന്ന്.
"ഞാൻ ഏതു വർഗ്ഗത്തിൽ ജനിച്ചുവോ
ആ വർഗ്ഗം എന്നും വിമ്മിഷ്ടപ്പെട്ടു
കഴിയാൻ ഇടയാക്കി. അവരുടെ മേൽ നിപതിച്ചിരിക്കുന്ന അഭിശപ്തമായ അടിമത്വത്തേയും മനുഷത്വ രഹിതമായ അനീതിയേയും അവസാനിപ്പിക്കാൻ എനിക്കു കഴിയുന്നില്ലെങ്കിൽ എന്റെ ജീവിതം ഒരു വെടിയുണ്ടയാൽ ഞാൻ അവസാനിപ്പിക്കും"
രാജ്യത്തിന്റെ ഭരണഘടനാ ശിൽപ്പിയായിരുന്ന ഡോ. ഭീംറാവു അംബേദ്കറിന്റെ ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള ആ പ്രതിജ്ഞ ഇപ്പോഴും
എന്റെ ഉള്ളിൽ നിന്നും നീറിക്കൊണ്ടേയിരുന്നു.
**********************************
ഷാനവാസ്.എൻ, കൊളത്തൂർ.
( NB: 2018 ജൂലൈ 29 ഞായർ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വിനോദ് പായം തയ്യാറാക്കിയ "പുതു വഴി വെട്ടാം" എന്ന ഫീച്ചറിന്റെ കാതൽ ഈ കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo