നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജന്മം

Image may contain: 1 person, selfie, closeup and indoor
അഞ്ജനാ അരുൺ..... അഞ്ജനാ അരുൺ....
നേഴ്സ് ഉറക്കെ വിളിച്ചു.... പിന്നെ ചുവരിലേക്കു തല ചാരി കണ്ണടച്ചിരുന്ന അഞ്ജുവിന്റെ അരികിലേക്കെത്തി, ചുമലിൽ തട്ടി ചോദിച്ചു.... കുട്ടിയാണോ അഞ്ജന അരുൺ....... വെളുത്ത സാരി ഉടുത്ത ആസ്സ്പത്രയിയിലെ ആ മാലാഖയെ തലയുയർത്തി നോക്കി അവൾ അതേ എന്ന് തലയാട്ടി സമ്മതിച്ചു. കുട്ടി വാ.. ഡോക്ടർ കാത്തിരിക്കുന്നു.... പൂർണ്ണ ഗർഭിണി ആയ അവൾ പതുക്കെ ബഞ്ചിന്റെ കൈവരിയിൽ പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു..... അവൾ വീണു പോകുമെന്ന് തോന്നിയത് കൊണ്ടാവും ആ മാലാഖ കൈകൾ അവൾക്കു താങ്ങായി....
ദാ ഇവിടെ ഇരുന്നോളു.... ഡോക്ടർക്കു മുന്നിലെ കസേര നീക്കിയിട്ടു അവർ പറഞ്ഞു.
പുഞ്ചിരിയോടെ നോക്കുന്ന ഡോക്ടറെനോക്കി ചിരിക്കാൻ ആവാതെ അഞ്ജന പതറി. തനിച്ചാണോ വന്നേ എന്ന ചോദ്യം കേട്ടില്ല എന്ന് നടിക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ വിട്ടില്ല.... അമ്മ കാന്റീനിൽ പോയതാ.... സമയം ഏറെ ആയോണ്ട്..... അവൾ പറഞ്ഞു തീരും മുന്നേ പ്രതീക്ഷിച്ച ചോദ്യം വന്നു....
എവിടെ കുട്ടീടെ ഭർത്താവ്? ആദ്യത്തെകണ്മണി പിറക്കാൻ പോകുന്ന നേരത്തും ഭാര്യയെ അമ്മയ്‌ക്കൊപ്പം വിട്ടു കക്ഷി ജോലിക്ക് പോയോ ?!
ഭർത്താവ്... അരുൺ... അരുൺ... ആ ചോദ്യം അവളെ പൊള്ളുന്ന ഓർമകളിലേക്ക് വലിച്ചു കൊണ്ടു പോയി. ഒരുത്തരത്തിനായി പതറിയ അവളുടെ കണ്ണുകൾ വാതിൽ കടന്നു വന്ന അമ്മയുടെ കണ്ണിൽ ഉടക്കി.ഇരുവരുടെയും മിഴികൾ നിറഞ്ഞു തുളുമ്പി.
ഏഴുവർഷം പ്രണയിച്ചു ഇനി ഈ ആത്മാക്കളെ തമ്മിൽ പിരിക്കാൻ ആവില്ല എന്ന് വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി വിവാഹിതരായവരാണ് അരുണും അഞ്ജനയും. അവരുടെ സ്നേഹത്തിന്റെ മുന്നിൽ രണ്ടു കുടുംബക്കാരും അടിയറവു പറഞ്ഞു.
അരുൺ ഒരു ആഡ് ഫിലിം കമ്പനിയിൽ ജോലി ചെയ്യുന്നു.... സ്വന്തം കമ്പനി എന്നത് അവന്റെ വലിയ സ്വപ്നം.... സബ്സ്റ്റിട്യൂട് അദ്ധ്യാപികയായി ജോലി ചെയ്യുന്ന അഞ്ജന ഗായിക ആവുക എന്ന സ്വപ്നം യാത്രാർഥ്യം ആകാൻ പരിശ്രമിക്കുന്നു..... ഇവരുടെ സ്നേഹത്തിനും സ്വപ്നത്തിനും തണലായി രണ്ടുപേരുടെയും കുടുംബങ്ങളും ഇവർക്കൊപ്പം ഉണ്ട്..... അവരുടെ സ്നേഹം അഗാതമായപ്പോൾ അവരുടെ പ്രേമമരത്തിലൊരു മൊട്ടു കൂടി വന്നു..... അമ്മയാവാൻ പോകുന്നു എന്ന വാർത്ത അഞ്ജു അരുണിനെ അറിയിച്ചപ്പോൾ അവൻ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് പറഞ്ഞു അഞ്ജുവിനെ വാരിയെടുത്തുമ്മവെച്ചു .... അവനും അവളോട്‌ പറയാൻ ഒരു വാർത്ത ഉണ്ടായിരുന്നു.... സ്വന്തം കമ്പനി എന്ന അവന്റെ സ്വപ്നം പൂവണിയാൻ പോകുന്നു....
പിന്നെയുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു.......
രണ്ടു മാസം കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ച.... അഞ്ജുവിനു ചെക്ക്‌ അപ്പ്‌ നടത്തേണ്ട ദിവസം..... അന്ന് തന്നെ അരുണിന്റെ ആദ്യം വർക്കിന്റെ ചർച്ച, പ്രസന്റേഷൻ ഒക്കെ ഷെഡ്യൂൾ ചെയ്തിരിക്കുന്നെ......
രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയ അരുണിനെ അവൾ ആശ്വസിപ്പിച്ചു.. സാരമില്ല അരുണേട്ടാ.... കുഞ്ഞേച്ചിയേം കൂട്ടി ഞാൻ പോയ്കോളാം.... ഇതു ഒരു ചെക്ക്‌ അപ്പ് അല്ലെ..... നമ്മുടെ കുഞ്ഞാവ പുറത്തു വരാൻ റെഡി ആകുമ്പോൾ അരുണേട്ടൻ എന്റെ അടുത്ത് ഉണ്ടായാൽ മതി....
അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു നിരാശ നിറഞ്ഞ പുഞ്ചിരിയോടെ അരുൺ യാത്രയായി.....
ഓഫീസിലെ തിരക്കിനിടയിൽ അരുൺ വാച്ചിൽ നോക്കി.... സമയം 11:30ആയിട്ടുള്ളു..... ഇനി ഒരു മണിക്കൂർ എടുക്കും മീറ്റിംഗ് തുടങ്ങാൻ...... അരുൺ മാനേജർ മുരളിയെ വിളിച്ചു.... മുരളി... ഞാൻ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരും.... അഞ്ജു പോകുന്ന ഹോസ്പിറ്റൽ ഇവിടുന്നു 3 കിലോമീറ്ററെ ഉള്ളു.... ഞാൻ പോയിട്ടുടനെ വരാടാ....... അരുണിന്റെ സ്വഭാവം അറിയാവുന്ന മുരളി എതിരു പറഞ്ഞില്ല...... നിമിഷങ്ങൾകകം അരുണിന്റെ കാറ് തിരക്കേറിയ മെയിൻ റോഡിലേക്ക് ഇറങ്ങി കഴിഞ്ഞു......
ഓർക്കാപ്പുറത്തു തന്നെ കണ്ടു സന്തോഷിക്കുന്ന അഞ്ജു മാത്രമായിരുന്നു അവന്റെ മനസ്സിൽ..... ഒരു നിമിഷത്തിന്റെ അശ്രദ്ധ...... നിറം മാറിയ ട്രാഫിക് ലൈറ്റ് കാണാതെ അവൻ വണ്ടി മുന്നോട്ടെടുത്തു..... സിഗ്നൽ കിട്ടി വന്ന ബസ് അവന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു ഒരു ഞരക്കത്തോടെ നിന്നു......
കാറിൽ നിന്നും പുറത്തെടുക്കുമ്പോൾ അരുണിന് ബോധമുണ്ടായിരുന്നില്ല. പുറമെ പരുക്കുകൾ കുറവായിരുന്നു..... ചോര വാർന്നു പോകാൻ പാകത്തിന് മുറിവുകൾ ഒന്നും ഇല്ല..... വേഗം ആശുപത്രിയിൽ എത്തിക്കാം....കൂടി നിന്നവരിൽ ചിലർ മുൻകൈ എടുത്തു അരുണിനെ ആശുപത്രിയിൽ എത്തിച്ചു..
ഓ പി യിൽ നിന്നും കുഞ്ഞേച്ചിയുടെ കൂടെ പുറത്തേക്കിറങ്ങിയപ്പോളാണ് അഞ്ജു ആ കാഴ്ച്ച കണ്ടത്...... കുറേപേർ ചേർന്ന് ഒരാളെ താങ്ങിയെടുത്തു കാഷ്വാലിറ്റിയിലേക്ക് കൊണ്ടു പോകുന്നു.......... ദയനീയമായ ആ കാഴ്ച്ചയിൽ താഴേക്കു തൂങ്ങിയ കൈ അവളുടെ കണ്ണിൽ പതിഞ്ഞു....... രുദ്രാക്ഷം കെട്ടിയ ചെയിൻ..... അതിൽ തൂങ്ങി ആടുന്ന ഓം ".....അരുണേട്ടാ........ കുഞ്ഞേച്ചിക്കു തടയാൻ കഴിയും മുൻപേ അവൾ അകത്തേക്കോടി.....ബോധമില്ലാതെ ടേബിളിൽ കിടക്കുന്ന അരുണിനെ അവൾ കുലുക്കി വിളിച്ചു.........
കണ്ണിൽ ഇരുട്ട് പറക്കുന്നതും ദേഹം തളരുന്നതും അറിയാതെ അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.... ഒരു നിമിഷം കുഞ്ഞേച്ചിക്കും ഒന്നും മനസിലായില്ല.....
ആരൊക്കെയോ അഞ്ജുവിനെ കട്ടിലിൽ കിടത്തി....... കണ്ണു തുറന്നു അരുണിനെ അന്വേഷിച്ചപ്പോൾ കുഞ്ഞേച്ചി പറഞ്ഞു പേടിക്കാൻ ഒന്നുമില്ല അഞ്ജു.....അവനെ പരിശോധിക്കാൻ കൊണ്ടുപോയതാണ്........ബോധം വന്നിട്ടില്ല....... വേറെ ഒന്നും ഇല്ല....... വണ്ടി ഒന്നു തട്ടിതാ....... നീ ഇങ്ങനെ കരഞ്ഞു ബഹളം കൂട്ടാതെ........
പാതി മറഞ്ഞ ബോധത്തിൽ അവൾക്കതൊന്നും ആശ്വാസമായി തോന്നിയില്ല.........
ഏറെ നേരം കഴിഞ്ഞു ഡോക്ടർമാർ വന്നു. കുഞ്ഞേച്ചി അറിയിച്ചിട്ട് അരുണിന്റേയും അഞ്ചുവിന്റെയും വീട്ടുകാരും കുഞ്ഞേച്ചിയുടെ ഭർത്താവ് മോഹനും എത്തി..... ഉത്കണ്ഠയോടെ ഓരോ മുഖവും ഡോക്ടർമാർ എന്തു പറയുമെന്ന് കാതോർത്തു നിന്നു..............മൂകതയ്ക്കു വിരാമമിട്ടു അവർ ആ വാർത്ത പറഞ്ഞു....... അപകടത്തിന്റെ ആഘാതം അരുണിന്റെ തലച്ചോറിൽ അമിതമായ രക്തസ്രാവം ഉണ്ടാക്കിയിട്ടുണ്ട്..... അരുണിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ പ്രയാസമാണ്.............. അരുൺ ഇപ്പോൾ ജീവിക്കുന്നത് മെഷീന്റെ സഹായത്തോടെയാണ്.......... അരുണിന് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു.
ഭൂമി പിളർന്നു ഒരാഗത ഗർത്തത്തിലേക്ക് വീണത് പോലെ തോന്നി അഞ്ജുവിനു....... ഈ ദുസ്വപ്നത്തിൽ നിന്നും ഒന്നുണർന്നുവെങ്കിൽ എന്നവൾ ആശിച്ചു............... പിന്നെ അവൾ ഒന്നുറക്കെ പൊട്ടി കരഞ്ഞു........
കണ്ടു നിന്നവർക്ക് പോലും ഹൃദയം നിലച്ചു പോകുന്ന തേങ്ങൽ..........
അരുണിനെ കൊണ്ടുവന്നിട്ട് 14മണിക്കൂർ പിന്നിട്ടു കഴിഞ്ഞു........ഡോക്ടർസ് അഞ്ജുവുമായി ചർച്ചകൾ തുടങ്ങിയിട്ടും ഏറെ നേരമായി.........അഞ്ജു ഒരു തീരുമാനത്തിൽ എത്തിച്ചേരണം........ അരുണിനെ ഈ ബന്ധനത്തിൽ നിന്നും മോചിപ്പിക്കണം......... ഒപ്പം ചെയ്യാൻ പറ്റുന്നത് ഒരു പുണ്യകർമ്മം കൂടിയാണ്. മോൾ എന്ത് തീരുമാനിച്ചാലും മോൾടെ തീരുമാനം ഞങ്ങൾ ശരി വെയ്ക്കും....അരുണിന്റെ അച്ഛനും അമ്മയും അവളെ ചേർത്തു പിടിച്ചു പറഞ്ഞു.... മാറി മാറി വരുന്ന ചോദ്യങ്ങൾ..... അഭിപ്രായങ്ങൾ...ആവശ്യം ......അഞ്ജുവിനെ അത് വല്ലാതെ നോവിച്ചു.....ഒടുവിൽ വികാരങ്ങളുടെ വടംവലിയിലും അവൾ ഒരു തീരുമാനത്തിലെത്തി. തന്റെ മറുപടി കാത്തു നിന്നവരെ അവൾ അവളുടെ തീരുമാനം അറിയിച്ചു.
അരുണേട്ടനെ യാത്രആക്കാൻ എനിക്ക് സമ്മതമാണ്......... കണ്ണീരിൽ ചാലിച്ചു ഡോക്ടർ കാട്ടിയ കടലാസുകളിൽ ഓക്കെ അവൾ ഒപ്പിട്ടു........ അരുണിന് അവസാന ചുംബനം നൽകി മുറി വിട്ടിറങ്ങുബോൾ ഡോക്ടർ പറഞ്ഞ വാചകം അവളുടെ കാതിൽ മുഴങ്ങി കേട്ടു....... അരുൺ പുനർജ്ജനിക്കും.....
അഞ്ജുവിന്റെ കഴിഞ്ഞു പോയ 7മാസത്തെ കുറിച്ച് പറഞ്ഞു അരുണിന്റെ അമ്മ കണ്ണു തുടച്ചു.....
അഞ്ജുവിനെ പ്രസവത്തിനായി അഡ്മിറ്റാക്കി. പരിശോധന
യിൽ സാധാരണ പ്രസവം നടക്കാൻ പ്രയാസം ആണെന്ന് കണ്ടപ്പോൾ പിറ്റേന്ന് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു.
പിറ്റേന്ന് ഓപ്പറേഷൻ റൂമിലേക്ക്‌ കൊണ്ടുപോകാൻ ആളു വന്നപ്പോൾ യാത്ര ചോദിക്കും പോലെ അവൾ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു. പേടിക്കാൻ ഒന്നുമില്ല മോളെ.......... അമ്മയും മറ്റെല്ലാരും ഇവിടെ തന്നെ ഉണ്ട്......മോളു പോയി കുഞ്ഞുവാവയെം കൊണ്ടു വാ.....
കുറച്ചു മണിക്കൂറുകൾ കടന്നു പോയി... ഏറെ നാളുകൾ കൂടി നന്നായി ഉറങ്ങിയ അഞ്ജു മെല്ലെ കണ്ണു തുറന്നു.........പുഞ്ചിരി നിറഞ്ഞ മുഖത്തോടെ എല്ലാരും ഉണ്ട്.......... തന്നോട് ചേർന്ന് തന്റെ ചൂട് പറ്റി കിടക്കുന്ന കുഞ്ഞുവാവ......... ആൺ കുട്ടിയാണ്.... കുഞ്ഞേച്ചി പറഞ്ഞു..............ചുറ്റും ഉള്ളവരിലൂടെ കണ്ണോടിച്ചപ്പോൾ പരിചയമില്ലാത്ത ചില മുഖങ്ങൾ അവളുടെ കണ്ണിൽ ഉടക്കി......... ഇവരൊക്കെ? അവൾ കുഞ്ഞേച്ചിയോടായി തിരക്കി.
ഞാൻ സഹദേവൻ....... കൂട്ടത്തിൽ അല്പം പ്രായം കൂടിയ ആൾ മുന്നോട്ടു വന്നു........ മോൾടെ ഭർത്താവ് ദാനം തന്ന വൃക്ക കൊണ്ടു ജീവൻ തിരിച്ചു പിടിച്ച ഒരാൾ.
ഞാൻ റഫീഖ്........എനിക്കാണ് ഇങ്ങള് മറ്റേ വൃക്ക ദാനം തന്നത്..
ഞാൻ സോഫിയ....എനിക്ക് കിട്ടിയത് അദ്ദേഹത്തിന്റെ കരളാണ്. പിന്നെ കടന്നു വന്ന ചെറുപ്പകാരനിൽ അഞ്ജു കണ്ടു.... അരുണിന്റെ തിളങ്ങുന്ന കണ്ണുകൾ....കൂപ്പു കൈയുമായി നിൽക്കുന്ന ആറു പേരെ കണ്ടു അവൾ സന്തോഷിച്ചു. ഒടുവിൽ അഞ്ജുവിന്റെ അരികിലെത്തിയത് 17വയസുള്ള ഒരു പെൺകുട്ടി ആണ്. അഞ്ജുവിന്റെ അരികിൽ എത്തി അവൾ സ്വന്തം കൈ അഞ്ജുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു. അഞ്ജു അവളുടെ കൈത്തണ്ടയിൽ വിരലുകൾ അമർത്തി........ ചേച്ചീ ഞാൻ അരുണിമ.......എനിക്കാണ്..........അരുണിമ പറയാൻ പോകുന്നത് അഞ്ജുവിന്റെ
വിരലുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു......... അവളുടെ നാഡിയിലെ സ്പന്ദനം തന്റെ അരുണേട്ടന്റെ ഹൃദയത്തിന്റെ ആണെന്ന് അവൾ തിരിച്ചറിഞ്ഞു........ ഡോക്ടർ പറഞ്ഞത് പോലെ അരുണേട്ടൻ പുനർജ്ജനിച്ചു.......... ഒപ്പം ആറുപേർക്ക് പുനർജ്ജന്മവും നൽകി. അവൾ തന്റെ മകന്റെ കവിളിൽ ആ കൈ ചേർത്തു പിടിച്ചു മന്ത്രിച്ചു.. മോന്റെ അച്ഛൻ ഇവിടെ ഉണ്ട്.
ശുഭം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot