Slider

മരണമാസ്സ് വത്സൻ:

0
Image may contain: drawing
പ്രളയരക്ഷാപ്രവർത്തനങ്ങളും ക്യാമ്പുകളിലെ അവസ്ഥയുമെല്ലാം TV യിൽ തൽസമയം കണ്ട വത്സൻ സടകുടഞ്ഞെഴുന്നേറ്റു. ഒരൊന്നന്നര എഴുന്നേൽക്കലായിരുന്നു അത്. കാറിൽ ചാടിക്കയറി സ്റ്റാർട്ട് ചെയ്തു. അയാളുടെ ആവേശം ഒരു ഇടിമിന്നൽപോലെ അതിവേഗം ആകാശത്തെ കാർമേഘങ്ങളെ പോലും തുളച്ചു കയറിയതുപോലെ തോന്നിപ്പോയി. മറഞ്ഞുനിന്ന സൂര്യൻ പോലും മേഘങ്ങളെ ഭേദിച്ച് എത്തിനോക്കി.
അയാൾ കാർ മുന്നോട്ടെടുത്തു. സഹായത്തിനായി വിളിച്ച അയൽക്കാരൻ പയ്യൻ കാറിലിരുന്ന് അത്ഭുതം കൂറി. ഭിക്ഷക്കാരൻ വന്നാൽ ഒരുരൂപ നാണയം കൊടുത്തിട്ട് ബാക്കി 50 പൈസ നാണയം നിർബന്ധപൂർവ്വം വാങ്ങുന്ന വത്സൻ ചേട്ടന്റെ ഈ ആവേശം അത്ഭുതം തന്നെ! ബാക്കി അൻപത് പൈസ നാണയം വാങ്ങുന്നത് വത്സന് സമ്പാദിക്കാനൊന്നുമല്ല കേട്ടോ; അത് അടുത്ത ഭിക്ഷക്കാരൻ വരുമ്പോൾ കൊടുക്കാനുള്ള മുൻകരുതൽ മാത്രം!
ഏതായാലും കാർ മുന്നോട്ട് നീങ്ങി. വത്സൻ സഹായിയായി വിളിച്ച അയക്കാരൻ പയ്യനോട് എല്ലാം ക്യാമറയിൽ പകർത്തണമെന്ന് പറഞ്ഞ് സ്വന്തം മൊബൈൽഫോൺ പയ്യനെ ഏൽപിച്ചു.
കാർ അടുത്തുള്ള ATM ൽ നിന്നു. അവിടെ നിന്നും ആയിരംരൂപ പിൻവലിച്ച ശേഷം റെസീപ്റ്റിലേക്ക് നോക്കി. ബാലൻസ് എമൗണ്ട് 87 ലക്ഷത്തി ചില്വാനം.
അവിടെ നിന്നും കാർ നീങ്ങി അടുത്തുള്ള തുണിക്കടയിലെത്തി. അവിടെ നിന്നും ഒരു ഷർട്ടും മുണ്ടും വാങ്ങി. എന്നിട്ട് റൂമിൽ കയറി പുതിയത് ധരിച്ച ശേഷം ശരീരത്തിലുണ്ടായിരുന്ന പഴയത് ഊരി സെയിൽസ്മാൻ പയ്യനെ ഏൽപിച്ചു. നന്നായി പാക് ചെയ്തു തരാൻ ആവശ്യപ്പെട്ടു.
അങ്ങനെ പൊതിയുമായി കാറിലെത്തി. ആദ്യം കണ്ട അഭയാർത്ഥി ക്യാമ്പിൽ കയറി ചുറ്റിനടന്നു. കയ്യിൽ വസ്ത്രത്തിന്റെ കവറുമായി നടക്കുന്ന അയാളുടെ കൂടെ സഹായി പയ്യൻ പടം പിടിക്കാനായി മൊബൈൽ തയ്യാറാക്കി നടന്നു.
പക്ഷേ കവർ വാങ്ങാൻ അർഹതപ്പെട്ടവരായി ആരെയും കണ്ടെത്തിയില്ല. പൊതിയിലുള്ളതിനേക്കാൾ നല്ല വസ്ത്രമാണ് ക്യാമ്പിലുള്ളവർ ധരിച്ചിരിക്കുന്നത് എന്ന് വത്സന് തോന്നി.
കൊടുക്കുമ്പോൾ അർഹതപ്പെട്ടവന് തന്നെ കൊടുക്കണമെന്ന് നിർബന്ധമുണ്ടെന്ന് വത്സൻ സഹായിപ്പയ്യനെ അറിയിക്കുകയും ചെയ്തു. അങ്ങനെ ആ ക്യാമ്പിൽ ആരെയും കണ്ടെത്താനായില്ല. ക്യാമ്പിൽവച്ച് അഭയാർത്ഥികൾക്കൊപ്പം പൂളയും ഇറച്ചിയും വയറുനിറയെ തിന്ന ശേഷം അടുത്ത ക്യാമ്പിലേക്ക് നീങ്ങി.
പോരാൻ നേരാൻ ക്യാമ്പധികൃതരോട് പറഞ്ഞ് രണ്ട് ജോടി വസ്ത്രങ്ങൾ വാങ്ങി. അടുത്ത ക്യാമ്പിലേക്കാണ് പോകുന്നതെന്നും അവിടെ ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കാലോ എന്നറിയിച്ചപ്പോൾ ക്യാമ്പിലെ സന്നദ്ധപ്രവർത്തകർ ഒരു മടിയും കൂടാതെ വസ്ത്രം നൽകി.
അങ്ങനെ ക്യാമ്പിൽ നിന്നും ക്യാമ്പിലേക്ക് യാത്ര നീണ്ടു. പല ക്യാമ്പിൽ നിന്നും പലതരം ഭക്ഷണം കഴിക്കുന്നതിനാൽ പോഷക സമൃദ്ധമായ രക്തസഞ്ചാരത്താൽ വത്സന്റെയും സഹായിപ്പയ്യന്റെയും ശരീരം ഉന്മേഷത്താൽ സജീവമായി.
അഞ്ചു ദിവസത്തോളം ക്യാമ്പിൽ നിന്നും ക്യാമ്പിലേക്കുള്ള യാത്രകളിലൊന്നും അർഹരെ കണ്ടെത്താൻ വത്സന് കഴിഞ്ഞില്ല.
അങ്ങനെ നിരാശയോടെ ആറാംപക്കം വീട്ടിൽ തിരിച്ചെത്തി. തിരിച്ചു വരുമ്പോൾ കാറിൽ നിറയെ പലതരം പൊതികളാൽ നിറഞ്ഞിരുന്നു.
വത്സൻ പയ്യനോട് പറഞ്ഞു: "ഇതെല്ലാം അർഹതപ്പെട്ടവർ വന്നാൽ നമുക്ക് കൊടുക്കാം. നീ നിന്റെ whatsApലും fb യിലുമെല്ലാം ഒന്നു പരസ്യം ചെയ്യണം."
പിരിയാൻ നേരം സഹായിപയ്യൻ പറഞ്ഞു: "വേണ്ട വത്സൻചേട്ടാ.... അങ്ങ് തന്നെയാണ് അർഹൻ. കാറ് നിറയെയുള്ള ഈ പൊതികൾ ആർക്കും കൊടുക്കരുത്! അങ്ങ് തന്നെ ഇത് ഉപയോഗിക്കണം. പറ്റുമെങ്കിൽ അടുത്ത ഇലക്ഷന് മത്സരിക്കണം. എന്റെ വോട്ട് എന്റെ വത്സൻ ചേട്ടനേ ഞാൻ ചെയ്യു. വായു നിറച്ച വാഹനവുമായി നാടുചുറ്റുന്നവരല്ല രാജ്യം ഭരിക്കേണ്ടത്! അങ്ങയെ പോലുള്ളവരാണ് !! കാറു നിറയെ സാധനങ്ങളുമായി അർഹതയുള്ളവരെ കാത്തിരിക്കുന്ന അങ്ങാണ് മാസ്സ് ! മരണ മാസ്സ്!"

by: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo