Slider

ആത്മാവ്......

0

ആത്മാവ്......
മോളെ... ദേ ബാഗെടുത്തു വെള്ളത്തിൽ വെച്ചേ.... മോളേ.... കേട്ടില്ലേ അമ്മ പറേണേ, കുഞ്ഞേ കാലെടുത്തു ഷൂസിലിട്ടു വേഗം വാ...
എടീ... എന്നെ ഇങ്ങനെ നോക്കി മിഴികാണ്ട് വാ... ബസ് ഇവിടെ നിന്നോ... സ്റ്റോപ്പ്‌ അങ്ങ് പോകും....
ഹി ഹി ഹിഹി.... ഈ അമ്മക്ക് ഇതെന്താ.... ഇപ്പൊ എന്താണ് പറഞ്ഞേ..... ചിരി അമർത്തി മാളു ചോദിച്ചു...
എന്നും രാവിലെ പതിവുള്ള അവളുടെ ജല്പനങ്ങൾ ഇന്ന്‌ പരസ്പരം ബന്ധമില്ലാത്തതാണെന്ന് മാളൂന് തിരിച്ചറിയാൻ കഴിഞ്ഞില്ല.... എന്നാൽ അമ്മയെ നോക്കി മറ്റ് രണ്ട് കുഞ്ഞു കണ്ണുകൾ ചോദിക്കുന്നു.... അമ്മ ഇതെന്താ ഈ പറയണെന്ന്...... അമ്മയ്ക്കെന്താ പറ്റിയെ ? ഇതൊന്നും ശ്രദ്ധിക്കാതെ വാ തോരാതെ ഇങ്ങനെ ഓരോന്നു പുലമ്പി അവൾ തന്നെ മോളെ ഒരുക്കി എന്നിട്ട് അവളേം കൂട്ടി ബസ്സ് സ്റ്റോപ്പിലേക്ക് പോയി....
കൂടെ ഇളയ ആളും ഉണ്ട്..... ഇതും പതിവ് കാര്യം തന്നെ.... മാളൂനെ വിടാൻ പോകുമ്പോളും തിരികെ കൊണ്ടുവരാൻ പോകുമ്പോളും അമ്മുവും കൂടെ കൂടും.... ആ കുഞ്ഞു കയ്യിൽ അമ്മ നഷ്ടപെടാതിരിക്കാനുള്ള വെമ്പൽ കൊണ്ടു പിടി വല്ലാണ്ട് മുറുക്കിട്ടുണ്ട്..... മാളു തുള്ളി തുള്ളി അമ്മയേക്കാൾ നാലടി മുന്നിൽ ആണ്‌ നടത്തം...... വീട് മുതൽ ബസ്സ് സ്റ്റോപ്പ്‌ വരെ മാളൂനെ ഒപ്പം നിർത്താൻ ഉള്ള തത്രപാടിലാണ് അവൾ ... കൂടെ നിൽക്കില്ല എന്നു കണ്ടപ്പോൾ ചെറിയ കുഞ്ഞിനെ ഒക്കത്തെടുത്തു മാളൂന്റെ ഒപ്പം എത്താൻ ഓട്ടം തുടങ്ങി .. പിന്നെ അവളോട്‌ കുട്ടികൾ അമ്മമാരുടെ കൂടെ കൈപിടിച്ച് നടക്കണം, ഒറ്റയ്ക്ക് നടക്കുന്നത് വല്യ കുട്ടി ആയിട്ട് മതി, തുടങ്ങിയ ഉപദേശങ്ങളും പറഞ്ഞു ..... കണ്ണും മുന്നിൽ നിന്നും കോഴികുഞ്ഞിനെ റാഞ്ചുന്ന തന്ത്ര ശാലിയായ പരുന്തിന്റെ കഥ എന്നും കേട്ടു കേട്ട് മാളു ഇപ്പോൾ കഥ അമ്മയോട് പറഞ്ഞു തുടങ്ങി.....
ബസ്സ് വന്നത് കണ്ടു കഥ മുഴുമിക്കാതെ മാളു ഓടി ബസ്സിൽ കേറി സ്കൂളിലേക്ക് പോയി..... അന്ന് രാവിലത്തെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞു ഇളയ ആളെയും കൂട്ടി അവൾ തിരികെ വീട്ടിലേക്കു നടന്നു ......
ചായ പാത്രം കഴുകി പാലും വെള്ളവും പാകത്തിനെടുത്തു തിളയ്ക്കാൻ വെച്ചു... പ്രാതൽ എന്തുണ്ടാക്കും എന്നോർത്ത് തേയില എടുത്തു വെള്ളത്തിൽ ചേർത്ത് ഇളക്കികൊണ്ടു നിന്നപ്പോൾ അവൾക്ക് കണ്ണിൽ ഇരുട്ട് പടരുന്നതുപോലെ തോന്നി.... ശരീരം ഭാരം കുറഞ്ഞു കുറഞ്ഞു ഒരു പഞ്ഞികെട്ടായതുപോലെ.... നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പു കണങ്ങളെ സാരി തലപ്പ് കൊണ്ടു ഒപ്പിയെടുക്കും മുന്നേ അവളുടെ ശരീരം താങ്ങു പോയ മരം പോലെ നിലംപതിച്ചു....
അമ്മേ...... അമ്മേ.... മോൾടെ വിളി കേൾക്കാം.... ഈശ്വരാ എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ലല്ലോ.... ചായ ഇപ്പോൾ തിളച്ചു തൂവും...... മോളെ... അച്ഛനെ വിളിക്കൂ... അമ്മ വീണു, എണീക്കാൻ പറ്റുന്നില്ല എന്നു പറയൂ..... ഏട്ടാ... ഏട്ടാ.... ഇത്ര ഒച്ചയെടുത്തു വിളിച്ചിട്ടും ആരും കേൾകുന്നില്ലല്ലോ... ഇരുട്ടിന്റെ മറവിലേക്കവൾ വഴുതി പോയി.......
അമ്മേ... എണീക്കമ്മേ... ചലനമറ്റു കിടക്കുന്ന അവളെ കുലുക്കി വിളിക്കാൻ അമ്മു ആവതു ശ്രമിച്ചു... പിന്നെ അവൾ ഫോൺ എടുത്തു ആദ്യം കണ്ട നമ്പറിൽ ഞെക്കി..... ഹലോ എന്ന മറുവശത്തെ ശബ്ദം കേട്ട് ആ കുഞ്ഞു മുഖം വിടർന്നു... അച്ഛാ.. അമ്മ വീണു....അമ്മ കണ്ണു തുറക്കുന്നില്ല.... വേഗം വാ അച്ഛാ... അമ്മുന് പേടിയാ..
കുഞ്ഞിന്റെ കരച്ചിലിൽ കേട്ടപ്പോഴേ ജഗന് മനസിലായി അരുതാത്തതെന്തോ സംഭവിച്ചെന്നു.... മോളെ ആശ്വസിപ്പിച്ചിട്ടു അയാൾ മാനേജരുടെ അനുവാദം വാങ്ങി വീട്ടിലേക്കോടി.... വഴിയിൽ തടസം വന്നതിനെ ഒക്കെ മനസാ ശപിച്ചു അയാൾ വണ്ടി വേഗത്തിൽ തന്നെ പായിച്ചു.....
ജഗൻ വീട്ടിലെത്തിയപ്പോൾ തറയിൽ ബോധമില്ലാതെ കിടക്കുന്ന ദേവിയെയും അവളുടെ അടുത്തിരുന്നു കരയുന്ന അമ്മുവിനേയുമാണ് കണ്ടത്.....
ദേവി.... ദേവി.... അവളുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞു കൊണ്ടയാൾ വിളിച്ചു.....
ജഗന്റെ വിളി കേൾക്കാം ദേവിക്ക്..... ഒന്ന് വീണതിന് ഏട്ടൻ ഇങ്ങനെ പേടിക്കണോ..... ഒന്ന് താങ്ങി പിടിച്ചാൽ ഞാൻ എഴുന്നേൽക്കും.... ദേ.. ആ പാല് മുഴുവൻ തിളച്ചു പോയല്ലോ.... പാത്രം കരിഞ്ഞു മണക്കുന്നു.... ഏട്ടൻ ആ കൈ ഒന്ന് നീട്ടി താ.... എനിക്കൊന്നും ഇല്ല... ഒന്ന് തലചുറ്റി വീണു...
പിന്നെ മാളു ഇനി എന്റെ കൈയ്യിൽ നിന്നും നല്ല തല്ലു കൊള്ളും കേട്ടോ...... ഏട്ടനറിയുവോ... ഇന്നും താമസിച്ചു പോകാൻ. അവൾ പരാതി പറഞ്ഞു തുടങ്ങി....
എന്നാൽ ജഗന്റെ ദേവിയ്ക്ക് അപ്പോളും ബോധം വന്നിട്ടില്ലായിരുന്നു.....
അവൻ ദേവിയെ എടുത്തു വണ്ടിയിൽ കിടത്തി ആശുപത്രിയിലേക്ക് പാഞ്ഞു. അമ്മയുടെ അടുത്തിരുന്നു അമ്മു വിങ്ങി പൊട്ടുന്നു.....ദേവിക്ക് കേൾക്കാം ആ കരച്ചിൽ .... എന്റെ കുട്ടി എന്തിനാ കരയുന്നെ.... അമ്മ ഇപ്പൊ എണിറ്റു വന്നു മോൾക്ക്‌ അപ്പം ചുട്ടു തരാം..... വിശക്കുന്നു എന്റെ കുഞ്ഞിന് അല്ലേ..... ആശ്വാസവാ ക്കൊന്നും അമ്മു കേൾക്കുന്നില്ലേ......
ആശുപത്രിയിൽ എത്തിച്ച അവളെ ഡോക്ടർ വന്നു പരിശോധിച്ചു........ ഡോക്ടർന്റെ മുഖത്ത് നിരാശ നിഴൽ വിരിക്കുന്നതവൻ കണ്ടു....... സോറി ജഗൻ...... നിങ്ങളുടെ ഭാര്യ മരിച്ചിട്ടു മുപ്പതു മിനിറ്റിൽ അധികമായി.....
ഇയാൾ ആരാ...... എന്തൊക്കെയാണ് ഇയാൾ ജഗനോട് പറയുന്നത്...... ഞാൻ മരിച്ചെന്നോ? മരിച്ചെങ്കിൽ മോളു വിളിച്ചത് ഞാൻ എങ്ങനെ കേൾക്കും...... ജഗൻ വിളിച്ചപ്പോളും കേട്ടല്ലോ..... ഞാൻ ജഗനോടും മോളോടും സംസാരിച്ചല്ലോ......
ദേവി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ...... ഞാൻ മരിച്ചിട്ടില്ല....... ഞാൻ എല്ലാം കേൾക്കുന്നുണ്ട്..... എനിക്ക് കാണാം അമ്മു എന്നെ നോക്കി കരയുന്നു..... ജഗൻ..... എന്നെ ഒന്ന് എഴുനെല്പിച്ചിരുത്തൂ..... ആരൊക്കെയോ സംസാരിക്കുന്നു... മോൾടെ കരച്ചിൽ കേൾക്കാം......മെല്ലെ മെല്ലെ ആ കരച്ചിൽ ദൂരത്തേക്ക് മങ്ങിപോയി......
മൂകത നിറഞ്ഞ കുറച്ചു നിമിഷങ്ങൾ.......ആരോ അവളുടെ താടിയിൽ തുണി ചുറ്റി തലയിൽ കെട്ടി ഉറപ്പിച്ചു...... കൊള്ളാം ഞാൻ ഉച്ചത്തിൽ കൂവിയതിനു തന്ന ശിക്ഷയാവും....... ദേവി ഓർത്തു...... തന്റെ കാൽ വിരലുകൾ തമ്മിൽ കൂട്ടി കെട്ടുന്നു...... ഇതെന്താ ഇവർ ചെയ്യുന്നേ.... ജഗൻ എങ്ങോട്ട് പോയി.....അമ്മു പേടിച്ചു പോയിക്കാണും.. എന്റെ കുട്ടിക്ക് വിശക്കുന്നില്ലേ..... തുണികൊണ്ടു ഇവരെന്റെ മുഖവും മൂടിയല്ലോ....... ഇവിടെ എന്താണ് ഒരു പ്ലാസ്റ്റിക്കിന്റെ ഗന്ധം........ ഞാൻ ഇപ്പോൾ കിടക്കുന്നതു പോളിത്തീൻ ബാഗിലാണോ? ഈ കുടുങ്ങി കുടുങ്ങി കര കര ശബ്ദം ഉണ്ടാക്കുന്ന ശകടത്തിൽ കേറി ഉള്ള യാത്ര എങ്ങോട്ടാണ്.......
ഒരു വാതിൽ തുറന്നുവോ....... ആരോ പറയുന്നു ആ കിടക്കുന്ന ബോഡിയുടെ അപ്പുറത്തേക്ക് തട്ടിക്കോളാൻ....... അസ്ഥി മരവിക്കുന്ന തണുപ്പ് എന്നിൽ അരിച്ചു കേറുന്നു...... ഈ തണുപ്പ് ഞാൻ കേടാകാതിരിക്കാനാല്ലേ........അവർക്ക് ഞാനിപ്പോൾ മരണപ്പെട്ടവൾ........ ആത്മാവ് മരവിക്കും മുന്നേ ഒന്ന് പറഞ്ഞോട്ടെ ജഗൻ...... മാളു..... അവളെ വിളിക്കാൻ ബസ്സ് സ്റ്റോപ്പിൽ പോകാൻ മറക്കരുതേ............
ശ്രീരേഖ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo