Slider

മുഖമില്ലാത്തവള്‍

0

ചെറുകഥ
മുഖമില്ലാത്തവള്‍
നാലുവയസ്സുകാരി കൊച്ചുമോളാണ് രാവിലെ ഇന്ദുവിനെ വിളിച്ചുണര്‍ത്തിയത്.''അമ്മേ...ദേ..ചേട്ടന്‍ ഫ്ലവര്‍വേസ് പൊട്ടിച്ചു.''വേനല്ചൂട് രാത്രിയുറക്കം വൈകിച്ചിരുന്നു.എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല.ഉറക്കം പോകാന്‍ മടിച്ചു കണ്ണുകളില്‍ കനം തൂങ്ങിയിണെന്ന് തോന്നുന്നു....ഉറക്കെ ദേഷ്യപ്പെട്ടു....
''അപ്പൂ....എനിക്കല്പം സ്വൈര്യം തന്നൂടെ...''
പതിയെ അവന്‍ പറഞ്ഞു...''മ്മാ...പാട്ട്...
അവന്‍ പെടിച്ചരണ്ടുവെന്നു അവള്‍ക്കു ബോദ്ധ്യമായി.വേണ്ടായിരുന്നു....അവന്‍ റേഡിയോ വെക്കാന്‍ ശ്രമിച്ചതായിരുന്നു.പാട്ട് കേള്‍ക്കാന്‍ ....കൂടെപ്പാടാന്‍...
'ഭിന്നശേഷി' എന്ന വാക്കിനു കരിങ്കല്ലിനെക്കള്‍ കാഠിന്യമുണ്ടെന്നു കുറ്റബോധത്തോടെ അവന്റെ നിറുകയില്‍ തലോടിയപ്പോള്‍ അവള്‍ക്കു തോന്നി.
പാട്ട് വെച്ചുകൊടുത്ത് അവള്‍ അടുക്കളയിലേക്കു നടന്നു.കുറെ ദിവസമായി അവള്‍ ഭര്‍ത്താവിനോട് പറയണമെന്ന് കരുതുന്നു.ഒരുപാടു പാട്ടുകള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരു മൊബൈല്‍ വാങ്ങിക്കണമെന്ന്.എങ്ങനെ പറയാന്‍....പെയ്ന്റുപണിക്കു പോകുന്ന ഒരു സാധുമനുഷ്യന്‍.....കടന്നു പോകുന്ന ദിവസങ്ങള്‍ അയാളെ ഒരു നീണ്ട ബ്രഷിനെപ്പോലെ രൂപമാറ്റം വരുത്തിയെന്ന് അവള്‍ക്കു തോന്നാറുണ്ട്.പാവം....
സ്നേഹത്തെക്കാളുപരി സഹതാപമാണ്അയാളോട് ഇപ്പോള്‍ തോന്നാറ്.
ഒരു വട്ടം പിഎസ്സി ലിസ്റ്റില്‍ കടന്നു കൂടിയ തനിക്ക് എങ്ങനെയെങ്കിലും അത് കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.എങ്ങനെ...അവിടെയും ജാതി...നായര്‍...ജനറല്‍ കാറ്റഗറി...ഉള്ളില്‍ അമര്‍ഷം തോന്നി....ഒരു ഉന്നതകുലജാത...
അമ്മ പക്ഷെ തന്നെപ്പോലെയല്ല.''ഇയ്ക്ക് ജാതി...മതം..ഒന്നൂല്ല്യ...ഞാനെവിടേം പണിക്കു പോവും...ജീവിക്കാനുള്ളത് കിട്ട്യാല്‍ മതി...''അറുപത്തഞ്ചാം വയസ്സിലും അവരുടെ മനക്കരുത്ത് അവളെ അമ്പരപ്പിച്ചിട്ടുണ്ട്.
അമ്മക്ക് ആരാണ് ശ്രീദേവി എന്ന് പേരിട്ടത്..ഇപ്പോഴും അവരുടെ മുഖത്ത് എന്ത് പ്രകാശമാണ്...ആ പ്രകാശമാണ് തന്റെ മക്കള്‍ക്കും കിട്ടിയത്.തന്റെയോ ഭര്‍ത്താവിന്റെയോ കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും അല്ല.
'ഇന്ദു' എന്നാ പേര് തനിക്ക് ഒട്ടും ചേരുന്നില്ലെന്ന് അവള്‍ക്കു തോന്നി.'അനാമിക'...'പേരില്ലാത്തവള്‍'....അതാണ് തനിക്ക് ചേരുന്നത്.എത്രയോ അമ്മമാരില്‍ ഒരാള്‍ മാത്രമാണ് താന്‍.മുഖമേ തനിക്ക് ആവശ്യമില്ല.
നടുവിന് ഇപ്പോളും വേദനയുണ്ട്.ഇന്നലെ അവനെ എടുത്തു നടന്നപ്പോള്‍ ഉളുക്കിയതാണ്..സ്കൂള്‍ ബസ്‌ കിട്ടണമെങ്കില്‍ കുറച്ചുദൂരം എടുത്തു തന്നെ നടക്കണം. തന്റെ നാലിരട്ടി ഭാരം അവനുണ്ട് എന്ന് തോന്നാറുണ്ട്.ഫിസിയോതെറാപ്പി കൊണ്ട് പതുക്കെ പിടിച്ചുനടക്കാന്‍ തുടങ്ങിയിരിക്കുന്നു.എന്തായിരിക്കാം ഇങ്ങനെയൊക്കെ വന്നത്....
ഗര്‍ഭാവസ്ഥയില്‍ വൈറ്റമിന്‍സിന്റെ കുറവുണ്ടെന്ന് ഡോക്ടര്‍ നിരന്തരം പറഞ്ഞത് ഓര്‍ത്തു.അമ്മ പണിക്കു പോകുന്ന വീട്ടിലെ കൊച്ചുമകനും ഉണ്ടത്രേ ചില പ്രശ്നങ്ങള്‍.അവര്‍ ലക്ഷങ്ങള്‍ ആണത്രേ ചെലവിട്ടത്.അവര്‍ക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ്...സ്പെഷ്യല്‍ സ്കൂളിനു ഇത്തരം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ വലിപ്പം പോരെന്നു അവള്‍ക്കു തോന്നി.
അപ്പുറത്തു നിന്ന് അവന്‍ പാടുന്നത് കേള്‍ക്കാം.സംസാരിക്കാന്‍ പ്രയാസപ്പെടുന്ന അവന്‍ എങ്ങനെ ഇത്ര നന്നായി പാടുന്നു.കുടുംബത്തിലാര്‍ക്കും ഇത്രയും കഴിവ് കിട്ടിയിട്ടില്ല.അസാധ്യമായ സ്വരമാധുര്യം.
തനിക്ക് ഒരു പുത്രന്‍ ഉണ്ടാകുകയെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു.മരണശേഷം 'പുത്'നരകത്തില്‍ നിന്ന് ത്രാണനം ചെയ്യാന്‍ ഒരു പുത്രന്‍.....ഇഹലോകത്തെ നരകങ്ങളില്‍ നിന്ന് താനല്ലാതെ മറ്റാരു രക്ഷിക്കും അവനെ....
മോളു പിന്നെയും ഓടി വന്നു.''അമ്മേ.... വന്നേ...ചേട്ടന്‍ പിന്നേം കസേര മറിച്ചിട്ടു.എന്താമ്മേ ചേട്ടന്‍ നടക്കാത്തത്...സംസാരിക്കാത്തത്....ചേട്ടനാണോ...ഞാനല്ലേ അമ്മേടെ കുഞ്ഞാവ....''
''അത് മോളേ''...മുട്ടുകുത്തി നിന്ന് അവളുടെ കുഞ്ഞിക്കണ്ണുകളില്‍ നോക്കി ഇന്ദു പറഞ്ഞു....
''ചേട്ടനാണിപ്പോള്‍ അമ്മയുടെ കുഞ്ഞാവ.മോളിപ്പോള്‍ ചേച്ചിയാണ്.''
'' ആണോ''??? ആ നക്ഷത്രക്കണ്ണുകളില്‍ അഭിമാനം നിറഞ്ഞു.
'' ചേട്ടന് ഞാനെന്നും ചേച്ചിയായ്ക്കോട്ടേ....'' ഉദ്വേഗം നിറഞ്ഞ ചോദ്യം....
അടക്കി നിര്‍ത്തിയ അണക്കെട്ട് അവള്‍ക്കു ഒരു ചെറിയ ചാല് മാത്രമായി കിനിഞ്ഞു.
മനസ്സ് മന്ത്രണം നടത്തി....''ഒരു കാലത്ത് നിന്നെയല്ലാതെ മറ്റാരെയാണ് ഞങ്ങള്‍ക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ആകുക...''
എന്തൊക്കെയോ വീഴുന്ന ശബ്ദം വീണ്ടും കേട്ടു.അവന്‍ പാട്ട് കേട്ട് തീര്‍ന്നുവെന്നും നടന്നു നോക്കാനുള്ള ശ്രമം തുടങ്ങിയെന്നും അവള്‍ക്കു മനസ്സിലായി.......

Jisha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo