Showing posts with label മാൻഫ്രഡ്‌പ്രമോദ്. Show all posts
Showing posts with label മാൻഫ്രഡ്‌പ്രമോദ്. Show all posts

മകള്‍


Click here http://www.nallezhuth.com for full post
...............
ഇന്നലെയും വീട്ടില്‍ നിന്ന് എഴുത്തൊന്നും വന്നില്ല ... അച്ഛന്റെ അസുഖം കുറഞ്ഞുകാണുമോ എന്തോ.? അമ്മ പോയതോടുകൂടിയാണ് അച്ഛന്റെ അസുഖം കൂടിയത്.
കഴിഞ്ഞ ആഴ്ച വന്ന കത്തില്‍ അച്ഛന്‍ എഴുതി : "മോളേ നിന്റെ അമ്മ പോയതോടെ ഞാന്‍ തളര്‍ന്നു പോയി " എന്ന്... 
ശരിയായിരുന്നു..അച്ഛന്റെ എല്ലാം അമ്മയായിരുന്നു...
ഇവിടെയുളള ടെലിഫോണ്‍ ബൂത്തിൽ എന്നും തിരക്കാണ്... വീട്ടില്‍ ഫോണില്ലാത്തതുകൊണ്ട് അടുത്ത വീട്ടിലേക്ക് വിളിക്കണം.. ഇന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്ന് വിളിക്കാം .
പുറത്ത് നേഴ്സ്മാരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വാനിന്റെ ഹോണടി കേട്ടു ..
ഇന്നും ഐ സി യൂവിലാണ് ഡ്യൂട്ടി ..........
ഐ സീ യൂവിലെ ഏഴാം നമ്പര്‍ ബെഡ്ഡിൽ അയാള്‍ അപ്പോള്‍ ഉറങ്ങുകയായിരുന്നു...
ഹാർട്ട് ഒാപ്പറേഷൻ കഴിഞ്ഞിട്ട് ഒരാഴ്ചയോളമായി . വൃദ്ധയായ ഭാര്യയും ഒരു മകനും ഇടക്കിടെ വന്നു നോക്കും...
അയാള്‍ക്ക് മരുന്നുകള്‍ കൊടുക്കുമ്പോൾ ഞാന്‍ അയാളെ ആശ്വസിപ്പിച്ചു ... "വേഗത്തില്‍ അസുഖം മാറും ഒന്നും പേടിക്കേണ്ട "എന്നൊക്കെ പറഞ്ഞു... എല്ലാം മനസ്സിലായത് പോലെ അയാള്‍ തലയാട്ടി ...
ഇന്നലെ എന്നെ അയാള്‍ അടുത്തേക്ക് വിളിച്ചു .. അപ്പോള്‍ അയാള്‍ തീരെ അവശനായിരുന്നു......
ഞാന്‍ അടുത്തിരുന്ന് അയാളുടെ ചുളിവുകൾ വീണ നേർത്ത കൈവിരലുകളിൽ‍ തലോടി..
അത് എന്റെ അച്ഛന്റെ വിരലുകള്‍ പോലെ അപ്പോഴെനിക്ക് തോന്നി .....
അയാള്‍ക്ക് മനസ്സിലാവില്ല എന്നറിയാമെങ്കിലും കുറെ നേരം മലയാളത്തില്‍ ഞാന്‍ എന്റെ അച്ഛനോടെന്നപോലെ അയാളോട് സംസാരിച്ചു ...
എല്ലാം മനസ്സിലായത്പോലെ അയാള്‍ വീണ്ടും തലയാട്ടി ...
ഒടുവില്‍ എന്റെ കൈകള്‍ മുറുകെ പിടിച്ച് എന്നോടെന്തോ പറഞ്ഞു...
അപ്പോള്‍ തിമിരം ബാധിച്ച ആ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് നിന്നിരുന്നു.....
.........................
.........................
വാനിൽ നിന്നിറങ്ങി ആശുപത്രിയുടെ ഇടനാഴിയിലുടെ നടക്കുമ്പോള്‍ ഐസീയുവിന്റെ വാതിലിന്റെ കണ്ണാടിയിലൂടെ ഒന്നു നോക്കി ...
അവിടെ ഏഴാം നമ്പര്‍ ബെഡ് ശൂന്യമായിരുന്നു....!!!!!!
എന്തായിരിക്കും ഇന്നലെ അയാള്‍ അവസാനമായി എന്നോട് പറഞ്ഞത്..?!!
ഡ്യൂട്ടി കഴിഞ്ഞു വന്ന് രാത്രി വളരെ നേരം ആലോചിച്ച് കിടന്നു..
വാതിലില്‍ മുട്ട് കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോൾ പുറത്ത് ഹോസ്റ്റൽ വാച്ച്മാൻ...
വീട്ടില്‍ നിന്നും കുറെ കോളുകൾ വന്നെന്ന്...
ഫോണ്‍ വച്ചിരിക്കുന്ന വാച്ച്മാന്റെ കാബിനിലേക്ക് ഒാടുമ്പോൾ അങ്ങകലെയുളള അച്ഛന്റെ മുഖമായിരുന്നു മനസ്സില്‍ .....
Manfred Pramod.

കോർപ്പറേറ്റ് കൾച്ചർ


ഇന്റർവ്യൂ തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ ആയി.അടുത്ത ഉൗഴം എന്റെതാണ്.
ഞാൻ ഇരിക്കുന്ന മുറി ശീതീകരിച്ചതാണെങ്കിലും വിയർക്കുന്നുണ്ട്....ടെൻഷൻ കൊണ്ടാവും.പതിവില്ലാതെ ടൈ കെട്ടിയതിന്റെ അസ്വസ്ഥതയും..
പ്യൂൺ എന്റെ പേര് വിളിച്ചു .
ഞാന്‍ ഇന്റര്‍വ്യൂ നടക്കുന്ന മുറിയുടെ വാതില്‍ പകുതി തുറന്ന് "മേ എെ കമിൻ "എന്ന് ചോദിച്ചു ..
"യേസ്" മൂന്നുപേരിൽ നടുവില്‍ ഇരിക്കുന്ന
നീല ഷര്‍ട്ടിട്ട തിമിംഗലം പോലുളളയാൾ കസേര ചൂണ്ടിക്കാട്ടി പറഞ്ഞു..
"താങ്ക്യൂ സാര്‍ " എന്നു പറഞ്ഞ് കസേരയില്‍ പിന്നിലേക്ക് ചാരാതെ വടി പോലെ ഇരുന്നു .
എന്റെ സർട്ടിഫിക്കറ്റുകളെല്ലാം ഇടതു ഭാഗത്തിരിക്കുന്ന പ്രേംനസീറിന്റെ മുഖച്ഛായയുളളയാൾ വാങ്ങി ,അലക്ഷ്യമായി മറിച്ചു നോക്കി തിരിച്ചു തന്നു.
"ദെൻ ടെൽ മീ യുവേഴ്സെൽഫ്" എന്ന് കനത്ത ശബ്ദത്തില്‍ വലതു ഭാഗത്തിരിക്കുന്ന സഫാരി ഇട്ടയാൾ മൊഴിഞ്ഞു....
ഞാന്‍ എന്റെ ജീവചരിത്രം മുഴുവന്‍ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...
അതിനിടയിൽ കുറെ ചോദ്യങ്ങളും ഉത്തരങ്ങളുമായി അഭിമുഖം നീണ്ടു .
കുറച്ച് നേരം കാത്തിരിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ പുറത്തിരുന്നു.
ആ സഫാരിയുടെ ഇംഗ്ളീഷില്‍ "ർ" എന്ന അക്ഷരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറഞ്ഞത് മുഴുവന്‍ മനസ്സിലായില്ല എന്നതൊഴിച്ചാൽ പൊതുവേ ഇന്റര്‍വ്യൂ കുഴപ്പമില്ല എന്ന് തോന്നി .
അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും എന്നെ അകത്തേക്ക് വിളിച്ചു . ഇരിക്കാൻ പറഞ്ഞു .വീണ്ടും ഞാന്‍ കസേരയില്‍ പിന്നിലേക്ക് ചാരാതെ വടി പോലെ ഇരുന്നു .
."കൺഗ്രാജുലേഷൻസ് ..യൂ ആർ സെലക്റ്റഡ്."...എന്ന് കൈ പിടിച്ചു കൊണ്ട് സഫാരിക്കാരൻ പറഞ്ഞു...
"താങ്ക്യൂ സാര്‍ "എന്നു പറഞ്ഞ്കൊണ്ട് ഞാന്‍ കസേരയില്‍ ചാരിയിരുന്നു...
."റ്റു ബി ഫ്രാങ്ക്...എനി അദർ ആക്റ്റിവിറ്റീസ് യൂ ഹാവ്?" തളള വരൽ ചുണ്ടോടടുപ്പിച്ച് കാണിച്ച് നീലത്തിമിംഗലം ചോദിച്ചു
വെളളമടിക്കാറുണ്ടോ എന്ന്.....
"നോ സാര്‍ ..സോറി സാർ"‍ ...അപ്പോൾ അങ്ങനെയാണ് എനിക്ക് പറയാന്‍ തോന്നിയത്..
അത് കേട്ട് മുന്നുപേരും കുലുങ്ങിച്ചിരിച്ചു...
അന്ന് അവര്‍ ചിരിച്ചതിന്റെ അർത്ഥം പിന്നീടാണ് മനസ്സിലായത് .
-------------------------------------------
ഇന്ന് ഒന്നാം തീയതി.....ആദ്യ ശമ്പളം കിട്ടി.ഇന്ന് വേഗം വീട്ടിലെത്തണം...
ആദ്യ ശമ്പളം അമ്മയുടെ കൈയില്‍ കൊടുത്ത് അനുഗ്രഹം വാങ്ങണം..
അമ്മ എന്നെ കാത്തിരിക്കുന്നുണ്ടാകും..
പെട്ടെന്ന് ഒാഫീസിലേക്ക് കമ്പനിയുടെ ഏരിയാ മാനേജരും ബ്രാഞ്ച് മാനേജരുംകയറി വന്നു..
"ഹായ് ഗായ്സ്... റ്റുഡേ വീ ഹാവ് എ സ്പെഷ്യല്‍ ട്രീറ്റ് ഫ്രം അവര്‍ ന്യൂ സ്റ്റാഫ്"... എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു ...
എല്ലാവരും കൈയടിച്ചു.
എന്ത് പറയണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നു!!!
എല്ലാവരുംഡ്രസ്സ്കോഡ് മാറ്റി വെച്ചുകൊണ്ട് ഫ്രീക്കന്മാരായി കൃത്യം വൈകുന്നേരം ഏഴു മണിക്ക് തന്നെ മെട്രോപൊളിറ്റൻ ക്ലബ്ബില്‍ എത്തി.
എന്നെ ഇന്റര്‍വ്യൂ ചെയ്ത തിമിംഗലവും പ്രേംനസീറും സഫാരിയും എത്തിയിരുന്നു.കമ്പനിയുടെ സ്റ്റേറ്റ് ലെവല്‍ മാനേജര്‍മാരാണത്രേ അവര്‍ .
പച്ച നിറത്തിലുള്ള വയറു വീർത്ത കുപ്പിയില്‍ നിന്നും വാല് നീണ്ട വൈൻ ഗ്ലാസ്സിലേക്ക് പകർന്ന്, ഗ്ലാസ്സുകൾ പരസ്പരം മുട്ടിച്ച് "ചിയേഴ്സ് "പറഞ്ഞ് സ്റ്റേറ്റ് ലെവല്‍ മാനേജര്‍മാർ ഉദ്ഘാടനം നിർവഹിച്ചു .
തുടര്‍ന്ന് എല്ലാവരും കൈ മെയ് മറന്ന് ആടിത്തിമിർത്തു...!!!
ഒടുവില്‍ ഞാന്‍ ബിൽ പേ ചെയ്തിറങ്ങുമ്പോൾ സമയം അർദ്ധരാത്രിയോടടുത്തിരുന്നു.
പുറത്ത് ചുവന്ന കണ്ണുകളുളള നരിച്ചീറുകൾ ഇരയെ പിടിക്കാന്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു...
Manfred Pramod.

ഗുരുഭൂതന്മാർ


.. ഇവിടെവാ " മാഷ് ഉച്ചത്തില്‍ വിളിച്ചു ..
" എന്താ മാഷേ ഞാന്‍ വേണ്ട്യത്?"
സ്കൂള്‍ ലീഡര്‍ മനോജ് വിനയാന്വീതനായി മാഷിന്റെ അടുത്ത് വന്നുനിന്നു.
"മനോജേ..മോനേ..നാളെ പഠിപ്പു മുടക്കാൻ വല്ല പദ്ധതിയും ഉണ്ടോടാ?" മാഷ് സ്നേഹത്തോടെ ചോദിച്ചു .
"ഞാന്‍ മാത്രം വിചാരിച്ചാല്‍ പോര മാഷേ.. പഠിപ്പ് മുടക്കാൻ ഒരു കാരണം വേണം.
കഴിഞ്ഞ മാസത്തില്‍ കൊപ്ര വില കുറഞ്ഞതിനും പെട്രോള്‍ വില കൂടിയതിനും നമ്മള് പഠിപ്പ് മുടക്കീലേ മാഷേ "
സ്കൂള്‍ ലീഡര്‍ മനോജ് കണക്കുകള്‍ നിരത്തി..
"ഡാ... നാളെ എനിക്കൊരു അത്യാവശ്യമുണ്ടേർന്നു.." നാളെ വീടിന്റെ മെയിന്‍ വാര്‍പ്പാണേയ്"
" സമരം നടത്താന്‍ എന്തെങ്കിലും ഒരു കാരണം വേണം മാഷേ... കാരണം..."
" മനോജേ.... നീ മണ്ടേലയെപ്പറ്റി കേട്ടിട്ടുണ്ടാ? നെൽസൻ മണ്ടേല?"
"തെങ്ങിന്റെ മണ്ടേല് എന്ന് കേട്ടിട്ടുണ്ട് മാഷേ...ഇതെന്താണ് ഈ മണ്ടേല? "
"അയാള് അങ്ങ് സൗത്താഫ്രിക്കയിലെ ഒരു നേതാവാ... കുറേ കാലമായി വെറുതെ ... അതേന്ന്......വെറുതെ ജയിലിലിട്ടിരിക്കുകയാ... അയാളെ മോചിപ്പിക്കണം എന്ന് പറഞ്ഞ് നാളെയൊരു ജാഥ നടത്ത് .. ഇന്നാ പിടി ....കുറച്ച് കാശ്.. പിള്ളേര്‍ക്ക് സർവത്ത് വാങ്ങിക്കൊട്... "
മാഷ് തന്റെ ജുബ്ബയുടെ കീശയിൽ നിന്നും കാശെടുത്തു് ലീഡര്‍ മനോജിന് കൊടുത്തു .."
"മാഷേ ആ ആഫ്രിക്കക്കാരന്റെ പേര് ഒന്ന് എഴുതിത്തരുമോ?"
"അതെന്തിനാ?
"അത് ജാഥക്ക് വേണ്ടി പ്ലക്കാർഡുകൾ ഉണ്ടാക്കാനാ... "
ലീഡര്‍ മനോജ് സർവത്ത് വാങ്ങാന്‍ മാഷ് കൊടുത്ത കാശ് കീശയിലിട്ടുകൊണ്ട് പറഞ്ഞു.
മാഷ് പ്ലക്കാർഡുകളിൽ എഴുതാനുളള വാചകങ്ങൾ ലീഡര്‍ക്ക് പറഞ്ഞു കൊടുത്തു .
"എന്നാ ... മാഷ് ധൈര്യമായി പോയിട്ട് നാളെ വീടിന്റെ വാര്‍പ്പ് പണി നടത്തൂ.. ഇക്കാര്യം ഞങ്ങളേറ്റു"
ലീഡറും കൂട്ടരും ഒരേ സ്വരത്തില്‍ പറഞ്ഞു.
"മാഷേ ഒരു സംശയം ചോദിച്ചോട്ടേ?"
ചോദിക്കൂ മനോജേ ... എന്താ സംശയം ?"
"ശരിക്കും ഈ മണ്ടേല ആരാ?"
"ഞാന്‍ പറഞ്ഞില്ലേ ... അയാള് ജയിലിലാണെന്ന്... ഇപ്പോ ഇത്രയൊക്കെ അറിഞ്ഞാല്‍ മതി
എല്ലാവരും ക്ലാസ്സില്‍ പോ വേഗം... "
ലീഡറും കൂട്ടരും അപ്പോള്‍ തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് ഒാടിക്കയറി...
ബാലന്‍ മാഷേ നാളെ വല്ലതും നടക്കുമോ? പിന്നില്‍ നിന്നും സുശീലൻ മാഷ്!!
പിള്ളേര് ഏറ്റിട്ടുണ്ട്.. അവര് നടത്തിക്കോളും
സുശീലനെന്താ നാളെ ഇത്ര അത്യാവശ്യം ?
"ബാലന്‍ മാഷേ.. നാളെ കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.. ആഴ്ചയില്‍ ശനിയും ഞായറും ഒഴിവു കിട്ടിയതുകൊണ്ട് ഒന്നുമാവില്ല മാഷേ..."
"അത് ശരിയാ.. സുശീലാ.." ബാലന്‍ മാഷ് അത് ശരിവെച്ചു.
പിറ്റേന്ന് രാവിലെ വെങ്കിണിശ്ശേരിയിലും അങ്ങ് സൗത്താഫ്രിക്കയിലും ഒരേ സമയത്ത് അതായത് അഞ്ചേ അമ്പത്തിയഞ്ചിന് സൂര്യനുദിച്ചു.
വെങ്കിണിശ്ശേരി ദേവീ വിലാസം യൂപീ സ്കൂളിലെ സ്കൂള്‍ ലീഡര്‍ മനോജും കൂട്ടുകാരും ഒഴികെ ബാക്കി എല്ലാ കുട്ടികളും പതിവു പോലെ ക്ലാസിലെത്തി.
അദ്ധ്യാപകർ അതാതു ക്ലാസ്സുകളിൽ ഹാജര്‍ വിളിക്കാന്‍ തുടങ്ങി ..
പെട്ടെന്ന് പുറത്തു നിന്നും ഒരു ആരവം!!!
പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യങ്ങൾ മുഴക്കി ലീഡറും കൂട്ടുകാരും ജാഥയായി സ്കൂളിന്റെ അടുത്തെത്തി ..
'നെൽസൻ മണ്ടേലയെ മോചിപ്പിക്കുക.. ' ഫ്രീ മണ്ടേലാ' പ്ലക്കാർഡുകളിലെ അക്ഷരങ്ങള്‍ പ്രഭാത വെയിലേറ്റ് തിളങ്ങി.
ജാഥ അടുത്തടുത്ത് വരുന്നതിനനുസരിച്ച് ക്ലാസ്സിലെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു..
എല്ലാവരും നീണ്ട ഒരു മണിയടി ശബ്ദത്തിനായി കാതോർത്തിരുന്നു..
പ്രഭാവതി ടീച്ചർ പുറത്ത് വെച്ച ‍ ഉച്ചഭക്ഷണപ്പൊതി വീണ്ടും എടുത്ത് ബാഗിലിട്ടു....
ഭട്ടതിരി മാഷ് ഇന്ന് പകല്‍ വായിക്കുവാനാവശ്യമായ പുസ്തകങ്ങള്‍ ലൈബ്രറിയിൽ നിന്നും എടുത്ത് തന്റെ തുണിസഞ്ചിയിൽ വെച്ചു..
ഗർഭിണിയായ രുഗ്മിണി ടീച്ചര്‍ ആശ്വാസത്തോടെ നെടുവീർപ്പിട്ടു..
ഹിപ്പിമാഷ് എന്ന് കുട്ടികള്‍ വിളിക്കുന്ന മനോഹരൻ മാഷ് പത്രമെടുത്ത് ഏതെങ്കിലും സിനിമാ ടാക്കീസുകളിൽ മോർണിംഗ് ഷോ ഉണ്ടോ എന്ന് നോക്കി .
അപ്പോഴേക്കും ജാഥ സ്കൂളിന്റെ വരാന്തയില്‍ എത്തിയിരുന്നു..
മുദ്രാവാക്യം വിളികൾ അത്യുച്ചത്തിലായി..
ഹെഡ് മാസ്റ്റര്‍ ജോര്‍ജ് മാഷ് തന്റെ സോഡാക്കുപ്പി പോലുളള കണ്ണടയെടുത്ത് മുണ്ടിന്റെ തലപ്പുകൊണ്ട് തുടച്ച് പ്യൂൺ ശങ്കരനെ നോക്കി കണ്ണുകള്‍ കൊണ്ട് അനുമതി കൊടുത്തു .
പ്യൂൺ ശങ്കരൻ പിന്നെ അമാന്തിച്ചില്ല..
ണീം...ണീം..... ണീം.....ണീം.......
നീണ്ട മണിയടി ശബ്ദം കേട്ടതും കുട്ടികള്‍ തിരമാലകൾ പോലെ സ്കൂളിന് പുറത്തേക്കൊഴുകി....
ഒപ്പം ഗുരുഭൂതന്മാരും....
Manfred Pramod.

അദ്ധ്യാപകൻ


ഇന്നലെയായിരുന്നു നാണുമാഷിന്റെ അദ്ധ്യാപക ജീവിതത്തിലെ അവസാന ദിനം.
പതിവു പോലെ നാണുമാഷ് കൃത്യം ഒമ്പത് മണിക്ക് തന്നെ അന്നും സ്കൂളിലെത്തി.
കുട്ടികളെല്ലാം നാണുമാഷിന്റെ യാത്രയയപ്പ് ചടങ്ങുകൾ നടക്കുന്ന ഹാളിലായിരുന്നു...
എങ്കിലും നാണുമാഷ് നേരെ സ്വന്തം ക്ലാസ്സിലെത്തി. മാഷ് ഇരിക്കാറുളള കസേരയും മേശയും തുടച്ചു. ബോര്‍ഡിൽ ഇന്നലെ ആരോ ചോക്കു കൊണ്ട്‌ എഴുതിയതൊക്കെ മായിച്ച് വൃത്തിയാക്കി.
നാണുമാഷിന്റെ ഉളളിൽ ഒരു കടലിരമ്പുന്നുണ്ടെങ്കിലും പുറമെ ശാന്തനായി കാണപ്പെട്ടു.
യാത്രയയപ്പ് ചടങ്ങുകൾ തുടങ്ങുന്നതുവരെ നാണുമാഷ് തന്റെ ക്ലാസ്സ് റൂമില്‍ത്തന്നെ ഒറ്റയ്ക്കിരുന്നു.
ഹെഡ് മാസ്റ്റര്‍ വന്ന് വിളിച്ചപ്പോള്‍ മാത്രമാണ് നാണുമാഷ് തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റത്.
ചടങ്ങില്‍ വിശിഷ്ടാതിഥികളെല്ലാം നാണുമാഷിന് സന്തോഷകരമായ ഒരു വിശ്രമ ജീവിതം ആശംസിക്കുകയും മാഷിന്റെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു .
ദീര്‍ഘനേരം വളരെ സരസമായി ക്ലാസെടുക്കാറുളള നാണുമാഷ് തന്റെ മറുപടി പ്രസംഗം ചുരുക്കം ചില വാക്കുകളില്‍ ഒതുക്കി .
നാണുമാഷിന്റെ കണ്ണുകള്‍ ചുവന്നതും ശബ്ദം ഇടറിയതും ആദ്യമായാണ് അദ്ധ്യാപകരും കുട്ടികളും അന്നവിടെ കണ്ടത്.
യാത്രയയപ്പ് ചടങ്ങുകൾ അവസാനിച്ച ശേഷം നാണുമാഷ് എല്ലാവരോടും യാത്ര പറഞ്ഞ് സ്കൂളിന്റെ പടികളിറങ്ങി...
ഇടവഴിയിലൂടെ നടന്നകലുമ്പോൾ അവസാനമായി ഒന്ന് പിൻതിരിഞ്ഞ് നോക്കാന്‍ നാണുമാഷിന്റെ മനസ്സ് വെമ്പി...
നീണ്ട മുപ്പതു വര്‍ഷം ...
പിൻതിരിഞ്ഞു നോക്കിയാല്‍ ചിന്തകള്‍ കഴിഞ്ഞ മുപ്പത് വര്‍ഷം പിറകോട്ട് പോകും.. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ മാഷ് നടന്നു ..
ഇടവഴി കഴിഞ്ഞ് സംഘാടകരുടെ കാറിൽ കയറിയിട്ടും നാണുമാഷ് ആരോടും സംസാരിച്ചില്ല... വീടെത്തുന്നതുവരെ മാഷ് കാറിന്റെ സീറ്റില്‍ കണ്ണടച്ച് ചാരിയിരുന്നു..
പിറ്റേന്ന് രാവിലെ കൃത്യം അഞ്ചു മണിക്കു തന്നെ മാഷിന്റെ ടൈംപീസിലെ അലാറം ശബ്ദിച്ചു...
പതിവു പോലെ മാഷ് തന്റെ ഇടതു കൈ കൊണ്ട് അലാറം ഒാഫ് ചെയ്ത് വീണ്ടും ഒന്ന് നീണ്ട് നിവർന്ന് കിടന്നു....
ദൂരെ ശിവന്റെ അമ്പലത്തിലെ പ്രഭാത കീർത്തനങ്ങൾ അടച്ചിട്ട ജനലിനിടയിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.
നാണുമാഷ് പ്രാര്‍ത്ഥനാ ശ്ലോകങ്ങളുരുവിട്ടുകൊണ്ട് കിടക്കയില്‍ നിന്നും എഴുന്നേൽക്കാൻ തുടങ്ങി .
പെട്ടെന്നാണ് നാണുമാഷിന് ആ യാഥാര്‍ത്ഥ്യം ഒാർമ്മ വന്നത്..
ഇന്നുമുതൽ നാണുമാഷ് അദ്ധ്യാപകനല്ല എന്ന സത്യം ....!!
ഇന്നലെ മാഷ് അവസാനമായി സ്കൂളിൽ ചെന്നതും യാത്രയയപ്പിൽ പങ്കെടുത്തതുമെല്ലാം ഒാർമ്മയിൽ തെളിഞ്ഞു .
കിടന്നുകൊണ്ടു തന്നെ നാണുമാഷ് മുറിയിലെ ആൾക്കണ്ണാടിക്കരികിലുളള മേശപ്പറത്തേക്ക് നോക്കി .
അവിടെ .... ഇന്നലെ യാത്രയയപ്പ് വേളയിൽ അണിയിച്ച പൂമാല....
അത് വാടിക്കരിഞ്ഞിട്ടുണ്ടായിരുന്നു.......
പുലര്‍കാലത്തെ മഞ്ഞിൻ തണുപ്പിന് കാഠിന്യം കൂടിയതുപോലെ നാണു മാഷിന് തോന്നി .
നാണുമാഷ് തന്റെ വെളുത്ത കമ്പളിപ്പുതപ്പ് വലിച്ചെടുത്ത് മേലാസകലം മൂടിപ്പുതച്ച് ഒന്നുകൂടി ചുരുണ്ട് കിടന്നു..
അപ്പോള്‍ പ്രഭാത സൂര്യന്റെ മഞ്ഞ വെളിച്ചം വാതില്‍ പഴുതിലൂടെയിറങ്ങി തറയില്‍ നീളന്‍ കോലങ്ങളെഴുതുന്നുണ്ടായിരുന്നു...
Manfred Pramod.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo