Slider

ഗുരുഭൂതന്മാർ

0

.. ഇവിടെവാ " മാഷ് ഉച്ചത്തില്‍ വിളിച്ചു ..
" എന്താ മാഷേ ഞാന്‍ വേണ്ട്യത്?"
സ്കൂള്‍ ലീഡര്‍ മനോജ് വിനയാന്വീതനായി മാഷിന്റെ അടുത്ത് വന്നുനിന്നു.
"മനോജേ..മോനേ..നാളെ പഠിപ്പു മുടക്കാൻ വല്ല പദ്ധതിയും ഉണ്ടോടാ?" മാഷ് സ്നേഹത്തോടെ ചോദിച്ചു .
"ഞാന്‍ മാത്രം വിചാരിച്ചാല്‍ പോര മാഷേ.. പഠിപ്പ് മുടക്കാൻ ഒരു കാരണം വേണം.
കഴിഞ്ഞ മാസത്തില്‍ കൊപ്ര വില കുറഞ്ഞതിനും പെട്രോള്‍ വില കൂടിയതിനും നമ്മള് പഠിപ്പ് മുടക്കീലേ മാഷേ "
സ്കൂള്‍ ലീഡര്‍ മനോജ് കണക്കുകള്‍ നിരത്തി..
"ഡാ... നാളെ എനിക്കൊരു അത്യാവശ്യമുണ്ടേർന്നു.." നാളെ വീടിന്റെ മെയിന്‍ വാര്‍പ്പാണേയ്"
" സമരം നടത്താന്‍ എന്തെങ്കിലും ഒരു കാരണം വേണം മാഷേ... കാരണം..."
" മനോജേ.... നീ മണ്ടേലയെപ്പറ്റി കേട്ടിട്ടുണ്ടാ? നെൽസൻ മണ്ടേല?"
"തെങ്ങിന്റെ മണ്ടേല് എന്ന് കേട്ടിട്ടുണ്ട് മാഷേ...ഇതെന്താണ് ഈ മണ്ടേല? "
"അയാള് അങ്ങ് സൗത്താഫ്രിക്കയിലെ ഒരു നേതാവാ... കുറേ കാലമായി വെറുതെ ... അതേന്ന്......വെറുതെ ജയിലിലിട്ടിരിക്കുകയാ... അയാളെ മോചിപ്പിക്കണം എന്ന് പറഞ്ഞ് നാളെയൊരു ജാഥ നടത്ത് .. ഇന്നാ പിടി ....കുറച്ച് കാശ്.. പിള്ളേര്‍ക്ക് സർവത്ത് വാങ്ങിക്കൊട്... "
മാഷ് തന്റെ ജുബ്ബയുടെ കീശയിൽ നിന്നും കാശെടുത്തു് ലീഡര്‍ മനോജിന് കൊടുത്തു .."
"മാഷേ ആ ആഫ്രിക്കക്കാരന്റെ പേര് ഒന്ന് എഴുതിത്തരുമോ?"
"അതെന്തിനാ?
"അത് ജാഥക്ക് വേണ്ടി പ്ലക്കാർഡുകൾ ഉണ്ടാക്കാനാ... "
ലീഡര്‍ മനോജ് സർവത്ത് വാങ്ങാന്‍ മാഷ് കൊടുത്ത കാശ് കീശയിലിട്ടുകൊണ്ട് പറഞ്ഞു.
മാഷ് പ്ലക്കാർഡുകളിൽ എഴുതാനുളള വാചകങ്ങൾ ലീഡര്‍ക്ക് പറഞ്ഞു കൊടുത്തു .
"എന്നാ ... മാഷ് ധൈര്യമായി പോയിട്ട് നാളെ വീടിന്റെ വാര്‍പ്പ് പണി നടത്തൂ.. ഇക്കാര്യം ഞങ്ങളേറ്റു"
ലീഡറും കൂട്ടരും ഒരേ സ്വരത്തില്‍ പറഞ്ഞു.
"മാഷേ ഒരു സംശയം ചോദിച്ചോട്ടേ?"
ചോദിക്കൂ മനോജേ ... എന്താ സംശയം ?"
"ശരിക്കും ഈ മണ്ടേല ആരാ?"
"ഞാന്‍ പറഞ്ഞില്ലേ ... അയാള് ജയിലിലാണെന്ന്... ഇപ്പോ ഇത്രയൊക്കെ അറിഞ്ഞാല്‍ മതി
എല്ലാവരും ക്ലാസ്സില്‍ പോ വേഗം... "
ലീഡറും കൂട്ടരും അപ്പോള്‍ തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് ഒാടിക്കയറി...
ബാലന്‍ മാഷേ നാളെ വല്ലതും നടക്കുമോ? പിന്നില്‍ നിന്നും സുശീലൻ മാഷ്!!
പിള്ളേര് ഏറ്റിട്ടുണ്ട്.. അവര് നടത്തിക്കോളും
സുശീലനെന്താ നാളെ ഇത്ര അത്യാവശ്യം ?
"ബാലന്‍ മാഷേ.. നാളെ കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.. ആഴ്ചയില്‍ ശനിയും ഞായറും ഒഴിവു കിട്ടിയതുകൊണ്ട് ഒന്നുമാവില്ല മാഷേ..."
"അത് ശരിയാ.. സുശീലാ.." ബാലന്‍ മാഷ് അത് ശരിവെച്ചു.
പിറ്റേന്ന് രാവിലെ വെങ്കിണിശ്ശേരിയിലും അങ്ങ് സൗത്താഫ്രിക്കയിലും ഒരേ സമയത്ത് അതായത് അഞ്ചേ അമ്പത്തിയഞ്ചിന് സൂര്യനുദിച്ചു.
വെങ്കിണിശ്ശേരി ദേവീ വിലാസം യൂപീ സ്കൂളിലെ സ്കൂള്‍ ലീഡര്‍ മനോജും കൂട്ടുകാരും ഒഴികെ ബാക്കി എല്ലാ കുട്ടികളും പതിവു പോലെ ക്ലാസിലെത്തി.
അദ്ധ്യാപകർ അതാതു ക്ലാസ്സുകളിൽ ഹാജര്‍ വിളിക്കാന്‍ തുടങ്ങി ..
പെട്ടെന്ന് പുറത്തു നിന്നും ഒരു ആരവം!!!
പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യങ്ങൾ മുഴക്കി ലീഡറും കൂട്ടുകാരും ജാഥയായി സ്കൂളിന്റെ അടുത്തെത്തി ..
'നെൽസൻ മണ്ടേലയെ മോചിപ്പിക്കുക.. ' ഫ്രീ മണ്ടേലാ' പ്ലക്കാർഡുകളിലെ അക്ഷരങ്ങള്‍ പ്രഭാത വെയിലേറ്റ് തിളങ്ങി.
ജാഥ അടുത്തടുത്ത് വരുന്നതിനനുസരിച്ച് ക്ലാസ്സിലെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു..
എല്ലാവരും നീണ്ട ഒരു മണിയടി ശബ്ദത്തിനായി കാതോർത്തിരുന്നു..
പ്രഭാവതി ടീച്ചർ പുറത്ത് വെച്ച ‍ ഉച്ചഭക്ഷണപ്പൊതി വീണ്ടും എടുത്ത് ബാഗിലിട്ടു....
ഭട്ടതിരി മാഷ് ഇന്ന് പകല്‍ വായിക്കുവാനാവശ്യമായ പുസ്തകങ്ങള്‍ ലൈബ്രറിയിൽ നിന്നും എടുത്ത് തന്റെ തുണിസഞ്ചിയിൽ വെച്ചു..
ഗർഭിണിയായ രുഗ്മിണി ടീച്ചര്‍ ആശ്വാസത്തോടെ നെടുവീർപ്പിട്ടു..
ഹിപ്പിമാഷ് എന്ന് കുട്ടികള്‍ വിളിക്കുന്ന മനോഹരൻ മാഷ് പത്രമെടുത്ത് ഏതെങ്കിലും സിനിമാ ടാക്കീസുകളിൽ മോർണിംഗ് ഷോ ഉണ്ടോ എന്ന് നോക്കി .
അപ്പോഴേക്കും ജാഥ സ്കൂളിന്റെ വരാന്തയില്‍ എത്തിയിരുന്നു..
മുദ്രാവാക്യം വിളികൾ അത്യുച്ചത്തിലായി..
ഹെഡ് മാസ്റ്റര്‍ ജോര്‍ജ് മാഷ് തന്റെ സോഡാക്കുപ്പി പോലുളള കണ്ണടയെടുത്ത് മുണ്ടിന്റെ തലപ്പുകൊണ്ട് തുടച്ച് പ്യൂൺ ശങ്കരനെ നോക്കി കണ്ണുകള്‍ കൊണ്ട് അനുമതി കൊടുത്തു .
പ്യൂൺ ശങ്കരൻ പിന്നെ അമാന്തിച്ചില്ല..
ണീം...ണീം..... ണീം.....ണീം.......
നീണ്ട മണിയടി ശബ്ദം കേട്ടതും കുട്ടികള്‍ തിരമാലകൾ പോലെ സ്കൂളിന് പുറത്തേക്കൊഴുകി....
ഒപ്പം ഗുരുഭൂതന്മാരും....
Manfred Pramod.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo