Slider

എല്ലും കപ്പയും

0

അടുത്ത സുഹൃത്തായ അഖിലിന്റെ ചേച്ചിയുടെ കല്യാണം ഒരു പരീക്ഷ കാലത്താരുന്നു. എന്നിരുന്നാലും കല്യാണം കൂടണം എന്ന് തന്നെ തീരുമാനിച്ചിരുന്നു. എറണാകുളത്തു് നിന്നും ഞാൻ തൊടുപുഴ എത്തി. അവിടുന്ന് വൈകിട്ട് കാറിൽ പോകാൻ ആയിരുന്നു പ്ലാൻ. എന്നാൽ ഞങ്ങൾ ശംഭു അണ്ണൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അജേഷ് സർ അന്ന് വരാൻ സാധിക്കില്ല എന്ന ഞെട്ടിക്കുന്ന സത്യം ഞങ്ങളോട് പറഞ്ഞു. കാറിൽ പോകാൻ ഉള്ള പ്ലാൻ ചീറ്റി. എന്നാലും പോയിട്ടേ ഉള്ളു എന്ന് ഞങ്ങൾ തീരുമാനിച്ചു. ഞാൻ, ജസ്റ്റിൻ പിന്നെ ശ്യാം. എങ്ങനെ പോകും എന്നതായി ചോദ്യം, ജസ്റ്റിന്റെഒരു പഴയ byke കിടപ്പുണ്ട്, അതിൽ ട്രിപ്ൾസ് വച്ച് പോകാം എന്നായി തീരുമാനം. വൈകിട്ട് 7 മണി കഴിഞ്ഞിട്ടുണ്ട്, ആനയുള്ള കാടാണ്,പോകേണ്ട എന്ന് പിന്തിരിപ്പിക്കൽ ഉണ്ടായെങ്കിലും പോയിട്ടേ ഉള്ളു എന്ന തീരുമാനത്തിൽ ഞങ്ങൾ byke എടുത്തു ഇറങ്ങി. byke എന്ന് പറഞ്ഞാൽ ഹെഡ് ലൈറ്റ് കെട്ടി വച്ചിരിക്കുക ആണ്, ഇൻഡിക്കേറ്റർ ഇല്ല, ഹോൺ ഇല്ല, പക്ഷെ വണ്ടി ഓടും. അതൊരു വിശ്വാസമാണ്. ഒരു പക്ഷെ ഇത് നിങ്ങടെ അവസാനത്തെ യാത്ര ആണെങ്കിലോ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ശംഭു അണ്ണൻ ഞങ്ങളെ കൂടെ നിർത്തി ഫോട്ടോ എടുത്താണ് പറഞ്ഞയച്ചത്. ഈശ്വരാ ആ മനുഷ്യന് നല്ലതു മാത്രം...
എന്തായാലും ഞങ്ങൾ യാത്ര തിരിച്ചു, ജസ്റ്റിൻ ആണ് ഞങ്ങളുടെ പടക്കുതിരയെ ഓടിക്കുന്നത്. നടുക്ക് ഞാൻ പിറകിൽ ഭയം എന്ന് പറയുന്നത് സ്വന്തം ഡിക്ഷണറിയിൽ ഇല്ലാത്ത ശ്യാം( മനസിലായി കാണുമല്ലോ). ഞങ്ങൾ വലിയ ആവേശത്തിലാരുന്നു. പാട്ടും പാടി ഞങ്ങൾ യാത്ര തുടങ്ങി. "വണ്ടിയോടിക്കുന്ന ഞാൻ ഇപ്പോൾ പെട്ടെന്ന് ഒരു പ്രേതമായാൽ നിങ്ങൾ എന്തു ചെയ്യും ?" ജസ്റ്റിന്റെ ചോദ്യം. മറുപടിയായിട്ടു ഞങ്ങടെ വക നല്ല പച്ച തെറി. അങ്ങനെ ഞങ്ങൾ മൂലമറ്റത്തു നിന്നും തിരിഞ്ഞു വനത്തിലൂടെയുള്ള യാത്ര ആരംഭിച്ചു. നാടുകാണിയിലേക്കുള്ള പന്ത്രണ്ടു ഹെയർപിൻ വളവുകൾ നമ്പർ ഇട്ടു വച്ചിട്ടുണ്ട്. പ്രേത കഥകളും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു.
അതിലെ ഒരു വളവിന്റെ നടുക്ക് ഒരു കിണർ ഉണ്ട്. ആ കിണറിനെ ചുറ്റിപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്. പണ്ടൊരിക്കൽ ഒരു സ്ത്രീ ഒരു കുട്ടിയുമായി ആ കിണറ്റിൽ ചാടി മരിച്ചതാണെന്നും, രാത്രി അതുവഴി യാത്ര ചെയ്ത പലരും അവരെ കണ്ടു പേടിച്ചു അപകടങ്ങളിൽ പെട്ടിട്ടുണ്ടെന്നും ഒക്കെ. എങ്കിൽ പിന്നെ അതൊന്നു കാണണമല്ലോ. ഞങ്ങൾ മൂന്നുപേരും കൂടി ആ കിണറിലേക്ക് നോക്കി നല്ല പച്ച തെറിയുടെ അകമ്പടിയോടെ യക്ഷിയെ പുറത്തിറങ്ങി വരാൻ വെല്ലുവിളിച്ചു. ഞങ്ങൾ മൂന്നു പേരെ പേടിച്ചിട്ടാണെന്നു തോന്നുന്നു പാവം അന്ന് പുറത്തേക്ക് വന്നില്ല. മുന്നോട്ടു നീങ്ങി തൊട്ടടുത്ത വളവു തിരിഞ്ഞതും എന്തോ ഒരു ശബ്ദത്തോടെ ഞങ്ങളുടെ പടക്കുതിര വേച്ചു വീഴാൻ ഒരുങ്ങി. ഞങ്ങൾ ചാടി ഇറങ്ങി നോക്കി. പെട്ടെടാ മക്കളെ, ചെയിൻ ചാടി പോയി- ജസ്റ്റിൻ പറഞ്ഞു. ചെയിൻ സോക്കറ്റ് അഴിക്കാൻ ഉള്ള ടൂൾസ് ഒന്നും ഞങ്ങടെ കൈയിൽ ഇല്ല. വഴിയിൽ കിടന്ന കമ്പും കോലും ഒക്കെ എടുത്തു കുറെ ശ്രമിച്ചെങ്കിലും ചാടിപ്പോയ ചെയിൻ തിരിച്ചിടാൻ മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾക്ക് സാധിച്ചില്ല. ഇനി ആകെ ഒരു വഴി തിരിച്ചു പോവുകയാണ്. തിരിച്ചു ഇറക്കമായതു കൊണ്ട് കുഴപ്പം ഇല്ല. മനസ്സിൽ ആദ്യം ഓടിയെത്തിയത് വാ മക്കളെ വാ എന്നും പറഞ്ഞു കിണറ്റിൻ കരയിൽ കാത്തിരിക്കുന്ന യക്ഷിയേയും കുട്ടിയേയും ആണ്. എന്തായാലും കുറച്ചു സമയം കൂടി കാക്കാൻ ഞങ്ങൾ തീരുമാനിച്ചു. വഴിയേ വന്ന വണ്ടികൾക്കെല്ലാം ഞങ്ങൾ കൈ കാണിച്ചു ടൂൾസ് ഉണ്ടോ എന്ന് തിരക്കി. ചിലർ നിർത്തി, ചിലർ പതിയെ കടന്നു പോയി, ഒരാൾ ഒന്ന് രണ്ടു വർക്ഷോപ്പിൽ ഒക്കെ വിളിച്ചു നോക്കി ഞങ്ങളെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഏകദേശം ഒരു മണിക്കുർ ആവുന്നു ഞങ്ങൾ വഴിയിൽ ആയിട്ട്. ഒരു വണ്ടിക്ക് കൂടി കൈ കാണിക്കാം, എന്നിട്ടും രക്ഷ ഇല്ലെങ്കിൽ തിരിച്ചു പോകാം, ഞങ്ങൾ തീരുമാനിച്ചു. അവസാനം അതുവഴി വന്ന കാറിനു ഞങ്ങൾ കൈ കാണിച്ചു. അത് നിർത്താതെ ഞങ്ങളെ കടന്നു മുന്നോട്ടു പോയി, പെട്ടെന്ന് നിർത്തി പിന്നോട്ട് വന്നു. മാന്യൻ മാരായ രണ്ടുപേർ വണ്ടിയിൽ നിന്നിറങ്ങി. എന്താ പിള്ളേരെ പ്രശനം?, ഞങ്ങൾ കാര്യം പറഞ്ഞു. അവരുടെ ടൂൾകിറ്റ്‌ ഞങ്ങളുടെ കൈയിൽ തന്നിട്ട് ശ്രെമിച്ചു നോക്കാൻ പറഞ്ഞു. ശ്യാം പണി തുടങ്ങി. ഭാഗ്യം, ചെയിൻ സോക്കറ്റ് ഞങ്ങൾ ഊരി മാറ്റി. ചെയിൻ തിരിച്ചിട്ടു. അവർ തന്നെ കുറച്ചു ഗ്രീസും സംഭാവന ചെയ്തു, എങ്ങോട്ടു പോകുന്നു എന്നൊക്കെ തിരക്കിയ ശേഷം അവർ പറഞ്ഞു, നാളെ രാവിലെ പോകുന്നതാണ് നല്ലതു ആന ഇറങ്ങിയിട്ടുണ്ട് എന്ന്. എന്തായാലും പോകാൻ തീരുമാനിച്ചു, ഇനി പിറകോട്ടില്ല, അവർക്കു നന്ദി പറഞ്ഞു ഊരിയെടുത്ത ചെയിൻ സോക്കറ്റ് തിരിച്ചു പിടിപ്പിക്കാതെ (ഇനിയും ചെയിൻ ചാടിപ്പോയാലോ) കൈയിൽ പിടിച്ചു ഞങ്ങൾ യാത്ര തുടർന്നു. ഇങ്ങനെയുള്ളവരെ വിളിക്കണ്ട പേരാണെടാ ശ്യാമേ ദൈവം. ഒരവസരം കിട്ടിയപ്പോൾ ഞാൻ തട്ടി വിട്ടു. കുളമാവ് ഡാം കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. അപ്പോൾ എതിരെ വന്ന വണ്ടിക്കാരൻ വിളിച്ചു പറഞ്ഞു "ആന ഇറങ്ങീട്ടുണ്ട് ട്ടോ". അയ്യോ.. പണി പാളുമോ, ചെറിയ പേടി തോന്നി തുടങ്ങി. വണ്ടി പതിയെ മുന്നോട്ടുരുണ്ടു. ആനയുടെ മണംകിട്ടുന്നുണ്ടോന്നു ശ്രെദ്ധിച്ചു ഞങ്ങൾ പിറകിൽ ഇരുന്നു. അപ്പോൾ പിറകെ ഒരു ഇന്നോവ വന്നു, ഞങ്ങളുടെ വണ്ടിക്ക് വെട്ടം കുറവാണ്, കുറച്ചു പതിയെ പോയാൽ ഉപകാരമായിരുന്നു എന്ന് ഞങ്ങൾ അവരോടു പറഞ്ഞു. ഒരു രണ്ടു കിലോമീറ്റർ ഉപകാരം ചെയ്ത ശേഷം അവർ മുന്നോട്ടു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു നാനോ കാർ വന്നു. അവരോടും ഞങ്ങൾ ഇതേ ഉപകാരം ആവശ്യപ്പെട്ടു. പക്ഷെ അര കിലോമീറ്ററിൽ കൂടുതൽ ഉപകാരം ചെയ്യാൻ അവരും തയാറായില്ല. അപ്പോളതാ വരുന്നു ആനയുള്ള കാട്ടിൽ കൂടെ നമ്മുടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി. രക്ഷകൻ വന്നു മോനെ, ഈ ചെറിയ കയറ്റം കഴിയുന്ന വരെ അവനെ കയറ്റി വിടേണ്ട. ഞാൻ ജസ്റ്റിനോട് പറഞ്ഞു. കാരണം രക്ഷകൻ മുന്നിൽ പോയാൽ ഞങ്ങളുടെ പടക്കുതിര കയറ്റം കയറി പിറകെ ഒപ്പമെത്തില്ല. ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവുമുണ്ടല്ലോ, കയറ്റം കയറി കഴിഞ്ഞതും ഞങ്ങൾ രക്ഷകന് സൈഡ് കൊടുത്തു. ഇനി ഞങ്ങളുടെ കുതിര കുതിരയല്ല, പുലിയാണ് പുലി, രക്ഷകൻറെ ഒപ്പം പറന്നു നിൽക്കും. പുലിയുടെ ചെയിൻ ചാടി പോകാതിരുന്നാൽ ഭാഗ്യം. കുറച്ചു കുടി മുന്നോട്ടു ചെന്നപ്പോൾ എതിരെ വന്ന വണ്ടിക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു "മക്കളെ വലതു വശം ചേർന്ന് വിട്ടോടാ" ഒന്ന് കണ്ണ് ചിമ്മി നോക്കുമ്പോൾ മുന്നിൽ കാണുന്നത് വഴിയുടെ പകുതിയോളം മറഞ്ഞു നിൽക്കുന്ന കട്ടികൂടിയ ഒരു ഇരുട്ടുരൂപമാണ്.. അത് പതിയെ അനങ്ങുന്നു. ഉള്ളിൽ നിന്ന് വന്ന ഒരു വലിയ നിലവിളി തൊണ്ടയിൽ കുരുങ്ങി പുറത്തു വന്നപ്പോൾ ഒരു പൂച്ച കരയുന്ന പോലെ ആയിപ്പോയി.
രണ്ടു മുട്ടൻ ആന...!! നമ്മൾ കണ്ടിട്ടുള്ള ആനയൊന്നും ശരിയ്ക്കും ആനയല്ല മോനെ.. ആന എന്ന് പറഞ്ഞാൽ ഇതാണ് ആന. തിരിഞ്ഞു നോക്കാൻ നിക്കാതെ പുലി മുന്നോട്ട് കുതിച്ചു. (ചെയിൻ ചാടി പോകല്ലേ ന്നുള്ള പ്രാർത്ഥനയോടെ).. അവസാനം കല്യാണ വീട്ടിൽ ചെന്ന് കയറുമ്പോൾ സമയം രാത്രി ഒരു മണി. കാട്ടിൽ വച്ച് ഞങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയോ എന്ന് പേടിച്ചിരിക്കുവാരുന്നു അഖിൽ. ചേച്ചിക്കുള്ള വിവാഹ സമ്മാനമായി വണ്ടിയിൽ നിന്നും ഊരിയെടുത്ത ചെയിൻ സോക്കറ്റ് അവന്റെ അച്ഛന്റെ കൈയിൽ കൊടുത്ത ശേഷം ഞങ്ങൾക്കായി അവൻ മാറ്റി വച്ചിരുന്ന എല്ലും കപ്പയും കഴിക്കാൻ ഞങ്ങൾ ഇരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo