Slider

വയൽ

0

"ഇത് നമ്മുടെ വയലായിരുന്നു .."..അവധിക്കു വന്ന അയാൾ പോകുന്ന വഴിയെ നാട്ടിൻ പുറത്തെ റോഡിൽ കാറ് നിർത്തി ആ ആ വയലിലേക്കു ഒന്ന് നോക്കികൊണ്ട് മക്കളോട് പറഞ്ഞു . ഒരിറ്റു തെളി നീരിനായി കാത്തിരിക്കുന്ന ആ വയലിലേക്കു നോക്കി കൊണ്ട് ..
ആ വയൽ ഇന്ന് അയാൾക്ക്‌ ഒരു വികാരമാണ് .തന്റെ ബാല്യ കാല ഓർമ്മകളും , ചിന്തകളും കൂടിച്ചേർന്ന അനിർവ്വചനീയ മായ ഒരു വികാരം. വർഷങ്ങൾക്കു മുൻപേ "ആട് ജീവിതത്തിന്റെ" നാട്ടിലേക്ക് പറിച്ചു നടപ്പെട്ട അയാൾക്ക്‌ ..
കാലം ഇന്ന് തന്റെ പിതാവിന്റെ തലയിലെ വെള്ളി നാരുകൾ അയാളിലേക്ക് മാറ്റി വരച്ചിരിക്കുന്നു.ആ വെള്ളി നാരുകൾ അയാളുടെ ചിന്തകളെയും മാറ്റി മറിച്ചിരിക്കുന്നു...
ആ വയലിനു ഒരു കഥയുണ്ട്.. ഒരു പഴങ്കഥ ...പണ്ട് പണ്ട് ഒരു പത്തു മുപ്പതു കൊല്ലം മുൻപുള്ള കഥ ......കേരള നാട്ടിൽ നെല്ല് വിളഞ്ഞിരുന്ന , വയലുകളിൽ പച്ച തത്തകൾ വിരുന്നു വന്നിരുന്ന , കുട്ടികൾ തോട്ടിൽ കുളിക്കാൻ പോയിരുന്ന , കുട്ടി കുറുമ്പൻമാർ മാവിന് കല്ലെറിഞ്ഞിരുന്ന , കണ്ണി മാങ്ങ ഉപ്പു കൂട്ടി തിന്നിരുന്ന ,അവധിക്കാലത്ത് പന്തൽ കെട്ടിയും , പന്തും കളിച്ചിരുന്ന , വയലിലെ തോട്ടിൽ പരൽ മീനുകൾ ഉണ്ടായിരുന്ന കാലത്തെ കഥ...
സ്കൂൾ അടക്കുമ്പോൾ ആണ് അവൻ ഒന്ന്ഉമ്മ വീട്ടിൽ താമസിക്കാൻ പോകുക ..അപ്പോഴാണ്‌ ബാപ്പയുടെ കട്ടായം "പറ്റില്ല.. വയലിൽ വെള്ളം തിരിക്കാൻ പോകണം".. അതിനു കൂട്ട് വരണം.
.കുറച്ചു ദൂരെയുള്ള ഉമ്മ വീട് അവന്റെ "സ്വാതന്ത്ര്യത്തിനെ പറുദീസ " തന്നെ .വീടിനടുത്തെ തോട്ടിൽ കുളിക്കാം ..തോർത്ത് മുണ്ട് കൊണ്ട് പരൽ മീനുകളെ പിടിച്ചു കളിക്കാം ..ഒപ്പം ഉമ്മറത്തെ കോലായിലെ പത്തായ പുറത്ത് ഉറങ്ങാം. ..രാത്രിയിലെ ആ കിടപ്പിൽ മുറ്റത്തെ നിലാവ് ...മാവിൽ നിന്നും കണ്ണി മാങ്ങ പൊട്ടി വീഴുന്ന ശബ്ദം.മുറ്റത്തെ മരത്തിനു മുകളിലെ മൂങ്ങയുടെ ശബ്ദം....പറമ്പിലെ കുളത്തിലെ ആമ്പൽ പൂവ്..തോട്ടിലൂടെ വെള്ളം ഒലിക്കുന്ന കിലു കിലു ശബ്ദം...വയലിൽ നിന്നുള്ള തണുത്ത കാറ്റും..ഒപ്പം പകൽ നേരത്ത് കുളത്തിൽ ചൂണ്ടയിടലും ..
ഇതെല്ലം മുടങ്ങുന്നത് ആ അനന്തൻ നായര് കാരണം ..അങ്ങനെ അവൻ അനന്തൻ നായരെ തൻറെ ശത്രു ആയി പ്രഖ്യാപിച്ചു .... അവന്റെ ഉറക്കം കളഞ്ഞ ബാല്യകാല സങ്കല്പ്പ ശത്രു!!!.അദ്ദേഹം ആയിരുന്നല്ലോ അവരുടെ വയലിലേക്കു വരുന്ന വെള്ളം വരമ്പ് തുളച്ചു അയാളുടെ വയലിലേക്കു തിരിച്ചു വിട്ടിരുന്നത്!..
.വേനൽ കാലം ആകുമ്പോൾ കനാൽ തുറക്കും. വിണ്ടു കീറിയ
വയലിലെ നെൽ ചെടികൾ ആ ജീവ ജലത്തിനായി കാത്തു നില്ക്കും ..തോട്ടിലൂടെ ഒലിച്ചു വരുന്ന തെളിനീരിനായി..വെള്ളം ഒഴുകി വരുന്ന വഴിയിലെ വയലുകാർ ഓരോരുത്തർ ആയി തോടിന്റെ വരമ്പിനു തുളയുണ്ടാക്കി വെള്ളം തന്റെ വയലിലേക്കു തിരച്ചു വിടാൻ മത്സരിക്കും..അതാണ് അവന്റെ ഉറക്കം കളഞ്ഞതും..എല്ലാവരും ഉറങ്ങുമ്പോൾ ബാപ്പയും അവനും വെള്ളം "കക്കാൻ" ഇറങ്ങും.അനന്തൻ നായര് അവരുടെ വയലിലേക്കു ഉള്ള വരമ്പിലെ തുള ചെളി വാരി അടച്ച്ച്ചു വെള്ളം അദ്ദേഹത്തിന്റെ വയലിലേക്കു കടത്തികൊണ്ടു പോകും അത് കൊണ്ട് വയലിൽ വെള്ളം നിറയുന്നത് വരെ കാവൽ തന്നെ ശരണം!!..
.
തലയിൽ തോർത്ത് കൊണ്ട് ഒരു കെട്ടും, ഒരു കയ്യിൽ ടോർച്ചും.ഒപ്പം മറ്റേകയ്യിൽ ഒരു വടിയുംആയി പോകുന്ന പിതാവിന്റെ പുറകിൽ .ഉറക്ക ചുവടുമായി അവനും..."ഈ ബാപ്പാക്ക് വേറെ പണി ഒന്നുമില്ലേ" എന്ന് മനസ്സിലും..
ആകെ ഉള്ളത് എഴുപതു സെന്റു വയൽ..മൂന്ന് മാസം കഴിക്കാനുള്ള അരി പോലും കിട്ടില്ല ..അല്ലെങ്കിലും "നല്ല വെളുത്ത" അരി പീടികയിൽ കിട്ടുമ്പോൾ ആ "തവിടിന്റെ നിറമുള്ള" നുറുങ്ങിയ അരിയുടെ ചോറും കഞ്ഞിയും ആർക്കു വേണം ?.
അത് മാത്രമോ? ആാ നെല്ല് ഒന്ന് മൂത്ത് കൊയ്തെടുക്കാൻ ആയാലോ? വീട്ടിൽ ആകെ ബഹളം..മുറ്റം നന്നാകണം.കൊയ്തു കൊണ്ട് വന്നാൽ ഒരു ആഴ്ച്ച്ചത്തെക്ക് തിരക്ക് തന്നെ.അത് മെതിക്കുന്നവർ, ഉണക്കുന്നവർ .അതിനു കാക്ക യും കോഴിയും തിന്നാതെ നോക്കാൻ കാവലും..ഒപ്പം നെല്ലിന്റെ പൊടിയുടെ ചൊറിച്ചിലും..
എങ്കിലും ആ തോട്ടിലെ പരൽ മീനുകളെ അവനു ഇഷ്ട്ടമായിരുന്നു ഒഴുക്കിന് എതിരിൽ നീന്താൻ ശ്രെമിക്കുന്ന
പരൽ മീനുകൾ !!!.. ഒപ്പം വയലിലേക്കു എത്തുന്ന വെള്ളം.. പതുക്കെ ഒഴുകി ഓരോ നെൽചെടിയുടെയും അടുത്ത് എത്തുമ്പോൾ അത് നോക്കി നിൽക്കുമ്പോൾ ഉള്ള അനുഭൂതി.... ഓരോ ചെടിയുടെയുംഅടി ഭാഗത്ത് ആ ചെറിയ ഒഴുക്കിന്റെ ആദ്യ ഭാഗം മുട്ടുമ്പോൾ ചെടി ഒന്ന് ചെറുതായി ഇളകും.ഒപ്പം "ആ ചെടിക്ക് ആശ്വാസമായി" എന്ന് തോന്നും.വയലിൽ വെള്ളം നിറയുമ്പോൾ അറിയാതെ മനസ്സും നിറയും..
കാലം പതുക്കെ മാറി ..തോട്ടിലെ വെള്ളത്തിന്റെ നിറവും മാറി തുടങ്ങി ..കാലിൽ ചെറിയ മുറിവുണ്ടെങ്കിൽ ബാപ്പ പറഞ്ഞു തുടങ്ങി "വേണ്ട ആ വെള്ളത്തിൽ മരുന്നടിച്ച്ചതിന്റെ അംശ മുണ്ടാകും" ..പരൽ മീനുകൾ പതുക്കെ അപ്രത്യക്ഷമായി... ഒപ്പം അടുത്തുള്ള വയലുകളിൽ വാഴ വച്ചു തുടങ്ങി , ചിലതിൽ കപ്പയും ..ചിലതിൽ കവുങ്ങും ചിലതിൽ തെങ്ങിൻ തൈകളും.എന്തിനു അയാളുടെ "ബാല്യകാല ശത്രു" പോലും തെങ്ങിൻ തൈ വച്ചു .ഒപ്പം അവരുടെ വയൽ തരിശു ഭൂമിയും..കന്നുപൂട്ടിയിരുന്ന പലരും അതിനെ പതുക്കെവിറ്റു തുടങ്ങി
.വയലിൽ പണിക്കു വന്നിരുന്ന പലരും കെട്ടിടം പണിക്കു പോയി തുടങ്ങി ..
ജോലി തേടി ഷെയ്ക്ക്മാരുടെ, ഈന്തപനയുടെ , ഒട്ടകങ്ങളുടെയും
നാട്ടിലേക്ക്ചേക്കേറാൻ തീരുമാനിച്ചപ്പോൾ ആദ്യ പ്രതി സന്ധി വിസയുടെ പണം തന്നെ....അങ്ങനെ ബാപ്പ യും അവനും ചേർന്ന് ആ തീരുമാനം എടുത്തു .."ആ തരിശു തന്നെ വിൽക്കുക"..തന്നെ തവിട് നിറത്തിലുള്ള ചോറ് തീറ്റിയ , തന്റെ ഉറക്കം കളഞ്ഞ , തന്റെ ഉമ്മ വീട്ടിലേക്കുള്ള യാത്ര തടഞ്ഞ ആ ഭൂമി തന്നെ.....
തുകയുമായി ബ്രോക്കർ കുറുപ്പ് വന്നപ്പോൾ , അത് വാങ്ങിയപ്പോൾ ബാപ്പയുടെ കണ്ണിലെ ചെറിയ നനവ്‌ അവൻ അങ്ങനെ അവഗണിച്ചു.
ഇന്ന് അയാൾ സൂപ്പർമാർക്കെറ്റിൽ അരി തിരയുന്നു.
"തവിട് നിറമുള്ള പാലക്കാടൻ മട്ട " . എന്തോ ,ഏതോ കലക്കി ഉണ്ടാക്കിയ നിറം ആ അതെന്ന സത്യം അറിഞ്ഞു കൊണ്ട് തന്നെ..ഒരു പ്രായശ്ചിത്തം പോലെ ..പനി പിടിച്ചു കിടന്നപ്പോൾ കിട്ടിയ തവിട് നിറമുള്ള പൊടിയരി കഞ്ഞിയെ ഓർത്തു കൊണ്ട് ..തനിക്കു ഇന്നും അന്നം തരുന്ന തന്റേതു അല്ലാത്ത ആ വയലിനെ ഓർത്തു കൊണ്ട്..കാലം തലയിൽ വെള്ളി വരകൾ വരച്ചു തുടങ്ങിയപ്പോൾ ഉണ്ടായ തിരിച്ചറിവ്.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo