Slider

കണ്ണീരാറ്റിലെ തോണി

0

"കുടുംബത്തെ മറന്ന് ഗൾഫിൽ വഴിവിട്ട് ജീവിക്കുന്നവർക്ക് സമർപ്പിക്കുന്നു."
മൊബൈൽ പലവട്ടമായി നിർത്താതെ ശബ്ദിക്കുന്നു. മക്കളെ സ്കൂളിലയക്കാനുള്ള തിരക്കിലായിരുന്നു , രജനി..
രാജുവേട്ടനോടും പരിചയമുള്ളവരോടൊക്കെ പറഞ്ഞിട്ടുള്ളതാണ് ഈ ടൈമിൽ വിളിക്കരുതെന്ന്. അതിരാവിലെ എഴുന്നേറ്റാൽ പിടിപ്പത് ജോലിയുണ്ടു്. പത്ത് മണി കഴിയാതെ ഒന്ന് നടു നിവർത്താൻ കഴിയില്ല. രോഗിയായ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും താൻ തന്നെ നോക്കണം.
" അമ്മേ എന്റെ സോക്സ് കാണണില്ല " മോളെ ഡ്രസ്സ് ചെയ്യിക്കുന്നതിനിടക്ക് രാഹുൽ വിളിച്ച് പറഞ്ഞു. ചെക്കൻ വളർന്നിട്ടും സ്വയം റെഡിയായി സ്കൂളിൽ പോകാൻ ഇപ്പോഴും അറിയില്ല. "അവിടെയെങ്ങാൻ നോക്ക് രാഹുൽ " ഇപ്പൊ ബസ് വരും. ഞാൻ ലഞ്ച് ബോക്സ് റെഡിയാക്കട്ടെ. "ഇന്നെന്താ അമ്മെ കറി ? " രാജി മോൾ പിന്നാലെ വന്ന് ചോദിച്ചു.
"കറിയൊന്നും ഇല്ല മോളെ , കാബേജ് ഉലത്തും പപ്പടവും ഉണ്ടു്. അത് കൂട്ടി ചോറ് തിന്നണോട്ടൊ." വീണ്ടും ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നു. ഇതാരാണാവോ കാലത്തെ. ശല്യം. പുറത്ത് സ്കൂൾ ബസ് ഹോണടിക്കുന്നു. അവൾക്ക് തല പെരുക്കുന്ന പോലെ തോന്നി. മോളെയും കൂട്ടി വേഗം ഇറങ്ങുന്നതിനിടക്ക് ഉറക്കെ വിളിച്ചു. "രാഹുൽ വേഗം ഇറങ്ങ്"
മോൾ ബസ്സിൽ കേറിയിട്ടും രാഹുലിനെ കാണുന്നില്ല.. ഡ്രൈവറോട് ഒരു മിനിട്ടെന്നും പറഞ്ഞ് അവൾ വീണ്ടും വീട്ടിലേക്കോടി. രാഹുൽ അപ്പോഴും സോക്സ് നോക്കി നടക്കുകയാണ്. " അമ്മേ ഒരെണ്ണം കിട്ടിയില്ല."
അവൾ കുനിഞ്ഞ് കട്ടിലിനടിയിൽ നോക്കി." "എവിടെയെങ്കിലും വലിച്ചെറിഞ്ഞിടും. ദാ കിടക്കുന്നു". അവൾ സോക്സ് ഇട്ട് കൊടുത്ത് മോനെ പറഞ്ഞ് വിട്ടു. ദേഷ്യത്തോടെ ഫോൺ എടുത്ത് നോക്കി. അയ്യോ ചേട്ടനാണല്ലൊ. ഇതെന്താ പതിവില്ലാതെ , ഈ സമയത്ത്‌ നിർത്താതെ.
അവൾ പെട്ടെന്ന് ഫോണെടുത്തു.
ഫോണെടുക്കാത്ത ദേഷ്യത്തിന് പച്ച തെറിയോടെയാണ് തുടങ്ങിയത്. "എടീ ഞാൻ എയർപോർട്ടിലാണ്. വൈകിട്ട് ആറ് മണിക്ക് കൊച്ചിയിൽ എത്തും. ഗോപനോടു് പറ്റുമെങ്കിൽ ഒന്ന് വരാൻ പറയ്. ഇല്ലെങ്കിൽ ഞാനങ്ങ് എത്തിയേക്കാം ".
" അയ്യോ ചേട്ടാ എന്ത് പറ്റി? ഒരു മുന്നറിയിപ്പും ഇല്ലാതെ ?
ഇന്നലെ രാത്രി വിളിച്ചപ്പോളും പറഞ്ഞില്ലല്ലൊ"
"അതൊക്കെ ഞാൻ വരുമ്പൊ പറയാം" പെട്ടെന്ന് കാൾ കട്ട് ചെയ്തു.
അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി. എന്തോ പ്രശ്നമുണ്ടു്. അബൂക്കാനെ വിളിച്ചാൽ കാര്യങ്ങൾ അറിയാം.
രജനി ഉമ്മറത്ത് പോയിരുന്ന് അബുക്കാക്ക് മിസ്സ് കാൾ ചെയ്തു. അപ്പൊ തന്നെ അബുക്ക തിരിച്ച് വിളിച്ചു.
"മോളെ ഞാൻ ഇപ്പൊ രാജുവിനെ എയർപോർട്ടിൽ വിട്ട് കമ്പനിയിൽ എത്തിയുള്ളു. കുറച്ച് കഴിഞ്ഞ് നിന്നെ വിളിക്കാമെന്ന് കരുതി"
"എന്താ അബുക്കാ രാജുവേട്ടൻ വീണ്ടും എന്തെങ്കിലും പ്രശ്നം?
" അതെ മോളെ , നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.
കമ്പനി അവനെ ക്യാൻസൽ ചെയ്ത് കയറ്റി വിട്ടു. ഞാൻ കുറച്ച് കഴിഞ്ഞു് വിളിക്കാം. കുറച്ച് തിരക്കിലാണ്."
ഇടിവെട്ടേറ്റ പോലെ അവൾ തരിച്ചിരുന്ന് പോയി. എല്ലാ പ്രതീക്ഷയും അസ്തമിച്ച പോലെ.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
പാവപ്പെട്ട കുടുംബത്തിലെ അച്ചനില്ലാത്ത മൂന്ന് പെൺമക്കളിൽ മൂത്തവളായിരുന്നു താൻ .അമ്മ കൂലിവേല ചെയ്താണ് തങ്ങളെ പഠിപ്പിച്ചത്. നഴ്സിംഗ് പാസ്സായി അടുത്തുള്ള ആശുപത്രിയിൽ മുവായിരം രൂപാ വേതനത്തിന് ജോലിക്ക് കയറിയ ഉടനെയാണ് പരിചയക്കാരനായ ബ്രോക്കർ ഒരു കല്യാണാലോചനയുമായി അമ്മയെ സമീപിച്ചത്.
പയ്യൻ ഗൾഫിൽ ഡ്രൈവറാണ് .
സ്ത്രീധനം ഒന്നും വേണ്ട. പിന്നെ അമ്മക്ക് ആലോചിക്കാൻ ഒന്നുമില്ലായിരുന്നു. താൻ ഒരുപാട് എതിർത്തു. അമ്മക്കും അനിയത്തിമാർക്കും താങ്ങായി കുറച്ച് നാൾ ജോലി ചെയ്തിട്ട് മതി വിവാഹമെന്ന് പറഞ്ഞു.
പക്ഷെ അമ്മയുടെ ന്യായങ്ങൾ മറ്റു പലതുമായിരുന്നു. "മോളെ ഗൾഫിലുള്ള പയ്യനാ. ചിലപ്പൊ നിനക്ക് ഒരു ജോലി കിട്ടി അവിടെ പോയാൽ നമ്മുടെ കുടുംബം രക്ഷപെടും. നഴ്സ് മാർക്കൊക്കെ അവിടെ നല്ല ശമ്പളമല്ലെ . അപ്പോൾ നീ ഞങ്ങളെ മറക്കാതിരുന്നാൽ മതി." അമ്മയുടെയും അനിയത്തിമാരുടെയും നിർബന്ധത്തിന് താൻ വഴങ്ങി.
ലളിതമായ വിവാഹം . ചേട്ടനും ഒരു സഹോദരിയും അച്ഛനും അമ്മയും. സഹോദരിയുടെ വിവാഹം കഴിഞ്ഞു.
ആദ്യരാത്രി തന്നെ തന്റെ പ്രതീക്ഷകളെല്ലാം തകർന്ന അനുഭവമാണ് ഉണ്ടായത്.
കൂട്ടുകാർ കൂടി മദ്യപിച്ച് വെളിവില്ലാതെയാണ് മുറിയിലേക്ക് വന്നത്.
ആദ്യരാത്രിയെ കുറിച്ചുള്ള സ്വപ്നങ്ങളുമായി മണിയറയിൽ കാത്തിരുന്ന തനിക്ക് അതൊരു കാളരാത്രിയായിരുന്നു.
എന്തായാലും പിറ്റെന്ന് ബോധം വരുമ്പോൾ സംസാരിക്കാമെന്ന് കരുതി ഒരു വിധം നേരം വെളുപ്പിച്ചു.
രാവിലെ എഴുന്നേറ്റ് കിച്ചണിൽ ചെന്ന തന്നെ അമ്മയും നാത്തൂനും സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.
"അവൻ നാലു് കാലിലാണ് വന്നതല്ലെ മോളെ. ഞങ്ങളെയൊന്നും അനുസരിക്കില്ല , മോള് വേണം ഇനി അവനെ നേരെയാക്കാൻ."
അവൾക്ക് കാര്യങ്ങൾ ഏതാണ്ടു് ബോധ്യമായി. തന്റെ ഭർത്താവു് മുഴുക്കുടിയനാണ്. വീടിന് അയാളൊരു ബാധ്യതയാണ്.
അവൾക്ക് സങ്കടം സഹിക്കാനായില്ല. തന്റെ കുടുംബം നശിച്ചതും മദ്യപാനിയായ അച്ഛൻ കാരണമായിരുന്നു. അമ്മയും ഞങ്ങൾ മക്കളും ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല.
നിവൃത്തിയില്ലാതെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. "ഈ കാലമാടൻ ഒന്ന് ചത്ത് കിട്ടിയെങ്കിൽ എനിക്ക് എന്റെ മക്കളെ എങ്ങിനെയെങ്കിലും വളർത്താമായിരുന്നു." അമ്മയുടെ ശാപം ഫലിച്ചു. കുടിച്ച് കുടിച്ച് റോഡിൽ കിടന്ന് അച്ഛൻ മരിച്ചു.
ഇപ്പോഴിതാ തനിക്കും തന്റെ അമ്മയുടെ വിധി. അവൾ വാവിട്ട് നിലവിളിച്ചു. അമ്മയും നാത്തൂനും തന്നെ സമാധാനിപ്പിച്ചു. അവൻ നല്ലവനാണ്. കൂട്ടുകാരാണ് അവനെ ചീത്തയാക്കുന്നത്.
മോൾ വിചാരിച്ചാൽ അവൻ നേരെയാകും.
മുഖം കഴുകി അമ്മ തന്ന ചായയുമായി അവൾ മുറിയിലേക്ക് ചെന്നു. അപ്പോഴും ബോധം കെട്ടുറങ്ങുകയായിരുന്ന അവനെ അവൾ തോണ്ടി വിളിച്ചു.
തെല്ലൊരു ജാള്യതയോടെ എഴുന്നേറ്റ് അവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.
"കൂട്ടുകാർ നിർബന്ധിച്ചപ്പോൾ പറ്റിപ്പോയതാണ് "
അവൾ ശക്തി സംഭരിച്ച് കൊണ്ട് പറഞ്ഞു . " കഴിഞ്ഞത് കഴിഞ്ഞു. ഇത് പതിവാക്കാനാണ് ഉദ്ദേശമെങ്കിൽ എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്.
അവൻ എഴുന്നേറ്റ് അവളുടെ തലയിൽ കൈ വെച്ച് പറഞ്ഞു.
"ഇനി ഇത് ആവർത്തിക്കില്ല. ഞാൻ കുടി നിർത്തി."
അവൾ അവിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ ഉള്ളം നിറഞ്ഞു. "ചേട്ടാ " വിതുമ്പലോടെ അവൾ അവന്റെ മാറിൽ തല ചായ്ച്ചു..
പിന്നീടുള്ള ദിവസങ്ങൾ ആഹ്ളാദകരമായിരുന്നു. താൻ ജോലിക്ക് പോകേണ്ടെന്നും ആവശ്യമുള്ള പൈസ അയക്കാമെന്നും പറഞ്ഞതനുസരിച്ച് ജോലി വേണ്ടെന്ന് വെച്ചു.
അവധി കഴിഞ്ഞ് പോകാനുള്ള ദിവസമായി. അവൾക്ക് ഒരു പാട് വാഗ്ദാനങ്ങൾ നൽകി അയാൾ യാത്രയായി.
ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് താൻ ഒരമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത അറിഞ്ഞത്. രാജു അതറിഞ്ഞ് സന്തോഷം കൊണ്ടു് തുള്ളിച്ചാടി. കൂട്ടുകാർ സന്തോഷം പങ്ക് വെക്കാൻ പാർട്ടി ചോദിച്ചു. കൂട്ടുകാർ കൂടി ആ സന്തോഷം അയാളും ആഘോഷിച്ചു.
അത് മറ്റൊരു തുടക്കമായിരുന്നു.
ആദ്യമൊക്കെ കൃത്യമായി ചിലവിന് ആവശ്യമുള്ള പൈസ അയച്ചിരുന്നയാൾ പിന്നെ പിന്നെ ചെറിയ സംഖ്യ മാത്രം അയച്ചു.
അപ്പോഴേക്കും തനിക്കൊരു മകൻ ജനിച്ചിരുന്നു. പ്രസവച്ചിലവിനും മറ്റുമായി തന്റെ അമ്മ വീണ്ടും കൂടുതൽ വീടുകളിൽ ജോലിക്ക് പോയി.
മോന് കുഞ്ഞുടുപ്പുകളുമായി വന്ന രാജുവിന്റെ കൂടെ ജോലി ചെയ്യുന്ന അബുക്ക പറഞ്ഞാണ് അവൾ ഞെട്ടിക്കുന്ന ആ വിവരങ്ങൾ അറിഞ്ഞത്.
തന്റെ ഭർത്താവിന് ഇപ്പോൾ മദ്യപാനം കൂടാതെ, കൂട്ടിന് ഏതോ തമിഴത്തിയും ഉണ്ടത്രെ. കിട്ടുന്ന ശമ്പളത്തിന് പുറമെ പലിശ മാഫിയക്കാർക്ക് പാസ്സ്പോർട്ട് പണയം വെച്ച് വലിയ കടവും വരുത്തി വെച്ചിട്ടുണ്ടു്. "നിങ്ങളെ ഈ വിവരം അറിയിച്ചില്ലെങ്കിൽ എനിക്ക് സമാധാനമുണ്ടാകില്ല. ആദ്യമൊക്കെ എന്നെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ അവന് ഇഷ്ഠമായിരുന്നു. ഇപ്പോൾ വ്യക്തമായ അകലം പാലിക്കുന്നതിന്റെ കാരണം, നാട്ടിൽ വളർന്ന് വരുന്ന വർഗീയ ചിന്തകളാണോ എന്ന് എനിക്ക് സംശയമുണ്ട്. അവന്റെ സൗഹൃദം ഇപ്പോൾ അത്തരക്കാരുമായാണ്."
അബുക്ക പറഞ്ഞ് നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. ദയവു ചെയ്ത് നിങ്ങൾ പെട്ടെന്ന് പ്രതികരിക്കരുതെന്നും അത് ഞാനുമായി കൂടുതൽ അകലാൻ ഇടവരുമെന്നു കൂടി അബുക്ക പറഞ്ഞു. ഇതെല്ലാം കേട്ട് അച്ഛനും അമ്മയും നിർവികാരരായി തമ്മിൽ തമ്മിൽ നോക്കുന്നുണ്ടായിരുന്നു.
അബുക്കയുടെ നമ്പർ വാങ്ങുകയും ഇടക്ക് വിളിക്കണമെന്നും പറഞ്ഞപ്പോൾ പിതൃവാത്സല്യത്തോടെ അദ്ദേഹം തന്റെ നെറുകയിൽ തലോടി. അച്ഛന് കുറച്ച് പൈസയും കൊടുത്താണ് അദ്ദേഹം ഇറങ്ങിയത്.
കുറച്ച് ദിവസം കഴിഞ്ഞു് ബൈക്കിൽ രണ്ടു പേർ വീട്ടിൽ വന്നു. രാജുവിന്റെ വീടല്ലെ എന്ന് ചോദിച്ചപ്പോൾ ചേട്ടന്റെ കൂട്ടുകാരാകും എന്നാണ് കരുതിയത്. പക്ഷെ അത് തങ്ങളുടെ മേൽ പതിച്ച മറ്റൊരു ആഘാതമായിരുന്നു. രാജു പത്തുലക്ഷം രൂപ തങ്ങൾക്ക് തരാനുണ്ടെന്നും ,രാജുവിന്റെ പാസ്സ്പോർട്ട് തങ്ങളുടെ കൈവശമുണ്ടെന്നും ഒരു മാസത്തിനുള്ളിൽ പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ രാജു ജീവനോടെ നാട്ടിലെത്തില്ലെന്നും , പൈസ റെഡിയാക്കി വിളിക്കാനും പറഞ്ഞു് നമ്പർ തന്ന് അവർ പോയി.
പിന്നാലെ അമ്മ ബോധ രഹിതയായി നിലം പതിച്ചു. താൻ ഓടി പോയി കുറച്ച് വെള്ളം കൊണ്ടുവന്ന് മുഖത്ത് തളിച്ചു. ബോധം തെളിഞ്ഞ അമ്മ കരച്ചിൽ തുടങ്ങി. വീട് വിറ്റിട്ടായാലും എന്റെ കുഞ്ഞിനെ രക്ഷിക്കെന്ന് പറഞ്ഞു് അച്ഛന്റെ കാലു പിടിച്ചു.
അവസാനം എട്ട് സെന്റ് വസ്തുവിലുള്ള ,വീടും അഞ്ച് സെന്റും വിൽക്കാൻ തീരുമാനിച്ചു. പരിചയമുള്ള ഒരാൾ എടുക്കാമെന്നും, ബാക്കി യുള്ള മൂന്ന് സെൻറിൽ ഒരു വീട് വെച്ച് മാറാൻ ഉള്ള സമയം തരാമെന്നും സമ്മതിച്ചു.
കാര്യങ്ങൾ താൻ ചേട്ടനെ വിളിച്ച് പറഞ്ഞെങ്കിലും നിർവികാരമായി മൂളിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ബാധ്യത ഒഴിവായി പാസ്സ്പോർട്ട് കിട്ടിയ ഉടനെ മോനെ കാണാൻ നാട്ടിൽ വന്നു.
പക്ഷെ താൻ യാത്രയയച്ച ചേട്ടനായിരുന്നില്ല അത് . കണ്ടാൽ പോലും തിരിച്ചറിയാത്ത തരത്തിൽ ക്ഷീണിച്ചും അവശനായും വന്ന മകനെ കെട്ടിപ്പുണർന്ന് അമ്മ കുറെ കരഞ്ഞു. അവിഹിതമായി വികാരങ്ങൾ ശമിപ്പിച്ച് വന്നതിനാലാവാം തന്നെ തീരെ പരിഗണിച്ചില്ല.. മനസ്സിൽ വെറുപ്പ് കട്ടപിടിച്ചതിനാൽ താനും അധികം അടുപ്പം കാണിച്ചില്ല.. കുഞ്ഞിനെ താലോലിച്ച് പുറത്ത് പോയ ആൾ മടങ്ങി വന്നത് ആടിയാടി ആയിരുന്നു.. തന്റെ ജീവിതം കട്ടപ്പൊകയായെന്ന് അതോടെ അവൾക്കുറപ്പായി..
രണ്ട് മാസങ്ങൾക്ക് ശേഷം മടങ്ങിപ്പോകുമ്പോൾ മദ്യപിച്ച് ഒരു നാൾ ബലമായി തന്നെ പ്രാപിച്ചതിന്റെ വിത്ത് ഉദരത്തിൽ കിളിർത്ത് തുടങ്ങിയിരുന്നു..
ഒരു ജീവൻ തച്ചുടക്കാനുള്ള മനോധൈര്യമില്ലാത്തതിനാൽ അവൾ ഒരു പെൺ കുഞ്ഞിന്റെ കുടി അമ്മയായി..
അതിനിടക്ക് രോഗിയും വൃദ്ധനുമായ അച്ഛന്റെ ശ്രമഫലമായി ഒരു ചെറിയ വീട് പകുതി പണി തീർത്ത് അങ്ങോട് മാറി. പ്രാരാബ്ദവും ദാരിദ്ര്യവും എല്ലാം സഹിച്ചു, മക്കൾക്ക് വേണ്ടി ജീവിച്ചു.. അച്ഛന്റെയും അബുക്കായുടെയും നിർബന്ധം മൂലം എല്ലാ മാസവും ഒരു ചെറിയ സംഖ്യ അയച്ച് തന്നത്കൊണ്ടു് മക്കളെ നന്നായി പഠിപ്പിക്കുകയായിരുന്നു..
മൊബൈൽ റിംഗ് ചെയ്തപ്പോളാണ് അവൾക്ക് പരിസരബോധമുണ്ടായത്.
അബു ക്കയാണ്‌. അവൾ ആകാംക്ഷയോടെ ഫോൺ അറ്റന്റ് ചെയ്തു.
"അബുക്കാ എന്നാണുണ്ടായത് "?
എടുത്ത പാടെ അവൾ ചോദിച്ചു.
"മോൾക്കറിയാമല്ലൊ മദ്യപിച്ച് ജോലിക്ക് വരുന്നതിന്റെ പേരിൽ പലവട്ടം കമ്പനി താക്കീത് കൊടുത്തതാണ്. പക്ഷെ രാജു ഒന്നും മുഖവിലക്കെടുത്തില്ല..
ഇന്നലെ രാത്രി മദ്യപിച്ച് കമ്പനി വണ്ടി ഒരു ആക്സിഡൻറ് ഉണ്ടാക്കി. ഞാൻ കാല് പിടിച്ച് പറഞ്ഞത് കൊണ്ടു് മാനേജർ ഇടപെട്ട്, ജയിലിൽ ആക്കാതെ ഉടനെ കയറ്റി വിട്ടതാണ്..
മോളെ അവൻ അവിടെ എന്തെങ്കിലും ജോലി ചെയ്ത് മക്കളോടൊപ്പം ജീവിക്കട്ടെ.
ചിലപ്പോ ഒരു മാറ്റമുണ്ടായാലോ."
അവൾ ഒന്നും പറഞ്ഞില്ല..
ആ മനസ്സ് വായിച്ചത് കൊണ്ടാകാം അബുക്ക ഫോൺ കട്ട് ചെയ്തു..
"എന്ത് പറ്റി മോളെ നീ കുറെ നേരമായല്ലൊ ഇങ്ങിനെ ഇരിക്കുന്നു" അമ്മയാണ്.
" അമ്മേടെ മോനെ വിസ ക്യാൻസൽ ചെയ്ത് കമ്പനി കേറ്റി വിട്ടു. വൈകിട്ട് ഇങ്ങെത്തും."
"അയ്യോ ഭഗവതീ ചതിച്ചോ "
ഇനി മക്കളെ പഠിപ്പിക്കാനും വീട്ട് ചിലവിനും താൻ മുന്നിട്ടിറങ്ങിയേ തീരൂ എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു..
തന്റെ അമ്മയുടെ ഗതി തന്നെയാണ് വിധി തനിക്കും കാത്ത് വെച്ചിട്ടുള്ളത്..
ആത്മഹത്യ ഒന്നിനും പരിഹാരമല്ലാത്തത് കൊണ്ടു് ജീവിതത്തെ ധീരമായി നേരിടാൻ തന്നെ അവൾ ഉറച്ചു..
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo