Slider

പേരറിയാത്ത ചില ബന്ധങ്ങൾ

0

പേരറിയാത്ത ചില ബന്ധങ്ങൾ
**************************************
ഇന്നലെയും പതിവുപോലെ ഞാൻ അതിരാവിലെ തന്നെ എഴുന്നേറ്റ് അമ്പലത്തിൽ പോകാനിറങ്ങി ........ഒരു മതത്തിന്റയോ ജാതിയുടെയോ ആചാരങ്ങളെ പാലിക്കലല്ല ഈ അമ്പലദർശനത്തിന്റെ ലക്‌ഷ്യം ....ഇത് എനിക്കൊരു ശീലം മാത്രമാണ് ...ചെറുപ്പം മുതൽക്കെ അച്ഛൻ പഠിപ്പിച്ചൊരു ശീലം ...
വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം നടന്നെത്തിയപ്പോൾ അകലെ നിന്നും ഒരു പെൺകുട്ടി നടന്നു വരികയാണ് ..അവൾ അടുത്തെത്തുംതോറും എന്റെ ശ്വാസഗതിയിൽ വരുന്ന നേരിയ വ്യത്യാസം ഞാൻ മനസിലാക്കിയിരുന്നു ....ഉള്ളൊന്നുപിടഞ്ഞു ....മറച്ചു വെച്ചൊരു മഹാദുഃഖത്തിന്റെ ...നീറുന്ന വേദനയുടെ ഒരു നേർക്കാഴ്ച മുഖാമുഖം വന്നു നിൽക്കാനുള്ള ഒരുക്കത്തിലാണെന്നു തോന്നിപ്പോയി ..
മുൻപെവിടെയും ഈ പരിസരങ്ങളിൽ ഞാൻ കാണാത്തൊരു മുഖം
....പക്ഷേ ജീവിതത്തിൽ ഒരു നോവാർന്ന അനുഭവമേകി എന്നിൽ നിന്നകന്നു പോയൊരു മാലാഖയുടെ മുഖത്തിനോട് സാമ്യമുള്ളൊരു മുഖം ....ആ പെൺകുട്ടി അടുത്തെത്തുമ്പോഴേക്കും എന്റെ ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോയി ...
ഏകദേശം നാലര വർഷം പഴക്കമുണ്ട് ആ ഓർമ്മകൾക്ക് ...സ്വന്തം അനുഭവങ്ങളും ചിന്തകളും പ്രതീക്ഷകളും ഭാവനകളും എല്ലാം വെറും കടലാസുകളിൽ എഴുതി ചുരുട്ടിയെറിഞ്ഞിരുന്നൊരു കാലം .....എന്നോ ഒരിക്കൽ ചുരുട്ടിയെറിഞ്ഞ കടാലാസു കഷ്ണത്തെ തുറന്നു വായിച്ച എന്റെ മകൻ എന്നോട് സ്നേഹത്തോടെ വാശിപിടിച്ചപ്പോഴാണ് മുഖപുസ്തകം എന്ന സാമൂഹ്യ മാധ്യമത്തിൽ എഴുതാൻ തുടങ്ങിയത് ...പലവട്ടം ഭർത്താവ് ശ്രമിച്ചിട്ടും നടക്കാതെപോയ ഒരു കാര്യം ...മകന്റെ ഒരു വാക്കിൽ ഞാൻ അനുസരിച്ചു ....അതെ സ്ത്രീകൾ അങ്ങിനെയാണ് ...അമ്മയെന്ന വാക്കിൽ അലിഞ്ഞില്ലാതാവുന്നവർ ...
മുഖപുസ്തകത്തിൽ എഴുതിത്തുടങ്ങിയ എന്റെ ചിന്തകളെയും ..ഭാവനകളെയും വളരെ സ്നേഹത്തോടെയാണ് അനുവാചകരെ സ്വീകരിച്ചത് ...വളരെ പെട്ടന്ന് തന്നെ അവരുടെ മനസ്സിൽ ഒരു സ്ഥാനത്തിലെത്താനുള്ള ഭാഗ്യം എനിക്കുണ്ടായി ...പല ഗ്രൂപ്പുകളിൽ പ്രിയപ്പെട്ട സൗഹൃദങ്ങൾ എന്നെ കൂട്ടികൊണ്ടുപോയി ...സ്നേഹവും ,സാഹോദര്യവും ,അംഗീകാരവും ...സംരക്ഷണവും എല്ലാം നിറഞ്ഞു അനുഭവിച്ച സമയമായിരുന്നു അത് .....എല്ലായിടത്തും സജീവ സാന്നിധ്യത്തിൽ ഞാൻ വിരാജിച്ചു വന്ന സമയം ..
ആ ഇടയ്ക്കാണ് എന്റെ ഇൻബോക്സിൽ ഒരു ഹായ്,ഹെലോ ,ഗുഡ്മോർണിംഗ് ,ഗുഡ്‌നൈറ്റ് എന്ന പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പെൺകുട്ടി "ചേച്ചി" എന്ന് മാത്രം നീട്ടി വിളിച്ചത്
.....ആ വ്യത്യസ്തതയിൽ തന്നെ ആ പെൺകുട്ടിയോട് എനിക്ക് മാനസികമായൊരു അടുപ്പം തോന്നിയിരുന്നു ....
ഞാൻ ഒരല്പം അവകാശത്തോടെ തന്നെ "എന്താ മോളെ " എന്ന് തിരിച്ചു ചോദിച്ചു ......
അതിനു മറുപടി വന്നത് "ചേച്ചി സന്തോഷമായി ...ചേച്ചി എന്റെ വിളി കേട്ടല്ലോ "
ഞാൻ പറഞ്ഞു "ഞാനും മനുഷ്യവർഗ്ഗം തന്നെയാണ് ഒരു അത്ഭുതജീവിയൊന്നുമല്ല ട്ടോ മോളെ "
അറിയാം ചേച്ചി എന്റെ മനസ്സിൽ ഞാൻ ചേച്ചിയെ എത്രയോ ഉയരത്തിൽ ആണ് കാണുന്നത് ചേച്ചിയുടെ എഴുത്തുകൾ എല്ലാം ഞാൻ വായിക്കാറുണ്ട് ...ചേച്ചിയുടെ ചിന്തകളും ,ഭാവനകളും വായിച്ചറിഞ്ഞു ഇന്ന് ഞാൻ ആരാധനയിൽ നിന്നും ഒരുപടി മുകളിലെത്തി ചേച്ചിയെ ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു എന്നവൾ പറഞ്ഞു ...
സന്തോഷം മോളേ ഈ സ്നേഹത്തിനു എന്റെ നിറഞ്ഞ നന്ദി ....എന്ന് ഞാനും പറഞ്ഞു
ഒരു ചേച്ചിയെന്ന വിളിയിൽ എന്റെ മനസ്സിൽ കയറിയ അവൾ പിന്നീടെന്റെ സൗഹൃദലിസ്റ്റിലേക്കും ....എന്റെ ആത്മാവിലേക്കും പടർന്നു കയറുകയായിരുന്നു ....പരസ്പരം ഫോൺനമ്പറുകൾ കൈമാറി ....ജീവിതത്തിന്റെ എല്ലാ താളങ്ങളും അവളെന്നോട് പങ്കുവെച്ചു ...ബാല്യം മുതൽക്കേയുള്ള എല്ലാ വിവരങ്ങളും ...
അവളുടെ ശബ്ദവും മനോഹരമായ പൊട്ടിച്ചിരിയും എപ്പോഴാണെന്റെ ആത്മാവിനെ വരുതിയിലാക്കിയതെന്നു എനിക്ക് തന്നെ അറിയില്ല ...
ആറു മാസത്തോളം തമ്മിൽ കാണാതെ ആ അമൂല്യനിധിയെ ..ആ സ്നേഹത്തെ ഞാൻ ആവോളം ആസ്വദിച്ചിരിക്കുമ്പോഴേക്കും ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്തിരുന്നു ....ആ ഇടയ്ക്കാണ് അവൾക്കു കല്യാണം ആലോചിച്ചു കൊണ്ടിരിക്കുന്നത് ഓരോ ഫോട്ടോയും എനിക്കയച്ചു തന്നു ചേച്ചി എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നത് അവൾക്കൊരു ശീലമായിരുന്നു
.....ആലോചനകൾക്കിടയിൽ ഒരു ആലോചന ഉറപ്പിച്ചു
കല്യാണത്തിന് ചേച്ചി ഉറപ്പായും കുടുംബത്തോടെ വരണമെന്ന അവളുടെ കൊഞ്ചലിലെ ,,സ്നേഹത്തെ നിരാകരിക്കാൻ എനിക്കായില്ല ....ഞാൻ സകുടുംബം പോയി ആദ്യമായിട്ടാണ് ഞങ്ങളന്നു നേരിൽ കാണുന്നത് ...എന്നെ കണ്ടതും ഒരു കല്യാണപെണ്ണെന്ന എല്ലാ ബോധവും മറന്നു മണ്ഡപത്തിന്റെ ഉമ്മറത്തേക്ക് ഓടിക്കിതച്ചെത്തിയ അവളെ ഇന്നും ഞാൻ ഓർക്കുന്നു ഒരു വേദനയോടെ ...
സന്തോഷത്തിന്റെയും ..ആത്മാർത്ഥതയുടെയും തിരയിളക്കം ഇതുവരെ മറ്റൊരു കണ്ണിലും ഞാൻ അങ്ങനെ കണ്ടിട്ടില്ല....
വിവാഹച്ചടങ്ങുകളൊക്കെ പൂർത്തിയായതിനു ശേഷം അവളോട് യാത്രപറയാൻ ചെന്നപ്പോൾ ഒരു കല്യാണപെണ്ണെന്നതിന്റെ എല്ലാ പരിമിതികളെയും അവഗണിച്ചു അവളോടി വന്നെന്റെ കവിളിൽ അമർത്തിച്ചുംബിച്ചു കൊണ്ട് പറഞ്ഞു "സന്തോഷമായി ചേച്ചി "...എന്തോ ഒരു തരം നിര്വികാരതയിൽ നിലകൊണ്ട എന്റെ കാലുകളിൽ അവളുടെ കരസ്പർശം അനുഭവിച്ചപ്പോഴാണ് ഞാൻ വീണ്ടും യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയത് ....
മടങ്ങുമ്പോൾ എന്റെ കൈകളിൽ അവൾ ഏൽപ്പിച്ച ഒരു ചെറിയ സമ്മാനവും ഉണ്ടായിരുന്നു .....വീട്ടിലെത്തിയതും ആ സമ്മാനം ഞാൻ തുറന്നു നോക്കി ...അതിൽ അതിമനോഹരമായ ഒരു ഉണ്ണിക്കണ്ണന്റെ വിഗ്രഹം വളരെ ചെറുതാണ് എങ്കിലും ഒരുപാട് മൂല്യമുണ്ടായിരുന്നു അതിനു ....
പിന്നീട് രണ്ടുമാസത്തോളം വിവാഹജീവിതത്തിലെ സന്തോഷങ്ങളുടെ വർത്തമാനങ്ങൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളു അവൾക്കു .....രാജീവേട്ടൻ നല്ല ആളാണ് ചേച്ചി എന്നെ ശ്രീകുട്ടിയെന്നാണ് വിളിക്കുന്നത് എന്നെ നല്ല സ്നേഹമാണ് എന്നൊക്കെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ
അതിനിടയിൽ ആണ് ഞാൻ വീണ്ടുമൊരമ്മയാവാൻ പോകുന്ന വിവരം ഞാനവളെ അറിയിച്ചത് ...സന്തോഷത്തിന്റെ ഒരു തിരയിളക്കം തന്നെയാണ് അന്ന് അവളുടെ വാക്കുകളിൽ ഞാൻ അനുഭവിച്ചത്‌ .....മൊത്തത്തിൽ അവളുടെ ഒരു വിവരവുമില്ലാതെ എന്റെ ജീവിതത്തിലെ ഉദയവും അസ്തമനവും എല്ലാം വ്യർത്ഥമാണെന്നു വരെ തോന്നിയ ദിവസങ്ങൾ .......
പെട്ടെന്നൊരു ദിവസം മുതൽ അവളുടെ ഒരു വിവരവും ഇല്ലാതെയായി ...മെസേജില്ല ..വിളിയില്ല ...എന്റെ മെസേജുകൾക്കു മറുപടിയില്ല ...വിളിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ ഫോൺ നമ്പർ വർക്ക് ചെയ്യുന്നില്ല ....അവളുടെ അച്ഛന്റെയും അമ്മയുടെയും നമ്പറുകളിലേക്കു മാറി മാറി വിളിച്ചിട്ടും ഒരു പ്രതികരണവുമില്ല ...നേരിട്ട് അന്വേഷിക്കാൻ ഞാൻ അവളുടെ വീടുള്ള മണ്ണൂത്തിയെന്ന സ്ഥലത്തേക്ക് പോയി ...വീട് പൂട്ടിയിട്ടിരിക്കുന്നു ...അയല്വക്കത്തു അന്വേഷിച്ചപ്പോൾ അവർ അവരുടെ മകളുടെ കൂടെപോയി എന്നായിരുന്നു മറുപടി ...
നിരാശയോടെ ഞാൻ മടങ്ങി ...അപ്പോഴേക്കും എന്റെ വയറ്റിൽ എന്റെ മകൾക്കു ഏഴു മാസം വളർച്ചയായി.......മനസ്സിനെ ഏകോപിപ്പിച്ചു സധൈര്യം മുന്നോട്ടു നീങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു .....കാരണം എന്ത് ബന്ധമാണെന്ന് പോലുമറിയാതെ അവൾ എന്റെ എന്തൊക്കെയോ ആയി മാറിയിരുന്നു ..
കണ്ടെത്താൻ ഒരു വഴിയും ഇല്ലാതെ വല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നു പോയ ദിവസങ്ങൾ
പെട്ടെന്നൊരു ദിവസം എന്റെ ഫോണിലേക്കു അവളുടെ ഭർത്താവിന്റെ ഒരു കോൾ വന്നു ..."ഞാൻ രാജീവാണു ശ്രീലക്ഷ്മിയുടെ ഭർത്താവ് ...അവൾക്കു ചേച്ചിയെ ഒന്ന് കാണണമെന്നുണ്ട് ".....
ഒട്ടും പ്രതീക്ഷിക്കാത്ത ആ വിളിയിൽ ഞാൻ ആകെ അമ്പരന്നു നിൽക്കുമ്പോൾ എന്റെ കൈകളിൽ നിന്നും ഫോൺ വാങ്ങി എന്റെ ഭർത്താവ് സംസാരിച്ചു ...അവർതമ്മിൽ എന്തൊക്കെയോ സ്വകാര്യമായി സംസാരിച്ചു ..
അതിനുശേഷം എന്റെ ഭർത്താവ് എന്നോട് വന്നു പറഞ്ഞു നമുക്ക് തിരുവനന്തപുരം വരെ ഒന്ന് പോകാം ശ്രീലക്ഷ്മി ഇപ്പോൾ അവിടെയാണ് ...നിന്നെയൊന്നു കാണണമത്രേ വേഗം പുറപ്പെടൂ...ഇത്രയും കേട്ടപ്പോൾ തന്നെ ഞാൻ വേഗം ഒരുങ്ങാന് തുടങ്ങി ഗർഭാവസ്ഥയിലെ യാത്രയുടെ ബുദ്ധിമുട്ടുകളെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല ഞങ്ങൾ മകനെയും കൂട്ടി പുറപ്പെട്ടു
അവിടെ എത്തുന്ന വരെ ഞാൻ ഒരു നേരിയ ഉറക്കത്തിലായിരുന്നു ..യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കണം ...കണ്ണ് തുറന്നപ്പോൾ വണ്ടി നിൽക്കുന്നത് ഒരു വീടിന്റെ മുന്നിലല്ല .ഒരു ആശുപത്രി പരിസരമാണത് ...മെല്ലെ തലയുയർത്തി ഞാൻ ആ ആശുപത്രിയുടെ പേര് വായിച്ചു ...ആർ.സി.സി ...എന്റെ നെഞ്ചിലേക്കൊരു മിന്നൽപിണർ പാഞ്ഞത്പോലെ തോന്നി ....
രാജീവ് ഞങ്ങളെയും കൂട്ടി അതിനകത്തേക്കു പോയി ...അവിടെ ഒരുമുറിയിൽ ഒരു ബെഡിൽ കിടക്കുന്ന ആ രൂപത്തെ ഞാൻ ശരിക്കുമോന്നു നോക്കി ...ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത വിധം ഒരു രൂപം ...പക്ഷേ ആ കണ്ണുകൾ ...നല്ല ഭംഗിയുള്ള ആ രണ്ടു പൂച്ച കണ്ണുകൾ എന്നെ തളർത്തികളഞ്ഞു
ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു അത് എന്റെ ശ്രീലക്ഷ്മിയാണ് .....ശത്രുവിന് പോലും വരരുതാത്ത മാരകമായ കാൻസർ എന്ന അസുഖം അവളെ പിടികൂടിയിരിക്കുന്നത് വളരെ വൈകിയ സാഹചര്യത്തിലാണ് അറിഞ്ഞത് ...അവളുടെ ജീവിതത്തിനു ഡോക്ടർസ് പരിധി നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു ..
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് ...സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൾ ...എന്റെ ചലശേഷി നഷ്ടപെടുന്ന പോലെ തോന്നി എനിക്ക് ....അടുത്ത് ചെന്നപ്പോൾ അവൾ കൈകൾ ഉയർത്തി എന്റെ വയറ്റിൽ ഒന്ന് തലോടി ..."മേമടെ വാവ " എന്ന് പറഞ്ഞപ്പോഴേക്കും എന്റെ കാലിനടിയിലെ ഭൂമി പിളർന്നു പോയെന്നു തോന്നി .....
പിന്നെ അവൾ അനങ്ങിയില്ല ...സംസാരിച്ചിട്ടില്ല ....അവളെയൊന്നു സൂക്ഷിച്ചു നോക്കുന്നതിനിടയിൽ അവളുടെ കൈകളി ചുരുട്ടി വെച്ചിരിക്കുന്ന ഒരു കടലാസു തുണ്ടിലേക്കു എന്റെ ശ്രദ്ധപതിഞ്ഞു ..എന്റെ ഭർത്താവിനോട് ആംഗ്യഭാഷയിൽ അതൊന്നു എടുത്തു നൽകാൻ ആവശ്യപ്പെട്ടു ...അവസാനമായി അവളുടെ നിറയുകയിൽ ഒരുമ്മകൊടുത്തു ഞാൻ അവിടുന്ന് പുറത്തേക്കിറങ്ങി ...കണ്ണീരുപോലും വരാത്തൊരു അവസ്ഥ ...അതിനെ അക്ഷരങ്ങളിലേക്ക് പകർത്താനുള്ള അറിവെനിക്കില്ല ...
ആ കടലാസ് കഷ്ണം അതിലെന്തായിരിക്കും എന്ന് ചിന്തിക്കുന്നതിനിടയ്ക്കു ...രാജീവ് ആ കടലാസു തുണ്ടുമായി എന്റടുത്തേക്കു വന്നു "ചേച്ചി ഇത് ചേച്ചിക്കുള്ളതാണ് "
ഞാൻ വിറയ്ക്കുന്ന കൈകളോടെ ആ കടലാസു തുണ്ടു വാങ്ങി നിവർത്തി വായിച്ചു ...
"ചേച്ചി എനിക്കൊരു ആഗ്രഹം ഉണ്ട് ....ചേച്ചിയുടെ വിരലിൽ നിന്നുതിരണമെന്നു "...ഞാൻ ചേച്ചിക്ക് ആരായിരുന്നു എന്ന് ചേച്ചി എഴുതി അറിയണമെന്ന് "...ഒരുപക്ഷെ എന്നെങ്കിലും ഞാൻ ഇല്ലാതായെന്നറിഞ്ഞാൽ ചേച്ചി എന്നെക്കുറിച്ചു എന്തെങ്കിലും എഴുതുമോ ?എഴുതിയാൽ എന്തെഴുതും ?"
ഇത്രയും വായിച്ചപ്പോൾ അണയിട്ട് നിർത്തിയ എന്റെ മിഴിപ്പുഴ അറിയാതെ ഒഴുക്ക് തുടങ്ങി ........എന്റെ ഉത്തരം അറിയാതെയാണവൾ പോയത് ...ഇതിനു മുൻപ് ജീവനോടെയുള്ളപ്പോൾ എന്നോട് പലതവണ ചോദിച്ച അതെ ചോദ്യം അന്നൊക്കെ ഞാൻ ആ ചോദ്യത്തിന് മുൻപിൽ മൗനം പാലിക്കുകയായിരുന്നു ...സത്യത്തിൽ എനിക്ക് തന്നെ അറിയില്ലായിരുന്നു അവളെനിക്ക് ആരായിരുന്നു എന്ന്
അതിനുശേഷമാണ് എനിക്കൊരു മകൾ ജനിച്ചത് .. എന്നും അവളുടെ ഓർമ്മകൾ എന്റെയുള്ളിലെത്തുമായിരുന്നു ....മകൾക്കു പേരിടാൻ ഗുരുവായൂർക്കു പോയി ഞങ്ങൾ ...കുടുംബങ്ങളെല്ലാം ചേർന്ന് ഒരു പേര് തിരഞ്ഞെടുത്തു വെച്ചിരുന്നു ....പക്ഷേ അവിടെ ആ കൃഷ്ണ സന്നിധിയിൽ പേര് ചൊല്ലി വിളിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ തിരഞ്ഞെടുത്ത പേര് എന്റെ ഭർത്താവ് മകളുടെ ചെവിയിൽ വിളിക്കുന്നതിന്‌ മുൻപ് ...എന്നിൽ നിന്നും ഒരു പേര് പുറത്തുവന്നു ....ഞാൻ ഭ്രാന്തമായി പരിസരം മറന്നു പറഞ്ഞു പേര്----- "ശ്രീലക്ഷ്മി ".......
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം എന്റെ ഭർത്താവ് എന്നെ നോക്കിയൊന്നു ചിരിച്ചു ...ഞാൻ ഈ പേര് തന്നെ പറയും എന്ന് അദ്ദേഹത്തിന് മുൻകൂട്ടി അറിഞ്ഞിട്ടെന്ന പോലെയുള്ളൊരു ചിരി ....
അതെ അന്നാണ് ഞാൻ മനസിലാക്കിയത് അവൾ എനിക്കാരായിരുന്നു എന്ന് ...അതെ മനസ്സിലെ ചില ബന്ധങ്ങൾക്ക്‌ ഒരു പ്രത്യകസ്ഥാനം നിർണ്ണയിക്കാൻ വളരെ ബുദ്ധിമുട്ടാണ് ..
ഇന്നും ആ ചോദ്യം എനിക്ക് മാനസീകമായി അടുപ്പമുള്ള ചിലരോട് എന്റെ തന്നെ ചോദ്യമായി ഞാൻ ചോദിക്കാറുണ്ട് ...വളരെ ചുരുക്കം ചിലരോട് ...പലരും പലവിധത്തിലാണ് ഉത്തരം നൽകുന്നത്
...ചിലർക്കത് വിഡ്ഢിത്തം ...ചിലർ മൗനമാകുന്നു ......
പക്ഷേ ആവർത്തിച്ചു ചോദിച്ചു ഒരാളോട് "പെട്ടെന്നൊരു ദിവസം ഞാനില്ലെന്നറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ".........അവളെന്നിൽ നിന്ന് അറിയാൻ ആഗ്രഹിച്ച ചോദ്യത്തിന് ഉത്തരം തേടിയുള്ള ഒരു യാത്ര ...ഒരുപക്ഷേ ഇനി ഒരവസരം ലഭിച്ചാൽ ഞാനെന്തു പറയും ..
അങ്ങനെ ചോദ്യങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഈ കഴിഞ്ഞ ദിവസം ഞാൻ ഈ ചോദ്യം എനിക്കേറ്റവും അടുപ്പമുള്ള ഒരാളോട് ചോദിച്ചു ......ഭഗവാനേ ഈ ഉത്തരമെങ്കിലും എന്റെ ആത്മാവിനെ സ്പർശിക്കുന്ന ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്ന ഉത്തരം ആകാൻ എന്ന് പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്നു ......അദ്ദേഹം എന്റെ ചോദ്യത്തിന് ഉത്തരം നൽകി
" നിന്റെ മക്കളിലൊരാൾ നിന്നോടിത് ചോദിച്ചാൽ നീ എന്ത് ഉത്തരം നൽകുമോ അത് തന്നെയാണ് എന്റെ ഉത്തരം" എന്ന് പറഞ്ഞു അദ്ദേഹം നിർത്തി...
ആ വാക്കുകൾ എന്റെ ആത്മാവിനെ സ്പർശിച്ചു ...അതെ ഒരുപക്ഷേ അവൾ ആ ചോദ്യം എന്നോട് ചോദിച്ചപ്പോൾ എന്റെ മനസ്സ് പറഞ്ഞതും അതായിരിക്കണം .........അത്ര തീവ്രമായിരുന്നു ആ ചോദ്യം ...
പ്രിയപ്പെട്ട മകളെ ....എന്നെ ചേച്ചിയായി കണ്ടു നീ സ്നേഹിക്കുമ്പോഴും എന്റെ മനസ്സിൽ നിനക്ക് മകളുടെ സ്ഥാനാമായിരുന്നെന്നു ഞാൻ മനസിലാക്കാനും ....നീ എനിക്കാരാണെന്ന ഉത്തരം നിനക്ക് നൽകാൻ കഴിയാതെ പോയതിലും ഞാൻ ഇന്ന് ഏറെ ദുഖിക്കുന്നു ....അങ്ങകലെ മാലാഖമാരുടെ ലോകത്തിരിന്നു നീ കാണണം നീ ആവശ്യപ്പെട്ട പോലെ നീ ഇന്നെന്റെ വിരലുകളിൽ വീണുതിർന്നിരിക്കുന്നു .....നിന്നെ ഞാൻ എഴുതിക്കഴിഞ്ഞു ...അക്ഷരങ്ങളിലും ...ആത്മാവിലും ...നൊന്തുപെറ്റ എന്റെ മകളുടെ നാമത്തിലും നിന്നെ ഞാൻ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്നു .....ഇത് നീ വായിക്കണം ....പകുതി വെച്ച് മുറിഞ്ഞ എന്റെ വാക്കുകളെ ഇന്ന് ഞാൻ മുഴുവനാക്കുന്നു .............
നിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ കണ്ടെത്തിയിരിക്കുന്നു "നീ എന്റെ മനസ്സിൽ പിറന്ന മകളാണ് ".................
**സൗമ്യ സച്ചിൻ**
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo