Slider

"വഞ്ചന"യുടെ ബാക്കിപത്രം

1


രണ്ടു് ദിവസമായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്. ഇന്നെങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമെന്ന് കരുതി പലരോടും കൈ നീട്ടിയെങ്കിലും ഒരാൾ പോലും പത്ത് രൂപ തരുന്നില്ലല്ലൊ എന്നോർത്തപ്പോൾ അയാൾക്ക്‌ വിശപ്പിനെക്കാളുപരി സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അല്ലെങ്കിലും കൈ നീട്ടി വരുന്നവർക്ക് എന്തെങ്കിലും കൊടുക്കുന്ന പതിവ് തനിക്കും ഇല്ലായിരുന്നല്ലൊ..
ഇത് പോലെ പലരും മുൻപ് തന്റെ മുന്നിൽ വന്ന് യാചിച്ചിട്ടുണ്ടു്. അന്ന് അവരൊക്കെ തന്റെ കണ്ണിൽ കള്ളൻമാരും തെണ്ടികളുമായിരുന്നു..
ലക്ഷങ്ങൾ കൊണ്ടു് അമ്മാനമാടിയിരുന്ന താൻ കാരുണ്യ പ്രവർത്തനങ്ങൾക്കോ സാധുക്കൾക്കോ പത്ത് രൂപ പോലും നൽകാതെ എല്ലാം മക്കൾക്ക് വേണ്ടി സ്വരുക്കൂട്ടുകയായിരുന്നു.. പണം സമ്പാദിക്കാൻ വേണ്ടി ദൈവത്തിന്ന് നിരക്കാത്ത പലതും ചെയ്തു.. അതിന്റെയൊക്കെ ശിക്ഷയാണ് ഇന്ന് അനുഭവിക്കുന്നത്. എത്ര പെട്ടെന്നാണ് ലക്ഷാധിപതിയായിരുന്ന താൻ ഒന്നുമില്ലാത്തവനായി തീർന്നത്..
കുറെ വർഷങ്ങൾക്ക് പിന്നിലെ തന്റെ സുവർണ കാലം അയാൾ ഓർത്തു.
എത്ര സന്തോഷകരമായിരുന്നു അന്നത്തെ ജീവിതം. കേരളക്കരയിൽ ഗൾഫിന്റെ മാസ്മരിക സുഗന്ധം ആഞ്ഞടിച്ചിരുന്ന കാലം. ഗ്രാമത്തിലെ പലരും പെട്രൊ ഡോളറുമായി നാട്ടിൽ വന്ന് വിലസുന്നത് കണ്ടപ്പോഴാണ് തനിക്കും അങ്ങിനെ ഒരു മോഹം ഉദിച്ചത്. പിന്നെ താമസിച്ചില്ല. ഗൾഫിലേക്ക് ആളെ കയറ്റി വിട്ടിരുന്ന ഒരു ഏജന്റിനെ സമീപിച്ചു. ഒരു ബക്കാലയിലെ സെയിൽസ്മാന്റെ വിസയിലാണ് ഗൾഫിൽ എത്തിപെട്ടത്‌. അറബി നടത്തുന്ന സ്ഥാപനത്തിൽ. മാനേജർ തന്റെ തന്നെ നാട്ടുകാരനും.. ന്യായമായ ശമ്പളം ലഭിച്ചെങ്കിലും തന്റെ ചിന്ത മുഴുവൻ മുതലാളിയുടെ അമിത ലാഭത്തെക്കുറിച്ചായിരുന്നു.
പെട്ടെന്ന് മാനേജർക്ക് നാട്ടിൽ പോകേണ്ട അത്യാവശ്യം വന്നപ്പോൾ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം അറബി തന്നെഏൽപിച്ചത്, മാനേജരുടെ ശുപാർശയിലായിരുന്നു..
താൽകാലികമായി ആ കസേരയിലിരുന്നപ്പോൾ, ഇതെങ്ങിനെ സ്ഥിരമാക്കാമെന്നായി ചിന്ത മുഴുവൻ..
അങ്ങിനെ ആലോചിച്ചിരിക്കെയാണ് ഒരു ദിവസം ബിസിനസ്സ് കാര്യങ്ങളുടെ കൂട്ടത്തിൽ അറബി മാനേജറുടെ വിശേഷങ്ങൾ ചോദിച്ചത്. പെട്ടെന്നാണ് തന്റെ കുബുദ്ധി പ്രവർത്തിച്ചത്.. മാനേജർ ലക്ഷക്കണക്കിന് രൂപയുടെ ഒരു പ്രോപ്പർട്ടി വാങ്ങിയെന്നും, അതിന്റെ രജിസ്ട്രഷന് വേണ്ടി നാട്ടിൽ പോയതാണെന്നും തനിക്ക് അറിയാവുന്ന പോലെയൊക്കെ അറബിയെ ധരിപ്പിച്ചു..
പിന്നെയുള്ള ദിവസങ്ങളിൽ അറബിയെ സോപ്പിടാൻ പരമാവധി ശ്രമിച്ചു..
ഒട്ടും വൈകാതെ താൻ ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു.. മാനേജറുടെ വിസ കാൻസലാക്കുകയും തന്നെ ആ പദവിയിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു..
പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . മൂന്ന് നാലു് വർഷം കൊണ്ടു് അറബിയുടെ കച്ചവടം പൂട്ടിക്കൊടുത്തു.
അപ്പോഴേക്കും സ്വന്തമായി ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും താൻ പൂർത്തിയാക്കിയിരുന്നു..
ഒരു കൊച്ചു പയ്യൻ അൻപത് രൂപ നീട്ടി അപ്പുപ്പാ എന്ന് വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. അയാൾ ആർത്തിയോടെ ആ നോട്ട് വാങ്ങി ആ പയ്യനെ തൊഴുതു. അവൻ ചിരിച്ച് കൊണ്ടു് ഓടിപ്പോയി നിർത്തിയിട്ടിരുന്ന ഒരു കാറിൽ കയറി. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. റോഡരികിൽ ഇരുന്ന തന്റെ ദൈന്യത കണ്ടിട്ടാകണം ആ കുഞ്ഞു് ,കാർ നിർത്തിച്ച് തനിക്ക് പൈസയുമായി ഓടി വന്നത്.. ഇത് പോലെ മക്കളെ വളർത്തിയിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നെന്ന് നിരാശയോടെ അയാൾ ഓർത്തു.
പൈസ ലഭിച്ചപ്പോൾ വിശപ്പ് അസഹനീയമായത് പോലെ .. വേഗം അടുത്ത് കണ്ട ഹോട്ടലിലേക്ക് നടന്നു. കാലുകൾ വേച്ച് പോകുന്നു. വീണ് പോകുമോ എന്ന് അയാൾ ഭയപ്പെട്ടു . ഹോട്ടലിലേക്ക് കയറാൻ തുടങ്ങിയതും ഒരാൾ തടഞ്ഞു്, അനിഷ്ഠത്തോടെ എന്ത് വേണമെന്ന് ചോദിച്ചു. തന്റെ മുഷിഞ്ഞു് നാറിയ വേഷമാണു് കാരണമെന്നയാൾ ഊഹിച്ചു. "ഊണ് കഴിക്കാനാണ് ".
"ഇവിടെ ഇരുന്ന് കഴിക്കാൻപറ്റില്ല " വേണമെങ്കിൽ പൊതിഞ്ഞ് തരാം. നിവൃത്തിയില്ലാതെ ഒരു പൊതി ചോറും വാങ്ങി റോഡിലെ തണൽ മരത്തിന്റെ ചോട്ടിലിരുന്ന് ഊണ് കഴിച്ചു..
പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു. കൈ കഴുകി, ആ കുഞ്ഞിന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു.
മുറിഞ്ഞ ചിന്തകൾക്ക് വീണ്ടും ജീവൻ വെച്ചു.
അറബിയെ ചതിച്ചുണ്ടാക്കിയ പണം കൊണ്ടു് നല്ലൊരു സൂപ്പർ മാർക്കറ്റ് തുറന്നു. മുന്തിയ വാഹനം വാങ്ങി.. ഭാര്യയെ കൊണ്ടുവന്നു.. നാട്ടിൽ വസ്തുക്കൾ വാങ്ങിക്കൂട്ടി. അതിനിടയിൽ തനിക്ക് രണ്ടുമക്കളുണ്ടായി. മൂത്തത് പെണ്ണും പിന്നെ ഒരു മോനും. രാജകീയമായിരുന്നു അക്കാലത്തെ ജീവിതം .. മക്കൾ +2 വിനും പത്തിലും പഠിക്കുമ്പോളാണ് തന്റെ ശനിദശ ആരംഭിക്കുന്നത്‌. ഭാര്യക്ക് കാൻസർ ആയിട്ടായിരുന്നു അതിന്റെ തുടക്കം. നാട്ടിൽ കൊണ്ടുപോയി ഒരു പാട് ചികിത്സകൾ നടത്തിയെങ്കിലും അവൾ അവസാനം ഞങ്ങളെ വിട്ട് പിരിഞ്ഞു..
കുറച്ച് നാളുകൾക്ക് ശേഷം പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് താൻ മറ്റൊരു വിവാഹം കഴിച്ചത്. പക്ഷെ അത് തന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു.. ഒരു വിധത്തിലും മക്കളുമായി പൊരുത്തപ്പെട്ട് പോകുന്ന സ്വഭാവമായിരുന്നില്ല അവൾക്ക്.. എന്നും പ്രശ്നങ്ങളും അടിപിടിയും.
അവസാനം അതിന് ഒരു പരിഹാരമാകുമെന്ന് കരുതിയാണ് മകളെ പെട്ടെന്ന് വിവാഹം ചെയ്തയച്ചത്..
പക്ഷെ അതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. തന്റെ സ്വത്ത് മുഴുവൻ ഭാര്യ അടിച്ചെടുക്കുമെന്ന് മക്കളും, മക്കൾ തന്നെ തെരുവിലാക്കുമെന്ന് ഭാര്യയും ഭയപ്പെട്ടു. അവരുടെ യുദ്ധത്തിൽ തന്റെ മനസ്സമാധാനവും ഗൾഫിലെ ബിസ്സിനസ്സും എല്ലാം നഷ്ഠമായി..
അവസാനം മക്കളുടെ നിർബന്ധത്തിന് വഴങ്ങി ഭാര്യയെ ഒഴിവാക്കി.. പക്ഷെ അവൾ ലക്ഷങ്ങൾ ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.. അതിൽ നിന്ന് രക്ഷപ്പെടാൻ മക്കളും മരുമകനും ഉപദേശിച്ച് തന്ന ബുദ്ധി മൂലമാണ് താൻ ഇന്ന് തെരുവിലായത്..
തന്റെ വീടും ,സ്വത്ത് മുഴുവനും മരുമകന്റെ പേരിൽ എഴുതി വെച്ചു.. മകനെയും അവൻ വശത്താക്കി.
കേസിന് ഒരു പൈസ പോലും ചിലവാക്കാൻ അവർ തയ്യാറായില്ല..
അച്ഛന് സ്വത്തൊന്നുമില്ലെന്ന് കോടതിക്ക് ബോദ്ധ്യ പ്പെടണമെങ്കിൽ അച്ഛൻ തെരുവിൽ തന്നെ കഴിയണമെന്ന് അവർ വിധിയെഴുതിയപ്പോളാണ് ,താൻ മറ്റൊരാളെ ചതിച്ച് നേടിയത് മുഴുവൻ തനിക്ക് നഷ്ടമായെന്ന യാഥാർത്ഥ്യം അയാൾക്കു് ബോദ്ധ്യപ്പെട്ടത്..
ബഷീർ വാണിയക്കാട്.
1
( Hide )
  1. കൊള്ളാം.നല്ല കഥ.
    വിതച്ചത്‌ കൊയ്യുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo