Slider

സ്വർഗപുത്രി - കഥ

0


ഒരു വശത്തു് സ്വർഗ പൂന്തോപ്പുകളിലൂടെ ഒഴുകുന്ന സുന്ദരമായ അരുവികൾ .....
മറു വശത്ത് കണ്ണഞ്ചിപ്പിക്കുന്ന ഉദ്യാനങ്ങൾ.....
മനോഹരമായ ആട്ടു കട്ടിലുകളിൽ ഇരുന്ന് സൊറ പറയുന്ന സ്വർഗീയ വാസികൾ .....
സ്വർണത്തളികയിൽ മുന്തിയ ഇനം പഴങ്ങളും ലഹരി ബാധിക്കാത്ത മദ്യചഷകങ്ങളുമായി രാജകുമാരൻമാരെ പോലെ തോന്നിക്കുന്ന പരിചാരകർ......
ഭുമിയിൽ കണ്ടിട്ടില്ലാത്ത വിധം സുന്ദരികളും സുന്ദരൻമാരുമായ സ്വർഗീയ സ്ത്രീകളും പുരുഷൻമാരും......
ദൈവ ദാസൻമാർക്ക് സ്വാഗതമോതി കടന്ന് പോകുന്ന ദൈവത്തിന്റെ മാലാഖമാർ.....
അവൾ തന്റെ പ്രിയതമനോടൊപ്പം സ്വർഗീയ കാഴ്ചകൾ കണ്ട് നടക്കുകയാണ്..
ഭുമിയിൽ തങ്ങൾക്ക് നഷ്ഠമായ മൂന്ന് പിഞ്ചു് മക്കളോടൊപ്പം..
തന്റെ മകൾ അൽഫിയയെ അവൾ കൊതിയോടെ നോക്കി. ആര് കണ്ടാലും വാരി പുണരാൻ കൊതിക്കുന്ന കൊച്ചു സുന്ദരി. ഭൂമിയിൽ മൂന്ന് വർഷം മാത്രം തങ്ങളോടൊപ്പം കഴിഞ്ഞു്, കണ്ടു കൊതി തീരും മുൻപെ സ്വർഗത്തിലേക്ക് പറന്ന് പോന്ന തന്റെ പൊന്നുമോൾ.
തങ്ങളുടെ സ്വർഗ പ്രവേശനത്തിന് വഴിയൊരുക്കിയ തന്റെ പൊന്നുമക്കളെ നോക്കി അവൾ അല്ലാഹു വിനെ സ്തുതിച്ചു.
തന്നെ ദുഃഖപുത്രിയെന്ന് വിളിച്ച് തന്നോട് സഹതാപം കാണിച്ച തന്റെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞിരുന്നെങ്കിലെന്ന് അവൾ ആശിച്ചു..
മോളെ , മോളെ എളീമ്മ തട്ടി വിളിച്ചപ്പോഴാണ്, താൻ സ്വപ്ന ലോകത്തായിരുന്നെന്ന് അവൾക്ക് ബോധ്യമായത്.
കരഞ്ഞു് വിങ്ങിയ കണ്ണുകളുമായി മുന്നിൽ ഉമ്മ. വാപ്പ മരിച്ചത് മുതൽ തുടങ്ങിയതാണ് ഉമ്മയുടെ നിലക്കാത്ത കണ്ണീർ പ്രവാഹം. അതിന് കാരണക്കാരി ഭാഗ്യഹീനയായ താനാണല്ലൊ എന്നോർത്തപ്പോൾ സങ്കടം താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
വീട്ടിൽ നിറയെ ആളുകൾ. എല്ലാ മുഖങ്ങളിലും സങ്കടക്കണ്ണീർ. എല്ലാവരും തന്നെയോർത്ത് ഏറെ ദുഃഖിക്കുണ്ടെന്ന് അവരുടെ മുഖങ്ങൾ വിളിച്ച് പറയുന്നു. എല്ലാവരുടെയും സഹതാപനോട്ടം തന്നിലാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത എല്ലാവരോടും ചിരിച്ച് മാത്രം സംസാരിക്കുന്ന സാധുവായ തനിക്ക് ഈ ഗതി വന്നതിലാണ് എല്ലാവർക്കും ദുഃഖം.
മൂന്ന് വയസ്സ് കാരിയായ അൽഫിയയെ അവസാനമായി ഒരു നോക്ക് കാണാൻ തിരക്ക് കൂട്ടുന്ന ബന്ധുക്കളും നാട്ടുകാരും . മാമ പറയുന്നത് കേട്ടു, ളുഹറിന് മുൻപ് മയ്യിത്ത് മറമാടണം. അകലെ നിന്നു വരുന്ന ഇക്കാക്കയെയും നാത്തൂനെയും കാത്തു് നിൽക്കാൻ കഴിയില്ലത്രെ.
മോളെ നമ്മുടെ അൽഫി പോകുകയാണ്. അവസാനമായി അവളെ യാത്രയാക്ക്.
ഉമ്മയുടെ വാക്കുകൾ തൊണ്ട കഴിയിൽ കുരുങ്ങി . അടുത്തിരുന്നവർ കൂടി തന്നെ താങ്ങിയെടുത്തു് ഹാളിലേക്ക് കൊണ്ടുപോയി.
വെള്ളത്തുണിയിൽ ഒരു 'കൊതുമ്പ് ' പൊതിഞ്ഞ് വെച്ചതു് പോലെ മേശപ്പുറത്ത് അന്ത്യയാത്രക്കൊരുങ്ങി തന്റെ പൊന്നുമോൾ. തേജസ്സാർന്ന അവളുടെ മുഖത്ത് തുരുതുരെ ഉമ്മ നൽകിയത് മാത്രം ഓർമയുണ്ടു്.
ഉണർന്നപ്പോൾ എല്ലവരുമുണ്ടു് ചുറ്റിലും . അർദ്ധ മയക്കത്തിൽ ചിലരുടെ വാക്കുകൾ അവൾക്ക് അവ്യക്തമായി കേൾക്കാം. ഒരു സ്ത്രീക്കും തന്റെ വിധി വെക്കല്ലെ എന്ന് ഒരു അയൽക്കാരി. മൂന്ന് പ്രസവിച്ചിട്ടും ഒന്നിനെ പോലും ലഭിക്കാത്ത ദുഃഖപുത്രിയെന്ന് തന്റെ കൂട്ടുകാരികൾ. അല്ലാഹു എന്തിനാണ് ഈ പാവം പെണ്ണിനെ ഇങ്ങിനെ പരീക്ഷിക്കുന്നതു്.
തന്നോടുള്ള സഹതാപ വർത്തമാനങ്ങൾക്കിടയിൽ തനിക്ക് ഓർമ വന്നത്, മരണവാർത്തയറിഞ്ഞ് ആദ്യം എത്തിയ തന്റെ അമ്മായിയുടെ വാക്കുകളാണ്. "മോളെ മക്കൾ അല്ലാഹു വിന്റെ വരദാനമാണ്. അവന് അത് തിരിച്ചെടുക്കാനും അവകാശമുണ്ടു്. അല്ലാഹുവിൽ ഭരമേൽപിച്ച് ക്ഷമ കൈക്കൊള്ളുക." നിന്റെ പൊന്നുമക്കൾ സ്വർഗത്തിൽ നിങ്ങളെയും കാത്ത് ഇരിക്കും. നിഷ്കളങ്കയായ നിനക്ക് അവരുടെ പ്രാർത്ഥന മൂലം സ്വർഗം ലഭിക്കും. തനിക്ക് സമാധാനവും ക്ഷമയും നൽകിയ വാക്കുകൾ.
കൂടപ്പിറപ്പുകൾ ഉമ്മയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഉമ്മയാണ് ആഴ്ചകളായി തനിക്കും അൽഫി മോൾക്കും ആശുപത്രി വരാന്തകളിൽ പ്രാർത്ഥനയോടെ, നിറകണ്ണകളോടെ ഉറക്കമിളച്ചതു്. ഒരു പക്ഷെ തന്നെക്കാൾ വേദനിച്ചതു്.
പള്ളിയിലേക്ക് പോയവർ തിരിച്ച് വന്ന് കൊണ്ടിരിക്കുന്നു. വന്നവർ വന്നവർ തന്റെ മുറിയിൽ വന്ന് എത്തി നോക്കി പോകുന്നു. എല്ലാ മുഖങ്ങളിലും കണ്ണീർ പാടുകൾ. തന്റെ എല്ലാ മെല്ലാമായ ഇക്കയാണ് മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് പള്ളിയിലേക്ക് കൊണ്ടുപോയതത്രെ. തന്റെ മൂന്ന് മക്കളെയും നെഞ്ചിലേറ്റി കൊണ്ടുപോയി ഒരേ പള്ളിപ്പറമ്പിലെ ഖബറിൽ വെച്ച ഇക്കയുടെ വേദന മറ്റുള്ളവരുടെ മുൻപിൽ അദ്ദേഹം ഉള്ളിലൊതുക്കുകയാണ്. അൽഫിയുടെ മരണം ഡോക്ടർമാർ പ്രവചിച്ചപ്പോൾ, തന്നെ സമാധാനിപ്പിച്ച ഇക്കയുടെ വിഷമം താൻ കണ്ടതാണ്.
പരസ്പരം സമാധാനിപ്പിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും.
ജനിച്ച ഉടനെ ആയത് കൊണ്ട് ആദ്യ രണ്ട് മരണങ്ങളിൽ പടച്ചവൻ ക്ഷമയും സഹനവും തന്നു.
പക്ഷെ ഇതു് .............
അവളുടെ ഓർമകൾ പിന്നിലേക്ക് പറന്നു.
വാപ്പയും ഉമ്മയും ഇക്കാമാരും കുടിയ സന്തുഷ്ട കുടുംബം. ഇക്കമാർ പഠിക്കാൻ മിടുക്കൻമാരായിരുന്നു. മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്ന് സ്വപ്നം കണ്ട വാപ്പയുടെ ആഗ്രഹം സഫലമാക്കാൻ തനിക്ക് കഴിഞ്ഞില്ല. എത്ര ശ്രമിച്ചിട്ടും തനിക്കതിന് കഴിയില്ലെന്ന് മനസ്സിലാക്കിയ വാപ്പ തന്നെ കെട്ടിച്ചയക്കാൻ തീരുമാനിച്ചു. ഉമ്മയുടെയും സഹോദരൻമാരുടെയും അഭിപ്രായവും അതായിരുന്നു. അങ്ങിനെ വലിയ നിലയിലൊന്നുമല്ലെങ്കിലും തനിക്ക് ചേർന്ന ഒരു പയ്യനെ വാപ്പ തന്നെ കണ്ട് പിടിച്ചു. വിവാഹം എത്രയും വേഗം നടത്താൻ തിരക്ക് വാപ്പാക്കായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
സ്നേഹ സമ്പന്നനായിരുന്നു ഇക്ക. ചുരുങ്ങിയ നാളുകളേ കുടുംബത്തിലെ സന്തോഷം നിലനിന്നുള്ളു.
വാപ്പാക്ക് ഒരു പനി വന്നു. കാര്യമാക്കാതെ ജോലിക്ക് പോയി. തീരെ വയ്യാതായപ്പോളാണ് ആശുപത്രിയിൽ പോയത്. പക്ഷെ വൈകിപ്പോയിരുന്നു.
അതോടെ ഉമ്മയുടെ ദുഃഖങ്ങൾക്ക് തുടക്കമായി. വിദ്യാ സമ്പന്നരായ ഇക്കാമാർക്ക് ജോലിയായത് ഉമ്മാക്ക് അല്പം ആശ്വാസമായി.
അതിന് ശേഷമാണ് തന്നിലൂടെ ഉമ്മ വീണ്ടും പരീക്ഷിക്കപ്പെടുന്നത്. ഒരുകുഞ്ഞിനെ താലോലിക്കാൻ കാത്തിരുന്ന തന്റെ ആദ്യത്തെയും രണ്ടാമത്തെയും അരുമകൾ ജനിച്ച് അധികം വൈകാതെ യാത്രയായി. ഒരുപാട് പ്രാർത്ഥനകൾക്കും ചികിത്സക്കും ശേഷം കിട്ടിയതാണ് അൽഫിയയെ. നാലഞ്ചു് മാസം വരെയെ ആ സന്തോഷം നീണ്ടു നിന്നുള്ളു.
ഭിന്നശേഷിയുള്ള കുട്ടിയാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസം. ഒരു പാട് കരഞ്ഞു.
എന്തും സഹിച്ച് അവളെ ചികിത്സിക്കാൻ തീരുമാനിച്ചു. കുഞ്ഞിപെങ്ങൾക്ക് വേണ്ടി എഞ്ചിനിയർമാരായ ഇക്കാക്കമാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നാട്ടുകാരുടെ അഭിപ്രായപ്രകാരം ഉമ്മ മുൻകയ്യെടുത്ത് പലയിടങ്ങളിലും താമസിച്ച് ചികിത്സകൾ നടത്തി നോക്കി. പക്ഷെ അല്ലാഹു വിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
അമ്മായിയുടെ വാക്കുകൾ അവൾക്ക് വീണ്ടും ജീവിക്കാനുള്ള പ്രതീക്ഷയേകി.
ഇനിയും അല്ലാഹു ഉദ്ദേശിക്കുന്ന പരീക്ഷണങ്ങൾ നേരിടാൻ അവൾ മാനസികമായി തയ്യാറെടുക്കുകയായിരുന്നു. സ്വർഗത്തിൽ വെച്ച് തന്റെ പിഞ്ചോമനകളെ വാരിപ്പുണരാനും ഉമ്മകൾ കൊണ്ടു് പൊതിയാനും അവൾ കാത്തിരിക്കുകയാണ്, പ്രതീക്ഷയോടെ....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo