Slider

ഉണ്ണിമായ ഒരു പെണ്ണാണ്

0
നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ====

കാറ് മനയിലേക്കുള്ള വഴി തിരിയുമ്പോളേ കണ്ടു
ആൽത്തറയിൽ ശ്രീനിയേട്ടൻ.
വാക്കുകളുടെ ആവേശം പുറത്തേക്കു വരുന്ന പുകയിൽനിന്നും മനസ്സിലാക്കാം. ശ്ശെ..പതിയെ മുഖം തിരിച്ചു കണ്ണുകളടച്ചു
അവിടെ ശ്രീനിയും താനും ജയേട്ടനും...ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ചു വളർന്നവർ.വീക്ഷണങ്ങളിലെ,അഭിപ്രായങ്ങളിലെ
വൈരുധ്യങ്ങൾ അവരെ രണ്ടു ദിശകളിലാക്കി.പാവം ശ്രീനിയുടെ പക്ഷത്തായതിനാലാവാം ജയേട്ടന് എന്നോടും
അകൽച്ച.വല്യമ്മാമയുടെ മോനാണ് ജയേട്ടൻ.വല്ലപ്പോഴും ഒരു ലൈബ്രറി പുസ്തകം കൈമാറൽ , അത്യാവശ്യം കുശലം പറച്ചിൽ
തീർന്നു. .
എന്നാൽ ശ്രീനിയേട്ടൻ ,വിപ്ലവം തലയിൽ കയറിയ,
ചുവപ്പിനെ സ്നേഹിച്ച ഒരു നിഷ്കളങ്ക ഭ്രാന്തൻ.
അന്ന് എന്റെ കരിനീല യൂണിഫോറത്തിലെ ചവപ്പുനിറം ആദ്യമായി കണ്ടുപിടിച്ചതും ശ്രീയായിരുന്നു.
വൈകിയില്ല സൗഹൃദത്തിലും പടർന്നു. .പ്രണയത്തിന്റെ ചുവപ്പ്.
ഉണ്ണിമായയുടെ കണ്ണുകൾക്ക് എന്തൊരഴകാണ്..
പ്രണയത്തിന്റെ ഗുൽമോഹറുകൾ പടർന്നു പന്തലിച്ചു പൂവിട്ടത് ആരുമറിഞ്ഞില്ല....മറ്റുള്ളവരുടെ കണ്ണിൽ എന്നുമതൊരു നല്ല സൗഹൃദത്തിന്റെ പൂങ്കാവനമായിരുന്നു.
കാറ് വീട്ടുപടിക്കലെത്തിയിരിക്കുന്നു.ചെറിയൊരു സ്യൂട്ട്കേസും ഷോൾഡർബാഗുമായി ഉണ്ണിമായ പുറത്തിറങ്ങി.
അമ്മ ഓടി വന്നു പെട്ടി വാങ്ങി. വേണ്ടമ്മേ അതിലൊന്നുമില്ല കനമായിട്ട്..ഞാനെടുത്തോളാം.
ഒന്നു ചിരിച്ച് അമ്മ അതുമായി മുന്നേ നടന്നു.
ജയനെന്തു പറഞ്ഞു. ...വരില്ലേ മോളേ ?
അമ്മ ചോദിക്കുന്നു
"ഓ ..രണ്ടു ദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞിട്ടുണ്ട്. പ്രസിഡണ്ടിനില്ല ഇത്രയും തിരക്ക്.""
വാതിൽക്കൽനിന്ന അച്ഛനും ചിരിക്കുന്നു.
ഞാൻ സത്യമാണു പറഞ്ഞത്. വല്യമ്മാമയാണ് ഒടുവിൽ രണ്ടു ദിവസം മുമ്പ് വിളിച്ചു നിർബന്ധം പറഞ്ഞത് വന്നേപറ്റൂന്ന്.
നാട്ടിൽ പോകുന്ന കാര്യംപറഞ്ഞപ്പോളേ ജയേട്ടൻ
ചീറി .
അഛനങ്ങിനെ പറഞ്ഞാമതി.ഇവിടുത്തെ കാര്യങ്ങൾ അഛൻവന്നു നോക്കുവോ.?സ്വന്തമായിഒരു ബിസിനസ് സ്ഥാപനം
നോക്കി നടത്തണമെങ്കിൽ കുറച്ചൊന്നുമല്ല ബുദ്ധിമുട്ട്. പറഞ്ഞാൽ മനസ്സിലാകുമോ
ജയേട്ടൻ ദേഷ്യത്തോടെ ഫോൺ കട്ടാക്കി.
വിഷമിച്ചിരിക്കുന്ന വല്യമ്മാമയുടെ മുഖമോർത്തപ്പോൾ എനിക്ക് ജയേട്ടനോടും വല്ലാത്ത ദേഷ്യം
തോന്നി .പാവം വല്യമ്മാമ....ആരെയാണ് കുറ്റം പറയുക ?
എല്ലാവർക്കും എല്ലാത്തിനും അവരുടേതായ കാര്യങ്ങളുണ്ട്.. കാരണങ്ങളും. മറ്റുള്ളവരുടെ ചിന്താഗതികൾക്ക് ആരാണ് മുൻഗണന കൊടുക്കുന്നത്. ഒരു പെണ്ണായ ഞാൻ പോലും
എന്നും എന്റെ കാര്യങ്ങൾ കഴിഞ്ഞേ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുള്ളു.
അതിന്റെ ഉത്തമ ഉദാഹരണമാണ് വിവാഹം പോലും.
ശ്രീനിയേട്ടന്റെ കവിതയാണ്ഓർമ്മ വരുന്നത്.
പെണ്ണ് ലതയാണ് ...
ചിലപ്പോൾ ചപലത..
ശരിയാണ്. അന്ന് ചിരിച്ചതേയുള്ളു. ...പക്ഷേ ഇന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ട്.
വല്യമ്മാമയുടെ മകൻ ജയശങ്കറിനെ വിവാഹം കഴിക്കാൻ ഏറെ നിർബന്ധം പിടിച്ചത് അമ്മയായിരുന്നു.
അവനെന്താ ഒരു കുറവ്. .സുന്ദരനല്ലേ
വിദ്യാഭ്യാസമില്ലേ?
ഇത്ര ചെറിയ പ്രായത്തിലേ സ്വന്തമായി ഒരു
ബിസിനസ്.
തലമുറ തലമുറയായി കൈമാറി വരുന്ന കോടികളുടെ ആസ്തിയുണ്ട്..
ഈ സത്യങ്ങളുടെ മുന്നിൽ ദിവസങ്ങളോളം മൂകതയിലായിരുന്നു ഈ ഉണ്ണിമായ.
മനസ്സിന്റെ തുലാസിൽ രണ്ടു ചിത്രങ്ങൾ.
വിപ്ലവത്തിന്റെ തുലാസ് അങ്ങ് ആകാശത്തോളം
ഉയർന്നുപോയി. സമ്മതമറിയിക്കുന്നതിനു മുമ്പ് ഒന്ന് പൊട്ടിക്കരയണമെന്നു തോന്നി. അതിനും മറുപടി തന്നത് ജയേട്ടനാണ്.നിനക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല...കാരണം എന്റെ ഇല്ലായ്മയുടെ കണക്കെടുക്കാനല്ല ഞാൻ നിന്നെ വിളിക്കുന്നത്. ..ഇനി നിന്റെയിഷ്ടം....
കൂട്ടലുകളും കിഴിക്കലുകളും...എന്നിലെ പെണ്ണിന്റെ ബുദ്ധി ഉണർന്നു പ്രവർത്തനം തുടങ്ങി...
ഏതൊരു പെണ്ണും മോഹിച്ചു പോകുന്ന സൗന്ദര്യമുണ്ട് ജയേട്ടന്...ഭ്രമിച്ചുപോകുന്ന ജീവിതസൗഭാഗ്യങ്ങളും...
ഒന്നു കരഞ്ഞുതോർന്നപ്പോൾ മനസ്സും മുഖവും
തെളിഞ്ഞു.
മനസ്സിലെ പ്രണയപ്പൂക്കൾ കൊഴിഞ്ഞു വീണു. പാവം ശ്രീനിയേട്ടൻ.
കല്യാണത്തിന് ഉപ്പ് വിളമ്പൽമുതൽ എല്ലാത്തിലും
ഓടി നടക്കുകയായിരുന്നു. ആ കലങ്ങിയ കണ്ണുകൾ
ആരും കണ്ടില്ല . ഞാനും.
ഇന്നലെ വരെ എന്നെ കുറിച്ച് എഴുതാറുണ്ടായിരുന്ന കരിംപച്ച കളറിലുള്ള ആ വലിയ ഡയറിയിലെ ഇനിയുള്ള വരികൾ
ശോകസാന്ദ്രമായിരിക്കും...
ശരിക്കും ചതിച്ചതാണോ ഞാൻ. ..ഏയ് ഒരിക്കലുമല്ല.പെണ്ണ്.പെണ്ണാണു ഞാൻ. ചപലതകളുള്ളവൾ.ശ്രീനിയേട്ടന് ഈ സത്യം അറിയാവുന്നതാണ്. അഡ്ജസ്റ്റ് ചെയ്യട്ടെ. .
അല്ലാതെന്തു പറയാൻ !!!
അങ്ങിനെ വിവാഹവും പറിച്ചുനടീലുമൊക്കെയായി അഞ്ചു വർഷങ്ങൾകഴിഞ്ഞിരിക്കുന്നു.
ഇതിനിടയിൽ പലതവണ നാട്ടിൽ വന്നു പോയി.
ശ്രിനിയേട്ടെന മാത്രം കണ്ടില്ല. കാണാൻ മനപൂർവം ശ്രമിച്ചില്ല എന്നു വേണം പറയാൻ.
എല്ലാവരുടെയും തുടർച്ചയായുള്ളചോദ്യങ്ങളാണ്
ഈയൊരു ചോദ്യം സ്വയം ചോദിക്കാൻ പ്രേരിപ്പിച്ചത്.
എന്താണ് കുട്ടികളൊന്നും ആവാത്തത് ?
ആ ആർക്കറിയാം ?
ജയേട്ടനോടു ചോദിച്ചാൽ പറയും
സമയമായിട്ടുണ്ടാവില്ല. ആകുമ്പോൾ ഉണ്ടായിക്കോളും
ഡോക്ടറെ കാണാൻ ജയേട്ടനു മടിയാണ്.അഥവാ ആർക്കെങ്കിലും
എന്തെങ്കിലും കുഴപ്പമാണെങ്കിൽ തമ്മിൽ അകൽച്ചയുണ്ടാകും പോലും. ..
അസോസിയേഷന്റെ മീറ്റിംഗുകൾ, പ്രോഗ്രാമുകൾ
ഒക്കെ ഇപ്പോൾ മനസ്സു വല്ലാതെ അസ്വസ്ഥമാക്കുന്നു.ജയേട്ടന്റെ ഫ്രണ്ട്സിന്റെയൊക്കെ കുട്ടികളെ കാണുമ്പോൾ നെഞ്ചിലൊരു വീർപ്പുമുട്ടലാണ്.
ഒരമ്മയാകാനുള്ള മോഹം തീക്കനലായി എരിയുകയാണ്.
ജയേട്ടൻ ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ
ഏക ആശ്വാസം ഫേസ്ബുക്കും വാട്സാപ്പുമൊക്കെയാണ്.
ഇപ്പോളതും വല്ലാത്ത വെറുപ്പിക്കലാണ്.
എല്ലാ ലെവളുമാരുമിപ്പോൾ നല്ലെഴുത്തിന്റെ കൂട്ടായ്മയിൽ സജീവമാണ്. എഴുതുന്നതിലധികവും സ്വന്തം കുട്ടികളെക്കുറിച്ച്.പ്രത്യേകിച്ചും വിനീത.സ്വന്തം കുട്ടികളെ മാത്രമല്ല. ..വല്ലവന്റെ കുട്ടികളെയും വെറുതെ വിടുന്നില്ല.വന്നു വന്നു വിജിതയും
അങ്ങിനെ തന്നെ...കഥയോടു കഥ...കൊതിയാവും
വായിക്കാൻ.
എന്തായാലും ഒരു കുട്ടി വേണം.എനിക്ക് മടുത്തു...തനിയെ...
അപ്പോഴാണ് വല്യമ്മാമയുടെ വിളി.
മണ്ണാറശ്ശാലയിലൊരു ഉരുളി കമിഴ്ത്തണം.പിന്നെ
സർപ്പംപാട്ടും.
സർപ്പകോപമാണത്രെ.. നെഞ്ചൊന്നു കാളി .
ജയേട്ടൻപക്ഷേ ഒന്നിനും സമ്മതിക്കുന്നില്ല.
പിന്നെ, ,,,കുഞ്ഞുങ്ങളുണ്ടാകാത്തതിന് സർപ്പങ്ങളാണോ കാരണം? ഓരോരോ വിശ്വാസങ്ങൾ. ...
ഉരുളി കമിഴ്ത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമോ
എനിക്ക് വയ്യ ഇതൊന്നും വിശ്വസിക്കാൻ. ..
എന്റെ മനസ്സ് തീർത്തു പറയുന്നുണ്ടായിരുന്നു.പോവണം. ..പോയേ പറ്റൂന്ന്....
അതിനാണ് ജയേട്ടനോടു പോലും പറയാതെ ടിക്കറ്റ് ബുക്ക് ചെയ്തത്. ആദ്യമായാണ് പറയാതെയൊരു തീരുമാനം. ...എന്തോ അറിഞ്ഞപ്പോൾ പ്രതികരണമൊന്നും ഉണ്ടായില്ല.
പകരം എയർപോർട്ടിൽ കൊണ്ടുവന്നു യാത്രയാക്കി.നാലു ദിവസം കഴിഞ്ഞ് എത്താമെന്നും പറഞ്ഞു. സമാധാനമായത് അപ്പോളാണ്.
സത്യത്തിൽ സർപ്പകോപം ആകുമോ...
അന്ന് മുഴുവൻ ഇതായിരുന്നു ചിന്ത. ചെറുപ്പം മുതലേ കാവിൽ വിളക്ക് വെയ്ക്കാറുണ്ട്.നാഗദൈവങ്ങളെയാണ് ഏറ്റവും ഭക്തിയും പേടിയും.
ശ്രീനിയേട്ടനോടൊപ്പം ഏറ്റവും കൂടുതൽ നേരം സ്വസ്ഥമായി ഫ്രീയായി സംസാരിച്ചിട്ടുള്ളതെല്ലാം
കാവിന്നുള്ളിൽ വെച്ചുതന്നെയായിരുന്നു.
പക്ഷേ ഉള്ളത് പറയാല്ലോ അഹിതമായി ഒന്നും സംഭവിച്ചിട്ടില്ല.
ശരിയാണ്
ഇപ്പോളോർമ്മിക്കുന്നു.
ഒന്നുണ്ട്. പട്ടുപാവാടയും ദാവണിയുംചുറ്റി ഒരിക്കൽ പോയിരിക്കുന്നു..മണ്ണാറശ്ശാലയിൽ..ശ്രീനിയേട്ടനോടൊപ്പം. നാഗരാജാവിനു മഞ്ഞൾ പൊടിയും,പുറ്റുംപാമ്പും നേർന്നാൽ ഏതാഗ്രഹവും സാധിക്കുമത്രെ .ഐഡിയ ശ്രീനിയേട്ടന്റേതായിരുന്നു...
ഒരിക്കലും പിരിയാതിരിക്കാനാഗ്രഹിച്ച ഒരു ഇരുപത്തൊന്നുകാരനേയും പതിനേഴുകാരിയെയും നാഗരാജാവ് ശ്രദ്ധിച്ചിരുന്നോ....
ഒന്നും വേണ്ടായിരുന്നു.കുറ്റബോധംകൊണ്ട് വയ്യാതാകുന്നു...തെറ്റ് ചെയ്തത് ഉണ്ണിമായയാണ്.അതുകൊണ്ട് തന്നെയാണ്ഒരിക്കൽക്കൂടി ശ്രീനിയേട്ടനെ കാണാനാഗ്രഹിച്ചതും.ജയേട്ടനോടുപോലും ചോദിക്കാതെ ഇറങ്ങിപ്പുറപ്പെട്ടതും.
മനയ്ക്കൽ പൂജക്കുള്ള ചുറ്റുവട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
കാലത്ത് തന്നെ മണ്ണാറശ്ശാലയിൽപോയി തൊഴുതു പ്രാർഥിച്ചു തിരിച്ചു വന്നു....
അന്ന് പറഞ്ഞതൊക്കെ കേട്ടിട്ടുണ്ടെങ്കിൽ ഇന്നു പറഞ്ഞതും കേട്ടിട്ടുണ്ടാവും.
തിരിച്ചു കാവിനുള്ളിലൂടെ നടന്നു പുറത്തേക്കിറങ്ങുമ്പോൾ മനസ്സ് മൂകമായിരുന്നു.
വീട്ടിലേക്കുള്ള വഴിയിൽ ഇടയ്ക്ക് ശ്രീനിയേട്ടന്റെ വീട്ടിലേക്ക് നടന്നു. ഉച്ച സമയം.മുട്ടിയെങ്കിലും ആരും കതവ് തുറന്നില്ല. തള്ളി തുറന്ന് അകത്തു കയറി. പരിചയമുള്ള മുറികൾ. .ഒരു മാറ്റവുമില്ല.അന്നുമിന്നും ഒരുപോലെ.
ശ്രിനിയേട്ടന്റെ മുറിയുടെമുന്നിലെത്തി.അകത്തു ചുള്ളിക്കാടിന്റെ വരികൾ കേൾക്കുന്നു...
മൃദുവായി തട്ടിയപ്പോൾ പാട്ടു നിന്നു. ഓടാമ്പൽ
നീക്കുന്നു...
ശ്രീനിയേട്ടൻ ആകെയൊന്നു പകച്ചപോലെ തോന്നി. ആളാകെ മാറിയിരിക്കുന്നു. നെറ്റിയിലെ കുറച്ചു മുടി കാണാനില്ല....
പറയാതെതന്നെ മുറിയിലേക്ക് കയറി. ആകെ ചുവപ്പുമയം.
എന്താ ഉണ്ണിമായേ ഇവിടെ അമ്മ അങ്ങോട്ടേക്ക് പോന്നിട്ടുണ്ടാരുന്നല്ലോ....
ഞാൻ ശ്രീനിയേട്ടനെ കാണാനാണ് വന്നത്.
എന്നെയോ...എന്തിന് ?
മുഖവുരയൊന്നും വേണ്ടി വന്നില്ല.
ശ്രീനിയേട്ടനെന്താണ് കല്യാണം കഴിക്കാത്തത്.??
പ്രതീക്ഷിക്കാതെ കേട്ടതുകൊണ്ടാവും ആ മുഖം ഒന്ന് വിറളി......
അതു പിന്നെ പാർട്ടിപ്രവർത്തനം തിരക്ക്. ..കണ്ണിലേക്ക് നോക്കാതെയാണ് ഇത്രയും പറഞ്ഞത്
പക്ഷേ പറഞ്ഞു തീർന്നു കണ്ണിലേക്ക് നോക്കിയതും
ആ സ്വരം പതറിപ്പോയി...കണ്ണുകൾ കലങ്ങി. ...
ശ്രീനിയേട്ടാ അറിയാതെ ആ കൈകൾ ചേർത്തുപിടിച്ചു. നിറഞ്ഞൊഴുകിയ കണ്ണീർത്തുള്ളികൾക്കിടയിലൂടെ ഇടറിപ്പൊട്ടിയ വാക്കുകൾ. ...
തിരികെ പോരാൻനേരം ശ്രീനിയുടെ മേശവലിപ്പിൽ നിന്നും പച്ച നിറത്തിലുള്ള ആ ബുക്ക് വലിച്ചെടുത്തു...അവസാന വരികൾ
എന്റേതാവട്ടെ...
എന്റെയുംനിന്റെയും
പ്രണയത്തിന്റെ തീപ്പൊള്ളലേറ്റു
ഗുൽമോഹറുകളിവിടെ
വാടിത്തുടങ്ങുന്നു.....
മറക്കാൻ പറയുന്നില്ല.
ആവില്ലെന്നറിയാം.എങ്കിലും ശ്രീനിയേട്ടൻ
മറ്റൊരു വിവാഹം കഴിക്കണം. എനിക്കുവേണ്ടി. എന്റെ സമാധാനത്തിനുവേണ്ടി.ശ്രീനിയേട്ടനൊരുകുടുംബമായി ജീവിക്കുന്നത്കാണാൻ ഞാൻ മാത്രമല്ല ശ്രീനിയേട്ടന്റെ അമ്മയും ഒരുപാട് ആഗ്രഹിക്കുന്നു.
എന്റെ അക്ഷരങ്ങൾ വായിക്കുന്ന ശ്രീയേട്ടന്റെ
മുഖത്ത് മറുപടിയില്ല.പകരം തിരയടങ്ങിയ ഒരു കടൽ
ഈ ബുക്ക്. .ഇത് ഞാനെടുക്കുന്നു.തിരിഞ്ഞു നോക്കാതെ വേഗം നടന്നു. ...ഇഷ്ടമില്ലാതെ പെയ്ത മഴയിൽ കുതിർന്നപോലെ..... തണുപ്പ്. ..പനിയുണ്ടോ???
വൈകിട്ട് ജയേട്ടൻ വരും.നാളെ ഒരിക്കൽ കൂടി
മണ്ണാറശ്ശാലയിൽ പോകണം.ഉരുളി കമിഴ്ത്തണം.
മറ്റൊന്നും മനപ്പൂർവം ഓർക്കാൻ ശ്രമിച്ചില്ല..
എല്ലാം വിചാരിച്ചതിലും ഭംഗിയായി. രാത്രി മടക്കയാത്ര.ആറു നാല്പത്തഞ്ചിനാണു ഫ്ളൈറ്റ്.ജയേട്ടന്റെ പെട്ടിയടക്കം എല്ലാംഎടുത്തു വെച്ചു.
ഒന്നൊഴികെ
ഗുൽമോഹറുകളുടെ ചുവപ്പു നിറത്തിൽ ചാലിച്ചെഴുതിയ...ഒരു പ്രണയകാലത്തിന്റെ
ബാക്കി പത്രം.
പൊടിയും മാറാലയും പിടിച്ച നിലവറയിലെ തടി
ചുവരുകൾക്കിടയിൽ ഇനിയൊരിക്കലും തിരിച്ചു വരാത്ത വെളിച്ചത്തിന്റെ കാതോർത്ത് ആ അക്ഷരങ്ങൾ തപസ്സിരുന്നു.
ഫ്ളൈറ്റിൽ ജയശങ്കറിന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോൾ...വീണ്ടും കൂട്ടലുകളും
കിഴിക്കലുകളും തകൃതിയായി നടക്കുകയായിരുന്നു.
ചെറുമയക്കത്തിൽ കോലമിട്ട തറയിൽ സർപ്പങ്ങൾ നിറഞ്ഞാടി..ചായങ്ങൾ ഇളകിപ്പറന്നു....ഒടുവിൽ
ചുവപ്പു നിറം മാത്രം ബാക്കിയായി.
അടിവയറ്റിൽ ഒരു പുതിയ വിപ്ലവത്തിന്റെ ജയഭേരി ...
ആരോ പാടുന്നു
പെണ്ണ് ലതയാണ് ...
ചിലപ്പോൾ ചപലത
മറഞ്ഞിരിക്കുന്ന
വക്രബുദ്ധിതൻ നിറഞ്ഞ
കുടിലത
പെണ്ണിന്റെയുള്ളുകള്ളികൾ
കണ്ടവരാര്.....
ഇതിന്റെയുത്തരം
ആരുതരും ?

By: Lincy Arun
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo