മഴ തിമിർത്തു പെയ്യുകയാണ് . കാഴ്ചയെ മറക്കുന്ന ശക്തമായ മഴയെ ശപിക്കുകയാണ് ഉള്ളം . മഴ പെയ്തില്ലെങ്കിൽ ചൂടിനെ ശപിക്കും . ശാപം ഏറ്റുവാങ്ങാനായി പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് .
മുന്നോട്ടുള്ള യാത്ര ദുഷ്കരമായത് കൊണ്ട് ഞാൻ വാഹനം അടുത്ത് കണ്ട കെട്ടിടത്തിന് മുന്നിൽ ഒതുക്കി . മഴയുടെ ശക്തി കുറയുന്നില്ല . യാത്ര പുനരാംഭിക്കാൻ ഇനിയും സമയം എടുത്തേക്കാം . ശരീരമാകെ തണുത്തു വിറക്കുകയാണ് . തണുപ്പിന് അല്പം ശമനം നൽകാൻ അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ ഒരു സുലൈമാനി വാങ്ങി .
പുറത്തു മഴയെ നോക്കി പതിയെ ചായ കുടിക്കുമ്പോൾ വല്ലാത്തൊരു കുളിർമ മനസ്സിൽ . നേരത്തെ ശപിച്ച മഴക്ക് വല്ലാത്തൊരു സൗന്ദര്യം .
മഴയുടെയും കാറ്റിന്റെയും സൗന്ദര്യം ആസ്വദിക്കുമ്പോൾ ഈ വഴി വളരെ പരിചിതമെന്നു തോന്നി . അതെ ഓർമയിലുണ്ട് ഈ നടവഴി . അന്നിവിടം ഇത് പോലെ കെട്ടിടങ്ങൾ ഇല്ല . ഇടിഞ്ഞു പൊളിയാറായ ഒരു വീടുണ്ടായിരുന്നത് ഓർമയുണ്ട് . നഗര വിപുലീകരണം കാരണം ഈ വഴിയുടെ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു . മഴ പെയ്യുമ്പോൾ പാടത്തു നിന്നും മീൻ വരാറുള്ള ഇടവഴിയെല്ലാം കോൺക്രീറ്റ് റോഡുകൾ ആയി മാറിയിരിക്കുന്നു ഇടിഞ്ഞു വീഴാറായ ആ വീടിന്റെ സ്ഥാനത്തിന് തല ഉയർത്തി നിൽക്കുന്ന കെട്ടിടം മാത്രം . അവിടെയാണ് ഞാനിപ്പപ്പോൾ ... എവിടെ ആയിരിക്കും .. ആ വീട്ടിലെ പ്രായം ചെന്ന സ്ത്രീ ... എന്റെ ഓർമ്മകൾ സ്കൂൾ പഠന കാലത്തിലേക്ക് പോയി .
സ്കൂൾ ഗ്രൌണ്ടിന്റെ സമീപം ബസ്സിറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് അവരുടെ വീട് ..കലി തുള്ളി കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്ന ആ വൃദ്ധ സ്ത്രീയുടെ രൗദ്ര ഭാവം അത് വഴി കടന്നു പോകുമ്പോൾ മനസ്സിലറിയാതെ പലപ്പോഴും ഭീതി നിറക്കാറുണ്ട് .
'' കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ '' എന്ന സിനിമയിൽ കൃഷ്ണൻ കുട്ടി നായരുടെ കഥാപാത്രത്തെ ശുണ്ടിയേറ്റാൻ വേണ്ടി '' കാലൻ മത്തായി '' എന്ന് വിളിക്കും പോലെ ഇവരെ ശുണ്ടിയേറ്റാൻ '' ചക്കര പാത്തു '' എന്ന് കുട്ടികൾ നീട്ടി വിളിക്കും . സ്വാഭാവികമായും ദേഷ്യം വന്ന് അവർ പ്രതികരിക്കുന്നത് കാണുന്നത് കുട്ടികൾക്ക് ഒരു രസമാണ് . അല്ലെങ്കിലും '' ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ശേലാണല്ലോ .
അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ വീട്ടിൽ നിന്നും ബസ്സ് കിട്ടാൻ വൈകിയത് കാരണം കൂട്ടുകാരില്ലതെ ഒറ്റക്ക് ബസ്സിറങ്ങി സ്കൂളിലേക്ക് ഓടാൻ തുനിഞ്ഞതും , എന്റെ കയ്യിലെ ഉച്ച ഭക്ഷണ പൊതി കണ്ടാകും ഒരു പട്ടി എന്റെ പിറകെ ആ കവർ ലക്ഷ്യമാക്കി പാഞ്ഞടുത്തു . ഭയന്ന് വിറച്ചു ഞാൻ ഓടുമ്പോൾ പിന്നിൽ നിന്നും പട്ടിയുടെ കരച്ചിൽ പോലെ എന്തോ ഒന്ന് കേട്ട് ഞാൻ തിരിഞ്ഞു നോക്കി . എന്നെ ഉപദ്രവിക്കാൻ പിന്തുടർന്നിരുന്ന പട്ടിയെ ഒരു കല്ലെടുത്ത് എറിഞ്ഞോടിച്ചു എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ വൃദ്ധ സ്ത്രീ ... അവരുടെ മുഖത്തു ഞാൻ ആ ഭാവം കണ്ടിട്ടില്ല .. അല്ലെങ്കിൽ കാണാൻ ശ്രമിച്ചിട്ടില്ല .
ഭയന്ന് കിതച്ചു നിൽകുന്ന എന്നോടായി അവർ പറഞ്ഞു
'' കുട്ടി പൊയ്ക്കോ .. ആ പട്ടി ഇനി വരൂല ... ''
നന്ദിയോടെ അവർക്കൊരു ചിരി സമ്മാനിച്ച് മടങ്ങുമ്പോൾ എൻറെ മനസ്സിൽ മുഴുവൻ ആ വൃദ്ധ സ്ത്രീയുടെ മുഖമായിരുന്നു . അത് വരെ ഭയത്തോടെ കണ്ടിരുന്ന അവരുടെ ആ രൌദ്രതയാർന്ന ഭാവമല്ല അപ്പോഴവർക്ക് . വാത്സല്യം നിറയുന്ന ആ കണ്ണുകൾക്കുള്ളിൽ നിന്നും ഞാൻ വായിച്ചെടുത്തു അവരുടെ നിസ്വാര്തഥമായ സ്നേഹ വായ്പുകൾ.
ഒന്നാലോചിച്ചാൽ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച പട്ടിയെ പോലെ തന്നെയല്ലേ ആ ദുർബല സ്ത്രീയെ ഉപദ്രവിക്കുന്ന ഞാനടക്കമുള്ള കുട്ടികളെന്നോർത്ത് ഞാൻ ലജ്ജിച്ചു മനസ്സിൽ അവരോടു മാപ്പിരന്നു.
മനസ്സിൽ ഓർത്തു പ്രവാചക വചനം '' ഇളയവരെ സ്നേഹിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവരല്ല ''
മഴ തോർന്നു യാത്ര പുനരാരംഭിക്കാൻ ഞാൻ വാഹനത്തിനു അരികിൽ ചെല്ലുമ്പോൾ എന്നെ വരവേറ്റ കാഴ്ച കാറിന്റെ ടയർ പഞ്ചർ ആയി കിടക്കുന്നതായിരുന്നു . ടയർ എല്ലാം മാറ്റി കഴിഞ്ഞു യാത്ര പുനരാംഭിച്ചപ്പോൾ മനസ്സ് എന്തോ പറയുന്നു .
ഏതോ ഒരു ശക്തി ഈ വഴിയെത്തിയപ്പോൾ എന്റെ യാത്ര നിറുത്തി വെച്ച് കൊണ്ട് കെട്ടിടത്തിനുള്ളിൽ കയറാൻ എന്നെ പ്രേരിപ്പിച്ചതാണോ ?.. അത് വഴി വരാനിരുന്ന ഒരു ആപത്തിൽ നിന്നും എന്നെ രക്ഷിച്ചതാണോ ?.. അതും എന്നെ മുൻപ് പട്ടിയിൽ നിന്നും രക്ഷിച്ച ആ വൃദ്ധ സ്ത്രീയുടെ ആത്മാവ് കുടിയിരിക്കുന്ന അതേ സ്ഥലത്തു വെച്ച് ...
By: Hafi hafzal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക