Slider

പരീക്ഷ (ണം)

0


പത്താം ക്ലാസ്സ് പരീക്ഷാഹാളിൽ ഇരുന്ന് ശ്രീക്കുട്ടി തേങ്ങിക്കരഞ്ഞു.
കണ്ണീർ വീണ് കുതിർന്ന ചോദ്യപേപ്പറിലെ അക്ഷരങ്ങൾക്ക് പകരം അവൾ കാണുന്നത് വീടിന്റെ ഉമ്മറത്ത് വെള്ള പുതപ്പിച്ച് കിടത്തിയ പ്രിയപ്പെട്ട അച്ഛന്റെ രൂപം. ദൈവമെ, ഇത് എന്തൊരു പരീക്ഷണം.
ഒരു കുട്ടിക്കും തന്റെ ഈ ഗതി വരുത്തല്ലെ എന്ന് അവൾ പ്രാർത്ഥിക്കുകയായിരുന്നു.
ഇന്ന് SSLC പരീക്ഷ ആരംഭിക്കുകയാണ്.
പതിവ് പോലെ വെളുപ്പിന് എണീറ്റ് പഠിച്ചതെല്ലാം ഒന്ന് കൂടി മനസ്സിൽ പാകപ്പെടുത്തുകയായിരുന്നു.
പെട്ടെന്നാണ് അച്ഛന്റെ റൂമിൽ നിന്ന് അമ്മയുടെ കരച്ചിലിന്റെ ശബ്ദം കേട്ടത്.
ഓടി മുറിയിലേക്ക് ചെന്ന താൻ കണ്ടത് അച്ഛന്റെ നെഞ്ചു് തിരുമ്മി കൊടുത്ത് കൊണ്ട് കരയുന്ന അമ്മ യെയാണ്.
"മോളെ പെട്ടെന്ന് കൊച്ഛച്ചനെ വിളിച്ച് കൊണ്ടു വാ .അച്ഛന് വയ്യ."
"അയ്യൊ അച്ഛാ, എന്ത് പറ്റി "
അച്ഛൻ ദയനീയമായി തന്നെ നോക്കി പറഞ്ഞു. " ഒന്നുമില്ല മോളു. ഒരു നെഞ്ച് വേദന.ചിലപ്പൊ ഗ്യാസിന്റെ ആയിരിക്കും."
ഇരുട്ടിനെ വകവെക്കാതെ പരിഭ്രമത്തോടെ അവൾ അടുത്ത് താമസിക്കുന്ന കൊച്ഛച്ഛന്റെ വീട്ടിലേക്കോടി.
അവിടെ ആരും എഴുന്നേറ്റ ലക്ഷണമില്ല. കോളിംഗ് ബെൽ നിർത്താതെ അടിച്ചു.
വാതിൽ തുറന്ന പാടെ അവൾ കരഞ്ഞു് കൊണ്ടു് വിവരം പറഞ്ഞു.. മോൾ പൊയ്ക്കോ , കൊച്ഛച്ചൻ ഇതാ എത്തി.
കൊച്ചച്ഛൻ കാറുമെടുത്താണ് വീട്ടിലേക്ക് വന്നത്. ഉടനെ അച്ഛനും അമ്മയും കൂടി ഹോസ്പിപിറ്റലിലേക്ക് പോയി.
കാറിൽ കേറുമ്പോഴും നെഞ്ച് പൊത്തി പിടിച്ച് അച്ഛൻ പറഞ്ഞത് ഇപ്പാഴും കാതിലുണ്ട്.
"മോളെ ശ്രീ അച്ഛന് ഒന്നുമില്ലടാ, അച്ഛനെ അഡ്മിറ്റ് ചെയ്താലും മോൾ ടൈമിന് പോയി നന്നായി എക്സാം എഴുതെട്ടോ. അച്ഛന്റെ കാര്യമോർത്തിരുന്ന് പഠിച്ചത് എഴുതാതിരിക്കരുതെട്ടൊ"
അച്ഛന്റെ കരം ഗ്രഹിച്ച് കരഞ്ഞു കൊണ്ടു് അവൾ പറഞ്ഞു.
" ശരി അച്ഛാ "
അവൾ വേഗം പോയി അനുക്കുട്ടിയെ വിളിച്ചെഴുന്നേൽപിച്ചു.
അവൾ ഉറക്കച്ചടവോടെ കണ്ണും തിരുമ്മി എഴുന്നേറ്റ് ചിണുങ്ങിക്കൊണ്ടു് ചോദിച്ചു. "എന്താ ചേച്ചീ "
"മോളെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി.
നീ കയ്യും മുഖവും കഴുകി വാ. നമുക്ക് പൂജാമുറിയിൽ പോയി പ്രാർത്ഥിക്കാം."
ചേച്ചിയുടെ കരഞ്ഞ മുഖം കണ്ടപ്പോൾ അനുക്കുട്ടിയും കരയാൻ തുടങ്ങി.
സമയം ഏറെയായി. ഹോസ്പിറ്റലിൽ നിന്ന് വിവരമൊന്നുമില്ല.
പുസ്തകം തുറന്ന് വെച്ചെങ്കിലും അവളുടെ മനസ്സ് മുഴുവൻ ഹോസ്പിറ്റലിലായിരുന്നു.
തലേ രാത്രി കണ്ട ദുഃസ്വപ്നം വരാൻ പോകുന്ന ദുരന്തത്തിന്റേ തായിരുന്നോ എന്ന് അവൾ ഭയന്നു.
അവൾ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു. എടുക്കുന്നില്ല. അപ്പോഴേക്കും കുഞ്ഞമ്മയും വന്നു. കൊച്ഛച്ഛനെ വിളിച്ചിട്ടും എടുക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി.
"ഒന്നുമുണ്ടാകില്ല മോളെ. പേടിക്കണ്ട. നമുക്ക് കുറച്ച് കൂടി നോക്കാം." കുഞ്ഞമ്മ അവളെ സമാധാനിപ്പിച്ചു.
അയൽക്കാർ ഓരോരുത്തരായി വരാൻ തുടങ്ങിയപ്പോൾ അവൾക്ക് അപകടം മണത്തു.
എല്ലാവരുടെയും മുഖത്ത് ദുഃഖം.
അടുത്ത് താമസിക്കുന്ന മെമ്പർ ദാസൻ ചേട്ടൻ വന്ന് മോൾ പരീക്ഷക്ക് പോകാൻ റെഡിയാകാൻ പറഞ്ഞു.
"ഇല്ല. അച്ഛൻ വരാതെ ഞാൻ പോകില്ല." അവൾ തീർത്ത് പറഞ്ഞു.
പലരും കൂടി നിന്ന് എന്തൊക്കെയോ കുശുകുശുക്കുന്നു.
കുറച്ച് കഴിഞ്ഞു ഒരു ആംബുലൻസ് വീട്ടിലേക്ക് വന്നു.
അവളും പിന്നാലെ അനുക്കുട്ടിയും അച്ഛാ എന്ന് വിളിച്ച് കരഞ്ഞു് കൊണ്ടു് പുറത്തേക്കോടി..
ഒരു നിമിഷം. ആരൊക്കെയോ ചേർന്ന് വെള്ള പുതപ്പിച്ച അച്ഛന്റെ ബോഡി പുറത്തേക്കെടുക്കുന്നു.
പിന്നെ അവൾക്കൊന്നും ഓർമയില്ല.
മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് കണ്ണ് തുറന്നത്.
കുറെപ്പേരുണ്ട് തന്റെ ചുറ്റും. അവൾ അച്ഛാ എന്ന് വിളിച്ച് ചാടി എഴുന്നേറ്റു. പൂമുഖത്ത് കോടി പുതപ്പിച്ച് തന്റെ എല്ലാമെല്ലാമായ അച്ഛൻ.. അവൾ അലമുറയിട്ട് കരഞ്ഞ് കൊണ്ടു് അച്ഛന്റെ മുഖത്ത് തുരു തുരെ ഉമ്മ വെച്ചു.
ആരൊക്കെയോ ചേർന്ന് തന്നെ താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ടുപോയി. കരഞ്ഞു് തളർന്ന് കിടക്കുന്ന അമ്മ അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത് അനുക്കുട്ടിയുമുണ്ടു്.
"മോളെ " തന്റെ തലയിൽ തലോടി കൊണ്ടു് മുന്നിൽ ഹെഡ്‌ മാസ്റ്റർ സലിം സാർ..
"വരാനുള്ളത് വന്നു. മോൾ വേഗം റെഡിയാക് . നമുക്ക് എക്സാം എഴുതി വേഗം തിരിച്ച് വരാം "
"സർ , എനിക്ക് കഴിയില്ല . എന്റെ അച്ഛൻ " അവൾ മുഴുമിക്കാതെ വിങ്ങിപ്പൊട്ടി.
പിന്നാലെ മെമ്പറും കൊച്ഛച്ഛനും.
എല്ലാവരും പറയുന്നത് ഒന്ന് തന്നെ.
"മോളെ നീ പഠിച്ച് നല്ല നിലയിലെത്താൻ ഏറ്റവും ആഗ്രഹിച്ചത് അച്ഛനല്ലെ . അച്ഛൻ ഇറങ്ങിയപ്പോൾ പോലും പറഞ്ഞത് നീ മറന്നോ? "
അമ്മയുടെ ഗദ്ഗദത്തോടെയുള്ള വാക്കുകൾ.
അതെ , ഒരിക്കൽ അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ടു്. " നീ മൂത്ത കുട്ടിയാണ് . എനിക്ക് ശേഷം അമ്മയെയും അനുക്കുട്ടിയെയും നോക്കേണ്ടത് നീയാണ്."
മരണം മുൻകൂട്ടി കണ്ട് പറഞ്ഞ പോലെ.
എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് സ്കൂളിലേക്ക് തന്നെ കൊണ്ടുവന്നത്..
"ശ്രീ ക്കുട്ടീ " ടീച്ചറുടെ വിളി കേട്ടാണ് താൻ ചിന്തയിൽ നിന്നുണർന്നത്.
ചുറ്റുമുള്ളവർ സഹതാപത്തോടെ തന്നെ തന്നെ നോക്കുന്നു.
"മോളെ കഴിയുന്ന പോലെ വേഗം എഴുത്. നീ ചെന്നിട്ട് വേണം അച്ഛനെ " ...
ടീച്ചർ മുഴുമിപ്പിക്കാതെ പറഞ്ഞു.
അതെ . വേഗം പരീക്ഷ എഴുതി, വിട്ടിലെത്തണം. അമ്മയെയും അനുക്കുട്ടിയെയും ആശ്വസിപ്പിക്കണം. താൻ തളരാൻ പാടില്ല.
തന്റെ പ്രിയപ്പെട്ട അച്ഛന് അന്ത്യ ചുംബനം നൽകി യാത്രയാക്കണം.
അവൾ കണ്ണ് തുടച്ച് എല്ലാം മറന്ന്
ക്വസ്റ്റിൻ പേപ്പറിലേക്ക് കണ്ണോടിച്ചു.
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo