Slider

ആദ്യത്തെ ശമ്പളം

0


വൈറ്റിലയിലെ തിരക്കുള്ള സിഗ്നലിൽ കാത്ത് കിടക്കുമ്പോൾ പത്ത് പന്ത്രണ്ടു് വയസ്സുള്ള ഒരു ബാലൻ ലോട്ടറി ടിക്കറ്റുമായി ഗ്ലാസ്സിൽ മുട്ടി വിളിച്ചു. അവന്റെ ദയനീയ മുഖം കണ്ടപ്പോൾ ഗ്ലാസ്സ് തുറക്കാതിരിക്കാൻ കഴിഞ്ഞില്ല. തുറന്ന പാടെ അവൻ പറഞ്ഞു. "ചേട്ടാ ഒരു കാരുണ്യ എടുക്കു".
ലോട്ടറി എടുക്കുന്ന പതിവില്ലാത്തത് കൊണ്ട് അവനോട് സ്നേഹത്തോടെ പറഞ്ഞു . " വേണ്ട മോനെ ടിക്കറ്റ് എടുക്കാറില്ല.. " പ്ലീസ് ചേട്ടാ " അവൻ വിടാൻ ഭാവമില്ല.
പോക്കറ്റിൽ നിന്ന് നൂറു് രൂപയെടുത്ത് അവന് നീട്ടിക്കൊണ്ട് പറഞ്ഞു.
" ടിക്കറ്റ് വേണ്ട ഈ പൈസ നീവെച്ചോ."
അവൻ പൈസ വാങ്ങി .
അപ്പോഴേക്ക് മുന്നിലെ വണ്ടികൾ നീങ്ങിത്തുടങ്ങിയിരുന്നു. അവൻ പെട്ടെന്ന് ടിക്കറ്റ് എന്റെ മടിയിലേക്കിട്ടിട്ട് പറഞ്ഞു "സോറി ചേട്ടാ വെറുതെ എനിക്ക് പൈസ വേണ്ടാ " അത് പറഞ്ഞതും അവൻ വേഗം ഓടി മാറി. തിരക്കിൽ വണ്ടി ഇഴഞ്ഞു നീങ്ങുമ്പോൾ കണ്ണാടിയിലൂടെ വീണ്ടും അവനെ നോക്കി.
നിറം മങ്ങിയ ചിന്തകൾ നാൽപത് വർഷം പിന്നിലേക്കോടി
1970 കളിലെ വറുതിയുടെ കാലഘട്ടം.
വീട്ടിലെ കഷ്ടപ്പാടിനും ദാരിദ്ര്യത്തിനും തനിക്ക് എന്ത് പരിഹാരം ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് പഠനം അവസാനിപ്പിച്ച് എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന തീരുമാനത്തിലെത്തുന്നത്.
പ്രശ്നം വീട്ടിലവതരിപ്പിച്ചു. പതിനാല് വയസ്സ് കാരനെ ജോലിക്കയക്കുന്നതിൽ വിഷമമുണ്ടെങ്കിലും വീട്ടിലെ യഥാർത്ഥ അവസ്ഥ ഓർത്ത് നെടുവീർപ്പിട്ടിരുന്ന
ഉമ്മാക്ക് സന്തോഷമായി. താഴെ മൂന്ന് അനുജൻമാരും മൂന്ന് സഹോദരികളും.
ബിസിനസ്സിലെ പരാജയം മൂലം ചെറിയ ഒരു കണക്കെഴുത്ത് ജോലി ചെയ്തിരുന്ന ഉപ്പ പക്ഷെ സമ്മതിച്ചില്ല. നിർബന്ധം കൂടിയപ്പോൾ ഒരു നിബന്ധന മുന്നോട്ട് വെച്ചു. സ്വന്തം ഇഷ്ഠത്താൽ പഠിപ്പ് അവസാനിപ്പിച്ച് ജോലിക്ക് പോകുകയാണെന്ന് എഴുതിത്തരണം.
എഴുതിക്കൊടുത്തില്ലെങ്കിലും പഠിക്കാൻ അയച്ചില്ലെന്ന് ഭാവിയിൽ കുറ്റപ്പെടുത്തുകയില്ലെന്ന് ഉപ്പാക്ക് വാക്ക് കൊടുത്തു.
അങ്ങിനെയാണ് ടൗണിലെ മൂത്താപ്പയുടെ സ്റ്റേഷനറി കടയിൽ ജോയിൻ ചെയ്യുന്നത്. അങ്ങിനെ പഠിച്ചും കളിച്ചും കഴിയേണ്ട ബാല്യം അതോടെ അവസാനിച്ചു. അല്ല ,ഞാൻ സ്വയം അവസാനിപ്പിച്ചു.
എന്നെ സംബന്ധിച്ചേടത്തോളം അത് ഒരു സർവകലാശാലയായിരുന്നു. അവിടെ പ്രിൻസിപ്രാളും അദ്ധ്യാപകരുമൊക്കെ നല്ല ക്ലാസ്സുകൾ തന്നു. എന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് അഞ്ച് വർഷക്കാലത്തെ ആ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു. ശരിക്കും ഒരു നാടൻ എം ബി എ.
രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ഡ്യൂട്ടി രാത്രി എട്ട് മണിയോടെ അവസാനിക്കും. സ്റ്റേഷനറി ക്കടയുടെ ഭാഗമായുള്ള സി ക്ലാസ്സ് കടയിലായിരുന്നു ആദ്യ പരിശീലനം.
അങ്ങിനെ ആദ്യ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു. തന്റെ ശമ്പളമറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സ് നിറയെ .മൂത്താപ്പ ചുളിവ് വീഴാത്ത ഒരു ഒറ്റ രൂപ നോട്ട് കയ്യിൽ തന്നു. ജീവിതത്തിലെ ആദ്യ വേതനം.
ഉമ്മയുടെ അടുത്ത് പറന്നെത്തി ആദ്യത്തെ തന്റെ വിയർപ്പിന്റെ വില ഉമ്മയെ ഏൽപിക്കാൻ മനസ്സ് വെമ്പി.ഉമ്മ ഉറങ്ങാതെ തന്നെ കാത്തിരിക്കുകയായിരുന്നു.
"ഉമ്മാ ഇതാ എന്റെ ആദ്യ ശമ്പളം " നോട്ട് നീട്ടിയ കയ്യിൽ പിടിച്ച് മാറോട് ചേർത്ത് ഉമ്മ തന്നെ വാരിപ്പുണർന്നു. "മോനെ" എന്ന് വിളിച്ച് തേങ്ങിയ ഉമ്മയുടെ ചൂടുള്ള കണ്ണീർ എന്റെ കവിളിൽ പതിച്ചു. രാജ്യം വെട്ടിപ്പിടിച്ച രാജാവിന്റെ ഭാവമായിരുന്നു, അപ്പോൾ തന്റെ കുഞ്ഞു മനസ്സിൽ.
ബഷീർ വാണിയക്കാട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo