അതൊരു കടൽത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടൽത്തീരം. ഉരുട്ടിവച്ച ഒരു കൂറ്റൻകല്ലും, അതിൽ ചുറ്റിക്കെട്ടിയ വലിയൊരു കയറും അതിനരുകിൽ കുനിഞ്ഞിരിക്കുന്ന ഒരു സ്ത്രീയും അവിടെ കാണപ്പെട്ടു. അവർ എന്തൊക്കെയോ പറഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു.
ദുസ്വപ്നങ്ങൾ എനിക്കൊരു പുതുമയല്ല. കുറെ നാൾ മുൻപുവരെ ഓരോ ഉച്ചയുറക്കത്തിലും സ്ഥിരമായി എന്തോ ഒന്ന് എന്റെ കിടക്കയിൽ നുഴഞ്ഞു കയറാറുണ്ടായിരുന്നു.
അത് എന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തു ഞെരിക്കും. ശ്വാസത്തിനായി പിടയുമ്പോൾ അട്ടഹസിക്കും. പറിച്ചെറിയാൻ ശ്രമിക്കുമ്പോഴാവും ശരീരം നിശ്ചലമാണെന്ന് അറിയുക. പിന്നെ തലയിട്ടുലച്ചും കൈകാലുകൾ വലിച്ചുയർത്താൻ ശ്രമിച്ചുമൊക്കെ അതുമായുള്ള യുദ്ധമാണ്.
എപ്പോഴോ യുദ്ധം ജയിച്ച് അതിനെ കുടഞ്ഞെറിയുമ്പോഴേയ്ക്കും അലാറം നിർത്താതെ അടിക്കുന്നുണ്ടാവും. വിശ്രമസമയം കഴിഞ്ഞു എന്നോർമ്മിപ്പിച്ചുകൊണ്ട്...
പേടിസ്വപ്‌നങ്ങൾ കൊണ്ടുതന്നെ ഞാൻ ഉച്ചയുറക്കങ്ങളെ വെറുത്തുപോയിരുന്നു . പക്ഷെ, അതിരാവിലെ ഉണരുന്ന എനിക്ക് ആ ഒരുമണിക്കൂർ വിശ്രമം അത്യാവശ്യമായിരുന്നു താനും.
ഈ പഴയവീടിന്റെ തുറന്നിട്ട ജാലകങ്ങളിലൂടെ ഏതോ പൂവൻ കോഴിയുടെ കൂവൽ എത്തിത്തുടങ്ങുമ്പോഴാണ് ഞാൻ ഉറക്കമുണരുന്നത്. പള്ളിയിൽ നിന്നു ബാങ്കുവിളിക്കുമ്പോഴേയ്ക്കും ചോറ് തിളപ്പിച്ച് റൈസ്കുക്കറിൽ വച്ചിട്ടുണ്ടാകും. തലേന്ന് അരിഞ്ഞ് ഫ്രിഡ്ജിൽ വച്ച പച്ചക്കറികൾ പലരൂപത്തിൽ അടുപ്പിലിരുന്നു തിളയ്ക്കും.
പള്ളിയിൽ മണിയടിക്കാൻ കാത്തിരുന്നതുപോലെ അമ്പലത്തിൽ നിന്നു പ്രഭാതകീർത്തനം ഉയരും. അതോടെ പണികൾക്കെല്ലാം തൽക്കാലവിരാമമിട്ട് ഞാൻ വരാന്തയിലേക്കിറങ്ങും.
മഞ്ഞുതുള്ളിയണിഞ്ഞു നാണിച്ചുനിൽക്കുന്ന ചെടികൾ. ആദ്യമായി കണ്ണുതുറന്ന് ഭൂമിയെ കൗതുകത്തോടെ വീക്ഷിക്കുന്ന ഇളംപൂവുകൾ. സുബ്ബലക്ഷ്മിയുടെ ശബ്‌ദത്തോടു മത്സരിക്കുന്ന കിളികൾ.
അകലെയുള്ള ഒന്നുരണ്ടെണ്ണമൊഴിച്ച് എല്ലാ വീടുകളും അപ്പോഴും ഉറങ്ങുകയാവും. ചില വീടുകളുടെ അടുക്കളജനലുകൾ പെട്ടെന്ന് പുഞ്ചിരിക്കും.
അങ്ങനെ ആസ്വദിച്ചു നിൽക്കുമ്പോൾ ഭൂമി ഇരുണ്ട രാത്രിവസ്ത്രം മാറ്റി ഒരുതരം നീലനിറം എടുത്തണിയും. അതു കാണുമ്പോൾ എന്റെ അടിവയറ്റിൽ നിന്നും എന്തോ ഒന്ന് ചിറകടിച്ചുയർന്ന് തൊണ്ടയിലെത്തും. പിന്നെ കണ്ണുകളിൽ തിരിതെളിച്ച്, ചുണ്ടിൽ ചിരിയുണർത്തി ഒരു ദീർഘശ്വാസമായി വെളിയിൽ വരും.
അരമണിക്കൂർ പ്രകൃതിയുമായി രമിച്ച് മനസ്സുമുഴുവൻ സന്തോഷത്തിന്റെ ശലഭങ്ങളുമായി വീണ്ടും അടുക്കളയിലേയ്ക്ക്.. അപ്പോൾ അടുപ്പിലിരിയ്ക്കുന്ന പാത്രത്തിന്റെ ഉച്ചിയിൽ സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടുണ്ടാകും.
പിന്നെ ആകെ ബഹളമാണ്. ഭർത്താവിനു കാപ്പി, മോൾക്ക് ചായ, മോന് ഹോർലിക്സ് എന്നിവ തയ്യാറാക്കി അവരെ വിളിച്ചുണർത്തുമ്പോൾ തുടങ്ങുന്ന കലപിലകൾ.
കാപ്പിക്കു ചൂട് പോരെന്നും ചായയ്ക്കു കടുപ്പം കുറഞ്ഞെന്നും പാലിൽ ഹോർലിക്സ് കലങ്ങിയില്ലെന്നുമുള്ള സ്ഥിരം പരാതികളോടെ അവർ ഉണക്കമുണരുന്നു. ഞാൻ അതൊന്നും വകവയ്ക്കാതെ മൂന്നുതരം പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.
ഭർത്താവും മക്കളും പോയിക്കഴിയുമ്പോഴേയ്ക്കും വീട് ആകെ അലങ്കോലമാകും. എല്ലാം അതേപടി ഇട്ട് മൊബൈലുമായി കുറേനേരം സല്ലപിക്കും.
പിന്നെ രണ്ടുമൂന്നു മണിക്കൂർ കൊണ്ട് വീടിനെ പഴയപടിയാക്കി, അലക്കും കുളിയും കഴിഞ്ഞ് ഊണുകഴിച്ച് മൊബൈലിൽ എന്തെങ്കിലും വായിച്ച് ഉച്ചയുറക്കത്തിലേയ്ക്കും .
പറയാൻ മറന്നു; ഞാനൊരു ഫേസ്ബുക് എഴുത്തുകാരിയാണ്. ആരെയും വേദനിപ്പിക്കാത്ത കഥകളാണ് എഴുതാറുള്ളത്. ഭർത്താവ് രുചിയില്ലെന്നു പറഞ്ഞു മുഖം ചുളിക്കുന്ന ദിവസങ്ങളിൽ ഞാനെഴുതുന്നത് ഭക്ഷണം പാകംചെയ്ത് വിളമ്പിത്തരുന്ന ഭർത്താവിനെക്കുറിച്ചായിരിക്കും. കുടിച്ചിട്ടു വന്ന് ബെഡിൽ ശർദ്ധിക്കുന്ന ദിവസങ്ങളിൽ ഭർത്താവ് ദൈവമാണെന്നും...
അമ്മായിഅമ്മ, ഈ പിശാചിനെയേ നിനക്കു കിട്ടിയുള്ളോ എന്ന് എന്റെ കേൾക്കെ ചോദിച്ചയന്ന് എഴുതിയ അമ്മായിയമ്മയും അമ്മയാണ് എന്ന പോസ്റ്റിന് 2k ലൈക്ക് കിട്ടി.
ഞാൻ മനസ്സുകൊണ്ട് ഒരു ഫെമിനിസ്റ്റായിരുന്നു. മനോഹരമായ ഒരു നഷ്ടപ്രണയത്തെ ഒരു മയിൽപ്പീലി പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും പ്രണയത്തെക്കുറിച്ചെഴുതാൻ ഞാൻ പേടിച്ചു . തുറന്നെഴുതാൻ തൂലിക വിതുമ്പിയപ്പോഴൊക്കെ ഞാൻ സന്മാർഗ്ഗകഥകളെഴുതി.
എനിക്കു പേടിയായിരുന്നു; സമൂഹത്തെ, ബന്ധുക്കളെ, എന്റെ കുട്ടികളെപ്പോലും.
മൊബൈലിൽ തോണ്ടി ഉറങ്ങാതിരുന്ന ഒരു പകലാണ് അവർ വന്നത് . സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ ഞാൻ അത്ഭുതപ്പെട്ടുപോയി.
പുസ്തകങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു ഡ്രീം ക്യാച്ചർ സമ്മാനിച്ചുകൊണ്ട് അവർ എന്റെ കിടക്കയിലിരുന്നു. തൂവലുകൾ മെല്ലെയിളക്കിക്കൊണ്ട് അത് സൂര്യപ്രകാശമേറ്റു തിളങ്ങി.
അവർ തന്നെ അതെന്റെ കിടക്കയ്ക്കു മുകളിൽ കെട്ടിൽതൂക്കിയിട്ടു. അപ്പോൾ തൂവലുകൾക്കു പകരം അതിൽ നിന്നും പുസ്തകങ്ങൾ തൂങ്ങിക്കിടന്നതു കണ്ട് ഞാൻ അത്ഭുതം കൂറി.
"നീ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ?"
മടിയിൽ കിടത്തി തലയിൽ മൃദുവായി തഴുകിക്കൊണ്ട് അവർ എന്നോട് ചോദിച്ചു. അഴിച്ചിട്ട മുടിയിൽനിന്നും കർപ്പൂരത്തിന്റെ ഗന്ധം പടർന്നു.
ഞാൻ ലജ്ജിച്ചു. നിത്യവും വച്ചുവിളമ്പിക്കൊടുക്കുന്ന, എല്ലാ ദിവസവുമെന്നതുപോലെ ശരീരം പങ്കിടുന്ന ഭർത്താവിനെയാണോ അതോ എന്നോ മനസ്സ് പകുത്തുകൊടുത്ത കാമുകനെയാണോ ഉദ്ദേശിച്ചത് എന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഞാൻ ഒന്നും സംസാരിച്ചതേയില്ല. എന്റെ മറുപടി അവർ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.
അവർ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരുപാടു നാളായി എന്നെ അറിയുന്ന ഒരാളെപ്പോലെയായിരുന്നു അവരുടെ സംസാരം.
പ്രണയം പ്രകൃതിയുടെ വരദാനമാണെന്നും പ്രണയത്തിന്റെ പൂർത്തീകരണമാണ് രതിയെന്നും അതിനെക്കുറിച്ചെഴുതാൻ നാണിക്കേണ്ടതില്ലെന്നും അവർ എനിക്കു പറഞ്ഞുതന്നു. എന്റെ മുഖം ചുവന്നു തുടുത്തു. നാണം കണ്ണുകൾ വലിച്ചടച്ചു .
അവർ മുടിയിഴകൾ തഴുകിക്കൊണ്ട് തുടർന്നു.
പുരുഷന്മാർ ശരീരം കൊണ്ട് ശരീരത്തെ പ്രാപിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ മനസ്സുകൊണ്ട് മനസ്സുകളെ പ്രാപിക്കുന്നു. അവൾക്ക് ശരീരത്തെക്കാൾ പ്രധാനം മനസ്സാണ്. മനസ്സ് നിറയാനാണ് അവൾ ശരീരം വിട്ടുകൊടുക്കുന്നത്.
എന്റെ ശരീരം മുഴുവൻ മനസ്സാണല്ലോ! ഞാൻ നെടുവീർപ്പിട്ടു. ആ നെടുവീർപ്പ് ഏറ്റെടുത്തുകൊണ്ട് അവർ വീണ്ടും തുടർന്നു.
പുരുഷൻ ശരീരം കൊണ്ട് പൊളിഗാമിയാണെങ്കിൽ സ്ത്രീ മനസ്സുകൊണ്ടാണ് അങ്ങനെയായിരിക്കുന്നത്. അവളുടെ ഹൃദയത്തിന് ആവശ്യാനുസരണം വലുതാവാനും ചെറുതാവാനും സാധിക്കും. പല അറകളിൽ പലരെ സൂക്ഷിക്കുവാനും. ഭർത്താവിന്റെ മടിയിൽ കിടന്നുകൊണ്ട് അവൾ കാമുകനൊപ്പം സഞ്ചരിക്കും. ശരീരം കൊണ്ട് പതിവ്രതയായിരിക്കെ മനസ്സുകൊണ്ട് വേശ്യയാകും.
എന്റെ ഹൃദയത്തിലിരുന്ന് രണ്ടുപേർ പുഞ്ചിരിച്ചു. അവർക്ക് പരസ്പരം അറിയുമായിരുന്നില്ല. എനിക്ക് രണ്ടുപേരെയും തള്ളിക്കളയാനാവുമായിരുന്നില്ല. ഒരാൾക്ക് വേണ്ടി ഞാൻ മനസ്സുകൊണ്ട് വേശ്യയായി. മറ്റയാൾക്കു വേണ്ടി ശരീരം കൊണ്ടും.
എന്റെ മനസ്സ് വായിച്ചതുപോലെ അവർ പറഞ്ഞു.
കിടപ്പറയിൽ വേശ്യയാകാൻ സാധിക്കുന്ന സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യം വർണ്ണനാതീതമാണ്. പക്ഷെ മനസ്സുകൊണ്ട് അങ്ങനെയായിയിരിക്കുന്നവൾ അവളുടെ തന്നെ നിതാന്ത തടവറയിലാണ്. അവൾക്ക് മോചനം അപ്രാപ്യമാണ്.
അതെ... അതെ... ഞാൻ വിതുമ്പി. അവർ വിരൽത്തുമ്പാൽ എന്റെ കണ്ണീർ തുടച്ചു. പിന്നെ മേശമേൽ ചാരി വച്ചിരുന്ന ഞങ്ങളുടെ വിവാഹഫോട്ടോയിലേയ്ക്ക് നോക്കി തുടർന്നു.
സ്ത്രീ വീടെന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ കുടിയിരുത്തപ്പെട്ട ദേവിയാണ് എന്നത് സത്യം തന്നെ . പക്ഷ അവൾ എല്ലാ ഭക്തരുടെ മനസ്സിൽ കുടികൊള്ളണം എന്നാണ് എന്റെ അഭിപ്രായം. തന്നെ തേടിയെത്തുന്ന പ്രേമഭിക്ഷുക്കളെ അവൾ നിരാശപ്പെടുത്തരുത്.
ഞാൻ കണ്ണീരിലൂടെ പുഞ്ചിരിച്ചു. ആ ചിത്രത്തിൽ ഞാൻ ശരിക്കും ദേവിയെപ്പോലെ തോന്നിക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോക്കെയോ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ആ ദേവാംശം ചോർത്തിക്കളഞ്ഞ് ഒരു വെറും മനുഷ്യക്കോലമായി മാറി.
പക്ഷെ ഹൃദയം കൊണ്ട് ഞാൻ അപ്പോഴും ഒരു ദേവിയായിരുന്നു. അനുഗ്രഹിക്കാൻ കാത്തുനിൽക്കുന്നവളായിരുന്നു. ചിലരുടെയെങ്കിലും പൂജാപാത്രവും പലരുടെയും പൂജ കൊതിക്കുന്നവളുമായിരുന്നു....
അവർ ഒരു താക്കീതെന്നവണ്ണം തുടർന്നു.
പക്ഷെ മൂകാംബിക സങ്കൽപ്പമാണ് പുരുഷന്മാർക്കിഷ്ടം എന്നു മറക്കാതിക്കുക. സ്നേഹിക്കുന്നവരുടെ ആ സങ്കല്പം തകർക്കാതിരിക്കുന്നതാണ് നമ്മുടെ നിലനിൽപ്പിനു നല്ലത്.
ഭക്തൻ ശരി ചെയ്താലും തെറ്റ് ചെയ്താലും ദേവി മൂകയായി നിൽക്കുന്നതുപോലെ നമ്മളും അവരെ ഒരിക്കലും വിമർശിക്കരുത്.
എത്ര പൂജിച്ചാലും ഉപദേശിക്കാനോ തിരുത്താനോ നിൽക്കരുത്. ഈഗോ നിറച്ച ബലൂണുകളാണ് അവർ. ഒരിക്കലും കാറ്റഴിച്ചു വിടരുത്. അവരെ പറക്കാൻ അനുവദിക്കുക. എപ്പോഴും നമ്മളേക്കാൾ ഉയരത്തിലാണെന്ന് ബോധ്യപ്പെടുത്തുക. അവർ അഹങ്കരിക്കട്ടെ !
എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി...വിദൂരത്തിൽ നിന്നെന്നവണ്ണം ആ ശബ്ദം വീണ്ടുമുയർന്നു.
ഇഷ്ടമുള്ള സ്വപ്നങ്ങൾ കാണാൻ ഭയപ്പെടുന്നതുകൊണ്ടാണ് ദുസ്വപ്നങ്ങൾ ആ സ്ഥാനം ഏറ്റെടുക്കുന്നത്. യാഥാർഥ്യത്തിൽ ലഭിക്കാത്തതിനെ സ്വപ്നത്തിൽ സ്വന്തമാക്കുന്നതിൽ എന്താണ് തെറ്റ്?
സ്വപ്‌നങ്ങൾ മറ്റൊരു ലോകത്തിലെ ജീവിതത്തിന്റെ ചില വെളിപ്പെടുത്തലുകളുമാവാം. ഈ മഹാപ്രപഞ്ചത്തിലെ ഏതൊക്കെ സൗരയൂഥങ്ങളിൽ, ഏതൊക്കെ ഗ്രഹങ്ങളിൽ നമ്മുടെ അന്തസത്ത നമ്മളായിത്തന്നെ നിലനിൽക്കുന്നുണ്ടാവാം!
അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു. ഞാൻ എപ്പോഴോ ആഴമുള്ള ഉറക്കത്തിലേയ്ക്കു വീണുപോയിരുന്നു.
അന്ന് അലാറം അടിച്ചില്ല. കാളിങ് ബെൽ കേട്ട് ഞാൻ ഞെട്ടിയുണർന്നപ്പോഴും മുറിയിൽ നീർമാതളപ്പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്നിരുന്നു.
പിന്നീട് എല്ലാ ഉച്ചയുറക്കങ്ങളിലും ഞാൻ വായിച്ചു നിർത്തിയ പുസ്തകത്തിലെ കഥാപാത്രങ്ങൾ എന്നെത്തേടി വന്നു .
അവരുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് ഞാൻ ആകാശപ്പടവുകൾ ഇറങ്ങി. യുഗ്മഗാനങ്ങൾ പാടി കടൽത്തീരത്തു കൂടി കൈകോർത്തു നടന്നു. സ്വിട്സർലാൻഡിലെ മഞ്ഞിൽ നൃത്തം ചെയ്തു. ഇംഗ്ലണ്ടിലെ ലാവണ്ടർ പാടങ്ങളിൽ കെട്ടിമറിഞ്ഞു. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ തുറന്ന കാറിൽ യാത്ര ചെയ്തു. സോളമന്റെ മുന്തിരിത്തോപ്പിൽ വച്ച് ഞാൻ അവരെ ചുംബിച്ചു.
എപ്പോഴോ മനപ്പൂർവ്വം മറന്ന പ്രണയം വീണ്ടും തളിർത്തു. ആരെയും പേടിക്കാതെ ഞാൻ പ്രണയകവിതകളെഴുതി. അയാൾ അതുവായിച്ചു പുളകം കൊണ്ടു. കവിതകൾ കൊണ്ടു മറുപടി രചിച്ചു.
ഞങ്ങളുടെ പ്രണയം ഹൃദയത്തിൽ മാത്രമായിരുന്നു. ശരീരത്തിന് അതിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. കത്തുകൾ എഴുതിയിരുന്നില്ല. വാട്സ്ആപ്പിലോ മെസ്സഞ്ചറിലോ ചാറ്റ് ചെയ്തില്ല. എന്നിട്ടും അയാൾ എന്നെയോർത്തപ്പോൾ ഞാൻ കോരിത്തരിച്ചു. ആ ഓർമ്മകൾ സ്വപ്നങ്ങളായി എന്നെ സന്ദർശിച്ചു.
പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് മനസാക്ഷി സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു . ഒരാളെ സ്നേഹിക്കുന്നതിൽ, ഓർക്കുന്നതിൽ തെറ്റെന്ത് എന്ന് ഹൃദയം മനസാക്ഷിയെ ചോദ്യം ചെയ്തു. അവർ തമ്മിലുള്ള യുദ്ധമായിരുന്നു എന്റെ ഒഴിവുസമയങ്ങളിലൊക്കെയും. പലപ്പോഴും മനസാക്ഷി ജയിച്ചു.
അങ്ങനെയിരിക്കെയാണ് ആ ബൈബിൾ പ്രസംഗം കേൾക്കാനിടയായത്. ഈ ചെറിയവനിൽ ഒരുവന് ഇടർച്ച വരുത്തുന്നതിനേക്കാൾ നല്ലത് കഴുത്തിൽ വലിയ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ് എന്ന വചനത്തെ പ്രാസംഗികൻ വ്യാഖ്യാനിക്കുകയായിരുന്നു. ശരീരം കൊണ്ടാണെങ്കിലും മനസ്സുകൊണ്ടാണെങ്കിലും അന്യപുരുഷനെ/ സ്ത്രീയെ ആഗ്രഹിക്കുന്നത് വ്യഭിചാരമാണെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
അന്നത്തെ ഉച്ചയുറക്കത്തിലാണ് കടൽത്തീരത്ത് വലിയ കല്ലുകെട്ടി കടലിൽ താഴ്ത്താൻ നിർത്തിയിരിക്കുന്ന ആ സ്ത്രീയെ ഞാൻ സ്വപ്നം കണ്ടത്.
വ്യഭിചാരം ചെയ്യരുത് എന്ന് എഴുതി വച്ച ഒരു ഫലകത്തിനു ചുറ്റും തീ ആളിക്കത്തികൊണ്ടിരുന്നു. അതിനു ചുറ്റും ആറു ചിറകുകളുള്ള മാലാഖമാർ നിർത്താതെ നൃത്തം ചെയ്തു . അവർ രണ്ടു ചിറകുകൾ കൊണ്ട് മുഖവും രണ്ടു ചിറകുകൾ കൊണ്ട് ശരീരവും മറച്ചിരുന്നു. രണ്ടു ചിറകുകൾ കൈകൾക്കു പകരമുള്ളവ ആയിരുന്നു.
അവർ നൃത്തം ചെയ്തുകൊണ്ട് ആ സ്ത്രീയുടെ അടുത്തെത്തി, കയറിന്റെ ഒരറ്റം കല്ലിന്മേൽ കെട്ടിയിട്ട് മറ്റേ അറ്റം അവളുടെ കഴുത്തിൽ ചുറ്റാനായി മുഖം പിടിച്ചുയർത്തി. ആ മുഖം കണ്ട് ഞാൻ അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു.
ചുരിദാറിന്റെ തുമ്പുകൊണ്ട് വിയർപ്പുതുടച്ചു കളഞ്ഞ്, ജഗ്ഗിൽ നിന്നും വെള്ളം വായിലേയ്ക്കും ബാക്കി മുഖത്തുമൊഴിച്ച് ഞാൻ എഴുത്തുമേശയിലിരുന്ന വേദപുസ്തകം എടുത്തു തുറന്നു. എന്റെ കണ്ണു പതിച്ച ഭാഗത്ത് ഇപ്രകാരം എഴുതിയിരുന്നു.
'നിന്റെ കൈകൾ നിനക്ക് ഇടർച്ചയുണ്ടാക്കുന്നെങ്കിൽ അവ മുറിച്ചു കളയുക. ഇരു കൈകളും ഉള്ളവനായി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് അംഗഹീനനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണുകൾ നിനക്ക് ഇടർച്ചയുണ്ടാക്കുന്നെങ്കിൽ അവ ചൂഴ്ന്നെടുത്ത് എറിഞ്ഞു കളയുക. ഇരു കണ്ണുകളും ഉള്ളവനായി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് അന്ധനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്.'
ഞാൻ വേദപുസ്തകം അടച്ചുവച്ച്, അടുക്കളയിലേയ്ക്ക് നടന്നു. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി എനിക്കറിയാമായിരുന്നു. മീൻ വെട്ടുന്ന കത്തിയെടുത്ത് അരകല്ലിലുരച്ച് മൂർച്ചകൂട്ടി, കൈവിരലിലുരച്ച് മൂർച്ച പരിശോധിച്ചു. വിരലിൽ നിന്നും രക്തം ചീറ്റിത്തെറിച്ചപ്പോൾ സന്തോഷിച്ചു.
പിന്നെ ഇടറുന്ന കരങ്ങളോടെ, നിറഞ്ഞ കണ്ണുകളോടെ ആ കത്തികൊണ്ട് എന്റെ ഹൃദയം മുറിച്ചെടുത്തു. സ്നേഹമിറ്റുന്ന തുടുത്ത ഹൃദയം ഒരു പാത്രത്തിൽ കിടന്ന് താളം തെറ്റാതെ മിടിച്ചു.
കുട്ടികൾ എത്താറായിരിക്കുന്നു എന്നറിയിച്ച് ക്ലോക്ക് മൂന്നടിച്ചു. ഞാൻ ധൃതിയിൽ പാചകം തുടങ്ങി. അന്നത്തെ പ്രധാനവിഭവം എന്റെ ഹൃദയംകൊണ്ടുണ്ടാക്കിയതായിരുന്നു.
അവസാനിച്ചു
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക