നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലോപ എന്ന പെൺസുഹൃത്ത് I ShortStory I Upendran Madikai രാവിലെ കുളിച്ച് തലമുടി തോർത്തുന്നതിനിടയിലാണ് ലോപ വിളിച്ചത്."നമുക്കിന്ന് പറശ്ശിനിക്കടവ് പോയാലോ ".
തലമുടിയിലെ വെള്ളതുള്ളികൾ മൊബൈൽ ഫോണിൽ വീഴാതിരിക്കുവാൻ തോർത്ത് മുണ്ട് മുടി മുഴുവൻ മൂടികൊണ്ട് ഞാൻ മറുപടി പറയാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വീണ്ടും സംസാരിച്ച് തുടങ്ങി.
"നീ വൈകീട്ടാവുമ്പോഴേക്കും റെഡിയാകു.. അടുത്തയാഴ്ച നിനക്ക് പിഎസ്സി എക്സാമുള്ളതുമല്ലേ... ഒന്ന് തൊഴുതു വരാം "
തിരിച്ചെന്താണ് പറയേണ്ടതെന്ന രണ്ട് വട്ടംആലോചനയ്ക്ക് സമയമെടുക്കുന്നതിന് മുമ്പേ അവളുടെ ചാപല്യമേറെയുള്ള ഒരു കളിയാക്കൽ ചിരിചിരിച്ച് ലോപ വീണ്ടും ചെവിയിൽ കുസൃതി പറഞ്ഞു.
" നിന്റെ മരത്തലയൻ ലവറെയൊന്നും കൂടെ കൂട്ടരുത്..".
നമ്മൾ രണ്ട് പേരും മാത്രമാണോ എന്ന് ചോദിക്കുന്നതിന് മുമ്പേ അവൾ ഫോൺ കട്ട് ചെയ്തു കളഞ്ഞു.
രണ്ട് മൂന്ന് മാസമായതേയുള്ളു ഞങ്ങൾ സുഹൃത്തായിട്ട്. ഫേസ്ബുക്കിലെ അനേകം കൂട്ടുകാരികൾക്കിടയിൽ വ്യത്യസ്ഥതയാർന്ന ഒരു പെൺകുട്ടിയാണവൾ.
മുടിയൊക്കെ ബോബ് ചെയ്ത് ഷർട്ടും ജീൻസ് പാന്റ്സുമിടുന്ന ഒരസാധാരണ പെൺകുട്ടി.
'
ഒരിക്കൽ അവൾ വീട്ടിൽ വന്ന് പോയതിൽ പിന്നെ അച്ഛനും അമ്മയ്ക്കും എന്നെക്കാളും അവളോടാണിഷ്ടമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്, ഫോൺ സംസാരം കേൾക്കുമ്പോൾ.
അവളോട് സംസാരിച്ച് ഫോൺ കൈയ്യിൽ തരുമ്പോൾ അവളെ കുറിച്ച് അമ്മയ്ക്ക് ചിലതൊക്കെ പറയാനുണ്ടാകും.
"പെൺകുട്ട്യോളായാ.. ഇങ്ങനെ വേണം, എന്തൊരു തനേറെടാ... സംസാരത്തിലും പെരുമാറ്റത്തിലും... കണ്ടാ.. ഒരാൺകുട്ടിയാണന്നേതോന്നു.. ഇവിടെ ണ്ട് ഒരുത്തി.. മിണ്ട്ന്നത് പോലും വിറച്ച് വിറച്ചാ.. പഠിച്ച പെണ്ണായിട്ടും പെരുമാറാൻ പഠിച്ചില്ല...".
അവളെ കുറിച്ചുള്ള ഓർമ്മകൾ അവസാനിപ്പിച്ച് വായനാമുറി ഒന്ന് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും വന്നു അവളുടെ വിളി.
''അച്ചു... അഞ്ചു മണിക്കുള്ള ടി ടി ക്ക് നീലേശ്വരത്ത്ന്ന് കയറാം... നീ ഒകെയല്ലേ.".
"അയ്യോ.. ഞാൻ വീട്ടിൽ പറഞ്ഞില്ല "
ഞാൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.
അതുകേട്ട ഉടൻ അവളുടെ ശകാരമായിരുന്നു പിന്നെ ഒരഞ്ചു മിനുട്ട് നേരത്തേക്ക്.
''നിന്റെ മരത്തലയൻ ഷണ്ണൂസിന്റെ കൂടെ ഒരു ദിവസം മുഴുവൻ കാറിൽ കയറിയത് അനുവാദം ചോദിച്ചിട്ടാണോ.. " എന്ന രണ്ട് മാസം മുമ്പ് കഴിഞ്ഞ കാര്യം മുതൽ കഴിഞ്ഞ തിങ്കളാഴ്ച എന്റെ ഇഷ്ടക്കാരന്റെ കൂടെ വിനീത്ശ്രീനിവാസന്റെ സിനിമ കണ്ടത് വരെ അവൾ തെറി രൂപത്തിൽ ഒറ്റ ശ്വാസത്തിൽ വിളിച്ചു പറഞ്ഞു.
ഗത്യന്തരമില്ലാതെ പിന്നൊന്നു കൂടി ഞാൻ പറഞ്ഞ് നോക്കി.
"ലോപ മാസക്കുളി എന്നൊരു സംഭവമില്ലേ പെണ്ണുങ്ങൾക്ക്... അത് ഇന്നോ നാളെയോന്ന് പറഞ്ഞ് നിൽക്ക്യാ... ലക്ഷണമൊക്കെ കാണാനുണ്ട്.. ശരീരം മൊത്തം വേദന... നമുക്ക് രണ്ടാഴ്ച കഴിഞ്ഞ് നോക്കാം... എന്താ.. "
"എടി ലക്ഷ്മിക്കുട്ടി എന്ന ലച്ചു.. ഞാനും ഒരു പെണ്ണന്നെ.. ആർത്തവരക്തം അശുദ്ധിയാകുന്നത് മനുഷ്യർക്ക് മാത്രാണ്.. ദൈവങ്ങൾക്കല്ല. ശരിക്കും പറഞ്ഞാ... ഇന്നത്തെ യാത്ര.. ദൈവത്തെ തൊഴാനൊന്നുമല്ല, ഫ്രിയായി... ഒന്ന് ചുറ്റിക്കറങ്ങി റൂമെടുത്തൊന്ന് താമസിക്കുക ".
''റൂമെടുത്ത് താമസിക്കാനൊന്നും ഞാനില്ല"ന്ന് പറഞ്ഞത് അവൾ കേട്ടിരിക്കുമോയെന്തോ. വീണ്ടും അവൾ ഫോൺ കട്ട് ചെയ്തു.
മനസിലൊന്ന് തോന്നിയാൽ വാശി പിടിച്ചാണെങ്കിലും നടപ്പിലാക്കുന്ന ഇനത്തിലാ അവൾ.
നാട്ടുമ്പുറത്തുകാരുടെ മനസൊന്നും അവൾക്കറിയില്ല. റൂമെടുത്ത് രണ്ട് പെൺകുട്ടികൾ രാത്രി താമസിച്ചൂന്നൊക്കെ നാട്ടിലറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.
വൈകീട്ട് മൂന്ന് മണിയാകുമ്പോഴേ അവൾ വീട്ടിൽ എത്തി. ഇറുകിയ വെളുത്ത ജീൻസ് പാന്റും വരയൻ ഷർട്ടുമിട്ട് ഗേറ്റ് കടക്കുമ്പോഴേ അവൾ അവളുടെ കളിയാക്കി ചിരി പോലുള്ള കുസുതി ചുണ്ട് കോട്ടി ആഴത്തിൽ ചിരിച്ച് പറഞ്ഞ് തുടങ്ങി.
" ഒരുങ്ങിയില്ലേ നീ''
അവളുടെ ഒരുങ്ങി വരവിലെ ഗൗരവം കണ്ട് "വീട്ടിൽ ചോദിച്ചില്ല "ന്ന വാക്ക് ആകെ വിഴുങ്ങി കൊണ്ട് പറഞ്ഞു.
''കയറിയിരിക്ക് "
അവളുടെ ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന അമ്മ പുറത്തേക്കിറങ്ങി വന്ന് ചോദിച്ചു.
"ഇതേതാ ഒരാൺകുട്ടി ..ലക്ഷ്മിയെ പെണ്ണ് കാണാൻ വന്നതാ ''
എല്ലാവരും മനസ്സറിഞ്ഞ് ചിരിക്കുന്നതിനിടയിലേക്ക് അച്ഛൻ മുറ്റത്തെ വാഴച്ചോട്ടിൽനിന്നും തല നിവർത്തി നോക്കി.
അച്ഛനെ നോക്കി ലോപ യാതൊരു വിനയവുമില്ലാതെ പറയുന്നത് കേട്ട് എനിക്കൊരൽപ്പം ദ്യേഷ്യം വന്നതാണ്.
"പണിക്കർ ചേട്ട .. ഞങ്ങളിന്ന് പറശിനിയിലേക്കൊന്ന് യാത്ര പോകുന്നു... നാളെ രാവിലെ എത്തു..
''പെൺകുഞ്ഞോളായാല്... കുറച്ച് ദൈവവിശ്വാസം നല്ലതന്നെ... അമ്പലത്തിലെല്ലം ഇടയ്ക്കിടയ്ക്ക് പോണം.. ഇവിടെയുള്ളവൾ അപ്പുറത്തെ കുളിയൻ കാവില് ഒരുറുപ്യ ഭണ്ഡാരത്തിലിടാൻവരെ പോകില്ല.. ഒന്നിവളെ... പുറം സ്ഥലമൊക്കെ കാണിച്ച് വാ.. മോളെ... "
അച്ഛന്റെ മറുപടിയിൽ അതിശയിച്ച് നിന്ന എന്റെരികിലേക്കെത്തി അവൾ കണ്ണിറുക്കി കാണിച്ച് ഒരു നോട്ടം നോക്കി പറഞ്ഞു.
"ലച്ചു, ആർത്തവം.. പ്രസവം ന്നൊക്കെ പറഞ്ഞ് സ്വയം ഒരു പെണ്ണായി കഴിയുന്ന നിന്നെയൊക്കെ പതിനാറാം നൂറ്റാണ്ടിലേ പ്രസവിച്ച് തീർക്കേണ്ടതായിരുന്നു.. "
എന്നൊക്കെ പറഞ്ഞ് അവൾ അമ്മയുടെ കൂടെ അടുക്കളയിലെക്ക് പോയപ്പോൾ പോകാനുള്ള ഒരുക്കത്തിനായി ഞാൻ ബഡ്റൂമിൽ കയറി.
"ലച്ചു സാരിയുടുത്താ മതി"
ചൂരിദാറിന്റെ ടോപ്പ് കഴുത്ത് വഴി ഇറക്കിവെക്കുന്നതിനിടയിൽ അവൾ അലറി വിളിക്കുന്നത് കേട്ടു.
"നിനക്ക് സാരിയേ ചേരു".
"ഞാൻ ചൂരിദാർ ഇട്ടു."
" അമ്പലത്തിൽ പോകുമ്പോ സാരിയുടുത്താൽ മതി മോളെ" എന്ന അമ്മയുടെ ഇടപെടലിനെ തുടർന്നാണ് ചുരിദാർമാറ്റി വീണ്ടും സാരിയണിഞ്ഞത്.
രണ്ട് പെൺകുട്ടികൾ മാത്രം പോകുന്നതിന്റെ വേവലാധി അമ്മയേക്കാളേറെ അച്ഛന്റെ മുഖത്താണ് പറ്റി പിടിച്ചിരിക്കുന്നതെന്ന് കണ്ടിട്ടാവണം... അവൾ അച്ഛനരികിൽ പോയി ശരീരത്തിൽ തട്ടിപറഞ്ഞത്.
" നാരായണൻ പണിക്കറെ... ഞങ്ങൾ കുട്ട്യോളൊന്നുമല്ല...മൂത്ത് നരച്ചവരായി.. കല്ല്യാണം കഴിഞ്ഞാ പിന്നെ ഈ സ്വാതന്ത്ര്യമൊന്നും കിട്ടീലല്ലോ... മുത്തപ്പനെ തൊഴുത് രാവിലെ ഇങ്ങെത്തിക്കോളാം.. ".
ബസ്റ്റാന്റിലേക്ക് ഓട്ടോ പിടിച്ച് പോകുമ്പോൾ ഇവൾ പറയുന്ന മരത്തലയനെ ഒന്ന് വിളിക്കണമെന്ന് തോന്നി. പറഞ്ഞില്ലങ്കിൽ നാളെ വാട്സാപ്പ് മെജേജ് മുഴുവൻ അവന്റെ കരച്ചിലായിരിക്കും.
ഒന്ന് വിളിച്ച് പറയാം എന്ന് കരുതി ഫോണെടുത്തപ്പോൾ അവളാണ് വിലക്കിയത്.
'' വിളിച്ച് പറഞ്ഞ് അവനെ ടെൻഷനടിപ്പിക്കല്ലേ.. എത്ര സ്നേഹമുള്ളവനും ഒറ്റയ്ക്കാണ് പെണ്ണ് പോയതെന്ന് പറഞ്ഞാ... സംശയത്തിന്റെ ഒരു പുലിയാട്ട് പറച്ചിൽ.. അവരിൽ താനെ മുളയ്ക്കും.".
ഫോൺ ബാഗിൽ തന്നെ വെച്ചു.
ബസിൽ ഇരുന്ന് ബോയി ഫ്രണ്ടിനോട് ചാറ്റുന്നതിനിടയിൻ അവൾ പറഞ്ഞു.
നമുക്ക് പയ്യന്നൂർ ഇറങ്ങാം.. അവിടെ സ്ത്രികൾക്ക് പ്രത്യേക ലോഡ്ജുണ്ട് ".
"ശരി"
ഞാൻ എതിർക്കാനൊന്നും പോയില്ല. എതിർത്തിട്ട് കാര്യമില്ല. ഇനി എല്ലാം അവളുടെ നിയന്ത്രണത്തിലായിരിക്കും.
ലോഡ്ജിൽ മുറി തരുമ്പോൾ റിസപ്ഷനിസ്റ്റ് അവളെ പ്രത്യേകം ഒന്ന് നോക്കുന്നുണ്ടായിരുന്നു.ഇതൊക്കെ കാണുമ്പോൾ വീട്ടിലേക്ക് തന്നെ പോയാലോന്ന് തോന്നി.
എന്റെ മനസ് വായിച്ചിട്ടെന്ന പോലെ, അവൾ അത് കൃത്യമായി പറയുകയും ചെയ്തു.
" അവറ്റകളൊക്കെ വെറുതെ ഇങ്ങനെ നോക്കുകയേയുള്ളു"
പുറത്ത് നിന്നുള്ള ഭക്ഷണം മനംപുരട്ടുളവാക്കി. കുളിക്കണമെന്ന് തോന്നിയില്ല.
"വേഗം കിടക്കാം ലോപ".
അതിനുത്തരമായി അവളൊന്ന് ചിരിച്ചു. ആ ചിരിയിൽ അവളുടെ പഴയ കളിയാക്കി ചിരിയുണ്ടായിരുന്നില്ല.
"എടി ഗ്രാമീണ സുന്ദരി... നമ്മളിവിടെ വന്നത് കിടന്നുറങ്ങാനല്ല... മനസ് തുറന്നൊന്ന് സംസാരിച്ചിരിക്കാനാ" എന്ന് പറഞ്ഞ് അവൾ ബാഗിൽ നിന്നും ഒരു മഞ്ഞ കവറുള്ള ബോട്ടിലെടുത്തുയർത്തി.
ആദ്യമൊന്നമ്പരന്ന എന്റരികിൽ വന്ന് അവൾ പറഞ്ഞു.
" ആൺകുട്ട്യോൾക്കേ മദ്യപിച്ചൂടു "
''ലോപ.. എന്താ എന്തായിത്" എന്നൊക്കെ പറയുന്നതിന് മുമ്പേ അവൾ അത് ഗ്ലാസിലൊഴിച്ച് കഴിക്കാൻ തുടങ്ങിയിരുന്നു.
" നിനക്ക് വേണേൽ കഴിക്കാം"
അവൾ ആർത്തിയോടെ ഒന്നു കൂടി ഒഴിച്ച് കുടിച്ചു.
"ലക്ഷ്മി.. കഴിഞ്ഞ മാസം ഞാനിവിടെ റൂമെടുത്ത് നിൽക്കുമ്പോൾ ഒരു ജസി വർഗീസുണ്ടായിരുന്നു കൂടെ... അവൾ നന്നായടിച്ചു.അവൾ കഴിഞ്ഞാഴ്ചയോ മറ്റോ ഒരു മാപ്പിളയുടെ കൂടെ ഒളിച്ചോടി പോയ ന്നോ മറ്റോ കേട്ടു.
ഇവളെന്താ ഇങ്ങിനെ എന്നോർത്ത് നിൽക്കേ അവൾ അൽപ്പം നാക്ക് കുഴച്ചിലോടെ മൊബൈൽ ഫോണെടുത്ത് എന്തൊക്കയോ പിറുപിറുത്തു.
"ലക്ഷ്മി.. അന്ന് ജസിയെ കെട്ടിപ്പിടിച്ച് കിടന്നതിന്റെ പിറ്റേന്നാൾ ഉറക്കമെഴുന്നേറ്റ് അവൾ പറഞ്ഞതെന്താണെന്നോ...ലോ പാ... നിന്റെ കൈകൾക്ക് ആണിനേക്കാളും കരുത്താണെന്ന്..."
"മുത്തപ്പാ... ഇവളെന്ത് ഭാവിച്ചാ.. "
എനിലാകെ ഭയം വന്ന് മുടി. ഞാൻ ഡോറിന്റെ കുറ്റിയിട്ട് വേഗം കിടന്നു.
കിടക്കുമ്പോൾ ഞാനവളോട് പ്രത്യേകം പറഞ്ഞതാണ്.
"ലൈറ്റണയ്ക്കരുത്.. എനിക്ക് പേടിയാവും"
" നീ കിടന്നോടി.. എനിക്ക് രണ്ട് ചെക്കൻമാരോട് ചാറ്റ് ചെയ്യാനുണ്ട് ".
ലൈറ്റ് ഓഫാക്കരുതെന്ന് പ്രത്യേകം പറഞ്ഞ് ഫാനിന്റെ വേഗത ഒന്ന് കൂട്ടി സാരിയൊക്കെ ഒതുക്കി കുട്ടി ഞാനൊന്ന് ചെരിഞ്ഞ് കിടന്നു ഉറങ്ങി.
രാത്രിയിൽ മുത്തപ്പന്റെ ചെണ്ടകൊട്ട് പോലെ ഫാൻ ശക്തമായി ശബ്ദിച്ചത്കൊണ്ടോ ശരീരത്തിലൂടെ എന്തോ ഇഴഞ്ഞത് പോലെ തോന്നിയത് കൊണ്ടോ ഞാൻ ആഴത്തിൽ നിന്നുള്ള ഉറക്കത്തിൻ നിന്നും ഞെട്ടിയുണർന്നു.
മുറിയിൽ നിറയെ ഇരുട്ടായിരുന്നു. ലൈറ്റ് ഓഫ് ചെയ്യരുതെന്ന് പറഞ്ഞിട്ടും അവളെന്തിന് ഓഫ് ചെയ്തു.
തലയിലേക്ക് മദ്യം നുരഞ്ഞ് കയറിയപ്പോൾ ഒന്നും തിരിഞ്ഞിട്ടുണ്ടാകില്ല.
ഒന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ്‌ ശരീരം എവിടെയല്ലോ വേദനിക്കുന്നതായോ.. നീറി പുകയുന്നതായോ അനുഭവപ്പെട്ടത്.
ബ്ലൗസിന്റെ കുടുക്കുകളെല്ലാം അഴിഞ്ഞിരിക്കുന്നു. പാതി നഗ്നമായ ശരീരത്തിലൂടെ ഇരുളിൽ ഒന്ന് കണ്ണോടിച്ചപ്പോൾ... അരികിൽ ലോപ വിവസ്ത്രയായി ഇരിക്കുന്നു.
വായയിൽ ഉമിനീര് വറ്റി സാരി വലിച്ചുടുക്കുവാൻ ശ്രമിക്കവേ അവളുടെ ഇരു കൈകളും എന്റെ മുഖവും മുലയും പരതി വരുന്നതായി ഞാൻ കണ്ടു.
അവളുടെ ഇരു കൈകളും തട്ടിമാറ്റി വാതിൽ തുറന്ന് പുറത്തേക്ക് ഓടുമ്പോൾ അവളുടെ കൈത്തണ്ടകൾക്ക് പുരുഷനേക്കാൾ ബലമുള്ളതായി എനിക്കും അനുഭവപ്പെട്ടു

Written by Upendran Madikai

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot