നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദന്തഡോക്ടറുടെ ദന്തനിരകൾ I Humour I Hussain MK


 വായിൽ നിന്ന് ചെറുതായി മണം വരുന്നുണ്ടോ എന്നൊരു സംശയം തോന്നിയപ്പോഴാണ് അയൽവാസിയും സുഹൃത്തുമായ ഡോക്ടറെ സമീപിച്ചത്.
ഇനി കഫം മൂലം ഉണ്ടാകുന്ന ദുർഗന്ധമാണെങ്കിൽ കഫത്തിന് ചികിത്സ ചെയ്യാലൊ എന്നും കരുതി. അല്ലാതെ കാശ് ലാഭം നോക്കിയൊന്നുമല്ല.
ശാരീരികമായി കുഴപ്പമൊന്നുമില്ല എന്ന് അവൻ പരിശോധിച്ചു വിധിയെഴുതി.
രണ്ട് പല്ലുകൾക്ക് ചെറിയ തകരാറ് കാണുന്നുണ്ടെന്നും അതിൽ ഭക്ഷണ ശകലങ്ങൾ ഇരുന്ന് ജീർണ്ണിക്കുന്നതാണ് സ്മെല്ലിന് കാരണമെന്നും അവൻ അഭിപ്രായപ്പെട്ടു.
ആയതിനാൽ ഒരു ദന്തഡോക്ടറെ കാണിക്കാനും ഇല്ലെങ്കിൽ ഒരു മൗത്തുവാഷ് ഉപയോഗിക്കാനും നിർദ്ദേശിച്ചു.
സുഹൃത്തിൻ്റെ വീട്ടിൽ നിന്നിറങ്ങി നേരെ പല്ലു ഡോക്ടറുടെ ക്ലിനിക് ലക്ഷ്യമാക്കി ഞാൻ നീങ്ങി.
ഡോക്ടർ ആരേയോ കൈകാര്യം ചെയ്യുകയാണെന്ന് അതിനുള്ളിൽ നിന്നുള്ള ഒച്ചപ്പാടും ബഹളവും കേട്ടപ്പോൾ തന്നെ മനസ്സിലായി.
മുന്നിലെ ബുക്കിംഗ് മേശയിൽ കൈകളൂന്നി മൊബൈലിൽ ഗൈം കളിച്ചു കൊണ്ടിരിക്കുന്ന അസിസ്റ്റൻറ് സിസ്റ്ററുടെ അംഗ,ഭാവ ചലനങ്ങളെ എങ്ങിനെ ഒരു കവിതയാക്കാം എന്നാലോചിച്ചു കൊണ്ടിരിക്കുന്ന എൻ്റെ നോട്ടം കണ്ടിട്ടുള്ള നാണം കൊണ്ടാണോ എന്നറിയില്ല, അവിളിടയ്ക്കിടെ വസ്ത്രം ശരിയാക്കിക്കൊണ്ടിരുന്നത്.
പല്ലിൻ്റെ പൊത്തിൽ നിന്നുള്ള മാലിന്യം നീക്കാൻ വന്ന ഞാൻ ഒരു കിളിയെ കവിതയിലാക്കി പോക്കറ്റിലിട്ട് കൊണ്ടു പോകേണ്ടി വരുമോ എന്ന് ശങ്കിക്കാൻ വേണ്ടി നിന്നപ്പോഴാണ് അകത്തു നിന്നും വേറൊരു കിളി വന്ന് എന്നെ മാടി വിളിച്ചത്.
അകത്ത് കയറിപ്പോഴാണ് ഒരു കസേരയിൽ വേറൊരു കിളി ഇരിക്കുന്നത് കണ്ടത്.
വെറും കിളിയല്ല, ഒരു വെള്ളപ്പനം തത്ത തന്നെ.
ഈ രണ്ട് കിളികളുടെ ഇടയിൽപെട്ട ഞാനങ്ങനെ വിജ്രംഭിച്ചു നിൽക്കവെ, വെള്ളപ്പനം തത്ത എന്നെ നോക്കി മന്ദം മന്ദം മൊഴിഞ്ഞു "ഇരുന്നോളു ''
കേട്ടപാതി കേൾക്കാത്ത പാതി പനം തത്തയുടെ ചാരത്ത് ഇരിക്കുന്ന സ്റ്റൂളിൽ ചാടി ഇരുന്ന എന്നെ നോക്കി തത്ത ചോദിച്ചു"എന്താ"?
"സ്മെല്ലാ" എൻ്റെ മറുപടി കേട്ട് തത്ത ഒന്ന് ചൂളിപ്പോയോന്ന് ഒരു സംശയം!. ആദ്യമായിരിക്കും ഒരു പക്ഷേ തത്തയുടെ അടുത്ത് സ്മെല്ല് പറഞ്ഞ് കൊണ്ട് ഒരാൾ ചികിത്സയ്ക്ക് വരുന്നത്.
"എത്രയായി തുടങ്ങീട്ട് "
"ഒരാഴ്ചയായിക്കാണും"
''വായ് തുറന്നേ നോക്കട്ടെ"
ഒരു ടോർച്ചുമെടുത്ത് എൻ്റെ വായിലേക്ക് അവൾ ലൈറ്റടിക്കാൻ തുടങ്ങിയപ്പോൾ ബിരിയാണിക്കല്ലാതെ എൻ്റെ വായ അത്ര ഞാൻ തുറന്നിട്ടുണ്ടായിരുന്നില്ല.
വായിലേക്ക് ടോർച്ചടിച്ച് നോക്കിയതിന് ശേഷം തത്ത പറയുകയാണ്,
"ചെറിയ തകരാറ് കാണുന്നുണ്ട് നമുക്കൊന്ന് ക്ലീൻ ചെയ്തു നോക്കാമെന്ന്"
വെള്ളപ്പനം തത്തയെ കണ്ടപ്പോൾ തന്നെ പ്രതിരോധശേഷി പാടെ നഷ്ടപ്പെട്ട ഞാൻ പല്ല് ക്ലീൻ ചെയ്യാൻ അപ്പടിസമ്മതിച്ചു.
രാജാവിനെ പരിവാരങ്ങൾ കൊട്ടാരസിംഹാസനത്തിലേക്ക് ആനയിക്കും പോലെ രണ്ട് കിളികളും കൂടെ എന്നെ അവരുടെ ആ ചാരു കസേരയിലേക്ക് ആനയിച്ചു.
വായ് തുറന്ന് അതിനകത്ത് കട്ടിംഗ് പ്ളയറും കട്ടറും സ്പ്യാൻഡറും എല്ലാമെടുത്ത് പല്ലുകളൊക്കെ ഒന്ന് ഉരതുകയും മേടുകയും ചെയ്തതിന് ശേഷം തത്ത പറഞ്ഞു,
'' രണ്ട് പല്ലുകൾക്ക് കാര്യമായ കേടുണ്ട്.ക്ലീൻ ചെയ്യുമ്പോൾ പൊട്ടിപ്പോരുകയാണെങ്കിൽ പറിക്കേണ്ടി വരും".
പറിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോഴും ഞാനൊന്നും പ്രതികരിച്ചില്ല.കാരണം എൻ്റെ പ്രതിരോധശേഷി പാടെ നഷ്ടപ്പെട്ടിരുന്നു.
അപ്പോഴേക്കും നമ്മുടെ അസിസ്റ്റൻ്റ് കിളി ഏതോ ലിക്കുഡിൽ നിന്ന് പൊക്കിയെടുത്ത സ്പെയർ സ്പാർട്സുകളെല്ലാം ഒരു തുണികൊണ്ട് തുടച്ചു നമ്മുടെ പ്രധാന തത്തയുടെ മുന്നിൽ സമർപ്പിച്ചു.
ഉടനെത്തന്നെ നമ്മുടെ തത്ത ക്ലീൻ ചെയ്യൽ ആരംഭിച്ചു. ക്ലീൻ ചെയ്യുമ്പോൾ കണ്ണൊന്നും കെട്ടില്ലല്ലോ. അത് കൊണ്ട് ഞാൻ തത്തയുടെ വായിലേക്ക് ഒന്ന് നോക്കി. എന്തോ ഒന്ന് പറയാൻ വേണ്ടി തത്ത വായ തുറന്നപ്പോഴാണ് ഞാൻ നോക്കിയത്.
"സ്മെല്ലൊന്നുമില്ലല്ലൊ, ആരാ പറഞ്ഞെ സ്‌മെല്ലുണ്ടെന്ന്"
"ഒരു സംശയം"
ഇതു പറഞ്ഞു കൊണ്ടാണ് ഞാൻ തത്തയുടെ വായിലേക്ക് നോക്കിയത്.
മനോഹരമായ ഇടതൂർന്നു നിൽക്കുന്ന പല്ലുകൾ, അവൾ വായ തുറന്നപ്പോൾ പ്രകാശിക്കുന്നത് പോലെ.
എൻ്റെ മുഖത്ത് നിന്നും കേവലം ഒന്നരയടി അകലം മാത്രമാണ് അവളുടെ മുഖത്തേക്കുള്ളത്.
ചുവന്നു തുടുത്ത മേൽ ചുണ്ടിന് മുകളിൽ അവ്യക്തമായ രൂപത്തിൽ ചെമ്പൻ രോമങ്ങൾ. ചെമ്പൻ രോമങ്ങളിൽ സൂക്ഷ്മമായ വിയർപ്പു മണികൾ.
അതെല്ലാം കണ്ടപ്പോഴേക്കും എൻ്റെ അന്തരാളങ്ങളിൽ നിന്ന് ഒപ്പനപ്പാട്ടിൻ്റെ താളം ഉയർന്നു വരാൻ തുടങ്ങി.
"പല്ലിൽ ക്ലീൻ ചെയ്യാൻ കാര്യമായി ഒന്നും ഇല്ല. എത്ര നേരം ബ്രഷ് ചെയ്യാറുണ്ട്."
"രണ്ട് നേരം ബ്രഷ് ഉപയോഗിക്കും. സമയം കിട്ടുമ്പോഴൊക്കെ അറാക്കും ഉപയോഗിക്കും.
വീണ്ടും വായയിൽ ക്ലിൻ ചെയ്യാൻ തുടങ്ങി.അൽപം കഴിഞ്ഞപ്പോൾ തന്നെ വായിൽ വന്ന വെള്ളം തുപ്പിക്കളയാൻ നമ്മുടെ അസിസ്റ്റൻ്റ് തത്ത ഒരു പാത്രവുമായി വന്നു.
വായിലെ വെള്ളം തുപ്പിക്കളഞ്ഞ ശേഷം ഞാൻ തത്തയോടായി ചോദിച്ചു.
"ഇങ്ങളെൻ്റെ ഉമിനീർ ഗ്രന്ഥി പൊട്ടിച്ചോ, ഇത്രയധികം വെള്ളം?''
അടുത്ത ക്ലീനിംഗിനായി എൻ്റെ അടുത്തേക്ക് വന്ന തത്ത എൻ്റെ ചോദ്യം കേട്ട് ഒന്നു പുഞ്ചിരിച്ചു.
പിന്നെ അൽപം പിന്നിലേക്ക് മാറി അസിസ്റ്റൻറ് സിസ്റ്ററോട് എന്തോ പറഞ്ഞു വായ പൊത്തിപ്പിടിച്ചു.
സംഗതി തത്തക്ക് ചിരിയടക്കാൻ വയ്യ. ഞാൻ ഉമിനീർ ഗ്രന്ഥിയുടെ കാര്യം പറഞ്ഞത് വലിയ ഒരു തമാശയായി തോന്നിക്കാണണം.
വീണ്ടും പലതും സംസാരിച്ചും ചിരിച്ചും ഒപ്പനപ്പാട്ടിന് താളക്കൊഴുപ്പ് കൂടി ക്കൊണ്ടിരുന്നു.
ഇതിനിടയിൽ ഇൻജക്ഷനൊക്കെ അവൾ സിംപിളായി കൈകാര്യം ചെയ്തു.
എന്തു ചെയ്യാം എൻ്റെ പ്രതിരോധശേഷി പാടെ നഷ്ടപ്പെട്ടിരിക്കുകയാണല്ലൊ.
അൽപസമയം കഴിഞ്ഞ് പല്ല് പറിക്കാനുള്ള ശ്രമങ്ങളൊക്കെ ആരംഭിച്ചു. ഇടയ്ക്കിടയ്ക്ക് സംസാരിക്കാനുള്ള അവസരം കിട്ടുന്നതിനാൽ ഒപ്പനപ്പാട്ടിൻ്റെ ശബ്ദം ഉയർന്നു കൊണ്ടിരുന്നു.
അതിനിടയിലാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. അവളുടെ മാറിടത്തിന് താഴെയുള്ള ഭാഗം എൻ്റെ ശരീരത്തിൽ കാര്യമായിത്തന്നെ സ്പർശിക്കുന്നുണ്ട്. ഒപ്പനപ്പാട്ടിൻ്റെ താളത്തിൽ അത് ശ്രദ്ധിക്കാതെ പോയതാണ്.
അതൊരു യാഥാർത്ഥ്യമാണെന്നറിഞ്ഞതോടെ ഒപ്പനപ്പാട്ടിൻ്റെ താളം നിലച്ചു.
ഇസ്റായേലിലേക്ക് ഹമാസ് റോക്കറ്റുകൾ വിക്ഷേപിച്ച പോലെ അടിവയറ്റിൽ നിന്ന് തലച്ചോറിലേക്ക് ചില സ്ഫോടകവസ്തുക്കൾ കയറിത്തുടങ്ങി.
തലച്ചോറിൽ എത്തുന്നതിന് മുമ്പ് കഴുത്തിൽ വച്ച് ഞാൻ അയേൺ ഡോൺ വച്ച് ഭസ്മമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പല സ്ഫോടനങ്ങളും നടക്കുമെന്നതിനാൽ ഞാൻ മനസ്സിനെ തീർത്ഥാടനത്തിനായി മക്കയിലേക്കും മദീനയിലേക്കും പറഞ്ഞയച്ചുവെങ്കിലും വിസ കിട്ടാൻ സാദ്ധ്യതയില്ലാത്തതിനാൽ തിരിച്ച് സോമാലിയയിലേക്ക് പറഞ്ഞയച്ചു. എങ്കിലും കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ ലാൻ്റ് ചെയ്തു.
അവസാനം ഞാനും ഒരു തീരുമാനം എടുത്തു, പൊട്ടുന്നെങ്കിൽ പൊട്ടട്ടെ എന്ന്.
അങ്ങിനെ ആ സുന്ദര സുരഭിലനിമിഷങ്ങളിൽ ഒപ്പനപ്പാട്ടിൻ്റെ താളത്തിൽ ഞാനാകെ ലയിച്ച് കിടന്ന ഒരു മണിക്കൂറിന് അവളെനിക്ക്‌ വിലയിട്ടത് 750 രൂപ. എഴുന്നൂറ്റി അൻപതല്ല, ഏഴായിരത്തി അഞ്ഞൂറും ഞാൻ കൊടുക്കുമായിരുന്നു.
അങ്ങിനെ മോണയിൽ പഞ്ഞിയും വച്ച് കർച്ചീഫു കൊണ്ട് മുഖവും തുടച്ച് എഴുന്നൂറ്റി അൻപത് രൂപ അവൾക്ക് സമ്മാനിച്ച് അവിടം നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ ഒപ്പനപ്പാട്ടിൻ്റെ താളം ഉച്ചസ്ഥായിയിലെത്തിയിരുന്നു.
പക്ഷേ, മിണ്ടാൻ വയ്യാത്തതിനാൽ കൈ കൊണ്ട് യാത്ര പറഞ്ഞ് മൊബൈൽ പിടിക്കുന്ന വ്യാജേന ഹൃദയത്തിന് മുകളിൽ അമർത്തിപ്പിടിയ്ക്കുമ്പോൾ
ഒപ്പനപ്പാട്ടിൻ്റെ താളം അമർന്നു കഴിഞ്ഞിരുന്നു.
ചെരിപ്പിടാനെന്ന വ്യാജേന ഞാൻ ഒന്നുകൂടി തിരിഞ്ഞ് നിന്ന് വിഷാദത്തിൻ്റെ കണ്ണുകളുമായി അവളെ നോക്കി. അവളിൽ നിന്ന് ഒരു വാക്ക്.
മാറിയ ചെരുപ്പ് ശരിയാക്കി പോകാൻ ഒരുങ്ങവെ ദാ അവൾ എൻ്റെ അടുത്ത്.
മനോഹരമായ ആ ദന്ത നിരകൾ കാട്ടി അവൾ മൊഴിഞ്ഞു.
''ഇനിയും വരണേ"
എന്ത് മറുപടി പറയണം എന്ന് ഞാൻ ശങ്കിച്ചു നിൽക്കവെ അവൾ അടുത്ത പേഷ്യൻ്റിനെ ലക്ഷ്യമാക്കി നീങ്ങി.
പല്ല് പറിക്കാനാണോ അവൾ ചെല്ലാൻ പറഞ്ഞത് അതോ സംസാരിക്കാനോ?.
ഇനിയും വരണേ എന്ന വാക്കിൻ്റെ ഉദ്ദേശ്യം അറിയാതെ ഞാനിന്നും ഉഴറുകയാണ് സൂർത്തുക്കളെ ഉഴറുകയാണ്.
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot