
"എന്താ പേര്?"
"മാളവിക."
"ഏതാ ബ്രാഞ്ച്?"
"കമ്പ്യൂട്ടർ സയൻസ്."
"ഹ്മ്... അവിടെ കൗണ്ടറിൽ ഫീസ് അടച്ചിട്ട് വന്നോളൂ."
"അമ്മാവാ... ഫീസ് അവിടെയാ അടക്കേണ്ടെ..."
കോളേജും പരിസരവും വീക്ഷിച്ച്കൊണ്ടിരുന്ന രാജശേഖരൻ മാളുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. അവളെ പോളിടെക്നിക്കിൽ ചേർക്കാനായി വന്നതാണ് അയാൾ. ഗൗരവം നിറഞ്ഞ മുഖത്തോടെ അയാൾ നടന്നു. പുറകെ അവളും.
അഡ്മിഷന്റെ എല്ലാ ഫോർമാലിറ്റീസും പൂർത്തിയാക്കിയിട്ട് അവർ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു. ദിവസവും പോയി വരേണ്ട വഴികളും ബസ് കേറേണ്ട സ്റ്റോപ്പും മറ്റും അയാൾ കൃത്യമായി അവൾക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. മാളവിക എല്ലാം ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരുന്നു.
ആദ്യമായാണ് അവൾ ടൗണിൽ വന്നു പഠിക്കുന്നത്. അധികമൊന്നും അവൾ ആ ഭാഗത്തേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാം അവൾക്ക് പുതിയ കാഴ്ചകളായിരുന്നു. പട്ടണത്തിന്റെ തിരക്കും ബഹളവും എല്ലാം അവൾ രസിച്ചുകൊണ്ടിരുന്നു. അവളുടെ ആകാംക്ഷയു അത്ഭുതവും രാജശേഖരന്റെ ഉള്ളിൽ ചെറിയൊരു ആശങ്ക പടർത്തി. പക്ഷെ ഒന്നും പുറമെ ഭാവിക്കാതെ അയാൾ ഗൗരവം പൂണ്ടു.
******
******
നിലാവ് പരന്ന ആകാശത്തിൽ നക്ഷത്രങ്ങൾ കൂടുതൽ ഭംഗിയോടെ തിളങ്ങി. അവ താഴെ ഓരോരുത്തരെയും നോക്കി കണ്ണ് ചിമ്മുന്ന പോലെ പ്രകാശിച്ചു. അത് കാണാനെന്നോണം ഉറങ്ങാതെ അയാൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ തന്റെ പ്രിയതമയും ഉണ്ടെന്നതായിരുന്നു ആ കാത്തിരിപ്പിന് കാരണം.
അഴികൾക്കിടയിലൂടെ ഒഴുകി വന്ന തണുത്ത കാറ്റ് അയാളെ തഴുകി കടന്നു പോയി. അവളുടെ ആത്മാവ് കാറ്റായി വന്ന് തന്നെ തലോടുന്നതായി അയാൾക്ക് തോന്നി. മനസ്സ് എന്തെന്നില്ലാത്ത സമാധാനം ആസ്വദിക്കും പോലെ. രാത്രി ഏറെ വളർന്നു കഴിഞ്ഞിരിക്കുന്നു. ഉറക്കം മെല്ലെ അയാളുടെ കണ്ണുകളെ തഴുകി. മയക്കത്തിലേക്ക് അയാൾ മെല്ലെ മെല്ലെ ആഴ്ന്നിറങ്ങി.
ഇരുമ്പഴികളിൽ ലാത്തികൊണ്ടുള്ള അടിയുടെ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നു. ഉറങ്ങാൻ ഏറെ വൈകിയതുകൊണ്ട് ഉണരാൻ അയാൾക്ക് പ്രയാസം തോന്നി. മതിവരുവോളം ഉറങ്ങാൻ ഇത് തന്റെ വീടല്ല. ജയിൽ ആണ്. ആ ഓർമ്മ അയാളെ പെട്ടെന്ന് സ്ഥലകാലബോധത്തിലേക്ക് എത്തിച്ചു. കണ്ണിൽ അവശേഷിച്ച ഉറക്കത്തിന്റെ കണികകളെ പാടെ അവഗണിച്ചുകൊണ്ട് അയാൾ തന്റെ ദിനചര്യയിലേക്ക് കടന്നു.
******
******
നേരം വെളുക്കുന്നതിന് മുൻപ് തന്നെ മാളവിക ഉണർന്നുകഴിഞ്ഞിരുന്നു. കോളേജിൽ ആദ്യത്തെ ദിവസമാണ്. ഒട്ടും വൈകരുതെന്ന ചിന്ത അവളെ ജാഗരൂകയാക്കി. പുറപ്പെടേണ്ട സമയത്തിന് മുൻപേ അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
അടുക്കളയിൽ തിരക്കിട്ട ജോലികളിലായിരുന്നു ജയശ്രീ. രാജശേഖരന്റെ ഭാര്യയാണ് അവർ. അവർക്ക് രണ്ടുകുട്ടികളുണ്ട്. അവരെ സ്കൂളിൽ അയക്കാനുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. ഒരുങ്ങിയിറങ്ങിയ മാളുവിനെക്കണ്ട അവർ വിസ്മയത്തോടെ നോക്കി.
"ഓഹ്... രാജകുമാരി ഒരുങ്ങിയോ... എന്നാ ആ സപ്രമഞ്ചത്തിലേക്ക് കേറിയിരുന്നാട്ടെ... അമൃതേത്ത് അങ്ങെത്തിച്ചേക്കാം.."
അവരുടെ പരിഹാസം നിറഞ്ഞ വാക്കുകൾ മാളുവിന്റെ ഉള്ളിൽ വല്ലാത്തൊരു വേദന നിറച്ചു. അനുവാദമില്ലാതെ ഒഴുകാൻ തുടങ്ങുന്ന കണ്ണുനീരിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചുകൊണ്ട് അവൾ മൗനിയായി. വാടിയ മുഖത്തോടെ അവൾ അടുക്കളയിലേക്ക് കടന്ന് ജോലികൾ ചെയ്യാൻ തുടങ്ങി.
" ഞാൻ പറഞ്ഞിട്ടിനി ഒന്നും ചെയ്യാൻ നിക്കണ്ട. കാലത്ത് തന്നെ അണിഞ്ഞൊരുങ്ങി വന്നേക്കുന്നു. ഹും..."
മുഖം കൂട്ടിക്കൊണ്ട് ജയശ്രീ അടുക്കളയിൽ നിന്നും പോയി. അവൾക്ക് വിഷമം തോന്നി. സഹിക്കുകയല്ലാതെ മറ്റുനിവൃത്തികൾ ഒന്നും തന്നെയില്ല. ആരോരും ഇല്ലാത്ത തനിക്ക് ഏക ആശ്രയമാണ് ഈ കുടുംബം. പട്ടിണി ഇല്ലാതെ നോക്കുകയും പഠിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് തന്നെ മഹാഭാഗ്യമാണ്.
അമ്മാവനും അമ്മായിയും പാവമാണ്. അതുകൊണ്ടാണല്ലോ അച്ഛനും അമ്മയും ഇല്ലാത്ത തന്നെ സംരക്ഷിക്കാൻ തയ്യാറായത്. അവരുടെ ബുദ്ധിമുട്ടുകൾക്കിടയിൽ താൻ ഒരു ബാധ്യത ആണെന്ന് അറിയാം. അതുകൊണ്ടാണ് ഇടക്ക് ഇങ്ങനെ കുത്തുവാക്കുകൾ പറയുന്നത്. എങ്കിലും വലിയ ബുദ്ധിമുട്ടുകൾ അറിയിക്കാതെ തനിക്ക് വേണ്ടതെല്ലാം സാധിച്ച് തരാൻ അമ്മാവനും അമ്മായിയും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അവരോട് ഒരു പരിഭവവും അവൾക്ക് തോന്നിയില്ല.
"ആ നല്ല ഡ്രെസ്സിൽ അഴുക്കാക്കാതെ അങ്ങോട്ടെങ്ങാനും പോ പെണ്ണെ... നാളെ മുതൽ ഇത്ര നേരത്തെ ഒരുങ്ങികെട്ടണ്ട. പോകാൻ നേരമാകുമ്പോഴേക്കും എന്നെ അടുക്കളയിൽ കുറച്ചൊക്കെ സഹായിക്കണം. എനിക്ക് ഒറ്റക്കൊന്നും വയ്യ. ഒരുക്കി തയ്യാറാക്കി പറഞ്ഞു വിടാൻ നിന്റെ തള്ളയൊന്നും ഇല്ല."
മാളു മുഖമൊന്നുയർത്തി അമ്മായിയെ നോക്കി. മുഖം നോക്കാതെ അത്രയും പറഞ്ഞ് അവർ തന്റെ ജോലികൾ തുടർന്നു. അവൾ ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് പോയി. അമ്മായിയുടെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു. പക്ഷെ പരാതി പറയാൻ പോലും തനിക്ക് ആരുമില്ലെന്ന് അവൾക്കറിയാം. എല്ലാ വേദനകളും അവൾ ഉള്ളിൽ തന്നെ കൊണ്ട് നടന്നു.
ഇറങ്ങാൻ നേരം ആയപ്പോഴേക്കും ഭക്ഷണം എല്ലാം തയ്യാറായി കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം മാളുവിനും ജയശ്രീ ഭക്ഷണം വിളമ്പി. അവൾ ഒന്നും മിണ്ടാതെ വന്നിരുന്നു കഴിച്ചു. എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ രാജശേഖരൻ സദാ ഗൗരവം പൂണ്ടു തന്നെ ഇരുന്നു.
ഇറങ്ങുന്നതിനു മുൻപ് അവൾ അമ്മാവന്റെ കാൽ തൊട്ട് വന്ദിക്കാൻ അവൾ
മറന്നില്ല. അയാൾ മനസ്സോടെ തന്നെ അവളെ അനുഗ്രഹിച്ചു. കുറച്ച് പണം അവൾക്ക് കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
മറന്നില്ല. അയാൾ മനസ്സോടെ തന്നെ അവളെ അനുഗ്രഹിച്ചു. കുറച്ച് പണം അവൾക്ക് കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
"ഇത് കൈയിൽ വച്ചോ. വല്ല അത്യാവശ്യം വന്നാൽ മാത്രം ചിലവാക്കുക. പിന്നെ പുതിയ സ്ഥലവും പുതിയ ആളുകളും ഒക്കെ ആണ്. സൂക്ഷിച്ച് വേണം ഓരോ അടിയും വക്കാൻ. ഇതുവരെ കാണാത്ത പലതും കണ്ടെന്നിരിക്കും. അതുപോലെ ഒക്കെ വേണമെന്നും നിനക്ക് തോന്നും. പക്ഷെ എല്ലാവരെയും പോലെ അല്ല നിൻറെ സാഹചര്യങ്ങൾ. അത് നിനക്ക് ഇപ്പോഴും ഓർമ്മ വേണം. നീ പഠിക്കാൻ മിടുക്കിയായതുകൊണ്ട് മാത്രമാണ് തുടർന്ന് പഠിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചത്. അതൊരു അബദ്ധമായി എന്ന് എനിക്ക് തോന്നാൻ ഇടവരുത്തരുത്."
"ഇല്ല അമ്മാവാ.. ഞാൻ..."
"ആ... നേരം കളയണ്ട. പോകാൻ നോക്ക്. സൂക്ഷിച്ച് പോയിട്ട് വാ..."
പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ അവളെ യാത്രയാക്കി. ആശങ്കയും ഭയവും സന്തോഷവും എല്ലാം കൂടിച്ചേർന്ന ഒരു അവസ്ഥയിൽ അവൾ കോളേജിലേക്ക് യാത്രയായി. മനസ്സ് നിറയെ പ്രാർത്ഥന ആയിരുന്നു. പുതിയ തുടക്കമാണ്. പിഴവുകൾ പറ്റാതെ കാക്കണേ ഈശ്വരാ... എന്നവൾ മനമുരുകി ദൈവത്തെ വിളിച്ചു.
******
******
ഉച്ചക്കലേക്ക് ഉള്ള ഭക്ഷണത്തിന്റെ തയ്യാറെടുപ്പാണ് കലവറയിൽ. തടവുപുള്ളികൾ ഓരോരുത്തരും അച്ചടക്കത്തോടെ തന്റെ ജോലികൾ കൃത്യമായി ചെയ്യുന്നു. അയാളും തിരക്കിട്ട ജോലികൾ ചെയ്യുകയാണ്. കൈകൾ മാത്രം ജോലി ചെയ്യുന്നുവെങ്കിലും മനസ്സ് മറ്റെവിടെയോ പാറി നടക്കുകയായിരുന്നു.
കൂടെ ജോലിചെയ്യുന്നവർ എന്തൊക്കെയോ സംസാരിക്കുകയും കളിതമാശകൾ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അയാൾ മാത്രം മറ്റേതോ ലോകത്തിൽ എന്ന പോലെ ചിന്തയിലാണ്ടു നിന്നു.
"എന്ത് പറ്റിയെടോ..? എന്താ വലിയ ആലോചന...?"
ചിന്തകൾക്ക് തടസ്സം നേരിട്ടപ്പോൾ അയാൾ മുഖമുയർത്തി നോക്കി. സുധാകരൻ എന്ന സഹതടവുകാരൻ ആണ് ആ തടസ്സം സൃഷ്ടിച്ച ശബ്ദത്തിനുടമ. അയാൾ സുധാകരനെ നോക്കി പുഞ്ചിരിച്ചു.
"ഒന്നുമില്ല. ഞാൻ വെറുതെ..."
"പഴയതൊക്കെ ഓർത്തോണ്ട് നിൽക്കുവാണോ..?"
വീണ്ടും ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. സ്വതവേ അയാൾ അല്പഭാഷിയാണ്. അതുകൊണ്ടു തന്നെ അധികം സൗഹൃദങ്ങളും അയാൾക്കില്ല.
"തന്റെ റിലീസിന് സമയമായോ..?"
"ഹ്മ്.. അടുത്ത് വരുന്നു."
"ഹ്മ്... വെറുതെയല്ല തനിക്ക് ഇത്ര ആലോചന. എന്താ പരിപാടി?"
ഒരു ദീർഘ നിശ്വാസം മാത്രമായിരുന്നു മറുപടി.
"ആരെങ്കിലും വരും തന്നെ കൂട്ടാൻ എന്ന് കരുതുന്നുണ്ടോ..?"
ഇല്ലെന്നയാൾ തലയാട്ടി. സുധാകരനും അത് അറിയാമായിരുന്നു. സ്വന്തം കാര്യത്തിലും ഇത് തന്നെ ആയിരിക്കും എന്ന ചിന്തയിൽ അയാളും ദീർഘമായി നിശ്വസിച്ചു. കൂടുതലെന്തെങ്കിലും പറയാൻ അയാൾക്കും കഴിഞ്ഞില്ല. ജീവിതത്തിലെ കഴിഞ്ഞുപോയ കറുത്ത അധ്യായങ്ങളെക്കുറിച്ചോർത്തുകൊണ്ട് രണ്ടുപേരും മൗനമായി തന്നെ നിന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക