Slider

ചെകുത്താന്റെ ഏകാന്തവാസവും വെള്ളംനിറച്ച കുപ്പികളും - കഥോദയം - (1)

0
Image may contain: 1 person, standing and suit

നീണ്ട വരാന്തയിൽ നിന്നും 122- ാം നമ്പർ മുറിയിലേക്ക് കടന്നു വരുന്ന പോക്കുവെയിൽ പോലും ക്രിസ്റ്റഫറിന് വല്ലാതെ അരോചകമായി തോന്നി.. മുറിയുടെ ഒരു ഭാഗത്ത് തൂക്കിയിരിക്കുന്ന ബൾബ്, പ്രകാശം നൽകാൻ പിശുക്ക് കാണിക്കുന്നുവെങ്കിലും അയാളത് നന്നായി ആസ്വദിച്ചിരുന്നു. വളർന്നു തൂങ്ങിയ താടിയിൽ ഇടക്കിടെ തിളങ്ങുന്ന വെള്ളി രോമങ്ങൾ ആനന്ദത്തിലാണ്. നാളെ അർദ്ധരാത്രിയോടെ അധികാരം പിടിച്ചടക്കിയിരിക്കുന്ന കറുത്ത രോമങ്ങളിൽ നിന്നും സ്വതന്ത്രമാകുന്നത് ആലോചിച്ചതു കൊണ്ടാകാം അവറ്റകൾക്ക് ഇത്രമാത്രം സന്തോഷം തോന്നുന്നത്.. ചെളി തിങ്ങിയ നഖങ്ങളാൽ ജടപിടിച്ച മുടിയിഴകളിൽ ചൊറിഞ്ഞ് കൊണ്ട് , അയാൾ തറയിൽ അസ്വസ്ഥനായി ഇരിക്കുകയാണ്. ഉടുത്തിരിക്കുന്ന ഒറ്റമുണ്ടിൽ നിന്നും പുറത്ത് ചാടിയിരിക്കുന്ന കാൽപാദങ്ങളിൽ സിമന്റ് തറയുടെ അസഹ്യമായ തണുപ്പ് അരിച്ചിറങ്ങുന്നതു കൊണ്ടാകാം ഇടക്കിടക്ക് ഉള്ളം കാലുകളിൽ കൈകൾ കൊണ്ട് തടവുന്നുമുണ്ട്.
ദൂരെ നിന്നും അടുത്തേക്കെത്തുന്ന ഷൂസുകളുടെ ശബ്ദം കേട്ടപ്പോൾ ക്രിസ്റ്റഫർ പുറത്തേക്ക് ചെവി കൂർപ്പിച്ച് ഇരുന്നു. അയാളിഷ്ടപ്പെടുന്ന ആ ചവിട്ടടികൾ ആ മുഖത്തെ അൽപം പ്രസന്നമാക്കിയതുപോലെ.
"മിസ്റ്റർ ക്രിസ്റ്റഫർ..നാളെ രാത്രിയിലേക്കുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞോ?"
ആഗതൻ ചെറുപുഞ്ചിരിയോടെ ചോദിച്ചു.
"ആഹ്.."
ക്രിസ്റ്റഫർ മെല്ലെയൊന്ന് മുരളുക മാത്രം ചെയ്തു.
"ഇന്ന് ലീവായിരുന്നു. യാത്രയും ഉണ്ടായിരുന്നു. നാളെ രാത്രിയിലാണ് ഡ്യൂട്ടി.. ഓരോ അസ്തമയത്തിലും വരാനിരിയ്ക്കുന്ന പുലരിയുടെ പുതിയ പ്രതീക്ഷകൾ ഒളിപ്പിച്ചിട്ടുണ്ട്. പ്രഭാതത്തിനും പ്രദോഷത്തിനും ഇടയിൽ അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. ഓർമ്മപ്പെടുത്തലുകൾ ആവശ്യമില്ലാതെ, കാലം കരുതിവച്ചിരിക്കുന്ന നീതിയാണത്."
അയാൾ പറഞ്ഞു നിർത്തി.
"ഹും.."
ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ക്രിസ്റ്റഫർ വീണ്ടും ആ സിമന്റ് തറയിലേക്ക് നോക്കി കുനിഞ്ഞിരുന്നു.
അരികിൽ കിടന്നിരുന്ന സ്റ്റീൽ പാത്രത്തിന്റെയും അതിന് മുകളിൽ കമിഴ്ത്തിയിരിക്കുന്ന ഗ്ലാസിന്റെയും അടുത്ത് മുഷിഞ്ഞ പുറംചട്ടയുള്ള "ചെകുത്താന്റെ ഏകാന്തവാസം" എന്നെഴുതിയ, പുസ്തകത്തിന്റെ വായിച്ചു തീരാറായ അടയാളച്ചീട്ട് അയാളുടെ ശ്രദ്ധയിൽപ്പെട്ടു .പുസ്തകത്തിന്റെ പേരിനും ക്രിസ്റ്റഫറിന്റെ ജീവിതത്തിനും വല്ലാത്ത സാമ്യമുള്ളത് പോലെ അയാൾക്ക് തോന്നി. അൽപ നേരത്തിന് ശേഷം തിരികെ നടന്നകന്ന ഷൂസുകളുടെ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതായിരിക്കുന്നു.
ക്രിസ്റ്റഫർ ഫെർണാണ്ടസ്..പേരിലെ വാലു കൊണ്ട് അനാഥന്റെ നേർക്കുള്ള സമൂഹത്തിന്റെ സഹതാപനോട്ടത്തിന് പിടിനൽകാത്തവൻ. അനാഥമന്ദിരത്തിന്റെ നിശബ്ദ ചുമരുകൾക്കുള്ളിൽ ബാല്യ-കൗമാരങ്ങൾ ഹോമിക്കപ്പെട്ടപ്പോൾ, യൗവ്വനം വരച്ച പ്രണയ ചിത്രങ്ങൾക്ക് നിറം പകരാൻ ആൻമേരിയെത്തി. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി നാടുകൾ ചുറ്റി സഞ്ചരിക്കാൻ സമയം തികയാതിരുന്ന അക്കാലത്ത്, ആൻമേരിയ്ക്കും കരോലിനുമൊപ്പം പുസ്തകങ്ങളോടും പ്രകൃതിയോടും പ്രണയം പങ്കുവച്ച ആകർഷണീയമായ വ്യക്തിത്വം. ഇന്നിപ്പോൾ ആരോടും സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, ഇരുട്ടിനെ വല്ലാതെ സ്നേഹിക്കുന്നവൻ. ആരുടെ മുൻപിലും ചലിക്കാത്ത ക്രിസ്റ്റഫറിന്റെ നാവ് ഒരാൾക്ക് മുൻപിൽ മാത്രമാണ് വ്രതം മുറിച്ചിരുന്നത്. ആ മനുഷ്യനാണ് അൽപം മുൻപ് വന്ന് പോയത്.
ഇടക്കിടക്ക് അയാൾ ക്രിസ്റ്റഫറിനോട് ചോദിക്കാറുണ്ട്.
"ക്രിസ്റ്റഫർ... താങ്കളെ കാത്തിരിക്കുന്നത് അനന്ത വിശാലമായ ഒരു ലോകമല്ലേ .അവിടെ മഞ്ഞ് വീഴുന്ന മലകളും താഴ്ഭാഗത്തു കൂടി ഒഴുകുന്ന പാലരുവികളുമുണ്ടല്ലോ. തേനിനേക്കാൾ മാധുര്യവും മദ്യത്തേക്കാൾ ലഹരിയുള്ളതുമായ പാനീയങ്ങൾ വെള്ളിക്കോപ്പകളിൽ നിറച്ചിരിക്കുന്നത് എത്ര വേണമെങ്കിലും പാനം ചെയ്യാം. ഫലഭൂയിഷ്ടമായ താഴ്വരകളെ അലങ്കരിക്കുന്ന നിത്യഹരിതങ്ങളായ ഒലീവ് മരങ്ങളേയും, ലെബനോനിലെ ആകാശംമുട്ടെ വളരുന്ന ദേവദാരുക്കളെ പോലുള്ള ഒറ്റത്തടിയുള്ള വൃക്ഷങ്ങളേയും കാണാം. പഴുത്ത അത്തിക്കായ്കൾ നിറച്ച ശിഖരങ്ങളാൽ മണ്ണിൽ തൊടാൻ കൊതിക്കുന്ന അത്തിമരങ്ങളേയും, കണ്ണിന് കുളിർമയേകുന്ന ബദാം പൂക്കളേയും കാണാം. കസ്തൂരിയുടെ സുഗന്ധമുള്ള കാറ്റ്, വസന്തം പിൻവാങ്ങാത്ത താഴ്വരകളിലെ പൂത്തുലഞ്ഞ ലില്ലി പൂക്കളിൽ തിരമാലകൾ തീർക്കുന്നത് കാണാം. കുഞ്ചിയിൽ തൂവെള്ള രോമങ്ങൾ നിറഞ്ഞ, ചിറകുകൾ വിരിച്ച രണ്ട് കുതിരകളുടെ പുറത്തായി പ്രിയതമ ആൻമേരിയും മകൾ കരോലിനും കൈകൾ വീശിക്കൊണ്ട് വന്നെത്തും. ഏറ്റവും ഉന്നതമായ പട്ടു വസ്ത്രങ്ങൾ ധരിച്ച അവരുടെ കണങ്കാലുകളിലെ എല്ലുകളുടെ ചുവപ്പ് ,ഒരു ചില്ലു ഗ്ലാസിൽ മുന്തിരിച്ചാറൊഴിച്ചത് പോലെ നിനക്ക് കാണാനാകും. നൂറ് കുതിരകൾ നിരയായി സഞ്ചരിച്ചാലും തീരാത്ത, മൈലുകളോളം തണൽ വിരിച്ചു നിൽക്കുന്ന പഞ്ഞിമരച്ചുവട്ടിലെ കവാടത്തിനടുത്ത്, നിന്നെ കൈപിടിച്ചു കയറ്റാൻ അവർ സന്തോഷത്തോടെ കാത്ത് നിൽക്കുന്നുണ്ടാകും.
എണ്ണിത്തീർക്കാൻ ബാക്കിയുള്ള ദിനരാത്രങ്ങൾ മാത്രമല്ലേ ഇതിനെല്ലാം നിന്റെ മുൻപിൽ തടസ്സമായുള്ളൂ.? അത് കൊണ്ട് നീ സങ്കടപ്പെടുന്നതെന്തിനാണ് ക്രിസ്റ്റഫർ.? നിന്നോട് ഞാൻ സന്തോഷിക്കാൻ പറഞ്ഞാൽ അത് അധികമാകില്ലല്ലോ?
അപ്പോൾ ക്രിസ്റ്റഫർ അയാളോട് മറുപടി പറയും.
"ചെകുത്താൻ സങ്കടപ്പെടാറില്ല. അവൻ എപ്പോഴും സന്തോഷിക്കുന്നു .ദുഃഖം ദൈവത്തിനാണ്. ദൈവത്തിന് ദുഃഖമുള്ളവരെ സമാധാനിപ്പിക്കാനും സന്തോഷമുള്ളവരെ കൂടുതൽ സന്തോഷിപ്പിക്കാനും സമയം തികയാതെ വരുന്നു. അപ്പോൾ ഞാൻ എന്തിന് സങ്കടപ്പെടണം? ഞാൻ ചെകുത്താനെപ്പോലെ എപ്പോഴും സന്തോഷിക്കുന്നു."
അതെ.. ഇതാണ് ക്രിസ്റ്റഫർ..ഏകാന്തതയിൽ പോലും ദൈവത്തെ വെല്ലുവിളിക്കുന്നവൻ.
അയാൾ പതിയെ എഴുന്നേറ്റ് മുറിയുടെ ഒരു മൂലയിലേക്ക് നടന്നു .അവിടെ നിറയാറായിരിക്കുന്ന വെള്ളക്കുപ്പിയിൽ അൽപം കൂടി വെള്ളമൊഴിച്ചു. തൊട്ടടുത്തിരിക്കുന്ന നിറഞ്ഞ കുപ്പിയിൽ അടപ്പ് ഇട്ടിരിക്കുന്നു. അതിന്റെയരികിൽ തറയിലായി കരിക്കട്ട കൊണ്ട് എന്തോ എഴുതിയിരിക്കുന്നു..
------------------_------------------_--------------------------
തൊട്ടടുത്ത ദിവസം രാവിലെ....
--------------------------------------------------
കിലോമീറ്ററുകൾക്കിപ്പുറം നഗരം സജീവമായിരിക്കുന്നു. ഇടയ്ക്കിടക്കുള്ള നാൽക്കവലകളിലെ വാഹനങ്ങളിൽ പച്ച നിറം കണ്ടവർ സന്തോഷത്തിലും ചുവപ്പ് കണ്ടവർ അക്ഷമരായും കാണപ്പെട്ടു. വാഹനങ്ങൾ പുറന്തള്ളുന്ന പുകകൊണ്ട് ശ്വാസംമുട്ടിയ 'നേതാജി റോഡിന്റെ' വലത്തുഭാഗത്തേക്ക് നിവർന്നു കിടക്കുന്ന 'ലേക്ക് വ്യൂ ലൈൻ' എന്ന പോക്കറ്റ് റോഡിലൂടെ ഒരു സൈക്കിൾ പാഞ്ഞ് പോകുകയാണ്.അത് ചെന്നുനിന്നത് കമാനാകൃതിയിലുള്ള തൂണിൽ 'ജാൻസി ഗാർഡൻ അപ്പാർട്ട്മെന്റ്സ് 'എന്ന് എഴുതിയതിനു തൊട്ടു താഴെയുള്ള സെക്ക്യൂരിറ്റി ക്യാബിനിനടുത്താണ്.സെക്ക്യൂരിറ്റിക്കാരൻ അയാൾക്കായി ചെറിയ ഒരു ഗേറ്റ് തുറന്നു കൊടുത്തു.
അയാൾ സൈക്കിളുമായി ഒമ്പതാം നമ്പർ അപ്പാർട്ട്മെന്റിലെ കാർപോർച്ചിലെത്തി. സൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് അയാൾ ലിഫ്റ്റിൽ നാലാം നിലയിലേക്ക് നീങ്ങി. അവിടെ 22-ാം നമ്പർ ഫ്ലാറ്റിന്റെ കോളിംഗ് ബെല്ലിൽ വിരലമർത്തുമ്പോൾ തൊട്ടപ്പുറത്തെ പൂട്ടിക്കിടക്കുന്ന 21-ാം നമ്പർ ഫ്ലാറ്റിലേക്ക് അയാൾ നോക്കുന്നുണ്ടായിരുന്നു. റൂമിലെ നിറഞ്ഞ പൊട്ടിച്ചിരികൾ നിലയ്ക്കുകയും മുന്നിലെ വാതിൽ ' അഡ്വ:ഗോമസ് ഡിസൂസ ' എന്ന വീട്ടുടമസ്ഥൻ അയാൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
"ഓഹ്.. നാരായണനോ.. താൻ എന്തേ വരാൻ വൈകിയത്.. ഞാൻ കരുതി ഇന്നിനി വരില്ലാന്ന്. വിളിക്കാനൊക്കോ? ഇക്കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്ത മനുഷ്യൻ നിങ്ങള് മാത്രമേ കാണൂ. ഒന്ന് വാങ്ങിത്തരട്ടേ എന്ന് പറഞ്ഞാൽ സമ്മതിക്കേം ഇല്ല. ആഹ്.. പിന്നെ.. ഉച്ചയൂണിന് ഇന്ന് ഒന്നുരണ്ട് പേരുണ്ട്."
ഗോമസ് പറഞ്ഞത് മുഴുവൻ തലകുനിച്ച് കേട്ടിട്ടും ഒന്നും പറയാതെ മുഖത്ത് സ്ഥായിയായ ഗൗരവം നിറച്ചുകൊണ്ട് അയാൾ അകത്തേക്ക് നീങ്ങി.
സ്വീകരണമുറിയിൽ സിഗരറ്റിന്റെ പുകച്ചുരുളുകൾക്കൊപ്പം പൊട്ടിച്ചിരികളും നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. ഇടയ്ക്കിടക്ക് കൂട്ടത്തിൽ നിന്നും ഉയരുന്ന പാട്ടുകൾക്കൊപ്പം മദ്യക്കുപ്പികളിൽ താളം പിടിക്കുന്നതിന്റെ ശബ്ദങ്ങളും ആക്രോശങ്ങളും വീരവാദങ്ങളും മുഴങ്ങുന്നതയാൾ ശ്രദ്ധിച്ചു.
ഗോമസ് സുഹൃത്തുക്കളോടായി പറയുകയാണ്.
" തൊട്ടടുത്ത ഫ്ലാറ്റിൽ സുന്ദരിയായ പെണ്ണ് താമസിക്കുമ്പോൾ, കുരിശു വരച്ച് വേദപുസ്തകം വായിക്കാൻ മാത്രം അപ്പോസ്തലനാണോടോ താനെന്ന് ലൂയിസെന്നോട് ചോദിച്ചു. ഞാനും ലൂയിസും കൂടി ഇതുപോലൊരു കമ്പനി കൂടിയിരുന്ന ദിവസമായിരുന്നു അന്ന്. ലൂയിസാണേൽ അന്ന് ആ പാവം കുഞ്ഞിനെ അവളുമായുള്ള പിടിവലിക്കിടയിൽ ,കാലേല് വന്ന് അരിച്ചപ്പോ തള്ളിയിട്ടതാ. ചുമരിൽ തലയടിച്ച് തീരുമെന്ന് ഞങ്ങള് കരുതീല്ലാ. മദ്യം തലക്ക് പിടിച്ചപ്പോ ഞാനും സ്വയം മറന്നു എങ്കിലും എല്ലാം കഴിഞ്ഞപ്പോ ഞാൻ ലൂയിസിനോട് പറഞ്ഞതാണ് പെണ്ണിനേ വെറുതെ വിട്ടേക്കാൻ.. അവനാണേൽ പറഞ്ഞാൽ കേൾക്കണ്ടേ!! ഒടുവിൽ തെളിവില്ലാതാക്കാൻ എന്തൊക്കെ പെടാപ്പാടാണ് പെട്ടത്. നിയമവും കോടതിയും വീട്ടുകാര്യംപോലെ ആയതിനാൽ കേസീന്നും കോടതീന്നും തലയൂരി.
പക്ഷേ...
കത്തിക്കരിച്ച ലൂയീടേം പെണ്ണുമ്പുള്ളേടേം മുഖം അങ്ങട് കണ്ണീന്ന് മായണില്ല. ഇന്നത്തെ ഒരു ദിവസം കൂടിക്കഴിഞ്ഞാൽ പിന്നെ എനിക്ക് സമാധാനമായി."
സംഭാഷണങ്ങൾ മുറിയാതെ കേൾക്കുവാൻ, നാരായണൻ ഒരു കുപ്പി തണുത്ത വെള്ളവും, എരിവുള്ള മിക്സ്ചറും, ഓംലെറ്റുകളുമായി അവരുടെ ടീപ്പോയിക്കരികിൽ വന്നു നിന്നു.
"എടോ, മട്ടനും പച്ചക്കറിയും വാങ്ങാൻ കാശ് മേശവലിപ്പിൽ വച്ചിട്ടുണ്ട്.. നെയ്മീൻ കിട്ടുവാണേൽ കുറച്ച് വാങ്ങിയേര്..നീയിങ്ങനെ ഒടിഞ്ഞു തൂങ്ങി നിൽക്കാതെ വേഗമാവട്ടെടോ നാരായണാ."
ഗോമസിന്റെ വാക്കുകൾ കേട്ടിട്ട് ,കാശ് എടുക്കാനായി അയാൾ ഒന്നും പറയാതെ മേശക്കടുത്തേക്ക് പോയി.
കൈയ്യുള്ള ഒരു പഴകിയ ബനിയനും കള്ളിമുണ്ടും ധരിച്ച ആ കറുത്ത മനുഷ്യന്റെ മുഖത്ത് എപ്പോഴും ഗൗരവമാണ്.അവധി ദിവസങ്ങളിൽ വീട്ടുജോലികൾക്കായി അയാൾ ഗോമസിന്റെ വീട്ടിലെത്തും.അധികം സംസാരിക്കാറില്ല.മുടി പറ്റെ വെട്ടിയിരിക്കുന്നു.മൂക്കിന് കുറുകെയായുള്ള വെട്ടിന്റെ ഒരു പാട് ,അയാളുടെ മുഖത്തു വരച്ചിട്ട ഗൗരവത്തെ കൂടുതൽ ഇരട്ടിപ്പിച്ചിരുന്നു. പരുപരുത്ത കൈകൾ കൊണ്ട് അയാൾ വച്ചുവിളമ്പുന്ന ഭക്ഷണത്തിന്, ഭാര്യ ഗ്ലോറിയുണ്ടാക്കുന്നതിനേക്കാൾ രുചിയുള്ളത് കൊണ്ടാകാം ഗോമസിന് അയാളോട് ഒരു പ്രത്യേക താൽപര്യവുമുണ്ട്.
"ഇവനെന്താ പൊട്ടനാണോ ?വേലക്കാരനാണേലും ഇവന്റെയൊക്കെ ഭാവം കണ്ടാൽ...."
കൂട്ടുകാരിൽ ഒരുത്തൻ ഗോമസിനോട് പറഞ്ഞു.
" നാരായണൻ അങ്ങനാ.. തെക്കെങ്ങാണ്ടുള്ളോനാ. ഇവിടെ വന്നിട്ട് അധികായിട്ടില്ല.ഗ്ലോറിക്കൊരു സഹായമാകും എന്ന് കരുതി നിർത്തി. ഇന്ന് നമ്മുടെ കമ്പനി കൂടുന്നതിന് തടസ്സമാകാതിരിക്കാൻ അവളേം മക്കളേം ഞാനാ വീട്ടിൽ പറഞ്ഞു വിട്ടത്..ഇന്നലെ അവന് എവിടെയോ പോകണമെന്ന് പറഞ്ഞ് നേരത്തെ പോയി. ഇന്ന് നേരത്തെ വരാമെന്ന് അവനിങ്ങോട്ട് പറഞ്ഞു. ആത്മാർത്ഥത ഉള്ളോനാ.. മാസാവസാനം എന്തേലും നക്കാപിച്ച കൊടുത്താ മതി."
" ആഹ്..പിഴച്ച് പോട്ടെടോ ഇവറ്റകൾ. എന്നാലും താൻ കണ്ണടച്ച് വിശ്വസിക്കണ്ട. കാലം മോശാണ്.."
വേറൊരു കൂട്ടുകാരന്റെ ഉപദേശത്തിന് ഗോമസ് ചെറുതായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ആഘോഷങ്ങൾ ഉച്ചതിരിഞ്ഞും നീണ്ടു. മദ്യത്തിന്റയും സിഗരറ്റിന്റെയും രൂക്ഷഗന്ധം മുറിയിലെ മണിപ്ലാന്റുകളെ വരെ മത്തുപിടിപ്പിച്ചിരുന്നു. കാലുകൾക്ക് ബലം നഷ്ടപ്പെട്ട സ്നേഹിതർ ഓരോരുത്തരായി സ്വീകരണമുറിയിൽ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞു.വെയിലാറാൻ തുടങ്ങുമ്പോൾ ആകാശമേഘങ്ങൾ തിരക്കിട്ട യാത്രയിലായിരുന്നു. പടിഞ്ഞാറു നിന്നും വീശിയിരുന്ന കാറ്റിന് ഓടകളിലെ ചീജലത്തിന്റെ ഗന്ധം പേറുന്നതിൽ തെല്ലും നാണം തോന്നിയിരുന്നില്ല. ഇടക്കെപ്പോഴോ രക്തത്തിന്റെ ഗന്ധം കൂടിക്കലർന്ന ഇളം കാറ്റ് മുറിക്കുള്ളിലെ മത്തുപിടിച്ച ചെടികളെ തൊട്ടുണർത്തുന്നുണ്ടായിരുന്നു.
മടക്കയാത്രക്കിടയിൽ ചക്രവാളത്തിൽ തല താഴ്ത്തുന്ന സൂര്യനെ കണ്ടപ്പോൾ പതിവിലും അരുണിമ കൂടിയതുപോലെ അയാൾക്ക് തോന്നി. വഴിയരികിലെ വയസ്സൻ ഞാവൽ മരത്തിൽ, ഞാവൽ പഴം കൊത്തിക്കൊണ്ടിരുന്ന അങ്ങാടിക്കുരുവികൾ, സന്ധ്യയുടെ ചുവപ്പ് വീണതും കൂട് ലക്ഷ്യമാക്കി പറന്നകലുന്നത് അയാൾ കൗതുകത്തോടെ നോക്കിക്കണ്ടു.
----------------- ------------------ --------------- ------------------
അന്നേ ദിവസം രാത്രിയിൽ...
----------------------------------------------
അത്താഴ ശേഷം ക്രിസ്റ്റഫർ തറയിൽ ഇരിക്കുകയാണ്. അരികിൽ കിടന്ന 'ചെകുത്താന്റെ ഏകാന്തവാസത്തിലെ' അടയാളച്ചീട്ട് അവസാന പേജിൽ നിന്നും തള്ളി നിൽക്കുന്നുണ്ട്.
122-ാം നമ്പർ മുറിക്കടുത്തേക്ക് വീണ്ടും ആ ഷൂസുകളുടെ ശബ്ദം മുഴങ്ങിക്കേട്ടു.ക്രിസ്റ്റഫർ പ്രതീക്ഷയോടെ പുറത്തേക്ക് മുഖം തിരിച്ചു. വാതിൽക്കൽ എത്തിയ അയാൾ ക്രിസ്റ്റഫറിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് തന്റെ കയ്യിൽ നിന്നും നാലായി മടക്കിയ വെളുത്ത കടലാസ് ക്രിസ്റ്റഫറിനു നേരെ നീട്ടി.
ചെറുമുരൾച്ചയോടെ ക്രിസ്റ്റഫർ അത് തുറന്നു.അതിൽ തീരെ ഭംഗികുറഞ്ഞ അക്ഷരങ്ങളാൽ ഇപ്രകാരം എഴുതിയിരുന്നു.
" യഹോവയ്ക്കു ഒരു പുതിയ പാട്ടു പാടുവിൻ, അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു.."
ഉടനെ ക്രിസ്റ്റഫർ തറയിൽ നിന്നും എഴുന്നേറ്റ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടാമത്തെ കുപ്പിയിൽ വെള്ളവും നിറച്ച് അതിന് അടപ്പിട്ടു.അരികിൽ കിടന്ന കരിക്കട്ട കൊണ്ട് അതിന്റെ താഴെ തറയിൽ അയാൾ എന്തോ എഴുതുന്നുണ്ടായിരുന്നു.പിന്നെയും കുറച്ച് നേരം അവർ എന്തൊക്കെയോ സംസാരിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടറും സൂപ്രണ്ടും അങ്ങോട്ട് കടന്ന് വന്നു കൊണ്ട് പറഞ്ഞു.
"ക്രിസ്റ്റഫർ ..മെഡിക്കൽ പരിശോധനയുണ്ട്.. നമുക്കീ താടിയെല്ലാം ഒന്ന് വെട്ടിയൊതുക്കാം. ഇനി അധികം സമയമില്ല.. "
"ഉം.. "
എന്ന് പതിവ് പോലെ മൂളിക്കൊണ്ട് ,വായിച്ചു തീർത്ത ആ പുസ്തകം അയാളെ ഏൽപിക്കുവാൻ ക്രിസ്റ്റഫർ സൂപ്രണ്ടിനോട് ആഗ്യം കാട്ടി. സൂപ്രണ്ട് അയാളെ മുറിയിലേക്ക് വിളിച്ചുകൊണ്ട് പുസ്തകം കൈമാറി.
ക്രിസ്റ്റഫറിനേയും കൂട്ടി അവർ ആ വരാന്തയിലേക്ക് നടന്ന് പോകുന്നതയാൾ കണ്ടുനിന്നു. അപ്പോൾ തന്നെ ഏൽപ്പിച്ച പുസ്തകം അയാളൊന്ന് മറിച്ചു നോക്കി. അതിലെ അടയാളച്ചീട്ടിനടിയിൽ ആൻമേരിയുടേയും മകൾ കരോലിന്റെയും കൂടെ നിൽക്കുന്ന ക്രിസ്റ്റഫർ ഫെർണാണ്ടസ് എന്ന സുമുഖനായ മനുഷ്യന്റെ ചിത്രം കണ്ടു. ചിത്രത്തിന്റെ മറുപുറത്ത് കണ്ട ക്രിസ്റ്റഫറിന്റെ കുറിപ്പിലേക്കപ്പോൾ ശ്രദ്ധ പതിഞ്ഞു.
"ജനിമൃതികൾക്കിടയിൽ ഓരോ മനുഷ്യ ജൻമങ്ങൾക്കും കൈവരുന്ന അപൂർവ്വ സൗഭാഗ്യങ്ങളുണ്ട്. എന്റെ ഈ നശിച്ച ജൻമത്തിൽ അത്തരത്തിലുള്ള ഒരു സൗഭാഗ്യമാണോ ഈ കണ്ടുമുട്ടൽ എന്നറിയില്ല. തിരിച്ചു നൽകാൻ ഹൃദയരക്തം കൊണ്ട് എഴുതിയ നന്ദിയെന്ന രണ്ടക്ഷരം മാത്രമേ ഉള്ളൂ.. നന്ദി."
വായിച്ചു തീർന്നപ്പോൾ തന്റെ കണ്ണുകൾ ആർദ്രമാകുന്നതയാൾ തിരിച്ചറിഞ്ഞു.
അപ്പോൾ അയാൾ മുറിയുടെ മൂലയിൽ വച്ചിരുന്ന വെള്ളം നിറച്ച കുപ്പികൾക്കടുത്തേക്ക് നടന്നു. രണ്ടു കുപ്പികളുടെയും താഴെ കരിക്കട്ട കൊണ്ട് എഴുതിയതിലേക്ക് അയാൾ ശ്രദ്ധിച്ചു..ഒന്നാമത്തേതിനു താഴെ നിറം മങ്ങിയ കരിയാൽ 'ലൂയിസ് ഫിലിപ്പെന്നും' രണ്ടാമത്തേതിനു താഴെ 'ഗോമസ് ഡിസൂസ' എന്നു വ്യക്തമായും എഴുതിയിരുന്നു.
വെളുപ്പിന് കിഴക്കേ കവാടത്തിനരികിൽ വച്ച് ക്രിസ്റ്റഫറിനെ വീണ്ടും കണ്ടു. വെളുത്ത വസ്ത്രം മാറ്റി ക്രിസ്റ്റഫറിന്റെ രക്തയോട്ടം നിലച്ച മുഖത്തേക്ക് നോക്കുമ്പോൾ, ശരീരത്തിലെടുത്തു കാണിച്ച കഴുത്തിലെ കയറിന്റെ തിണർപ്പിൽ അയാളുടെ കണ്ണുകൾ ഉടക്കി.തലയിലെ തൊപ്പി അഴിച്ചു കൊണ്ട് ക്രിസ്റ്റഫറിന്റെ മുൻപിൽ നിന്നപ്പോൾ, ക്രിസ്റ്റഫർ ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുകയും തോളിൽ നക്ഷത്രമില്ലാത്ത തന്നെ സല്യൂട്ട് ചെയ്യുന്നതായും അയാൾക്ക് തോന്നി. അപ്പോളവിടെ വട്ടമിട്ട് പറന്നിരുന്ന ഈച്ചകളിൽ നിന്നും ഒരീച്ച അയാളുടെ മൂക്കിൽ വന്നിരുന്നു.
നിറഞ്ഞ കണ്ണുകളെ നോക്കിക്കൊണ്ട്..കൃത്യം മൂക്കിന് കുറുകെയുള്ള ആ വെട്ടിന്റെ പാടിൽ...
### ഷെഫീർ ###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo