Slider

മായ - കഥോദയം - (1)

0
Image may contain: 1 person, beard, closeup and indoor

മുൻപോട്ട് നടക്കൂ, അല്ലെങ്കില്‍ വഴി മാറിക്കൊടുക്കൂ, പിന്നിലുള്ളോര് പൊയ്കോട്ടെ" ദേവസ്വം ജീവനക്കാരന്‍ പറഞ്ഞു.
വളരെ നീണ്ട വരിയാണ്. നടപ്പന്തലിന്റെ ഇടത്ത് ഭാഗത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തോട് ചേർന്ന്‌ രണ്ട്‌ വരികളിലായി ബെഞ്ചുകൾ ഇട്ടിട്ടുള്ളതില്‍‍ രണ്ടു ഭാഗത്തും ഭക്തർ ഇരിക്കുന്നുണ്ട്. . അത് തെക്കെ നടവഴി വരെ നീണ്ടു കിടക്കുന്നു. നടപ്പുരയുടെ വലതുഭാഗത്ത് ഭക്തർക്ക് വരിയായി നിൽക്കാനുള്ള പുതിയ വരിപ്പന്തൽ പണിതിട്ടിട്ടുണ്ട്. അതിൽ പതിനേഴ് വരികൾ, ഓരോ വരിയിലും ഇരിക്കാനുള്ള സൌകര്യവും വലിയൊരു ഫാനും ഉണ്ട്. വരിപ്പന്തലിലേക്ക് കയറുന്നതിന് മുൻപ് ഓരോരുത്തരേയും സുരക്ഷാഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ച് ആരും മൊബയിൽ ഫോണും മറ്റും കൊണ്ടു പോകുന്നില്ല എന്ന് ഉറപ്പു വരുത്തുന്നുണ്ട്.
വരിപ്പന്തലിലേക്ക് കയറുന്നതിനു മുന്‍പ് നടയിലേക്കു നോക്കി ഒന്ന് തൊഴാൻ നിന്നപ്പോഴാണ് ദേവസ്വം ജീവനക്കാരന്റെ മുറുമുറുപ്പ്.
നേരത്തെ എഴുന്നേറ്റ് വാകച്ചാര്‍ത്ത് കണ്ടു തൊഴണം എന്നാണ്‌ വിചാരിച്ചിരുന്നത്, പക്ഷെ കൊതുകുകള്‍ കാരണം ഉറങ്ങിയപ്പോള്‍ത്തന്നെ വളരെ വൈകിയിരുന്നു. ഗുരുവായൂരിലെ കൊതുകുകൾ എല്ലാം ഇന്നലെ ഈ നടയിൽ എന്നോട് കിന്നാരം പറയാൻ വന്നിരുന്നുഎന്ന് തോന്നുന്നു.
സത്യം പറഞ്ഞാല്‍ കണ്ണനോട് മനസ്സില്‍ ചെറിയ ഒരു അമര്‍ഷം ഉണ്ട്, എന്റെ ജീവിതത്തിലെ ഈ അവസ്ഥക്ക് കാരണം ഒരു തരത്തില്‍ പറഞ്ഞാല്‍ കണ്ണന്‍ കൂടിയാണല്ലോ. മായയെ ഈ തിരുസന്നിധിയില്‍ ഉപേക്ഷിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഏതോ ദുർബലനിമിഷത്തിൽ മനസ്സിൽ തോന്നിയ ഒരു അവിവേകം. അതെന്റെ ജീവിതത്തെ ഇത്രമാത്രം ബാധിക്കുമെന്ന് കരുതിയില്ല.
പതിനൊന്നാമത്തെ വരിയിലാണ് സ്ഥലം കിട്ടിയത് മുൻപിലുള്ള സ്ത്രീയുടെ കൈയ്യിലിരുന്ന കുട്ടി പല്ലില്ലാത്ത മോണ കാണിച്ച് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. വരിപ്പന്തലിന്റെ മുകളിലെ ഭീമൻ ഫാൻ പതുക്കെ തിരിയുന്നുണ്ട്.. അതിന്റെ തണുത്ത് കാറ്റ് മുഖത്ത് വീണപ്പോൾ അറിയാതെ കണ്ണടഞ്ഞു പോയി.
ഞാൻ എങ്ങിനെ ഇത്ര സ്വാർത്ഥനും ദുഷ്ടനുമായി എന്ന് അറിയില്ല. വിവാഹം കഴിഞ്ഞു ഏതാണ്ട് ഒരു മാസം മാത്രമേ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം ഉണ്ടായുള്ളൂ. ചിന്തകൾ കാട് കയറാൻ തുടങ്ങി, ആദ്യമായ് മായയെ കണ്ടതുമുതല്‍.
എം ബി എ ചെയ്തിരുന്ന കോളേജില്‍ നടന്ന ക്യാമ്പസ് റിക്രൂട്ട്മെന്റ് ഇന്റര്‍വ്യൂവിൽ മുംബൈയിലെ ഒരു കെമിക്കല്‍ ഇറക്കുമതി കമ്പനിയില്‍ ജോലി കിട്ടി വന്നതായിരുന്നു ഞാൻ. ജോലിക്ക് ചേര്‍ന്നു ഒന്നര കൊല്ലം കഴിഞ്ഞപ്പോഴാണ് അക്കൗണ്ട്സിൽ ജോലി ചെയ്തിരുന്ന മംഗലാപുരം സ്വദേശി പത്മിനിയുടെ ശുപാര്‍ശയില്‍ മായ ഞങ്ങളുടെ കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കുന്നത്.
മംഗലാപുരത്ത് ഒരു അനാഥാലത്തില്‍ വളര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവിടെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടൈപ്പിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കുമ്പോൾ പത്മിനിയും അവിടെ പഠിച്ചിരുന്നു. ആ പരിചയമാമാണ് സ്വന്തം കാലില്‍ നില്ക്കാന്‍ ഒരു ജോലി ശരിയാക്കിത്തരണമെന്നു പറഞ്ഞപ്പോള്‍ പത്മിനി മായയെ ഞങ്ങളുടെ കമ്പനിയിലേക്ക് ശുപാര്‍ശ ചെയ്തത്. അവിടെയാവുമ്പോള്‍ പത്മിനിയുടെ ഒരു ശ്രദ്ധ ഉണ്ടാവുകയും ചെയ്യും, താമസവും പത്മിനിയുടെ കൂടെത്തന്നെ ആകാമല്ലോ എന്നാണ് പത്മിനി എംഡി യോട് പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി മംഗലാപുരത്തിന് പുറത്തു ഒരു ലോകം കാണുന്നതുതന്നെ ഈ ജോലി ലഭിച്ച ശേഷമാണ്.
ഒരു അനാഥയാണ് എന്ന അനുകമ്പയാണ് എന്നെ മായയുമായി കൂടുതൽ അടുപ്പിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു പ്രണയമായി വളരുകയായിരുന്നു. ജീവിതത്തില്‍ സ്നേഹം അധികം അനുഭവിക്കാത്ത മായയ്ക്ക് ഞാനുമായുള്ള ബന്ധം സ്വര്‍ഗ്ഗതുല്യം ആയിരുന്നു.
ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയഭരിതരായി മുംബൈയിലെ ഗല്ലികളിലും ബീച്ചുകളിലും കറങ്ങി നടന്നു . വീട്ടില്‍ എനിക്കുവേണ്ടി കല്യാണങ്ങള്‍ നോക്കാന്‍ തുടങ്ങിയപ്പോഴാണ് മായയെ വിവാഹം ചെയ്യാം എന്ന് തീരുമാനിച്ചത്. വീട്ടില്‍ പറഞ്ഞാല്‍ ഒരിക്കലും ഞങ്ങളുടെ വിവാഹം നടക്കില്ല എന്ന ഉറപ്പുള്ളതിനാല്‍ ഞാന്‍ എന്റെ ഒരു ബന്ധുവിന്റെ സഹായത്തോടെ മായയെ മുംബൈയില്‍ വെച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു. പത്മിനിയും ഓഫീസിലെ കുറച്ച് സഹപ്രവർത്തകരും മാത്രമേ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. വിവാഹശേഷം നാട്ടിൽ പോയി അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കാം എന്നാണ് വിചാരിച്ചിരുന്നിരുന്നത്
എന്റെ കാര്യത്തിൽ മായ വളരെ പൊസ്സസ്സീവ് ആയിരുന്നു. ഒരു നിമിഷം എന്നെ കാണാതായാല്‍ അവള്‍ ഭ്രാന്തിയെപ്പോലെയാവും. അതിലുമുപരി ഞാന്‍ മറ്റൊരാളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ, കാണുന്നതും സംസാരിക്കുന്നതും മായയ്ക്ക് ചിന്തിക്കാവുന്നതില്‍ അപ്പുറം ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ലഭിച്ച സ്നേഹം ഇല്ലാതാവുമോ എന്ന് അവൾ ഭയന്നിരുന്നു.
ആ സമയത്താണ് പെട്ടെന്ന് അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ ആക്കിയിരിക്കുകയാണെന്ന് പറഞ്ഞ് നാട്ടില്‍ നിന്നും അമ്മാമന്റെ ഫോണ്‍ വന്നത്. മായയെയും കൊണ്ട് ആ അവസ്ഥയില്‍ അമ്മയുടെ മുന്‍പില്‍
എത്തിയാല്‍ ശരിയാവില്ലെന്ന് കരുതി മായയെ പത്മിനിയുടെ അടുത്താക്കിയാണ് ഞാന്‍ നാട്ടിലേക്ക് പോയത്.
നാട്ടിലെത്തി സാവകാശത്തില്‍ എല്ലാം അമ്മയോട് പറഞ്ഞ് മായയെ നാട്ടില്‍ കൊണ്ടുപോകണം എന്നാണു കരുതിയിരുന്നിരുന്നത്. പക്ഷെ ഒന്നും കേള്‍ക്കാന്‍ അമ്മ നിന്നില്ല, രണ്ടാഴ്ച ജീവനുമായി മല്ലിട്ട് അമ്മ ഭൂമിയില്‍ നിന്നും യാത്ര പറഞ്ഞു.
അമ്മയുടെ മരണാനനന്തരക്രിയകള്‍ കഴിഞ്ഞു ഞാൻ മുംബൈയിലേക്ക് തിരിച്ചു പോരുന്ന ദിവസം ദിവസം പുഴയില്‍ കുളിക്കുമ്പോള്‍ മൊബൈല്‍ വെള്ളത്തില്‍ വീണു. യാത്ര ചെയ്യേണ്ടിയിരുന്നതിനാല്‍ അത് മുംബൈയില്‍ പോയി ശരിയാക്കാം എന്ന് കരുതി.
ഈ വിവരം മായയെ അറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് കഴിയാഞ്ഞതിനാല്‍ പത്മിനിയെ വിളിച്ച് കാര്യം പറഞ്ഞ് മായയെ അറിയിക്കിക്കാന്‍ ഏല്‍പ്പിച്ചു. പക്ഷെ മുംബൈയില്‍ എത്തിയപ്പോഴാണ് അറിയുന്നത് എന്നെ കാണാതെ മായയുടെ മാനസികനില നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണെന്നും മറ്റും. എന്നെ കണ്ടിട്ടും മായയ്ക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല. ഒരു പരിചയഭാവം പോലും ഇല്ലായിരുന്നു.
ഡോക്ടറും പത്മിനിയും പറഞ്ഞാണറിയുന്നത് ഞാന്‍ മായയെ ഉപേക്ഷിച്ചു പോയതാവും എന്ന അകാരണമായ ഭീതിയും, കൂടാതെ എന്നെ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതുകാരണം മായ വിഷാദരോഗത്തിനു അടിമപ്പെടുകയായിരുന്നു എന്ന്‌. അധികതോതില്‍ ഉറക്കഗുളികകള്‍ ഉള്ളില്‍ ചെന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ നാട്ടില്‍ നിന്നും മായയെ വിളിച്ചിരുന്ന കാര്യം പത്മിനി മായയോട്‌ പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു എന്ന് പത്മിനി പറഞ്ഞു.
ഒരു കൊല്ലക്കാലത്തോളം പല സ്ഥലങ്ങളിലുമായി ചികിത്സകള്‍ നടത്തി. പല വിദഗ്ദരായ ഡോക്ടർമാരെയും കണ്ടു, മരുന്നുകള്‍ മാറി മാറി കഴിപ്പിച്ചു, പക്ഷെ വലിയ മാറ്റമൊന്നും കണ്ടില്ല. പിന്നീട് ഒരു സുഹൃത്ത് പറഞ്ഞാണറിഞ്ഞത്‌ ഇതിനു ആയുര്‍വേദത്തില്‍ നല്ല ഫലപ്രദമായ ചികിത്സ ഉണ്ടെന്ന്. അങ്ങിനെ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കായി നാട്ടില്‍ കൊണ്ടുവന്നതാണ്.
ചികിത്സ തുടങ്ങുംമുൻപ് മായയെയും കൂട്ടി ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴുത് ഭഗവാന്റെ അനുഗ്രഹം വാങ്ങാം എന്ന് കരുതി ഇവിടെ എത്തിയാതായിരുന്നു.
കിഴക്കേ നടയിൽ സത്രത്തില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം കാലത്ത് രണ്ടരക്ക് എഴുന്നേറ്റ് വാകച്ചാര്‍ത്ത് കണ്ടുതൊഴുതു. കുറച്ചു നേരം മതിലകത്തിരുന്ന് നാമം ജപിച്ചു. അത് കഴിഞ്ഞുപുറത്തുവന്ന്‌ മേല്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ മുന്‍പിലെ കസേരയില്‍ ഇരുന്നു. നേരം വെളുത്തപ്പോൾ ‍ അവിടെ മണ്ഡപത്തില്‍ വിവാഹങ്ങള്‍ തുടങ്ങി. സന്തോഷവാന്മാരായി വരുന്ന വധൂവരന്മാരും, അവരുടെ കുടുംബാംഗങ്ങളെയും നോക്കിയിരുന്നു.
പെട്ടെന്നാണ് മനസ്സിൽ ഓരോ ദുഷ്ചിന്തകൾ ‍കയറി വന്നത്. യാതൊരു ഗുണവുമില്ലാതെ താന്‍ പേറുന്ന ഈ ഭാരം എന്തുകൊണ്ട് ഉപേക്ഷിച്ചുകൂടാ എന്ന് ഏതോ ദുര്‍ബ്ബലനിമിഷത്തില്‍ മനസ്സില്‍ മിന്നി മാഞ്ഞു. കൂട്ടം തെറ്റിപ്പോയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കും, മായയ്ക്കാണെങ്കിൽ ഒന്നും ഓർമ്മയുമില്ല തിരിച്ചുവരാൻ.
മായ ഒന്നും അറിയാതെ നിർവികാരയായി ആള്‍ക്കൂട്ടത്തില്‍ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു നടക്കാന്‍ തുടങ്ങി , പെട്ടെന്ന് പിന്നില്‍നിന്നും എന്നെ മായ പിടിച്ചു എന്ന് തോന്നി, പക്ഷെ എന്റെ കസവുമുണ്ട് കസേരയില്‍ കുടുങ്ങിയതായിരുന്നു.
അവിടെനിന്നും തെക്കേ നടവഴിയിലൂടെ സത്രത്തിലേക്ക് ഒരു ഭ്രാന്തനെപ്പോലെ നടന്നു. കുറച്ച്‌ ദൂരം നടന്നപ്പോളാണ് വഴിയരികില്‍ കീറിയ വസ്ത്രങ്ങളുമായി ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടത്, സ്വബോധം നഷ്ട്ടപ്പെട്ട അവര്‍ അറിയുന്നുണ്ടായിരുന്നില്ല കീറിയ വസ്ത്രങ്ങളിലൂടെ പ്രകടമായിരുന്ന അവളുടെ അര്‍ദ്ധനഗ്നത. തൊട്ടടുത്ത്‌ ഒരു കുട്ടി മുഖത്തും ശരീരത്തിലും മുഴുവൻ ഐസ്ക്രീം പുരട്ടി ഇരുന്നു കളിക്കുന്നു. ആരെങ്കിലും സ്വബോധമില്ലാത്ത അവരെ നശിപ്പിച്ച് അതിലുണ്ടായ കുട്ടിയാവാം.
ദൈവമേ, എന്റെ മായയും ഇതുപോലെ ... ചിന്തിക്കാൻ പോലുമാകുന്നുണ്ടായിരുന്നില്ല. ഒരു നിമിഷത്തിനു ഞാന്‍ ചെയ്ത അപരാധത്തിന്റെ ആഴം എനിക്ക് മനസ്സിലായി. ഇല്ല, എന്നെ സ്നേഹിച്ചു എന്ന ഒരൊറ്റ കുറ്റത്തിന്ന് മായയ്ക്ക് ‌ ഇത്രയും വലിയൊരു ശിക്ഷ കൊടുക്കാൻ പാടില്ല.
അവിടെനിന്നും പിന്നെ തിരികെ ഓടുകയായിരുന്നു. ഞാന്‍ ഇരുത്തിയിടത്തില്‍ മായ ഇല്ലായിരുന്നു. അവിടെ ഇരിന്നിരുന്ന
എല്ലാവരോടും ഞാന്‍ മായയെപ്പറ്റി അന്വോഷിച്ചു, പക്ഷെ കണ്ടവരായി ആരുമില്ലായിരുന്നു. പോലീസില്‍ പരാതി നല്‍കി, ക്ഷേത്രത്തില്‍ എല്ലാ അധികാരികളെയും അറിയിച്ചു, കുറച്ചു നല്ലവരായ ആളുകളുടെ സഹായത്താല്‍ മായയുടെ ഫോട്ടോ ഒരു പേപ്പറില്‍ പ്രിന്റ്‌ ചെയ്തു വിതരണം ചെയ്തു. എല്ലാ ശ്രമങ്ങളും വിഫലമായി.
അന്ന് വൈകുന്നേരം പോലീസ് ഇന്‍സ്പെക്ടറുടെ കൂടെപ്പോയി CCTV റെക്കോര്‍ഡിംഗ് പരിശോധിച്ചു. ഞാന്‍ പോയി ഏതാണ്ട് കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പോയ അതെ വഴിയില്‍ കൂടി ആരുടെയോ കൈ പിടിച്ചു നടന്നു പോകുന്ന മായ, പക്ഷെ അമ്പലത്തില്‍ നിന്നും എഴുന്നള്ളിപ്പ് കഴിഞ്ഞുപോകുന്ന ആനയുടെ മറവ്‌ കാരണം കൂടെ ഉണ്ടായിരുന്ന ആളെ കാണുന്നുണ്ടായിരുന്നില്ല. വേറെ ഒരൊറ്റ ക്യാമറയിലും ഒന്നും വന്നിട്ടുമില്ല.
അന്ന് മുതൽ തുടങ്ങിയ അലച്ചിലാണ്. ഇതിനിടയില്‍ ഒരു പ്രായശ്ചിത്തം പോലെ, വഴിയിൽ കണ്ട അനാഥരായ കുട്ടികളെയും, നിരാലംബരായ സ്ത്രീകളെയും മറ്റും സഹായിച്ചു, ചിലരെ അഗതിമന്ദിരങ്ങളിൽ എത്തിച്ചു. അവസാനം കറങ്ങിത്തിരിഞ്ഞ്‌ വീണ്ടും ഈ ഭഗവത്സന്നിധിയിലെത്തി.
"ഉണ്ണിക്കണ്ണാ ... ഇന്നെങ്കിലും നേരത്തെ കാണാൻ പറ്റുവോ നിന്നെ."
ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്ന്‌ നോക്കി. എന്റെ തൊട്ടടുത്ത് ഒരു വ്യദ്ധൻ, നീട്ടി വളർത്തിയ നരച്ച താടിയിലൂടെ കൈവിരലുകൾ ഓടിച്ചുകൊണ്ട് ഇരുന്ന് ആത്മഗതം പറയുന്നുണ്ടായിരുന്നു.
ഞാൻ വെറുതെ ഒരു പുഞ്ചിരി സമ്മാനിച്ചു.
"ഇത് പ്പോ ദിവസോം ഓരോ പൂജേണ്ടാവും. ഇന്നും ഉദയാസ്തമനപൂജ ഉണ്ടെന്ന് തോന്നുന്നു, ന്നാൽ ഈ വരി കഴിയാന്‍ കുറഞ്ഞത് രണ്ടു-രണ്ടര മണിക്കൂർ എങ്കിലും എടുക്കുംന്നാ തോന്നണേ."
അത് ശരിവെക്കുന്നപോലെ ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി. എന്റെ പിന്തുണ ഉണ്ടെന്നു കണ്ടപ്പോൾ അദ്ദേഹം തുടർന്നു.
"എപ്പോളും ഇങ്ങിനെ ശ്രീകോവിൽ അടക്കും തുറക്കും ചെയ്താൽ കണ്ണനും ദേഷ്യം വരും ന്നാ തോന്നണേ.. പണ്ടൊക്കെ മാസത്തിലൊരിക്കലോ അല്ലെങ്കിൽ രണ്ടുമാസത്തിലോ ഒക്കെ ഉണ്ടായിരുന്ന പൂജകൾ ആണിപ്പോ ദെവസോം നടത്തണേ. ക്യഷ്ണന് സമാധാനായി ഭക്തന്മാരെ കാണാൻ പറ്റുന്നുണ്ടാവില്ല്യാ... ന്റെ ക്യഷ്‌ണാ,, ഇനി നിന്നെ കാണാൻ പൈസ കൊടുത്തു ആൾകാർ വരാൻ തുടങ്ങും. അപ്പൊ ഉത്തരവാദിത്ത്വം കൂടും, കാര്യം സാധിച്ച് കൊടുത്തില്ലയെങ്കിൽ പിന്നെ അത് മതി കോടതി കേറാൻ. കലികാലം ന്നല്ലാണ്ടെ എന്താ പറയ്യ്യാ..
ഞാൻ വീണ്ടും ചിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു
"ചിരിക്കണ്ടാട്ടൊ, ഞാൻ തമാശ പറഞ്ഞതാ, ഹ്യദയത്തീന്ന് വിളിച്ചാൽ വിളി കേൾക്കുംട്ടോ ഉണ്ണിക്കണ്ണൻ"
"കഴിഞ്ഞ ഒരു കൊല്ലായി ഞാൻ വിളിക്കാൻ തുടങ്ങീട്ട്, ന്റെ വിളി മാത്രം കണ്ണൻ കേൾക്കിണില്ല്യാ.. "
"കേൾക്കും കുട്ട്യേ, ഇപ്പൊ സമയായിട്ടുണ്ടാവില്ല്യാ. എല്ലാത്തിനും ഒരു സമയണ്ടല്ലോ.. "
"ഞാൻ ചെറ്യേ തെറ്റൊന്നും അല്ല ചെയ്തത്. എനിക്ക് ഈ ജന്മത്തിൽ കണ്ണൻ മാപ്പ് തരുമോ ആവൊ.."
"തെറ്റ് തെറ്റന്ന്യാ, അതിലിപ്പം ചെറുതും വലുതും ഒന്നും ഇല്ല, ചില തെറ്റുകള്‍ തനിയ്ക്ക് ചെറുതാണെന്ന് തോന്നുണ്ടാവാം, പക്ഷെ അതിന്റെ ഫലം അനുഭവിക്കണ ആള്‍ക്ക് വളരെ വലുതാവാം."
"ശരിന്ന്യാ അങ്ങ് പറഞ്ഞത്. ഞാനായിട്ട് ഒരു പെണ്‍കുട്ടീടെ ജീവിതം ഇല്ല്യാണ്ടാക്കി.."
"ഇതൊക്കെ ഓരോരോ പരീക്ഷണങ്ങളാ കുട്ട്യേ, എല്ലാം കള്ളക്കണ്ണൻ അകത്തിരുന്നു കാണുന്നുണ്ട്. പറ്റണ പോലെ ഭഗവാനെ ഭജിക്ക്യാ, പിന്നെ കുറച്ചു പരോപകാരങ്ങള്‍ ഒക്കെ ചെയ്യാ.."
"എനിക്കാവണ പോലെയൊക്കെ ഞാന്‍ ചെയ്യാറുണ്ട്."
" ന്നാ ഒരു കാര്യം ചെയ്യ്യാ.. ഇവിടെ അടുത്ത് ഒരു തെക്കേടത്ത് ഇല്ലം ഉണ്ട്, ഇപ്പൊ പഴയ പ്രതാപം ഒന്നൂല്ല്യാ. അരഗതീം പരഗതീം ഇല്ലാത്ത ആർക്കും വേണ്ടാത്ത കുറെ പേര് ഉണ്ടവിടെ. സമയം കിട്ടുംച്ചാൽ അവിടം വരെന്നു പോവൂ, അവർക്ക് ജീവിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുംച്ചാൽ വല്ല്യ ഉപകാരാവും. താൻ ചെയ്ത തെറ്റിന് അതൊരു പ്രായശ്ചിത്തം ആവുകയുമായി. അവിടെപ്പോയി പാലക്കാട് തെക്കേടത്ത് ഇല്ലത്ത്ന്ന് കൃഷ്ണൻ നമ്പൂരി പറഞ്ഞിട്ട് വന്നതാന്ന് പറഞ്ഞാ മതി. എനിക്ക് ശ്ശി പണീണ്ട്.. ഇനി ചെലപ്പോ കണ്ടൂന്നു വരില്ല്യ.. ഒക്കെ ശര്യാവും.."
തൊഴുത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും തിക്കിലും തിരക്കിലും നമ്പൂരി എങ്ങോ നടന്നുപോയി .
ഭഗവതിയമ്പലത്തിൽ തൊഴുത് പുറത്തിറങ്ങി ഹോട്ടല്‍ ദ്വാരകയിൽ പോയി ഒരു ചായ കുടിച്ച് നമ്പൂരി പറഞ്ഞ സ്ഥലത്തേക്കുള്ള വഴി ചോദിച്ചറിഞ്ഞു. തെക്കേ നടവഴിയിലൂടെ നടന്നു ഗുരുവായൂർ കേശവന്റെ പ്രതിമ നോക്കി ഒന്ന് കൈകൂപ്പി ആ മേൽവിലാസം തേടി നടന്നു.
സ്ഥലം കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു നല്ല പ്രായം ഉള്ള ഒരു സ്ത്രീ, മുഖത്തെ ഐശ്വര്യം കണ്ടിട്ട് ഏതോ വലിയ ഇല്ലത്തെ ആത്തോലാണെന്ന് തോന്നുന്നു, കയ്യില്‍ പഴയ കാലത്തെ ഓലക്കുടയൊക്കെ ചൂടി കൂനിക്കൂനി അമ്പലത്തിലേക്ക് നടന്നു പോവുന്നുണ്ടായിരുന്നു. വഴി ചോദിച്ചപ്പോള്‍ അവര്‍ ഇടതുവശത്ത് ഒരു പടിപ്പുരക്ക് നേരെ ചൂണ്ടിക്കാണിച്ചു.
പടിപ്പുര തുറന്ന് മുറ്റത്തേക്കുള്ള നടവഴിയിലേക്കു കയറി. നമ്പൂരി പറഞ്ഞത് വളരെ ശരിയാണ് ഒരു പഴയ വീട്, പക്ഷെ പരിസരം ഒക്കെ വ്യത്തിയാക്കി ചെത്തിമിനുക്കി വെച്ചിട്ടുണ്ട്. തലേന്ന് രാത്രി പെയ്ത മഴയിൽ നനഞ്ഞു കിടക്കുന്ന നടവഴിയിൽ എന്റെ ചെരുപ്പിന്റെ അടയാളം പതിയുന്നുണ്ടായിരുന്നു.
ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച് വാതിലിൽ മുട്ടി. കുറച്ച് പ്രായം ചെന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.
"ആരാ..." അവർ ചോദിച്ചു.
"ഞാൻ രാജീവ്, മുംബൈയില്‍ നിന്നാണ്. അമ്പലത്തിൽ വെച്ച് പാലക്കാട് ഉള്ള ഒരു ക്യഷ്ണൻ നമ്പൂരിയെ കണ്ടിരുന്നു. ഇവിടെ വന്നു ഒന്ന് കാണാന്‍‍ പറഞ്ഞിരുന്നു."
"കുട്ടി ഇരിക്കൂ, പറയാൻ ഉണ്ട്, കുടിക്കാൻ ചായ എടുക്കാൻ പറയണോ"
"വേണ്ടാ, ഞാനിപ്പോൾ കുടിച്ചിങ്ങട്ടു വന്നിട്ടേ ഉള്ളൂ. എന്താ പറയാനുണ്ടെന്നു പറഞ്ഞത്"
നല്ല ആഢ്യത്വമുള്ള ഒരു സ്ത്രീ. ഏതോ പുറം നാട്ടിൽ ജീവിച്ചതിന്റെ പരിഷ്കാരം കാണാനുണ്ട്. കറുത്തതും നരച്ചതുമായ തലമുടി ബോബ് കട്ട് ചെയ്ത് വൃത്തിയാക്കി ചീകിയൊതുക്കി വെച്ചിരിക്കുന്നു. ടീപോയിയുടെ മുകളിലെ പേപ്പറുകൾ അടുക്കി വച്ച് അവർ പറയാൻ തുടങ്ങി.
"ഞങ്ങളുടെ ഇല്ലത്ത് പണ്ട് മുതലേ കൈമരുന്നു കൊടുത്ത് ചികിത്സിക്കണ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. എന്റെ അച്ഛനും മുത്തച്ഛനും ഒക്കെ ഇതിനു വല്ല്യ പ്രഗത്ഭന്മാരായിരുന്നു. എനിക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല, നിരീശ്വരവാദി എന്ന് തന്നെ പറയാം. ഞാൻ പഠിച്ച് ഡോക്ടർ ആയി അമേരിക്കയിൽ പോയി. ഒരു കൊല്ലം മുൻപ് അച്ഛന് പെട്ടെന്ന് അസുഖം ആയപ്പോൾ ഞാൻ നാട്ടിൽ വന്നു. എന്റെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്. മരിക്കണേനു മുൻപ് എനിക്ക് കുറെ ഗ്രന്ഥങ്ങൾ അച്ഛൻ തന്നു. ആവശ്യക്കാർ വന്നാൽ അവരെ ചികിത്സിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളു."
ഒന്ന് പറഞ്ഞു നിര്‍ത്തി, ഒരു ഗ്ലാസില്‍ മണ്‍കൂജയില്‍ നിന്നും വെള്ളമെടുത്ത് കുടിച്ച് തുടര്‍ന്നു.
"അച്ഛൻ മരിച്ച് ക്രിയകൾ ഒക്കെ കഴിഞ്ഞു ഞാൻ തിരിച്ചുപോവാൻ ഒരുങ്ങുമ്പോഴാണ് നിങ്ങൾ പറഞ്ഞ ഈ പാലക്കാടുള്ള ക്യഷ്ണൻ നമ്പൂരി ഇവിടെ വരുന്നത്, കൂടെ ഒരു പെൺകുട്ടിയും "
"പെങ്കുട്ട്യോ ..." ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
"അതെ, ഒരു പെങ്കുട്ടി, ..ന്നട്ട് പറഞ്ഞു ആ കുട്ടിക്ക് ചിത്തഭ്രമം ആണ്, കുട്ടീടെ ഭർത്താവിനും ബുദ്ധിസ്ഥിരതയില്ല, അയാളും ചികിത്സയിൽ ആണെന്നും. അച്ഛൻ ഏൽപ്പിച്ച ഗ്രന്ഥത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തിൽ ഇതിനുള്ള ചികിത്സ വിധി എഴുതീട്ടുണ്ടെന്നും പറഞ്ഞു. ഭർത്താവിന്റെ ചികിത്സ കഴിഞ്ഞു ഒരു കൊല്ലം കഴിയുമ്പോൾ അയാൾ വരും എന്നും പറഞ്ഞിരുന്നു."
"എന്നിട്ട് ആ കുട്ടി ഇപ്പോൾ എവിട്യാ.. ആ കുട്ടീടെ പേരെന്താ "
"അകത്തുണ്ട്, നമ്പൂരി പറഞ്ഞത് രാധ എന്നാണ് , അതിപ്പോ ശരിയാണോന്ന് അറിയില്ല്യാ. ആ കുട്ടിക്ക് മലയാളൊന്നും അറിയില്ല്യായിരുന്നു. ഞാൻ മലയാളം ഒക്കെ പഠിപ്പിച്ചു. രാധാ .." അവർ അകത്തേയ്ക്ക് നോക്കി നീട്ടി വിളിച്ചു.
അകത്തെ മുറിയിൽ നിന്നും മുണ്ടും വേഷ്ടിയും ധരിച്ചു പുറത്തു വന്ന സ്ത്രീയെ കണ്ട് ഞാൻ അന്തംവിട്ട് ഇരുന്നുപോയി. ചിത്രങ്ങളിൽ കണ്ട സരസ്വതിദേവിയെ പോലെ പൂർണ്ണഐശ്വര്യത്തോടെ മായ പുറത്തേക്ക് വന്നു.
എന്നെ കണ്ട മായ വിശ്വസിക്കാനാവാതെ തരിച്ചുനിന്നു . ഒരു നിമിഷനേരത്തെ ഇടവേളക്കുശേഷം മായ കരഞ്ഞുകൊണ്ട് എന്റെ അടുത്തേയ്ക്ക് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു.
"രാജീവ് ... "
ആ വിളി കേട്ടിട്ട് എത്ര കാലമായി. ഞാൻ അവളെ ആശ്ലേഷിച്ചു.
"എനിക്കൊന്നും ഓർമ്മയില്ല രാജീവ്, നമ്മുടെ കല്യാണം മാത്രം എനിക്ക് ഒരു നേരിയ ഓർമ്മയുണ്ട്" കരഞ്ഞുകൊണ്ട് മായ മലയാളത്തിൽ പറഞ്ഞു
"അപ്പൊ നിങ്ങളാണോ ആ ഭർത്താവ് " ആ സ്ത്രീ ചോദിച്ചു.
"അതെ മാഡം, ഞാൻ തന്നെയാണ് തെക്കേടത്ത് പറഞ്ഞ ആ ബുദ്ധിസ്ഥിരതയില്ലാത്ത ഭർത്താവ്. കഴിഞ്ഞ ഒരു കൊല്ലമായി ഞാൻ അതിന്റെ ചികിത്സയിൽ ആയിരുന്നു ഭഗവാന്റെ ആശുപത്രിയിൽ. ക്യഷ്ണ മാപ്പാക്കണേ "
"എന്നാല്‍ ഒരു വിചിത്രമായ കാര്യം കൂടി പറയാം. ഞങ്ങൾ ആ തെക്കേടത്തിനെക്കുറിച്ച് അന്വോഷിച്ചിരുന്നു. അങ്ങിനെ ഒരു തെക്കേടത്ത് ഇല്ലം ഇപ്പോഴില്ല. പിന്നെ കൊല്ലങ്ങൾക്ക് മുൻപ് എന്റെ അച്ഛന്റെ മുത്തച്ഛന്റെ ശിഷ്യൻ ഒരു തെക്കേടത്ത് കൃഷ്ണൻ നമ്പൂരി ഉണ്ടായിരുന്നു. ക്യഷ്ണഭക്തി മൂത്ത് ഗുരുവായൂർ നടയിൽ തന്നെ ആയിരുന്നു ജീവിതം. ഇപ്പോൾ അങ്ങിനെ ഒരാളെപ്പറ്റി ആർക്കും അറിവില്ല. എല്ലാം ഭഗവാന്റെ ഓരോരോ മായാവിലാസങ്ങൾ ! "
മായയെയും കൂട്ടി മാഡത്തിനോട് യാത്ര പറഞ്ഞ് പറഞ്ഞിറങ്ങി.
അപ്പോഴാണ് ഓർത്തത് വഴിയിൽ അന്ന് കണ്ട ഭ്രാന്തി സ്ത്രീയ്ക്ക് മാഡത്തിന്റെ ഛായ ആയിരുന്നില്ലേ ? അവർ ഉടുത്തിരുന്നത് കീറിയതായിരുന്നെങ്കിലും പട്ടുവസ്ത്രങ്ങളായിരുന്നല്ലോ ? ... അവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കയ്യിൽ ഐസ്ക്രീം എന്ന് തോന്നിയത് വെണ്ണയായിരുന്നുവോ ? അന്ന് ആരോ മായയുടെ കൈപിടിച്ചു കൊണ്ടുപോകുമ്പോൾ കണ്ട ആനയ്ക്ക് പാപ്പാൻമാർ ഉണ്ടായിരുന്നില്ല, പണ്ട് ഗുരുവായൂര്‍ കേശവന്‍ മാത്രമേ അങ്ങിനെ പോകറുള്ളതായി പറഞ്ഞുകേട്ടിട്ടുള്ളൂ . പിന്നെ വരിയിൽ എന്റെ മുന്നില്‍ അമ്മയുടെ ഒക്കത്തിരുന്നു മോണ കാട്ടിച്ചിരിച്ച കുട്ടി എവിടെപ്പോയി? എങ്ങിനെ ക്യഷ്ണൻ നമ്പൂരി ആയി? എല്ലാം വെള്ളിത്തിരയില്ലെന്നപോലെ മനസ്സിൽ ഓടിയെത്തി ഓരോ ചോദ്യങ്ങളായി മാറി.
പടിപ്പുര അടച്ച് രണ്ടടി നടന്നപ്പോഴാണ് ഇല്ലത്തിന്റെ ഇറയത്ത് ചെരുപ്പ് ഊരിവെച്ച കാര്യം ഓർമ്മ വന്നത്.
ഞാൻ മായയുടെ കൈപിടിച്ച് തിരിച്ച് ഇല്ലത്തിന്റെ പടിപ്പുര തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട് എന്റെ ശ്വാസം നിന്ന് പോയി, ആ ഇല്ലം നിന്നിരുന്ന സ്ഥാനത്ത്‌ തകർന്നുവീണു കാടുപിടിച്ചു കിടക്കുന്ന ഒരു മൺകൂമ്പാരം!!
പടിപ്പുരയിൽ നിന്നും മുറ്റത്തേക്കുള്ള നടവഴിയിൽ എന്റെ ചെരുപ്പുകളുടെ അടയാളം ക്യത്യമായി കാണാമായിരുന്നു, തകർന്നുകിടക്കുന്ന തുളസിത്തറയുടെ സമീപം ഞാൻ അഴിച്ചു വെച്ച ‌എന്റെ ചെരുപ്പുകളും ...!!!
***
ഗിരി ബി വാരിയർ
28 ഏപ്രില്‍ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo