Showing posts with label തൊട്ടിയിൽ. Show all posts
Showing posts with label തൊട്ടിയിൽ. Show all posts

വയലാർ സ്മരണ

വയലാർ സ്മരണ
================
നാല് പതിറ്റാണ്ടിലേറെയായി വയലാർ രാമവർമ്മ വിടവാങ്ങിയിട്ട്‌. ആ കാവ്യശോഭയ്ക്ക്‌ മങ്ങലേൽപ്പിക്കാൻ കാലദൈർഘ്യത്തിനു കഴിഞ്ഞിട്ടില്ല. മലയാള മനസ്സ് തലമുറകളിലൂടെ അതിൽ അഭിരമിക്കുകയാണ്‌. അങ്ങനെ വയലാറും വയലാർക്കവിതയും കാലത്തെ അതിജീവിക്കുകയാണ്‌.
ചങ്ങമ്പുഴയുടെ മാസ്മരികമായ കാവ്യകാന്തിക വലയത്തിലേക്ക്‌ സഹൃദയ സമൂഹമാകെ ആകർഷിക്കപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. കാവ്യസപര്യയിലേക്ക്‌ ഇറങ്ങിത്തിരിച്ച യുവതലമുറ തുടക്കത്തിൽ ചങ്ങമ്പുഴയുടെ പിൻതുടർച്ചക്കാരായി. എന്നാൽ ഏറെ വൈകാതെ വേറിട്ട വഴികളിലൂടെ സ്വന്തം നിലപാടുതറ കണ്ടെത്താൻ അവർ തയ്യാറായത്‌ മലയാളത്തിന്റെ സൗഭാഗ്യമായി. ആ നിരയിലെ അതുല്യ സൗഭഗമാണ്‌ വയലാർ.
തിരിയിൽ നിന്ന് കൊളുത്തിയെടുത്ത പന്തം പോലെ ചങ്ങമ്പുഴക്കവിയതയുടെ സൗന്ദര്യവും ലാളിത്യവും മൃദുലഭാവങ്ങളുടെ മിന്നാട്ടവും മറ്റൊരു തരത്തിൽ മലയാള കവിതയിൽ പ്രസരിപ്പിച്ച കവികളാണ് വയലാറും പി.ഭാസ്കരനും ഒ.എൻ.വിയും. മാറ്റൊലിക്കവികളെന്നോ കേവലം അനുകർത്താക്കളെന്നോ പഴികേൾക്കാൻ വിധിക്കപ്പെട്ട ഈ ത്രിമൂർത്തികളുടെ ആത്മനിഷ്ഠതയാർന്ന രചനകളിൽ നിന്ന് കാല്പനികതയുടെ ശുദ്ധസൗന്ദര്യവും കുളിർ നിലാവും ഇളം തെന്നലും സഹൃദയ ലോകം ഒരളവോളം അനുഭവിച്ചറിഞ്ഞു. സമൂഹ വ്യവസ്ഥിതിയുടെ പോരായ്മകളിൽ പ്രതിഷേധ വിമർശനങ്ങളുടെ മിന്നലും വിപ്ലവത്തിന്റെ ഇടിമുഴക്കവും പ്രകടിപ്പിച്ച് നല്ലൊരു നാളെയുടെ വാഗ്‌ദാനങ്ങൾ വിതറി, ഇല്ലാത്തവരുടെ ചേരിയിലാണ് തങ്ങളെന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഈ കവികളിൽ വയലാർ ഏറെ ശ്രദ്ധേയനായി.
ഇരുപത്തിരണ്ടാം വയസ്സിൽ ഒരു വിപ്ലവ കവിയെന്ന അംഗീകാരം നേടിക്കൊടുത്ത "കൊന്തയും പൂണൂലും" എന്ന കവിതയിൽ വിപ്ലവം സാമ്പത്തിക രംഗത്തല്ല, സാംസ്കാരിക സാമൂഹിക രംഗങ്ങളിലാണ് ആദ്യം ഉണ്ടാവേണ്ടതെന്നും അതിന് സങ്കുചിത മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെറിയണമെന്നുമുള്ള ആഹ്വാനം കവി മുഴക്കി. അവിടെനിന്നിങ്ങോട്ട് വിപ്ലവത്തിന്റെയും സമരാവേശത്തിന്റെയും പടഹധ്വനി മുഴക്കിയ കവി, ഒടുവിൽ 'വാള് വിറ്റ് മാണിപ്പൊൻവീണ വാങ്ങി'യെന്ന വിമർശനത്തിന്‌ വിധേയനായിട്ടുണ്ട്.
ജീവിതാനുഭവങ്ങളെയും അനുഭൂതിചിത്രങ്ങളെയും ആത്മാവിന്റെ ഉലയിലൂതി വിശുദ്ധവും കരുത്താർന്നതുമാക്കി മാറ്റുന്നു കവി. ഭാവനയുടെ വർണ്ണപ്പൊട്ടുകൾ നൽകി അതിനെ മാറ്റിമറിക്കുന്നുവെന്നും വിപ്ലവാശയങ്ങളുടെ തീനാളങ്ങളിൽ അതിനെ ദീപ്തമാക്കുന്നുവെന്നും ആരൊക്കെ അപവദിച്ചാലും തനിക്ക് കൂസലില്ലെന്ന് കവി ഉറക്കെ പറയുന്നു. ചില കവിതകളിൽ ഏറെ മുഴച്ചുനിൽക്കുന്നത് മുദ്രാവാക്യ സദൃശങ്ങളായ വിപ്ലവാശയങ്ങളാണെന്ന് കുറ്റപ്പെടുത്തിയ വിമർശകരുണ്ടായിരുന്നു. രാഷ്ട്രീയാഭിപ്രായങ്ങളും പുരോഗമനാശയങ്ങളും പുലർത്തുന്നതിന്റെ പേരിൽ കവിയെ കുരിശിലേറ്റാൻ ഒരുങ്ങുന്ന വിമർശക പ്രമാണിമാർക്കെതിരെയുള്ള പ്രതിഷേധക്കുറിപ്പാണ് 'കക്ഷിരാഷ്ട്രീയത്തിന്റെ ഒരു കവിത'
കവി എന്നും പീഡിത വർഗ്ഗത്തിന്റെ ചേരിയിലായിരുന്നു.
ഒരു കുരുന്നു മനസ്സിന്റെ സത്യസന്ധമായ ചിത്രം വരയ്ക്കുന്ന 'ആത്മാവിൽ ഒരു ചിത' ഏറെ പാരായണം ചെയ്യപ്പെട്ട കവിതയാണ്. മരണം എന്ന സത്യം ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ആവാത്ത നാലുവയസ്സ് തികയാത്ത കുട്ടി – അങ്ങേപ്പറമ്പിലെ ചിതാഗ്നിയിൽ അച്ഛനെ വെച്ചപ്പോൾ ഒന്നും മനസ്സിലാകാതെ സ്വന്തം കളിപ്പാട്ടം തേടുന്ന ശിശു മനസ്സിനെ ആർദ്രമായി കവി വരച്ചിരുന്നു. വളർച്ചയുടെ പടികൾ ചവുട്ടിക്കയറിയ നാളുകളിൽ ആ പഴയ രംഗം കുട്ടിയുടെ ഓർമ്മകളിലൂടെ കടന്നു വന്നപ്പോൾ നടുക്കമാണ് തോന്നിയത്. വേദനിപ്പിക്കുന്ന ഓർമ്മകളിൽ അച്ഛന്റെ ജഡം ഒരിക്കൽക്കൂടി ദഹിപ്പിക്കുകയാണ് മനസ്സ്. അനുവാചക മനസ്സിൽ ദുഃഖത്തിന്റെ നീർചാലുകളൊഴുക്കാൻ പോന്ന ഭാവതാരള്യം ഈ കവിതയിലുണ്ട്. എല്ലാ മനുഷ്യാത്മാവുകളിലും ദുഃഖത്തിന്റെ ചിതയെരിയുന്നുണ്ടാവും എന്നതാണ് സത്യം. പിൽക്കാലത്തു വൈലോപ്പിള്ളി 'മാമ്പഴം' എന്ന കവിതയിൽ കുരുന്നു മനസ്സിന്റെ നൊമ്പരമുണർത്തുന്ന ചിത്രം സമർപ്പിച്ചപ്പോഴും സഹൃദയലോകം താൽപര്യപൂർവ്വം അത് ഏറ്റുവാങ്ങിയതിന് കാരണവും മറ്റൊന്നല്ല.
കപട ദൈവങ്ങളെ സൃഷ്ടിക്കുന്ന പൗരോഹിത്യത്തിന്റെ കുതന്ത്രങ്ങളെ കവി നന്നായി അപഹസിക്കുന്നുണ്ട് 'ഇത്താപ്പിരി' എന്ന കവിതയിൽ.
വനാന്തരങ്ങളിൽ താപസവൃത്തിയാർന്ന് വസിച്ച പൂർവ്വ പിതാക്കളുടെ ഋഷി പാരമ്പര്യത്തിൽ നിന്ന് തനിക്ക് കിട്ടിയതാണ് കാവ്യകലയുടെ ഓമൽക്കാർത്തിക നെയ്‌വിളക്കെരിയുന്ന ഏകാന്തയാഗാശ്രമം എന്ന് കവി വിശ്വസിക്കുന്നു.
ഇനി മുതൽ എന്റെ സമരായുധം വാളല്ല, അതിന്റെ സീൽക്കാരം പുറപ്പെടുവിക്കാനല്ല, മറിച്ച് അത് വിറ്റ് ഒരു പൊൻവീണ വാങ്ങുവാനാണ് താൻ ഒരുങ്ങുന്നത്, കാരണം രാഗതാളലയശ്രുതിസ്വരങ്ങൾക്കല്ലാതെ മറ്റൊന്നിനും മനസ്സിൽ പ്രേമഭാവം വിടർത്താനാകില്ല എന്ന് കവി. ഇവിടെ കവി വാള് വിറ്റ് വീണ വാങ്ങിക്കുന്നു എന്ന പ്രഖ്യാപനത്തിൽ വിപ്ലവത്തെ വഴിയിലുപേക്ഷിച്ച് സുഖകരവും അനായാസവുമായ ജീവിത മാർഗ്ഗം തേടുന്നുവെന്നും ഇത് കളരി മാറ്റിചവിട്ടലാണെന്നും ഇത്രയും കാലം പ്രാണൻ പോലെ കാത്തുസൂക്ഷിച്ച വിപ്ലവാശയങ്ങളും പുരോഗമന വീക്ഷണവും വലിച്ചെറിയലാണെന്നും കുറ്റപ്പെടുത്തിയവർ ഏറെ. കവിക്ക് മൗനം. 9 വർഷത്തിന് ശേഷം 1970ൽ വയലാർ 'എന്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണം' എന്ന കവിതയിൽ അതിന് കൃത്യമായി മറുപടി എഴുതി.
അന്ധവിശ്വാസങ്ങളും ജീർണ്ണമായ മതാചാരങ്ങളും സൃഷ്ടിക്കുന്ന കപടലോകത്തോടുള്ള പ്രതിഷേധവും പരിഹാസവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് 'ഒരു ദൈവം കൂടി'
നാനാഭാവതരംഗിതമായ ജീവിതത്തെയും സാമൂഹികാവസ്ഥകളെയും കുറിച്ച് മാത്രമല്ല, മഹത്വപൂർണമായൊരു പാരമ്പര്യത്തിന്റെയും സാംസ്ക്കാരികൗന്നിത്യത്തിന്റെയും പടികൾ ചവുട്ടിക്കയറി ഇന്നിലെത്തി നിൽക്കുന്ന മനുഷ്യന്റെ അന്തസ്സാരത്തെക്കുറിച്ചും ഗൗരവപൂർണമായ ചിന്തകൾ വയലാർ അവതരിപ്പിച്ചിട്ടുണ്ട്.
വയലാറിന്റെ കവിതയ്ക്ക് മരണമില്ല. അത് മലയാളികളുടെ സാസംസ്കാരിക പൈതൃകത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.
മലയാള സിനിമാഗാന ശാഖയ്ക്ക് വയലാർ നൽകിയ സംഭാവന വിലമതിക്കാത്തതാണ്. മലയാളികളുടെ ചുണ്ടിൽ ഇന്നും തത്തിക്കളിക്കുന്നു സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ആ ഗാനങ്ങൾ.
........തൊട്ടിയിൽ......

വായനാദിനത്തിൽ ഒരനുസ്മരണം ചങ്ങമ്പുഴ

വായനാദിനത്തിൽ ഒരനുസ്മരണം
ചങ്ങമ്പുഴ
========
മലയാള സാഹിത്യത്തിലെ നിത്യവിസ്മയവും നിത്യരോമാഞ്ചവുമാണ് ചങ്ങമ്പുഴ കൃഷ്‍ണപിള്ള. സാംസ്കാരിക പാരമ്പര്യമോ ധനപ്രൗഢിയോ കൂടാതെ നൈസർഗികമായ പ്രതിഭ ഒന്ന് കൊണ്ട് ഒരു കാലഘട്ടത്തിന്റെ കാവ്യാഭിരുചിയെ മാറ്റിമറിച്ചുകളഞ്ഞ കവിയാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴ സാഹിത്യവേദിയിൽ കാലുകുത്താൻ തുടങ്ങുമ്പോൾ കവിത്രയത്തിപ്പെട്ട ഉള്ളൂരും വള്ളത്തോളും കാവ്യരചനയിൽ നിന്ന് വിരമിച്ചിരുന്നില്ല. കുമാരനാശാന്റെ ഭൗതികദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ ഘനഗംഭീരധ്വനി തെല്ലും നിലച്ചിരുന്നില്ല.
ചങ്ങമ്പുഴക്കവിതകളിൽ പകുതിയിലധികവും സ്ത്രീപുരുഷ പ്രേമത്തിന്റെ ചൂടും ചൂരും നൊമ്പരങ്ങളും ഉൾക്കൊള്ളുന്നവയാണ്.
ചങ്ങമ്പുഴയുട പ്രേമകാവ്യങ്ങളിൽ പ്രഥമസ്ഥാനം രമണനാണ്. തന്റെ പ്രിയ സുഹൃത്തായ രാഘവൻപിള്ള പ്രേമനൈരാശ്യംമൂലം ആത്മഹത്യചെയ്തതിൽ പരിതപിച്ചെഴുതിയ വിലാപകാവ്യം കൂടിയാണ് രമണൻ. ഏറ്റവും കൂടുതൽ പ്രതികൾ കുറഞ്ഞകാലം കൊണ്ട് വിറ്റുതീർന്ന മലയാള പുസ്തകങ്ങളിൽ ഒന്നായ രമണൻ വായനക്കാർക്ക് ആനന്ദവും കവിക്ക് സാമ്പത്തിക നേട്ടവും പ്രദാനം ചെയ്തു. യൂറോപ്യൻ ഭാഷകളിൽ പ്രചാരം നേടിയ ആരണ്യക വിലാപകാവ്യത്തിന്റെ ശിൽപം മലയാളത്തിൽ ആദ്യമായി സ്വീകരിച്ച് രചിച്ച കൃതിയാണിത്.
ചങ്ങമ്പുഴയുടെ "വാഴക്കുല" കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരുടെ ഉണർത്തുപാട്ടായിരുന്നു.
സ്വയം സൃഷ്ടമായ ഒരു സ്വപ്ന ലോകത്തിൽ സ്വച്ഛന്ദവിഹാരം നടത്താൻ വെമ്പൽ കൊണ്ട കറതീർന്ന കാൽപ്പനിക കവിയാണ് ചങ്ങമ്പുഴ. പാശ്ച്യാത്യ നാടുകളിൽ ഉടലെടുത്ത കാൽപ്പനിക പ്രസ്ഥാനത്തിന് ചിരപ്രതിഷ്ഠ നൽകിയവരാണ് വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റസ് തുടങ്ങിയ വിഖ്യാതരായ കവികൾ.
 വിചിത്രമായ ജീവിതാനുഭവങ്ങൾ ചങ്ങമ്പുഴക്കവിതയ്ക്ക് അപൂർവ സുന്ദരമായ ഭാവപ്പൊലിമ പകർന്നിട്ടുണ്ട്. ശിഥിലചിന്തകളും നൈമിഷിക ഭാവങ്ങളും സ്ഥായീഭാവത്തിന്റെ ആനുഷംഗിക പ്രകടനങ്ങളും താൽക്കാലികമായ സുഖദുഃഖാവസ്ഥകളും കോറിയിട്ടിരിക്കുന്ന കാവ്യശകലങ്ങൾ പലതുമുണ്ട്. ചിലതിൽ ജീവിതത്തിന്റെ ദുഃഖാത്മകത, ചിലതിൽ നൈരാശ്യം, ചിലതിൽ സമരാവേശം, ചിലതിൽ മദ്യത്തിന്റെ ലഹരി, മൃത്യുവാഞ്ഛ ഇങ്ങനെ പോകുന്നു പല പ്രമേയങ്ങൾ.
 ചങ്ങമ്പുഴയുടെ സ്വകാര്യ ജീവിതംപലപ്പോഴും സദാചാരത്തിന്റെ വേലികൾ പൊളിച്ചുകളഞ്ഞുകൊണ്ടുള്ളതായിരുന്നു. അതിരുകടന്ന പ്രേമ വിഭ്രാന്തിയും അസാന്മാർഗിക ജീവിതവും ചങ്ങമ്പുഴയുടെ കവിമനസ്സിനെ വിചിത്രമായ രീതിയിൽ ചിന്തിപ്പിച്ചിട്ടുണ്ട്.
 “കപടലോകത്തിൽ ആത്മാർത്ഥമായ ഹൃദയവും” പേറി കളകണ്ഠത്തെ അഗ്നിവീണയാക്കി പാടിക്കൊണ്ട് മുപ്പത്തിയേഴാമത്തെ വയസ്സിൽ വാതരോഗവും ക്ഷയവും പിടിപെട്ട് അന്തരിക്കുകയും ചെയ്തു.
........തൊട്ടിയിൽ.......

അറയ്ക്കലങ്ങാടിയിലെ വിശേഷങ്ങൾ - ആറ് "മമ്മുക്കാന്റെ ഉള്ളിപ്പോറ്റ

Image may contain: plant, flower, nature and outdoor

അറയ്ക്കലങ്ങാടിയിൽ ഉണ്ണിനായരുടെ തുന്നൽക്കടയും ഒസാൻ കാസിമിന്റെ ബാർബർഷാപ്പും മുകുന്ദന്റെ തട്ടാൻപീടികയും സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരു ക്ലബ്ബ് ഉണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ "വിപഞ്ചിക" ആർട്സ് & സ്പോർട്സ് ക്ലബ്ബ്. കാരംസ് കളിക്കാനും പത്രം വായിക്കാനും സൊറ പറയാനുമായി ഒഴിവുനേരങ്ങളിൽ യുവാക്കൾ അവിടെ ഒത്തുകൂടാറുണ്ട്, പ്രത്യേകിച്ച് വൈകുന്നേരത്ത്. 
കൊയ്ത്ത് കഴിഞ്ഞാൽ അങ്ങാടിയുടെ മുൻപിലെ പാടത്ത് ബാഡ്മിന്റനും വോളിബോളും ഫുട്ബാൾ കളിയും നടക്കാറുണ്ട്. കാരംസും മറ്റു കളികളുമെല്ലാം പന്തയം വച്ചാണ് നടക്കാറ്. മാതൃഭൂമി അയ്യപ്പൻറെ പീടികയിലെ ചായക്കും നെയ്യപ്പത്തിനും മമ്മുക്കയുടെ പെട്ടിക്കടയിലെ കട്ടൻ കാപ്പിക്കും ഉള്ളിവടയ്ക്കും പരിപ്പുവടയ്ക്കുമാണ് പന്തയം വയ്ക്കാറ്.
കളി കഴിഞ്ഞാൽ യുവാക്കൾ ക്ലബ്ബിലെത്തും. എല്ലാ കളികളുടെയും പന്തയം കൊണ്ടുള്ള പ്രയോജനം മാതൃഭൂമിക്കും മമ്മുക്കക്കുമാണ്. ആ വകയിൽ രണ്ടു പേർക്കും അൽപ്പം കച്ചവടം കിട്ടാറുണ്ട്. ഉള്ളിവടയാണ് മമ്മുക്കയുടെ സ്പെഷ്യൽ. സാധാരണ കിട്ടാറുള്ള ഉള്ളിവടയേക്കാൾ വളരെയധികം രുചിയുള്ള വട. 
ഒരു ദിവസം വൈകുന്നേരം കളി കഴിഞ്ഞ് കുട്ടികൾ മമ്മുക്കയുടെ കടയിൽ നിന്ന് കട്ടൻ കാപ്പിയും ഉള്ളിവടയും കഴിച്ചുകൊണ്ടിരിക്കെ ഉള്ളിവടയിൽ ചെറിയൊരു പാറ്റയെ കണ്ടു. 
"എന്താ മമ്മുക്കാ ഇത്?".....പാറ്റയെ കയ്യിലെടുത്ത് കാണിച്ച് ഒരു കുട്ടി ചോദിച്ചു. 
"ഇത് ഉള്ളിപ്പോറ്റയാ മക്കളെ"....പാറ്റയെ വാങ്ങി കയ്യിലിട്ട് തിരുമ്മിയ ശേഷം മമ്മുക്ക പറഞ്ഞു. 
"ഉള്ളിക്ക് കയ്യും കാലും ണ്ടാവ്വോ മമ്മുക്കാ"....മറ്റൊരു കുട്ടി ചോദിച്ചു.
"അത് ഉള്ളീന്റെ വേരാ മക്കളേ".....മമ്മുക്കയുടെ മറുപടി അതായിരുന്നു.
കുട്ടികൾ മമ്മുക്കയുടെ കയ്യിലേക്ക് നോക്കിയപ്പോൾ പാറ്റയാണോ ഉള്ളിപ്പോറ്റയാണോ എന്ന തിരിച്ചറിയാൻ കഴിയാത്തവിധം അത് ചതഞ്ഞരഞ്ഞ് കഴിഞ്ഞിരുന്നു. 
പാറ്റയെ കണ്ടു എന്നത് കൊണ്ട് ഉള്ളിവടയ്ക്ക് ആവശ്യക്കാർ കുറയുകയൊന്നുമുണ്ടായില്ല. അന്ന് തൊട്ട് മമ്മുക്കയുടെ ഉള്ളിപ്പോറ്റ പ്രസിദ്ധമാവുകയാണുണ്ടായത്. ഉള്ളിവടക്ക് പിന്നീട് കുട്ടികൾ പേരിട്ടു "മമ്മുക്കാന്റെ ഉള്ളിപ്പോറ്റ"..എന്ന്. അതിന്ശേഷം ഉള്ളിപ്പോറ്റയ്ക്കായിരുന്നു കൂടുതൽ പന്തയം നടന്നിരുന്നത്. 
ജീവിതോപാധിയായിരുന്നെങ്കിലും, ചക്കരക്കാപ്പിയും ഉള്ളിവടയും നൽകി നാട്ടുകാരെ തൃപ്തിപ്പെടുത്തിയിരുന്ന പാവം മമ്മുക്ക വർഷങ്ങൾക്ക് മുൻപേ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു. ഇന്നും അറയ്ക്കലങ്ങാടിയിലെ ചെറുപ്പക്കാർ ഉള്ളിവടയ്ക്ക് പറയുന്ന പേരാണ് "മമ്മുക്കാന്റെ ഉള്ളിപ്പോറ്റ"..എന്ന്. അത് പറയുമ്പോൾ അവരുടെ ചുണ്ടിൽ ഇപ്പോഴും ചിരി വിടരാറുണ്ട്.
.......തൊട്ടിയിൽ......

"കോടമഞ്ഞ് പോലെ" (കഥ)

"കോടമഞ്ഞ് പോലെ" (കഥ)
=======================
"കുളീം തേവാരോം കഴിഞ്ഞില്ല്യേ ലക്ഷ്മിയുട്ട്യേ?"
"ഉവ്വ് മൂത്തശ്ശീ"
"മൂത്തശ്ശീടെ കാപ്പി കിട്ടീല്ല്യാലോ കുട്ട്യേ"
"ദാ..കൊണ്ടര്ണൂ മൂത്തശ്ശീ"
ലക്ഷ്മി വടക്കിനിയിലേക്ക് നടന്നു. പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പത്ത് വച്ചു. വിറക് കൊള്ളികൾ അടുപ്പിൽ തിരുകി. തീപ്പെട്ടിയുരച്ച് ഓലക്കൊടി കത്തിച്ചു അടുപ്പിലേക്ക് നീട്ടി. വിറകിൽ തീ കത്തിപ്പിടിക്കുന്നില്ല. അടുപ്പിൽ നിന്ന് പുക വമിക്കുകയാണ്. കുനിഞ്ഞ് നിന്ന് അടുപ്പിലേക്ക് ശക്തിയായി ഊതി. മൂക്കിലും വായിലും പുക കയറിയപ്പോൾ അവൾ വല്ലാതെ ചുമച്ചു.
"ഈശ്വരാ എന്നാ ഈ നരകത്തീന്ന് ഇനിയൊരു മോചനം" അവൾ ആത്മഗതമെന്നോണം പറഞ്ഞു.
അടുപ്പിലെ തീജ്വാലകൾക്കൊപ്പം ലക്ഷ്മിയുടെ മനസ്സിലെ കനലുകളുയർന്നു.
പത്താം തരം ജയിച്ചപ്പോൾ കൂടുതൽ മാർക്ക് നേടാൻ കഴിഞ്ഞില്ല. നായരായിപ്പോയില്ലേ. കോളേജിൽ പ്രവേശനം ലഭിച്ചില്ല. ജാതി സംവരണ വിഭാഗത്തിൽ പെട്ടതിനാൽ, മാർക്ക് വളരെ കുറവായിട്ടും, കൂട്ടുകാരി രാധക്ക് പട്ടണത്തിലെ പ്രസ്തമായ കോളേജിൽ തന്നെ പ്രവേശനവും ലഭിച്ചു. പിന്നീട് രാധ പ്രീഡിഗ്രി തോറ്റുവെങ്കിലും റവന്യു വകുപ്പിൽ L.D ക്ലർക്കായി ജോലി ലഭിച്ചു. ഉദ്യോഗക്കയറ്റം കിട്ടി ഇന്നവൾ തഹസിൽദാറാണ്.
വയസ്സ് മുപ്പത്തിമൂന്നായി തനിക്ക്. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹ ജീവിതത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ കണ്ടു. ഈ പ്രായത്തിൽ ഇനിയൊരു കല്യാണം നടക്കുമെന്ന് തോന്നുന്നില്ല. മുപ്പത്തിയഞ്ച് വയസ്സായ ഏടത്തിയും വീട്ടിലിരിപ്പാണ്. ഏടത്തിക്ക് ചൊവ്വാദോഷം മൂലമാണ് കല്യാണം നടക്കാതെ പോയതെങ്കിൽ ശുദ്ധ ജാതകക്കാരിയായ തനിക്ക് കല്യാണം നടക്കാതെ പോയത് അമ്മാവന്മാരുടെ കടുംപിടുത്തം മൂലമാണ്. എത്ര ആലോചനകൾ വന്നു. "നമുക്ക് ചേർന്ന ബന്ധമല്ല... തറവാടിത്തമില്ല....സർക്കാരുദ്യോഗസ്ഥനല്ല"...അങ്ങനെ പല കാരണങ്ങൾ പറഞ്ഞ് വന്ന ആലോചനകളെല്ലാം മുടക്കിയത് അമ്മാവന്മാരാണ്. അച്ഛനുണ്ടായിരുന്നെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി പറമ്പിലും പാടത്തുമെല്ലാം നടന്നതും...കാണ്ണിമാങ്ങ പെറുക്കിയതും..മുറ്റത്തെ ഇലഞ്ഞിക്കൊമ്പിലിട്ട ഊഞ്ഞാലിൽ അച്ഛന്റെ മടിയിലുരുന്ന് ഊഞ്ഞാലാടിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരു ദിവസം ത്രിസന്ധ്യ നേരത്ത് അങ്ങാടിയിൽ നിന്ന് വരുമ്പോൾ സർപ്പക്കാവിനടുത്ത് വച്ച് സർപ്പ ദംശനമേറ്റതും, വിഷ വൈദ്യൻ വീട്ടിൽ വന്നതും... "നേരത്തോട് നേരം കാലം കൂടൂലാ"യെന്നു പറഞ്ഞതും.. നേരം പുലരും മുമ്പേ അച്ഛൻ തങ്ങളെയെല്ലാം വിട്ടു പോയതും..അച്ഛന്റെ വിറങ്ങലിച്ച ശരീരം കെട്ടിപ്പിടിച്ച് കരഞ്ഞതും...........
"കാപ്പി കാലായില്ല്യേ ലക്ഷ്മിയുട്ട്യേ?"
നേര്യേതിന്റെ അറ്റം കൊണ്ട് കണ്ണുകൾ തുടച്ച്, ചൂടുള്ള കാപ്പിയുമായി ലക്ഷ്മി മുത്തശ്ശിയുടെ അരികിലെത്തി.
"സാവിത്രിക്കുട്ടി എണീറ്റില്ല്യേ?"
"ഇല്ല്യാന്ന് തോന്ന്ണൂ"
"നേരത്തെ എണീക്കില്യ...കുളീംല്യ...തേവരോംല്ല്യാ...മച്ചില് ഭഗവതി കുടിയിരിക്ക്ണ തറവാടാന്നുള്ളൊരു വിചാരോം ല്യാണ്ട്....അശ്രീകരം" മുത്തശ്ശി പിറുപിറുത്തു.
ഇങ്ങനെയൊന്നുമല്ലായിരുന്നു ഏടത്തി. നേരത്തെ എണീക്കും...വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കും...എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറിയിരുന്നതാണ്. ഇപ്പൊ എല്ലാ കാര്യങ്ങളോടും ഒരു നിഷേധാത്മക മനോഭാവമാണ്. ഒരുപാട് ആലോചനകൾ വന്നതാണ് ഏടത്തിക്ക്. ചൊവ്വാദോഷം മൂലം ഒന്നും ശരിയായില്ല. ഏഴാം ഭാവത്തിൽ ചൊവ്വയുള്ള ഒരു സ്‌കൂൾ മാഷ്‌ടെ ആലോചന വന്നു. അയാൾക്ക് ഏടത്തിയെ ഇഷ്ടായി, ഏടത്തിക്ക് മാഷിനെയും. പക്ഷേ "കുടുംബ പാരമ്പര്യം നമുക്ക് യോജിച്ചതല്ല" എന്ന് വല്യമ്മാവൻ. അതും കൂടി മുടങ്ങിയതോടെയാണ് ഏടത്തി ഈ മാനസികാവസ്ഥയിലായത്.
"സ്വഭാവം പോലെ തന്നെ അവളുടെ കാര്യങ്ങളും" മുത്തശ്ശിയുടെ ശാപവാക്കുകൾ.
"കാര്യങ്ങളാണ് സ്വഭാവം ഇങ്ങനെയാക്കിയത്" എന്ന് പറയണമെന്ന് തോന്നി ലക്ഷ്മിക്ക്. പക്ഷേ "ധിക്കാരം പറയേ" എന്ന് മുത്തശ്ശി ചോദിക്കേണ്ട എന്ന് വിചാരിച്ച് അവളൊന്നും മിണ്ടിയില്ല.
രണ്ടാമത്തെ അമ്മാവൻ കല്യാണം കഴിച്ച്, എല്ലാ നായന്മാരെയും പോലെ ഭാര്യവീട്ടിലാണ് താമസം. ലക്ഷ്മിയെ കൂടാതെ ഏടത്തി സാവിത്രിയും വല്യമ്മാവനും ചെറിയമ്മാവനും മുത്തശ്ശിയും അമ്മയും അമ്മയുടെ അനുജത്തിയുമാണ് ഈ നാലുകെട്ടിൽ താമസക്കാർ. ചെറിയമ്മയും ചൊവ്വാ ദോഷക്കാരിയായതിനാൽ കല്യാണം കഴിക്കാതെ വീട്ടിലിരിപ്പാണ്. വല്യമ്മാവനും ചെറിയമ്മാവനും കല്യാണം കഴിച്ചിട്ടില്ല. ചെറിയാമ്മാവൻ ഒരു പ്രേമനൈരാശ്യക്കാരനാണത്രെ. വല്യമ്മാവൻ കല്യാണം കഴിക്കാതിരുന്നതിന്റെ കാരണം ആർക്കും അറിയില്ല.
 അമ്മാവന്മാർ മൂന്ന് പേരും തൊഴിൽ രഹിതരാണ്. വല്യമ്മാവനാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഉണ്ണാനുള്ള അരിക്ക് വേണ്ട കൃഷിയുണ്ട്. വലിയൊരു പറമ്പ്. പറമ്പ് നിറയെ മാവും പ്ലാവും പുളിയും ആഞ്ഞിലിയുമെല്ലാമുണ്ട്. ഒന്ന് രണ്ട് പറമ്പുകൾ വേറെയും. അത്യാവശ്യം നാളികേരമുണ്ട്. വീട്ടുചെലവുകൾ അത് കൊണ്ട് കഷ്ടിച്ച് കഴിയും. മാങ്ങാക്കാലമായാൽ പിന്നെ എല്ലാത്തിനും മാങ്ങയാണ്. കണ്ണിമാങ്ങ കൊണ്ട് കാടുമാങ്ങയുണ്ടാക്കും, മാങ്ങാ അച്ചാറ്, ഉപ്പിലിട്ട മാങ്ങ അടുത്ത മാങ്ങാക്കാലം വരെയുണ്ടാകും. മാങ്ങ പഴുത്താൽ എന്നും മാമ്പഴ പുളിശ്ശേരി, മൽസ്യം വല്ലപ്പോഴുമേ വാങ്ങൂ. വാങ്ങാറില്ല എന്ന് തന്നെ പറയാം. മാംസത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പരിപ്പ് കൊണ്ടൊരു മുളകൂഷ്യം, കൊണ്ടാട്ട മുളകും. അതാണ് എന്നും ഊണിനുള്ള കൂട്ടാൻ. ഇടക്ക് പപ്പടം കിട്ടിയെങ്കിലായി. ചക്കക്കാലമായാൽ പിന്നെ എല്ലാത്തിനും ചക്ക തന്നെ. ചെറുതാവുമ്പോൾ ഇടിച്ചക്ക, വലുതായാൽ എന്നും ചക്കക്കൂട്ടാൻ. പഴുത്താൽ പിന്നെ എന്നും ഒരു നേരം ചക്ക. അങ്ങനെയൊക്കെയാണ് ഭക്ഷണ രീതി.
സാവിത്രിയും പത്താം തരം പാസ്സായതാണ്. ലക്ഷ്മി പത്തിൽ ജയിച്ച ശേഷം രണ്ട് പേരും കൂടി ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കാൻ പോയി. രണ്ട് കൊല്ലം കൊണ്ട് രണ്ട് പേരും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവറും ഹയറും ഷോർട് ഹാൻഡും പാസ്സായി. L.D ക്ലർക്കിന്റെയും L.D ടൈപ്പിസ്റ്റിന്റെയും സ്റ്റെനോഗ്രാഫറുടെയും PSC പരീക്ഷകൾ പലതും എഴുതി. തൊഴിലിലും നായർക്ക് സംവരണമില്ലല്ലോ. ഒന്നിലും നിയമനം കിട്ടിയില്ല രണ്ട് പേർക്കും.
"കന്നുകളെ മാറ്റിക്കെട്ടീട്ട് തൊഴുത്തിലെ ചാണകം കോരിയൊഴിവാക്കണേ രമേശാ".....പണിക്കാരൻ രമേശനോട് മുത്തശ്ശി വിളിച്ച് പറഞ്ഞു.
"ശരി തമ്പ്രാട്ടീ"
കന്നുകളെ പറമ്പിൽ കൊണ്ടുപോയി കെട്ടിയ ശേഷം രമേശൻ തിരികെ വരുമ്പോൾ വടക്കേ മുറ്റത്ത് വേപ്പില നുള്ളിക്കൊണ്ട് നിൽക്കുന്നു ലക്ഷ്മി.
"ഇന്നെന്താ...വിശേഷം വല്ലതുംണ്ടോ ലക്ഷ്മിത്തമ്പ്രാട്ട്യേ?"
"എന്ത് വിശേഷം രമേശാ...വേപ്പില മുളകൂഷ്യത്തിലിടാനാ"
"ഞാൻ ശ്രദ്ധിക്കാറുണ്ട്..ലക്ഷ്മിത്തമ്പ്രാട്ടീടെ മൊകത്ത് എപ്പളും ഒരു വെഷമം"
"വെഷമംല്ല്യാണ്ടിരിക്ക്വോ...രമേശനറിയാലോ കാര്യങ്ങളൊക്കെ"
"ഞാൻ കൊറേ കാലായി മനസ്സി കരുത്ണ്....പറയാനൊരു അവസരം കാത്തിരിക്ക്യായിരുന്നു"...
"എന്താ രമേശാ കാര്യം?"
"ഞാൻ വിളിച്ചാ തമ്പ്രാട്ടി എന്റെ കൂടെ വര്വോ?" ഒന്ന് ശങ്കിച്ച്, അൽപ്പം ഭയത്തോടെ വിറയാർന്ന സ്വരത്തിലാണ് രമേശൻ ചോദിച്ചത്.
ചോദ്യം കേട്ട് ലക്ഷ്മി അന്ധാളിച്ചുപോയി.
"എന്താ രമേശാ ഈ പറയണേ....ജാതി...കുടുംബം....അമ്മാവന്മാര് കേട്ടാ നിന്നെ കൊന്നുകളയും"...
"തമ്പ്രാട്ടി എന്റെ കൂടെ വര്വോ?...അത് പറഞ്ഞാ മതി"
"എന്നോടുള്ള സഹതാപം കൊണ്ടാണോ?"
"ആദ്യമൊക്കെ സഹതാപമായിരുന്നു...പിന്നെ പിന്നെ എനിക്ക് തമ്പ്രാട്ടിയോട് വല്ലാത്തൊരു ഇഷ്ടം,തമ്പ്രാട്ടി സുന്ദരിയല്ലെ..കല്യാണം കഴിക്കാനൊരു മോഹം".
"നിന്നെക്കാൾ ആറ് വയസ്സ് കൂടുതലുണ്ട് എനിക്ക്"
"വയസ്സൊന്നും എനിക്ക് പ്രശ്നമല്ല"
"എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ രമേശാ"....
"തമ്പ്രാട്ടീടെ സങ്കടം ഒഴിവാക്കാൻ വേണ്ടിയാ"
"എനിക്കിപ്പം ഒന്നും പറയാൻ പറ്റില്യ"
"പറ്റും...എനിക്കറിയാം...ഇനി ഞാൻ തമ്പ്രാട്ടീന്ന് വിളിക്കൂലാ....ലക്ഷ്മീന്നെ വിളിക്കൂ"....
"എന്നാലും രമേശാ"....
"ഒരു എന്നാലും ല്യ"
അടുത്ത ദിവസം കണ്ടപ്പോൾ ലക്ഷ്മി വളരെ സന്തോഷവതിയായിരുന്നു. ആ മുഖത്ത് നിന്ന് രമേശൻ വായിച്ചെടുത്തു ലക്ഷ്മി രമേശന്റേതാവാൻ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു എന്ന്.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ രമേശനെ കാണാനില്ല.
"ഈശ്വരാ...രമേശന് എന്ത് സംഭവിച്ചു!...മനസ്സിൽ മോഹങ്ങൾ ഉണർത്തിയിട്ട്... അവൻ തന്നെ വഞ്ചിച്ചതാവുമോ?...അതോ അമ്മാവന്മാർ വിവരമറിഞ്ഞിട്ട് അവനെ ഉപദ്രവിച്ചുവോ"....ലക്ഷ്മിയുടെ മനസ്സ് പിടയുകയാണ്.
"രമേശന് ഒന്നും വരുത്തല്ലേ ന്റെ കൃഷ്ണാ"......അമ്പലത്തിൽ പോയി അവൾ ദിവസേന പ്രാർത്ഥിച്ചു.
ഊണും ഇല്ല..ഉറക്കവും ഇല്ല....ഭ്രാന്തിയെപ്പലെ അവൾ ദിവസങ്ങൾ തള്ളിനീക്കി.
"ഭഗവതീ...എന്താ പറ്റ്യേ...ന്റെ കുട്ടിക്ക്"....അമ്മക്ക് ആധിയായി.
ഒരു മാസം കഴിഞ്ഞു. പെട്ടെന്നൊരു ദിവസം രമേശൻ ലക്ഷിമിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. തൊഴുത്തിന്റെ പിറകിൽ നിൽക്കുന്ന രമേശന്റെയടുത്തേക്ക് അവൾ ഓടിച്ചെന്നു.കെട്ടിപ്പിടിച്ച് അവന്റെ മാറിൽ തലചായ്ച്ച് അവൾ പൊട്ടിക്കരഞ്ഞു.
"എന്നെ തീ തീറ്റിച്ചൂലോ നിയ്യ്" തേങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
"ഞാൻ വായനാട്ടിലായിരുന്നു ലക്ഷ്മീ...വല്യച്ഛന്റെ മോൻ ദിനേശൻ അവിടെ കൂപ്പില് പണിയെടുക്കുകയാ...അവിടെ എനിക്കും പണി കിട്ടി...ഒരു മാസം ജോലി ചെയ്തു...രണ്ട് ദിസത്തെ ലീവ് എടുത്ത് ഞാൻ വന്നതാ...നിന്നെ കൊണ്ടുപോകാൻ"....
"അയ്യോ...എങ്ങനെയാ ഇവടന്ന് പുവ്വാ"....
"അതൊക്കെ ണ്ട്..ഞാൻ പറയാം....പിന്നെ ലക്ഷ്മീ..അവിടെ ചെറിയൊരു വീട് ഞാൻ വാടകക്കെടുത്തിട്ടുണ്ട്...അടുത്തടുത്ത് വീടുകളാ....ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് നിനക്ക് ട്യൂഷൻ എടുത്ത് കൊടുക്കാനും പറ്റും...നേരം പോയിക്കിട്ടും. പോക്കറ്റ് മണി വല്ലതും കിട്ടുകയും ചെയ്യും"
"ന്നാലും രമേശാ എനിക്ക് പേടിയാവുന്നു."
"ലക്ഷ്മി ഒന്നോണ്ടും പേടിക്കെണ്ടാ.. ഞാനില്ലെ കൂടെ...ലക്ഷ്മിയെ ഞാൻ പൊന്നു പോലെ നോക്കും"
അന്ന് സന്ധ്യക്ക് മുറ്റത്തെ തുളസിത്തറയിൽ വിളക്ക്‌ വയ്ക്കുമ്പോൾ, ആരും കാണാതെ ലക്ഷ്മി കുറെ തുളസിയിലകളും കതിരും നുള്ളിയെടുത്തു.
തെക്കിനിയിൽ ലക്ഷ്മിയും സാവിത്രിയും ഒന്നിച്ചാണ് കിടക്കുന്നത്. നേരം പാതിരാത്രിയായിക്കാണും. ലൈറ്റിട്ടാൽ ഏടത്തി ഉണരും. കരുതിവച്ചിരുന്ന തീപ്പെട്ടിയുരച്ച് ചിമ്മിനി വിളക്ക് കത്തിച്ചു, തിരി താഴ്ത്തി വച്ചു. ഏടത്തി ഉണരുകയാണെങ്കിൽ വിളക്കൂതണം. സന്ധ്യയ്ക്ക് നുള്ളിയെടുത്ത തുളസിയിലയും നൂലുണ്ടയും കട്ടിലിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്നു. അരണ്ട വെളിച്ചത്തിൽ, തുളസിയിലയും കതിരും നൂലിൽ കോർത്ത് അവൾ ചെറിയ രണ്ട് മാലയുണ്ടാക്കി. ജനവാതിൽ തുറന്ന് വച്ചു.
പുലരാറായപ്പോൾ, മുൻ നിശ്ചയ പ്രകാരം,വീടിന്റെ പിൻഭാഗത്തെ വഴിയിലൂടെ രമേശൻ ജനലിനരികിലെത്തി. വസ്ത്രങ്ങൾ ഒരു തുണിസഞ്ചിയിൽ കരുതിയിരുന്നു. ജനലഴികൾക്കിടയിലൂടെ തുണിസഞ്ചി പുറത്തേക്ക് കൊടുക്കാൻ പറ്റുന്നില്ല. വസ്ത്രങ്ങൾ ഓരോന്നായി അഴികൾക്കിടയിലൂടെ പുറത്തേക്കിട്ടു. പിന്നെ തുണി സഞ്ചിയും. അവ പെറുക്കിയെടുത്ത് രമേശൻ സഞ്ചിയിലാക്കി. തുളസിമാലകളും രമേശനെ ഏൽപ്പിച്ചു.
പതിവുപോലെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് വെളുപ്പിന് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങി. രമേശൻ അമ്പലമുറ്റത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ശ്രീകോവിലിന് മുന്നിൽ ചെന്ന്, പതിവായി തൊഴുന്ന, ഇഷ്ട ദൈവമായ കൃഷ്ണന്റെ മുൻപിൽ വച്ച് അവർ പരസ്പരം തുളസിമാല ചാർത്തി.
"ത്ര നേരായിട്ടും കുട്ട്യെ എന്താ കാണാത്തെ?" സാവിത്രിയോടായി അമ്മ ചോദിച്ചു.
"ശരിയാണല്ലോ നേരം ശ്ശി ആയാല്ലൊ"
"ഒന്ന് പോയി നോക്കൂ ഭവദാസാ"...ചെറിയമ്മാവനോടായി മുത്തശ്ശി പറഞ്ഞു.
"ങ്ങട് വന്നോളും...ചെറിയ കുട്ടിയൊന്നും അല്ലല്ലോ"
"നേരം എത്രയായീന്നാ നെന്റെ വിചാരം? അത്രടം ഒന്ന് പോയി നോക്കിയാലെന്താ നെനക്ക്?" മൂത്തശ്ശീടെ സ്വരത്തിൽ അമർഷം.
അമ്പലത്തിലും പരിസരത്തുമൊന്നും ലക്ഷ്മിയെ കണ്ടില്ല.
"ലക്ഷ്മിക്കുട്ടി അമ്പലത്തിൽ പോണത് കണ്ടിരുന്നോ രാമൻ നായരെ?"..
റോഡരികിലെ ചായപ്പീടികക്കാരനോട് ചെറിയമ്മാവൻ ചോദിച്ചു.
"കറപ്പന്റെ മോൻ രമേശന്റെ കൂടെ ബസ്സ്‌ കാത്ത് നിക്ക്ണത് കണ്ടൂലോ മേൻനെ....കയ്യിലൊരു സഞ്ച്യൂം ണ്ടാർന്നു"
"എപ്പോ?"
"അതിരാവിലെ...ആറ് മണിക്ക്ള്ള ബസ്സിന്റെ നേരത്ത്"
"ചതിച്ചോ ഭഗവാനെ" ചെറിയമ്മാവന്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
"അസത്ത്...തറവാട് മുടിച്ചൂലോ ന്റെ തേങ്ങാത്തക്കോട്ട ഭഗവതീ"....മുത്തശ്ശി വിറകൊണ്ടു.
“എന്താ ഈ കേക്ക്ണത് ന്റെ ദേവ്യെ...ലക്ഷ്മിയുട്ട്യേ..എങ്ങനെ തോന്നീ ന്റെ കുട്ട്യേ നിനക്കിത് ചെയ്യാൻ"...ലക്ഷ്മിയുടെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞു.
"ഒപ്പോളൊന്ന് മിണ്ടാണ്ടിരിക്ക്ണ് ണ്ടൊ"....ചെറിയമ്മാവനറെ താക്കീത്.
ഇതികർത്തവ്യതാമൂഡയായി നിലകൊണ്ടു ചെറിയമ്മ. അല്ലേലും ഒരു നിസ്സംഗതയാണല്ലോ എല്ലാ കാര്യത്തിലും ചെറിയമ്മക്ക്.
"നന്നായി...അവളെങ്കിലും രക്ഷപ്പെട്ടൂലോ".... സാവിത്രിയുടെ മനസ്സ് പറഞ്ഞു.
"പൊകഞ്ഞ കൊള്ളി പൊറത്ത്...പടിയടച്ചങ്ങട് പിണ്ഡം വെക്ക്ആ.. അത്രതന്നെ"....വലിയമ്മാവന്റെ കൽപ്പന.
"മൂധേവി.....അങ്ങനെയങ്ങട് വിട്ടാ പറ്റില്ല്യാലോ...നമ്മള് മൂന്ന് ആണുങ്ങളില്ല്യേ ഈ തറവാട്ടില്"....ചെറിയമ്മാവൻ കലി തുള്ളി.
അമ്മാവന്മാർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.
രണ്ടാഴ്‌ച്ചക്ക് ശേഷം വയനാട്ടിൽ വെച്ച് രമേശനെയും ലക്ഷ്മിയെയും കസ്റ്റഡിയിലെടുത്ത് പോലീസ് അവരെ കോടതിയിൽ ഹാജരാക്കി.
"രമേശൻ നിങ്ങളെ തട്ടിക്കൊണ്ടുപോയതാണോ?" ലക്ഷ്മിയോട് ജഡ്ജി ചോദിച്ചു.
"ഞങ്ങൾ വിവാഹിതരാണ്. ഞാൻ എന്റെ ഭർത്താവിന്റെ കൂടെ പോയതാണ്"
പ്രായപൂർത്തിയായ അവരുടെ കാര്യത്തിൽ കോടതിക്ക് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.
ലക്ഷ്മിക്കുട്ടിയുടെ ഒളിച്ചോട്ടം നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കുന്ന വിവരമറിഞ്ഞ് നാട്ടുകാർ കുറെ പേർ കോടതിമുറ്റത്ത് തടിച്ചുകൂടിയിരുന്നു.
അവർക്കിടയിലൂടെ, തലയുയർത്തിപ്പിടിച്ച്, ലക്ഷിമിയുടെ കൈ പിടിച്ച് രമേശൻ കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ലക്ഷ്മിയുടെ ചുണ്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നിറഞ്ഞ പുഞ്ചിരിയും, മുഖത്ത് സന്തോഷവും സുരക്ഷിതത്വ ഭാവവും നിഴലിച്ചിരുന്നു. കോടമഞ്ഞ് പോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്ന അനിർവചനീയമായ ഒരു അനുഭൂതി അവളിപ്പോൾ അനുഭവിച്ചറിയുന്നുന്നുണ്ടെന്ന്, അവളുടെ ഭാവങ്ങളും ശരീര ചലനങ്ങളും വിളിച്ച് പറയുന്ന പോലെ......
.......തൊട്ടിയിൽ......

"ഞാവൽ പഴം"

"ഞാവൽ പഴം"
=============
പത്താം തരം പരീക്ഷാഫലം ആ വർഷം വളരെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഉയർന്ന മാർക്കോടെ സുൽത്താൻ വിജയിച്ചു. ജയിച്ച വിവരം ഉമ്മയെ അറിയിക്കാൻ അവൻ ഉമ്മയുടെ കബറിടത്തിലേക്ക് നടന്നു. വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള വലിയ പള്ളിയോട് ചേർന്നുള്ള ശ്മശാനത്തിലാണ് അവന്റെ ഉമ്മ അന്ത്യ വിശ്രമം കൊള്ളുന്നത്.
പള്ളിപ്പറമ്പിലെ കാട്ടൂലില്ലികളിൽ നിറയെ വെള്ളപ്പൂക്കൾ. വെള്ളിലച്ചെടികൾ തളിർത്ത് പൂത്തിട്ടുണ്ട്. നിലത്ത് പടർന്ന് കിടക്കുന്ന അടമ്പിൻ വള്ളികളിലും ഭംഗിയുള്ള കോളാമ്പിപ്പൂക്കൾ. മേടം കഴിഞ്ഞിട്ടും കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കുന്നു. ഒടിച്ചുകുത്തി കൊമ്പുകളിൽ ചുകപ്പും ഇളം വയലറ്റും പൂക്കൾ. തൊട്ടാവാടികൾ പോലും റോസ് നിറത്തിലുള്ള ചെറിയ ഉണ്ടപ്പൂക്കളാൽ സമൃദ്ധം. മരങ്ങളിൽ ചുറ്റിപ്പടർന്ന് കിടക്കുന്ന കാട്ടുവള്ളികളിലും പല വർണ്ണങ്ങളിലുള്ള പൂവുകൾ. പള്ളിപ്പറമ്പിന് ഇത്രയും മനോഹാരിത മുൻപൊരിക്കലും അവന്ന് ദർശിക്കാനായിട്ടില്ല.
ലില്ലിപ്പൂക്കൾ വകഞ്ഞു മാറ്റി, വെള്ളിലത്തലപ്പിന് ചുവട്ടിലൂടെ, കൊടിതുവ്വയിലും തൊട്ടാവാടിയിലും തൊടാതെ, പൂത്തുനിൽക്കുന്ന കൊന്നച്ചുവട്ടിലെ ഉമ്മയുടെ കബറിടത്തിൽ അവൻ എത്തി. ഉമ്മയുടെ മീസാൻ കല്ലുകൾക്കരികിൽ അവൻ നട്ടു വളർത്തിയ തെച്ചിക്കൊമ്പുകളിലും നിറയെ പൂക്കളുണ്ട്. ഒരു വസന്തമൊരുക്കി ഉമ്മ തന്നെ വരവേൽക്കുകയാണോ എന്ന് സുൽത്താന്ന് തോന്നി.
ഉമ്മയുടെ പരലോക മോക്ഷത്തിനായി അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു. "ഉമ്മാ ഞാൻ പാസ്സായി...നല്ല മാർക്കുംണ്ട് മ്മാ"......
 അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീർ തുള്ളികൾ ഉമ്മയുടെ മീസാൻ കല്ലിൽ വീണ് ചിതറിത്തെറിച്ചു.
പ്രാർത്ഥന കഴിഞ്ഞ് മീസാൻ കല്ലിൽ തൊട്ടപ്പോൾ, പതിവ് പോലെ ഉമ്മയുടെ സ്പർശന സുഖം അനുഭവപ്പെടുന്നതായി അവന്ന് തോന്നി.
ഉമ്മയോട് സലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ പള്ളിപ്പറമ്പിലെ ഞാവൽ മരത്തിന് ചുവട്ടിൽ രണ്ട് മൂന്ന് കുട്ടികൾ നിൽക്കുന്നത് അവൻ കണ്ടു. രണ്ട് കുട്ടികൾ മരത്തിൽ കയറി കൊമ്പ് കുലുക്കുന്നു. പഴുത്ത ഞാവൽ പഴങ്ങൾ തുരു തുരാ വീഴുന്നുണ്ട്. താഴെയുള്ളവർ അത് പെറുക്കിയെടുക്കുന്നു.
"പള്ളിപ്പറമ്പിലെ നാവൽപയം തിന്നൂലടാ"...ഒരു കുട്ടി പറയുന്നത് കേട്ടു.
"ഏയ്..അതൊന്നുംല്ല്യാ...ഞങ്ങള് എപ്പളും തിന്ന്ണതാ"...മറ്റൊരുത്തന്റെ മറുപടി.
"മയ്യത്തിന്റെ മേലെ വളര്ണ മരാ...തിന്നാൻ പാടില്യ"....വീണ്ടും ആദ്യത്തെ കുട്ടി.
"ജ്ജ് വേണങ്കി തിന്നാ മതി...ഞങ്ങള് തിന്നോളാം"....മറ്റൊരു കുട്ടി പറഞ്ഞു.
"നാവൽപയം വേണോ സുൽത്താനെ?"....ഒരു കുട്ടി വിളിച്ചു ചോദിച്ചു.
സുൽത്താൻ അവരുടെ അടുത്തേക്ക് ചെന്നു. തൊട്ടടുത്തുള്ള പൊടിഅയനി മരത്തിന്റെ ചില്ല താഴ്ത്തി രണ്ടുമൂന്ന് വലിയ ഇലകൾ ആ കുട്ടി നുള്ളിയെടുത്തു. കുമ്പിളാക്കി അതിൽ നിറയെ ഞാവൽ പഴം അവൻ സുൽത്താന്ന് കൊടുത്തു. അത് വാങ്ങി സുൽത്താൻ പള്ളിയിലേക്ക് നടക്കവേ ഞാവൽ മരത്തിന്റെ മുകളിൽ നിന്ന് "ന്റെമ്മാ"......എന്നൊരു അലർച്ച കേട്ടു. സുൽത്താൻ മേലേക്ക് നോക്കി. മരത്തിന്റെ കൊമ്പ് പൊട്ടി രണ്ട് കുട്ടികൾ താഴേക്ക് പതിക്കുന്നു. വീണത് ഭാഗ്യത്തിന് ഒരു വള്ളിക്കുടിലിലേക്കായിരുന്നു. അതിനാൽ കുട്ടികൾക്ക് സാരമായി ഒന്നും പറ്റിയില്ല.
പള്ളിയുടെ മുകളിലത്തെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ പുറത്തേക്ക് തുറക്കുന്ന വാതിലിന്റെ പടിയിൽ മുക്രി അസൈനാർ കയറി നിന്നു. കൈകൾ രണ്ടും ഉയർത്തി, ചൂണ്ടുവിരലുകൾ ഇരു ചെവികളിലും തിരുകി ഉച്ചത്തിൽ അയാൾ ബാങ്ക് വിളിച്ചു.
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ...അല്ലാഹു അക്ബർ അല്ലാഹു അക്ബർ...
അശ്‌ഹദു അൻലാഇലാഹ ഇല്ലള്ളാ...അശ്‌ഹദു അൻലാഇലാഹ ഇല്ലള്ളാ"......
പള്ളിയിലെ ഒഴിഞ്ഞ ഒരു മൂലയിൽ ഞാവൽ പഴപ്പൊതി വച്ചു. പള്ളിക്കുളത്തിലിറങ്ങി അംഗശുദ്ധി വരുത്തി, പള്ളിയിൽ കയറി സുൽത്താൻ ഇമാമോടൊപ്പം ളുഹർ നമസ്ക്കരിച്ചു.
ഒന്ന് പോലും കഴിക്കാതെ കുഞ്ഞനുജന്‌ കൊടുക്കാനായി ഞാവൽ പഴവുമായി വീട്ടിലേക്ക് നടക്കുമ്പോൾ സുൽത്താൻ ഓർത്തു.
കൂട്ടുകാരോടൊപ്പം പോയി ഞാവൽ മരത്തിൽ കയറി കൊമ്പ് കുലുക്കി, താഴെ വീണ മണല്പുരണ്ട ഞാവൽ പഴങ്ങൾ പെറുക്കിയെടുത്ത്, വാഴയിലയിലോ ചേമ്പിലയിലോ പൊതിഞ്ഞ് വീട്ടിലെത്തിയാൽ, ഉമ്മ അത് വാങ്ങി കഴുകി പാത്രത്തിലിട്ട് ഉപ്പ് ചേർത്ത് തനിക്കും അനിയനും തരാറുണ്ടായിരുന്നത്. ഉമ്മാക്ക് ഞാവൽ പഴം വലിയ ഇഷ്ടമായിരുന്നു. എന്നാലും ഒറ്റയെണ്ണം പോലും എടുത്ത് കഴിക്കാതെ മുഴുവൻ തങ്ങൾക്കായി തരും. ഉമ്മയുടെ വായിൽ ഇടയ്ക്ക് ഓരോന്ന് താൻ വച്ച് കൊടുക്കും, അപ്പോൾ അത് മാത്രം കഴിക്കും. എന്നിട്ട് ഉമ്മ പറയും.."ഉമ്മാക്ക് മതി...ഞ് മ്മാന്റെ പൊന്നുമക്കള് കഴിച്ചോളിൻ"...എന്ന്.
സുൽത്താന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..കണ്ണ്നീർ ധാരധാരയായി ഒഴുകി.
ഗദ്ഗദകണ്ഠനായി അവൻ വിതുമ്പി ......"ന്റെ മ്മാ....ന്റെ പൊന്നുമ്മാ"....
.............തൊട്ടിയിൽ...........

അറയ്‌ക്കലങ്ങാടിയിലെ വിശേഷങ്ങൾ-മൂന്ന് വെട്ടുകിളി ബാലനും പ്രാക്കിളി രാഘവനും

റാകിപ്പറക്കുന്ന ചെമ്പരുന്തേ"....എന്ന് കേട്ടിട്ടില്ലേ........... ഇത് പ്രാകിപ്പറക്കുന്ന രാഘവനെ കുറിച്ചാണ്............. എല്ലാ കാര്യത്തിലും ഇടങ്കോലിടുകയും ഏതു നല്ല കാര്യത്തിനും കുറ്റം പറയുകയും ചെയ്യാറുള്ള "പ്രാക്കിളി രാഘവൻ" പ്രാകിയാൽ ഏൽക്കും എന്നാണ്‌ അറയ്‌ക്കലങ്ങാടിയിലെ ജനസംസാരം. അതിന് ഉപോദ്ബലകമായി പല കഥകളും നാട്ടിൽ പ്രചാരത്തിലുണ്ട്.
അവയിലൊന്ന് : പുഴക്കരയിലെ കാർത്യായനിയമ്മയുടെ വീട്ടുമുറ്റത്തെ പുളിമരത്തിൽ കൊക്കുകൾ ചേക്കേറി, മുറ്റമാകെ കാഷ്ഠിച്ച് നശിപ്പിച്ചു. കാർത്യായനിയമ്മ പൊറുതി മുട്ടി. വെട്ടുകിളി ബാലനെ വിളിപ്പിച്ചു. കിളിയെപ്പോലെ പാറി നടന്ന് മരം വെട്ടുന്നവനാണ് "വെട്ടുകിളി ബാലൻ". ഏത് മരത്തിലും നിഷ്പ്രയാസം കയറും. ബാലൻ പുളിമരത്തിൽ കയറി കൊക്കിൻ കൂടുകളെല്ലാം നശിപ്പിച്ചു. താഴെയിറങ്ങിയ ബാലന്റെ മടക്കിക്കുത്തിയ ഉടുമുണ്ടിനുള്ളിൽ പറക്കമുറ്റാത്ത അഞ്ചാറ് കൊക്കിൻ കുട്ടികൾ. അവയെയും കൊണ്ട് വെട്ടുകിളി ബാലൻ വീട്ടിലെത്തി. സീതത്തോട്ടിലിറങ്ങി മാനത്തുകണ്ണികളെയും പരൽമീനുകളെയും പിടിച്ച് അവയെ തീറ്റി. രാത്രിയാകുമ്പോൾ കോഴികളോടൊപ്പം കൂട്ടിലിട്ടടച്ചു. പറക്കമുറ്റിയപ്പോഴും അവ വെട്ടുകിളിയെ വിട്ട് എങ്ങോട്ടും പോയില്ല. ബാലന്റെ മക്കളോടൊപ്പം വീട്ടുമുറ്റത്തും തൊടിയിലും അവ പാറിക്കളിച്ചു. ഭംഗിയുള്ള ആറ് വെള്ള കൊക്കുകൾ! ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും.
ഒരു ദിവസം പ്രാക്കിളി രാഘവൻ അത് വഴി വന്നു. 
"അല്ല ബാലാ, ഇത് എവടേം കാണാത്തതാണല്ലോ, വെള്ളപ്പട്ടാളം വീട്ടുമുറ്റത്ത്!" രാഘവൻ ആശ്ചര്യം പ്രകടിപ്പിച്ചു.
"പ്ഫൂ....പോടാ....നായിന്റെ മോനെ"....കയ്യിൽ കിട്ടിയ ഒരു വടിയെടുത്ത് വെട്ടുക്കിളി പ്രാക്കിളിയുടെ പിന്നാലെ ഓടി. പ്രാക്കിളി ഓടിയ വഴിയിൽ പിന്നെ പുല്ലു മുളച്ചിട്ടില്ലെന്നാണ് കേട്ടത്. 
ഒരാഴ്ച തികഞ്ഞില്ല. കൊക്കിൻ കുട്ടികൾ തൂങ്ങി നിൽക്കുന്നു. മാനത്തുകണ്ണികൾ ഉറുമ്പരിച്ച് മുറ്റത്ത് കിടക്കുന്നു. പിറ്റേന്ന് രാവിലെ കൂട് തുറന്നപ്പോൾ കണ്ട കാഴ്ച ബാലന്റെ കരളലിയിപ്പിക്കുന്നതായിരുന്നു. ആറ് കൊക്കുകളും രണ്ടു കോഴികളും കൂട്ടിൽ ചത്ത് കിടക്കുന്നു. വെട്ടിക്കിളി ബാലന് സഹിച്ചില്ല. ചത്ത് കിടക്കുന്ന ആറ് കൊക്കുകളെയും ഒരു മുറത്തിൽ കോരിയെടുത്ത്, പ്രാക്കിളി രാഘവന്റെ വീട്ടുമുറ്റത്ത് കൊണ്ട് ചെന്നിട്ടിട്ട് ബാലൻ അലറി......"ന്നടാ...ദുഷ്ടാ....മതിയായില്ലേ നിനക്ക്.... തിന്നടാ....ജ്ജ്.... ..എല്ലാത്തിനേം”....
കൊക്കുകൾക്കും കോഴിവസന്ത പിടിപെടാമല്ലോ...കുറ്റം പ്രാക്കിളിക്കും.
തീർന്നില്ല പ്രാക്ക് പുരാണം:-
ഇല്ലിക്കൽ ആയിശാത്തയുടെ വിറക് പുരയുടെ മുകളിൽ മത്തന്റെ വള്ളി പടർന്ന് കിടക്കുന്നു. ഇറയത്തേക്ക് തൂങ്ങിക്കിടക്കുന്ന വള്ളികളിൽ നാലഞ്ച് കുഞ്ഞു മത്തനുകൾ കൂമ്പി വന്നു. പ്രാക്കിളി രാഘവൻ ഇത് കാണാനിടയായി.
"ആയിശുമ്മേ.. ഇങ്ങളിപ്പം വെറക്പെരേലും ബൾബ് തൂക്കിയോ?".......രാഘവൻ ചോദിച്ചു.
"ഓ....ന്റെ....ഇബിലീസേ, അന്റെ കരിനാക്കെടുത്ത് വളക്കാതെടാ".......
"ന്റെ....റബ്ബേ...ഞ്ഞ്..പ്പം...ന്താ...ണ്ടാക".....ആയിശാത്ത നെഞ്ചത്ത് കൈ വച്ചുപോയി. 
അഞ്ചാറ് ദിവസം കഴിഞ്ഞതേയുള്ളൂ. ആയിശാത്ത ആശങ്കപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. മത്തന്റെ വള്ളികൾ വാടാൻ തുടങ്ങി. കൂമ്പിയ കുഞ്ഞു മത്തനുകൾ കൊഴിഞ്ഞു വീണു. 
"ഒരുമ്പെട്ട നായി.....ഓന്റെ തലേല് ഇടിത്തീ വീഴട്ടെ"..... ആയിശാത്ത പ്രാക്കിളിയെ ശപിച്ചു.
പറമ്പ് കിളച്ചപ്പോൾ മത്തന്റെ മുരടിൽ എവിടെയോ ഒരു കൊത്ത് കൊണ്ട കാര്യം ആയിശാത്താക്ക്‌ അറിയാമായിരുന്നെങ്കിലും കുറ്റം പ്രാക്കിളിയുടെ പ്രാക്കിന്‌.
.........തൊട്ടിയിൽ......

അറയ്ക്കലങ്ങാടിയിലെ വിശേഷങ്ങൾ-രണ്ട് ഗുണ്ട് നാണു

ഉത്സവ പിറ്റേന്ന് രാവിലെ. 
അമ്പലത്തിന് പിറകിൽ വെടിക്കെട്ട് നടന്ന പാടം.
പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കം തേടി നടക്കുന്ന കുട്ടികൾ.
പെട്ടെന്ന് ഗംഭീര പൊട്ടിത്തെറിയുടെ ശബ്ദവും ഒപ്പം ഒരു അലർച്ചയും കേട്ടു. ആളുകൾ ഓടിക്കൂടി.
വീട് അടുത്തായതിനാൽ സുൽത്താനും ഓടിയെത്തി.
അപ്പോൾ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. കുമാരേട്ടന്റെ മോൻ നാരായണൻ കുട്ടി രക്തത്തിൽ കിടന്നു പിടയുന്നു. കാലിന്റെ തുടയിൽ നിന്ന് വലിയൊരു കഷ്ണം മാംസം അടർന്നു പോയിരിക്കുന്നു. രക്തം ധാരധാരയായി ഒഴുകുന്നു.
അലറി വിളിച്ചു കരയുകയാണ് നാരായണൻ കുട്ടി
"എന്താ പറ്റ്യേത് നാരായണൻ കുട്ട്യേ?"...ഓടിക്കൂടിയവർ ചോദിച്ചു.
"ഞാൻ ഗുണ്ട്"....എന്ന് പറഞ്ഞപ്പോഴേക്കും അവന്‌ ബോധം നഷ്ടപ്പെട്ടു.
"നാരായണൻ കുട്ടിയേട്ടന് പൊട്ടാത്ത ഒരു ഗുണ്ട് കിട്ടി, അത് മൂപ്പര് വരമ്പിന്റെ പൊത്തില് വച്ച് പൊട്ടിച്ചതാ"..... കണ്ടു നിന്ന ഒരു കുട്ടി പറഞ്ഞു.
ആളുകൾ താങ്ങിയെടുത്ത് നാരായണൻ കുട്ടിയെ തിരൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം അവിടെ കിടന്നു. മുറിവെല്ലാം ഉണങ്ങി.
ആശുപത്രിയിൽ നിന്ന് പേര് വെട്ടി നാട്ടിലെത്തിയപ്പോൾ നാരായണൻ കുട്ടിയെന്ന അവന്റെ പഴയ പേര് നാട്ടുകാർ വെട്ടിക്കളഞ്ഞിരുന്നു. പകരം, "ഗുണ്ട് നാണു" എന്നാക്കി പേര്.
അന്ന് തൊട്ടു ഇന്ന് വരെയും നാട്ടിൽ അയാൾ "ഗുണ്ട് നാണു"വായി തുടരുന്നു. ഇനിയുള്ള കാലവും തഥൈവ.
.........തൊട്ടിയിൽ.......

അറയ്ക്കലങ്ങാടിയിലെ വിശേഷങ്ങൾ-ഒന്ന് ബ്രഹ്മാവ് ശങ്കരേട്ടൻ

മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. അമ്പലത്തിൽ നിന്ന് ചെണ്ടമേളം കേൾക്കുന്നു. കുട്ടികളെല്ലാം അങ്ങോട്ടോടി. സുൽത്താനും കൂട്ടത്തിലുണ്ട്. പള്ളിക്കുളത്തിന്റെ കരയിലെ കൊടിമരത്തിലും, അമ്പലത്തിന് ചുറ്റും, ക്ഷേത്രക്കാവിലും, ദൂരെ കണ്ണൻ പാലയിലും വേലയുടെ മുന്നോടിയായി "കൂറ" തൂക്കിയിരിക്കുന്നു.
അടുത്ത വെള്ളിയാഴ്ചയാണ് അമ്പലത്തിലെ വേല. കുട്ടികൾ ആവേശത്തോടെ കാത്തിരുന്നു.
വേലയുടെ തലേന്ന് വൈകുന്നേരം ആനയെത്തി. സുൽത്താന്റെ വീട്ടിലും ആന വന്നു. സുൽത്താൻ ഒരു തേങ്ങ ആനയുടെ നേർക്ക് നീട്ടി. ആന തുമ്പിക്കൈ കൊണ്ട് തേങ്ങ വാങ്ങി നിലത്തു വച്ച് മുൻകാല്കൊണ്ട് ചവിട്ടി പൊളിച്ചു, ചകിരി ചീന്തി മാറ്റി തേങ്ങ പൊട്ടിച്ചു. സുൽത്താന്റെ ഉപ്പ കാദർ അവനെ പൊക്കിയെടുത്തു. അവൻ ആനയുടെ വായിൽ തേങ്ങാക്കഷ്ണങ്ങൾ വച്ച് കൊടുത്തു. തേങ്ങ തിന്ന ശേഷം ആനയേയും കൊണ്ട് പാപ്പാൻ അമ്പലപ്പറമ്പിലേക്കു നടന്നു. ചങ്ങല കിലുക്കിക്കൊണ്ടു മുന്നിൽ ആനയും കുട്ടികൾ പിന്നാലെയും.
അമ്പലത്തോട് ചേർന്ന പള്ളിപ്പറമ്പിലാണ് ഉത്സവ വാണിഭം നടക്കാറ്. കച്ചവടത്തിനായുള്ള താൽക്കാലിക പീടികകൾ പള്ളിപ്പറമ്പിൽ ഉയർന്നു കഴിഞ്ഞു. പതിവ് പോലെ ബ്രഹ്മാവ് ശങ്കരേട്ടന്റെ ചായക്കടയുമുണ്ട്. ശങ്കരേട്ടൻ ബ്രഹ്മാവായ കഥ:-
ശങ്കരേട്ടനെ പോലെ അയാളുടെ അച്ഛനും പണ്ട് കാലം മുതലേ വേലക്ക് ചായക്കച്ചവടം നടത്താറുണ്ടായിരുന്നു.
ശങ്കരേട്ടന്റെ ബാല്യകാലത്തെ ഒരു വേലത്തലേന്ന് വൈകുന്നേരം - അന്ന് ശങ്കരന് വയസ്സ് പതിനാല്. താൽക്കാലികമായ ചായക്കട ഉയർന്നു കഴിഞ്ഞു. പാത്രങ്ങളെല്ലാം കഴുകി വയ്ക്കാൻ വെള്ളം കൊണ്ടുവരാൻ അച്ഛൻ, ശങ്കരനോട് പറഞ്ഞു. രണ്ട് കൈകളിലും മൺകുടവുമായി പാടവരമ്പിലൂടെ അടുത്തുള്ള വീട്ടിലെ കിണറ്റിൻകരയിലേക്ക് നടക്കുകയാണ് ശങ്കരൻ. മനസ്സ് നിറയെ പിറ്റേന്ന് നടക്കാൻ പോകുന്ന വേലയെക്കുറിച്ചുള്ള ചിന്തയാണ്. ആണ്ടിലൊരിക്കൽ വിരളമായി കിട്ടുന്ന ആഘോഷങ്ങളിലൊന്ന്. ആവേശം മൂത്ത് ഇരുകൈകളും വീശി "നാളെ ഇവിടെയിപ്പം എന്താണോ ന്റെ ബ്രഹ്മാവേ".... എന്ന് ആർത്തു വിളിച്ചുകൊണ്ടു പാടവരമ്പത്ത് നിന്ന് ശങ്കരൻ ഒന്ന് തുള്ളിച്ചാടി. കയ്യിലുണ്ടായിരുന്ന കുടങ്ങൾ കൂട്ടിമുട്ടി അവ രണ്ടും പൊട്ടിച്ചിതറി. അച്ഛന്റെ കയ്യിൽ നിന്ന് പൊതിരെ തല്ലും കിട്ടി. അന്ന് ആ പതിനാലാം വയസ്സിൽ കുട്ടിശങ്കരൻ ബ്രഹ്മാവായതാണ്.
പിന്നീട് “ബ്രഹ്മാവ്” എന്നല്ലാതെ ശങ്കരൻ എന്ന് അയാളെ ആരും വിളിച്ചിട്ടില്ല.
..........തൊട്ടിയിൽ.........

കറുമ്പിക്കദീജയും നാല് പെണ്ണുങ്ങളും


അറയ്ക്കലങ്ങാടി - ശാലീന സുന്ദരമായ ഒരു നാട്ടിൻപുറം. പരസ്പരം സ്നേഹിച്ചും കലഹിച്ചും കഴിയുന്ന ജനങ്ങളുള്ള ഒരു കൊച്ചു നാട്. ഈ നാട്ടിലുള്ള വീടുകളിൽ കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വീട്ടുപണികൾ ചെയ്യുന്ന അഞ്ച് പേരുണ്ട്. രണ്ട് അമ്മിണിമാരും (കുത്തമ്മിണി, ഓട്ടമ്മിണി) രണ്ട് കദീജമാരും (ഇംഗ്ലീഷ് കദീജ, കറുമ്പിക്കദീജ) പിന്നെ കണ്ണത്തിപ്പാറുവും.
നെല്ലുകുത്തി ഉപജീവനം കഴിക്കുന്ന അമ്മിണിയാണ് “കുത്തമ്മിണി”.
വാഹന സൗകര്യം കുറഞ്ഞ, ഫോൺ സാർവത്രികമല്ലാത്ത കാലത്ത് സന്ദേശവാഹകയായി എല്ലായിടത്തേക്കും ഓടാറുള്ള അമ്മിണി “ഓട്ടമ്മിണി”.
കദീജ സംസാരിക്കുമ്പോൾ അൽപ്പം കൊഞ്ഞയുണ്ട്, പറയുന്നത് വ്യക്തമായി മനസ്സിലാവില്ല. അതിനാൽ എല്ലാവരും ചോദിച്ചു "കദീജ ഇംഗ്ലീഷാണോ സംസാരിക്കുന്നത്?" എന്ന്.
അങ്ങനെ ആ കദീജ “ഇംഗ്ലീഷ്കദീജ”യായി.
കറുത്ത കദീജയാണ് “കറുമ്പിക്കദീജ”.
ഉണ്ടക്കണ്ണുള്ള പാറു “കണ്ണത്തിപ്പാറു”.
ഇവർ അഞ്ച് പേരും കൂടി ചേർന്നാൽ, അൽപ്പം - അൽപ്പമല്ല, വേണ്ടുവോളം ഏഷണിയും പരദൂഷണവുമെല്ലാം കേൾക്കാം.
“കേട്ടടീ ജ്ജ്, ഇന്നലെയ്"........ഒരാൾ എന്തെകിലും ഒരു പരദൂഷണക്കഥ തുടങ്ങിവയ്ക്കും.
"ന്നട്ടോ പിന്നെന്തായി?".......ആകാംക്ഷാഭരിതയായ മറ്റേയാളുടെ ചോദ്യം.
അങ്ങനെ കഥയങ്ങ് നീണ്ടു പോകും. അത് തീരുമ്പോൾ വേറെയൊരാൾ മറ്റൊരു ഏഷണിക്കഥ എടുത്തിടും.
അങ്ങനെയങ്ങനെ പരദൂഷണക്കഥ പറയലിനിടയിലും അവർ പണികളെല്ലാം ഭംഗിയായി ചെയ്തു തീർക്കും, മാന്യമായ കൂലി കൊടുക്കണം എന്ന് മാത്രം.
അഞ്ച് പേരും ഏകദേശം നാല്പത്തിയഞ്ചിനടുത്ത പ്രായം. എല്ലാവരും കഷ്ടപ്പാടിലൂടെ കടന്നു വന്നവരാണെങ്കിലും തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട് കറുമ്പിക്കദീജയ്ക്ക്‌.
ഇപ്പോൾ പ്രായമായെങ്കിലും യൗവനത്തിൽ അതീവ സുന്ദരിയായിരുന്നു കറുമ്പിക്കദീജ. ഒരു എണ്ണമൈലി. എണ്ണക്കറുപ്പിന്റെ ഏഴഴകിൽ മയങ്ങി അവളെ സ്വന്തമാക്കാൻ കൊതിച്ചു നാട്ടിലെ ചെറുപ്പക്കാർ. നറുക്ക് വീണത് പണക്കാരനായ ഒരു മധ്യവയസ്ക്കന്ന്. അയാളുടെ രണ്ടാം വേളി. രണ്ടാം കെട്ട് ആയാലെന്താ! അയാൾ സ്ത്രീധനം ചോദിച്ചില്ല. പോരാത്തതിന് സാമ്പത്തിക സഹായം ഇങ്ങോട്ട് പ്രതീക്ഷിക്കുകയും ചെയ്യാം. കൂടെപ്പിറപ്പായ ഏക സഹോദരൻ അവളെ അയാൾക്ക് നിക്കാഹ് ചെയ്‌ത്‌ കൊടുത്തു.
ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മൊഴി ചൊല്ലപ്പെട്ട് കദീജ സ്വന്തം വീട്ടിൽ ഇരിപ്പായി.
"കയ്യിലിരിപ്പിന്റെ കൊണങ്ങോണ്ട് ന്നെ ഇങ്ങനെ കുറ്റിക്കെല് വന്ന്‌ കെടക്കേണ്ടി വന്നത്" നാത്തൂന്റെ കുത്തുവാക്കുകൾ.
പണ്ട്, മോഹിച്ച് പിന്നാലെ നടന്നവരാരും രണ്ടാം കെട്ടുകാരിയെ വേൾക്കാൻ തയ്യാറായതുമില്ല.
നാത്തൂൻ പോര് സഹിക്കാൻ വയ്യാതായപ്പോൾ, വലിയങ്ങാടിക്ക് അപ്പുറത്തെ ബീരാൻ ഹാജിയുടെ വീട്ടിൽ കദീജ ജോലിക്ക് നിന്നു. താമസവും അവിടെ തന്നെ.
മൂന്ന് നാല് മാസം കഴിഞ്ഞു. അവളുടെ വയറ്റിൽ ഒരു ജീവന്റെ നാമ്പ് മുള പൊട്ടി. ഉത്തരവാദി ഹാജിയാരാണെന്നും അല്ല മകനാണെന്നും രണ്ട് പക്ഷം. ഹാജിയാരുടെ ഭാര്യ ചൂലെടുത്ത് ഹാലിളകി. അന്ന് അർദ്ധരാത്രിയിൽ ഒരു ചൂട്ട് മിന്നിച്ചുകൊണ്ട്‌ പാട്ടിക്കാളി ഹാജിയാരുടെ വീട്ടിലെത്തി. ആ നാമ്പ് മുളയിലേ കരിച്ചു കളഞ്ഞു. വിവരം പുറത്തറിയാതിരിക്കാൻ അവളെ ഒരു മുറിയിലിട്ടടച്ചു. ഹാജിയാരുടെ മരുമകളുടെ സഹായത്തോടെ ഒരു ദിവസം രാത്രി കദീജ അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി.
"എവടെങ്കിലും പോയി അയിഞ്ഞാടിയോളെ ഇവടെ കേറ്റാൻ പറ്റൂല, ഇനിക്കും ഒര് പെങ്കുട്ടിള്ളതാ" നാത്തൂൻ കലി തുള്ളി.
അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ കദീജ വീട്ടിൽ നിന്നിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലക്ഷ്യമില്ലാതെ നടന്നു. പട്ടാളക്കാരൻ ഗോപാലൻ നായരുടെ ഭാര്യ സാവിത്രി അവളെ കണ്ടു, വീട്ടിലേക്ക്‌ വിളിച്ചു, കൂടെ താമസിപ്പിച്ചു. ഗോപാലൻ നായർ പട്ടാളത്തിലാണ്. സാവിത്രിയും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്.
ഹാജിയാരുടെ ഗുണ്ടകൾ കദീജയെ തേടി നടന്നു. അവസാനം അവർ സാവിത്രിയുടെ വീട്ടിലെത്തി, വാതിലിൽ മുട്ടി. ജനലിന്റെ വിടവിലൂടെ സാവിത്രി അവരെ കണ്ടു. കദീജയുടെ കൈ പിടിച്ച് വലിച്ച് പിൻവാതിലിലൂടെ ഓടി സാവിത്രി അവളെ വിറക്പുരയിൽ ഒളിപ്പിച്ചു. ഓടി വന്നു വാതിൽ തുറന്നു.
"എവടെ കദീജ?" ഒരാൾ ഗർജ്ജിച്ചു.
"ഇവ്ടെല്യ"
സാവിത്രിയെ തട്ടിമാറ്റി അവർ അകത്ത് കടന്നു. എല്ലായിടത്തും തിരഞ്ഞു, കദീജയെ കിട്ടാതെ മടങ്ങി.
പിന്നീട് രണ്ട് മാസം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കദീജ അവിടെ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ ഒരു വാർത്ത കേട്ടു. ബീരാൻ ഹാജി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന്. അതോടെ കദീജ സ്വതന്ത്രയായി. മറ്റു വീടുകളിൽ അടുക്കള ജോലി ചെയ്ത് അവൾ സാവിത്രിയോടൊപ്പം താമസിച്ചു പോന്നു. അങ്ങനെ രണ്ട് മൂന്ന് മാസം. പട്ടാളത്തിൽ നിന്ന് സ്വമേധയാ വിരമിച്ച് ഗോപാലൻ നായർ വീട്ടിലെത്തി.
അവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തേണ്ട എന്ന് കരുതി കദീജ അവിടെ നിന്ന് താമസം മാറ്റി. "വഴിക്കലെ തള്ള" എന്ന് എല്ലാവരും വിളിക്കാറുള്ള റുഖിയാത്തയുടെ വീട്ടിൽ അഭയം തേടി. വെട്ടുവഴിയോട് ചേർന്നുള്ള പറമ്പിലെ ഒരു കൊച്ചു കൂരയിൽ റുഖിയാത്ത തനിച്ചായിരുന്നു താമസം. ആദ്യ നാളുകളിൽ സാമൂഹ്യ വിരുദ്ധർ ചെറ്റ മാന്താൻ ചില വിഫല ശ്രമം നടത്തി എന്നതൊഴിച്ചാൽ പറയത്തക്ക അല്ലലൊന്നുമില്ലാതെ വർഷങ്ങളോളം പിന്നെ അവിടെ. റുഖിയാത്ത അന്ത്യശ്വാസം വലിക്കുന്നത് വരെ, രണ്ട് പേർക്കുള്ള അന്നത്തിന് വക കണ്ടെത്താൻ കദീജ വീട്ടുജോലികൾ ചെയ്ത് ജീവിച്ചു പോന്നു. ഇന്നും തനിച്ച് ആ കൂരയിൽ.................
(സ്ഥലവും കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം)
................തൊട്ടിയിൽ.......

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്".............."കോഴിക്കോട് നിന്ന് ഷൊർണൂർ വരെ പോകുന്ന 5038 നമ്പർ പാസഞ്ചർ ട്രെയിൻ അല്പസമയത്തിനുള്ളിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ്"
പാളത്തിന് കുറുകെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടക്കുന്ന യാത്രക്കാർ.
കാദർ വാച്ചിൽ നോക്കി. അയാൾക്ക്‌ പോകേണ്ട ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ഹിഗ്ഗിൻബൊതെയിംസിൽ നിന്ന് ഒരു പത്രം വാങ്ങി പ്ലാറ്റ്‌ഫോമിലെ സിമന്റ് ബെഞ്ചിലിരിന്ന് അയാൾ വായനയിൽ മുഴുകി.
"സാർ വല്ലതും തരണേ"
കാദർ മുഖമുയർത്തിനോക്കി. കാൽമുട്ടിൽ തോണ്ടിക്കൊണ്ട്‌ ഒരു കുട്ടി മുന്നിൽ നിൽക്കുന്നു. ആറോ ഏഴോ വയസ്സ് പ്രായം തോന്നും. മുഷിഞ്ഞ വേഷം. സുന്ദരമായ മുഖത്ത് ദയനീയ ഭാവം. കുട്ടിയുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത. ആരെയും ആകർഷിക്കുന്ന കണ്ണുകൾ. ആദ്യ നോട്ടത്തിൽ തന്നെ കുട്ടിയോട് അയാൾക്ക് വല്ലാത്തൊരു അലിവും സ്നേഹവും തോന്നി. കീശയിൽ നിന്ന് അഞ്ച്‌ രൂപയെടുത്ത് അയാൾ കുട്ടിക്ക് കൊടുത്തു. കുട്ടി അന്തം വിട്ടു പോയി. ഭിക്ഷയായി പത്ത് പൈസ കിട്ടുന്ന കാലം. ഇരുപത്തഞ്ച്‌ പൈസ പോലും ആരും കൊടുക്കാറില്ല. നന്ദിയോടെ അയാളെ ഒന്ന് നോക്കി കുട്ടി നടക്കാൻ തുടങ്ങി.
"മോനെ" അയാൾ വിളിച്ചു. കുട്ടി തിരിഞ്ഞു നോക്കി.
"ഇവടെ വാ". കുട്ടി അടുത്തേക്ക് വന്നു.
"എന്താ മോന്റെ പേര്?" അയാൾ ചോദിച്ചു
"പേരില്ല"
"പേരില്ലേ?"
"ഊഹം"
"പിന്നെ ആൾക്കാര് അന്നെ എന്താ വിളിക്യാ?"
"എടാന്ന്, ചേലോര് എടാ ചെക്കാന്നും"
"എവിടാ അന്റെ വീട്?"
"വീടില്ല"
"നാട്?"
"അറീല"
"അച്ഛനും അമ്മേം?"
ഇല്ല എന്ന മട്ടിൽ അവൻ തലയാട്ടി.
"അപ്പം ജ്ജ് എവടയാ ഒറങ്ങല്?"
"ദാ അവടെ" പ്ലാറ്റ്‌ഫോമിലെ സ്റ്റാളിന് പിറകിലെ ഒരു മൂലയിലേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.
"ജ്ജ് ഇന്റെ കൂടെ വരണാ?"
"ഇല്യ"
മുറിയൻ കുപ്പായത്തിന് കീഴെ അവന്റെ ഒട്ടിയ വയർ അയാൾ കണ്ടു.
"പള്ള നറച്ചും തിന്നാൻ തരാം, *പോരെ"
ഇല്ല എന്ന മട്ടിൽ തലയാട്ടി അവൻ നടന്നു നീങ്ങി.
അൽപ്പമകലെ ചെന്ന് നിന്ന് അവൻ എന്തോ ആലോചിച്ചു. ആറ് വയസ്സുകാരൻ എന്ത് ആലോചിക്കാനാണ്! തിരിച്ചു വന്ന് അവൻ പറഞ്ഞു.
"ഞാൻ വരാം"
"ഞാൻ കോയിക്കോട്ട്ക്ക് പൊറപ്പെട്ടതാ, അർജൻറ്റൊന്നും ഇല്യ, അതിഞ്ഞ് പിന്നാവാം, മോൻ വാ"
കുട്ടിയുടെ കൈ പിടിച്ച് പ്ലാറ്റ്‌ഫോമിൽ നിന്ന് അയാൾ പുറത്തിറങ്ങി. ഗണപതി ചെട്ട്യാരുടെ തുണിക്കടയിൽ കയറി അവന്ന്‌ പാകത്തിൽ മൂന്ന് ജോഡി റെഡിമെയ്ഡ് ഷർട്ടും ട്രൗസറും രണ്ട് വെള്ളത്തുണി, ഒരു കള്ളിത്തുണി എന്നിവ വാങ്ങി, ബസ്സിൽ കയറി.
"ടിക്കറ്റ്, ടിക്കറ്റ്സ്" കണ്ടക്ടറെത്തി.
"എങ്ങോട്ടാ"
"ഒരു കറന്റും പെട്ടി" കുട്ടിയെ മടിയിലിരുത്തിക്കൊണ്ട്‌ അയാൾ പറഞ്ഞു.
കണ്ടക്ടർ നീട്ടിയ കൊച്ചു വർണ്ണക്കടലാസ് ടിക്കറ്റ് വാങ്ങി കൗതുകത്തോടെ കുട്ടി അവന്റെ കീറിയ കീശയിലിട്ടു.
അര മണിക്കൂർ കഴിഞ്ഞു.
"കറന്റും പെട്ടി, കറന്റും പെട്ടി, വേഗം എറങ്ങാ,വേഗം എറങ്ങാ" കിളി വിളിച്ചോതി.
ട്രാൻസ്‌ഫോർമർ സ്ഥിതിചെയ്യുന്ന സ്റ്റോപ്പിലിറങ്ങി. കുട്ടിയുടെ കൈ പിടിച്ച് വയലിന് നടുവിലെ വെട്ടുവഴിയിലൂടെ അയാൾ നടന്നു. കൊയ്ത്ത്കഴിഞ്ഞ പാടത്ത് പോത്തുകളെ മേയാൻ വിട്ട് ചക്കനും നീലാണ്ടനും കണ്ണൻപാലയുടെ ചുവട്ടിലിരിക്കുന്നു.
"കാദറാപ്‌ളേ, ഏതാ ഈ കുട്ടി?" ചക്കന്റെ ചോദ്യം.
"ഇന്റെ മോനാ" അയാൾ പറഞ്ഞു.
"അയിന് ഇങ്ങക്ക് കുട്ട്യേളില്ലല്ലാ" നീലാണ്ടന്റെ പ്രതികരണം.
"ഇന്ന് മുതൽ ഇവനാ ഇന്റെ കുട്ടി" അയാൾ മറുപടി പറഞ്ഞു.
പാടം അവസാനിക്കുന്നിടത്ത് തോട്. തോടിന് കുറുകെയുള്ള മരത്തടിപ്പാലം കടന്ന് തെങ്ങിൻതോപ്പിലൂടെ അവർ നടന്നു.
"ജമീലാ" വീട്ടുമുറ്റത്തെത്തിയപ്പോൾ അയാൾ ഭാര്യയെ വിളിച്ചു.
"ഞാനിവടെ മീൻ നന്നാക്കാ" വടക്കേ മുറ്റത്ത് നിന്ന് ഭാര്യയുടെ മറുപടി കേട്ടു.
കുട്ടിയേയും കൂട്ടി നേരെ അയാൾ അങ്ങോട്ട് ചെന്നു.
"എല്ലാ ഇതെന്താപ്പം, കോയിക്കോട്ട്ക്ക് പൊറപ്പെട്ടെ ആള് ഇങ്ങട്ട് തന്നെ വന്നാ?" എന്ന് ചോദിച്ച്‌ ജമീല നോക്കിയപ്പോൾ ഭർത്താവിന്റെ കയ്യും പിടിച്ച് ഒരു കുട്ടി മുന്നിൽ നിൽക്കുന്നു.
"ഏതാ ഈ കുട്ടി?" ജമീല ആശ്ചര്യത്തോടെ ചോദിച്ചു.
കാദർ നടന്ന സംഭവം വിവരിച്ചു.
"നല്ല ചൊറ്ക്കുള്ള കുട്ടി, ഉണ്ടക്കണ്ണ്" ജമീലയുടെ ആദ്യ പ്രതികരണം.
മീൻ മുറിച്ചു കഴിഞ്ഞിട്ടില്ല. മീൻ പാത്രവും കത്തിയും അടുക്കളയിൽ കൊണ്ടുപോയി വച്ച്, കൈ കഴുകി ജമീല ഓടി വന്നു.
"ബസ്സിലിരിക്കുമ്പം ഞാൻ അവനോട്‌ ചോയിച്ചറിഞ്ഞു" കാദർ വിവരിച്ചു. "ഓർമ്മ വച്ച നാള് മുതല് പിച്ചക്കാരുടെ കൂടെള്ള അലച്ചില്, തീവണ്ടീലും ബസ്സിലും ആയി പല പല നാടുകളില്. അവന്റെ അച്ഛനൂം അമ്മേം ഒന്നും പിച്ചക്കാരുടെ കൂട്ടത്തിലില്ല്യ. അച്ഛനമ്മമാരെപ്പറ്റി അവൻക്ക് ഒന്നും അറീംല്യ. എപ്പൊ എങ്ങനെ പിച്ചക്കാരുടെ കൂട്ടത്തില് എത്തീന്നും അറീല. ഈയടുത്ത് തീവണ്ടി യാത്രേല് അവൻ ഒറങ്ങിപ്പോയി. ഒണർന്ന് നോക്കിയപ്പം കൂടെണ്ടായിരുന്ന സംഗത്തെ കാണ്‌ണില്യ. അവര് എവടെയോ എറങ്ങിപ്പോയിരുന്നു. അങ്ങനെ കൂട്ടം തെറ്റി അവന് തിരൂര് തീവണ്ടിയാപ്പീസിലിറങ്ങി. ഇപ്പൊ അവടെ ഒറ്റക്ക്. വേറെ കൊറച്ച് പിച്ചക്കാരൂണ്ടാവും അവൻ കെടക്ക്ണോട്ത്ത് രാത്തിരി".
എത്ര **നീർച്ച നെയ്യത്താക്കി ഞമ്മള്, ഒര് കുഞ്ഞിക്കാല് കാണാൻള്ള യോഗണ്ടായീല, പടച്ചോൻ ഞമ്മക്കായിറ്റ് തന്നതാ ഇവനെ" കുട്ടിയെ മാറോട് ചേർത്ത് പിടിച്ചുകൊണ്ട്‌ ജമീല പറഞ്ഞു.
"അവൻക്ക് ചായ ഇണ്ടാക്കി കൊട്ക്ക്, കടി എന്താള്ളത്? കാദർ ഭാര്യയോട് ചോദിച്ചു.
"ഒന്നൂംല്യ, ലേശം വായക്കനുറുക്ക്ണ്ട്" ജമീല പറഞ്ഞു.
"തൽക്കാലം അത് കൊടുക്ക്, ഇന്നട്ട് അവനെ കുളിപ്പിച്ച് വേഗം ചോറും കൂട്ടാനും ഇണ്ടാക്ക്"
ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ കാദറും ജമീലയും അവനെ ഇമ വെട്ടാതെ നോക്കിയിരുന്നു.
"ഇഞ്ഞിപ്പം ഇന്നേരത്ത് കോയിനെ കിട്ടൂല, കോയി മൊളയണ നേരത്ത് ജ്ജ് അമ്മിണിന്റോടെ പോയി ഒര് കോയിനെ വാങ്ങീറ്റ് വാ, രാത്തിരി ഞമ്മക്ക് എറച്ചിയും പത്തിരിയൂം ണ്ടാക്കാ, മോനെ കിട്ടിയ ദിവസല്ലെ" കാദർ ഭാര്യയോട് പറഞ്ഞു.
കുട്ടിയുടെ തലയിലും മേലും എണ്ണ തേച്ചു കൊടുത്ത്‌ സോപ്പും തോർത്തുമുണ്ടുമായി ജമീല അവനെയും കൂട്ടി കുളത്തിലേക്ക് നടന്നു.
ഇളം മേനിയിൽ സോപ്പ് തേച്ചു കുളിപ്പിക്കുമ്പോൾ മാതൃത്വം എന്തെന്ന് ജമീല ആദ്യമായി അനുഭവിച്ചറിയാൻ തുടങ്ങി, മാതൃസ്നേഹം എന്തെന്ന് അവനും.
പുത്തൻ വസ്ത്രങ്ങളണിയിച്ച്, മുടി ചീകി, പൗഡറിട്ട്‌ ജമീല അവനെയും കൊണ്ട് കാദറിന്റെ അടുത്തെത്തി.
"ദാ ഇങ്ങട്ട് നോക്കിം, നല്ല സുൽത്താന്റെ ചേല്" എന്ന് ഭർത്താവിനോട് പറഞ്ഞുകൊണ്ട് കുട്ടിയുടെ കവിളിൽ ജമീല ഒരു ഉമ്മ കൊടുത്തു. അവനു സ്നേഹത്തോടെ കിട്ടിയ ആദ്യത്തെ ഉമ്മ.
"സുൽത്താൻ…..പേര് അത് തന്നെയാവട്ടെ" കാദർ പറഞ്ഞു. കുട്ടിയുടെ മറ്റേ കവിളിൽ അയാളും ഒരു ഉമ്മ കൊടുത്തു. ജമീലാക്കും പേര് ഇഷ്ടമായി "സുൽത്താൻ"
വരാന്തയിലെ ചാരുകസേരയിൽ കിടന്ന് കാദർ ആലോചിച്ചു. തങ്ങളുടെ ജീവിതത്തിലേക്ക് ഇതാ ഒരു സുൽത്താൻ കടന്നു വന്നിരിക്കുന്നു. ആരുടെ കുട്ടി, ഏതു ജാതി, ഏതു മതം ഒന്നും അറിയില്ല. അല്ലെങ്കിൽ എല്ലാ മതവും ഒന്നല്ലേ. മനുഷ്യനന്മയല്ലേ എല്ലാ മതവും കാംക്ഷിക്കുന്നത്. അടുക്കും ചിട്ടയോടും വളരാൻ മത, ദൈവ വിശ്വാസം നല്ലതാണ്. ഇനി അവൻ തന്റെ മതവിശ്വാസത്തിൽ വളരട്ടെ. അനപത്യതാ ദുഖവും പേറിക്കഴിയുന്ന തങ്ങളുടെ കൈകളിൽ അവൻ എത്തിച്ചേരണമെന്ന് ദൈവം പണ്ടേ തീരുമാനിച്ചിരിക്കാം. അത് കൊണ്ടാവാം തങ്ങൾക്ക് സന്താന ഭാഗ്യം ഇല്ലാതെ പോയത്. ഇനിയെല്ലാം ദൈവേച്ഛ പോലെ നടക്കട്ടെ. വാർധക്യകാലത്ത് തങ്ങൾക്ക് ഒരു താങ്ങായി അവനുണ്ടാകും, തീർച്ച. അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.
വരണ്ട ഭൂമിയുടെ ദാഹമകറ്റിക്കൊണ്ട് അന്ന് രാത്രി മഴ തിമർത്ത് പെയ്തു. ആദ്യത്തെ വേനൽ മഴ. മോനെയും കെട്ടിപ്പിടിച്ചുകൊണ്ട്‌ ജമീലയും കാദറും കിടന്നു. തുറന്നിട്ട ജാലകത്തിലൂടെ തണുപ്പോടൊപ്പം മണ്ണിന്റെ ഗന്ധവും മുറിക്കുള്ളിലേക്കൊഴുകിയെത്തി. അന്ന് സുൽത്താൻ സുഖമായി ഉറങ്ങി. റയിൽവേസ്റ്റേഷനിലെ ശബ്ദകോലാഹലങ്ങളില്ലാതെ, പ്ലാറ്റുഫോമിലെ കൊതുകു കടിയേൽക്കാതെയുള്ള ആദ്യ ഉറക്കം,
ഒരു പുതുജീവിതപ്പുലരിയിലേക്കുണരാൻ....... ..................................................................................................................................................
*പോന്നോളൂ **നേർച്ച നേർന്നു
…………. തൊട്ടിയിൽ............

നമ്മളെന്തേ ഇങ്ങനെ?

"ലോകാ സമസ്താ സുഖിനോ ഭവന്തു"
ഹൈന്ദവ ധർമ്മമല്ല,
മാനവ ധർമ്മം ഉപനിഷദ്സാരം
നസ്രാണിയേയല്ല,
അയൽക്കാരനെ സ്നേഹിക്കണം
യേശുദേവൻതൻ പ്രമാണം
മുസൽമാനല്ല,
അയൽവാസി പട്ടിണിയെങ്കിൽ
വയറ് നിറച്ചുണ്ണുന്നവൻ
ഇസ്ലാം പഠിപ്പിച്ചത്
എന്നിട്ടും
നമ്മളെന്തേ ഇങ്ങനെ?
ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി മാത്രമായത്!!
വർഗ്ഗീയത നാടിന്നാപത്ത്,
ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ.
ചോദിക്കൂ സ്വമന:സ്സാക്ഷിയോട്‌
വധിക്കുന്നില്ലേ വർഗ്ഗീയത
നമ്മൾ പലരിലും!!
അധിക്രമിച്ചില്ലേ കാലം
ഒരു പുനർവിചിന്തനത്തിന്ന്??!!
.........തൊട്ടിയിൽ.............

ചുട്ട കോഴിയെ പറപ്പിക്കുമ്പോൾ


"മാധവേട്ടന്റെ വീട്ടില് ഇന്ന് ചുട്ട കോഴീനെ പറപ്പിക്ക്ണ്‌ണ്ട്" കാണാൻ പോവ്വാ? 
ക്ലബ്ബിൽ കാരംസ് ക്ളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരിലൊരാൾ ചോദിച്ചു. 
"ആ പോവാം" എല്ലാവരുടെയും ഒന്നിച്ചുള്ള മറുപടി. 
മാധവേട്ടന്റെ മോൻ സഹദേവന് എന്തോ മാനസിക പ്രശ്‍നം. ചിലപ്പോൾ മൗനി, അല്ലാത്തപ്പോൾ അവൻ പിച്ചും പേയും പറഞ്ഞു നടക്കുന്നു. 
"പ്രേതബാധയാണ്" നാട്ടുകാർ വിധിയെഴുതി.
ബാധയകറ്റാൻ നിലമ്പൂർ നിന്ന് ഒരു മുസ്ല്യാർ വരുന്നു. വളരെ പ്രശസ്തനാണ് കക്ഷി. ചുട്ട കോഴിയെ പറപ്പിക്കുന്ന കേമൻ, ഏതു ബാധയും അകറ്റാൻ കെൽപ്പുള്ള വിദ്വാൻ എന്നൊക്കെയാണ് മുസ്ല്യാരെ പറ്റി പൊതുജന സംസാരം.
സന്ധ്യ മയങ്ങിയപ്പോൾ ഞങ്ങൾ കുറച്ചു പേർ മാധവേട്ടന്റെ വീട്ടിലെത്തി ചുട്ട കോഴിയെ പറപ്പിക്കുന്നത് കാണാൻ. ബന്ധുക്കളും അയൽവാസികളുമായി കുറച്ചു പേർ അവിടെ എത്തിയിട്ടുണ്ട്. 
അകത്ത് ഒരു പുൽപ്പായയിൽ മുസ്ല്യാർ ഇരിക്കുന്നു. എന്തൊക്കെയോ ഉരുവിട്ട ശേഷം മുസ്ല്യാർ കണ്ണുമടച്ചു ധ്യാനനിമഗ്നനായി. അൽപ്പം കഴിഞ്ഞ് കണ്ണ് തുറന്ന മുസ്ല്യാർ ഉരിയാടി "തെക്ക് നിന്ന് പെണ്ണൊരുത്തി ചെമ്പ്‌ തകിടിൽ സഹറ് (കൂടോത്രം) ചെയ്ത് കൊണ്ടുവന്ന്‌ കുടത്തിലാക്കി മുറ്റത്ത് കുയിച്ചിട്ടിട്ടുണ്ട്". എന്തിനും തയ്യാറായി നിൽക്കുന്ന ബന്ധുക്കൾ, മുസ്ല്യാർ പറഞ്ഞത് കേട്ട പാതി, കേൾക്കാത്ത പാതി, കൈക്കോട്ടെടുത്ത് മുറ്റം മുഴുവൻ കിളച്ചു മറിച്ചു. നിരാശയായിരുന്നു ഫലം.
"കുയിച്ചിട്ടോട്ത്ത് കെളച്ചീല" അതായിരുന്നു മുസ്ല്യാരുടെ മറുപടി. 
ചെയ്ത കൂടോത്രത്തിന്‌ പ്രതിവിധിയായി മുസ്ല്യാർ ചെമ്പ്‌ തകിടിൽ എന്തൊക്കെയോ കുറിച്ചിട്ടു, തകിട് ചുരുട്ടി ചെറിയ കുപ്പികളിലാക്കി വീടിന്റെ നാല് മൂലയിലും കഴുക്കോലിൽ കെട്ടിത്തൂക്കി. 
കൂടോത്രം മൂലം സഹദേവന് ഏറ്റ ബാധയകറ്റാനുള്ള ഒരുക്കങ്ങളാണ് ഇനി. 
മുസ്ല്യാർ എന്തൊക്കെയോ ഉരുവിടുന്നുണ്ട്.ആർക്കും ഒന്നും മനസ്സിലാവുന്നില്ല. ജപിച്ച് സഹദേവന്റെ കയ്യിൽ നൂല് കെട്ടുന്നു, തലയിൽ മന്ത്രിച്ച് ഊതുന്നു. തല കുനിച്ച് ഒരേ ഇരിപ്പാണ് സഹദേവൻ.
പരികർമ്മിയുടെ പക്കലുണ്ടായിരുന്ന തുണിസഞ്ചിയിൽ നിന്ന് വളരെ ചെറിയൊരു ഓലച്ചൂട്ട് പുറത്തെടുത്ത് അതുകൊണ്ട്‌ മുസ്ല്യാർ സഹദേവനെ അടിമുടി ഉഴിഞ്ഞ്, മന്ത്രിച്ച് ശിരസ്സിൽ ഊതി.മുസ്ല്യാരും പരികർമ്മിയും കൂടി സഹദേവനെ പുറത്തേക്കു കൊണ്ട് വന്നു, അവിടെ കൂടിയിരുന്നവരെല്ലാം പിന്നാലെയും. മുറ്റത്ത് നിർത്തി ചൂട്ടുകൊണ്ട് ഒന്നുകൂടി ഉഴിഞ്ഞശേഷം ചൂട്ട് കത്തിച്ച് നിലത്ത് വച്ചു. അത്ഭുതം എന്ന് പറയട്ടെ. ചൂട്ട് പിടയുന്നു, പിന്നെ ഇളകി മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങുന്നു.
"ഈശ്വരാ" പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ചു.
"ശൈത്താൻ പോണ പോക്ക് കണ്ടീലെ?" പരികർമ്മി പ്രഖ്യാപിച്ചു.
"തടുക്കണ്ട പൊയ്ക്കോളും" കൂടി നിന്നവരോടായി മുസ്ല്യാരുടെ കൽപ്പന. 
സഹദേവനെയും കൊണ്ട് മുസ്ല്യാരും പരികർമ്മിയും അകത്തേക്ക് കയറി, മറ്റുള്ളവർ പിന്നാലെയും. 
ഞങ്ങൾ ചൂട്ടിന്‌ പിന്നാലെ പോയി. ഒരൽപം നീങ്ങിയ ചൂട്ട് അവിടെ തന്നെ കിടപ്പുണ്ട്. ചൂട്ട് കയ്യിലെടുക്കാനായി ഞാൻ കുനിഞ്ഞു.
"തൊടണ്ടടാ പ്രേതം" കൂട്ടുകാരൻ വിലക്കി.
"എന്ത് പ്രേതം?" ഞാൻ ചൂട്ട് കയ്യിലെടുത്തു.
കയ്യിലെന്തോ പിടഞ്ഞ പോലെ തോന്നി. അറിയാതെ പെട്ടന്ന് ഞാൻ പിടി വിട്ടു. ചൂട്ട് താഴെ വീണു. നോക്കിയപ്പോഴുണ്ട് ചൂട്ടിന്റെയുള്ളിൽ മൃതപ്രാണനായ വലിയൊരു പോക്കാച്ചി തവള കിടന്നു പിടയുന്നു. ചാക്ക് നൂല് കൊണ്ട് വളരെ സമർത്ഥമായി കാലുകൾ പുറത്തേക്കാക്കി തവളയെ ചൂട്ടിൽ ബന്ധിച്ചിരിക്കുന്നു. കത്തിച്ച ഭാഗത്തിന്റെ എതിർ ദിശയിലേക്കാണ് തവളയുടെ തലഭാഗം. അതിനാൽ ഭാരം കുറഞ്ഞ വളരെ ചെറിയ ആ ചൂട്ട് താവളക്ക് ഒരൽപം മുന്നോട്ട് വലിച്ചു കൊണ്ട് പോകാൻ കഴിഞ്ഞു.
സഹദേവനെ അകത്ത് കൊണ്ടുപോയി ഇരുത്തിയ പരികർമ്മി പെട്ടെന്ന് പുറത്തേക്കിറങ്ങി വന്ന് ചൂട്ട് തിരയുന്നത് കണ്ടു. കള്ളി വെളിച്ചത്താകാതിരിക്കാൻ ചൂട്ടിൽ നിന്ന് തവളയെ വേർപെടുത്താൻ ആയിരിക്കണം അയാൾ ചൂട്ട് തിരയുന്നത്. അതിന് മുൻപ് തന്നെ, ചൂട് തട്ടി പൃഷ്‌ഠഭാഗം വെന്ത തവളയെ കെട്ടഴിച്ച്‌ വിട്ട് ഞങ്ങൾ ചൂട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. 
ചൂട്ട് കാണാതെ പരികർമ്മി അകത്തേക്ക് കയറി, ഞങ്ങൾ പിന്നാലെയും.
മുസ്ല്യാർ ഒരു പലകയിൽ ഇരിക്കുന്നു, അഭിമുഖമായി സഹദേവനും. എന്തൊക്കെയോ മന്ത്രിച്ച് സഹദേവന്റെ ശിരസ്സിൽ ഊതുന്നു. ഒരു പൂവൻ കോഴിയേയും കയ്യിൽ പിടിച്ച് പരികർമ്മി അരികിൽ നിലയുറപ്പിച്ചിരുന്നു. 
"എണീക്ക്" മുസ്ല്യാർ കൽപ്പിച്ചു.
സഹദേവൻ അനുസരണയുള്ള കുട്ടിയായി എണീറ്റ് നിന്നു. പരികർമ്മിയിൽ നിന്ന് കോഴിയെ വാങ്ങി എന്തൊക്കെയോ മന്ത്രിച്ച് കോഴി കൊണ്ട് മുസ്ല്യാർ സഹദേവനെ അടിമുടി ഉഴിഞ്ഞു. ഒരു കയ്യിൽ കോഴിയും മറു കയ്യിൽ സഹദേവനെയും പിടിച്ച് മുസ്ല്യാരും ഒപ്പം പരികർമ്മിയും തൊട്ടു പിന്നാലെ മറ്റുള്ളവരും മുറ്റത്തേക്കിറങ്ങി. അവിടെ വച്ച് മുസ്ല്യാർ ഒരു തവണ കൂടി സഹദേവനെ കോഴി കൊണ്ട് അടിമുടി ഉഴിഞ്ഞു.
ഇനിയാണ് ചുട്ട കോഴിയെ പറപ്പിക്കുന്ന ചടങ്ങ്.
മുറ്റത്ത് ആഴത്തിൽ ഒരു കുഴി എടുത്തിട്ടുണ്ട്. മുസ്ല്യാർ കുഴിയിലേക്ക് ഇറങ്ങി നിന്ന്, കോഴിയെ കുഴിയിൽ നിർത്തി വലിയൊരു മൺകലം കൊണ്ട് കോഴിയെ മൂടി. അതിന് മേലെ മണ്ണിട്ട് കുഴി മൂടി. മൂടിയ മണ്ണിനു മുകളിൽ വിറകും ചിരട്ടയും കൂട്ടിയിട്ട് തീയിട്ടു. മുസ്‌ലിയാർ എന്തൊക്കെയോ ജപിച്ച് തീയിലേക്ക് എറിഞ്ഞു. ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞു, തീ കെടുത്തി. തീക്കനൽ മാറ്റി പരികർമ്മി മണ്ണ് നീക്കി. മൺകലത്തിന് മീതെ കിടന്ന മണ്ണ് ഞങ്ങൾ തൊട്ടുനോക്കി. അൽപ്പം പോലും ചൂട് അങ്ങോട്ട് എത്തിയിട്ടില്ല. ആ നിലക്ക് അതിലും താഴെ മൺകലത്തിന് ഉള്ളിൽ നിൽക്കുന്ന കോഴിക്ക് എങ്ങിനെ ചൂട് തട്ടാനാണ്?! മാത്രവുമല്ല ഒരു കോഴിക്ക് പത്ത് മിനുട്ട് ശ്വസിക്കാനുള്ള വായു ആ വലിയ മൺകലത്തിനകത്ത് ഉണ്ട് താനും. മൺകലം മാറ്റി മുസ്ല്യാർ കോഴിയെ പുറത്തെടുത്തു. കോഴിയുടെ പുറത്ത് മുസ്ല്യാർ ഒന്ന് കൊട്ടി. ചിറകടിച്ചു കൊണ്ട് "കോ" എന്ന് കോഴി ഉച്ചത്തിൽ ശബ്ദിച്ചു. രണ്ടു കൈ കൊണ്ടും പിടിച്ച് മുസ്ല്യാർ കോഴിയെ മുകളിലേക്ക് പറപ്പിച്ചു. ചൂട് പോലും ഏൽക്കാത്ത കോഴി സുന്ദരമായി പറന്ന് പുരപ്പുറത്ത് കയറി നിന്ന് ഉച്ചത്തിൽ കൂവി "കൊക്കക്കോക്കോ". മുസ്ല്യാരെ കളിയാക്കിയാണ് കോഴി കൂവിയത് എന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു.
തീർന്നില്ല കഥ!
സഹദേവന്റെ അച്ഛൻ മാധവേട്ടനും തെക്കേ അയൽവാസി വിജയേട്ടനും തമ്മിൽ ഒരു അതിർത്തിത്തർക്കം പണ്ടേ നിലവിലുണ്ട്. ഇപ്പഴിതാ മുസ്ല്യാർ വെളിപ്പെടുത്തിയിരിക്കുന്നു "തെക്കു നിന്നുള്ള പെണ്ണൊരുത്തിയാണ് കൂടോത്രം ചെയ്തിട്ടുള്ളത്" എന്ന്. അതോടെ ഇരു കൂട്ടരും തമ്മിലുള്ള കലഹം മൂർച്ഛിച്ചു. പിറ്റേന്ന് സഹദേവന്റെ അമ്മ ശാന്തേടത്തിയും വിജയേട്ടന്റെ ഭാര്യ ലീലേടത്തിയും തമ്മിൽ വമ്പിച്ച ലഹള നടന്നു.
"മാരണം ചെയ്‌ത്‌ ഇന്റെ മോനെ പ്രാന്തനാക്കാൻ നോക്കീലെടീ ജ്ജ്" എന്ന് ശാന്തേടത്തി തുടങ്ങി വച്ചു.
"മാരണം ചെയ്യലൊക്കെ അന്റെ തന്തന്റെ പണിയല്ലെടീ" ലീലേടത്തി തിരിച്ചടിച്ചു.
"ഇന്റെ തന്തക്ക് വിളിക്കാൻ മാത്രമായെടീ ജ്ജ്" ശാന്തേടത്തിക്കു രോഷം അണപൊട്ടി.
"വിളിച്ചാ ജ്ജ് എന്താടീ ചെയ്യാ?" ലീലേടത്തിയും വിട്ടില്ല.
"ചെയ്യണത് ഞാൻ കാണിച്ച് തരാടീ" എന്ന് പറഞ്ഞ് മുണ്ട്‌ പൊക്കിക്കൊണ്ട് ശാന്തേടത്തി ലീലേടത്തിയുടെ നേരെ പാഞ്ഞടുത്തു.
വാക്ക് തർക്കം മൂത്ത് തെറി പൂരമായി, പിന്നീട് കയ്യാങ്കളിയിലെത്തി. അതുവരെ കണ്ടും കേട്ടും ആസ്വദിച്ചു നിന്ന അയലത്തെ പെണ്ണുങ്ങൾ രണ്ടു പേരെയും പിടിച്ചു മാറ്റി അവരവരുടെ വീടുകളിലെത്തിച്ചു.
സഹദേവന്റെ ബാധയകറ്റൽ കർമ്മം കഴിഞ്ഞിട്ടും മുസ്ല്യാരും പരികർമ്മിയും നിലമ്പൂരിലേക്ക് മടങ്ങിയില്ല. ആ പരിസരത്തെ മിക്ക വീടുകളിലും പിന്നീട് മുസ്ല്യാരുടെ മന്ത്രവാത കർമ്മങ്ങൾ നടന്നു. ചൂട്ടിൽ ആവാഹിച്ച് ശൈത്താനെ പുറത്താക്കിയ കേമനല്ലേ കക്ഷി. മുസ്ല്യാർക്കും പരികർമ്മിക്കും ബഹു കുശാൽ. നല്ല താമസം, നല്ല ഭക്ഷണം. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന കോഴികൊണ്ടുള്ള വിഭവങ്ങൾ. ചുട്ടു പറപ്പിച്ച കോഴിയെ അവർക്ക് ഫ്രൈ ആയി കിട്ടണം എന്നതാണ് നാട്ടുനടപ്പ്. പക്ഷേ സഹദേവന്റെ ചുട്ടു പറപ്പിച്ച കോഴിയെ മാത്രം മുസ്ല്യാർക്കും പരികർമ്മിക്കും ഭക്ഷിക്കാൻ കിട്ടിയില്ല. കാരണം, പറന്ന് പുരപ്പുറത്ത് കയറി നിന്ന് കൂവിയ കോഴിയെ പിടിക്കാൻ പ്രയാസപ്പെട്ട് ഒരു വിധം പരികർമ്മി പുരപ്പുറത്ത് കയറിപ്പറ്റി. പിടി കിട്ടിയ നേരം, പേടിച്ചരണ്ട കോഴി വാലിലെ രണ്ടു തൂവൽ പരികർമ്മിയുടെ കയ്യിൽ ഏൽപ്പിച്ചിട്ട്, അവിടെ നിന്ന് പറന്ന് തൊട്ടടുത്ത് ഉയരമുള്ള ഒരു മരത്തിന്റെ കൊമ്പിൽ നിലയുറപ്പിച്ചു. പരികർമ്മി നിരാശനായി താഴെയിറങ്ങി. കോഴി പിറ്റേന്നാണ്‌ ആ മരക്കൊമ്പിൽ നിന്ന് താഴെയിറങ്ങിയത്.
ചൂട്ടിലാവാഹിച്ചെടുത്ത ശൈത്താൻ നടന്നുപോയിട്ടും, ചുട്ട കോഴിയെ പറപ്പിച്ചിട്ടും സഹദേവന്റെ പിച്ചും പേയും പറച്ചിലിന് ഒരു മാറ്റവുമുണ്ടായില്ല, അത് പൂർവ്വാധികം ശക്തിയോടെ തുടർന്നു കൊണ്ടേയിരുന്നു. 
അതിന് രസകരമായ മറ്റൊരു നിഗൂഢ കാരണമുണ്ടായിരുന്നുവത്രെ.
by: Thottiyil mangalam

കാത്തിരിപ്പ്


By: 
Thottiyil Mangalam

സംഹാരതാണ്ഡവമാടി ഒഴുകിയെത്തിയ നിള. ഉദരം ജല സമൃദ്ധം. കവിഞ്ഞൊഴുകുന്നത് ഏറ്റുവാങ്ങിക്കൊണ്ട് പൊന്നാനിപ്പുഴയും ചാരെ. കാമുക സംഗമ വേദി. പതിവ് പോലെ ശൃംഗാരിയല്ല നിള, രൗദ്ര രൂപിണിയാണ് അവളിപ്പോൾ. ഇടവപ്പാതിയിലെ ഒരു അപരാഹ്ണം. ചാറ്റൽ മഴ. ഓളങ്ങളിൽ ആടിയുലഞ്ഞ് ഒരു കടത്തുതോണി നിളയിലൂടെ നീങ്ങി. അതിൽ നിറയെ കോളേജ് വിദ്യാർത്ഥികളും വേറെ ചിലരും. കുട ചൂടി നിൽപ്പാണ് തോണിയിലുള്ളവർ.
തെക്കു പടിഞ്ഞാറൻ കാലാവർഷക്കാറ്റു വീശി. പെട്ടെന്നൊരു മിന്നൽപ്പിണർ. മേഘ ഘർഷണത്താൽ പെരുമ്പറ മുഴങ്ങി. തുള്ളിക്കൊരു കുടം പേമാരി പെയ്തു. അലയാഴിയിൽ നിന്നൊരു കൂറ്റൻ തിരമാല വീശി വന്ന് ആ കടത്തു തോണിയിൽ പതിച്ചു. ദിഗന്തങ്ങൾ മുഴങ്ങുമാറ്‌ ഒരു കൂട്ടക്കരച്ചിലുയർന്നു. ആടിയാടി തോണി മറിഞ്ഞു.
പ്രാണരക്ഷാർത്ഥം കൈകാലിട്ടടിക്കുന്നവർ. മറിഞ്ഞു കിടക്കുന്ന തോണിയിൽ അള്ളിപ്പിടിച്ചു കിടന്നു പലരും. വെള്ളത്തിൽ ഒഴുകി നീങ്ങുന്ന തുറന്ന കുടകളും ചോറ്റുപാത്രങ്ങളും. മുങ്ങിത്താഴുന്നതിനിടയിൽ ഒരു പെൺകുട്ടിയുടെ രണ്ടു കൈകൾ ജലപ്പരപ്പിൽ നിന്ന് മുകളിലേക്കുയർന്നു വന്നു. അത് മെഹറുന്നിസയുടേതായിരുന്നു (മെഹറുന്നിസ - പൊന്നാനി MES കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനി). ഒരു കൈ കൊണ്ട് തോണിയിൽ മുറുകെ പിടിച്ച് അവളുടെ കൂട്ടുകാരി സഫിയ മറുകൈ മെഹറുന്നിസക്ക് നേരെ നീട്ടി. അവളുടെ കയ്യിൽ പിടി കിട്ടാറായ നേരം. മരണ വെപ്രാളത്താൽ ഒരു വൃദ്ധ മെഹറുന്നിസയുടെ കാലിൽ പിടികൂടി. അതോടെ അവർ ഇരുവരും നിളയുടെ അഗാധതയിലേക്കു ആണ്ടുപോയി.
ഇരു കരകളിൽ നിന്നും തോണിക്കാരെത്തി ആളുകളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആറ്‌ പേരെ കാണാനില്ല. തിരച്ചിലിനൊടുവിൽ സന്ധ്യയോടെ നാല്‌ മൃതദേഹങ്ങൾ കണ്ടെടുത്തു. മെഹറുന്നിസയെയും ആ വൃദ്ധയെയും മാത്രം കിട്ടിയില്ല. നിളയിലെ അടിയൊഴുക്കിൽ ആഴിയുടെ അടിത്തട്ടിലേക്ക് അവർ ഒഴുകിപ്പോയിരിക്കാം.
ഹൃദയം നുറുങ്ങും വേദനയോടെ അവളുടെ പിതാവ് നിത്യേന അഴിമുഖത്തെത്തി. കടൽ തീരത്ത് അങ്ങോളമിങ്ങോളം അയാൾ ഏറെ നേരം നടന്നു. മൂന്നാംപക്കം തിരമാലകൾ തിരികെ തരും എന്നാണല്ലോ ചൊല്ല്. ആ ചൊല്ലും പുലരപ്പെട്ടില്ല. ഓളപ്പരപ്പിൽ തത്തിക്കളിക്കുന്ന ഓരോ പൊങ്ങുതടികൾ കാണുമ്പോഴും "എന്റെ മോൾ, എന്റെ മോൾ " എന്ന് കണ്ഠമിടറിക്കൊണ്ട് ആ പിതാവ് പിറുപിറുത്തു.
വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ വഴിക്കണ്ണുമായി അവളുടെ ഉമ്മ കാത്തിരുന്നു. മോൾ മരിച്ചു പോയെന്ന് അവർക്ക് വിശ്വസിക്കാനാവുന്നില്ല. എവിടെയോ ജീവിച്ചിരിപ്പുണ്ട്, എന്നെങ്കിലും അവൾ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആ കുടുംബം കാത്തിരുന്നു.
അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ദാമ്പത്യ ജീവിതം സ്വപ്നം കണ്ടുതുടങ്ങിയ നാളുകളിലാണ് വിധിയുടെ കരാള ഹസ്തങ്ങൾ തിരമാലയുടെ രൂപത്തിൽ അവളെ അപഹരിച്ചത്‌.
അധ്യാപികയായ അവളുടെ ഉമ്മ പോകുന്നിടത്തെല്ലാം മോളെ തിരഞ്ഞു. അവളുടെ സമപ്രായക്കാരായ പെൺകുട്ടികളെ കാണുമ്പോൾ അവർ അടുത്തു ചെല്ലും. തന്റെ മോളല്ല എന്നറിയുമ്പോൾ അവരുടെ കണ്ണുകൾ നിറയും. അവരുടെ മുഖത്തെ ദൈന്യത ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും. മരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആ കുടുംബം ആശിച്ചു.
നിള വറ്റി വരണ്ടു. നിളയുടെ രോദനം നീർച്ചാലുകളായി ഒഴുകി. അവളുടെ മാറിലെ മണൽ തരികൾ കദനച്ചൂടിൽ വെന്തുരുകി.
പിന്നെയും കൂലം കുത്തിയൊഴുകി നിള.
തേങ്ങും മനസ്സും ഈറൻ മിഴികളുമായി ആ ഉമ്മ കാത്തിരുന്നു – നീണ്ട 30 സംവത്സരങ്ങൾ. ആ മാതാവ് ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു. മരണ വേദനയേക്കാൾ പുത്രീവിയോഗം ആ മാതൃമനസ്സിനെ മഥിച്ചിരിക്കാം. അവസാനമായി അവരുടെ വരണ്ട ചുണ്ടുകൾ മൊഴിഞ്ഞിരിക്കാം "വന്നില്ലേ എന്റെ പൊന്നുമോൾ”എന്ന്. അടയാൻ നേരം അവരുടെ ആർദ്ര നയനങ്ങൾ പരതിയിരിക്കാം തന്റെ മോൾ അരികിലുണ്ടോയെന്ന്.
തീരാനൊമ്പരം പേറി മോളെ തേടിയലഞ്ഞ അവളുടെ പിതാവ് മൂന്ന് വർഷം മുമ്പേ അന്ത്യയാത്ര ചൊല്ലിയിരുന്നു.
അവളുടെ സഹോദരങ്ങളുടെ മനസ്സ് ഇന്നും മന്ത്രിക്കുന്നു “പൊന്നു പെങ്ങൾ മരിച്ചിട്ടില്ല, എവിടെയോ ജീവിച്ചിരിപ്പുണ്ട്, എന്നെങ്കിലും അവൾ തിരിച്ചു വരും" എന്ന്. 

……………….തൊട്ടിയിൽ…………

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo