അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദത്തിന്റെ രുചിക്ക് വേണ്ടി പലപ്പോഴും കൊതിയോടെ നിന്നിട്ടുണ്ട്.കറുപ്പുടുത്ത മലക്ക് പോയ കൂട്ടുകാർ മടങ്ങി വരുമ്പോൾ കൊണ്ട് വരുന്ന അരവണ പായസവും അമ്പലപ്പുഴ പാൽപായസത്തിന്റെ മധുരവും തുടങ്ങി കലൂരിൽ ജോലി ചെയ്യുന്ന കാലത്ത് സ്ഥിരമായി കഴിക്കുന്ന വഴിപാട് കട്ടിപ്പായസവും അവിൽ നനച്ചതുമൊക്കെ ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു. എങ്കിലും കഴിക്കാതെ മന:പൂർവം വലിച്ചെറിഞ്ഞ് കളഞ്ഞ ഒരു പ്രസാദത്തിന്റെ അലട്ടുന്ന ഓർമകളാണ് പങ്ക് വെക്കാൻ ശ്രമിക്കുന്നത്.
സാധാരണ എൽ .പി സ്കൂളുകളിൽ നാലാം ക്ലാസ് വരെ ആണെങ്കിലും എന്റെ നാട്ടിലെ സ്കൂളിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. അഞ്ച് വിജയിച്ചാൽ പിന്നീട് കുറച്ചകലെയുള്ള സ്കൂളിൽ പോയി വേണം പഠിക്കാൻ.
അഞ്ചാം തരം കഴിഞ്ഞുള്ള വേനലവധിക്കാലത്താണ് ചന്ദനക്കുറി അണിഞ്ഞ ആ ഏട്ടനും പിന്നെ വേറെ കുറച്ചാൾക്കാരും എന്റെ വീട്ടിലേക്ക് വന്നത്.നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ കമ്മറ്റി ഭാരവാഹികളായിരുന്നു അവർ. ഉത്സവത്തിനൊക്കെ ഞാനും കണ്ടിട്ടുണ്ട് അവരെ .ആ വർഷം ഞങ്ങളുടെ സ്കൂളിൾ നിന്ന് ഉയർന്ന മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക് അമ്പലം വകയായി പുരസ്കാരം നൽകുന്നുണ്ട് പോലും. ആ കുട്ടി ഞാനാണെന്ന് അറിയിക്കാനും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കാനുമായിരുന്നു ആ ഏട്ടൻമാരുടെ വരവ്.
ബാപ്പയും, ഉമ്മയും ഇത്തമാരുമൊക്കെ ഞാൻ എന്തായാലും പോവണമെന്ന് തന്നെ നിർബന്ധിച്ചു.അന്ന് മദ്രസയിലെ കൂട്ട്കാരോട് പറഞ്ഞപ്പോൾ എല്ലാവരും പേടിപ്പിക്കുകയാണ് ചെയ്തത്. കാര്യം അമ്പലത്തിലെ ഉത്സവം ഞങ്ങളുടെ പ്രധാന വിഹാര കേന്ദ്രമായിരുന്നെങ്കിലും അതിനുള്ളിലെ ആചാരങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ല. മാത്രവുമല്ല ഒരു പാട് തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് പ്രസാദം ഉണ്ടാക്കുന്നതിനെ പറ്റിയുള്ള കഥകൾ. ശാന്തിക്കാരൻ നമ്പൂരിച്ചൻ പ്രസാദം തയ്യാറാക്കുന്നത് കണ്ണ് കൊണ്ട് നേരിട്ട് കണ്ട പൂലോട്ടെ സെയ്ദ് പറഞ്ഞ പൊടിപ്പും തൊങ്ങലും ചേർത്ത കഥകളാണ്.
അങ്ങനെ അവർ പറഞ്ഞ ദിവസം വന്ന് ചേർന്നു. ഇല്ലാത്ത ധൈര്യം എങ്ങനെയൊക്കെയോ സംഭരിച്ച് ഞാൻ കൃത്യ സമയത്ത് തന്നെ ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നു.അമ്പലമുറ്റത്തെ അരയാലിലകൾ ഇളം കാറ്റിൽ വിറക്കുന്നത് പോലെ എന്നെയും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
ക്ഷേത്രത്തിന്റെ നടുമുറ്റത്ത് വെച്ച് തന്നെയായിരുന്നു പുരസ്കാര ദാനം. എല്ലാവരും ചെരുപ്പഴിച്ച് വെക്കുന്നത് കണ്ടപ്പോൾ ഞാനും അങ്ങനെ തന്നെ ചെയ്തു. കുറേ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ ആരേയും മുഖമുയർത്തി നോക്കാനുള്ള ശക്തി പോലും എനിക്കുണ്ടായിരുന്നില്ല.
വേറെയും പല പുരസ്കാരങ്ങൾ സമ്മാനിക്കുന്നുണ്ടായിരുന്നു.S. S. L. C യിൽ ഉയർന്ന മാർക്ക് കിട്ടിയവർ... PSC സെലക്ഷൻ കിട്ടിയവർ...അങ്ങനെയൊക്കെ.. പക്ഷേ.. ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. ഒരു മാപ്പിള ചെക്കനായി ഞാൻ മാത്രമാണ് ആ അമ്പലത്തിന്റെ നടുമുറ്റത്ത് നിന്നിരുന്നത് എന്ന സത്യം!
ശാന്തിക്കാരൻ നമ്പൂതിരിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങിച്ച് എല്ലാവരും അദേഹത്തിന്റെ കാൽ തൊട്ട് വണങ്ങി. ഞാനും ചെയ്തു അങ്ങനെ തന്നെ! പറന്ന് ഉയരുന്ന ഗരുഡൻ ട്രോഫിയോടൊപ്പം ഒരു ഇലക്കീറിൽ അൽപം പ്രസാദവും എന്റെ കയ്യിലേക്ക് വെച്ചു തന്നു.
ആരോടും യാത്ര പോലും പറയാൻ മര്യാദ കാട്ടാതെ അതും കൊണ്ട് ഒറ്റ ഓട്ടമായിരുന്നു പിന്നീട്.. ഓട്ടത്തിനിടയിൽ ഇലക്കീറ് തുറന്ന് നോക്കി.. പഴവും ശർക്കരയും ഇളനീർ കാമ്പും ചേർത്ത് നനച്ച അവിലായിരുന്നു ഉള്ളിൽ.. കഴിക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും അന്നത്തെ പൊട്ട ബുദ്ധിക്ക് വലിച്ചെറിഞ്ഞ് കളയുകയായിരുന്നു.
ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട് അന്നാ വഴിവക്കിൽ അനാഥമായി വലിച്ചെറിയപ്പെട്ടു കിടന്ന ഇലക്കീറിനുള്ളിലെ മഹത്വത്തെ..ഒപ്പം അങ്ങനെയൊരു പരിപാടി ഒരു പക്ഷ ഭേദവുമില്ലാതെ സംഘടിപ്പിച്ച സംഘാടകരുടെ വലിയ മനസിനെ... എല്ലാത്തിനും ഓർമപ്പെടുത്തലായി ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട് പറക്കുന്ന ഗരുഡനെറ ശിൽപ ചാരുതയിൽ തീർത്ത ആ മനോഹര സമ്മാനം.
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക