
ചെറുതരി വളപ്പൊട്ടിലും മിന്നിത്തെളിയുന്ന നിറമാര്‍ന്നോരോര്‍മയാണെന്‍റെ ബാല്യം.
കലപില കൂട്ടി കലമ്പുന്ന പറങ്കിമാവിന്‍ ചുവട്ടിലെ കുഞ്ഞുകൂടാരമാണെന്‍റെ ബാല്യം .
കാലില്‍ ചിലമ്പിട്ട് തുളളാതെ തുളളുന്ന, തിരുനെറ്റി മുറിവിലെ മഞ്ഞള്‍പൊടിക്ക്; രണ്ടുവിരല്‍ ഉള്‍ക്കാഴ്ചയാണെന്‍റെ ബാല്യം .
ആകാശനീലിമ കാണാതെ സൂക്ഷിച്ചൊരൊറ്റ മയില്‍പ്പീലിക്ക്, കളിത്തോഴന്‍റെ കണ്ണിലെ കുസൃതിയും,കരുതലും,പ്രണയവും;പിന്നെ വേര്‍പ്പാടിന്‍റെ പിന്‍നിഴല്‍ കാഴ്ചയുമാണെന്‍റെ ബാല്യം .
ഇത്തിരി വെട്ടത്തില്‍ ഒത്തിരി നോവിന്‍റെ ഇരുള്‍മറത്തീര്‍ത്തൊ -രമ്മതന്‍ കണ്ണുനീര്‍ ഛായയും;അച്ഛന്‍റെ കെെയ്യിലെ വേര്‍പ്പാല്‍ പൊതിഞ്ഞൊരാ -രുചി ചേര്‍ന്ന നാവിന്‍റെ നിറവാണെന്‍റെ ബാല്യം .
നീന്തിത്തുടിച്ചൊരാ ചിറയിലും,പരല്‍മീനു പുളയുന്ന തോടിന്‍റെ ചേറില്‍ പുതഞ്ഞൊരാ കാലിന്‍ തണുപ്പിലും;പിന്നെ വെയില്‍ക്കിളി പാടുന്ന പാട്ടില്‍ തുളളുന്ന തുമ്പിക്ക് കല്ലെടുപ്പിച്ചൊരെന്‍റെ ബാല്യം .
കര്‍ക്കിടകരാവിലെ തോരാമഴയത്ത് ഭസ്മമണമുള്ളൊരാ-നെഞ്ചില്‍ കുറുകുന്ന രാമായണശീലില്‍ മുഖം ചോര്‍ത്തൊരഹല്യത്തന്‍ ; നോവില്‍ കണ്ണുനീര്‍ മോക്ഷം കൊതിച്ചോ...രെന്‍റെ ബാല്യം .
ചെമ്പകമണമുളള നിലാവിന്‍റെ മുറ്റത്ത്-ചന്ദനക്കുറിയായ് പുഞ്ചിരി പൂവുകള്‍;മഞ്ഞാടചുറ്റിയ വയലേലകള്‍ രാവിന്‍റെ -യാലസ്യമോടെ മയങ്ങിക്കിടക്കവേ-കതിരോന്‍ നെയ്തൊരാ പട്ടുടയാട വാരിയെടുത്തൊരാ കുഞ്ഞുകെെ കുസൃതിയാണെന്‍റെ ബാല്യം .
പിരിയുവാനൊന്നിച്ചു ചേര്‍ന്നൊരാ നൂപുരസന്ധ്യയും, ഇലഞ്ഞിത്തറയിലെ കാറ്റിന്‍ പിശറലും,പിന്നെ കരിംത്തിരി കത്തിയണഞ്ഞൊരാ ഉമ്മറത്തിണ്ണയും-ഒറ്റത്തിരിവെട്ടത്തില്‍ ആളിപടരുന്നൊരോര്‍മകള്‍...നിഴലാട്ടരൂപങ്ങള്‍.
ഓര്‍മയാണോര്‍മയാണെന്‍റെ ബാല്യം .....സ്മൃതിപഥം വാഴ്ത്തുന്ന സ്നേഹസൂക്തം.
ഇനിയില്ല വഴിയിലെ മഴവീണ പൂക്കള്‍ക്ക്....കൊലുസ്സിന്‍റെ കൊഞ്ചലായ് എന്‍റെ ബാല്യം .
ഇനിയില്ല വഴിയിലെ മഴവീണ പൂക്കള്‍ക്ക്....കൊലുസ്സിന്‍റെ കൊഞ്ചലായ് എന്‍റെ ബാല്യം .
Sheeba .
നല്ല കവിത
ReplyDelete