Slider

കാഴ്ചകളിലൂടെ

0
Image may contain: 1 person, eyeglasses and closeup

ഞാനെന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയം ലേബർ റൂമിൽ ആദ്യ പ്രസവത്തിനായി കാത്ത് കിടക്കുന്ന മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. വേദന തുടങ്ങിയതും നിലവിളിച്ച് കൊണ്ട് ആരെയൊക്കെയോ ആ കുട്ടി തെറി പറയാൻ തുടങ്ങി. ഡോക്ടറേയും, നഴ്സിനേയും അടുത്ത് കിടക്കുന്ന എന്നെവരെ തെറി വിളിക്കുന്നു.
"നിങ്ങളെന്താ കരയാത്തേ.... വേദനയില്ലേ
ഓ... മൂന്നാമത്തേതാണല്ലോ !
വല്ലാത്തൊരവസ്ഥയിൽപ്പെട്ടത് പോലെയുള്ള ആ കുട്ടിയുടെ ചോദ്യം എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്.
"മൂന്നിനും ഒന്നിനുമൊക്കെ വേദന ഒരേപോലെയാ കുട്ടീ"
അവിടെയുള്ള നഴ്സ് അപ്പൊത്തന്നെ മറുപടി കൊടുക്കുന്നത് ഞാൻ കേട്ടു.
ആ സമയം പല്ല്കടിച്ചു പിടിച്ചു ബെഡ്ഡിന്റെ ഒരു വശം കൈ കൊണ്ട് മുറുക്കി പിടിച്ച് കിടക്കുകയായിരുന്നു ഞാൻ.
പിന്നീട്,
ആ കുട്ടിയുടെ പരാക്രമണങ്ങൾ ലേബർ റൂമിൽ കൂടിവരാൻ തുടങ്ങി.
ഇറങ്ങി ഓടാനും, മാന്താനും അട്ടഹസിക്കാനും തുടങ്ങി. ഇടയ്ക്ക് ബോധം മറിഞ്ഞ് ഒന്നും മിണ്ടാതെയായി.
പേടിച്ചരണ്ട് ഡോക്ടറാ കുട്ടിയുടെ ഉമ്മാന്റെ അനുജത്തിയുമായി വന്നു,,സമാധാനിപ്പിക്കാൻ പറഞ്ഞു.
സമാധാനിപ്പിക്കുന്ന അവരോട്
"എനിക്കീ കുട്ടിയെ വേണ്ടായോ", ഇതിനെ എനിയ്ക്ക് വേണ്ടാ " ന്ന് നിലവിളിക്കുന്നുണ്ടായിരുന്നാ പെൺകുട്ടി.
എങ്ങിനൊക്കോ അതിനെ പ്രസവിപ്പിച്ചെടുത്തൂന്ന് പറയാം ഡോക്ടർ ,അത്രയ്ക്ക് കഷ്ടപ്പെട്ടു പോയിരുന്നു.
അവിടുന്ന് കുറച്ചു കഴിഞ്ഞ് എന്റെ പ്രസവവും നടന്നു. ഞാൻ കിടക്കുന്നതിനപ്പുറത്ത് തന്നെ ആ കുട്ടിയും
എല്ലാം കഴിഞ്ഞ് കിടപ്പുണ്ടായിരുന്നു.
പെട്ടെന്ന് എന്നെ നോക്കി ഒരു ചോദ്യം.
" ഇതാണോ സുഖപ്രസവം " എന്ന്.
സത്യത്തിൽ ഞാൻ വീണ്ടും ചിരിച്ചു പോയി.
പക്ഷെ ആ കുട്ടിയുടെ മുഖം അത് ചോദിക്കുമ്പോൾ ഒരു തരം വെറുപ്പ് നിറഞ്ഞ് ചുവന്നിരുന്നു.
അപ്പൊ എന്തോരപാകത അവളിൽ എനിയ്ക്ക് തോന്നിയിരുന്നു.
പീന്നീട് എന്നെ റൂമിലേക്ക് മാറ്റിയപ്പോൾ തൊട്ടടുത്ത മുറിയിൽത്തന്നെ അവളും ഉണ്ടായിരുന്നു.
അവളുടെ ബന്ധുക്കളൊക്കെയും മൂടിക്കെട്ടിയ മുഖവുമായി ഇടയ്ക്കിടെ ഞങ്ങള റൂമിലേക്ക് എത്തി നോക്കുന്നു.
ഞാനെന്റെ ഉമ്മാനോട് കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്
ആ പെൺകുട്ടി കുഞ്ഞിന് പാല് കൊടുക്കുന്നില്ല, എല്ലാവരോടും ദേഷ്യത്തിൽ പെരുമാറുന്നു എന്നൊക്കെയാണ്. മാനസികാവസ്ഥ വളരെ മോശമായെന്ന്.
ഞാനാ നിമിഷം ഓർത്തത് ലേബർ റൂമിലേക്ക് പ്രവേശിച്ച സമയം അവൾ
സംസാരിച്ചതൊക്കെയും ആയിരുന്നു. വളരെയേറെ ലാളനയേറ്റുവാങ്ങിയ ഒരു പെൺകുട്ടിയാണെന്ന് ആ സംസാരത്തിൽ നിന്ന് അറിയാമായിരുന്നു. വേദനയും, സങ്കടവും എന്താന്ന് അറിയാത്തത് പോലെയായിരുന്നത്. വളരെ ചെറുതിലേ വിവാഹം കഴിഞ്ഞതുമാണെന്നും.
ഒരുപക്ഷേ അതാവാം ആ കുട്ടിയ്ക്ക് ഒന്നും താങ്ങാനുള്ള ശേഷിയില്ലാതായതും, പെട്ടെന്നുള്ള മനസ്സിന്റെ മാറ്റവുമെല്ലാം!
ഒന്നും അറിയില്ല,, അല്ലെങ്കിൽ ആരും ഒന്നും പറഞ്ഞ് കൊടുത്തില്ല എന്നതുമാവാം!
പെണ്ണല്ലേ ഇത്തിരി മാറും ,വണ്ണവും വന്നാൽ വിവാഹം എന്ന ദുഷിച്ച ആചാരം അപൂർവ്വം ചില പെൺകുട്ടികളിൽ ദുരന്തമായേക്കാം പലവിധത്തിൽ!
എല്ലാവർക്കും എല്ലാറ്റിനുമുള്ള കരുത്തുണ്ടാകില്ലല്ലോ .... ഓരോ മനസ്സും വ്യത്യാസപ്പെട്ട് കിടക്കുകയല്ലേ ...
ഇത്രയും വേദന സഹിച്ച് കിട്ടിയതായിട്ടും സ്വന്തം കുഞ്ഞിനെ "മുലയൂട്ടാൻ വയ്യേ ...."
എന്ന ചോദ്യം ഉയരുമ്പോൾ മനുഷ്യർ എന്നും "സ്വാർത്ഥ "രാണെന്ന വസ്തുതയിലേക്കാണ് എന്റെ ചിന്തയെ കൊണ്ടുചെന്നെത്തിച്ചത്. ഒരുപക്ഷേ മെഡിക്കൽ സയൻസിൽ ഇതിനെയൊക്കെ പല വിധത്തിൽ നിർണ്ണയിച്ചേക്കാം ..... ശരിയാണ് എല്ലാം ഓരോ വൈകല്യങ്ങളാണ് വലുതും, ചെറുതുമൊക്കെയായി.
ഞാൻ പറഞ്ഞു വരുന്നത് ഇതാണ്
പത്തുമാസം ചുമന്നതുകൊണ്ടൊന്നും ഒരമ്മയെ സൃഷ്ടിക്കാൻ കഴിയില്ലല്ലോ കുഞ്ഞിനെ പുറന്തള്ളാനല്ലാതെ .
"അമ്മ "എന്ന പദം തുടർന്നുള്ള കുഞ്ഞുങ്ങളോടുള്ള പരിചരണത്തിലാണ് പൂർണ്ണമാകുന്നത്.
പ്രസവത്തിലനുഭവിച്ച വേദനയും, ബുദ്ധിമുട്ടും ,ഒന്നുമറിയാത്ത കുഞ്ഞിനോട് വെറുപ്പ് തോന്നിപ്പിക്കുന്നുവെങ്കിൽ അവിടെ താനൊരു അമ്മയായിയെന്ന "ബോധം " ഒരു പെൺകുട്ടിയിൽ വന്നില്ല എന്നതാണ്.
അപ്പൊ പ്രാധാന്യമർഹിക്കുന്ന വിഷയം "ബോധം " തന്നെയാണ്.
ഓരോ ചുറ്റുപാടിനോടും സമരസപ്പെടാനുള്ള മനുഷ്യന്റെ ബോധം.
നേരത്തേ കാലത്തേ വിവാഹം ചെയ്തയക്കുമ്പോൾ മാനസികമായ വളർച്ചയും കൂടി മാതാപിതാക്കൾ തന്റെ മക്കളിൽ പരിശോധിക്കൽ നിർബന്ധമല്ലേ...
ചില മക്കൾ പൊരുത്തപ്പെടും എന്തിനോടും അതവരുടെ തിരിച്ചറിവും, മനസ്സിന്റെ കരുത്തുമൊക്കെ കൊണ്ടു തന്നെയാണ്. അവരിലെ നല്ല ഗുണം കൊണ്ട് മാത്രമായിരിക്കും. ആരും പഠിപ്പിച്ചതാവില്ല .അല്ലെങ്കിൽ ,എത്ര പഠിപ്പിച്ചാലും വിവേകമില്ലെങ്കിൽ എന്താണ് പരിഹാരം!
തിരിച്ചറിവില്ലെങ്കിൽ വിദ്യാഭ്യാസം എവിടെയാണ് പ്രായോഗികമാകുന്നത്?
സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിൽ ഒരമ്മ എത്തി നില്ക്കുമ്പോൾ
അത് തന്റെ സുഖത്തിന് ഭംഗം വരുമ്പോഴാണെന്നാണ് ഇന്നത്തെ കാഴ്ചകൾ പറയാതെ പറയുന്നത്.
കാമുകൻ പറയുമ്പോൾ "അസത്തെ "ന്ന് വിളിക്കാൻ തുടങ്ങി ,
പിന്നീട് പെറ്റിട്ടതിനെയൊക്കെ ഇട്ടേച്ച് ഓടുന്ന "പെണ്ണുങ്ങൾ "
"ഫ്രീഡം " നഷ്ടപ്പെടുമ്പോൾ കുഞ്ഞുങ്ങളെ ഞെക്കിക്കൊല്ലുന്നത് !
ഇതൊക്കെ എങ്ങിനെയാണ് "അമ്മ"യാകുന്നത്.
കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോഴും ആശുപത്രിയിൽ ഞാൻ കണ്ട സമാനസംഭവം കേട്ടു .
ഉമ്മറത്തിണ്ണയിൽ വന്നിരുന്നു അയൽപക്കത്തെ സ്ത്രീ- അവരെന്നോട് പറഞ്ഞു "മരിച്ച വീട്ടിൽ പോയുള്ള വരവാ,,, "
ആരെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്.
"ചെറിയ കുഞ്ഞാ "ണെന്ന് .
പ്രസവിച്ച് ദിവസങ്ങൾ മാത്രം!
റൂമടച്ച് അതിന്റെ അമ്മതന്നെ എറിഞ്ഞും, കുത്തിയും വിരലുകൾ കടിച്ചു മുറിച്ചും ഇല്ലാതാക്കിയെന്ന് .
"ആ പെണ്ണിന് പെരാന്താ... അല്ലാതിങ്ങനെ ചെയ്യോ " ആ നിമിഷം ഞാനോർത്തു എന്റെ കൂടെ ലേബർ റൂമിലുണ്ടായിരുന്ന ആ കുട്ടിയെ .
ഇവരുടെ ഭാഷ്യവും ഏതാണ്ട് അതേ പോലെത്തന്നെ .
"കുട്ടിയ്ക്ക് എന്തോ ഒരുതരം വെറുപ്പെന്ന്. ഒന്നിനും വയ്യാന്ന് ,കുഞ്ഞ് ഉറങ്ങാൻ സമ്മതിക്കുന്നില്ലായെന്ന്. മുലയൂട്ടാൻ പറ്റില്ലാ എന്ന് "
ഒക്കെയും മുളപൊട്ടുന്നത് നേരത്തെ പറഞ്ഞ സ്വാർത്ഥതയിൽ നിന്ന് തന്നെയാണ്, തിരിച്ചറിവിന്റെ പോരായ്കയാണ്, ബന്ധങ്ങളുടെ മൂല്യമറിയാത്തവരുടെ പ്രഹസനങ്ങളാണ്
കർമ്മങ്ങൾ ചെയ്യാനുള്ളതാണ്.
കർത്തവ്യങ്ങൾ പാലിക്കപ്പെടാനുള്ളതാണ്.
അതോരോരുത്തരിലും പല തരത്തിലും നിക്ഷിപ്തവുമാണ് !
ചെയ്തേ പറ്റൂ ..
അല്ലാതെ മടുക്കുമ്പോൾ എറിഞ്ഞും, കൊന്നും ഓടാൻ ഇതൊക്കെ കീടങ്ങളാണോ? ചുറ്റുപാടുകളോടുള്ള സമീപനങ്ങളിൽ അല്പം ആത്മാർത്ഥത വേണം എല്ലാറ്റിനും ആദ്യം
"നല്ല ബോധം " വേണം. തന്നിൽ വന്ന് ചേർന്നതിനെ അടക്കിപിടിക്കണമെന്ന സാമാന്യബോധം!
ദുരിതങ്ങളും, കഷ്ടപ്പാടുകളും സഹിച്ച് ജീവിയ്ക്കാനല്ല,,,
കൊല്ലാൻ നോക്കുന്നവന്റെ കാല് കഴുകാനല്ല.
സ്വന്തം സുഖത്തിന് വേണ്ടി നശിപ്പിക്കാതിരിക്കുക ഒന്നിനേയും!
അമ്മയെന്നതും, അച്ഛനെന്നതും ഭർത്താവെന്നതും, ഭാര്യയെന്നതും,
മക്കളെന്നതും, സഹോദരൻ ,സഹോദരി എന്നതും ഒരു താല്ക്കാലിക സുഖത്തിന് വേണ്ടി വലിച്ചെറിയേണ്ട ബന്ധങ്ങളല്ല.
ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.
അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,
ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!
കാമുകനെ കിട്ടുമ്പോൾ ഇറങ്ങിയോടുന്ന
പെണ്ണ് പെറ്റ കുഞ്ഞിനെ വളർത്തുന്ന അച്ഛനാണ് അതിന്റെ "അമ്മ"!
അല്ലാതെ വെറുതേയൊരമ്മ സൃഷ്ടിക്കപ്പെടുകയില്ല.
അതമ്മയുമല്ല!
അമ്മ എന്നത് നിങ്ങൾക്ക് "ഈസി "യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല വളർത്തുകയെന്നതാണ് കടമ പ്രസവിക്കുക എന്നതല്ല !
ഷംസീറ ഷമീർ ചെച്ചി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo