Showing posts with label MazhameghaPennu. Show all posts
Showing posts with label MazhameghaPennu. Show all posts

ഫെമിനിസ്റ്റ്

ഏതൊരു സ്ത്രീയുടെ ഉള്ളിലും ഒരു ഫെമിനിസ്റ്റ് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ് .......എപ്പോ വേണമെങ്കിലും ആ ഫെമിനിസ്റ്റ് പുറത്തേക്കു ചാടാം ....
എന്നെ പുറത്തൊന്നും കൊണ്ട് പോകുന്നില്ല എന്ന് മുഖം വീർപ്പിച്ചു ഇരുന്നത് പ്രമാണിച്ചാണ് അന്നത്തെ വീക്കെൻഡ് അന്തവും കുന്തവുമില്ലാതെ വണ്ടിയോടിച്ചു നടക്കാമെന്നും പറഞ്ഞു ഏട്ടൻ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങിയത് ........ പുറംകാഴ്ചകൾ കണ്ടിരിക്കാൻ എനിക്കെന്നും വല്യ ഇഷ്ടമായിരുന്നു ...... കാറിൽ മാക്സിമം ഒച്ചയിൽ "ആലുമാ ഡോലുമാ " പാട്ടും വച്ചിട്ടുണ്ട് ......
പെട്ടെന്നാണ് കണ്ണിനു കുളിർമയേകി ഒരുപറ്റം കിടു ബുള്ളറ്റുകളും ഹാർലി ഡേവിഡ്‌സണുകളും നല്ല കിലുക്കു ഹെൽമെറ്റുകളും വച്ച് ലൈറ്റ് ഒക്കെ ഇട്ടു ചുറ്റുമുള്ളവരെ ഒക്കെ കൊതിപ്പിച്ചു കടന്നു കളഞ്ഞത് ...... അവര് കണ്ണിൽ നിന്ന് മാഞ്ഞിട്ടും കണ്ടു നിന്നവരുടെ വായ അടഞ്ഞിട്ടില്ലായിരുന്നു
" ഹിതൊക്കെ കാണുമ്പോഴാ ....ഒരു ആണായി ജനിച്ചില്ലലോ എന്ന് വിഷമം തോന്നുന്നത് ...."
ഞാൻ പറഞ്ഞില്ലേ ...ഫെമിനിസ്റ്റ് പുറത്തു ചാടി ....." നിങ്ങൾക്ക് ആണുങ്ങൾക്ക് ഒക്കെ എന്താ സുഖം ...... ഏതു പാതിരാത്രിക്കും പുറത്തു പോകാം ...... ബുള്ളറ്റെടുത്തു ഓടിക്കാം ....ഇഷ്ടം പോലെ കറങ്ങി നടക്കാം ...ആരുടെയും കാലു പിടിക്കണ്ട ഒന്ന് പുറത്തു പോണമെകിൽ .....ല്ലേ ????"
എന്നിട്ട് കാക്ക നോക്കും പോലെ ചെരിഞ്ഞൊന്നു നോക്കി ...കെട്ട്യോന്റെ മുഖത്തേക്ക് ..... ഒരു പുഞ്ചിരി മാത്രം ... " ഉം ...." ഹാവൂ ഒരു മൂളല് വന്നു ...
"ഞാൻ ഒരു ആണായിരുന്നെങ്കിൽ നോക്കിക്കോ ......ഒറപ്പായിട്ടും ബുള്ളറ്റ് എടുത്ത് ലോകം മൊത്തം കറങ്ങിയേനെ ...... ദുൽഖർ സൽമാനെപ്പോലെ..." എന്നിട്ടു വീണ്ടും പുച്ഛിച്ചൊന്നു ചെരിഞ്ഞു നോക്കി .....
മിണ്ടാട്ടം ഇല്ല .... ഫെമിനിസ്റ്റ് അങ്ങ് വിജയിച്ചു നെഞ്ചും വിരിച്ചു ഇരുന്നു ....
"ആഗ്രഹം ഉണ്ടായിരുന്നു ചിപ്പീ..... കൂട്ടുകാരുടെ കയ്യിലെ മുന്തിയ ഫോണുകളും ബൈക്കുകളും കാണുമ്പോൾ ... അന്നും എനിക്കതു സാധിക്കുമായിരുന്നു .... വീട്ടിൽ പറഞ്ഞാൽ അവരതൊക്കെ വേടിച്ചു തരുമായിരുന്നു ....പക്ഷെ .... ഡിഗ്രിക്ക് പഠിക്കുമ്പോ മനസ്സിൽ പഠിക്കണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു ..... ഞാൻ അത്ര പഠിപ്പിസ്റ്റൊന്നും ആയിരുന്നില്ലേ .... ഒത്തിരി കഷ്ടപ്പെട്ടിട്ടാ.... രാത്രി ഒക്കെ ട്യൂഷൻ പോയിട്ടാ നല്ല മാർക്കിൽ ജയിച്ചത് ...."
നമ്മൾ വല്ലാണ്ടൊന്നു പരുങ്ങി .....
"അതിനിടയ്ക്കും സ്വന്തമായി അധ്വാനിച്ചിരുന്നു .... പഠിത്തം കഴിഞ്ഞു നല്ല ശമ്പളത്തിൽ ജോലിക്ക് കയറിയപ്പോഴും നല്ലൊരു മൊബൈലോ വണ്ടിയോ വാങ്ങിയില്ല ...... എല്ലാം കൂട്ടിവച്ചു നല്ലൊരു വീട് പണിഞ്ഞു .... അത് കൊണ്ടൊക്കെ അല്ലേ മുത്തേ നിന്നെപോലൊരു പെണ്ണിനെ എനിക്ക് കിട്ടിയത് ..... ഇതുപോലൊന്നും ഇല്ലാതെ തെക്കുവടക്കു വണ്ടിയോടിച്ചു നടക്കുകയായിരുന്നെങ്കിൽ നിന്നെ നിന്റെ വീട്ടുകാർ എനിക്ക് തരുമായിരുന്നോ????"
"ഏട്ടാ.....അത്...."
"അച്ഛനും അമ്മയ്ക്കും ഒരു കടവും വരുത്താതെ ആർഭാടമായി നിന്നെ താലി കെട്ടി ഞാൻ കൊണ്ട് പോന്നു.........ആണായി ജനിച്ചതോണ്ട് എന്ത് വേണേലും ചെയ്യാം ....ശരിയാ .... പക്ഷെ ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്താലേ അവൻ ഒരു നല്ല ആണാവൂ ....."
"ശോ.....എനിക്കെന്തിന്റെ കേടായിരുന്നൂ "......പുറത്തേക്കു വന്ന ഫെമിനിസ്റ്റിനെ ചന്തിക്കു നാല് പെട കൊടുത്തു അകത്തേക്ക് കേറ്റി വിട്ടിട്ട് .....കെട്ടിയോന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നപ്പോൾ എന്തൊരു സുഖം ....
" മുത്തിന് എന്താ വേണ്ടേ ഇപ്പൊ .....ബുള്ളറ്റിൽ പോണം അല്ലേ ...... നാട്ടിൽ ചെല്ലട്ടെ ....നിർമലിന്റെ ബുള്ളറ്റെടുത്തു നിന്നെ എത്ര ദൂരം വേണേലും ഞാൻ കൊണ്ട് പോവാം ട്ടോ ....."
വാൽക്കഷ്ണം : ഞാൻ പണ്ടേ നന്നായതാ .....എന്നാലും ഇടക്ക് ഒക്കെ ഇങ്ങനെയാ

By 
മഴമേഘ പെണ്ണ്

ലജ്ജാവതിയെ

പത്തിൽ പഠിക്കുന്ന സമയത്തു എന്റെ ഏറ്റോം നല്ല സ്വഭാവം ന്താന്നു വച്ചാൽ ...ഞാൻ ടീവി കാണുലായിരുന്നു.....സത്യായിട്ടും ...... കേബിൾ ഒന്നും ഇല്ലാഞ്ഞിട്ടല്ല ....... നിക്ക് വല്യ താല്പര്യം ഇല്ലാ ...... 'അമ്മ വീടിന്റെ മുക്കിലും മൂലയിലും പേരവടി വെട്ടി വച്ചേക്കാണെന്നുള്ള ഒരു ഉൾഭയം ഇല്ലാതിലാതില്ല ......അതോണ്ട് പുതിയ പുതിയ ഇറങ്ങുന്ന സിനിമാ പാട്ടുകളൊന്നും അത്ര പിടിയില്ലായിരുന്നു.....ചിത്രഗീതം പോലും കേൾക്കാൻ നിവൃത്തി ഇല്ല .....അതാ....
അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ജാസി ഗിഫ്റ്റിന്റെ സംഗീത ലോകത്തേക്കുള്ള കൊലമാസ്സ് എൻട്രി .......സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും എന്നുവേണ്ട ....വഴിയേ പോകുന്നവർ വരെ പാടിക്കൊണ്ട് നടക്കുന്ന ഒരേ ഒരു ഗാനം .... " ലജ്ജാവതിയേ .....നിന്റെ കള്ളക്കടക്കണ്ണിൽ ...."
" എന്താ അവന്റെ ഒരു സൗണ്ട് ല്ലേ ???? ഇംഗ്ലീഷ് ന്നൊക്കെ വച്ചാ ഏജ്‌ജാതി ഇംഗ്ലീഷ് ... ..എടി നീ കേട്ടില്ലെടി ആ പാട്ട് ...." രാവിലെ തന്നെ വന്നു ഹിന്ദി സീരിയലിന്റെ കഥ കാണാൻ പറ്റാത്തവർക്കു പറഞ്ഞു കൊടുക്കുന്ന ലയ പോലും ജാസി ഗിഫ്റ്റിന്റെ ലജ്‌ജാവതിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത് ..... ഇതൊന്നു കേൾക്കാണോലോ ഈ പാട്ട്.....
ക്ലാസ് ടെസ്റ്റിന് കൊട്ടക്കണക്കിനു മൊട്ട കിട്ടിയതോണ്ട് വീട്ടിൽ ടീവി വെക്കണ കാര്യം ഓർക്കാനേ വയ്യ ...... അയല്പക്കത്തൊന്നു പോയി നോക്കിയാലോ??? ......അവിടത്തെ പട്ടിക്ക് എന്നെ കണ്ടാൽ കലിയിളകും.... അതിനെ കൂട്ടിൽ കെട്ടിയിട്ടിരിക്കുന്ന നേരത്തു പോയി കല്ലെടുത്തെറിഞ്ഞ ശേഷം ആ ഭാഗത്തേക്ക് ഞാൻ പോകാറില്ല ..... എന്നാലും പാട്ടു ഒറ്റ തവണ എങ്കിലും കേൾക്കണം എന്ന ആഗ്രഹം കൊണ്ട് ഞാൻ അങ്ങോട്ട് പോയി ....
.ചെന്ന് കേറിയപ്പോൾ തന്നെ ടിവിയിൽ സീരിയൽ "പ്ലസ് ടു" .ഇനി ഇത് കഴിഞ്ഞാലും ഇവിടന്നങ്ങോട്ടു ശ്രീ ഗുരുവായൂരപ്പനും ...അതെ സമയം സൂര്യ ടിവിയിലെ അയ്യപ്പനും കഴിയാണ്ട് വേറെ ഒന്നും വെക്കില്ലാന്നു നമുക്കറിയാം .....അത് കൊണ്ട് ആ അതിമോഹം മനസ്സിലിട്ടു ഞാൻ പതിയെ പിൻവാങ്ങി ....
പിറ്റേന്ന് ആൻമേരി ആണ് പറഞ്ഞത് ......മിറാഷ് ബസ്സിൽ ഫോർ ദി പീപ്പിൾ ലെ പാട്ടു സിഡി ആണ് കാലത്തു ഇട്ടിരുന്നത് എന്ന് ..... കൺസെഷൻ കാർഡ് ഇല്ലെങ്കി ഫുൾ ചാർജ് കിട്ടാണ്ട് ബസിന്റെ പടിയിൽ പോലും നിർത്താത്ത ദുഷ്ടനാണ് കണ്ടക്ടർ ...അഞ്ചു രൂപ പോയാലും വേണ്ടില്ല ..ഇതൊന്നു കേട്ടിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു ബനാസിനി ബസ് മിസ്സാക്കി ഞാൻ മൂന്നു ദിവസം മിറാഷിൽ കേറി ......മൂന്നിന്റന്നാണ് അറിഞ്ഞത് ....."ഇജ്ജാതി ഹലാക്കിന്റെ പാട്ടും ഇട്ടോണ്ട് നീ വണ്ടി ഓട്ടണ്ടാ "...ന്നും പറഞ്ഞു ബസ് ഓണർ ബഷീറിക്കാ ആ സിഡി ഒടിച്ചു കളഞ്ഞെന്ന്
ആകെപ്പാടെ എടങ്ങേറായി ...... അടിപൊളി പാട്ടാണെന്നാണല്ലോ എല്ലാരും പറേണത്.....പിന്നെ ബഷീറിക്കക്ക് എന്ത് പറ്റി???.... ഇതേ പറ്റി ചോദിച്ചപ്പോ എല്ലാർക്കും പറയാൻ ഒന്നേ ഒള്ളു.... " നീ അതൊന്ന് കേട്ട് നോക്ക് ....നിനക്കപ്പോ മനസ്സിലാകും ..."
പിറ്റേന്ന് സ്കൂളിൽ ചെന്ന് കേറിയപ്പോ മലയാളം ടീച്ചർ ക്ലാസ്സിൽ വന്നു നിക്കുന്നു ...."ശിൽപയും അലീഷയും എന്റെ കൂടെ വരണം ....നമുക്ക് ഇന്ന് സാഹിത്യവേദിയുടെ ഉൽഘാടനത്തിനു പോണം" ......." മോനെ... മനസ്സിൽ ലഡ്ഡു പൊട്ടി" ..... ഇന്നിനി ക്ലാസ്സിൽ കേറണ്ട ..... അലീഷേനേം എന്നേം കൊണ്ട് പോണത് എന്തിനാന്നു എനിക്കറിയാം .... ലളിതഗാനം , കവിത , മാപ്പിളപ്പാട്ടു അങ്ങനെ അത്യാവശ്യം നമ്പർ ഒക്കെ എന്റെൽ ഉണ്ട് .....ഇനി ഇപ്പൊ മോണോ ആക്ട് മിമിക്രി ഡാൻസ് ഒക്കെ ആണെങ്കിൽ അലീഷ ചെയ്തോളും ....പല പല സ്കൂളുകളിൽ നിന്നും ഇതുപോലെ കുട്ടികൾ വരും .... മീറ്റിംഗ് കഴിഞ്ഞാൽ പിന്നെ കുട്ടികളുടെ പരിപാടികൾ ആണ് ..
അങ്ങനെ മീറ്റിംഗ് ഞങ്ങൾ മധുരമില്ലാത്ത ചായ ഊതിക്കുടിച്ചും പരിപ്പുവടയിലെ മുളക് നുള്ളിക്കളഞ്ഞും .....ടൈഗർ ബിസ്‌ക്കറ് പൊടിച്ചു പൊടിച്ചു മണ്ണിൽ ഇട്ടും തള്ളിനീക്കി.....കലാപരിപാടികൾക്ക് നേരം ആയി ..... ആദ്യ അന്നൗൺസ്‌മെന്റ് ഞാൻ ഒരു ചെറിയ നെഞ്ചിടിപ്പോടെയാണ് കേട്ടുനിന്നത് ....... അന്നൊക്കെ കരോക്കെ എന്ന പരിപാടി ഇറങ്ങിയിട്ടേ ഉള്ളു ..."കരോക്കെ ഇട്ടു ലജ്ജാവതിയെ എന്ന ഗാനം പാടാൻ പോകുന്നത് ....കൊടുങ്ങല്ലൂർ ബോയ്സിലെ അമൽദാസ് ...."
ബാക്ക് സ്റ്റേജിൽ ലളിതഗാനത്തിനു തയ്യാറെടുത്തു നിൽക്കുന്ന എന്റെ മുന്നിലൂടെ ...കയ്യിൽ പാട്ടെഴുതിയ ചെറിയ ഒരു കുറിപ്പുമായി നെഞ്ചും വിരിച്ചു നടന്നു പോയ ആ പൊടിമീശ ചേട്ടനെ ഞാൻ ഇന്നും ഓർക്കുന്നു ....ഞാൻ കാതുകൾ കൂർപ്പിച്ചു നിന്നു..... കാത്തിരിപ്പിനൊടുവിൽ ഞാൻ ഇതാ ലജ്ജാവതിയെ എന്ന ഗാനം ...അതും വിത്ത് കരോക്കെ .....കേൾക്കാൻ പോകുന്നു ....
മ്യൂസിക് വന്നു ..... സ്റ്റേജിൽ നിറഞ്ഞ ഹർഷാരവം ......പിന്നങ്ങോട്ട് എന്താ ഉണ്ടായെന്നു ഈശ്വരന് മാത്രം അറിയാം ......ചീവീട് കാറണ ഹൈ പിച്ചില് "വാച്ചോ വാച്ചോ ........വാച്ചോ ______ടാപ്പ് ടാപ്പ് ടേപ്_______" എന്നിങ്ങനെ പറഞ്ഞ മനസ്സിലാവാത്ത എന്തൊക്കെയോ സ്വരങ്ങൾ .....
നോക്കുമ്പോൾ കൊടുങ്ങല്ലൂർ ബോയ്സിലെ ടീച്ചറും മാഷും നൂറേ നൂറിൽ ഓടി വരുന്നു ....."കർട്ടനിട് കർട്ടനിട് ..." എന്ന് ടീച്ചർ നിലവിളിക്കുന്നും ഉണ്ട് ......അവരുടെ സ്കൂളിലെ മലയാളം ടീച്ചറും സംസ്കൃതം മാഷും അവനെ മാറിമാറി സംസ്കൃതം പഠിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് ......
ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ ഈ സീനൊക്കെ ഞാൻ ഓർക്കാറുണ്ട് .... ആ ചേട്ടൻ ഒക്കെ ഇപ്പൊ എവിടെ ആണോ ആവോ ....

By
മഴമേഘ പെണ്ണ്

കൂട്ടുകാരിക്കൊരു സമ്മാനം

ആകെ കയ്യിലുണ്ടായിരുന്ന 265 രൂപ ഒന്നുടെ മുറുക്കിപ്പിടിച്ചു ഞാനും ജിതയും ഒന്നുടെ പരുങ്ങി നിന്നു..." ചേട്ടാ കഴിഞ്ഞ ആഴ്ച വന്നപ്പോ ഇതുമ്മേൽ ഇട്ടിരുന്ന വില 260 ആയിരുന്നല്ലോ ചേട്ടാ ....ഞങ്ങൾക്ക് ഉറപ്പാ ...." "അയ്യോ മോളെ അതൊക്കെ കൊടുത്തു പോയി ...ഇത് വേറെ ടോപ്പാ....ഇതിന്റെ മെറ്റീരിയല് വ്യത്യാസം ഉണ്ട് നോക്കിക്കേ ...മുന്നൂറിൽ കുറച്ചു തരാൻ ബുദ്ധിമുട്ടുണ്ട് മോളെ "... ...
സങ്കടം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയാണ്ടായിപ്പോയി ......ഒരുപാട് മോഹിച്ചിട്ടാ ഞങ്ങൾ ആ ടോപ് എടുക്കാൻ വന്നത് ... ഞങ്ങളുടെ ആവശ്യം വളരെ ചെറുതും പക്ഷെ ഞങ്ങൾക്ക് ഒത്തിരി വലുതും ആയിരുന്നു ....ഞങ്ങളുടെ ക്ലാസ്സിൽ മഠത്തിൽ നിന്നു പഠിക്കുന്ന മൂന്ന് കൂട്ടുകാരാണുള്ളത് ... സൂര്യ , റിക്സി, ലിജി ... സൂര്യയുടെ അപ്പൻ മരിച്ചു ....കെട്ടിത്തൂങ്ങി മരിച്ചതാ....എന്തിനാ ഏതിനാ അവൾക്കറിയാൻ മേല..... അവൾടമ്മ തമിഴ്‌നാട്ടിലെവിടെയോ ആണ് പണി ചെയ്യുന്നത് .....അവളുടെ അമ്മൂമ്മയാണ് അവളെ മഠത്തിൽ ആക്കിയത് ....
റിക്സിയുടെ 'അമ്മ മരിച്ചു ...അപ്പൻ വേറെ കെട്ടി ...റിക്സി അവിടെ ഒരു അധികപ്പറ്റായി ... എങ്കിലും റിക്സിയുടെ അപ്പാപ്പൻ അവളെ കാണാൻ ഇടക്കിടക്ക് വരും .....
ലിജിയുടെ കാര്യം അങ്ങനല്ല ....അവൾക്കു അപ്പനും അമ്മയും ആരുമില്ല .....അതിനെക്കുറിച്ചൊന്നും അവൾക്കു അറിയുകയുമില്ല ...തേടിവരാനും തേടിപ്പോവാനും ആരുമില്ല ...തികച്ചും അനാഥ .... അവൾക്കു വേണ്ടിയാണ് ഈ ടോപ്പ്....
നാളെ ആണ് സ്കൂളിൽ ക്രിസ്മസ് സെലിബ്രേഷൻ ...എല്ലാരും പുത്തനുടുപ്പും മാലയും വളയും ഒക്കെ ഇട്ടു ചെത്തി വരുന്ന ദിവസം .....പെൺപിള്ളേര് മാത്രം പഠിക്കുന്ന സ്കൂൾ ആയതോണ്ട് ഞാൻ ആണ് ഏറ്റവും സുന്ദരി എന്നുള്ള മട്ടിലാ എല്ലാത്തിന്റേം വരവും ....സൂര്യക്കും റിക്സിക്കും അവരുടെ വീട്ടിൽ നിന്നും ഉടുപ്പും കൊണ്ട് ആളുകൾ വന്നു .....പാവം ലിജി .... അവൾക്കു സമ്മാനവും കൊണ്ട് വരാൻ ആരും ഇല്ല ....
അങ്ങനെയാണ് അവൾക്കൊരു ഉടുപ്പെടുത്തു കൊടുക്കണം എന്നുള്ള ആഗ്രഹം മനസ്സിൽ മുളപൊട്ടിയത് .....പക്ഷെ വെറും എട്ടാം ക്ലാസ്സുകാരായ ഞങ്ങളുടെ കയ്യിൽ നയാ പൈസയില്ല .....വീട്ടിൽ പറഞ്ഞാൽ ചീത്ത കേൾക്കുമോ എന്നുള്ള പേടിയും .....
ഒടുക്കം ജിത അവളുടെ അങ്കിൾ കൊടുത്ത മിഡി ഇറക്കു കുറഞ്ഞെന്നും സൂത്രം പറഞ്ഞു അത് ലിജിക്ക്‌ കൊടുക്കാൻ അനുവാദം വേടിച്ചു ......അടുത്തത് അതിനൊരു ടോപ്പ് എടുക്കണം എന്ന കടമ്പ ആയിരുന്നു ....... പോക്കറ്റ് മണിയും ക്രിസ്മസ് ഫ്രണ്ടിന് സമ്മാനം കൊടുക്കാൻ ഉള്ള പൈസയിൽ നിന്നും വെട്ടിച്ചും ഞാനും ഞാനുമെന്റെ ജിതയും പിന്നെ ഒരു പതിമൂന്നു പേരും ....വളരെ കഷ്ടപ്പെട്ട് ഒരു 265 രൂപ ഉണ്ടാക്കി .....
അതുക്കും മുന്നേ മിന്നാരം ടെക്സ്റ്റയിൽസിൽ നിന്നും ജിത മനോഹരമായ ആ ടോപ്പിന്റെ വില മനസ്സിലാക്കിയിരുന്നു ..... അങ്ങനെ അവിടെ ചെന്ന് നിൽക്കുമ്പോഴാണ് ഇടിവെട്ടുപോലെ അതിന്റെ വില 310 രൂപ എന്ന് ടാഗിൽ കാണുന്നത് .... അതിൽ കുറഞ്ഞ വിലയ്ക്കുള്ളതൊന്നു എടുക്കാമെന്ന് കരുതിയെങ്കിലും ഒന്നും അവൾക്കു പാകമാകുമെന്നു തോന്നിയില്ല ....
ഒടുക്കം അതിൽ നിന്നും 10 രൂപയ്ക്കു ഒരുകൂട് മെഴുകുതിരി വാങ്ങിച്ചു പള്ളിയിൽ പോയി .മാതാവിന്റെ മുന്നിൽ മെഴുതിരി കത്തിച്ചു മുട്ടുകുത്തുമ്പോൾ കരച്ചില് വരുന്നുണ്ടായിരുന്നു ......പെട്ടെന്ന് പിന്നിൽ ഒരു ശബ്ദം ..."നിങ്ങള് ഇതുവരെ വീട്ടിൽ പോയില്ലെടി ...എന്നാ എടുക്കുവാ ഇവിടെ ...മണി അഞ്ചാവാറായല്ലോ..."
തിരിഞ്ഞു നോക്കുമ്പോൾ സിസ്റ്റർ നമിക....ഞങ്ങൾക്ക് അമ്മെ പോലെ തന്നെ ആണ് സിസ്റ്ററും ...അത്ര സ്നേഹമാണ് ....എന്തും തുറന്നു പറയാം ....കാര്യങ്ങൾ കേട്ടപ്പോൾ സിസ്റ്റർ ചിരിച്ചു..."ഇത്രേ ഉള്ളോ കാര്യം ...." സിസ്റ്ററുടെ ഉടുപ്പിൽ നിന്നും കയ്യിട്ടു 100 രൂപയുടെ ഒരു നോട്ടെടുത്തു തന്നിട്ട് പറഞ്ഞു ..."പോയി വേടിച്ചിട്ടു വെക്കം വീട്ടിൽ പോകാൻ നോക്ക് ..... ഞാൻ അവൾക്കൊരു ഒരു ഉടുപ്പ് വേടിച്ചിരുന്നു...ഇനിയിപ്പോ ഒരു കാര്യം ചെയ്യാം ...ഞാൻ അത് അവളുടെ പിറന്നാളിന് കൊടുത്താക്കാം ...... നിങ്ങളുടെ സമ്മാനം മുടക്കണ്ട....."
സന്തോഷം കൊണ്ട് ഞങ്ങൾ സിസ്റ്റർക്കു കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു ....ഓടിപ്പോയി ടോപ്പും വേടിച്ചു മിഡിയും കൂട്ടി പാക്ക് ചെയ്തു ലിജിക്ക്‌ കൊണ്ടോയി കൊടുത്തു ....ഓൾക്കും കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു.... പൈസയുടെ ബാക്കി കൊടുക്കാൻ നോക്കിയപ്പോ സിസ്റ്ററെ കണ്ടില്ല ....
പിറ്റേന്ന് സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചപ്പോഴും സിസ്റ്ററെ കണ്ടില്ല ...സ്കൂൾ മൊത്തം തപ്പിയലഞ്ഞു ....ഒടുക്കം വീട്ടിലേക്കു സൈക്കിളും കൊണ്ട് ഇറങ്ങിയപ്പോ എങ്ങുനിന്നോ ബാഗും പെട്ടിയും ഒക്കെ തൂക്കി വരുന്നു .....
"സിസ്റ്റർ ഇതെവിടെ പോയി ???.....ഞങ്ങൾ ഇത് എവടെ ഒക്കെ നോക്കി ...." ഞങ്ങൾ സിസ്റ്ററുടെ അടുത്തേക്ക് ഓടിച്ചെന്നു ....
"ഞാനങ്ങു കഴിഞ്ഞ ബുധനാഴ്ച പോയതല്ലിയോടി???? ...എറണാകുളത്തു ധ്യാനം കൂടാൻ ...ആട്ടെ ക്രിസ്മസ് ആഘോഷം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ???"
അപ്പോൾ ഞങ്ങൾ ആ കണ്ടത് ആരെയായിരുന്നു ?????

By
Mazhamegha Pennu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo