Showing posts with label വി ജി വാസൻ. Show all posts
Showing posts with label വി ജി വാസൻ. Show all posts

കാനാൻ ദേശം

കാനാൻ ദേശം
^^^^^^^^^^^^^^^
(ഇസ്രയേലിന്റ്റെ വാഗ്ദത്ത ഭൂമി)
ഗദ്യ കവിത
--------------------
എന്തോ ദർശനത്താൽ
മുഖം കാന്തി പൂണ്ടദ്ദേഹം
ചൊല്ലി പാലുണ്ടോ കയ്യിൽ
അരികിലിരുന്നാ പാലിൽ
നനഞ്ഞോരു ഗോതമ്പിനപ്പം
അധരത്തിൽ വയ്ക്കവേ
വന്നൂ പതിവില്ലാതൊരു ചോദ്യം
പഴം തരൂ കഴിക്കുവാൻ പഴം തരൂ...
പഴവും നുണഞ്ഞ് അറിവോലും
വചനങ്ങൾ നയനങ്ങൾ ചൊല്ലും പോൽ
നോക്കി ഞാൻ നിൽക്കവേ
വന്നൂ വിവേകമാം ചോദ്യമെൻ
നെഞ്ചിൻ നേർക്ക്
ഇതൊരു സന്തോഷമാണല്ലയോ...
ഖിന്നനായ് നിൽപ്പു ഞാൻ
മൗഡ്യം എൻ ഹൃദയം പുൽകി
ഉത്തരം കേൾക്കുവാനാശിച്ചില്ല
പിന്നൊരു ദീർഘമൗനത്തിൻ
കോട്ട പണിയുടെ പ്രകമ്പനം
കേൾക്കവേ സൂര്യനോ പതിയെ
പിൻവലിഞ്ഞു...
ഇരുളിന്റ്റെ മറവിലായ്
കടന്നവർ ചതിയിലായ്
തുടങ്ങിയ യുദ്ധത്തിൽ
ചിന്തുമാ രക്തമെൻ
പ്രജ്ഞയെ തകർത്തെറിഞ്ഞീടവേ
ഈ..രാത്രി ആരൊന്നവസാനിപ്പിച്ചു
നൽകുമെന്നാർത്തു കരയുവാൻ
മാത്രമെൻ ചേതന
ജീവന്റ്റെ മിഡിപ്പിൽ
പിടിച്ചു കിടന്നു
വീണ്ടുമൊരു പ്രഭാതമെൻ
മുന്നിലെത്തവേ
ഭയന്നോ നീ....പൈതലേ
എന്നു ചിരിച്ചറിവാളനും
തേനും ജലവും ചാലിച്ചൊരാ
പ്രഭാത നീരിറക്കവേ
കണ്ണുകളെന്നിലുറപ്പിച്ചു
താതനും ചൊല്ലി വാത്സല്യമായ്
കാൺമൂ ഞാൻ കാനാൻ ദേശം
ഇനിയീ ശ്വാസം എനിക്കെന്തിന്


VGVassan

അമ്മ മൊഴികൾ


അമ്മ മൊഴികൾ
^^^^^^^^^^^^^^^^^^^
കാളവണ്ടിയിൽ
ചെണ്ടകൊട്ടി സിനിമാ നോട്ടീസ്
തരാൻ വരുന്ന വരവ്
ഒരു വരവ് തന്നെയാണ്
നാലു വശവും സത്യനും നസീറും
ഷീലയും ജയഭാരതിയും
കാളവണ്ടി മത്തായിച്ചേട്ടൻ
വില്ലുപോലെ മേലോട്ട് വളഞ്ഞു നിൽക്കുന്ന മീശ കാണിച്ചു ഞങ്ങളെ
പേടിപ്പിക്കും
അങ്ങനെയിരിക്കെയാണ്
കൊട്ടക മുതലാളി കാറ് വാങ്ങിയത്
ഉച്ച ഭാഷിണി പിടിപ്പിച്ച കാറ്
സിനിമാ നോട്ടീസുമായി
വന്നപ്പോൾ പിള്ളേരുടെ മാത്രമല്ല
ഗ്രാമത്തിന്റ്റെ വാ മൊത്തം പൊളിഞ്ഞിരിക്കുകയും കണ്ണു തള്ളി വരികയും ചെയ്തു
കോന്തി അപ്പാപ്പന്റ്റെ ചായക്കടയിൽ
ഒരാഴ്ച ഇതുതന്നെയായി പറച്ചിൽ
കാറിനെയും ഉച്ചഭാഷിണിയെയും കുറിച്ച് ഓരോ അത്ഭുതങ്ങളാ
ഓരോരുത്തർ പറയുക
ഞങ്ങൾ കളരിയിലെ അക്ഷരമെഴുത്ത്
മറന്ന്
കാറു കഥ കേൾക്കാൻ ചെവിയും
പലഹാര മണത്തിനു മൂക്കും
വിടർത്തി കാത്തിരുന്നു
ആശാനു ഒരു ചായ അപ്പാപ്പൻ
എന്നും വെറുതെ കൊടുക്കും
ഒരു ദിവസം അമ്മ
എന്നെയും കൂട്ടി പട്ടണത്തിലേക്കു പോയി
 വീട്ടിൽ നിന്നു രണ്ടു മൈൽ നടക്കുവാണേൽ ബസ്സിൽ കയറ്റാം
എന്നമ്മ പറഞ്ഞു
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല
ഹോ എന്താ രസം
പ്രോ...പ്രോ...
ആന വണ്ടി ഓടടാ ഓട്ടം
വണ്ടിയെ പേടിച്ചിട്ട്
മരങ്ങളെല്ലാം ഓടിയോടി രക്ഷപെടുന്നു
എന്തോരം നേരമാരുന്നെന്നോ
അങ്ങനെ പട്ടണത്തിൽ ചെന്നു
വല്യ മുട്ടൻ ഒരു വീട്ടിലേക്കാ
ഞങ്ങൾ ചെന്നത്
ഒത്തിരി അമ്മമാരും ഒത്തിരി പിള്ളേരും എനിക്കിഷ്ടപ്പെട്ടു .
ഒരാന്റ്റി ഒരുസൂത്രം എന്റ്റെ ചങ്കിൽ
വച്ചിട്ട് മുറുക്കെ ശ്വാസം വിട്ടോളാൻ പറഞ്ഞു നല്ല രസം ഞാൻ ചീറ്റിച്ചു ശ്വാസം വിട്ടു കാണിച്ചു
ആന്റ്റി കവിളിൽ തട്ടി
മിടുക്കനാന്നു പറഞ്ഞപ്പം
എനിക്കിച്ചിരി ഗമയൊക്കെ വന്നു
പിന്നെ വെള്ള ഉടുപ്പിട്ട ഒരാന്റ്റി
ഒത്തിരി കൊഞ്ചിച്ചോണ്ടിരുന്നപ്പം
പെട്ടന്നു വേദന വന്നിട്ടു
അമ്മേ.....ന്നു വിളിച്ചു ഞാൻ
നിർത്താതെ കാറാൻ തുടങ്ങി
അമ്മ എന്നെയുമെടുത്തു വഴിയിൽ വന്നപ്പോൾ എന്റ്റെ കരച്ചിൽ
പമ്പ കടന്നു
 അത്ഭുതം ഞാൻ എണ്ണി നോക്കി
ഒന്ന് രണ്ട്....ഒൻപത് കാറ്
ഉയ്യോ ..... അമ്മയുടെ ഒക്കത്തുന്നു
ഞാൻ ചാടി ഇറങ്ങി
അമ്മ കുറെ പണിപ്പെട്ടാ
എന്നെ കൊണ്ടു പോന്നത്
ഏത്തക്കാ ബോളി എന്ന കെണിയിൽ
ഞാൻ വീണുപോയി
അങ്ങനെ നടന്നു വരുമ്പം
ഞാൻ പേടിച്ചു പോയി
കറുത്തു കരിക്കട്ട പോലെ
തൂണിന്റ്റെ മുകളിൽ വടീം പിടിച്ച്
ഒരു മൊട്ടത്തലയൻ
കളരിലെല്ലാരും പറയും
മൊട്ടത്തലയൻ പിള്ളേരെ
പിടുത്തക്കാരൻ വരുംന്ന്
ഞാൻ വല്യ വായിൽ
നിലവിളിക്കാൻ തുടങ്ങി
അപ്പോൾ
അമ്മ പറഞ്ഞു
മോനെ ഇതാണ്
ഗാന്ധി അപ്പൂപ്പൻ
നമ്മൾക്കെല്ലാം സ്വാതന്ത്ര്യം
മേടിച്ചു തന്ന മഹാത്മാ ഗാന്ധി
ലോകത്തു സത്യവും ഒണ്ടു
കള്ളത്തരവും
സത്യാഗ്രഹം കൊണ്ടാണ്
ഗാന്ധി അപ്പൂപ്പൻ
ഇന്ത്യക്കു സ്വാതന്ത്ര്യം മേടിച്ചു തന്നത്
അതുപോലെ ഭൂമിയിൽ
ദൈവോം ഉണ്ട്
ചെകുത്താനും ഒണ്ട്
എല്ലാം തിരിച്ചറിഞ്ഞു വേണം
ജീവിക്കാൻ
നമുക്കു ഇഷ്ടമില്ലാത്തതിനെ
നമുക്കു വേണ്ട എന്നാലോ
യാതൊന്നിനേം
വന്ദിച്ചില്ലേലും നിന്ദിക്കരുത്
മനസ്സിലായില്ലേലും
തലകുലുക്കി ഉത്സാഹത്തോടെ
ഞാൻ വണ്ടിയിൽ കയറി.
അമ്മ ഇന്നില്ല
ആ അമ്മ മഹത്വം
ഇന്നു ഞാനറിയുന്നു
അമ്മേ.........പ്രണാമം
VG.വാസ്സൻ

അവിവാഹിത

Image may contain: 1 person, beard and closeup

ഉറങ്ങാൻ പോകുന്നതിന്
തൊട്ടു മുമ്പാണ്
അവൾ 
സ്വയം പരിചയപ്പെടുത്തിക്കൊണ്ട്
പോസ്റ്റ് ഇട്ടത്
രാവിലെ ഫോൺ ഓണാക്കിയ
സുന്ദരി ബോധം കെട്ടില്ലന്നേ
ഉള്ളൂ
ആകെ ഫ്രണ്ട്സിന്റ്റേം
അവരുടെ ഫ്രണ്ട്സിന്റ്റേം
അവരുടെ അവരുടെ
അവരുടെ ഫ്രണ്ട്സിന്റ്റേം
അത്ര സ്നേഹാവേശം
ആകെയൊരു
കാമദേവ ശരാക്രമണം
അതേ അവൾക്കു തെറ്റുപറ്റി
അവളു വഴി തെറ്റി......ഇല്ല
വരിയിലൊരു വാ തെറ്റി
വാ വിട്ടുപോയി
അവിവാഹിതയിലെ
വാ ഇല്ല
അവി വാ ഹിത
VG .വാസ്സൻ

പഴയൊരു കുറിപ്പ്


Image may contain: 1 person, beard and closeup
ഭൂമിയിൽ
നാംചെയ്യുന്ന തിന്മകളെല്ലാം
ഏറ്റുവാങ്ങി
പൊട്ടിക്കരഞ്ഞും
നെടുവീർപ്പിട്ടും
മൃതപ്രായരായി
ഇഴഞ്ഞെത്തും പുഴകളെ
തിരകളുരുട്ടി
തടഞ്ഞിട്ടും തടഞ്ഞിട്ടും
തോറ്റുപോകും കടലമ്മയ്ക്ക്
ഉപ്പിന്റ്റെ സംരക്ഷണമില്ലായിരുന്നെന്കിൽ
എന്നെന്നേ....എല്ലാം
ചീഞ്ഞടിഞ്ഞേനേ.......
vg . വാസ്സൻ
പഴയൊരു കുറിപ്പ് ഡിസംബർ 2000

പ്രേമം




മത മാറ്റത്തിലൂടെ
പ്രേമം വഴിമാറി
പ്രേതം ഉണ്ടാകുന്നു
പ്രേമത്തിലെ മ മാറ്റി ത എഴുതി
പ്രേതം ജനിക്കുമ്പോൾ ,
പ്രേമത്തിൽ മതം മാറുന്ന
പെണ്ണിലെ ആത്മാവ്
കുതറിമാറി
അവളെ ജീവിക്കുന്ന
പ്രേതം ആക്കുന്നു
ഭൗതികാനന്ദങ്ങൾക്ക് ശേഷം
ഉള്ളിന്റ്റുള്ളിൽ
ചേതന നശിച്ച
പ്രേമ പ്രതീക പ്രേതം
കാണുമാറാകും
VG.വാസ്സൻ

ഇനി ഈ അസ്ഥിത്തറ മാത്രം


ഇനി ഈ അസ്ഥിത്തറ മാത്രം
^^^^^^^^^^^^^^^^^^^^^^^^^^^^^^^
നാട്ടിൽ വരുമ്പോൾ എന്നും
ഞാൻ ഒരു യൂണിഫോം ശീലമാക്കിയിരുന്നു
നീല കോട്ടൺ ഷർട്ടും
കറുത്ത പാന്റ്റും .
എന്റ്റെ ഭ്രാന്തുകൾ കുടുംബക്കാർക്ക്
പുച്ഛത്തിനും എനിക്കു വിഡ്ഡി വേഷത്തിനുമേ എന്നും കാരണമായിട്ടുള്ളൂ .
അമേരിക്കൻ മലയാളിയുടെ
പ്രൗഡിക്കു ചേർന്ന കാർ
കൂട്ടുകാരു റെഡിയാക്കിയിട്ടുണ്ട്
ഒരു മാസം നീളുന്ന കേരള പര്യടനം
ഇവിടെ തുടങ്ങുന്നു
ഇപ്രാവശ്യം പതിവു ബന്ധു ജന സന്ദർശനം ഒഴിവാക്കി .
എനിക്ക് അച്ഛന്റ്റെ ഇനിയും ജീവിച്ചിരിക്കുന്ന സുഹൃത്തക്കളെ
ഒന്നുകാണണം അച്ഛന്റ്റെ വീട് ഒന്നു കാണണം ചില വട്ട് ചിന്തകൾ
കാറ് ഓടിക്കൊണ്ടിരുന്നു നാട് അടുക്കാറായി ഹൃദയം വല്ലാതെ
പിടയ്ക്കാൻ തുടങ്ങി
അമ്മയുടെ കൈപിടിച്ച്
അപൂർവ്വമായി മാത്രം കണ്ട നാട്
പിന്നെപ്പോഴോ അമ്മ പറഞ്ഞു
കുട്ടാ ഇനി ഒരിക്കലും അങ്ങോട്ടു പോകണ്ട കേട്ടോ
അമ്മ ഇല്ലാതായാലും പോകണ്ട
കുട്ടനവിടെ ആരുമില്ല
കേട്ടോ പറഞ്ഞത് .
ഒന്നും മനസ്സിലായില്ലെങ്കിലും
സമ്മതം മൂളി
അല്ലെങ്കിലും എന്തിനാണ്.
ആ വാക്കാണ് ഇന്നു തിരുത്താൻ പോകുന്നത്
അമ്മാവൻ പലപ്പോഴും പറഞ്ഞ്
അമ്മയെ ആശ്വസിപ്പിക്കുന്നത്
കേട്ടിട്ടുണ്ട്
കര ഒരുപാടുണ്ടായിട്ടെന്താ
കരളില്ലാത്ത വർഗ്ഗം
പോട്ടെ ഓപ്പോളെ
നിനക്ക് ദൈവം തരും .
ആ വാക്കു ഫലിച്ചു
ഒന്നുമില്ലാത്തിടത്തു നിന്നും
അമ്മാവന്റ്റെ മോളാണ്
ആദ്യം വിദേശത്ത് പോയത്
പിന്നെ എന്തോ എല്ലാവരും
മത്സരിച്ചൊരു പഠനമായാരുന്നു .
എന്നെ കൊണ്ടു പോകാൻ നേരവും
അമ്മാവൻ ഒരു വാക്കു പറയിച്ചു
അച്ഛൻ വീട്ടുകാരുമായി
ഒരു ബന്ധവും ഉണ്ടാകരുത്
അതും ഇന്നുവരെ പാലിച്ചു
അമ്മയും അമ്മാവനും ഇന്നില്ല
ഞങ്ങളെല്ലാരും കൂടി വാശിക്കു വാങ്ങിക്കൂട്ടിയ പറമ്പുകളുടെ നടുവിൽ
ഒരു ബംഗ്ളാവിൽ
അമ്മായി
ഏകാന്തതയുടെ റാണിയായി
ഫോൺ ബെല്ലകൾക്ക് വേണ്ടി
എന്നും കാത്തിരിക്കുന്നു
സ്ഥലം എത്തി
അച്ഛന്റ്റെ ഏറ്റവും അടുത്ത ചങ്ങാതി
ദാമോദരേട്ടന്റ്റെ വീടു കണ്ടുപിടിച്ചു
പ്രായമേറെ ആയെങ്കിലും
അദ്ദേഹം പതിയെ എന്റ്റെ കൂടെ വന്നു
പറയാതെ തന്നെ ചേട്ടൻ എന്നെ തിരിച്ചറിഞ്ഞു
ജയന്റ്റെ മോൻ അല്ലേ
ഉം ഞാൻ മൂളി
അമ്മയുടെ കൈപിടിച്ച
വഴിയിലൂടെ വീണ്ടും
റെയിൽവേ സ്റ്റേഷന്റ്റെ കോമ്പൗണ്ട് തീരുന്നിടത്തു നിന്നും
തുടങ്ങുകയാണ് പറമ്പ്
പലതരം വീടുകൾ
ലൈനിലൂടെ തന്നെ നടന്നു
നീ എന്തിനാണു വന്നത്
ദാമോദരൻ ചേട്ടനാണ് .
വെറുതെ ഒന്നു കാണാൻ
അല്ലേലും വൈരാഗ്യം തീർക്കാൻ
ആരും ബാക്കിയില്ല
പിടിച്ചടക്കിയവൻ പടുമരണം
ചോദിച്ചു മേടിച്ചു
ഉദിച്ചിലേടം കുടുംബം
കുളം തോണ്ടിയവൻ
പാവപ്പെട്ട പെണ്ണിനെ പ്രേമിച്ചു കൊണ്ടുവന്നു എന്നു പഴി പറഞ്ഞു
ചേട്ടൻ അനിയനെ ആരും അറിയാത്ത വിധം ഉറക്കത്തിൽ കൊന്നു കളഞ്ഞു .
എന്നെ വിയർത്തു കുളിക്കുന്നത്
ഞാനറിഞ്ഞു .
മോനെ വീടിരുന്ന ഒരുതുണ്ട്
മിച്ചം ഉണ്ട്
അവനു കുഞ്ഞുങ്ങളും ഉണ്ടായില്ല
ഭാര്യ ഉപേക്ഷിച്ചു പോയി
കുടിച്ചു കുടിച്ചു
വിറ്റു കുടിച്ച്
അവൻ അവസാനിച്ചു .
പടിഞ്ഞാറ് അസ്തമയം കാണും വിധം
ഉയർന്നിരുന്ന നാലുകെട്ട്
ഇപ്പോൾ ഒരു കൽക്കൂമ്പാരം മാത്രം
മോനേ ഇടിഞ്ഞു വീഴാത്തതായി
ഈ അസ്ഥിത്തറ മാത്രം
ഇനി ബാക്കി
എന്റ്റെ നെഞ്ചകത്ത്
അച്ഛാ...........
എന്നൊരു വിളി
കുരുങ്ങിക്കിടന്നു......
അച്ഛന്റ്റെ ഒരു ഫോട്ടോ പോലും
കാണാൻ ഭാഗ്യമില്ലാതെ പോയ
മകന്
അച്ഛാ....എന്ന് തെളിഞ്ഞു
വിളിക്കാൻ ശീലമില്ലല്ലോ.......
VG .വാസ്സൻ.

ചെകുത്താന്റ്റെ വഴി


ചെകുത്താന്റ്റെ വഴി
----'--------------------------
അയൽക്കാരന്റ്റെ മുഖത്ത്
ചോരമയമില്ല അത്ര നല്ല പുള്ളിയല്ല
എന്നാലും ചോദിച്ചു ന്തേയ്...ന്തുപറ്റി
കണ്ണിലൊരു നനവുണ്ടോ..ഒണ്ട്
കേശവൻ പറഞ്ഞുതുടങ്ങി
എന്തു പറയാനാ കൊച്ചേ
ഓരോത്തന്മാര് ജീവിക്കാൻ സമ്മതിക്കില്ല
 അതെന്നാ ഞാൻ
കൂടോത്രം അല്ലാതിപ്പോ ഇങ്ങനെ
വരുവോ മറ്റവന്റ്റെ പണിയാ
കേശവൻ തുടർന്നു കൃഷ്ണപ്പണിക്കരെ
കണ്ടിട്ടു വരുവാ ഞാൻ .
ഒരുകൊല്ലായിട്ടു പറമ്പിൽ ഒരു വിളവും കിട്ടുന്നില്ല വീടു മുഴുവൻ
സമാധാനക്കേടും
പണിക്കരു പറഞ്ഞത് അച്ചട്ടാ
അവൻ അതിരുവഴി ചെകുത്താനെ
കേറ്റി വിട്ടേക്കുവാ
സൂക്ഷിച്ചു നോക്കിയാ കാണാമെന്നാ
പണിക്കരു പറഞ്ഞേ ഞാൻ നോക്കിയേച്ചു നിക്കുവാ കൊച്ചേ
ചന്കു തകർന്നു പോയി .
കേശവൻ പ്രാകി .കുടുംബം തകർക്കുന്ന
ഇവനൊക്കെ പുഴുത്തു ചാകണേ
ഭഗവാനേ...
ഞാനും നോക്കി സൂക്ഷിച്ചു നോക്കി
അതെ ചെറിയൊരു വഴിച്ചാൽ
കേശവൻ തളർന്നു നടന്നു വീട്ടിലേക്ക്
എന്നിലെ
CBI ചിന്തകൾ കൂട്ടലും കിഴിക്കലും
ഞാൻ തീരുമാനിച്ചു
ചെകുത്താന്റ്റെ വഴി കണ്ടുപിടിക്കണം
രണ്ടു പറമ്പു കഴിയുംവരെ
വഴിച്ചാൽ നീണ്ടു
ഭയം എന്നിൽ അരിച്ചുകയറാൻ തുടങ്ങി
പേടിച്ചു പേടിച്ചു ഞാൻ ഓരോ ചുവട്
മുന്നോട്ട് വച്ചു പെട്ടന്ന് ഒരു മാടരികിൽ
വഴി അവസാനിച്ചു
വലിയൊരു മാളം അതെ
പന്നിയെലി തന്നെ ........
എലികൾ ഒരേ പാതയിൽ
സഞ്ചരിക്കുമെന്ന് പണിക്കർക്ക് അറിയാം ഞാനിപ്പോ പഠിച്ചു
കേശവന്മാർ പഠിക്കില്ല
വിശ്വാസം അതല്ലേ......ല്ലാം
.VG.വാസ്സൻ

സ്വർഗ്ഗത്തിലും അനശ്വരൻ


സ്വർഗ്ഗത്തിലും അനശ്വരൻ
^^^^^^^^^^^^^^^^^^^^^^^^^^^^^
സ്വർഗ്ഗത്തിലെ മാന്യന്മാരിൽ
മാന്യനാണ് സത്യൻ
അതേ മലയാളത്തിന്റ്റെ
അഭിനയ ചക്രവർത്തി .
അതുകൊണ്ട് തന്നെയാണ്
ചിത്രഗുപ്തൻ സത്യന് പ്രത്യേക പരിഗണന നൽകുന്നതും .
സിനിമാ മേഖലയിൽ നിന്നും
തലയുയർത്തിപ്പിടിച്ച്
ആദ്യമായെത്തിയ സത്യന്
ഡിജിറ്റൽ കളറിലെ സിനിമ
ഒന്നു കണ്ടു വരാൻ അനുവദിക്കണം
എന്ന ആശ ചിരിയോടെ ചിത്രഗുപ്തൻ
അനുവദിച്ചതും ആരും കാണാതെ
പുറകിലെ വാതിൽ തുറന്നും കൊടുത്തു.
ആകാശയാത്രയുടെ അവസാനം
ആ പാട്ടൊന്നു പാടാൻ സത്യൻ
ആ മലഞ്ചെരുവിലെത്തി
ആ മലയാളി പെണ്ണിനെ കാണാനില്ല
ജീവച്ഛവമായ അവളെ കണ്ടിട്ട്
പെരുന്നാളിൻ തുടിപ്പുകൾ പോലും
മരവിച്ചു പോയി
അവളുടെ കറുത്തഴുകിയ ദേഹം കണ്ട്
ശിവരാത്രി കരാളമായി
ആരാത്രി കടലിൻ മുന്നിൽ
കണ്ണീരണിഞ്ഞ സത്യനെ കണ്ടു
തെളിനീർ തുള്ളി ഇറ്റും സത്യനെ .
മാപ്പ് ഈ തലമുറയ്ക്ക് വേണ്ടി മാപ്പ്
തിരിച്ചു പോകൂ അങ്ങ്
ഞങ്ങൾക്ക് ജലദിനം
ആഘോഷിക്കണം
പോകൂ......


By VG Vassan

കരയരുതിനി കനിമൊഴിയാൾ


കരയരുതിനി കനിമൊഴിയാൾ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കനകം ചേർന്നൊരു കനിയതു
കഴിച്ചിട്ടതു കയ്ക്കുന്നു
കയ്ച്ചാലും ഹരമോടതു
കഴിക്കുന്നതു തുടരുന്നു
കഴിവോലും നിറമോടതു
കഥയായ് അതുരചെയ്വൂ
കളിയായും കനവായും
കനിമൊഴിയാൾ ചിരി കാണാൻ
കരളായ് നിറ നെഞ്ചിന്നറ
കരവിരുതാൽ തുറക്കുന്നിത്
കൺ വിടവിൽ ചെറുതായവൾ
കരുണാരസ സുകടാക്ഷം
കഥമാറും ജയഭേരികൾ
കലയേറും കവലകളിൽ
കളികണ്ടതിൽ കലികയറും
കൺ കടി കൊണ്ടവർ
കരയാകെ നരിയാകും
കഥയങ്ങനെ പലവുരുവായ്
കലികാലം തുടരുമ്പോൾ
കനകം തൃണം കനിവുള്ളവൾ തൻ
കരമെന്നിൽ ചേരുമ്പോൾ .
VG . വാസ്സൻ

ഉത്തരക്കണ്ണീർ


ഉത്തരക്കണ്ണീർ
^^^^^^^^^^^^^^^^
ഞാനെന്തിനു നിലനിൽക്കണം
പതിമൂന്നു വയസ്സുള്ള പെൺകുട്ടിയുടെ ജീവൻ കവരാൻ കൂട്ടുനിന്ന ഞാൻ
ഇന്ന് ഏഴു വയസ്സുകാരിയെ കൊല്ലാൻ
കൂട്ടുനിന്ന ഞാൻ
കുട്ടികളെ കെട്ടിത്തൂക്കാൻ
വന്നവന്റ്റെ നെഞ്ചിലേക്ക്
ഒടിഞ്ഞുവീണ് തുളച്ചു കയറാനാവാത്ത
ഞാൻ വീടു താങ്ങി നിറുത്തിയാൽ
എന്തു ഫലം
ആരേലും തീ വയ്ക്കോ
ഞാൻ കത്തി ചാമ്പലാകട്ടെ
ആരേലും തീ വയ്ക്കോ
ഇതു കണ്ട് ജീവിക്കാൻ വയ്യേ....
എന്തിനാണ് ഉത്തരം
എന്തിനാണു വീട്
കാടും കാട്ടുമൃഗങ്ങളും
എത്ര ശ്രേഷ്ഠം
VG വാസ്സൻ

കാവ്യാക്ഷര പ്രണയം


കാവ്യാക്ഷര പ്രണയം
^^^^^^^^^^^^^^^^^^^^^^^^
സുന്ദരികളായ യുവതികൾ
കലപിലയിട്ട് നടന്നു ബസ് സ്റ്റോപ് അടുക്കാറായിട്ടേ ഞാനങ്ങോട്ടു കയറൂ
IELTS പഠിപ്പീര് കഷ്ടപ്പാടാണെന്നാ ടീച്ചർ
പറയുക
നഴ്സ്മാര് പിള്ളേരുടെ ഇംഗ്ളീഷ്
തീരെ മോശമാണത്രേ
ഞങ്ങളുടെ സംഭാഷണം പതിവുപോലെ
പല വിഷയങ്ങളിലൂടെ നീങ്ങവേ.
പെൺകുട്ടികളുടെ ബുക്കുകൾ
അലസമായി മറിച്ചു നോക്കി ഞാനിരുന്നു
ഒരു ബുക്ക് എന്റ്റെ കണ്ണിലുടക്കി
കാവ്യഗുണം തികഞ്ഞ കയ്യക്ഷരം
ഉയർന്നുയർന്നു നിൽക്കുന്ന കൈയക്ഷരങ്ങൾ.
ഇതാരാ കവിതയെഴുതാൻ പാകമായ
ഈ പെണ്ണ്
ടീച്ചർ കളിയാക്കി
സുന്ദരികളുടെ ബുക്ക് നോക്കിയാൽ
നിനക്കതു തോന്നും നിന്റ്റെ കലാ ഭ്രാന്തിന്റ്റെ കുഴപ്പമാ
അല്ല ഈ കുട്ടി ഇതുവരെ എഴുതിയിട്ടില്ലായിരിക്കും പക്ഷേ ഉറപ്പാണ് ഇവൾ എഴുതും.
ഒന്നു പരിചയപ്പെടണം
ആളെ കാണിച്ചു തരാം
പിന്നെ ഒരൊഴുക്കായിരുന്നു
അവളുടെ പിന്നാലേ ഓരോ സംഭാഷണങ്ങളിലും അവളിലെ
എഴുത്തുകാരി സ്പന്ദിക്കുന്നത് ണാനറിഞ്ഞു .
സായാഹ്നങ്ങൾ അവൾക്കു വേണ്ടി മാത്രമായി.
എനിക്കു ബസിൽ ചെക്കറാകണം
എന്നു പറഞ്ഞപ്പോൾ ജയൻ പൊട്ടിച്ചിരിച്ചു
കഥയ്ക്കു വേണ്ടിയാണ്
ഞാനൊരു ചെറിയ നുണ പറഞ്ഞു.
വൈകുന്നേരം അവൾ പോകുന്ന ബസിൽ വൈകുന്നേരം ഞാനങ്ങനെ
ചെക്കർ പോസ്റ്റ് ഒപ്പിച്ചു.
തൊട്ടരികിൽ നിന്ന് കാതരമായ
സംസാരം അങ്ങനെ നീണ്ടു പോയി
അറിയാതെന്ന പോലെ
അവൾ ചൊടികൾ എന്റ്റെ കവിളിൽ
ഉരസിയപ്പോൾ ശരിക്കും എന്നിലെ പ്രണയം കരകവിഞ്ഞു......
രണ്ട് കവിതാ സമാഹാരങ്ങൾ
സമ്മാനം തരട്ടേ എന്ന ചോദ്യത്തിന്
ഇളകിയൊരു പൂളകച്ചിരി ആയിരുന്നു
മറുപടി.
ഇന്നു ഭയന്കര ടെൻഷൻ
ഇന്നു വൈകുന്നേരം
പ്രണയം അറിയിക്കാൻ
അവളെയും കാത്ത് കണ്ണ്
പിടയ്ക്കാൻ തുടങ്ങി
പരിഭ്രമം ആദ്യത്തെ പ്രണയം
അത് വിടരുന്ന മനോഹര മഹൂർത്തം
അവൾ വന്നു ബസിൽ ആദ്യത്തെ
സ്റ്റെപ്പിൽ കയറിയതും
ഞാൻ പിന്നിലൊളിപ്പിച്ചു പിടിച്ച
രണ്ട് കവിതാസമാഹാരങ്ങളും
അതിനു മുകളിൽ ഹൃദയം
വലുതാകാനുള്ള സമ്മാനവും
അവൾക്കു നൽകി
പതിയെ കാതിൽ പറഞ്ഞു
ഐ ലവ് യൂ.........
അപ്രതീക്ഷിതമായി അവൾ
ഒറ്റ തള്ള്
ഞാൻ തെറിച്ചു താഴെ വീണു
കവിതാ പുസ്തകങ്ങളും സമ്മാനവും
എന്റ്റെ ദേഹത്തു വന്നു വീണു
ഒരാക്രോശവും
വണ്ടീടെ വാതിൽക്കൽ
നിക്കുന്നവൻ ആ നിലയ്ക്കു നിൽക്കണം
അവന്റ്റെയൊരു പ്രേമം
ഫൂ..........
ആരോ ബെല്ലടിച്ചു
അവളും ബസും കണ്ണിൽ നിന്നും
മറഞ്ഞു....
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
എനിക്കിപ്പോഴും
അവിടെനിന്നും എണീൽക്കാനാവുന്നില്ല
അവൾ കഥാകാരി ആയിട്ടുണ്ടാകുമോ
അവൾ കവിത എഴുതിയോ
എന്റ്റെ കണ്ണുകൾ ഇന്നും
മാസികകളിൽ പരതി നടക്കുന്നു
അതിനു ജീവനില്ലാതാകുവോളം.
VG.വാസ്സൻ

ഭാര്യയ്ക്കൊരു ജാരൻ


ഭാര്യയ്ക്കൊരു ജാരൻ
^^^^^^^^^^^^^^^^^^^^^^^^^
ഭാര്യയ്ക്കൊരു ജാരൻ എന്ന
വിചിത്ര പരാതിയുമായി
ഉന്നത വിദ്യാഭ്യാസവും മൾട്ടി നാഷണൽ
കമ്പനിയുടെ മൂന്നു രാജ്യങ്ങളുടെ
ചുമതലക്കാരനുമായ കുര്യൻ ജോൺ
ഹൈക്കോടതിയിൽ എത്തിയത്
താൻ സ്ഥലത്തില്ലാത്തതിനാൽ
നാല്പത്തഞ്ച് വയസ്സുള്ള ഭാര്യയ്ക്ക്
മറ്റൊരു ലൈംഗിക പന്കാളിയെ
ഔദ്യോകികമായി സ്വീകരിക്കാൻ
നിയമപരമായ വിധി ഉണ്ടാകണമെന്ന
ദമ്പതികളുടെ കേസാണ് ഇന്ത്യൻ സംസ്കാരത്തിനു തുരന്കം വയ്ക്കുന്ന
തോന്ന്യവാസം എന്ന് നിരീക്ഷിച്ച്
വാദിയെ പ്രതിയാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്തത് 
ലൈംഗിക ദാഹിയായ സ്ത്രീയെയും
ആ നാണംകെട്ടവനെയും കാണുവാൻ
ഫൈനൽ വാദവും വിധിയും പറയുന്ന ഇന്ന് കോടതി പരിസരം ജനസമുദ്രമായി
മാറിയിരിക്കുന്നു മുതിർന്ന രണ്ടു പെൺമക്കളുള്ള ഈ സ്ത്രീ നമ്മുടെ
നാടിന് ശാപമാണ് ഹൈക്കോടതി മുന്നിൽ നിന്ന് മമഷ്യ ടിവി ക്കു വേണ്ടി
പ്രജോദ് 
വൻ സുരക്ഷാ സംവിധാനത്തോടെ
വന്ന പോലീസ് വാനിൽ നിന്ന്
മുഖംമൂടിയ നിലയിലാണ് ദമ്പതികളെ
കോടതിയിലേക്ക് കൊണ്ടുപോയത്
സുരക്ഷാ വലയം ഭേദിച്ച് സ്ത്രീയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളുണ്ടായി
ജനം അക്രമാസക്തരാകും എന്ന സ്ഥിതിയാണുള്ളത്
വാദം തുടരുകയാണ് കോടതി ആവശ്യപ്പെട്ടിട്ടും ദമ്പതികൾ വക്കീലിനെ വയ്ക്കാതെ കേസ് സ്വയം വാദിക്കുകയാണ്
കുര്യൻ ജോൺ
യുവർ ഓണർ
ഇന്ത്യയിൽ ഭാര്യയോ ഭർത്താവോ കൂടെ താമസിക്കാത്തവരും അവിവാഹിതരുമായി തുടരുന്നവരുമായി ഉള്ള ആളുകൾ
തങ്ങളുടെ ലൈംഗികാവശ്യങ്ങൾ
ബലികഴിച്ച് ജീവിക്കേണ്ടി വരികയോ
പുറത്ത് ഇതിനു തുനിഞ്ഞാൽ
വേശ്യ എന്നോ വേശ്യകളെ പ്രാപിക്കുന്നവൻ എന്നോ സമൂഹത്തിന്റ്റെ സദാചാര കുറ്റവാളി ആയിത്തീരുന്നു ആയതിനാൽ
ഏതൊരു വ്യക്തിക്കും പക്വത യെത്തിയ
നാല്പത് വയസ്സിൽ നിയമ സംരക്ഷണമുള്ള ഒരു ലൈംഗിക പങ്കാളിയെ സ്വീകരിക്കാനുള്ള
നിയമ പരിരക്ഷ നൽകണം
വേശ്യാലയ സന്ദർശകരോ
വ്യഭിചാരിണികളോ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരോ ആയ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട സമൂഹമല്ല ഉണ്ടാകേണ്ടത്
അഭിമാനം നഷ്ടമാകാതെ തങ്ങളുടെ ശാരീരികാവശ്യങ്ങൾ നടത്തുവാൻ ഒരു പൗരന് അവകാശം നൽകുന്ന നിയമസംവിധാനമാണ് വേണ്ടത്
ഭാര്യയെ സംസാരിക്കാൻ അനുവദിക്കണം
യേസ് പ്രൊസീഡ്
യുവർ ഓണർ
ഒരു സ്ത്രീ എന്ന നിലയിലും ഒരു അധ്യാപിക എന്ന നിലയിലും
മുതിർന്ന പെൺമക്കളുള്ള അമ്മ എന്ന നിലയിലും നിന്ന് കാണുമ്പോൾ
ഒറ്റപ്പെട്ട് ജീവിക്കുന്നവരും അല്ലാത്തവരുമായ ഒരു വിഭാഗം പുരുഷന്മാർ ബാലികാ ബാലന്മാരെയും
യുവതികളെയും പ്രായമായ സ്ത്രീകളെയും ചൂഷണം ചെയ്യുകയോ
പൊതു സ്ഥലങ്ങളിലോ ബസ് ട്രെയിൻ
തുടങ്ങി ലൈംഗികാക്രമണം നടത്തുകയോ ചതിയിൽ പെടുത്തി
വ്യഭിചാരത്തിലേക്കും തുടർന്ന് സുഹൃത്തുക്കൾക്കു കൈമാറുന്ന
സ്ത്രീയുടെ ജീവിതം പീച്ചിചീന്തുന്ന
കുട്ടികളെ മനോരോഗികളാക്കുന്ന
ഭയാനകമായ സമൂഹ നാശമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്
ആയതിനാൽ
അഭിമാനവും ജീവിത സുരക്ഷിതത്വവും
നഷ്ടമാകാതെ ഒരു ലൈംഗിക പങ്കാളിയെ സ്വീകരിച്ച് വ്യക്തിക്ക് സമൂഹാന്തസിൽ
ജീവിക്കാവുന്ന ലോക പുരോഗതി നിയമത്തിലൂടെ കൊണ്ടുവരണം
അതിനുശേഷം അക്രമത്തിനു മുതിരുന്നവരെ 
നടന്നുപോയി അക്രമം നടത്താനാവാത്ത വിധം ശിക്ഷ കൊടുക്കുന്ന നിയമം ഉണ്ടാകണം ആസ്ത്രീ വാദം തുടരാനാകാതെ കോടതിമുറിയിൽ പൊട്ടിക്കരയുകയാണ്
യുവർ ഓണർ
കുര്യൻ ജോൺ എന്ന വ്യക്തി
തന്റ്റെ അസ്തിത്വം ഇല്ലാതാക്കും വിധം
മാധ്യമ വിചാരണ നേരിട്ട ഈ പരാതി
പെൺമക്കളോടും ഭാര്യയോടുമൊപ്പം നിന്ന് സമർപ്പിക്കാൻ ഒരു കാരണമുണ്ട്
യുവ കവിയത്രി ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കേസിന്റ്റെ വിധി ഇപ്പോൾ അപ്പുറത്തെ കോടതിമുറിയിൽ വായിക്കുന്ന സമയമാണിത് സാക്ഷികളില്ലാത്തതിനാൽ പ്രതികൾ 
രക്ഷപെടുന്ന അവസ്ഥയാണവിടെ
എന്റ്റെ ഭാര്യാ സഹോദരീ പുത്രിയാണവൾ
അവൾക്കാരാണ് ഇനി നീതി നടപ്പാക്കിക്കൊടുക്കുക
സമൂഹത്തിന്റ്റെ പുറമ്പോക്കിലാണ് ഇനി ഞങ്ങളുടെ മോൾ ഇനി ജീവിക്കേണ്ടി വരിക ആത്മ വിശ്വാസം തകർന്ന ഒരു വിഷാദ രോഗിയെ നാം സൃഷ്ടിച്ചു കഴിഞ്ഞു 
ഈ അതിക്രമ ഭീകരന്മാരുടെ
കാലും കോലും അരിഞ്ഞു തള്ളുന്ന ഒരുനിയമം ആണു വേണ്ടത്
അതു ചെയ്യാൻ സാധിക്കുമോ
കോടതി മുറി നിശബ്ദമായി
പെട്ടന്ന് തുരുതുരാ വെടി ശബ്ദം ഉയർന്നു
അടുത്ത മുറിയിൽനിന്നുമാണ്
ജനം അങ്ങോട്ടോടി
രണ്ടു പ്രതികളുടെയും അരയ്ക്കു താഴെ വെടിവെച്ചു വീഴിച്ചിട്ടു നിൽക്കുകയാണവൾ
കോടതി വെറുതെ വിട്ട പ്രതികൾ ഇനി നടക്കരുത് എന്നവൾ തീരമാനിച്ചിരുന്നു
തുടയെല്ല് തകരും വിധം രണ്ട് റിവോൾവറിൽ നിന്നു രണ്ടുപേർക്കും
ആറുതിരകൾ വീതം നൽകി
ഉറച്ച ചുവടുകളുമായി അവൾ കോടതിമുറിയു നടുവിൽ നിലയുറപ്പിച്ചു
ഈ കേസിനു തെളിവും സാക്ഷികളുംആവശ്യത്തിനുണ്ടല്ലോ
സ്ത്രീ നടുവിലും
അവളുടെ കണ്ണിലൂടെ ചോരക്കണ്ണീർ
ഒഴുകിയിറങ്ങി
VG.വാസ്സൻ

രാത്രിയിലെ സ്ത്രീകൾ


രാത്രിയിലെ സ്ത്രീകൾ
^^^^^^^^^^^^^^^^^^^^^^^^^
സമയം പത്ത് കഴിഞ്ഞു 
ഞാൻ ഓട്ടോ പതിയെ എടുത്തു
ഇനി ഇവിടെ കിടന്നിട്ടു കാര്യമില്ല
പതിനൊന്നിന് തമ്പാനൂരുന്ന് ട്രെയിനിറങ്ങി വരുന്ന ഒരെണ്ണം കിട്ടിയാൽ വീട്ടിൽ പോകാം
ഒരുമണിക്കുർ പതീയെ നീങ്ങാം
വഴി ഓട്ടം തടഞ്ഞാലോ
മുന്നിൽ പോകുന്ന കാറ് സൈഡ് വലിയുന്നു ഇപ്പോൾ കാണാം
ലൈറ്റിൽ ഒരു യുവതി
അവർ എന്തോ സംസാരിക്കുന്നു
അവൾ കാറിലേയ്ക്ക് ഓ...
ടൗണിലെ പുളകങ്ങൾ
മറ്റൊരു വശത്ത്
പേടിച്ചരണ്ട പോലെ
പാഞ്ഞു പോകുന്ന സ്ത്രീ രൂപങ്ങൾ
പലഭാവങ്ങൾ പരിഹാരമില്ലാത്ത
പ്രശ്നങ്ങൾ
ഒരു ഓട്ടോ ജീവിതകാലം
എന്തെല്ലാം കാഴ്ചകൾ
ചതി മുതൽ ചിത വരെ
ട്രെയിനിറങ്ങി ആളുകൾ
നീങ്ങിത്തുടങ്ങി കുറേ നേരം
നിൽക്കണം പുറം ഓട്ടോയ്ക്ക്
പുറകിലാ സ്ഥാനം
ഒരു യുവതി ബാഗുകളുമായി വരുന്നു
പതിയെ ഇറങ്ങി നിന്നു
ഓട്ടം പോണം
ശരി കയറിക്കോളൂ
അപ്രതീക്ഷിതമായി അവൾ എന്റ്റെ ഫോട്ടോ എടുത്തു മൊബൈലിൽ
അതാ വണ്ടി നമ്പരും ഫോണിലാക്കി
യുവതി
വിട്ടോ ചേട്ടാ ഇതൊക്കെ വാട്സാപ്പിൽ
മൂന്നാലു പേർക്ക് അയച്ചാൽ
ധൈര്യമായി ഏതു വണ്ടിയിലും
എത്രദൂരേം പോകാം
ഞാൻ ഒന്നും പറയാനാകാതെ
ജോലിയിൽ ശ്രദ്ധിച്ചു
പോലീസിലോട്ടാണോ ആവോ
വണ്ടിക്കൂലിക്ക് വഴക്കടിക്കുവോ
ആവോ നമ്മളു പാവാന്നു
നമ്മക്കല്ലേ അറിയൂ
VG.വാസ്സൻ

സദാചാരം


സദാചാരം
^^^^^^^^^^^^
ഒരു വിഴുപ്പു ഭാണ്ഡം നിറയെ
ചാരം ചുമന്നുകൊണ്ടു നടന്നു
ഗുണ്ടകൾ അന്യ സ്ത്രീപുരുഷന്മാരുടെ
പുറത്തു സദാ ചാരം വാരിവിതറുന്ന
കലാപരിപാടിയല്ല
മനുഷ്യർ കൂടിച്ചേർന്നുണ്ടാകുന്ന
സമൂഹം എന്ന വ്യവസ്ഥിതി
സദാ ആചരിക്കുന്ന
ഗുണപ്രവർത്തിയാണ്
സദാചാരം
VG.വാസ്സൻ

ജീവൻ പകർന്ന സ്നേഹം


ജീവൻ പകർന്ന സ്നേഹം
^^^^^^^^^^^^^^^^^^^^^^^^^^^
സംഭവ കഥ
പണി പൂർത്തിയായിട്ടും
വെള്ളമില്ലാത്ത സർക്കാർ ജലസംഭരണി നോക്കുകുത്തി എന്നാൽ എനിക്കു വീട്ടിലേക്കു ഇതിന് ഓരം ചേർന്ന്
ഒരെളുപ്പവഴി തുറന്നു കിട്ടി എല്ലാ ഞായറാഴ്ചയും ഈ വഴി ഒരു നടപ്പു
പതിവാണ് അന്നും ഒരു ഞായറായിരുന്നു രണ്ടാൾ ഉയരമുണ്ട്
ജലസംഭരണിക്ക് അടുത്തെത്തിയപ്പോൾ
ഉള്ളിൽ നിന്നും ചെറിയൊരു ഞരക്കം കേൾക്കാം ചെവിയോർത്തു ഒരു പൂച്ചയുടെ നേർത്ത കരച്ചിൽ
നല്ല നീളമുള്ള ഒരു ചൂട്ടുമടൽ
അതിനുള്ളലേക്കു ചാരിയിട്ട് ഞാൻ
നടന്നു വീടെത്താറായപ്പോൾ പിന്നിലൊരനക്കം പുറകിൽ
ഒരു പൂച്ചയുടെ അസ്ഥിപഞ്ജരം വിറച്ചു വിറച്ചു വരുന്നു
ശെടാ കുഴപ്പമായല്ലോ വീട്ടിലാർക്കും
പട്ടി പൂച്ച ഒന്നും ഇഷ്ടമല്ല എന്തും വരട്ടെ
അടുക്കളയിൽ കയറി കുറച്ചു ചോറും മീൻകറിയും എടുത്തു പറമ്പിൽ അതിന്റ്റെ അടുത്തു കൊണ്ടു വച്ചു കൊടുത്തു അൽപം വെള്ളവും
വിശപ്പ് എന്താന്ന് കണ്ട്
ഞാൻ മരവിച്ചു നിന്നു
അതു ഞങ്ങളുടെ പറമ്പു വിട്ട് എങ്ങും പോകാതെ തങ്ങി നടക്കാൻ തുടങ്ങി
പതിവായി ആഹാരം കഴിച്ച് രണ്ടാഴ്ച കൊണ്ട് അവളൊരു സുന്ദരിയായി
തൂവെള്ള സുന്ദരിപൂച്ച
അതൊരു തുടക്കമായിരുന്നു
അവൾക്ക് കാമുകനുണ്ടായി
കുഞ്ഞുങ്ങളുണ്ടായി തലമുറകൾ
കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങൾ
വെള്ളയായതുകൊണ്ട് ചിലതിനെയൊക്കെ ആളുകൾ പിടിച്ചുകൊണ്ടു പോകും എന്നാലും ഒന്നും രണ്ടും പറമ്പിൽ അവശേഷിക്കും
കാലം മുന്നോട്ട് എനിക്ക് ഒരുമകൻ കൂടി ജനിച്ചു അവന് അഞ്ച് വയസ്സായി
മൂത്തതും പുത്രൻ
അങ്ങനെ ഒരു ദിവസം ഇളയപുത്രൻ
ഒരു പൂച്ചക്കുഞ്ഞിനെ വീട്ടിലേക്ക് എടുത്തുകൊണ്ട് വന്നു അവൻ
അതിനൊരു പേരുമിട്ടു
കൊത്തോ
ഒരു പ്രത്യേക പേര്
പിള്ളേരും കൊത്തോയും വല്ല്യ കൂട്ടായി
അവന്റ്റെ സ്നേഹം ആരെയും അമ്പരപ്പിക്കും പന്തു കളി ആരും നോക്കി നിൽക്കും ആളൊരു ഹീറോ തന്നെ അവൻ വളർന്നു
അവനും ഒരു കാമുകി ഉണ്ടായി
സ്നേഹം ഒക്കെ കഴിഞ്ഞ് പാതിരാവിൽ
കയറിവന്ന് കിടന്ന് ഒറ്റ ഉറക്കം ഇറച്ചിക്കറി കഴിച്ചാൽ പിന്നെ
ഭയന്കര ആഹ്ളാദ പ്രകടനമാണ്
വീടു മുഴുവൻ ചാടി മറിഞ്ഞ്
എല്ലാവരിലും ഉത്സവം സൃഷ്ടിക്കും
ഞങ്ങളുടെ ജീവന്റ്റെ ഭാഗമായി
കൊത്തോ
ഇപ്പോൾ പറമ്പിൽ പൂച്ചകളില്ല
കൊത്തോയും കാമുകിയും മാത്രം
അവൾ വൈകുന്നേരം വരും രാത്രി തിരികെ പോകും എല്ലാത്തിനും
ഒരടുക്കും ചിട്ടയും
അപ്പച്ചനു പെട്ടന്ന് ഒരസുഖം
കുട്ടികളെ വീട്ടിലാക്കി ഞങ്ങൾ ആശുപത്രിയിൽ
വൈകിട്ട് ഞങ്ങൾ വരുമ്പോൾ
കുട്ടികൾ കരഞ്ഞതു പോലിരിക്കുന്നു.
എന്താ മോനേ
ഞങ്ങൾ പറമ്പിൽ കളിക്കുവായിരുന്നു
ഒരു വലിയ പാമ്പ് വന്നു
അയ്യോ എന്നിട്ടോ...ഭാര്യ ആധി എടുത്തു
കൊത്തോയും മറ്റേ പൂച്ചയുംകൂടി
ഞങ്ങളുടെ കാൽച്ചുവട്ടീന്ന് അതിനെ
കടിച്ചു മാറ്റി പിന്നെ ഭയന്കര യുദ്ധമാരുന്നു പാമ്പിനെ കടിച്ചു കൊന്നു
കൊത്തോനേം മറ്റേ പൂച്ചയേം
പാമ്പ് കടിച്ചു അപ്പേ ....കൊത്തോ
ചത്തു പോയി...അവൻ പൊട്ടിക്കരഞ്ഞു
ഞങ്ങളുടെ കണ്ണുകളും നിയന്ത്രണമില്ലാതെ
ഒഴുകിയിറങ്ങി.


By
VG Vassan

ആജ്ഞാനുവർത്തികൾ


ആജ്ഞാനുവർത്തികൾ
^^^^^^^^^^^^^^^^^^^^^^^^^
കേസന്വേഷണത്തിന്റ്റെ ഭാഗമായി ഈ ഫ്ളാറ്റിന്റ്റെ അഞ്ചാം നിലയിലെ
റൂം എടുത്തിട്ട് രണ്ടു മാസമായി
എതിർ വശത്ത് പ്രവർത്തിക്കുന്ന
റുവാന്റ്റൺ പ്രൈ. ലിമിറ്റഡിലെ
സ്റ്റാഫിന്റ്റെ ആത്മഹത്യ കമ്പനി സ്റ്റോറിലെ അഴിമതിയുമായി ബന്ധപ്പെട്ട
കൊലപാതകമാണോ എന്നതിന്
തെളിവ് തേടി സ്റ്റോറും ലോറി ഗാരേജും
ഉൾപ്പടെ പരിസരമാകെ നിരീക്ഷിക്കാൻ
ഒൻപത് കാമറയാണ് ആരും കാണാത്ത വിധം ജനാലയിൽ വച്ചിരിക്കുന്നത്
പതിവ്പരിശോധനയ്ക്ക് സ്ക്രീൻ നോക്കിയിരിക്കെയാണ് ഫ്ളാറ്റിനും ഫാക്ടറിക്കുമിടയിലെ
പള്ളി സെമിത്തേരിയിൽ ഒരു സ്ത്രീ നിൽക്കുന്ന ദൃശ്യം ശ്രദ്ധയിൽ പെട്ടത്
ഇന്ന് എട്ട് ദിവസമായി ഇത് പതിവ് കാഴ്ച
എന്നിലെ സബ്ബ് ഇൻസ്പെക്ടർ
ജാഗരൂകനായി വെറുതെയല്ല ഒരു മണിക്കൂറാണ് ഒരുസ്ത്രീ തനിയെ....
ഖേസന്വേഷണത്തിന്റ്റെ ടേണിംഗ്
പോയിന്റ്റുകൾ നിർദ്ദേശിക്കുന്ന ഗുരുക്കന്മാരുടെ ഫോൺ നമ്പരുകൾ സെർച്ചു ചെയ്തു
ഹലോ..യേസ് കൃഷ്ണക്കൈമൾ
സർ എസ്.ഐ.സിറിയക് ജോണാ
തൃശൂരുന്ന്
ഉം എന്താ വിശേഷിച്ച്
സർ കേസിന്റ്റെ ഭാഗമാ
ഞാൻ കാര്യം പറഞ്ഞു
നീ തങ്ങളെക്കൂടി ഒന്നു വിളിച്ചോളൂ
അരമണിക്കൂർ മറുവിളി വന്നു
ഒരുപോലെ മറുപടി ചെറിയ ഒരു കുഴപ്പമുണ്ടല്ലോ
പള്ളിയുടെ കോമ്പൗണ്ടല്ലേ
നീ അച്ചനെ വിളിക്ക് വിവരം അറിയിക്ക്
പ്രാർത്ഥിച്ചോളാം
ഹലോ......ഫാ.കിഴക്കേടം ആരാ....
അച്ചാ സിറിയക് ആണ്
എന്താ സിറിയക്കേ..
ഒരന്വേഷണവുമായി ഒല്ലൂരാണ്
ഇവിടെ സെമിത്തേരിയിൽ...ഞാൻ കാര്യം പറഞ്ഞു
വരുന്ന സമയം പറയൂ...പതിനൊന്നര
എപ്പോൾ തിരിച്ചു പോകും...പന്ത്രണ്ടര
അപ്പോൾ മദ്ധ്യാഹ്നം ചേർത്ത് ഒരുമണിക്കൂർ ഫോട്ടോ നോക്കൂ വേഷം
അച്ചാ കറുത്ത നീളൻ ഗൗൺ
കഴുത്തിലൊരു നീളൻ വെള്ളിമാല
വണ്ടിയുണ്ടോ കളർ പറയൂ...റെഡ്
ഒരു മണിക്കൂർ എന്തു ചെയ്യും
ഒരു കല്ലറയുടെ അരികിൽ അനങ്ങാതെ നിൽക്കുന്നു
പ്രായമുണ്ടോ
ഇല്ല യുവതിയാണ്
എട്ട് ദിവസം ആയി അല്ലേ അപ്പോൾ
അടുത്തതിന്റ്റെ പിന്നെ വരുന്ന വെള്ളിയാഴ്ച വരെ കാണും
അന്ന് ഇരുപത്തൊന്ന് ദിവസം
ഒരു ദുരാത്മാവിനെ ഉണർത്തി
അവളിൽ പ്രവേശിപ്പിക്കാനുള്ള ആരുടെയോ ദുർമ്മന്ത്രവാദത്തിന്റ്റെ
ഇരയാണാകുട്ടി
കല്ലറ പുരുഷന്റ്റെയോ സ്ത്രീയുടെയോ എന്നു നോക്കിയിട്ട് സിറിയക് ഇവിടെ വരെ വരണം
സാത്താൻ സേവക്കാർക്കു വിട്ടുകൊടുക്കാനുള്ളതല്ല ഒരു ജീവനും
വെള്ളി കൃത്യം പതിനൊന്നര
പതിവ് പോലെ അവൾ സെമിത്തേരിയിലേക്ക് കയറിപ്പോയി
അച്ചനും സഹായിയും കെട്ടിടത്തിനു മറഞ്ഞു നിൽപുണ്ട് ഞാൻ റെഡിയായി
നിഴലില്ലാതാകുന്ന കൃത്യം പന്ത്രണ്ട്
അറിയുവാൻ മൂന്ന്മീറ്റർ ഉയരമുള്ള
പൈപ്പ് മണ്ണിൽ ഉറപ്പിച്ച് നിറുത്തിയിട്ടുണ്ട്
ഇന്ന് പന്ത്രണ്ടു മണിക്ക് ആത്മാവുണർന്ന് അവളിൽ പ്രവേശിക്കുകയും ദുർമന്ത്രവാദികളുടെ കാര്യസാധ്യ ഉപകരണമായി അവൾ മാറുകയും ചെയ്യും പിന്നീട് സംഭവിക്കുന്ന ദുരന്തങ്ങളുടെ ഭീകരത ഭയാനകമാണ് അത് തടഞ്ഞ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചേ മതിയാകൂ
അതിവിശുദ്ധ മൂറോൻ ചേർത്ത്
അച്ചൻ വെഞ്ചരിച്ചു തന്ന ബെനഡിക്ടൻ കുരിശുമാലയും ചുവട് കൂർപ്പിച്ച
വലിയ കുരിശും പിടിച്ച് പതിയെ പുറകിലൂടെ അവളുടെ അരിലേയ്ക്ക്
നിഴൽ പൂർണ്ണമായി ഇല്ലാതായതും
പുറകിലൂടെ അവളുടെ കഴുത്തിലേക്ക്
കുരിശുമാല വീശി ഇട്ടതും കൃത്യമായി നടന്നു ഒരു ചാട്ടത്തിന് കല്ലറയ്ക്ക് മുകളിൽ കുരിശ് ആഞ്ഞു കുത്തി
എന്നെ ഞെട്ടിച്ചു കൊണ്ട് അവളിൽനിന്നും വികൃതമായ അലർച്ചയു നിലവിളിയും ഉയർന്നു
പറന്നുയർന്ന ചെറു ചുഴലിക്കാറ്റ് കല്ലറയിൽ തന്നെ ഒടുങ്ങി
അലറിക്കൊണ്ടവൾ ഓടി
പിറകിലൂടെ ഓടിച്ചെന്ന്
വെള്ളിമാല ഞാൻ വലിച്ചു പൊട്ടിച്ചതും
അവൾ മയങ്ങി വീണതും ഒരുമിച്ച്
കോരി തോളിലിട്ട് അച്ചന്റ്റെ അരികിലേയ്ക്ക് ഓടി.
കുരിശുരൂപം ചുമലിൽ വച്ചുള്ള
അച്ചന്റ്റെ മൗന പ്രാർത്ഥനയുഠെ അവസാനംഉറക്കത്തിൽ നിന്നെന്ന പോലെ അവൾ ഉണർന്നു ഞങ്ങളെ നോക്കി അപരിചിതർ അച്ചനെ കണ്ടതിനാൽ ബഹുമാനത്തോടെ നിന്നു
അച്ചൻ പറഞ്ഞു
ഇത് എസ്.ഐ. സിറിയക് ജോൺ
നിന്നോടെന്തോ ചോദിക്കാനുണ്ട്
നീ ജോലി ചെയ്യുന്ന കടയുടമയുടെ
പേരു പറയൂ
അവൾ പറഞ്ഞ പേരു കേട്ട് ഞങ്ങൾ
ഞെട്ടിത്തെറിച്ചു
പരോപകാരത്തിനു പേരുകേട്ട
ടൗണിലെ മുന്തിയ വ്യാപാരി
കാരണം പ്രതിയിലേക്കാണല്ലോ
ഞങ്ങളുടെ അന്വേഷണം
VG.വാസ്സൻ.

ടെക്കി മാനസം


ടെക്കി മാനസം
^^^^^^^^^^^^^^^^
പൂക്കൾ നിറഞ്ഞ മനസ്സുകളിൽ
എന്നു മുതലാണ് മുള്ളുകൾ വളർന്നത്
സീരിയൽ പോലെ ഓൺ ആക്കിയാൽ
വഴക്കാരംഭിക്കും പോലെ
വീട്ടിലെത്തിയാൽ എങ്ങനെയോ വഴക്കിലെത്തും അന്നും പതിവുപോലെ
ഒൻപതര കഴിഞ്ഞാണ് വിനോദ് വീട്ടിലെത്തിയത് വാതിൽ തുറന്നിട്ടിരുന്നു ആഹാരം പുറത്തു നിന്നായിട്ട് ആഴ്ച ഒന്നു കഴിഞ്ഞു
പ്രതീക്ഷിച്ച പോലെ കിച്ചനിൽ നിന്നും
ശബ്ദങ്ങൾ ഉയരാൻ തുടങ്ങി
കൊടുങ്കാറ്റു പോലാണ് വിനോദ് കിച്ചനിലേക്ക് പാഞ്ഞു ചെന്നത് പിന്നെ
അങ്ങും ഇങ്ങും പറച്ചിലും
അടീം കൊടുത്തു തിരിച്ചും കിട്ടി
ബഡ് റൂമിൽ നിന്നും മാറി മുകളിലെ
മുറിയിലേക്കു പോന്നു
ഷീനാ രാവിലെ പതിവു പോല ജോലിക്കു പോയി ലഞ്ച് ടൈമിൽ
വേണുവിനെ അവൾ ഫോൺ ചെയ്തു വരുത്തുകയായിരുന്നു
ഇനി ഞാൻ തിരിച്ചു പോകുന്നില്ല
ഞാൻ വേണുവിന്റ്റെ കൂടെ വരുവാ
ഷീനാ എടുത്തു ചാടാതെ ഞാൻ
റൂമൊന്നു റെഡിയാക്കട്ടെ വൈകിട്ട് ഞാൻ വിളിക്കാം
വൈകിട്ട് വേണു വിളിക്കുന്നതും കാത്ത് മടുത്തിട്ടാണ് അങ്ങോട്ട് വിളിച്ചത്
പല പ്രാവശ്യം വിളിച്ചിട്ടാണ് കിട്ടിയത്
എന്താ വേണൂ
ഷീനാ അത്യാവശ്യമായി ഞാൻ നാട്ടിലേക്ക് പോകുവാ മോന് അസുഖം
വൈഫ് വിളിച്ചു നീ വച്ചോ നമുക്കു പിന്നീട് സംസാരിക്കാം
ഷീനയ്ക്ക് തല മരയ്ക്കുന്നത് പോലെ തോന്നി വേണുവിനൊപ്പം പലവട്ടം ഫ്ളാറ്റിൽ പോയിട്ടും
ഇത്രനാൾ ഒരുമിച്ച് നടന്നിട്ടും വിവാഹിതനാണെന്ന് ഒരു സൂചന പോലും കിട്ടിയിട്ടില്ല ആഗ്രഹിച്ച പോലെ
സ്നേഹം ആവാളം തരുകയും ചെയ്തു
തന്റ്റെ ശരീരം ചുട്ടു നീറും പോലെ
റൂമിൽ നിന്നും പുറത്തിറങ്ങാതെ
ഒരേ കിടപ്പു കിടന്നു ഫോൺ ഓഫാക്കിയതിനാൽ ആരുടെയും ശല്യമില്ല.
വൈകിട്ട് കോളിംഗ് ബെൽ ശല്യപ്പെടുത്തിയപ്പോഴാണ് എണീറ്റത് മുന്നിൽ വിനോദിന്റ്റെ അനിയൻ
എന്തുപറ്റിചേച്ചീരണ്ടുപേരേം
ഫോണിൽ കിട്ടാതായപ്പോൾ അന്വേഷിച്ച് ഇറങ്ങിയതാ ഞാൻ
ചേട്ടനെവിടെ
പുറത്തുപോയിക്കാണും
തലവദനയായിട്ടു കിടക്കുകയായിരുന്നു ഞാൻ
അപ്പോഴാണു വിനോദിനെ കണ്ടിട്ടു രണ്ടു ദിവസം കഴിഞ്ഞകാര്യം ഓർത്തത്
തീയിൽ ഉരുകും പോലെ എവിടെയെന്കിലും ഒന്നൊളിച്ചിരുന്നെന്കിൽ
നീയിരിക്ക് ഭയന്കര തലവേദന ഞാനൊന്നു കിടക്കട്ടെ
രാത്രി അവന്റ്റെ അലറിയുള്ള വിളി കേട്ടാണു മുകളിലേക്ക് ചെന്നത്
ചേട്ടനെ വാരിയെടുത്തു കൊണ്ട്
കാറിൽ കയറ്റി കാര്യം മനസ്സിലായില്ലെന്കിലും ഷീന
കാറിൽ കയറി
ഡോക്ടർ വിളിപ്പിച്ചപ്പോഴാണു
അകത്തു കയറാൻ പറ്റിയത്
ഇയാൾ തനിയെ താമസിക്കുകയായിരുന്നു അല്ലേ
സ്ട്രോക്ക് വന്നിട്ട് നാൽപത്തെട്ട്
മണിക്കൂർ കഴിഞ്ഞിരിക്കുന്നു
അനിയന്റ്റെ കണ്ണിൽ നിന്നും തീപ്പന്തങ്ങൾ വരുന്നത് കണ്ട്
ഷീനയുടെ മുഖം ടേബിളിൽ
അമർന്നു.
VG.വാസ്സൻ

പ്രണയപ്പറക്കൽ


പ്രണയപ്പറക്കൽ
******************
മുൻപ് വായിക്കപ്പെടാതെ പോയത്
''''''''''''"""""""""""""""""""""""""""""""""""""""""""""""""""
നാട്ടിൻപുറം പ്രകമ്പനം കൊള്ളിച്ച് കാതടപ്പിക്കുന്ന ഒച്ചയിലാണ്
ഏഴ് ബൈക്കുകൾ വീട്ടുമുറ്റത്ത് വന്നു നിന്നത് . ഞാൻ ജനലിലൂടെ പാളി നോക്കി പുറകിലേക്ക് വലിഞ്ഞു
അടുക്കളയിൽ നിന്ന് മമ്മീം പപ്പായും
ഓടി വരുന്നുണ്ട്
നാട്ടുകാരുടെ തല അവിടവിടെ
നീണ്ടു വരുന്നു ഞാൻ പതിയെ കൂട്ടുകാരെ സ്വീകരിക്കാനെത്തി
പപ്പാ ആകെ അന്തം വിട്ട മട്ടാ
ഏഴും ഒരേ തരം ബൈക്ക്
ഞാനാവശ്യപ്പെട്ടതു തന്നെ
പപ്പയ്ക്കറിയുമോ
മോന്റ്റെ കെണി
കൂട്ടുകാർ കോലാഹലം
തുടങ്ങി
മമ്മീം പപ്പേം എന്തൊക്കെയോ
ചോദിക്കുന്നു ഉം...
ബൈക്കിന്റ്റെ ഗുണഗണങ്ങൾ
അവന്മാരു പപ്പാടെ തലയിലേക്കു
കുടഞ്ഞിടുവാ ഞാനൽപ്പം
വിട്ടുനിന്നു
ഞാൻമാത്രം ഈ പഴേ ബൈക്കും
തള്ളി.....കൊറേ പറഞ്ഞുനോക്കി
കാർന്നോർസ് കടുംപിടുത്തം
ഇത് ലാസ്റ്റ് നമ്പരാ
ബ്രോസ് എല്ലാരും നല്ല പെർഫോമൻസ്
നടത്തണേ ഭഗവാനേ......
ജൻസനാ ആദ്യം ഇതുകൊണ്ടുവന്നത്
അവന്റ്റെ പുറകിൽ കയറിയ നിമിഷം
തീരുമാനിച്ചതാ എങ്ങനേം ഇതൊരെണ്ണം
സ്വന്തമാക്കണം
കമഴ്ന്നിരുന്നുള്ള പറക്കൽ
അതൊരു സുഖം തന്നെയാ .
ബ്രോസ് പോയിട്ട് രണ്ടുദിവസമായി
രണ്ടെണ്ണത്തിനും ഒരു മൗനം
ഞായറാഴ്ച പ്രഖ്യാപനം വന്നു
വെള്ളിയാഴ്ച ബൈക്ക് കിട്ടും
ഞാൻ തുള്ളുവേം ചാടുവേം
ഒന്നും ചെയ്തില്ല പക്വതയോടെ
ടൗണിലേക്ക് പോന്നു
ക്വട്ടേഷൻ രണ്ടു ഫുള്ളിനാ
നേരേ വിട്ടു ബിവറേജസ്
അടിപൊളി രാവ്.
പിന്നെ പതിയെ ഞാൻ വിളിച്ചു
എടുക്കുന്നില്ല ഒന്നുകൂടി ..ഭാഗ്യം
ഉറങ്ങിയോ
കേട്ടതൊരു മറു ചോദ്യം
ഒരുമണി രാത്രിക്ക് ഇത് തന്നെ
ചോദിക്കണം എന്താ
നിന്നെ വിളിച്ചിട്ട് രണ്ടു ദിവസമായി
ഓ ഓ....പെണ്ണ് പിണക്കത്തിലാ
ഉറക്കം വരുന്നില്ല ഒരുമ്മ തരുവോ
ഉറങ്ങാൻ .....
ഇനി അൽപം മൗനം പതിവാ
കോളേജ് സ്റ്റെയർകേസിന്റ്റെ
അടിയിലേക്ക് വലിച്ചു കയറ്റിയ
അന്നു തുടങ്ങിയതാ....
ഈ വാക്കു ഞാൻ ചുണ്ടനക്കിയാ മതി
ഗീതൂ ... ഉം...അവളുടെ കാതരസ്വരം
അതെന്റ്റെയൊരു മോഹം
ടൈറ്റാനിക് പോലെ
പുറകിൽ ഗീതുവിനെ
എന്റ്റെ ചുമലിൽ കിടത്തി
വയലുകൾക്കിടയിലൂടുള്ള
നീണ്ട വഴിയിലൂടെ പ്ളെയിൻ പോലെ
ഒഴുകിപ്പറക്കൽ...പ്രണയം.........
ഗീതു മഴ പോലെ എന്റ്റെ
ഹൃദയം കുളിർപ്പിച്ചവൾ
കാറ്റിലെ ചാറ്റൽ പോലവൾ വഴുതി
വഴുതി ഒളിച്ചവൾ
ഹൃദയം തുറന്നു കണ്ട നേരം
എന്നിലാകെ നിറഞ്ഞൊഴുകി
മാറിൽ പടർന്ന എന്റ്റെ ഗീതു...
കനത്ത ധനത്തിലും
നനുത്ത മനത്താൽ പ്രണയരാഗവതി
ഓ...ഞാൻ നില വിട്ടുപോയി
കാത്തുനിൽപു തുടങ്ങീട്ട്
സമയം കുറേ ആയി
വണ്ടി ഞാനാ വളവിലേക്കു വിട്ടു
കാറ്റോലും വയൽവഴി ചങ്ങനാശേരി
ഒന്നിച്ചൊരു സിനിമ.......
മുടി അഴിച്ചിട് ഷാൾ രണ്ടു വശത്തേക്കും തുല്യമായിട്
പിന്നെയും പലതും
ഞാൻ മിറർ രണ്ടും അവളെ
കാണും വിധം ഒതുക്കി
പതിയെ ഞങ്ങളുടെ പ്രണയയാത്ര
മെല്ലെ സ്പീഡെടുത്തു
എനിക്കു കാണാം അവളുടെ മിഴികൾ
പ്രണയം വിരിഞ്ഞു മയങ്ങുന്നു
മുടിയിഴകൾ വാനിൽ വിതാനിച്ചപോലെ
ഷാളോരം വിമാനച്ചിറകുപോലെ
നെഞ്ചംബുജങ്ങൾ അമർന്നവൾ
ഇളംകാറ്റിലാലോലമാടി
ഞാനുമൊരൂഞ്ഞാൽ
ചിറകിലേറി........
ഞാൻ കോളേജ് മുഴുവൻ
നോക്കി അവൾ എവിടെയുമില്ല
ആരും എന്നെ കണ്ട ഭാവമില്ല
ആകെ കനം വച്ച അന്തരീക്ഷം
ഒരുനിമിഷം കൊണ്ടു ലോകം
മാറുമോ ഗീതുവിന്റ്റെ വീടുവരെ
പോകാം നേരേ പോയി
അവിടെ ആളനക്കം പോലുമില്ല
എന്താ എന്തോ ഒരുപിടിയുമില്ല
നേരേ വീട്ടിലേക്ക് വീടടച്ചു കിടക്കുന്നു
നിക്കാൻ തോന്നിയില്ല വീണ്ടും
കോളേജിലേക്ക് വച്ചുപിടിച്ചു
എന്തോ പ്രശ്നം
പ്രിൻസിപ്പൽ സഹിതം എല്ലാവരും
പുറത്തുണ്ട് പെൺകുട്ടികളും
ടീച്ചേഴ്സും ഒരു കരച്ചിൽ മൂഡിൽ
ആരോ പറയുന്നു . ഗീതു
മൂന്നു ദിവസം വേദന തിന്നു .
മരിച്ചതാ നല്ലത് ആകെ നുറുങ്ങിപ്പോയി
ജീവൻ മാത്രം എന്തിനാ......
അവനാ ഭാഗ്യവാൻ അവനൊന്നും
അറിഞ്ഞില്ല
അപ്പനും അമ്മയും മോനും
ഒരേ പോലത്തെ ചിത
മകൻ മരിച്ചതറിഞ്ഞതറിഞ്ഞ്
ആളുകളെത്തുമ്പോൾ
ഭാര്യയും ഭർത്താവും ഒരേ കയർ തുമ്പിലാടുന്നു
ഇനി വേദനയില്ല ഗീതുവിനും.
വി.ജി.വാസ്സൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo