നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനാഥരായ സനാഥർ

image

ഞാൻ മെർലിൻ. അനാഥയല്ലെങ്കിലും അഞ്ചാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ പഠിച്ചത് ഏയ്ഞ്ചൽസ് ഓർഫനേജിലായിരുന്നു...

എന്റെ വീട്ടിൽ ചാച്ചനും, അമ്മച്ചിയും, ചാച്ചന്റെ അമ്മച്ചിയും, ഞാനും, മൈക്കിളെന്നു പേരുള്ള ബുദ്ധിമാന്ധ്യമുള്ള ഒരനിയനുമായിരുന്നു ഉണ്ടായിരുന്നത്...

ചാച്ചന് കൂലിപ്പണിയായിരുന്നു തൊഴിൽ. പക്ഷെ കിട്ടുന്നതിൽ മുക്കാലും കള്ളുഷാപ്പിൽ കൊടുക്കാനേ ചാച്ചന് തികഞ്ഞിരുന്നുള്ളു. അമ്മച്ചിക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലായിരുന്നു. വീട്ടിലെ പശുവിനെ നോക്കലും ആഹാരം ഉണ്ടാക്കലുമൊക്കെയായിരുന്നു അമ്മച്ചിയുടെ പ്രധാന ജോലികൾ. മൈക്കിളിനെ നോക്കുകയെന്നതും ഭാരിച്ച ഒരു ജോലി തന്നെയായിരുന്നു...

വല്യമ്മച്ചിയുടെ ഒരു നോട്ടത്തിലാണ് ആ കുടുംബം മുന്നോട്ട് പൊയ്ക്കോണ്ടിരുന്നത്. വല്യമ്മച്ചിയും ചാച്ചനും തമ്മിൽ സ്വഭാവംകൊണ്ടു ചേരില്ലായിരുന്നു. ചാച്ചന്റെ കുടിയായിരുന്നു വല്യമ്മച്ചിക്കു ചാച്ചനോടു ശത്രുത ഉണ്ടാക്കിയിരുന്നതും. തന്റേടിയായിരുന്ന ചാച്ചൻ ആരെയും കൂസത്തുമ്മില്ലായിരുന്നു...

എന്നെയും അനിയൻ മൈക്കിളിനേയും വല്യമ്മച്ചിക്ക് വലിയ കാര്യമായിരുന്നു. എന്തു കിട്ടിയാലും ഞങ്ങൾക്ക് പകുത്തുതരാതെ വല്യമ്മച്ചി കഴിക്കില്ലായിരുന്നു...

മൈക്കിളിനും ചാച്ചനും ഞാനെന്നുവച്ചാൽ ജീവനായിരുന്നു. എന്റെ ഏത് ആഗ്രഹവും ചാച്ചൻ സാധിച്ചു തരുമായിരുന്നു...

ഇടവക പള്ളിയിലെ പെരുന്നാളിന്റെ തലേദിവസം വൈകുന്നേരം പെരുന്നാൾ പ്രദക്ഷിണം കൂടാൻ ഞങ്ങളെല്ലാവരും പോയി. വല്യമ്മച്ചിക്ക് കാലുവേദന ആയതിനാൽ പ്രദക്ഷിണം കൂടാൻ വരാതെ വീട്ടിൽ തന്നെയിരുന്നു. അതുമല്ല വീട്ടിലെ തൊഴുത്തിൽ നിറഗർഭിണിയായ കത്രീനപശു നിൽക്കുന്നതും വല്യമ്മച്ചിക്കൊരു കാരണമായി...

പ്രദക്ഷിണം പള്ളിയുടെ തന്നെ കുരിശടിയിലേയ്ക്കു കേറാൻ തുടങ്ങിയ ഏകദേശ സമയത്താണ് വാറ്റുകുപ്പിയിൽ നിന്നും ഒരെണ്ണം വീശാനായിട്ട് വീട്ടിൽ വന്ന അച്ചാച്ചനും വല്യമ്മച്ചിയും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കും വാക്കുതർക്കമുണ്ടാകുകയും ദേഷ്യം കേറിയ അച്ചാച്ചൻ റബ്ബർഷീറ്റടിക്കാൻ വച്ചിരുന്ന ആസിഡ് എടുത്തു വായിലേയ്ക്ക് കമഴ്ത്തിയതും. ആകെ ഭയന്നമ്പരന്നുപോയ വല്യമ്മച്ചിയുടെ മുന്നിൽ കിടന്നു തന്നെയാണ് അച്ചാച്ചൻ മരിച്ചത് എന്നാണ് ഞങ്ങൾ പിന്നീട് അറിഞ്ഞത്...

വല്യമ്മച്ചിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടു അയൽപക്കത്തുവീട്ടിലെ നാണുവും ഭാര്യ വാസന്തിയുമാണ് ഞങ്ങളുടെ വീട്ടിൽ ആദ്യമെത്തിയത്. വിവരം പെരുന്നാൾ പ്രദക്ഷിണത്തിന്റെ തിരക്കിനിടയിൽ പെട്ടെന്നു തന്നെ എല്ലാരും അറിഞ്ഞപ്പോൾ നിലവിളിയോടെ അമ്മച്ചി ഞങ്ങളെയും വലിച്ചുകൊണ്ടു വീട്ടിലേയ്ക്ക് ഓടിയത് ഇന്നും കൺമുമ്പിൽ നിറഞ്ഞു നിൽക്കുന്നു...

അച്ചാച്ചന്റെ മരണം എന്നെ ഒരുപാട് തളർത്തിക്കളഞ്ഞു. വീട് അനാഥമായ അവസ്ഥയായിരുന്നു. വല്യമ്മച്ചിക്കതിൽ പിന്നെ അധികം മിണ്ടാട്ടമില്ലായിരുന്നു. എപ്പോളും ഒരുതരം നിർവികാരത. അമ്മച്ചി കട്ടിലിൽ കിടന്നു കരച്ചിലും നെടുവീർപ്പുകളുമായി കഴിച്ചുകൂട്ടി. ഒന്നും മനസ്സിലാകാതെ ചിരിച്ചു കളിച്ചു മൈക്കിൾ വീട്ടിനുള്ളിൽ കളിപ്പാട്ടവുമായി ഓടി നടന്നു...

പിന്നീട് വീട്ടിലെ കാര്യങ്ങൾ നോക്കിയത് അമ്മച്ചിയുടെ ആങ്ങളയായിരുന്നു. ഞാനന്ന് നാലാം ക്ലാസ്സിൽ പഠിക്കുന്നു. വല്യ പരീക്ഷ കഴിഞ്ഞ് രണ്ടു മാസക്കാലഅവധിയും കഴിഞ്ഞാണ് അഞ്ചാം ക്ലാസിലേയ്ക്ക് ജയിച്ച എന്നെ തുടർന്നു പഠിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ അമ്മച്ചി ഓർഫനേജിൽ കൊണ്ടാക്കിയത്. ഞാനന്നു ഒരുപാടു കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു അമ്മച്ചിയും. മൈക്കിളിനെ വിട്ടുപിരിയുന്നതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്...

ഓർഫനേജിലെ കാര്യങ്ങൾ ഇന്നോർക്കുമ്പോൾ ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനാകുന്നു. ഞങ്ങൾ മൊത്തം അറുപത്തിയഞ്ച് കുട്ടികളുണ്ടായിരുന്നു. ആരും അനാഥരല്ലായിരുന്നു. ഗതിയില്ലാത്ത വീട്ടിലെ കുട്ടികളായിരുന്നു ഞങ്ങളെല്ലാവരും തന്നെ...

സിസ്റ്ററുമാരുടെ അധീനതയിലുള്ള സ്ഥാപനം. ഞങ്ങൾ ഓരോരുത്തർക്കും ഓരോ സ്പോൺസറുമാരുണ്ടായിരുന്നു. എന്റെ സ്പോൺസർ അമേരിക്കയിലുള്ള ഒരു സായിപ്പും മദാമ്മയുമായിരുന്നു. അവർക്കൊരു മകനുമുണ്ടായിരുന്നു അമേരിക്കയിൽ. ഇതല്ലാതെ അവരെക്കുറിച്ച് എനിക്ക് മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിയില്ലായിരുന്നു. അതൊക്കെ രഹസ്യമായി സൂക്ഷിച്ചിരുന്നു...

എല്ലാമാസവും എഴുത്തും അവരുടെ ഫോട്ടോകളും പണവും മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. പണമൊഴിച്ചു ബാക്കി രണ്ടും എനിക്കു നൽകിയിരുന്നു. കത്തിൽ എന്താണ് എഴുതിയിരുന്നതെന്ന് ഇംഗ്ലീഷിലായിരുന്നതിനാൽ എനിക്കറിയത്തുമില്ലായിരുന്നു. എന്നിരുന്നാലും കത്തിനുള്ള മറുപടി ഞാൻ മുടങ്ങാതെ എഴുതിയിരുന്നു. സിസ്റ്റർ ഒരു പേപ്പറിൽ എഴുതി തന്നിരുന്ന ഇംഗ്ലീഷ് വാക്കുകൾ നോക്കി അതേപോലെ തന്നെ ഞാൻ മറ്റൊരു വെള്ളപേപ്പറിൽ എഴുതി സിസ്റ്റർക്ക് തിരികെ നൽകിയിരുന്നു. ഇതായിരുന്നു എനിക്കവരുമായിട്ടുള്ള ഏകബന്ധം. എങ്കിലും എനിക്കന്നവും വിദ്യാഭ്യാസ സൗകര്യവും ഒരുക്കി തന്ന അവരെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. ഇങ്ങനെ സ്പോൺസറുമാർ അയച്ചുതരുന്ന പണം കൊണ്ടാണ് ഓർഫനേജു കഴിഞ്ഞു പോന്നിരുന്നത്...

പലപ്പോഴും അറുപത്തഞ്ചു പേർക്കും വയറു നിറയാനുള്ള ആഹാരം കിട്ടിയിരുന്നില്ല. ആഹാരം വിളമ്പി കൊടുക്കുന്നവരുടെ പാത്രത്തിൽ മാത്രം കാണും വയറുനിറച്ചു കഴിക്കാനുള്ള ചോറും കറിയും. വിശപ്പു സഹിക്കാൻ കഴിയാതെ പച്ചക്കപ്പ ആരും കാണാതെ പറമ്പിൽ നിന്നും പറിച്ചു പല്ലുക്കൊണ്ടു പൊളിച്ചും, തേങ്ങാ കല്ലുകൊണ്ടിടിച്ചു പൊതിച്ചു ചിരട്ടയിൽ നിന്നും വേർപ്പെടുത്തിയും കഴിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാഴൊക്കെ അച്ചാച്ചന്റെ മുഖം മനസ്സിലേയ്ക്ക് ഓടിയെത്തുകയും വിതുമ്പി കരയുകയും ചെയ്തിരുന്നു. പക്ഷെ ഈ കാര്യമൊന്നും ഞാൻ ഇതുവരെയും ആരെയും അറിയിച്ചിരുന്നില്ല. അമ്മച്ചി അറിഞ്ഞാൽ വിഷമം കൊണ്ടു ചങ്കുപ്പൊട്ടുമെന്ന് എനിക്കറിയാമായിരുന്നു. വിശപ്പിന്റെ വിലയെന്തെന്നു ആ പ്രായത്തിൽ മനസ്സിലാക്കാൻ എനിക്കു സാധിച്ചു....

പള്ളിയും പള്ളിയോടു ചേർന്നുമായിരുന്നു സ്കൂൾ കെട്ടിടവും കൊമ്പൗണ്ടും സ്ഥിതി ചെയ്തിരുന്നത്. ഏക്കറ് കണക്കിനു സ്ഥലമുണ്ടായിരുന്നതിൽ തെങ്ങും കപ്പയും വാഴയും പയറുമൊക്കെ കൃഷി ചെയ്തിരുന്നു...

എന്നും രാവിലെ ആറുമണിക്ക് എഴുന്നേൽക്കണം. ആറരയ്ക്ക് പ്രഭാത പ്രാർത്ഥനയുണ്ട്. അതിനുശേഷം ഏഴുമണിക്ക് കുർബാനയ്ക്കു പള്ളിയിൽ പോകണം. പള്ളിയിലെ കുർബ്ബാന കഴിഞ്ഞു വന്നിട്ട് സ്റ്റഡിറൂമിൽ പോയിരുന്നു പഠിക്കണം. പഠിത്തം കഴിഞ്ഞു കുളിച്ച് യൂണിഫോമുമിട്ട് ബ്രേക്ക്ഫാസ്റ്റും കഴിച്ച് എല്ലാവരും സ്കൂളിലേയ്ക്കു പോകും. പുറത്തു നിന്നുള്ള കുട്ടികളും ഞങ്ങളുടെ സ്കൂളിൽ പഠിച്ചിരുന്നു...

വൈകുന്നേരം നാലുമണിക്കു സ്കൂൾവിട്ടു വന്നാൽ ഡ്രസ്സുമാറി ചായക്കുടിച്ചിട്ട് എന്തു ഡ്യൂട്ടിയാണോ തരുന്നത് അത് ചെയ്യണം. ഡ്യൂട്ടി എന്നു പറഞ്ഞാൽ പശൂനെ തീറ്റാൻ പോകുക, പിന്നെ പശൂന് പുല്ലു പറിക്കുക. പള്ളിമുറ്റമടിക്കുക, റൂമൊക്കെ അടിച്ചു വാരുക, പറമ്പിൽപോയി തേങ്ങാ പെറുക്കിക്കൊണ്ടുവന്നിടുക, ബയോഗ്യാസിന് വേണ്ടി ചാണകംവാരി കമ്പോസ്റ്റുകുഴിയിൽ ഇട്ടു കലക്കുക, മുയലിനുകൊടുക്കാൻ പുല്ലുചെത്തുക, പിന്നതിന്റെ കൂടിന്റെ അടിയിൽ കുനിഞ്ഞുക്കേറി കിടന്നു വൃത്തിയാക്കുക. ശ്വാസംമുട്ടി പോയിട്ടുണ്ട് പലപ്പോഴും...

പിന്നെ പള്ളിമുറിയിൽപോയി അച്ചനു ഭക്ഷണം കൊണ്ടുകൊടുക്കണം. അതിനുശേഷം ആ പാത്രങ്ങൾ മേടിച്ചു തിരിച്ചു കൊണ്ടുപോയി കൊടുക്കുകയും വേണം. ഇതൊക്കെയാണ് പ്രധാന ഡ്യൂട്ടികൾ. ഇവയിൽ ഏതാണോ നമുക്കു കിട്ടുന്നതു അതു ചെയ്യുക. അതിനുശേഷം കുളിച്ചിട്ട് വന്നിട്ടു സ്റ്റഡിറൂമിൽ പോയിരുന്നു എല്ലാവരും ഹോംവർക്കു ചെയ്യണം. ഹോംവർക്കിനുശേഷം പ്രാർത്ഥനാമുറിയിൽ പോയിരുന്നു കുരിശുവരയ്ക്കണം. കുരിശു വരച്ചു കഴിഞ്ഞ് അൽപസമയം വർത്തമാനം പറയാൻ കിട്ടും. അപ്പോൾ ചോറു വിളമ്പുന്ന ഡ്യൂട്ടിയുള്ളവർ അതെടുക്കാൻ പോകും. എല്ലാവർക്കും ആഹാരം വിളമ്പിയതിനു ശേഷം ഒരുമിച്ചു പ്രാർത്ഥിക്കും. അതിനുശേഷം മാത്രമേ ആഹാരം കഴിക്കാവു...

ഭക്ഷണത്തിനു ശേഷം വീണ്ടും സ്റ്റഡിറൂമിൽ പോയിരുന്നു പഠിക്കണം പത്തരവരെ. ഉറങ്ങാൻ പാടില്ല. ഉറങ്ങിയാൽ നല്ലതല്ലും കിട്ടും ചൂരലിന്. പിന്നെ ഓരോ മാസവും ഓരോരുത്തരെ ലീഡറായി തിരഞ്ഞെടുക്കും. അവരാണ് പഠിക്കാത്തവരുടെയും, വർത്തമാനം പറയുന്നവരുടെയും, ഉറങ്ങുന്നവരുടെയുമൊക്കെ പേരെഴുതി കൊടുക്കുന്നത്...

ഞാൻ എനിക്കു തോന്നിയെങ്കിൽ മാത്രമേ പഠിക്കത്തുള്ളു. നിർബന്ധിച്ചു പഠിപ്പിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ടു സ്കൂൾ ലൈബ്രറിയിൽ നിന്നും നോവൽ എടുത്തുകൊണ്ടു പുസ്തകത്തിനുള്ളിൽവച്ചു വായിക്കുമായിരുന്നു. അതല്ലെങ്കിൽ സ്കൂളിൽ പുറത്തു നിന്നും വരുന്ന കൂട്ടുകാരുടെ കൈയ്യിൽ നിന്നും ബാലരമയും, ബാലമംഗളവും, പൂമ്പാറ്റയുമൊക്കെ മേടിച്ചുക്കൊണ്ടുവന്നു പുസ്തകത്തിനുള്ളിൽവച്ചു വായിക്കുമായിരുന്നു...

പിന്നെ ഉറങ്ങാൻ പോകുന്നതിന്നുമുന്നെ ഒരു പ്രാർത്ഥനയും കൂടിയുണ്ട്. അതുംകഴിഞ്ഞ് നേരെ കിടക്കാൻ പോകും. അപ്പോൾ പരസ്പരം അടിയാണ്. ഡോർമെറ്ററിയാണ് നിരത്തിപിടിച്ചു കട്ടിലു കിടക്കും അതിൽ മത്തി അടുക്കിവച്ചിരിക്കുന്നപോലെ കിടന്നുറങ്ങണം. ചിലരുടെ കൂർക്കംവലി കാരണം മറ്റുള്ളവർക്കു ഉറങ്ങാൻ കഴിയാത്ത അവസ്ഥയും. പിന്നെ ഇഷ്ടംപോലെ പലരുടെയും തലയിൽ പേനും. ഒരു സൈഡിൽ നിന്നും പേൻ കയറാൻ സൗകര്യത്തിനുവേണ്ടി തലകൾ അടുക്കിവച്ചിരിക്കുകയല്ലേ. പിന്നെയുള്ളത് മോഷണമാണ്. വീട്ടിൽ നിന്നും കാണാൻ വരുമ്പോൾ മിഠായി മേടിക്കാൻ തരുന്ന രൂപയാണ് നമ്മൾപോലുമറിയാതെ ചിലർ മോഷ്ടിച്ചെടുക്കുന്നത്. പരാതികളില്ലാതിരുന്നതിനാൽ ആ മോഷണങ്ങളൊക്കെ മുങ്ങിപോയിരുന്നു...

ഞായറാഴ്ചയാകാൻ ഞങ്ങൾ കാത്തിരിക്കും. എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാലുമണിക്ക് ദൂരദർശനിൽ മലയാളം സിനിമയുണ്ട്. അതു ഞങ്ങളെയെല്ലാവരെയും കാണിക്കുമായിരുന്നു. ജഗതിശ്രീകുമാർ എല്ലാ സിനിമയിലും വേണമെന്നു ഞാനാഗ്രഹിക്കുമായിരുന്നു. കാരണം എല്ലാവരുമുണ്ടായിട്ടും അനാഥരെപ്പോലെ കഴിയേണ്ടിവന്നതും, ആരിൽ നിന്നും ഒരു സ്നേഹംപോലും ലഭിക്കാതിരുന്നതും എന്നെയേറെ ദുഃഖിപ്പിച്ചിരുന്നു. അതൊക്കെ മറന്നൊന്നു ചിരിക്കാൻ ജഗതിയുടെ തമാശകൾക്കു കഴിഞ്ഞിരുന്നു. എന്റെ ആഗ്രഹംപോലെ ജഗതിയാകാലത്ത് ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേയ്ക്കു പറന്നു നടന്നു അഭിനയിച്ചിരുന്നതിനാൽ എല്ലാ സിനിമയിലും ആ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിഞ്ഞു. ഇന്നിപ്പോൾ അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ അറിയാതെ വിതുമ്പി പോകുന്നു. കാലമോ, മനുഷ്യനോ, വിധിയൊ സിനിമാലോകത്തിനു പുറത്തിരിക്കാൻ അദ്ദേഹത്തോടു കൽപിച്ചിരിക്കുന്നു...

ഇന്നീ മണലാരണ്യത്തിന്റെ ചൂടിൽ ഈന്തപ്പനകൾ പഴുത്തുക്കിടക്കുന്നതു സ്വന്തം ബെഡ്ഡിൽ കിടന്നു കണ്ടുകൊണ്ടു പഴയ ഓർമകൾ അയവിറക്കിയപ്പോൾ എവിടൊക്കെയോ ഞാനറിയാതെ കുഞ്ഞു തേങ്ങലുകൾ കേൾക്കുന്നതുപോലെ. അപ്പോഴേക്കിനും അച്ചാച്ചന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലേയ്ക്ക് ഓടിയെത്തുന്നു. അതു കാണുമ്പോൾ വീണ്ടും മനസ്സു വിങ്ങുകയും തലയിണ നനയുകയും ചെയ്യുന്നു...

അമ്മച്ചിയും ആങ്ങളയുമുണ്ടായിട്ടും ആരിൽ നിന്നുമൊരു സ്നേഹവും സാന്ത്വനവും കിട്ടാതിരുന്നതിനാലാകാം ഞാനിന്ന് നാട്ടിൽ കഴിയുന്ന എന്റെ ജീവന്റെ ജീവനായ മാത്യുച്ചായനെയും ഞങ്ങളുടെ കൺമണിയായ മെഹ്റിൻ മോളെയും സ്നേഹിച്ചു കൊല്ലുന്നത്. ഞാനിന്ന് ഏറെ സന്തോഷവതിയാണ് കാരണം എനിക്കിന്ന് എന്റെ ഇച്ചായന്റെയും, മോളുടെയും, അമ്മച്ചിയുടെയും, മൈക്കിളിന്റെയും സ്നേഹം നന്നായി അനുഭവിക്കാൻ കഴിയുന്നു. വല്യമ്മച്ചിയുടെ അകാലമരണം കാരണം ആ സ്നേഹത്തിന്റെ ഒരു കുറവുമാത്രം അവശേഷിക്കുന്നു...

പാക്കിംഗ് എല്ലാം കഴിഞ്ഞിരിക്കുന്നു. കമ്പനിയിൽ നിന്നും നാട്ടിലേയ്ക്കു പോകാനുള്ള ടിക്കറ്റും കിട്ടിയിരിക്കുന്നു. ദൈവം ചിറകുകൾ തന്നിരുന്നെങ്കിൽ ഞാനിപ്പോൾ തന്നെ പറന്നെന്റെ മോളുടെ അടുത്തെത്തിയേനെ...

എയർപോർട്ടിലേയ്ക്കു പോകാൻ കമ്പനിയുടെ കാറിൽ യാത്ര ചെയ്യുമ്പോൾ ഞാൻ കണ്ടു ഈന്തപ്പനകളിലേയ്ക്ക് ആഞ്ഞടിക്കുന്ന ചൂടും പൊടിയും കൂടികലർന്ന പ്രവാസത്തിന്റെ കാറ്റ്...

ജീവിതത്തിലെ വലിയ ദുഃഖങ്ങളിലൊന്നാണ് എല്ലാവരുമുണ്ടായിട്ടും അനാഥരായി കഴിയേണ്ടിവരുന്ന അവസ്ഥ. അങ്ങനത്തെ അവസ്ഥ എന്നെപ്പോലെ ആർക്കും ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെയെന്ന് ഓർമ്മകൾക്കു പിന്നിലേയ്ക്കു കണ്ണുകൾ പായിച്ചുകൊണ്ടു ഞാൻ പ്രാർത്ഥിക്കുന്നു...

...........................✒മനു ....................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot