************
മുറ്റത്തേക്കു നടന്നു കയറുകയായിരുന്ന മനുവേട്ടന്റെ മുഖത്തെ സന്തോഷം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല നിതയ്ക്ക്... ഇങ്ങനെയൊരു ചിരി ആ മുഖത്തു നിന്നും അപ്രത്യക്ഷമായിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. കുറ്റിയിൽ കെട്ടിയിട്ട പോലുള്ള അവളുടെ നില്പ് കണ്ട് മനുവിന്റെ സ്വരമുയർന്നു.'' ഇവിടെ എന്തു കാണാൻ നില്ക്കുവാടീ...? അകത്തെ ജോലിയെല്ലാം തീർത്തിട്ടാണോ കൊച്ചമ്മ വേഷം കെട്ടി നിന്നത്... പോരാത്തേന് മനുഷ്യനെ വിഴുങ്ങുന്ന ഒരു നോട്ടോം... കള്ളനെ പിടിക്കാൻ കാത്തു നില്ക്കുന്ന പോലീസിനെപ്പോലെ ".
ഉച്ചസ്ഥായിയിലെത്തിയ ആ സ്വരം ചെവി തുളച്ചപ്പോഴായിരുന്നു മനുവിന്റെ മുഖത്തെ സന്തോഷം എങ്ങോട്ടോ പുറപ്പെട്ടു പോയതും, പകരം പുച്ഛഭാവം അവിടെ കേറി പൊറുതി തുടങ്ങിയതും നിത തിരിച്ചറിഞ്ഞത്.
പകുതി ഓടിയും പകുതി നടന്നും അടുക്കള എന്നലക്ഷ്യത്തെ പിന്തുടരാൻ ശ്രമിച്ച അവളുടെ കാലടികൾ പലപ്പോഴായി യഥാർത്ഥ വഴി കാട്ടാൻ മറന്നവരെപ്പോലെ പെരുമാറി.
ഉപേക്ഷിച്ചേടത്തു നിന്നും താനായിട്ട് അനാഥരാക്കിയ ജോലിക്കുഞ്ഞുങ്ങളെ ഓരോരുത്തരെയായി അവൾ കൂട്ടിനു വിളിച്ചു... ചിന്തകളെ മനസ്സിന്റെ ഉള്ളറയിൽ താഴിട്ടു പൂട്ടാൻ അവൾ ആഗ്രഹിച്ചെങ്കിലും പിടിവാശിക്കാരായ അവറ്റകൾ അവളെ അനുസരിച്ചതേയില്ല... ഓരോന്നായി തികട്ടി വരാൻ തുടങ്ങിയിരിക്കുന്നു.
വാട്ട്സപ്പോ, ഫേസ് ബുക്കോ എന്തെന്നറിയാത്ത, ഒരു നല്ല ഫോൺ പോലും ഇല്ലാത്തതിൽ എന്നും പരിഭവം പറയുന്ന ഏട്ടന് താൻ തന്നെ മുൻകൈ എടുത്താണ് ഒരെണ്ണം വാങ്ങിക്കൊടുത്തത്.
" നാലാൾ ടെ മുന്നിൽ ഏട്ടൻ ഇനി കൊച്ചാകേണ്ടി വരില്ല.പോക്കറ്റിൽ ഇവൻ ഇങ്ങനെ ഉയർന്നു നില്ക്കുമ്പോ ഒരു ഗമ വേറെത്തന്ന്യാ ഏട്ടാ " തന്റെ വാക്കുകൾ അരക്കിട്ടുറപ്പിക്കുന്ന മട്ടിൽ മക്കളും തല കുലുക്കി.
പിന്നീട് പതുക്കെ പതുക്കെ മനുവിന്റെ നല്ല സമയങ്ങൾ അസമയങ്ങൾക്ക് വഴിമാറിക്കൊടുത്തു. പാതിരാ സമയവും ഫോൺ സന്ദേശങ്ങൾ അയക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം, അത് ദൈനന്തിന പ്രവർത്തികളുടെ ലിസ്റ്റിൽ മുൻ നിരയിൽത്തന്നെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
കേരളീയരുടെ ദേശീയോത്സവമായി മാറിയ ഹർത്താൽ ദിവസം പോലും, നേരത്തേ എഴുന്നേല്ക്കാത്തതിൽ മനു തന്നോട്കലി പൂണ്ടാണ് നില്ക്കുന്നതെന്നും, കാമുകിക്ക് അയച്ച സന്ദേശത്തിൽ " ഹർത്താലല്ലേ ടീ... മോള് നല്ലോണ മുറങ്ങിക്കോ കേട്ടോ " എന്ന് എഴുതി അയച്ചതും തന്റെ ഓർമ്മകളുടെ ഭണ്ഡാരത്തിൽ ചേർത്ത് കെട്ടാനും അവൾ മറന്നില്ല... പുതു വർഷ ദിനത്തിൽ തന്നെ ഒന്ന് നോക്കാൻ പോലും നേരം കിട്ടാത്ത അയാൾ പാതിരാ വരെയും പിറുപിറുക്കുന്നതിൽ ഒട്ടും പിശുക്കിയിരുന്നില്ല...
" നിങ്ങളെല്ലാം പോയി പണി നോക്കുന്നുണ്ടോ" തന്നെ ഉമിത്തീയിലിട്ട് നീറ്റാനായി മാത്രം കൂട്ടു കിടപ്പിന് ഓടിയെത്തിയ ചിന്തകളെ അവൾ ചവിട്ടിത്തെറിപ്പിച്ചു...
താനെന്തിന് വേണ്ടാത്തതോർത്ത് സങ്കടപ്പെടണം? കണ്ണിൽ നിന്നും കുതിച്ചു ചാടാനൊരുങ്ങിയ കണ്ണീർത്തുള്ളികൾക്ക് ചെറിയൊരു അണ കെട്ടിക്കൊടുക്കാനായി കൈ ഉയർത്തിയ നിതയെ ഞെട്ടിച്ചു കൊണ്ട് ഹാളിൽ ശബ്ദമുയർന്നു..." യുവർ ടൈം ഈസ് ഓവർ ".
യുവ ചെറുകഥാകൃത്തുക്കൾക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ ഈ കഥ പറയുന്നതോടൊപ്പം മനുവിനെ താനൊരു സംശയത്തിന്റെ മുൾമുനയ്ക്ക് കീഴെ നില്ക്കുന്ന ഒരു കഥാപാത്രമാക്കിയിരുന്നു എന്നറിയുമ്പോൾ, അയാളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പൊട്ടിച്ചിരിഓർത്ത് അവൾക്ക് ... അതെ നിതയ്ക്ക് പുഞ്ചിരി തൂകാതിരിക്കാൻ കഴിഞ്ഞേയില്ല..
ശുഭം
സരിത.പി.കാവുമ്പായി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക