
...................
വല്യപരീക്ഷ കഴിഞ്ഞ് സ്കൂളുകളൊക്കെ പൂട്ടിയിരിക്കുന്നു. കുട്ടികൾക്കിനി രണ്ടുമാസത്തേക്കിന് അവധിയാണ്. ഇവറ്റകൾ വീടുകൾ കീഴ്മേൽ മറിച്ചിടുമോയെന്ന് മാതാപിതാക്കൾക്ക് പേടിയില്ലാതില്ല...
പാടവും പറമ്പുകളുമൊക്കെ രാവിലെ തന്നെ ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും ഗ്രൗൻഡുകളായി മാറിയിരിക്കുന്നു. കുട്ടികൾ ആഹ്ളാദതിമിർപ്പിലാണ്. പഠനഭാരമില്ലാത്ത നാളുകളാണിതവർക്ക്...
ചെമ്പോലവീട്ടിലെ എബിച്ചനും, എലിസബത്തും, എൽദോച്ചനും വളരെയധികം സന്തോഷത്തിലാണ്. കാരണം നാളെ കാലത്തേയാണ് പപ്പായ്ക്കും മമ്മിക്കുമൊപ്പം അവർ മൈസൂർക്ക് ടൂർ പോകുന്നത്. എല്ലാ വേനലവധിക്കും എവിടെയെങ്കിലും മക്കളെയുമായി ടൂർ പോകുന്നത് അലക്സിന്റെയും ബീനായുടെയും പതിവാണ്. കഴിഞ്ഞ പ്രാവശ്യം മൂന്നാറിലാണ് പോയത്...
എൽദോച്ചൻ തന്റെ വെള്ളം ചീറ്റിക്കുന്ന തോക്കും റീമോർട്ടുപയോഗിച്ച് പറപ്പിക്കുന്ന ഹെലികോപ്റ്ററും മറ്റു കളിപ്പാട്ടങ്ങളുമെല്ലാം തന്റെ സ്കൂൾ ബാഗിനകത്ത് തള്ളിക്കേറ്റി വച്ചിട്ട് ബാഗിന്റെ സിബ്ബ് ഒരു വിധത്തിൽ അടച്ചു. അതു കണ്ട് ബീനാ
"സ്ക്കൂൾബാഗ് കീറി പോകുമല്ലോടാ നിന്റെയീ ഏടാകൂടങ്ങൾ എല്ലാം തള്ളിക്കേറ്റിവച്ചാല് "
എന്നും പറഞ്ഞ് അവനെ വഴക്കു പറഞ്ഞെങ്കിലും ആ അഞ്ചു വയസ്സുകാരനുണ്ടോ അതുവല്ലതും ഗൗനിക്കുന്നു. വല്യപ്പച്ചന്റെ വാശിയും, ദേഷ്യവും അതേപോലെ കിട്ടിയിരിക്കുന്ന എൽദോച്ചന്റെ മുമ്പിൽ മാത്രമാണ് ബീനാമ്മ മുട്ടുമടക്കിയിട്ടുള്ളത്. എൽദോ ഒരു തടവ തീരുമാനിച്ചാൽ അതു നൂറു തടവ തീരുമാനിച്ച മാതിരിയാണ്...
ജയിച്ചാൽ പത്തിലേയ്ക്ക് പ്രവേശിക്കുന്ന എബിച്ചനും അതുപോലെ ഏഴിൽ നിന്നും എട്ടിലേയ്ക്ക് ജംപ് ചെയ്യാനിരിക്കുന്ന എലിസബത്തും സ്വതവേ പാവങ്ങളായിരുന്നു. എന്നാൽ എൽദോച്ചനെ അവർക്ക് ജീവനായിരുന്നു. അവന്റെ ചെറിയ വായിലുള്ള വലിയ വർത്തമാനം പറച്ചിലുകളാണ് അവർക്ക് ഏറെ പ്രിയങ്കരവും. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ എൽദോയാണ് ആ വീട്ടിലെ താരം...
അലക്സ് നാട്ടിലെ അറിയപ്പെടുന്ന കോൺട്രാക്ടറാണ്. ഏറ്റെടുക്കുന്ന പണികളാണെങ്കിൽ വമ്പൻ പണച്ചാക്കുകളുടെയുമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുമായി നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു താനും...
ബീന തരക്കേടില്ലാത്തതും തിരക്കുള്ളതുമായ സ്വന്തം ബ്യൂട്ടിപാർലറിന്റെ കാര്യങ്ങളുമായി സമയം ചിലവഴിക്കുന്നു. കസ്റ്റമർ കൂടുതലുള്ള അവസരങ്ങളിൽ മാത്രമേ ബീനായും ഏപ്രൻകെട്ടി ബ്യൂട്ടീഷൻ ചെയ്യാറുള്ളു. ബീനായുടെയും മറ്റു ജോലിക്കാരുടെയും നല്ല പെരുമാറ്റംകൊണ്ടു കസ്റ്റമേഴ്സിന് ഒരു പഞ്ഞവുമില്ലായിരുന്നു...
പാചകമൊക്കെ പഠിച്ചിരുന്നതിനാൽ ബീന നന്നായി പാചകവും പിന്നെ നന്നായി വാചകവും അടിക്കുമായിരുന്നു. പാചകം പഠിക്കാൻ കാരണമായത് അലക്സിന്റെ പാചകത്തിലുള്ള കൈപ്പുണ്യം പ്രേമിച്ച കാലഘട്ടങ്ങളിൽ അനുഭവിച്ചറിഞ്ഞതിനാലാണ്...
രുചിയില്ലാത്ത ഭക്ഷണത്തിന്റെ മുമ്പിൽമാത്രം അലക്സ് യാതൊരുവിധ കൊപ്രൈമൈസിനും തയ്യാറാക്കില്ലായിരുന്നു. ചുരുക്കി പറഞ്ഞാൽ കല്യാണത്തിനുശേഷം ഇവർ തമ്മിൽ പറയാതെ അറിയിക്കാതെ തന്നെ ഒരു അന്തർമത്സരം നടന്നിരുന്നു പാചകത്തിന്റെ കാര്യത്തിൽ...
എല്ലാ ഞായറാഴ്ചകളിലും അലക്സിന്റെയായിരുന്നു പാചകം. അന്നൊരു ഉത്സവം തന്നെയാണ് അടുക്കളയിൽ അലക്സും മക്കളു മൂന്നുപേരും കൂടി ചേർന്ന്. മൂവരെ കൊണ്ടും അലക്സ് ഓരോ പണികൾ ചെയ്യിക്കുമായിരുന്നു. അവർക്കതൊക്കെ വലിയ ഇഷ്ടമുള്ള കാര്യങ്ങളാണുതാനും...
രാത്രിയിൽ തന്നെ ലഗേജുകളൊക്കെ പാക്കിംഗ് ചെയ്തു. അധികമൊന്നുമില്ല എല്ലാവർക്കുമുള്ള ഈരണ്ടു ജോടി ഡ്രസ്റ്റുകളും ബാക്കി അത്യാവശ്യ സാധനങ്ങളും മാത്രം. ഇനി രാവിലെ ബ്രേക്ക്ഫാസ്റ്റിനുള്ളത് ഉണ്ടാക്കി പാഴ്സൽ ചെയ്താൽ മാത്രംമതി. വെളുപ്പാൻകാലത്തു തന്നെയാണ് ഓരോ ടൂറിനും യാത്രയായിരുന്നത്. അതു കൊണ്ടു രാവിലെ കഴിക്കാനുള്ള ഭക്ഷണംമാത്രം വീട്ടിൽ നിന്നും ഉണ്ടാക്കി ടൂർ പോകുമ്പോൾ കൊണ്ടു പോയിരുന്നു...
രാവിലെ അഞ്ചര ആയപ്പോഴേക്കിനും തന്നെ എല്ലാവരും റെഡിയായി പ്രാർത്ഥിച്ചിട്ട് കാറിനുള്ളിൽ കയറി യാത്ര ആരംഭിച്ചു. ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞും അവർ എല്ലാവരും നല്ല സന്തോഷത്തിൽ യാത്ര തുടരുകയാണ്. എൽദോച്ചന് വിശക്കാൻ തുടങ്ങിയപ്പോൾ അവർ ഒരു തണൽമരത്തിന്റെ ചുവട്ടിൽ കാർ നിർത്തി. വെളിയിൽ ഇറങ്ങി ഇഡിയപ്പവും മുട്ടക്കറിയും വിളമ്പിക്കഴിച്ചു പാത്രങ്ങളൊക്കെ പ്ലാസ്റ്റിക്ക് ക്യാനിലെ വെള്ളത്തിൽ കഴുകി വീണ്ടും യാത്ര തുടർന്നു...
കാറിപ്പോൾ ആൾത്താമസം അധികമില്ലാത്ത ഒരിടത്തു കൂടിയാണ് പൊക്കോണ്ടിരിക്കുന്നത്. കടകൾപോലും കാണാനില്ല. കുറച്ചു മുന്നോട്ടുപോയ കാറൊന്നു മെല്ലെ അങ്ങോട്ടുമിങ്ങോട്ടും പാളി. എല്ലാവരും ഭയപ്പെട്ടുപോയി. അലക്സ് പെട്ടെന്നു തന്നെ കാറ് ഒരു സൈഡാക്കി ഒതുക്കി നിർത്തി. എല്ലാവരും വെപ്രാളപ്പെട്ടു പുറത്തിറങ്ങി. വലതുവശത്തെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ടയർ പഞ്ചറായിരിക്കുന്നു. അതാണ് കാരണം. ഇനിയിപ്പോൾ എന്തു ചെയ്യും. പഞ്ചറൊട്ടിക്കണമെങ്കിൽ അടുത്തൊന്നും ഒരു കടയോ ചോദിക്കാനോ ആരുമില്ല. കാറിൽ സ്റ്റൈപ്പിനിയുണ്ട് അതിനി മാറിയിടുകയേ നിവൃത്തിയുള്ളു...
കാറ് നിർത്തിയിരിക്കുന്നത് ഒരു ഓടയുടെ സൈഡിലാണ്. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം അതിൽ നിന്നും കേൾക്കാം. കുട്ടികൾ കൗതുകത്തോടെ വെള്ളത്തിലേയ്ക്ക് കരിയിലയും കല്ലും വിറകുകഷണങ്ങളുമെല്ലാം പെറുക്കിയെറിഞ്ഞ് കളിക്കാൻ തുടങ്ങി. നല്ല ഒഴുക്കുള്ളതിനാൽ മെറ്റിൽ കഷണങ്ങൾപോലും ഒഴുകി പോകുന്നത് കാണാമായിരുന്നു...
അലക്സ് ജാക്കിവച്ചുയർത്തി വല്ലവിധേയനേയും പഞ്ചറായ ടയർ ഊരിയെടുത്തു. ബീനായും സഹായിച്ചു. സ്റ്റെപ്പിനി ടയർ കയറ്റിവച്ചു നട്ട് ഇടാൻ നോക്കിയപ്പോൾ ഒരു നട്ട് ഒഴികെ മറ്റു നട്ടുകൾ കാണുന്നില്ല. അവിടെ തപ്പിയെങ്കിലും കിട്ടിയില്ല. പിള്ളേരോടു ചോദിച്ചപ്പോൾ അവരും എടുത്തില്ല എന്നു പറഞ്ഞു. പക്ഷെ നട്ട് എന്താണെന്നു പോലും അറിയാൻ പാടില്ലാത്ത എൽദോ തന്റെ കൈയ്യിൽ നിന്നും മൂന്നാമത്തെ നട്ടും ഒഴുക്കുള്ള വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇനിയെന്തു ചെയ്യുമെന്ന് വിഷണ്ണനായിരിക്കുന്ന അക്സിന്റെ കൈയ്യിലെ നട്ട് കണ്ട് എൽദോ അതെടുക്കാൻ ശ്രമിച്ചപ്പോൾ അലക്സവനെ തടഞ്ഞു.
"പപ്പാ താ ഞാനത് വെള്ളത്തിൽ എറിയട്ടെ"
എന്നവൻ പറഞ്ഞപ്പോൾ അലക്സ് മറ്റു മൂന്നെണ്ണം എന്തിയേന്ന് അവനോടു ചോദിച്ചു. അവൻ പറഞ്ഞു അതൊക്കെ ഞാൻ വെള്ളത്തിൽ എറിഞ്ഞു. നല്ല സ്പീഡിൽ അതൊക്കെ ഒഴുകിപോയി ഇനി ഇതും കൂടിയെ ബാക്കിയുള്ളു. എന്റെ ദൈവമേ എന്നും പറഞ്ഞ് അലക്സ് താടിക്കു കൈയ്യും കൊടുത്തു കുന്തംകാലിരുന്നു. ഇതുകേട്ട് ബീനായ്ക്കും നല്ല ദേഷ്യം വന്നു. ഇനിയെന്തു ചെയ്യും പെട്ടുപോയല്ലോ...
ഇടയ്ക്കിടയ്ക്ക് ഓരോ വണ്ടികൾ കൈകാണിച്ചിട്ടും നിർത്താതെ പോകുന്നതല്ലാതെ ഒരു മനുഷ്യനെപ്പോലും കാണാനില്ല. നേരം ഉച്ചയാകാറായി വരുന്നു. അപ്പോഴാണ് അകലെ നിന്നും ഒരു പയ്യൻ നടന്നു വരുന്നത് അവർ കണ്ടത്. അവനൊരു പത്ത് വയസ്സ് പ്രായം തോന്നിച്ചു. കൈയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയുമായി അവനടുത്തു വന്നപ്പോൾ അലക്സ് അവനോടു ചോദിച്ചു
"മോനെ ഇവിടെ അടുത്തെവിടെങ്കിലും വർക്ക്ഷോപ്പുണ്ടോ"
" ഇല്ലല്ലോ അങ്കിളേ... ഒരുപാടു ദൂരം പോയാലെ വർക്ക്ഷോപ്പുള്ളു"
" എന്തുപറ്റി അങ്കിളേ"
"ഓ! ഒന്നുമില്ല നിന്നോടു പറഞ്ഞിട്ടെന്തു കാര്യം"
" എന്നാലും പറ അങ്കിളേ ഞാനുമൊന്നറിയട്ടേ"
അലക്സ് കാര്യം അവനോടു പറഞ്ഞു. അവൻ മാറിയിട്ട ടയറിന്റെ അടുത്തുവന്നു പരിശോധിച്ചു. ബീന അവനെ കൗതുകത്തോടെ നോക്കി നിന്നു. അപ്പോളാണ് അവനൊരു ഐഡിയ തോന്നിയത്.
" അങ്കിളേ നമുക്ക് ബാക്കിയുള്ള ടയറുകളിൽ നിന്നും ഓരോ നട്ട് ഊരിയെടുത്ത് ഇതിലിട്ടാൽ ഓക്കെ ആയില്ലേ, പിന്നെ വർക്ക്ഷോപ്പിൽ ചെല്ലുമ്പോൾ പകരത്തിന് നട്ടുകൾ മേടിച്ചിട്ടാൽ പോരെ"
അതു കേട്ട അവർ ശരിക്കും അത്ഭുതപ്പെട്ടുപോയി. അതു കൊള്ളാമല്ലോ. അലക്സ് ബീനായെ നോക്കി പറഞ്ഞു
"എന്താ ദാസാ നമുക്കീ ഐഡിയ നേരത്തേ തോന്നാഞ്ഞേ"
എല്ലാവരും അതുകേട്ടു ചിരിച്ചു. നട്ടുകൾ നാലും മുറുക്കി കൈയ്യും കഴുകി വന്നപ്പോളേക്കിനും ആ പയ്യൻ നടക്കാനായി തുടങ്ങി. അതു കണ്ട അലക്സ് അവനെ വിളിച്ചു
"മോനെ നിന്നെ ഈ സമയത്ത് ഇവിടേയ്ക്ക് അയച്ചത് ദൈവമാണ്.. നിനക്കെവിടെയാണ് പോകേണ്ടത് ഞാനവിടെ നിന്നെ ഇറക്കാം വന്നു വണ്ടിയിൽ കയറ്"
അവനത് നിരസിച്ചു. പക്ഷെ അവർ അവനെ നിർബ്ബന്ധിച്ച് വണ്ടിയിൽ കയറ്റി അവൻ പറഞ്ഞു കൊടുത്ത വഴിയിൽ കൂടി യാത്ര തുടർന്നു...
യാത്രയ്ക്കിടയിൽ അവനെക്കുറിച്ച് അവർ ചോദിച്ചു. പേര് അൻവർ എന്നാണെന്നും വീട്ടിൽ ഉമ്മാ സീനത്തും അനിയത്തി റസീനായും വല്യുമ്മായുമാണുള്ളതെന്നും, ബാപ്പായ്ക്ക് തമിഴ്നാട്ടിലാണ് ജോലിയെന്നും രണ്ടുമാസം കൂടുമ്പോളെ വരത്തുള്ളെന്നും അവൻ പറഞ്ഞു. സീനത്ത് അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്കും പോയുമാണ് ആ കുടുംബം കഴിയുന്നതെന്ന് അവനിൽ നിന്നും അവർക്കറിയാൻ കഴിഞ്ഞു. നമ്മുടെ എൽദോച്ചൻ അവനുമായി പെട്ടെന്നു കൂട്ടായി. എല്ലാവർക്കും അവന്റെ പെരുമാറ്റവും നിഷ്ങ്കളതയും ഏറെ ഇഷ്ടപ്പെട്ടു...
അവൻ പറഞ്ഞ സ്ഥലത്ത് കാറ് സൈഡ് ഒതുക്കി നിർത്തി. കാറിൽ നിന്നും ഇറങ്ങിയിട്ട് അവൻ പറഞ്ഞു
" ആ മുകളിൽ കാണുന്ന വീടാണ് അങ്കിളേ എന്റെ വീട്.. നിങ്ങൾ വരുന്നോ എന്റെ വീട്ടിലേയ്ക്ക്"
നിഷ്കളങ്കത നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവർക്കത് നിരസിക്കാൻ തോന്നിയില്ല. കാറൊന്നുകൂടി സൈഡാക്കിയിട്ട് അവരെല്ലാവരും അവന്റെ പിന്നാലെ നടന്ന് ആ കൊച്ചു വീടിന്റെ മുറ്റത്തെത്തി...
വീട്ടിനുള്ളിൽ ചെന്ന് അവൻ സീനത്തിനോട് കാര്യം പറഞ്ഞു. അതു കേട്ട വല്യൂമ്മായും സീനത്തും റസീനായുംകൂടി ഇളം തിണ്ണയിലേയ്ക്കു വന്നുനോക്കി. അവരെ അഞ്ചു പേരെയും കണ്ടപ്പോൾ സീനത്ത് നെഞ്ചത്ത് കൈവച്ചു കൊണ്ട് എന്റെ റബ്ബേ എന്നു അറിയാതെ പതിയെ വിളിച്ചുപോയി. വല്യുമ്മായും ഒന്നമ്പരന്നുകൊണ്ടു സീനത്തിന്റെ മുഖത്തോട്ടു നോക്കി. കാരണം മറ്റൊന്നുമല്ലായിരുന്നു അവരെ കണ്ടാലേ അറിയാം ഏതൊ നല്ല കാശുള്ള കുടുംബത്തിലെ ആൾക്കാർ ആണെന്ന്. ഇരിക്കാനൊരു നല്ല കസേര പോലുമില്ലാത്ത ഇവിടെ അവരെ എവിടിരുത്തും. സീനത്ത് ഇച്ചിരി കടുപ്പത്തിൽ അൻവറിനെ നോക്കിയിട്ട് തലയിലെ തുണി ഒന്നൂടെ നേരെയാക്കി ഇട്ടിട്ട് ഓടി അകത്തേയ്ക്ക് ചെന്ന് ബഞ്ചെടുത്തു കൊണ്ടുവന്നു തിണ്ണയിൽ ഇട്ടു. അപ്പോൾ അൻവർ പറഞ്ഞു
"അങ്കിളേ, ആന്റി കേറിയിരിക്ക് ഇതാണെന്റെ ഉമ്മായും വല്യുമ്മച്ചിയും റസീനായും"
അവർ ചെരുപ്പുകൾ വെളിയിൽ ഊരിയിട്ടേച്ച് മെല്ലെ തിണ്ണയിലേയ്ക്ക് കയറി ബഞ്ചിലും അരപ്ലേസിലുമായിട്ടിരുന്നു. അവനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങളും അവർ മൈസൂർക്ക് ടൂർ പോകാനിറങ്ങിയതും വീട്ടുകാര്യങ്ങളുമെല്ലാം പറഞ്ഞു പെട്ടെന്നു തന്നെ അവരോടടുത്തു...
രണ്ടു ചെറിയ മുറികളും അടുക്കളയും തിണ്ണയും മാത്രമുള്ള ചെറിയൊരു ഓടിട്ട വീടായിരുന്നിട്ടു കൂടി എന്തോ ഒരു ഐശ്വര്യം തോന്നി ബീനായ്ക്കും അലക്സിനും. വെളിയിൽ നിന്നുമുള്ള കുളിർകാറ്റ് ചൂടു തോന്നിച്ചുമില്ല. അടുത്തടുത്തായിട്ട് വീടുകളും ഒരു പഞ്ചായത്ത് കിണറും ഉള്ളത് വരാന്തയിലിരുന്ന് അലക്സ് കണ്ടു മനസ്സിലാക്കി...
അടുക്കളയിൽ എന്തോ കുശുകുശുപ്പ് കേൾക്കാം. കട്ടൻ ചായയിട്ടു കൊടുക്കാൻ മതിയായ പഞ്ചസാരയില്ലാത്തതാണ് കാരണം. സീനത്ത് അൻവറിനോട് അടുത്ത വീട്ടിലെ റംലത്തിന്റെ വീട്ടിൽ പോയി കുറച്ചു പഞ്ചസാര മേടിച്ചു കൊണ്ടുവരാൻ പറഞ്ഞു. അവൻ തിണ്ണയിൽ വന്നു പറഞ്ഞു
"അങ്കിളേ ഇരിയ്ക്ക് ഞാനിപ്പോൾ വരാം കേട്ടോ"
അതുകേട്ട അലക്സ് അവന്റെ കൈക്കുപിടിച്ച് പറഞ്ഞു
"നീയെങ്ങും പോകണ്ടിപ്പോൾ നമുക്കൊരിടംവരെ പോകാം"
അലക്സും ബീനായും കേട്ടിരുന്നു അടുക്കളയിൽ നടന്ന കുശുകുശുപ്പ്. അവനു ഏകദേശം ആ വീട്ടിലെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു. അലക്സ് അവരോടു ഞങ്ങൾ ഇപ്പോൾ വരാമെന്നും പറഞ്ഞ് എബിച്ചനേയും അൻവറിനേയും കൂട്ടി വണ്ടിക്കരിലേയ്ക്ക് നടന്ന് അവനോടു ചോദിച്ചിട്ട് ഏറ്റവും അടുത്തുള്ള ജംഗ്ഷനിലേയ്ക്ക് വണ്ടിയോടിച്ചു...
ഈ സമയത്ത് എലിസബത്തും, റസീനായും, എൽദോച്ചനും പറമ്പിൽക്കൂടി ഓടിച്ചാടി നടക്കുന്ന ആട്ടിൻക്കുട്ടിയെ പിടിക്കാനായി പിന്നാലെ കൂട്ടുകൂടി ഓടി നടന്നു...
റംലത്തിന്റെ വീട്ടിൽ പോയി പഞ്ചസാര മേടിച്ചു കൊണ്ടുവന്ന സീനത്ത് ബീനായ്ക്കു കട്ടൻ ചായ ഇട്ടു കൊടുത്തു. അവർ തമ്മിൽ പിന്നെ പരസ്പരം വിശേഷങ്ങൾ പറഞ്ഞും, വല്യുമ്മായുടെ നാലുംകൂട്ടിയുള്ള മുറുക്കിനിടയിൽ പണ്ടത്തെ തമാശകൾ പറഞ്ഞതും കേട്ട് ആസ്വദിച്ചിരുന്നു...
ഏകദേശം നാല്പത്തഞ്ചു മിനിട്ടിനുള്ളിൽ തിരിച്ചുവന്ന അവരുടെ കൈകളിൽ ഈരണ്ടു പ്ലാസ്റ്റിക്കിന്റെകൂടുകൾ വച്ചുണ്ടായിരുന്നു. ഒരു വീട്ടിലേയ്ക്ക് വേണ്ട അത്യാവശ്യ ആഹാരസാധനങ്ങളും അതു കൂടാതെ ചിക്കൻ ബിരിയാണിക്കു വേണ്ട സാധനങ്ങളും അലക്സ് മേടിച്ചിരുന്നു. ബീനായോടു അലക്സ് പറഞ്ഞു
"ഇന്നു നമുക്കു രണ്ടു പേർക്കുംകൂടി അടിപൊളി ബിരിയാണി വയ്ക്കാം എന്തേ "
അതു കേട്ട് ബീന പറഞ്ഞു
" ഡബിൾ ഓക്കെ ഇച്ചായാ "
പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു. അടുക്കള മുറ്റത്ത് കല്ലുകൂട്ടി അടുപ്പുണ്ടാക്കി അരിക്കുള്ള വെള്ളംവച്ചു അലക്സ്. ബീനായും എബിച്ചനും സീനത്തും വല്യുമ്മായും അൻവറും ചേർന്നു സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും തക്കാളിയുമൊക്കെ റെഡിയാക്കി കൊണ്ടിരുന്നു. അലക്സ് ചിക്കൻ കഴുകി വെള്ളം പോകാൻ അരിപ്പയിലിട്ടു...
ഏകദേശം അരമണിക്കൂറുകൊണ്ടു എല്ലാവരുടെയും സഹകരണംകൊണ്ട് ബിരിയാണി റെഡിയായി. അന്തരീക്ഷത്തിൽ നല്ല നെയ്യുടെ മണം തങ്ങിനിന്നു. അയൽപക്കത്തുനിന്നും ആളുകൾ ഇടയ്ക്കിടയ്ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങൾ കാണാൻ എത്തി നോക്കുന്നുണ്ടായിരുന്നു...
എന്തോ സീനത്തിനും വല്യൂമ്മായ്ക്കും അൻവറിനും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമാണപ്പോൾ തോന്നിയത്. കാരണം അവരുടെ വീട്ടിൽ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്...
ദം പൊട്ടിച്ച് അലക്സ് ആ ചെറിയ ബിരിയാണി ചെമ്പ് തുറന്നു. ഹോ! എന്തൊരു മണമാണ്. നല്ല കോഴിക്കോടൻ ബിരിയാണിയുടെ അതേ മണം. അലക്സ് കുറച്ചു തവികൊണ്ടു ഒരു പ്ലേറ്റിലേക്ക് ഇട്ടിട്ട് ബീനായ്ക്ക് രുചി നോക്കാൻ കൊടുത്തു. എന്തോ രണ്ടു പേരും കൂടി ഒരുമയോടെ ഉണ്ടാക്കിയതുകൊണ്ടാകാം ബിരിയാണി പൊളിച്ചു...
പിള്ളേരോട് കൈ കഴുകിയിട്ടു വരാൻ പറഞ്ഞിട്ട് തിണ്ണയിൽ പായ വിരിച്ചിരുത്തി ബിരിയാണി വിളമ്പി കൊടുത്തു. അവർ അഞ്ചു പേരും സഹോദരങ്ങളെപ്പോലെ ഒരുമിച്ചിരുന്നു ബിരിയാണി ആസ്വദിച്ചു കഴിക്കുന്നതു കണ്ടപ്പോൾ മൂന്നമ്മമാർക്കും ഒരുപാട് സന്തോഷം തോന്നി. വല്യുമ്മ നിറഞ്ഞു വന്ന കണ്ണീര് തോളിലെ തോർത്തു കൊണ്ടു തുടച്ചു...
പിള്ളേരു കഴിച്ചു കഴിഞ്ഞപ്പോൾ അലക്സ് തലയിൽ കെട്ടിയ തോർത്തയച്ച് പിടലിയിൽ ചുറ്റി മുതിർന്നവരോടു കൈകഴുകി വരാൻ ആവശ്യപ്പെട്ടു. ഓരോരുത്തർക്കും ബിരിയാണിയും, കച്ചമ്പറും, നാരാങ്ങാ അച്ചാറും, പപ്പടവും നൽകിയതിനു ശേഷം അലക്സും ബീനായും ബഞ്ചിലിരുന്ന് ബിരിയാണി ആസ്വദിച്ച് കഴിക്കാനാരംഭിച്ചു. സീനത്ത് പ്ലാസ്റ്റിക്ക് ജഗ്ഗിൽ പതുമുഖമിട്ടു തിളപ്പിച്ചാറിയ വെള്ളവും ഗ്ലാസ്സുകളും അരപ്ലേസ്സിൽ വച്ചിട്ട് വല്യുമ്മായ്ക്കൊപ്പം പായയിലിരുന്ന് കഴിച്ചു തുടങ്ങി. ഉമ്മാ പറഞ്ഞു
" മക്കളെ നല്ല അസ്സല് ബിരിയാണി.. നമ്മളീ അടുത്ത കാലത്തൊന്നും ഇത്ര രുചിയായിട്ട് ബിരിയാണി കഴിച്ചിട്ടില്ല.. എന്തോ നിങ്ങള് മസാലയുടെകൂടെ സ്നേഹവും അളവിനനുസരിച്ച് ചേർത്തെന്നു തോന്നുന്നു.. എന്തായാലും ഉമ്മായ്ക്ക് പെരുത്തിഷ്ടമായിരിക്കുന്നു"
"പടച്ചതമ്പുരാൻ നിങ്ങൾക്കും കുടുംബത്തിനും എന്നും നല്ലതു മാത്രമേ വരുത്തത്തുള്ളു നിങ്ങൾക്ക് വേണ്ടി ഞമ്മളെന്നും ദുവാ ചെയ്യും"
അതു കേട്ടപ്പോൾ അലക്സിനും ബീനായ്ക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി. മനസ്സിലേയ്ക്ക് കുളിർക്കാറ്റു വീശിയതുപോലെ...
കുട്ടികൾ അഞ്ചുപേരും റംലത്തിന്റെ പറമ്പിലെ കശുമാവിൽ കെട്ടിയ ഊഞ്ഞാലിൽ മാറി മാറി ആടിക്കൊണ്ടിരിക്കുകയായിരുന്നു. അവരെ ഊഞ്ഞാലിൽ ആട്ടിവിടാൻ റംലത്തിന്റെ മക്കളുമുണ്ടായിരുന്നു. അപ്പോൾ സമയം ഏകദേശം നാലു മണി കഴിഞ്ഞിരുന്നു. സീനത്തിട്ടു കൊടുത്ത കട്ടൻ ചായ ഊതിക്കുടിച്ചുകൊണ്ട് ഉമ്മായോടു അലക്സ് പറഞ്ഞു
"ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു ടൂർ ഞങ്ങൾ ആസ്വദിക്കുന്നത്.. ഇതൊരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത ഒരനുഭവമാണ്.. ദൈവം തോന്നിപ്പിച്ചു ചെയ്യിപ്പിച്ചതുപോലെ"
"ഇനി മൈസൂർക്ക് പോകുന്നില്ല ടൂർ ഇവിടംകൊണ്ടവസാനിച്ചു മനസ്സുനിറഞ്ഞ് ഇനി തിരിച്ച് വീട്ടിലേയ്ക്ക് "
ഇതേ അഭിപ്രായം തന്നെയായിരുന്നു ബീനായ്ക്കും. സീനത്തിനും ഉമ്മയ്ക്കും സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്നുപോലുമറിയില്ലായിരുന്നു...
മക്കളെ വിളിച്ച് കാലും കൈയ്യും മുഖവുമൊക്കെ കഴുകിച്ച് തോർത്തിൽ തുടച്ചിട്ട് മാറ്റാൻ വേറെ ഡ്രസ്സ് കൊടുത്തു. അലക്സും ഡ്രസ്സ്മാറ്റി. അതിനു ശേഷം എല്ലാവരെയും ചേർത്തു നിർത്തി അലക്സ് സെൽഫിസ്റ്റിക്കുപയോഗിച്ച് കുറെയേറെ ഫോട്ടോസെടുത്തു. മിച്ചമുള്ള ബിരിയാണി കളയാതെ അടുത്തുള്ള വീട്ടിലും കൊടുക്കണമെന്നു പറഞ്ഞുകൊണ്ടു അവരു തിരിച്ചു പോകാനൊരുങ്ങി...
അലക്സ് അൻവറിനെ ചേർത്തുനിർത്തി പേഴ്സിൽ നിന്നും ടൂറിനു വേണ്ടി ചിലവാക്കാൻ വച്ചിരുന്ന കാശെടുത്ത് അവന്റെ കുഞ്ഞു കൈകൾക്കുള്ളിൽ വച്ചുകൊടുത്തുകൊണ്ടു പറഞ്ഞു
"ഒരിക്കലും മറക്കാൻ കഴിയാത്ത നല്ലൊരനുഭവം തന്നതിന് നിന്നോടു ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നു... അതിന്റെ സന്തോഷത്തിൽ ഇത് നിന്റെ കൈകളിൽ ഇരിക്കട്ടെ.. നിന്നെപോലെ നല്ലൊരു മകനുള്ളപ്പോൾ ഒരിക്കലും ഇവർക്ക് ഒരു സങ്കടങ്ങളും ഉണ്ടാകത്തില്ല"
ഇതും പറഞ്ഞ് അലക്സവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. കാശ് തിരിച്ചുകൊടുക്കാൻ അൻവർ ഒരു ശ്രമം നടത്തിയെങ്കിലും ബീന എതിർത്തതിനാൽ ആ ശ്രമവും പരാജയപ്പെട്ടു...
കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച് ഉമ്മകൾ കൈമാറി. ഉമ്മായോടും സീനത്തിനോടും യാത്ര പറയാൻ നേരം രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. ബീനായെ ചേർത്തു പിടിച്ച് നീ ഭാഗ്യമുള്ളവളാണെന്ന് പറഞ്ഞ് ഉമ്മാ കവിളിൽ മുത്തം കൊടുത്തു...
സീനത്ത് ഇരു കൈകൾകൊണ്ടും ബീനായെ വട്ടം പിടിച്ചു തോളിൽ മുഖം ചേർത്തു. അലക്സിന്റെ തലയിൽ കൈവച്ചുകൊണ്ട് നന്നായി വരുമെന്ന് ഉമ്മാ അനുഗ്രഹിച്ചു...
അവരെ യാത്രയാക്കാൻ ഉമ്മായും സീനത്തും അൻവറും റസീനായും വണ്ടിക്കരികിലെത്തി. ഡാഷ്ബോർഡിൽ നിന്നും അലക്സിന്റെ വിസിറ്റിംഗ് കാർഡെടുത്ത് അൻവറിനു കൊടുത്തിട്ട് അലക്സ് പറഞ്ഞു
"എന്താവശ്യം വന്നാലും ഈ നമ്പറിൽ വിളിച്ചാൽ മതി ഞങ്ങളെത്തിക്കോളാം കേട്ടോ"
സാധനങ്ങൾ മേടിക്കാൻ പോയപ്പോൾ വർക്ക്ഷോപ്പിൽ കയറി നട്ടുകൾ ഇട്ടതിനാൽ ആ ടെൻഷൻ മാറിക്കിട്ടിയിരുന്നു. അവരോടു യാത്ര പറഞ്ഞ് വണ്ടി തിരിച്ചിട്ട് അലക്സ് മക്കളോടു ചോദിച്ചു
" ഇനി നമുക്ക് മൈസൂർക്ക് പോകണോ അതോ തിരിച്ച് നമ്മുടെ വീട്ടിലേയ്ക്ക് പോകണോ എന്താണ് ചെയ്യേണ്ടത് "
അതിന് മറുപടി പറഞ്ഞത് മറ്റാരുമല്ലായിരുന്നു നമ്മുടെ എൽദോച്ചനായിരുന്നു
"മോനെ ദിനേശാ വണ്ടി നേരെ നമ്മുടെ വീട്ടിലേയ്ക്ക് കത്തിച്ചുവിട്ടോ "
ഇതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു....
.......................
✒മനു ..........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക