നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Fake ID



Jasmine Rose
സാഹിത്യ ഗ്രൂപ്പുകളിലെ ഒട്ടുമിക്ക കഥകളൊക്കെ വായിക്കുമ്പോൾ എനിക്കുമൊരു മോഹം. വെറുതെ എന്തേലും കുത്തികുറിച്ചിട്ടു അയച്ചു കൊടുത്താലോ എന്ന്.. അങ്ങനെ എഴുതി പരിചയമൊന്നുമില്ല. വലിയ ഭാവനയും ഇല്ല .എന്നാലും ഒരു ആവേശം.. പിന്നെ ഒരിക്കൽ നമ്മൾ ചെയ്തില്ലെന്ന് ദുഃഖിക്കരുതല്ലോ
അങ്ങനെ വീട്ടിൽ ഉച്ചയൂണ് കഴിക്കുന്ന നേരത്തു ഞാൻ വെറുതെ എങ്കിലും അച്ഛനും അമ്മയും കേൾക്കാനിയിട്ട് പറഞ്ഞു
"അമ്മാ ഞാൻ ഈ ഫേസ്ബുക് ഗ്രൂപ്പിൽ വെറുതെ എന്തേലും കഥയോ കവിതയോ എഴുതിയാലോ എന്നാലോചിക്കുവാ ........."
അപ്പോൾ ഊണ് കഴിച്ചുകൊണ്ടിരുന്ന അമ്മ എന്നെ ഒന്ന് തുറിച്ചു നോക്കി ...
" എഴുതാനോ ...നീയോ,,,ഡാ ചെറുക്കാ എങ്ങനെയേലും ഈ കൊല്ലം തന്നെ എഞ്ചിനീയറിംഗ് പാസ് ആകാൻ നോക്ക്...ഈ എഴുത്തും കുത്തുമൊക്കെ വിവരമുള്ളവര്കും വേറെ പണി ഒന്നും ഇല്ലാത്തവർക്കും പറഞ്ഞിട്ടുള്ളതാ... നിനക്കിപ്പോൾ ശെരിക്കും പഠിക്കാനില്ലേ..അതെങ്ങനാ അങ്ങനെ ബുക്ക് എടുക്കണമെന്ന വല്ല വിചാരവുമുണ്ടോ...ബുക്കെടുത്താൽ ഷോക്കടിക്കില്ലേ നിനക്ക് ..ഇരുപത്തിനാലു മണിക്കൂറും ആ കുന്ത്രാണ്ടവും തോണ്ടി സ്വയം ബോധമില്ലാതെ ഇരിക്കലല്ലേ പരിപാടി..അഥവാ എന്തേലും സഹായത്തിനോ വല്ലതും വാങ്ങിക്കൊണ്ട് വരാനോ ഞാനോ അച്ഛനോ വിളിച്ചാൽ ചങ്കുകളെ കാണാനുണ്ട് ചക്കകളേ കാണാനുണ്ട് എന്നും പറഞ്ഞു കൊണ്ട് ആ ശകടവുമെടുത്ത കൊണ്ട് ഒരു പോക്കാണ്.. ആ നീയാണ് കഥ എഴുതാൻ പോകുന്നത്. ആദ്യം സ്വന്തം വീട്ടിനൊരു ഉപകാരിയാകു നീ "...........
എന്നും പറഞ്ഞു കൊണ്ട് അമ്മച്ചി പരാതി പെട്ടി അഴിച്ചു.. അല്ലേലും എന്റെ മമ്മി ഇപ്പോളും തനി നാട്ടിൻപുറത്തെ ഓൾഡ് ജനെറേഷൻ ആണ്.. കാലം മാറിയതോ ഒന്നും അറിയില്ല...
അടുത്തത് അച്ഛന്റെ ഊഴമാണ്..........
" ഡീ അവൻ എഴുതട്ടെടി.....ആൾക്കാർ സുനാമിയും ഭൂകമ്പവുമൊക്കെ വരുമ്പോൾ സഹിക്കുന്നില്ല.. അത്രക്കൊന്നും വരതില്ലലോ" എന്നും പറഞ്ഞു എന്നെ അച്ഛൻ സാറും ശെരിക്കു ട്രോളി .
"എടാ ഏട്ടാ എഴുത്തൊക്കെ ബുദ്ധിയുള്ളവർക് പറഞ്ഞിട്ടുള്ളതാ..അല്ലാതെ നിന്നെ പോലെ മരമാക്രികൾക്കുള്ളതല്ല "................
...... എന്നും പറഞ്ഞു അനിയത്തി കാന്താരിയുടെ ഡയലോഗും...എല്ലാര്ക്കും ഒരു ലോഡ് പുച്ഛം വാരിയിട്ടിയിട് ഞാൻ പോയി...എന്റെ വീട്ടിൽ ഇങ്ങനെയാ.. ചെറിയ കാര്യമാണെങ്കിലും പരസ്പരരം അങ്ങോട്ടും ഇങ്ങോട്ടും പങ്കു വെക്കുകയും കളിയാക്കുകയും ചെയ്യും,,,പോത്ത് പോലെ വളർന്നിട്ടും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്റെ അച്ഛനും അമ്മയും അനിയത്തിയും പിന്നെ നേരത്തെ പറഞ്ഞ ചങ്കുകളുമാണ്....
അങ്ങനെ ബുക്കും പേനയുമെടുത്തു ടെറസിൽ പോയി ചിന്താഗമനായി ഇരുന്നപ്പോളാണ് അനിയത്തി പിശാചിന്റെ വരവ്.. " ഡാ നീ എഴുതുന്നതൊക്കെ കൊള്ളാം . സ്വന്തം അക്കൗണ്ടിൽ നിന്നും എഴുതി പോസ്റ്റാൻ നിക്കണ്ടാ. വല്ല ഫേക്ക് ഐഡി യും ഉണ്ടാക്കിയിട്ട് അതിൽ നിന്നും പോസ്റ്റിക്കോ..സ്വന്തം പേരിൽ എഴുതി വെറുതെ നിനക്കുള്ള വില കൂടി കളയേണ്ട"
എന്നും പറഞ്ഞിട്ടവൾ കോക്രിയും കാണിച്ചിട്ട് പോയി . ആലോചിച്ചപ്പോൾ ശെരിയാണ് ....ഫേക്ക് ഐഡി ആകുമ്പോൾ ആളേം അറിയില്ല. എഴുതി കുളമായി കലിപ്പായാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട് മുങ്ങാം ഞാൻ സേഫ് ആകും . റിസ്ക് എടുക്കണ്ട .അങ്ങനെ ഒരു പെൺകുട്ടിയുടെ പേരിൽ തന്നെ ഐഡി തുടങ്ങാമെന്ന് കരുതി ഒരു സിനിമ നടിയുടെ ഫോട്ടോയും പ്രൊഫൈൽ പിക്ചർ ആയിട്ടു . എന്തായാലും ഫേക്ക് അല്ലെ . അങ്ങനെ മൊത്തത്തിൽ ഒരു സ്ത്രീ സാന്നിധ്യം വരുത്തി ആ അക്കൗണ്ടിൽ. അങ്ങനെ എന്റെ ആവേശം മൂത്തുഒരു വിഷയത്തെ കുറിച്ച് എന്തൊക്കെയോ എഴുതി ഒരു വിധമുള്ള സാഹിത്യ ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തിട്ട് എന്റെ ചങ്കുകളുടെ അടുത്തേക്ക് പോയി
വൈകിട്ടത്തെ ചുറ്റിത്തിരിയലും അത്താഴവുമൊക്കെ കഴിഞ്ഞു നേരെ റൂമിൽ വന്നു ഫേസ്ബുക് എടുത്ത് നോക്കി. വലിയ സാഹിത്യകാരനൊന്നുമല്ലാത്തതുകൊണ്ട് തുച്ഛമായ ലൈക്കുകളും മണ്ടുകളും മാത്രമേ കിട്ടിയുള്ളൂ. അതൊന്നും സാരമില്ല. എന്തായാലും ആഗ്രഹം പോലെ എഴുതി പോസ്റ്റിയല്ലോ.
അങ്ങനെ നോക്കിക്കൊണ്ടരുന്നപ്പോൾ അതാ ഏകദേശം പത്തു പന്ത്രണ്ടു ഫ്രണ്ട് റെക്‌സ്റ്റുകൾ .. ഇതൊക്കെ ആരാ ...ഞാൻ ഏതേലും കിളി ആയിരിക്കും എന്ന് കരുതിയാകും ഇത്രേം റെക്‌സ്റ്റുകൾ .. എനിക്ക് ചിരി വന്നു.. അങ്ങനെ ഫോൺ എടുത്ത് റെക്‌സ്റ്റുകൾ നോക്കികൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഒരെണ്ണം അക്‌സെപ്റ്റ് ചെയ്തു പോയി.....
ടച്ച് ഫോൺ അല്ലെ. എന്റെ കാന്താരി പെങ്ങള് ഒരിക്കൽ തല്ലുകൂടിയ സമയത് ഫോൺ എടുത്ത് ഒരൊറ്റ ഏറു . അതിനു ശേഷം ചിലപ്പോൾ ട്ടചുന്നിടത് ഫോൺ ട്ടച്ചതില്ല . ഇവിടെ തൊട്ടാൽ അവിടെയാകും പോയി നിക്കുന്നെ. അല്ലേലും ടച്ച് ഫോണൊക്കെ കൂടിപ്പോയാൽ ഒരു വര്ഷം വരെയൊക്കെ നല്ലതുപോലെ ഉപയോഗിക്കാം. അതിന്നു ശേഷം പിന്നെ നമ്മുടെ കയ്യിൽ നിക്കത്തില്ലാ........
അത് കൊണ്ട് അബദ്ധത്തിൽ അക്‌സെപ്റ് ചെയ്ത റിക്വസ്റ്റ് ഞാൻ ക്യാൻസൽ ചെയ്തു. എന്റെ ഒറിജിനൽ അക്കൗണ്ട് ആയാൽ പോലും ആവശ്യമുള്ളവരെ മാത്രമേ ഫ്രണ്ട് ആക്കത്തുള്ളൂ,,വയ്യാവേലികൾ വരുത്തി വെക്കാറില്ല..
അപ്പോളതാ ഫ്രണ്ട് റിക്വസ്റ്റ് അയച്ച പുള്ളിക്കാരൻ ഇൻബോക്സിൽ പച്ചവെളിച്ചം തെളിച്ചു...
"ഹായ്"
ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല. അതിന്റെ ആവശ്യമില്ലെന്നു തോന്നി..
അപ്പോൾ അതാ വീണ്ടും പച്ചവെളിച്ചം
"ഹലോ."...
"മിണ്ടൂലേ".............
എന്നും പറഞ്ഞുകൊണ്ട് അതാ വീണ്ടും തുരുതുരാ മെസ്സേജുകൾ........
എനിക്ക് ചിരി ആണ് വന്നത്..... പാവം ചേട്ടൻ.. വല്ല കുമാരിമാരാകുമെന്ന് കരുതിയാകും മുട്ടിനോക്കുന്നേ. നമുക്കല്ലേ അറിയു കുമാരി അല്ല കുമാരനാണെന്നുള്ള സത്യം. ആദ്യമൊക്കെ മൈൻഡ് ചെയ്യണ്ടെന്ന് കരുതി . വെറുതെ എന്തിനാ സമയം കളയുന്നെ. ആശാൻ മടുക്കുമ്പോൾ പൊക്കൊളുമെന്നു വിചാരിച്ചു ..... പക്ഷെ എന്നെ വിടുന്ന ഒരു ലക്ഷണവുമില്ല....
"എന്തെ ഒന്നും മിണ്ടാതെ"...........
അതാ വീണ്ടും മെസ്സേജുകൾ..
ഏതോ സിനിമയിൽ പറയുന്ന പോലെ വെറുതെ ചേട്ടനെ സുഖിപ്പിക്കുവാനായിട്ട് തവിടും പിണ്ണാക്കും ഇട്ടു കൊടുത്താലോ എന്ന് ചിന്തിച്ചു ...ഇതൊക്കെയല്ലേ രസം ... പണ്ട് ട്യൂട്ടിഷൻ സാറന്മാരെയൊക്കെ നമ്പർ തപ്പിപിടിച്ചു പെണ്ശബ്ദത്തിൽ ലൈൻ അടിക്കാൻഞാനും ചങ്കുകളും നോകിയ പോലെ ...വെറുതെ ഒന്ന്ആ സുഖിപ്പിച്ചാലോ എന്നു തോന്നി ..ഇതൊക്കെയല്ലേ അതിന്റെ ഒരു രസം ... വെറുതെ ഓരോന്നും ആലോചിച്ചിരുന്നപ്പോൾ അതാ ആ മഹാന്റെ പല സ്റ്റൈലിലുള്ള ഫോട്ടോസ്.. മാത്രവുമല്ല മെസ്സേജ് അയക്കുന്നതിന്റെ ട്യൂണും മാറുന്നു.
"എന്താ ജാടയാണോ?"........ അടുത്ത മെസ്സേജ്
പെട്ടെന്നെന്തോ എനിക്ക് അനിയത്തികുട്ടിയെ ഓർമ്മ വന്നുപോയി.. ആരെങ്കിലും അവൾക്കാണ് ഇത് പോലത്തെ മെസ്സേജുകൾ അയക്കുന്നതെങ്കിലോ എന്നൊക്കെ ചിന്തിച്ചു കൂട്ടി...എന്നിൽ സദാചാര ബോധം ഉണർന്നു ... വെറുതെ അല്ല ഫേസ്ബുക്കിലെ എഴുത്തുകാരികൾ അവരുടെയൊക്കെ ടൈംലൈനിൽ തന്നെ കളിയ്ക്കാൻ വന്നാൽ ബ്ലോക്കാക്കി കളയുമെന്നും മറ്റുമൊക്കെ പോസ്റ്റിയേക്കുന്നെ.. അതൊക്കെ പെട്ടെന്ന് കാണുമ്പോൾ ജാഡയാണെന്നല്ലേ കരുതുള്ളു...ഒരു ഫെകന്റെ അവസ്ഥ ഇങ്ങനാണേൽ ഒറിജിനൽ ഇതിലും ജഗപൊകയായിരിക്കും......
ഓരോന്നും ആലോചിച്ചപ്പോൾ പുള്ളിയെ ഒന്ന് കളിപ്പിച്ചാലോ എന്ന് കരുതി. വെറുതെ .....എന്റെ മമ്മി സ്റ്റൈൽ എടുക്കാമെന്ന് വിചാരിച്ചു....
" എന്താ മോനെ സുഖമല്ലേ"
എന്ന് ടൈപ്പ് ചെയ്ത് അയച്ചു...
" മോനോ.. എന്താ ചെല്ലകിലി മോനെന്നൊക്കെ വിളിക്കുന്നെ" എന്നെ ഇഷ്ടപ്പെട്ടോ??"
പിന്നെ ഇഷ്ടപ്പെടാൻ പറ്റിയ മുതല്.. പ്രൊഫൈൽ ഫോട്ടം കണ്ടിട്ട് തന്നെ ഒരു ലോഡ് പുച്ഛം തോന്നി....കൂതറ ..
" ഇഷ്ടപ്പെട്ടു.. എന്തോ എന്റെ ഇളയ മോനും നിന്റെ അതെ പ്രായം വരും".........
"ഇളയ മോനോ"....????
"അതേടാ മക്കളെ. എനിക്ക് മൂന്നു മക്കളാ.. രണ്ട് ആണും ഒരു പെണ്ണും. രണ്ടാമതൊന് ഏകദേശം നിന്റെ പ്രായമാ..."
കുറച്ചു നേരത്തേക്ക് അപ്പുറത് അനക്കമൊന്നുമില്ല..
" അല്ല ഈ പറഞ്ഞത് സത്യമാണോ? "
"എന്ത്?"
"എന്റെ പ്രായത്തിലുള്ള മകനുണ്ടെന്ന്.."
"ഞാൻ എന്തിനാ കൊച്ചനെ നുണ പറയുന്നേ...3 മക്കളും വലുതായി അവരുടേതായ തിരക്കുകളില്ലാ ഇപ്പോൾ... ഭർത്താവ് റിട്ടയർ ആകാൻ ഒരു വര്ഷം കൂടി ഉണ്ട്.. വീട്ടിൽ ഒറ്റക് ബോറടിച്ചപ്പോൾ മകളാണ് ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്ത് തന്നത്.."
വീണ്ടും അപ്പുറത് ആശാന്റെ അനക്കമൊന്നുമില്ല.. പാവം പുള്ളിക്കാരന്റെ പ്രതീക്ഷ തെറ്റിയത് കൊണ്ടാകും .ഞാനും ചങ്കുകളും കേട്ട് മടുത്ത മാതാശ്രീടെ കുറെ ഉപദേശങ്ങൾ ഓർമ്മ വന്നു.. അത് വെച്ചു കാച്ചമെന്ന് കരുതി.... നിങ്ങൾ കരുത്തും ഒരു ആൺ കുട്ടടിയായ ഞാൻ എങ്ങനെ അതുപോലെയൊക്കെ ഉയർദേശിക്കുമെന്നു? .മാതാശ്രീയും വെറുപ്പിക്കാൻ തുടങ്ങിയാൽ അസ്സല് വെരുപ്പീരാണ് . അത് പേടിച്ചു എന്റെ ചങ്കുകള് പോലും വീട്ടിലേക്കു വരുന്നത് കുറവാ....
" കൊച്ചനെ ഏതേലും പെമ്പിള്ളേർ ഫേസ്ബുക്കിൽ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്താൽ ഇങ്ങനെ വെറുപ്പിക്കാൻ നിക്കണോ..? മോശമല്ലേ ... ഇക്കാലത്തു പെമ്പിള്ളേർടെ പേരിൽ ആമ്പിള്ളേരും ആമ്പിള്ളേർടെ പേരിൽ പെമ്പിള്ളേരുമാ അക്കൗണ്ടുകൾ എടുക്കുന്നെ...സ്വയം സൂക്ഷിച്ചാൽ കുഴിയിൽ ചാടണ്ടാ"
എന്നും പറഞ്ഞ എന്റെ വക വെറുപ്പിക്കൽസ് തുടങ്ങി ....
"അത് കൊണ്ട് ഇനി എനിക്ക് മെസ്സേജ് അയക്കാൻ നിക്കണ്ട കേട്ടോ.. ഈ ചാറ്റിങ്ങിലോന്നും എനിക് താല്പര്യമില്ല" എന്നും കൂടി കൂട്ടിച്ചേർത്തു...
കുറെ നേരത്തെക്ക് പിന്നേം അനക്കമില്ലാർന്നു.. ആശാൻ പോയികാണുമെന്ന് കരുതി ഫോൺ വെച്ചപ്പോൾ ദാ മെസ്സേജ് നോട്ടിഫിക്കേഷൻ ട്യൂൺ വീണ്ടും...
" അല്ല ചേച്ചി.. ബോറഡി മാറ്റണമെങ്കിൽ ഞാൻ കമ്പനി തരാം. എനിക്ക് മെസ്സേജ് അയച്ചാൽ മതി."
എന്നും പറഞ്ഞ പിന്നേം ശ്രീങ്കരിക്കാൻ വന്നു ......
ദേവിയേ... ഇതൊരു നടക്കും പോണ ലക്ഷണമില്ലലോ..എന്നെ പോലത്തെ നല്ല ചെക്കാന്മാരേം പറയിപ്പിക്കും.. കിളവികളേം വിടത്തില്ല തെണ്ടികൾ.. ഈ സാഹിത്യ ഗ്രൂപ്പുകളിലെ മഹിളാരത്നങ്ങളെ സമ്മതിക്കണം.. ഈ ഞരമ്പന്മാരെ സഹിക്കുന്നതിൽ.. എന്ന് പിറുപിറുത്തുകൊണ്ടിരുന്നപ്പോൾ അപ്പുറത് പിന്നേം ചാളുവടികൾ...
എന്തോ.. ഇത്തവണ ഒന്ന് ശെരിക്ക് വിരട്ടണമെന്ന് തോന്നി.. ഒന്ന് ശ്രമിച്ചു നോക്കാം
"ഡാ ചെക്കാ.. നിനക്ക് പറഞ്ഞാൽ മനസിലാകില്ലേ.. നിനക്കു കൊഞ്ചികുഴയാണ് ഈ കിളവിയെ കിട്ടിയോളു... നിന്നെപോലുള്ളവരാ പെമ്പിള്ളാരെ സ്വസ്ഥമായി ഫേസ്ബുക് ഉപയോഗിക്കാൻ സമ്മതിക്കാത്തത്.. നല്ല ചെക്കന്മാരേം നീ പറയിപ്പിക്കും.. ഇനി നീ എനിക്ക് മെസ്സേജ് അയച്ചാൽ നീ വിവരമറിയും"
"ചൂടാവല്ലേ ചേച്ചി... എന്റെ കൂടെ കമ്പനി ആകുമ്പോൾ ഈ ചൂടൊക്കെ മാറും"
ഇത്തവണ എനിക്ക് ശെരിക്കും കലി വന്നു...
"ഡാ നീ എന്താ എന്നെക്കുറിച്ചു കരുതിയെ.. എന്റെ മൂത്തമകൻ സൈബർ സെല്ലിലാ പണി ചെയ്യുന്നേ.. അവന്റെ ഒരുപാട് സുഹൃത്തുകൾ പോലീസിലും ഉണ്ട്... ഇനി നീ കൊഞ്ചാൻ നിന്നാലുണ്ടല്ലോ.. നീ എവിടെയാണോ അവിടെ വന്നു പോലീസ് ഏമാന്മാർ അര മണിക്കൂറിനകം തന്നെ പൊക്കിക്കൊണ്ട് പോകും.. കാണണോ നിനക്ക്.. എന്റെ കമ്പ്യൂട്ടറിൽ ഒരു സോഫ്റ്റ്‌വെയർ ഉണ്ട്.. അത് വെച്ചു ഫേസ്ബുക് അക്കൗണ്ടിൽ നിന്നും നിന്റെ സകല ഡീറ്റൈൽസും ചോർത്താൻ പറ്റും. ഫേക്ക് ആണെകിൽ ഒർജിനൽ കണ്ടുപിടിക്കാനും പറ്റും..ഇപ്പോൾ ഭർത്താവിന്റെ രഹസ്യങ്ങൾ അയാളുടെ മൊബൈൽ വഴി ചോർത്തിയ ഭാര്യയുടേം കാമുകൻറേം വാർത്ത കേട്ടലോ നീ.. അതുപോലെ എന്നെ കൊണ്ടും പറ്റും... നീ ഈ അയച്ച മെസ്സേജസ് എല്ലാം ഇപ്പോത്തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് നെറ്റിൽ ഇടും..പിന്നെ അറിയാലോ ഇപ്പോഴത്തെ പുതിയ പിള്ളേര് മതി നിന്നെയൊക്കെ ഫേസ്ബുക് വഴി നാറ്റിച്ചു ഒരു വഴി ആക്കാൻ .പിന്നെ പോലീസ് പിടിച്ചാൽ അറിയാല്ലോ... പിഴയും തടവും... മക്കളത്തിനെല്ലാം തയാറായിക്കോ...ഞാൻ ദാ എന്റെ മോനെ വിളിച്ചറിയിക്കാൻ പോകുവാ...എവിടാണെലും നിന്നെ പോക്കുമിപ്പോൾ"
എന്തോ.. ആ സമയത്തു എന്റെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു ഈ കള്ളത്തരങ്ങളൊക്കെ എന്റെ മനസ്സിൽ വന്നു...അങ്ങനെയാ ടൈപ്പ് ചെയ്തു വിട്ടത്...പാവം .....
" അയ്യോ... പൊന്നമ്മച്ചി... ചതിക്കല്ലേ... പേരുകണ്ടപ്പോൾ ഏതേലും പെമ്പുള്ളരാണെന്ന് കരുതി വെറുതെ സൊള്ളാൻ വന്നതാ.. എനിക്ക് ഭാര്യേം രണ്ടു മക്കളുമാ.. ഞാൻ അയച്ച ഫോട്ടോസ് ഒന്നും എന്റെ അല്ല... പോലീസും കേസും ആയാൽ പിന്നെ എന്നെ പെണ്ണുംപിള്ള വെറുതെ വിടത്തില്ല ...ഈ പണിക്ക് ഇനി ഞൻ ഇറങ്ങുല....സത്യമായിട്ടും ഇനി അറിയാത്ത ആർക്കും റിക്വസ്റ്റ് അയക്കത്തില്ല.. ഉപദ്രവിക്കല്ലേ അമ്മച്ചിയ്...."
എന്നും പറഞ്ഞു അവൻ എന്നെ ബ്ലോക്ക് ആക്കിയിട്ടു പോയി...
അല്പം കഴിഞ്ഞപ്പോൾ ആളിന്റെഅക്കൗണ്ടും ഡീആക്ടിവട്ടെ ആയെന്ന് തോന്നണു...
എന്തായാലും ഈ ഫേക്കന് ഒരു ഞരമ്പനെ തുരത്താൻ കഴിഞ്ഞല്ലോ എന്നാലോചിച്ചു ചിരിച്ചു കൊണ്ട് ഞാൻ എന്റെ ബെഡിലേക്ക് വീണു.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot