Slider

കുഞ്ഞാറ്റ

0
Image may contain: 1 person, closeup and indoor

ചിൽ... ചില്... ചിൽ.., രാവിലെ പത്രം വായിച്ചിരിക്കുമ്പോഴാണ് ആ ശബ്‌ദം കേട്ടത്.. പ്രതേകിച്ചു ഒന്നും തോന്നിയില്ല.. എന്നാൽ വീണ്ടും അതേ ശബ്‌ദം ചിൽ.. ചിൽ.. ഞാൻ ജനാലവഴി പുറത്തേയ്ക്ക് നോക്കി. അപ്പോഴതാ കാർ പോർച്ചിൽ വലിച്ചുകെട്ടിയ അഴയിൽ ചാടിക്കളിക്കുന്നൊരു കുരുവി. നല്ല കാഴ്ച്ച.. ഞാൻ നോക്കിനിന്നു ഏറെനേരം.
കുരുവി എന്നുപറഞ്ഞാൽ ഇത്തിരിയോളം പോന്ന ഒന്ന്. അടയ്ക്ക കുരുവി എന്നും തൂക്കനാം കുരുവി എന്നുമൊക്കെ പേരുള്ള ഒന്ന്. കറുപ്പും ഇടയ്ക്ക് വെളുപ്പും കലർന്ന തൂവൽ. നീളമേറിയ ചുണ്ട് അൽപം വളഞ്ഞത്. കുഞ്ഞിക്കണ്ണുകൾ ആകെമൊത്തം കാണാൻ നല്ല ചന്തം.
അങ്ങനെ കുഞ്ഞൻ കുരുവി ചിൽ ചിൽ ശബ്‌ദത്തോടൊപ്പം മറ്റൊരു ശബ്‌ദവും പുറപ്പെടുവിക്കുന്നുണ്ട്. ഒപ്പം എന്തോ തിരച്ചിലും നടത്തുന്നു. ഇടയ്ക്ക് എന്നെ നോക്കി തല ചെരിച്ചു ചിലച്ചു.. പിന്നെ പറന്നുപോയി. ഞാനും പത്രവായന മതിയാക്കി എന്റെ ജോലിയിലേക്ക് കടന്നു.. പിന്നെ ഞാൻ വീണ്ടും കേട്ടു ആ ചിൽ വിളി ഉച്ചയ്ക്ക് ചോറുണ്ടു കൊണ്ടിരുന്നപ്പോൾ. അപ്പോൾ കാണുന്നു രാവിലത്തെ കുഞ്ഞിക്കുരുവി അഴയുടെ തൂങ്ങികിടക്കുന്ന തുമ്പത്ത് നാരുകൾ കൊരുത്തു വയ്ക്കുന്നു. അയ്യോടാ.. ഇതിവിടെ കൂടുണ്ടാക്കാൻ പോവാണോ. ? അതേ കൂടുണ്ടാക്കൽ തന്നെ. ഒരു നാരുകൊണ്ടുവരുന്നു പിന്നെ പറന്നുപോയി കുറച്ചുകഴിഞ്ഞു വേറൊരു നാരുമായി വീണ്ടും വരുന്നു. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. ഞാനിടയ്ക്കിടെ കൂടിന്റെ പണി എന്തായി എന്നുനോക്കും.
അങ്ങനെ മൂന്നു ദിവസംകൊണ്ട് കൂടുപണി പൂർത്തിയാക്കി അവൾ താമസം ആരംഭിച്ചു. ഞാനവൾക്ക് കുഞ്ഞാറ്റ എന്ന പേരുകൊടുത്തു. ആദ്യമൊക്കെ അവൾ എന്നെ കാണുമ്പോൾ പറന്ന് പോകുമാരുന്നു. പിന്നീട് ഞാനൊരു ഉപദ്രപകാരിയല്ലന്നു അവൾക്ക് മനസ്സിലായി. കുഞ്ഞാറ്റേ... എന്ന് ഞാൻ ചിലപ്പോഴൊക്കെ നീട്ടി വിളിക്കും. അപ്പോളവളെന്നെ തലചെരിച്ചുനോക്കും. ഞങ്ങളുടെ സ്നേഹം നോട്ടത്തിലും , വിളിയിലും തുടർന്നു കൊണ്ടിരുന്നു..
ഏതാനും ദിവസങ്ങൾ കടന്നുപോയി. ഒരു വൈകുന്നേരം കുഞ്ഞാറ്റയുടെ കൂട്ടിൽ നിന്നും വളരെ നേർത്തൊരു ചിൽ , ചിൽ ശബ്‌ദം. ഞാനോടി ജനാലയ്ക്കൽ ചെന്നു. അപ്പോ അതാ രണ്ട് കുഞ്ഞിത്തല കൊക്ക് വിടർത്തി പുറത്ത് കാണാവുന്ന രീതിയിൽ ഇരിക്കുന്നു . ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്റെ കുഞ്ഞാറ്റ അമ്മയായിരിക്കുന്നു . അതും രണ്ടുകുഞ്ഞുങ്ങളുടെ.. ആ സന്തോഷത്തിൽ ഞാൻ അയൽവാസികൾക്കും , കൂട്ടുകാർക്കും ലഡു വിതരണം നടത്തി.. !
എപ്പോഴും എന്റെ നോട്ടം കൂട്ടിലേയ്ക്കാരുന്നു. കാരണം കുഞ്ഞാറ്റ തീറ്റ തേടിപോകുകയും തിരികെ കൊക്കിൽ കരുതിയ തീറ്റ മക്കളുടെ കൊക്കിലേയ്ക്ക് വളരെ സൂഷ്മതയോടെ നൽകുന്നതും കാണുമ്പോ അതിന്റെ കരുതലിനെ പറ്റി ഞാനോർക്കും. കുഞ്ഞങ്ങൾക്ക് ഞാൻ പേരിട്ടു. ' മിന്നു , റ്റിന്നു ' . കുഞ്ഞാറ്റയും മിന്നുവും , റ്റിന്നുവും എന്റെ ദിനങ്ങൾ സന്തോഷമുള്ളതാക്കി... !
ഒരുദിവസം രാവിലെ ഞാനുറക്കമുണർന്നത് കുഞ്ഞാറ്റയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ്. നോക്കിയപ്പോൾ കാണുന്നു കുഞ്ഞാറ്റ അഴയിൽ വട്ടത്തിൽ കറങ്ങി വല്ലാത്ത ശബ്‌ദത്തിൽ കരയുന്നു. കൂടിനടുത്തുചെന്നു എത്തിനോക്കുന്നു. വീണ്ടും കരയുന്നു. കൂട്ടിലേക്ക്‌ ഞാനും നോക്കി, കൂട് മുഴുവൻ ഉറുമ്പിനാൽ പൊതിയപ്പെട്ടിരിക്കുന്നു. അയ്യോ..., എന്ന കരച്ചിലോടെ ഞാൻ കസേര കൊണ്ടിട്ട് അതിന്മേൽ കയറിനിന്ന് കൂട്ടിലേക്ക്‌ എത്തിനോക്കി. ഒന്നേ നോക്കാൻ എനിക്കായുള്ളൂ. എന്റെ മിന്നുവും , റ്റിന്നുവും ജീവനില്ലാതെ ഉറുമ്പു കടിയേറ്റ് കിടക്കുന്നു. എനിക്ക് സഹിക്കാനായില്ല. കുഞ്ഞാറ്റയുടെ നിലവിളി ഉച്ചത്തിലായി. അടുത്തുള്ള ചെടിയിലും , കാറിന്റെ മുകളിലും എല്ലാം പറന്ന് പറന്നിരുന്നു അലമുറയിടുന്നു.. കുഞ്ഞാറ്റ കൊണ്ടുവന്ന എന്തോ പഴത്തിന്റെ ചെറിയൊരു ഭാഗം തറയിൽ വീണുകിടക്കുന്നു . എന്റെ ഹൃദയം നുറുങ്ങി പാവങ്ങൾ ഞാനെത്ര താലോലിച്ചതാ അവയേ... കുഞ്ഞാറ്റ ഒരു പകല് മുഴുവൻ കരഞ്ഞു നിലവിളിച്ചു കൂടിനുചുറ്റും പറന്നു. പിന്നീടെപ്പോഴോ പറന്നുപോയി.. !
ഇന്നിപ്പോൾ ഒരു വർഷമായി മിന്നുവും , റ്റിന്നുവും പോയിട്ട്. പക്ഷിയായാലും, മൃഗമായാലും , മനുഷ്യനായാലും മക്കളെ നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഒരുപോലെയാണ്. സമനില തെറ്റിയുള്ള കുഞ്ഞാറ്റയുടെ രൂപം എനിക്കിന്നും മറക്കാനായിട്ടില്ല..!
എന്റെ കുഞ്ഞാറ്റ അന്നൂപോയതിൽ പിന്നെ ഇന്നുവരെ മടങ്ങി വന്നിട്ടില്ല.,
പുറത്ത് ഓരോ പക്ഷിയെ കാണുമ്പോഴും ഞാനെന്റെ കുഞ്ഞാറ്റയെ തേടും. ചിൽ.. ചിൽ.. ശബ്‌ദവുമായി അവൾ ഒരിക്കൽ കൂടി വന്നെങ്കിൽ..., കുഞ്ഞാറ്റേ... ഞാൻ കാത്തിരിക്കുന്നു , കാതോർക്കുന്നു ചിൽ.. ചിൽ നാദം കേൾക്കുവാൻ..,നിന്നെയൊന്നു കാണുവാൻ.. !!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo