
ഫേസ്ബുക്കിനെയും, ഇൻസ്റ്റാഗ്രാമിനെയും ഒക്കെ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിൽ ഒരിക്കലും നല്ല സൗഹൃദങ്ങൾ, പ്രണയങ്ങൾ എന്തിനു വ്യക്തിബന്ധങ്ങൾ പോലും ഉണ്ടാകില്ല എന്നടിയുറച്ചു പറയുന്നവർ അറിയുവാനായി. കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് ഒരു പെൺകുഞ്ഞു ജനിച്ചു സുന്ദരിക്കുട്ടി. ഞാനും എന്റെ ഭാര്യയും സന്തോഷത്തിൽ മതി മറന്നുല്ലസിച്ചു.ഗൾഫിൽ നിന്നു നേരെ ലാൻഡ് ചെയ്തതും പ്രസവ വാർഡിന്റെ മുൻപിലേക്കായിരുന്നു.
ഇതും സോഷ്യൽ മീഡിയയും തമ്മിൽ എന്തു ബന്ധം എന്ന് ചിന്തിക്കാൻ വരട്ടെ.
ഇനി കഥയിലേക്ക് കടക്കാം. പ്രശാന്ത സുന്ദരമായ കൊച്ചി. നിങ്ങൾ മനസ്സിൽ കരുതുന്ന കൊതുകും, നാറ്റവും ഒന്നും ഞങ്ങൾ കൊച്ചിക്കാർക്ക് ഒരു പ്രശ്നമേ അല്ല. കൊച്ചി നമ്മുക്ക് എന്നും കൊച്ചിയാണ്. അറബിക്കടലിന്റെ രാജ്ഞി. എന്റെ ജീവിതത്തിന്റെ ഒട്ടു മിക്ക പ്രാധാന്യം ഉള്ള കാര്യങ്ങൾ ഒക്കെ നടന്നിട്ടുള്ളത് ഇവിടെ വച്ചു തന്നെയാണ്.
ആദ്യ പ്രണയം, ആദ്യ തേപ്പ്, നിരാശ, വീണ്ടും പ്രണയം അങ്ങനെ കുറെ എപ്പിസോഡ് കഴിഞ്ഞു ഒടുവിൽ വിവാഹം, ദേ ഇപ്പോൾ എന്റെ മോൾ. എന്റെ ജീവശ്വാസം..വിശ്വസിക്കാൻ പറ്റണില്ല ഞാൻ ഒരു അപ്പനായി എന്ന്. ഞാൻ ഇപ്പോൾ നില്കുന്നത് ഹോസ്പിറ്റലിൽ ആണ് ഇന്ന് കുഞ്ഞിനേയും അമ്മയെയും വീട്ടിലേക്കു കൊണ്ട് പോകും.
ഭീമമായ ആ തുക സന്തോഷത്തോടെ കൗണ്ടറിൽ അടച്ചു ഞാൻ വേഗം വാർഡിലേക്ക് ചെന്നു. അവിടെ അവളും കുഞ്ഞും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അയ്യോ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ കരുതി. മനുഷ്യ ജീവിതത്തിലെ ചടങ്ങുകളും ആളുകളെ ബോധിപ്പിക്കലും തീർന്നു എന്ന്. പക്ഷെ എന്റെ മോൾ അവളുടെ അമ്മയുടെ ഗർഭപാത്രത്തിൽ ജീവൻ പ്രാപിച്ചപ്പോഴേ തുടങ്ങി. ആചാരങ്ങളുടെ വെടികെട്ടു. വള കപ്പ്, വയറു കാണൽ എന്ന് തുടങ്ങി ഒട്ടനവധി ചടങ്ങുകൾ. പലഹാരത്തിന്റെ എണ്ണം പോലും ചടങ്ങിന്റെ ഭാഗമാണ്.
എന്തിനു ഏറെ പറയുന്നു. എപിഡ്യൂറൽ വേണം എന്ന് അവൾ പറഞ്ഞപ്പോൾ പോലും വീട്ടിൽ ഒരു കോലാഹലം ആയിരുന്നു. കോഴിക്കോട് നിന്നും മൂത്തുമ്മ, മലപ്പുറത്തു നിന്നും കൊച്ചാപ്പ. എല്ലാവരും ഉപ്പയുടേം ഉമ്മയുടേം ചെവി തിന്നു . സ്ത്രീ വേദന അറിഞ്ഞു തന്നെ പ്രസവിക്കണം പോലും. എപിഡ്യൂറൽ എന്താണെന്നു ചോദിച്ചപ്പോൾ കണ്ണുരുട്ടി കൊച്ചാപ്പ. അതൊക്കെ പോട്ടെ പറഞ്ഞു വന്നത് സോഷ്യൽ മീഡിയ ....
ആദ്യ പ്രണയം പൊളിഞ്ഞു ലോകത്തോട് മുഴുവൻ വെറുപ്പായി നടന്നിരുന്ന സമയം.കൊച്ചിയിലെ മച്ചാന്മാരുടെ കൂടെ എം സി ആർ എന്റെ പ്രണയിനി ആയി മാറി. ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി. ലക്ഷ്യം മറ്റൊന്നും അല്ല. പ്രേമിച്ചു വലിപ്പിക്കുക്ക. എല്ലാ പെണ്ണുങ്ങളെയും തേക്കുക. അങ്ങനെ ഇൻസ്റ്റാഗ്രാമിൽ വിലസിയിരുന്ന നാളുകളിൽ അവളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. എന്റെ ഫോട്ടോകൾക്ക് അടിയിൽ കമന്റ് പിന്നെ ലൈക്.
ഒടുവിൽ എന്നോട് ഇൻബോക്സിൽ മിണ്ടി. ഗേൾ ഫ്രണ്ട് ഉണ്ടോ ചോദിച്ചപ്പോൾ. തേപ്പിന്റെ കഥപറഞ്ഞു. ആ കഥയേക്കാൾ അവൾ കേട്ടത് എന്റെ മനസിന്റെ നീറ്റൽ ആണ്. എന്റെ ഈഗോ അതിനു ഏറ്റിരുന്നു മുറിവ് വച്ചു കെട്ടാൻ അവൾ ഒരു മാർഗം നിർദ്ദേശിച്ചു. വായിക്കുക. പുസ്തകങ്ങൾ അവൾ നൽകും. അതു ഞാൻ വായിക്കണം.
അങ്ങനെ അവളെ കാണാം എന്ന് ഞാൻ കരുതി പക്ഷെ അവിടെയും എന്റെ ആഗ്രഹം നടന്നില്ല ഒരു വീടിന്റെ മതിലിൽ ബുക്ക് വച്ചു അവൾ എടുത്തോളാൻ പറഞ്ഞു. ആ പുസ്തകം ഞാൻ എടുത്തു പകരം ഒരു ഡയറി മിൽക്ക് വച്ചു.
അറിഞ്ഞോ അറിയാതെയോ എന്റെ അറിവ് വർധിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചപ്പോൾ കൂടുതൽ ഇംഗ്ലീഷ് പറയുവാൻ എനിക്ക് ധൈര്യം ലഭിച്ചു. ഞാൻ ആകെ മാറി.
അങ്ങനെ അങ്ങനെ അതു വളർന്നു സൗഹൃദമായി പിന്നെ പ്രണയമായി. ഒടുവിൽ അവളുടെ വീട്ടുകാരും എതിർത്തപ്പോൾ. ഒരു തേപ്പു പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ചോദിച്ചു.
"വിളിച്ചോണ്ട് പോകുമോ അതോ ഞാൻ ഇറങ്ങി വരണോ? ".
"വിളിച്ചോണ്ട് പോകുമോ അതോ ഞാൻ ഇറങ്ങി വരണോ? ".
അപ്പോൾ മനസ്സിൽ ലഡ്ഡു അല്ല ആറ്റം ബോംബ് ആണ് പൊട്ടിയത്. അപ്പോൾ തോന്നിയ വികാരത്തെ പേനകൊണ്ട് പകർത്തുവാൻ എനിക്ക് ആകും എന്ന് തോന്നുന്നില്ല. ഇലവൻ കെവി ലൈൻനിൽ പിടിച്ചപോലെ.
എന്തായാലും ഒടുവിൽ രണ്ടു വീട്ടുകാരും സമ്മതിച്ചു വിവാഹം നടന്നു. ഇന്ന് ഞങ്ങളുടെ സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകമായി ഒരു സുന്ദരി മോളും ഉണ്ട്.
***ജിയ ജോർജ് ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക