
ജബ് ദിൽ ഹെ ജൂട്ട് ഗയാ...
ജബ് ദിൽ ഹെ ജൂട്ട് ഗയാ..
ഹം ജീക്കേ ക്യാ കരേങ്കേ
ഹം ജീക്കേ ക്യാ കരേങ്കേ
ജബ് ദിൽ ഹെ ജൂട്ട് ഗയാ
ജബ് ദിൽ ഹെ ജൂട്ട് ഗയാ'
ജബ് ദിൽ ഹെ ജൂട്ട് ഗയാ..
ഹം ജീക്കേ ക്യാ കരേങ്കേ
ഹം ജീക്കേ ക്യാ കരേങ്കേ
ജബ് ദിൽ ഹെ ജൂട്ട് ഗയാ
ജബ് ദിൽ ഹെ ജൂട്ട് ഗയാ'
അയാൾ മതിമറന്ന് പാടുകയാണ്..ചുറ്റും കാണികളായി വളരെ കുറച്ചു പേർ..മറ്റ് തെരുവ് ഗായകരെ പോലെ കൈയിൽ മൈക്കോ ടേപ്പ് റിക്കോർഡറോ ഇല്ല...തൻ്റെ വലതു കൈയിൽ പിടിച്ചിരിക്കുന്ന പഴയൊരു വയലിൻ്റെ കമ്പിയിൽ ഇടതു കൈയിലേ ബോ കൊണ്ട് അയാൾ മാന്ത്രികത സൃഷ്ടിക്കുന്നു..മെലിഞ്ഞുണങ്ങിയ രൂപം ,ഒട്ടിയ കവിളിൽ നരച്ച താടി രോമങ്ങൾ,കീറി അഴുക്കു പിടിച്ച പാൻ്റസും ഷർട്ടും..നഗ്നമായ പാദങ്ങൾ...രൂപം കണ്ടാൽ തന്നെയറിയാം കുളിച്ചിട്ട് തന്നെ എത്രയോ ദിവസമായെന്ന്..ഒരു ചെറു കാറ്റു വന്നാൽ പോലും മറിഞ്ഞു വീഴാവുന്ന ആ ശരീരത്തിൽ നിന്നാണോ ഇത്ര മധുരമായ ഒരു ഇടർച്ചയും ഇല്ലാത്ത ശ്രുതി മധുരമായ പാട്ട് ഉയരുന്നത്...
മുന്നിൽ വിരിച്ചിരിക്കുന്ന പഴകിയ തുണികഷ്ണത്തിൽ ആരൊക്കെയോ ചില്ലറകൾ ഇടുന്നുണ്ട്...അതൊന്നും അയാളെ ബാധിക്കുന്നതേയില്ല..അയാളുടെ കൈയിലുള്ളത് വയലിൻ തന്നെയാണോ അതോ മാന്ത്രികദണ്ഡോ?
ആ ആൾക്കൂട്ടത്തിൻ്റെ അരികിലേക്ക് ഒരു കാർ പതുക്കെ വന്നു..
"മനു വണ്ടിയൊന്ന് നിർത്തു"
"ശരി സാർ"
കാറിൽ നിന്ന് സുമുഖനായ ഒരു യുവാവ് പുറത്തിറങ്ങി..കൂടി നിന്നവർ ആ യുവാവിനെ കണ്ട് ആശ്ചര്യപ്പെട്ടു..അവരുടെ ഇടയിൽ ഒരു മർമ്മരം രൂപപ്പെട്ടു..
'സിദ്ധാർത്ഥ്'
സിനിമാ പിന്നണി ഗാനരംഗത്തെ പുതു നക്ഷത്രം.. പാടിയ പാട്ടുകൾ എല്ലാം ഹിറ്റുകളാക്കിയ മാന്ത്രിക ശബ്ദത്തിനുടമ....പി.ജയചന്ദ്രന് ശേഷം മലയാളക്കര കണ്ട ഭാവ ഗായകൻ..
സിദ്ധാർത്ഥ് ആ തെരുവ് ഗായകൻ്റെ അടുത്തേക്ക് നടന്നു..ഈ ശബ്ദം ഇതിന് മുമ്പ് താൻ എവിടെയോ കേട്ടിട്ടുണ്ട്....തൻ്റെ കാതുകളിൽ അതിൻ്റെ അലയൊലികൾ ഇപ്പോഴും മുഴുങ്ങുന്നുണ്ട്...ആ ഗായകൻ്റെ പാട്ടിൽ എന്തോ മാസ്മരികതയുണ്ട്...പ്രകൃതി പോലും നിശ്ചലമായത് പോലെ...ആ പാട്ടിലലിഞ്ഞ് താൻ ഇല്ലാതാവുന്നതായി സിദ്ധാർത്ഥിന് തോന്നി.
അവൻ അയാളെ സൂക്ഷിച്ചു നോക്കി..പെട്ടെന്ന് അവൻ ഞെട്ടി തരിച്ചു പോയി..
'ഈശ്വരാ...സൈഗാൾ മാഷ്'..താൻ തേടി നടക്കുന്ന,തനിക്ക് നഷ്ടപ്പെട്ടു പോയ നിധി..... മാഷെങ്ങനെ ഈ കോലത്തിൽ?
"മാഷേ...സൈഗാൾ മാഷേ"
അവൻ്റെ വിളികളെ അയാൾ തിരിച്ചറിഞ്ഞില്ല..അവനയാളെ ചേർത്ത് പിടിച്ചു.. തൻ്റെ പാട്ട് മുറിഞ്ഞു പോയ ദേഷ്യം അയാളുടെ മുഖത്ത് കാണാമായിരുന്നു.. അയാൾ എന്തൊക്കെയോ പിറുപിറുത്തു...അവനയാളെ താങ്ങി പിടിച്ച് കാറിലേക്ക് കയറ്റി..ഒന്നും മനസ്സിലാവാതെ കാണികൾ പരസ്പരം നോക്കി..
കാറിൽ കയറി ഇരുന്നപ്പോളും അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..സിദ്ധാർത്ഥ് അയാളുടെ മുഖത്തേക്ക് നോക്കി..അയാളുടെ അവസ്ഥ കണ്ട് അവൻ്റെ ഉള്ളം നൊന്തു..അയാളുടെ കൈകൾ അവൻ കൂട്ടി പിടിച്ചു..അവൻ്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അയാളുടെ കൈകളിലേക്ക് ഇറ്റു വീണു.
***** ***** *****
പീറ്റർ ദേവസ്യ വയലിൻ കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന കലാകാരൻ..വിരൽ തുമ്പിൽ രാഗങ്ങൾ ഒളിപ്പിച്ചു വച്ച് വിസ്മയം തീർക്കുന്നവൻ....വയലിൻ വാദനം മാത്രമല്ല ഒന്നാന്തരം ഗായകൻ കൂടിയാണ് പീറ്റർ ദേവസ്യ...അനശ്വര ഗായകൻ സൈഗാളിൻ്റെ പാട്ടുകളാണ് ഏറെയും പാട്ടിയിട്ടുള്ളത്..അതേ ഭാവത്തോടെ അതേ താളത്തോടെ..അതുകൊണ്ട് തന്നെ 'സൈഗാൾ ദേവസ്യ' എന്നാണ് കൂട്ടുകാരുടെ ഇടയിലെ വിളി പേര്...ആ പേര് ഒരു അഹങ്കാരമായി അയാൾ കൊണ്ടു നടന്നു...ഗാനഗന്ധർവ്വൻ്റെ ശബ്ദത്തിനെ തന്റെ വയലിൻ കൊണ്ട് മനോഹരമാക്കിയ വ്യക്തിത്വം....പല അറിയപ്പെടുന്ന സംഗീത സംവിധായകരുടെ കൂടെയും ഓർക്കസ്ട്രേഷൻ ചെയ്ത് കഴിവ് തെളിയിച്ചിട്ടുള്ളയാൾ.
ഒരു തമിഴ് സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പോകുമ്പോഴാണ്,പാലക്കാട് സ്റ്റേഷനിൽ വച്ച് ആ പത്തു വയസ്സുകാരൻ പയ്യൻ ട്രെയിനിൽ കയറുന്നത്... റിസർവേഷൻ കംപാർട്ട്‌മെന്റിൽ അവനെ പോലെയുള്ള കുട്ടി ഒറ്റയ്ക്ക് കയറിയപ്പോൾ തന്നെ അയാൾ അവനെ ശ്രദ്ധിച്ചിരുന്നു...അവൻ്റെ മുഖത്തേ പരിഭ്രമവും വെപ്രാളവും കണ്ടപ്പോൾ അവൻ നാട്ടുവിട്ടു പോകുന്നതാണെന്ന് അയാൾ ഊഹിച്ചു.. ആ ഊഹം ശരിയായിരുന്നു..അയാളവനെ അടുത്ത് വിളിച്ചു.. അവൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അച്ഛനാരെന്നറിയാതെ തെരുവിൽ പിറന്നു വീണവൻ...ആറേഴ് വയസ്സുവരെ അമ്മയോടൊപ്പം തെരുവിൽ തന്നെ അവൻ അന്തി ഉറങ്ങി..പിന്നീട് അമ്മയുടെ തൊഴിലിന് അവനൊരു ബാധ്യതയാണെന്ന് തോന്നിയത് കൊണ്ടോ മറ്റോ ഒരു അനാഥാലയത്തിൻ്റെ പടിക്കൽ അവനെ ഉപേക്ഷിച്ച് ആ അമ്മ കടന്നു കളഞ്ഞു.. രാവിലെ ഉറക്കമുണർന്നപ്പോൾ അവൻ കാണുന്നത് തന്നെ പോലെ അനാഥരായ,ആരാലോ ഉപേക്ഷിക്കപ്പെട്ട,കുറച്ചു കൂട്ടുക്കാരെയായിരുന്നു..
പിന്നീടുള്ള മൂന്ന് വർഷം അവൻ്റെ ജീവിതം ആ അനാഥാലയത്തിൻ്റെ ചുമരിനുള്ളിൽ വീർപ്പുമുട്ടി...അനാഥാലയത്തിലെ കുട്ടികളെ ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് കൊണ്ടു പോയപ്പോൾ ആ കൂട്ടത്തിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ അവൻ ഓടി..ആ ഓട്ടം ചെന്നവസാനിച്ചത് ആ തീവണ്ടിയിലും.
അയാളവനെ ഒപ്പം കൂട്ടി..പഠിപ്പിച്ചു...അവൻ്റെ മതമോ ജാതിയോ അയാൾക്കറിയില്ലായിരുന്നു..അതിനിടയിലാണ് അവൻ്റെ പാടാനുള്ള കഴിവ് അയാൾ തിരിച്ചറിയുന്നത്..അയാളവനെ പാട്ടു പഠിപ്പിച്ചു...അയാളവന് പുതിയൊരു പേര് ചാർത്തി കൊടുത്തു..'സിദ്ധാർത്ഥ്'..
സിദ്ധാർത്ഥിൻ്റെ വരവോടെ അയാളുടെ ജീവിതത്തിൽ താളപ്പിഴകളുടെ ഘോഷയാത്രയായിരുന്നു..ഭാര്യയും രണ്ടു പെൺമക്കളും അയാളെ സംശയിച്ചു...അയാൾക്ക് മറ്റേതോ സ്ത്രീയിലുണ്ടായ മകനാണ് സിദ്ധാർത്ഥൻ എന്നു പോലും അവർ വിശ്വസിച്ചു..അതോടെ വല്ലപ്പോഴും അല്പം മദ്യപിച്ചിരുന്ന അയാൾ ഒരു മുഴുകുടിയനായി...സിനിമയിൽ അവസരങ്ങൾ കുറഞ്ഞു..പിന്നീടത് പൂർണമായും ഇല്ലാതായി...അയാളിൽ നിന്നുള്ള വരുമാനം നിലച്ചതോടെ അവർക്ക് അയാളൊരു ബാധ്യതയായി...ഇതിനിടയിൽ സിദ്ധാർത്ഥിന് ഒന്നു രണ്ടു സിനിമകളിൽ പാടാനുള്ള അവസരം ലഭിച്ചു..
ജീവിക്കാൻ വേറെ വരുമാനമില്ലാത്തതിനാൽ അയാളും കടൽ കടന്നു..തൻ്റെ സംഗീതം കൊണ്ട് അവിടെ ഒരു കാര്യവുമില്ലെന്ന് അയാൾക്ക് മനസ്സിലായി.. കമ്പനിയിലെ ജോലി ഭാരവും കഠിനാധ്വാനവും അയാളെ അഞ്ചാറു വർഷം കൊണ്ട് ഒരു രോഗിയാക്കി മാറ്റി...അതിനിടയിൽ തൻ്റെ പെൺമക്കളുടെ കല്ല്യാണം നടന്നതൊക്കെ ഒരു അന്യനെ പോലെ അയാൾ അറിഞ്ഞിരുന്നു..സിദ്ധാർത്ഥ് ഒരുപാട് തവണ അയാളെ മടക്കി വിളിച്ചെങ്കിലും അയാൾ നാട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല...
ഒടുവിൽ പ്രവാസം മതിയാക്കി അയാൾ തിരിച്ചു വന്നപ്പോഴേക്കും അയാൾക്ക് അയാളുടെ കുടുംബം എന്നേന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.. മൂത്ത മകൾ അമേരിക്കയിലും ഇളയവൾ സ്വിസ്റ്റർലാണ്ടിലും സ്ഥിര താമസമാക്കി...ഭാര്യ ഇളയ മകളോടൊപ്പം...ജീവിക്കാൻ വേണ്ടി അയാൾ തെരുവിലേക്ക് ഇറങ്ങി..പതിയെ പതിയെ അയാൾ എല്ലാം മറന്നു എല്ലാവരെയും മറന്നു...തൻ്റെ സംഗീതമൊഴിച്ച്....
അപ്പോഴും സിദ്ധാർത്ഥ് അയാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴും സിദ്ധാർത്ഥ് അയാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
**** **** ****
"ഹലോ...കിരൺ...താൻ ഹോസ്പിറ്റലിൽ ഉണ്ടോ?"
"ആ സിദ്ധാർത്ഥ്.. ഞാനിപ്പോൾ അവിടെയെത്തും..ഓൺ ദ വേയിലാണ്..എന്താടോ പാട്ടുകാരനും ഭ്രാന്തായോ?എൻ്റെ ചികിത്സ വേണ്ടി വരുമോ?"
ഡോക്ടർ കിരണൻ്റെ തമാശ കലർന്ന ചോദ്യത്തിന് സിദ്ധാർത്ഥ് മറുപടി കൊടുത്തു.
"ചികിത്സ വേണം..എനിക്കല്ല...മറ്റൊരാൾക്ക്"
"അതാരാടോ ഞാൻ അറിയാത്ത മറ്റൊരാൾ?"
"അതൊക്കെയുണ്ട്..ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ അവിടെയെത്തും..മറ്റ് അപോയ്മെൻ്റ് കമ്മിറ്റ് ചെയ്യണ്ട"
"താൻ എൻ്റെ കഞ്ഞി കുടി മുട്ടിക്കോ? ഏതായാലും താൻ വാ"
അരമണിക്കൂറിനുള്ളിൽ സിദ്ധാർത്ഥിൻ്റെ കാർ ഡോക്ടർ കിരൺ സാമുവലിൻ്റെ ക്ലിനിക്കിൻ്റെ മുന്നിലെത്തി.. നേരത്തെ പറഞ്ഞു വച്ചതിനാൽ വീൽചെയറുമായി ഒരു ജീവനക്കാരൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...കാറിൽ നിന്നും അയാളെ പിടിച്ചിറക്കി വീൽചെയറിൽ ഇരുത്തുമ്പോഴും അയാൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..അയാൾ ഒരു പഴയ ഹിന്ദി പാട്ടിൻ്റെ വരികൾ അവ്യക്തമായി പാടി കൊണ്ടിരുന്നു..
ഡോക്ടർ കിരൺ സാമുവലിൻ്റെ മുന്നിൽ അയാളെ കൊണ്ടിരുത്തിയപ്പോൾ ഒന്നും മനസ്സിലാവാതെ കിരൺ സിദ്ധാർത്ഥിനെ നോക്കി.
"കിരൺ...തനിക്കറിയുമോ ഇയാളാരാണെന്ന്?"
"ഇല്ല..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല"
"എനിക്ക് എന്നോ നഷ്ടപ്പെട്ടു പോയ നിധിയാണെടോ ഇത്...ഈ നിധി തേടി ഞാൻ നടക്കാൻ തുടങ്ങിയിട്ട് മൂന്നു നാലു വർഷമായി..പേരും ഊരുമില്ലാത്ത ഒരുവന് മേൽവിലാസം ഉണ്ടാക്കി തന്നയാൾ...ഞാൻ ദൈവത്തേക്കാൾ ആരാധിക്കുന്ന എൻ്റെ സൈഗാൾ മാഷ്"
അതു പറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"റിയലി?" ആശ്ചര്യത്തോടെ ഒപ്പം അത്ഭുതത്തോടെയും മുന്നിലിരിക്കുന്ന മനുഷ്യനെ കിരൺ നോക്കി നിന്നു.
"കണ്ടോ...ഡാ...എൻ്റെ മാഷിൻ്റെ കോലം...ഞാൻ ഇത്ര അടുത്തുണ്ടായിട്ടും തെരുവിൽ പാട്ടു പാടി ജീവിക്കേണ്ടി വന്നില്ലേ എൻ്റെ മാഷിന്...ഞാൻ ആരാണെന്ന് പോലും മാഷിന് ഓർമ്മയില്ല... പക്ഷെ മാഷിന്റെ പാട്ടുകൾ മാഷ് മറന്നിട്ടില്ല... ആ വിരലുകൾ കൊണ്ട് തീർക്കുന്ന വയലിൻ വിസ്മയം മാഷ് മറന്നിട്ടില്ല"
"അത് അത്ഭുതമായിരിക്കുന്നു..ഇത് തൻ്റെ സൈഗാൾ മാഷാണോ?....മാഷിൻ്റെ ഓർമ്മകൾ മുഴുവനായും നശിച്ചിട്ടില്ല എന്നത് തന്നെ ആശയ്ക്ക് വകയുള്ളതാണ്...ഇതിനെ മനോരോഗത്തിൻ്റെ ഗണത്തിൽ പെടുത്താൻ പറ്റില്ല...ഏതോ ഡിപ്രഷൻ കൊണ്ട് ഈ അവസ്ഥയിൽ ആയതാണ്...ചിലർക്ക് ഇതിൽ നിന്നും റിക്കവറിയാവാൻ പറ്റാറില്ല..പക്ഷെ ഇത്തരക്കാർക്ക് ഏതെങ്കിലും ഒരു കാര്യം അബോധ മനസ്സിൽ നശിക്കാതെ നിലനില്ക്കും..അത് ഒരുപക്ഷെ മാഷിനെ പോലെ സംഗീതമായിരിക്കാം..അല്ലെങ്കിൽ ഏതെങ്കിലും വ്യക്തി അതുമല്ലെങ്കിൽ എന്തെങ്കിലും വസ്തു..അങ്ങനെ എന്തെങ്കിലും...നല്ല ചികിത്സയും പരിചരണവും പിന്നെ നിൻ്റെ സാമീപ്യവും കൊണ്ട് നമുക്ക് മാഷേ പഴയ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ശ്രമിക്കാം."
സിദ്ധാർത്ഥ് കിരണിന്റെ കൈകൾ കൂട്ടി പിടിച്ചു... അതിലൊരു യാചനയുണ്ടായിരുന്നു..ഒരു പ്രതീക്ഷയുണ്ടായിരുന്നു.
°°°°°°°°° °°°°°°°°°° °°°°°°°°°
ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ വലിയൊരു സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് നാട്ടുക്കാർ...
ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ വലിയൊരു സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് നാട്ടുക്കാർ...
'ദേശീയ പുരസ്ക്കാര ജേതാവിന് ജന്മനാടിൻ്റെ സ്നേഹ നിർഭരമായ സ്വീകരണം' എന്ന വലിയൊരു ബോർഡ് ആ ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്...വിശിഷ്ടാതിഥിയെ സ്വീകരിക്കാനായി മാലയും ബൊക്കയുമായി ഒരു പറ്റം യുവതി യുവാക്കൾ നിരന്നു നിന്നു..അല്പം കഴിഞ്ഞപ്പോൾ ഒരു കാർ ഓഡിറ്റോറിയത്തിൻ്റെ മുന്നിലേക്ക് വന്നു നിന്നു..അതിൽ നിന്നും സിദ്ധാർത്ഥ് ഇറങ്ങി വന്നു.ശിങ്കാരിമേളം ഉയർന്നു താണു..
"ദേശീയ അവാർഡ് ജേതാവിന് ഹാർദ്ദമായ സ്വാഗതം" എന്നും പറഞ്ഞുകൊണ്ടവൻ കാറിന്റെ പുറകിലെ ഡോർ തുറന്നു..അതിൽ നിന്നും ഒരു മനുഷ്യൻ ഇറങ്ങി വന്നു..വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച ആ മനുഷ്യൻ മറ്റാരുമായിരുന്നില്ല...പീറ്റർ ദേവസ്യ എന്ന സൈഗാൾ ദേവസ്യയായിരുന്നു അത്...ഇത്തവണത്തെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാര ജേതാവായ പീറ്റർ ദേവസ്യയെ അവർ വേദിയിലേക്ക് ആനയിച്ചു...
എല്ലാവരുടെയും സ്വീകരണത്തിനും പ്രസംഗത്തിനും ശേഷം അയാൾ മൈക്കെടുത്തു..വളരെ പതിഞ്ഞ താളത്തിൽ ഉറച്ച ശബ്ദത്തിൽ മനോഹരമായി അയാൾ പാടി
"സോജാ..........സോജാ.........
സോജാ രാജകുമാരി.....സോജാ
സോജാ രാജകുമാരി.......സോജാ
സോജാ മേ ബലഹാരി സോജ
സോജാ രാജകുമാരി....സോജാ"
സോജാ രാജകുമാരി.....സോജാ
സോജാ രാജകുമാരി.......സോജാ
സോജാ മേ ബലഹാരി സോജ
സോജാ രാജകുമാരി....സോജാ"
അപ്പോൾ ആ സദസ്സിൻ്റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്ന ആറു കണ്ണുകൾ ഒരു പോലെ നിറഞ്ഞ് ഒഴുകുകയായിരുന്നു.
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക