Slider

എൻ്റെ പെണ്ണന്വേഷണ പരീക്ഷകൾ.

0
Image may contain: 1 person, sunglasses and beard.........
(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്....അമ്മച്ചിയാണേ)
കല്ല്യാണം കഴിക്കണമെന്ന അതിയായ മോഹമുദിച്ച ഞാൻ ചെന്ന് പെട്ടത് ഒരു ബ്രോക്കറുടെ മടയിൽ...ബ്രോക്കർ ജനാർദ്ദനൻ പൂജാരി...ആവശ്യം അങ്ങോട്ട് അറിയിച്ചപ്പോൾ കമ്മീഷൻ കൊടുക്കാൻ പറഞ്ഞു....ഊരൂതെണ്ടിയുടെ കൈയിൽ എവിടെയാ കമ്മീഷൻ..അമ്മ വഴി ചിലവിന് തന്ന അഞ്ഞൂറ് രൂപയിൽ നിന്നും ഒരു നൂറ് രൂപയെടുത്ത് ഞാൻ ബ്രോക്കർക്ക് നേരെ നീട്ടി...കൈ നീണ്ട് ചെല്ലുന്നതിനും മുമ്പേ എന്നെ ബ്രോക്കറണ്ണൻ ചേർത്ത് പിടിച്ചു...'
ഇനി നിന്നെ പെണ്ണ് കെട്ടിച്ചിട്ടേ ഞാൻ അടങ്ങു...ലോകനാർ കാവിലമ്മയാണേ...ഇത് സത്യം....സത്യം...സത്യം..'
എന്നെയും കൊണ്ട് ആശാൻ കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് ചെന്നിറങ്ങുമ്പോഴേക്കും അമേദ്യം കണ്ട ഈച്ചകളെ പോലെ ഒരുപറ്റം ബ്രോക്കറണ്ണന്മാർ എന്നെ പൊതിഞ്ഞു... ഒടുവിൽ മറ്റൊരു ബ്രോക്കണ്ണൻ്റെ കൈയും പിടിച്ച് എന്റെ കന്നി പെണ്ണ് കാണൽ... കാസർഗോട്ടെ ഏതോ കുഗ്രാമത്തിൽ ആ മനുഷ്യൻ എന്നെയും കൊണ്ട് ബസ്സിറങ്ങി.. അതിനിടയിൽ ചായയും ലഘു കടിയും ബിരിയാണിയും ഒക്കെയായി എന്റെ കീശയുടെ ഭാരം പകുതിയായി കുറഞ്ഞിരിന്നു....
അരമണിക്കൂറോളം നടന്ന് വലിയൊരു കുന്നിറങ്ങി വേണം ആ വീട്ടിലെത്താൻ...ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ കിട്ടുമെങ്കിലും അന്നെന്തോ കുറെ നേരം നിന്നിട്ടും ഒരു ഓട്ടോ പോലും കിട്ടാത്തത് കൊണ്ടാണ് നടത്തം എന്ന കലാരൂപത്തെ ആശ്രയിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്...ചെമ്മൺപാതയോരത്ത്നിൽക്കുന്ന ഒരു രണ്ട് നില വീട്... വലിയൊരു ചുറ്റു മതിൽ...അത്രയും നേരം നടന്നപ്പോൾ ഞാൻ കണ്ട ഏറ്റവും വലിയ വീട്... ഇത്രയും ദൂരം നടന്നെങ്കില്ലെന്താ നല്ല ഒന്നാന്തരം വീട്ടിൽ നിന്നല്ലേ പെണ്ണ് കെട്ടാൻ പോകുന്നത്...
ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചും അവളുടെ അളവറ്റ സ്വത്തിനെ കുറിച്ചും ഒരുപാട് സ്വപ്നം കണ്ടു..ബസ്സിലെ യാത്രയ്ക്കിടയിൽ അവളെ കുറിച്ചും അവളുടെ സ്വത്തിനെ കുറിച്ചും അണ്ണൻ എനിക്ക് വിശദമായി പറഞ്ഞ് തന്നിരുന്നു...
'ആഹാ..നല്ല മാർബിളിട്ട വരാന്ത..ഹാളിൽ നല്ല വിലകൂടിയ സോഫസെറ്റ്...രണ്ട് ഫാൻ മുകളിൽ കറങ്ങുന്നു...ഒരു റൂമിൽ പൊതിക്കാതെയും പാതി പൊളിച്ചതുമായ തേങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു....
'എന്റെണ്ണാ.....ഈ പെണ്ണിനെയെങ്ങാൻ എനിക്ക് കെട്ടാൻ പറ്റിയാൽ ഒരു പണിക്കും പോകാതെ സുഖിച്ചു ജീവിക്കാമായിരുന്നു'
ബ്രോക്കറണ്ണനെ നോക്കി ഞാനൊന്ന് ചിരിച്ചു...അണ്ണനെന്നേയും നോക്കി ചിരിച്ചു.. എനിക്ക് അണ്ണനെ കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കണമെന്നുണ്ടായിരുന്നു... പക്ഷെ കെട്ടാൻ പോകുന്ന പെണ്ണ് എന്ത് കരുതുമെന്ന് വിചാരിച്ചു...
പെണ്ണതാ ഒരു ട്രേയിൽ ചായയുമായി മന്ദം മന്ദം നടന്നു വരുന്നു...കൂടെ അഞ്ചാറ് പെണ്ണുങ്ങളും...എനിക്കും അണ്ണനും ചായ തന്ന ശേഷം അവൾ നേരെ ഞങ്ങളുടെ എതിർ വശത്തേ സോഫയിൽ പോയിരുന്നു... അതും കാലിന്മേൽ കാലും കയറ്റി വച്ച്...
പെട്ടെന്നൊരു പുരുഷ ശബ്ദം 'എന്താ പേര്?'
ഞാനൊന്ന് ചുറ്റും നോക്കി അവിടെയപ്പോൾ പുരുഷന്മാരായി ഞാനും ബ്രോക്കറണ്ണനും മാത്രമേയുണ്ടായിരുന്നുള്ളു...
വീണ്ടും അതേ ശബ്ദം..'എന്താ പേര്?'
ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു..എന്റെ മുമ്പിൽ അല്പം മുമ്പ് ചായ കൊണ്ടു തന്ന,തൊട്ടു മുന്നിലെ സോഫയിൽ കാലും കാലും കയറ്റി വച്ചിരിക്കുന്ന ആ കോമളാംഗി... ഞാനൊന്ന് കിടുങ്ങി... അപ്പോഴാണ് അണ്ണൻ ഇതുവരെ നടത്താത്ത മറ്റൊരു പ്രസ്താവന ഇറക്കിയത്
'ഇവൾക്ക് എട്ട് ഏട്ടന്മാരാണ് ആറ് പേരുടെ കല്ല്യാണം കഴിഞ്ഞു..ഇനി രണ്ടാളുടെത് കഴിയാനുണ്ട്.. ഇവളുടേത്
കഴിഞ്ഞ് വേണം അവർക്കും പെണ്ണിനെ നോക്കാൻ'
എട്ട് ആങ്ങളമാർക്കും കൂടിയുള്ള ഏക സഹോദരി... ഇത്രയും പുരുഷകേസരിമാരോട് കൂടെ കഴിയുന്നത് കൊണ്ടായിരിക്കാം അവളുടെ സ്വഭാവത്തിലും സംസാരത്തിലും പൗരുഷം കടന്ന് വന്നത്...
'ഇനി കല്ല്യാണം കഴിഞ്ഞ് ഇവളെന്നെയിട്ട് മെതിക്കാനും സാധ്യതയുണ്ട്... കഴിഞ്ഞയാഴ്ചത്തെ മനോരമ വാരികയിലെ വാരഫലത്തിൽ പൂരം നക്ഷത്രക്കാർക്ക് സമ്പത്ത് ലഭിക്കുമെങ്കിലും ശരീരവേദന ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് കണ്ടിരുന്നു....ദേവിയെ കാത്തോളണേ'
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തൊരു വാഹനം വന്ന് നിന്നു...അതിൽ നിന്നും രണ്ട് മൂന്ന് തടിമാടന്മാർ ഇറങ്ങി വന്നു
'ഇതിവളുടെ ഇളയ ഏട്ടന്മാരാണ്'
ബ്രോക്കറണ്ണൻ്റെ തിരുമൊഴി...
'പടച്ചോനെ ഇളയവർ ഇങ്ങനെയെങ്കിൽ മൂത്തവന്മാർ എങ്ങനെയുണ്ടാകും'
'ഇവൻ നാട്ടിലെ വലിയ കോൺട്രാക്റ്ററാണ്.... പത്ത് ഇരുപത്തിയഞ്ച് പേർ ഇവന്റെ കീഴിൽ പണിയെടുക്കുന്നുണ്ട്'
ബ്രോക്കറണ്ണൻ ആരെ കുറിച്ചാ ഇങ്ങനെ പുകഴ്ത്തി സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ച ഞാൻ ഞെട്ടിപ്പോയി...
എന്നെ കുറിച്ച്.....നാട്ടിൽ ഓട്ടോറിക്ഷ ഓട്ടി അവിട്ന്നും ഇവിട്ന്നും കടം വാങ്ങി ജീവിക്കുന്ന എന്നെ കുറിച്ച് അയാൾ പച്ചക്കള്ളം പറയുന്നത് കേട്ട് ഞാൻ സ്തംഭിച്ചു പോയി.
ബ്രോക്കറണ്ണൻ്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ എന്നെ നോക്കുന്ന അവളുടെ ആങ്ങളമാരുടെ മുഖങ്ങൾ ഞാൻ കണ്ടു... അതുവരെ കാലിന്മേൽ കാൽ കയറ്റി വച്ചിരുന്ന ആ കോമളാംഗി ആദരവോടെയും ബഹുമാനത്തോടെയും എന്നെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു..
ഞാൻ പതുക്കെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.അണ്ണനെ ഒന്ന് തോണ്ടി..ആ തോണ്ടലിൻ്റെ അർത്ഥം മനസ്സിലായിട്ടോ എന്തോ അണ്ണനും എഴുന്നേറ്റു..
'അപ്പോ...വിവരം ഞാൻ വിളിച്ചു പറയാം'എന്ന് അണ്ണൻ അവരോട് പറയുന്നതിന് മുമ്പേ ഞാൻ നടന്നു കഴിഞ്ഞിരുന്നു
'നീ എന്ത് പണിയാ കാണിച്ചേ... അവർക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു... നീയൊന്നും പറയാതെ എഴുന്നേറ്റത് ശരിയായില്ല..നിനക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധാ'
അണ്ണൻ എന്നോട് ചൂടായി
ഞാനും തിരിച്ചു ചൂടായി
'നിങ്ങളോട് ഞാനാദ്യേ പറഞ്ഞില്ലേ എന്റെ പണി എന്താണെന്ന് അവിടെ പറയണമെന്ന്.അത് പറഞ്ഞില്ലെന്ന് മാത്രമല്ല മുട്ടൻ നുണയും പറഞ്ഞു'
'കല്ല്യാണം കഴിയാൻ അങ്ങനെ ചില ചെറിയ നുണകളൊക്കെ പറയാം അനിയാ... ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞ് ഇത് അറിഞ്ഞാലും ആരും അത്ര വലിയ പ്രശ്നമാക്കില്ല'
'അങ്ങനെ നുണ പറഞ്ഞു കൊണ്ട് ഒരു കല്ല്യാണവും എനിക്ക് വേണ്ട'
അങ്ങനെയൊക്കെ അണ്ണനോട് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം ഇതൊന്നുമായിരുന്നില്ല... കല്ല്യാണത്തിന് ശേഷം അവളുടെ ഏട്ടന്മാർ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ,അവർ എട്ട് പേരും കൂടി എന്നെ നക്കി കൊല്ലുമോ അതോ തല്ലി കൊല്ലുമോ?ആ ഒരു പേടി...അത്ര മാത്രം.അല്ലാതെ ഭയന്നിട്ടൊന്നുമല്ല.....
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo