നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ മാവുമരം..


കുറച്ചു കാലത്തിനു ശേഷം ദേ,വീണ്ടും ഒരു ഫ്ലാഷ്ബാക്ക്. ശ്ശോ!! ഈ എന്നെ കൊണ്ട് തോറ്റു...ബട്ട്‌ ഇത് മുമ്പത്തെ പോലെ അല്ല സംഭവം ഇച്ചിരി സീരിയസ് ആണ്... 
ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. വീട്ടിൽ കളിക്കാൻ കൂട്ടിനു ആരും ഇല്ലാത്തതുകൊണ്ട് സ്കൂൾ കഴിഞ്ഞു വന്നാൽ തെക്കേലെ അഫ്രൂന്റെ ഒപ്പം പേരയുടെ ചോട്ടിൽ ഇരുന്നു എന്തേലും മണ്ടത്തരങ്ങൾ ചെയ്യൽ ആയിരുന്നു എന്റെ ആകെയുണ്ടായിരുന്ന ഒരു എന്റർടൈൻമെന്റ്... അങ്ങനെയിരിക്കെ ഒരു ദിവസം കളിക്കാൻ വന്ന അഫ്രൂ ഉപ്പിലിട്ട രണ്ട് കുഞ്ഞിമാങ്ങയും കൂടെ കൊണ്ട് വന്നു. കണ്ടപ്പോളെ വായിൽ വെള്ളം നിറഞ്ഞതുകൊണ്ട് നിമിഷ നേരം കൊണ്ട് ഒരു മാങ്ങ ഞാൻ അകത്താക്കി-'വിത്ത്‌ മാങ്ങയണ്ടി' .രണ്ടാമത്തെ മാങ്ങ അവളും കഴിച്ചു- 'വിത്തൌട്ട് മാങ്ങയണ്ടി'. 
മാങ്ങ കഴിച്ചു കഴിഞ്ഞതും അവൾ എന്റെ കയ്യിലേക്ക് നോക്കിട്ട് ഒറ്റ ചോദ്യം, 

"മാങ്ങയണ്ടിയും കഴിച്ചോ അമ്മുചേച്ചി?.. 
"പിന്നെ കഴിക്കാതെ?... " 
ഇച്ചിരി പേടിയോടെ അവൾ പറഞ്ഞു : 
"ചേച്ചി, മാങ്ങയണ്ടി കഴിക്കാൻ പാടില്ല."
"അതെന്താ കഴിച്ചാൽ? "
"മാങ്ങേടെ വിത്തല്ലേ അത്. ആ വിത്ത് എവിടെ വീണാലും അവിടെ മാവ് വളർന്നു വരും "
സംഭവം ശെരിയാണല്ലോ എന്ന് തോന്നിയെങ്കിലും അവളോട് ഞാൻ ഒന്നും പറയാൻ പോയില്ല. എന്നാലും ആ മാങ്ങയണ്ടി മുളയ്ക്കാത്ത ഒരു പേടിയായി എന്റെ മനസ്സിൽ തന്നെ കിടന്നു. 
അടുത്ത ദിവസം ക്ലാസ്സിൽ ടീച്ചർ പറഞ്ഞു :
"എല്ലാവരും ചിരട്ടയിൽ മണ്ണിട്ട് അതിൽ കുറച്ചു പയർ വിത്തിട്ട് മുളപ്പിച്ചു കൊണ്ട് വരണം. ഒരു ആഴ്ച ആവുമ്പോളേക്കും ഇല വരാൻ തുടങ്ങും..."
എന്റെ നെഞ്ചിൽ ഒരു ഇടിമിന്നൽ ഉണ്ടായി. പയറിന്റെ വിത്തിനു പയറു ചെടി, അപ്പൊ മാങ്ങേടെ വിത്തിനു മാങ്ങമരം... അല്ല മാവ്.അഫ്രൂ പറഞ്ഞത് സത്യമാണ്. ഉടനെ എന്റെ വയറ്റിൽ ഒരു മാവുംതൈ വളർന്നു വരും, അത് കായ്ക്കും, പൂക്കും, മാങ്ങയുണ്ടാവും. ഈ ചിന്തയിൽ മുഴുകിയിരുന്നതുകൊണ്ടാണെന്നു തോനുന്നു ടീച്ചർ കറക്റ്റ് ആയി എന്നെ തന്നെ വിളിച്ചു വിത്ത് മുളപ്പിക്കേണ്ട സ്റ്റെപ്പുകൾ ചോദിച്ചു. സാഹചര്യത്തിന് പറ്റിയ ചോദ്യം. ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോളാണ് ആ ഐഡിയ എനിക്ക് കിട്ടിയത്. വെള്ളം ഇല്ലാതെ ഒരു ചെടിയും മുളക്കില്ല,. ഗുരുത്വാകർഷണം കണ്ടുപിടിച്ച ന്യൂട്ടനെ പോലെ ഞാൻ തുള്ളിച്ചാടി.അപ്പോൾ മുതൽ വെള്ളം മാത്രം കുടിക്കാതെയുള്ള എന്റെ നിരാഹാരം ഞാൻ ആരംഭിച്ചു.വെള്ളം കിട്ടാതെ മാവുംതൈ ഉണങ്ങിപ്പോകും എന്ന എന്റെ ബുദ്ധിപരമായ കണ്ടുപിടിത്തം വെറും ഒരേ ഒരു നിമിഷം കൊണ്ട് അമ്മ നശിപ്പിച്ചു കളഞ്ഞു. ചോറ് വാരി എന്റെ വായിൽ കുത്തികയറ്റുന്നതിന്റെ ഒപ്പം മുറുകെപ്പിടിച്ചു വെള്ളോം കൂടി ഒഴിച്ച് തന്നുകൊണ്ട് അമ്മ എന്റെ മാവുംതൈ നെ വളർത്തി. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു :

 "എന്നാ പിന്നെ കുറച്ചു വളവും കൂടി ഇട്, നല്ലപോലെ വളരട്ടെ... അല്ലാപിന്നെ...".
ഒന്നും മനസിലാവാതെ അമ്മ കണ്ണുതള്ളി നിന്നു. 
ദിവസങ്ങൾ കടന്നുപോയി. ചിരട്ടയിൽ പാകിയ പയറിനു മുളപ്പ് വന്നു, എന്റെ വയറ്റിലെ മാവും വളർന്നുകാണും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഉടനെ ഒരു മരക്കൊമ്പൊ മാവിലയോ മൂക്കിലൂടെയോ ചെവിയിലൂടെയോ പുറത്തേക്കു വരുമെന്നതിൽ എനിക്ക് ഒരു സംശയവും ഉണ്ടായില്ല. ഇങ്ങനെ ഒരുപാട് ചിന്തകൾ കുന്നുകൂടി,പേടിയുടെ നെല്ലിപ്പലക കടന്നപ്പോൾ ഞാൻ സംഗതി അച്ഛനോട് പറയാൻ തീരുമാനിച്ചു. രാത്രി ഭക്ഷണം കഴിഞ്ഞു ഹാളിൽ ഇരിക്കുന്ന അച്ഛന്റെ അടുത്ത് പോയിരുന്നു ഞാൻ മെല്ലെ പറഞ്ഞു,:
"അച്ഛാ, ഒരു പ്രശ്നം ഉണ്ട് ".
ഇത് എങ്ങനെയോ മണത്തറിഞ്ഞു അമ്മയും വന്നു കാര്യം അറിയാൻ. 
"എന്ത് പ്രശ്നം? "
അച്ഛൻ ചോദിച്ചു. 
"ഈ ഓപ്പറേഷൻ ചെയ്യുമ്പോ വേദനിക്കില്ലേ? "
"പിന്നെ ശരീരം കീറിമുറിക്കുമ്പോ വേദനിക്കാതിരിക്കോ? നല്ലപോലെ വേദനിക്കും. അത് കഴിഞ്ഞു സ്റ്റിച്ചും ഇടും "
 രണ്ട് മൂന്ന് കൊല്ലം നഴ്സിങ്ങിന് പോയതിന്റെ അഹങ്കാരത്തിൽ അച്ഛന്റെ ഒപ്പം നിന്ന് അമ്മയാണ് ഇത് പറഞ്ഞത്. ഇൻജെക്ഷൻ എന്ന് കേട്ടാൽ കണ്ടം വഴി ഓടുന്ന എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പേടിച് വിറച്ചു കരഞ്ഞോണ്ട് ഞാൻ പറഞ്ഞു 
" എന്റെ വയറ്റിൽ ഒരു മാവുംതൈ മുളച്ചിട്ടുണ്ട് ...... " 
കഥയുടെ പൂർണഭാഗ വിശദീകരണത്തിനു ശേഷം സ്‌ക്രീനിൽ നിർത്താനാവാത്ത പൊട്ടിച്ചിരി, ഫാര്യയും ഫർത്താവും... എന്നെ നോക്കി കൊണ്ട് രണ്ടാളും ചിരിയോടു ചിരി... 

ഗുണപാഠം :മാങ്ങയണ്ടി കഴിച്ചാൽ അല്ല അതിന്റെ ഒപ്പം കുറച്ചു മണ്ണുകൂടി വിഴുങ്ങിയാലേ വയറ്റിൽ മാവുംതൈ വളരുള്ളു...

അമൃത ഇന്ദ്രൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot