Slider

ബാലവേണി - ഭാഗം 5

0

ജിതേഷ് താൻ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അവരുടെ അടുത്തേക്ക് നടന്നു.എന്നിട്ട് അവരെ എല്ലാവരെയും നോക്കി.
"എന്താടാ നോക്കി പേടിപ്പിക്കുന്നത്?"കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.
ജിതേഷ് ഒന്നും മിണ്ടിയില്ല.
"അതെ ആവശ്യം കഴിയുമ്പോ കളഞ്ഞിട്ട് പോയാലും ഞങ്ങൾ ഇവിടൊക്കെ തന്നെ കാണും കേട്ടോ.."പ്രദീഷ്  ശ്രീബാലയെയും വേണിയെയും നോക്കി വിളിച്ച് പറഞ്ഞു.
പ്രദീഷിന്റെ  കരണം പൊളിക്കുന്ന ഒരടിയായിരുന്നു അതിനുള്ള മറുപടി! അവന്റെ കൂടെ ഉള്ളവരും പിന്നെ ശ്രീബാലയും വേണിയും എല്ലാവരും ഞെട്ടിപ്പോയി!
കണ്ണൻ മാത്രം തനിക്ക് ഇതൊന്നും ഒരു പുത്തരിയല്ല എന്ന രീതിയിൽ നിന്നു.പ്രദീഷിന്  തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സമയം കിട്ടുന്നതിന് മുൻപേ ജിതേഷ് അവനെ അവന്റെ ബൈക്കിൽ നിന്നും വലിച്ച് താഴേക്കിട്ടു.എന്നിട്ട് അവന്റെ കോളറിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു.അവിടെ കൂടി ഇരുന്ന പ്രദീഷിന്റെ  കൂട്ടാളികൾ ജിതേഷിന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും  ജിതേഷ് അവരെ തടഞ്ഞു.
"ഒറ്റ ഒരെണ്ണം അനങ്ങി പോവരുത്!"ജിതേഷ് അവരുടെ നേർക്ക് കൈചൂണ്ടി ആക്രോശിച്ചു!
അവന്റെ മുഖ ഭാവം കണ്ട് അവർക്ക് അവനോടടുക്കാൻ ഭയം തോന്നി.
"നിനക്ക് അമ്മേം പെങ്ങളും ഉണ്ടോന്ന് ഞാൻ ചോദിക്കുന്നില്ല.മക്കള് കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് വെറുതെ വീട്ടിലിരിക്കുന്നവരെ ചീത്ത വിളിക്കുന്നത് ശരി അല്ലല്ലോ .വായിൽ നാക്കുണ്ടെങ്കിൽ അത് അവിടെ തന്നെ ഇട്ടേക്കണം.ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിനെ കുറിച്ചോ അവളുടെ വീട്ടുകാരെ പറ്റിയോ ഇനി എന്തെങ്കിലും ചെറ്റത്തരം നിന്റെ നാവിൽ നിന്ന് വീഴുന്നത് കേട്ടാൽ ആ നാവ് ഞാനിങ്ങ് പറിച്ചെടുക്കും! കേട്ടോടാ നായെ*&^%$ ! "പ്രദീഷിന്റെ  കോളറിൽ പിടിച്ച് ജിതേഷ് അലറി.
പ്രദീഷിന്  പ്രത്യേകിച്ച്  ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.അടികിട്ടിയത് കൊണ്ട് ചെവിക്കകത്ത് ഒരു മൂളൽ മാത്രമെ ഉണ്ടായിരുന്നുള്ളു.
"എന്താടാ നിനക്കെന്നെ തിരിച്ച് തല്ലണോ?"ജിതേഷ് അവനെ നോക്കി ചോദിച്ചു.
ജിതേഷിന്റെ വായനങ്ങുന്നത് കണ്ട് അവൻ എന്താ സംസാരിക്കുന്നതെന്ന് പ്രദീഷിന് പിടികിട്ടി.
പ്രദീഷ് കൈ കൂപ്പിക്കൊണ്ട് അവനോട് ഇനി ഒന്നും ചെയ്യരുതെന്ന് ആംഗ്യം കാണിച്ചു.
ജിതേഷ് അവനെ അവന്റെ കൂട്ടുകാർക്കിടയിലേക്ക് വലിച്ചെറിഞ്ഞ് തിരികെ നടന്നു.അവിടെ നടന്നു പോകുന്ന ചിലർ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.പക്ഷെ പ്രദീഷിന്റേയും  കൂട്ടരുടെയും കയ്യിലിരുപ്പ് അറിയാവുന്നത് കൊണ്ട് ആരും അവർക്ക് വേണ്ടി  വാദിക്കാൻ വന്നില്ല.
വേണി ജിതേഷിനെ ആരാധനയോടെ നോക്കി നിൽക്കുകയായിരുന്നു.
"ജിതേഷേട്ടൻ   ആളൊരു സംഭവമാണല്ലോ!"വേണി  കണ്ണന്റെ ചെവിയിൽ പറഞ്ഞു.
" ഞാനും ഇതുപോലൊക്കെ തന്നെയാ..പെട്ടെന്ന് ദേഷ്യം വരും."കണ്ണൻ മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു.
"ഉവ്വ ഉവ്വേ .."വേണി അവനെ കളിയാക്കി.
ശ്രീബാലയും നിറമിഴികളോടെ ജിതേഷിനെ നോക്കി നിൽക്കുകയായിരുന്നു.അവിടെ നടന്നതൊന്നും വിശ്വസിക്കാൻ പറ്റിയില്ലെങ്കിലും ജിതേഷ്  പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു.അത് മാത്രമേ അവൾ കേട്ടുള്ളൂ.'ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ്!'
താൻ ആരുടെയോ ആരൊക്കെയോ ആയി മാറുകയാണെന്ന് ശ്രീബാല  അറിഞ്ഞു.അവൾക്ക് ഒരേ സമയം കരച്ചിലും സന്തോഷവും വന്നു.
ശ്രീബാല  അവനെ തന്നെ നോക്കി നിൽക്കുകായായിരുന്നു.
ജിതേഷ് അവരെ ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നു.ജിതേഷിന് തന്നോടുള്ള പിണക്കം എങ്ങനെ മാറ്റണം എന്ന് ശ്രീബാലയ്ക്ക്  അറിയില്ലായിരുന്നു.ഇടവഴി തിരിഞ്ഞ് ശേഖരന്റെ വീട്ടിലേക്കുള്ള ഗേറ്റിൽ എത്തിയപ്പോഴേക്ക് സന്ധ്യ കഴിഞ്ഞിരുന്നു.
ജിതേഷും കണ്ണനും ഗേറ്റിന്  വെളിയിൽ തന്നെ നിന്നു.
"കേറുന്നില്ലേ?"വേണി ചോദിച്ചു.
"ഇല്ല..നിങ്ങളെ ഒന്ന് കാണാൻ വേണ്ടി വന്നതാ..തിരിച്ച് പോകണം.ലേറ്റ് ആയാൽ ബസ് കിട്ടില്ല."കണ്ണൻ  പറഞ്ഞു.ജിതേഷ് ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ച് മാറി നിൽക്കുകയാണ്..ശ്രീബാല മുഖം താഴ്ത്തി ഇപ്പൊ കരയും എന്ന മട്ടിൽ നിൽക്കുന്നു .വേണി ജിതേഷിനെയും   ശ്രീബാലയെയും നോക്കി.എന്നിട്ട് കണ്ണനെ നോക്കി.
"എടാ ഒരു നിസാര കാര്യം പെരുപ്പിച്ച് ഇഷ്യൂ ആക്കരുത്. നിന്റെ ജാഡ ഒക്കെ കളഞ്ഞ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് വാ.നമ്മക്ക് തിരിച്ച് പോവാനുള്ളതാ.."കണ്ണൻ ജിതേഷിന്റെ  ചെവിയിൽ പറഞ്ഞു.അവൻ എന്നിട്ടും ഒന്നും മിണ്ടിയില്ല ശ്രീബാലയെ നോക്കിയതുമില്ല.
ഇടവഴി ആയത്കൊണ്ട് അവിടെ അടുത്തെങ്ങും ആരുമില്ലായിരുന്നു.
"ചേച്ചി പോവണ്ടേ?"വേണി ചോദിച്ചു.ശ്രീബാല ഒന്നും മിണ്ടിയില്ല.
"നിങ്ങൾ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞ് തീർത്തിട്ട് വന്നാൽ മതി.പെട്ടെന്ന് വേണം."വേണി അവരോട് പറഞ്ഞു.
രണ്ടുപേരും ഒന്നും മിണ്ടാതെ നിൽക്കുകയാണ്.
"ഇതെന്തോന്നാ അവാർഡ് പടം ആണോ?"വേണിക്ക്  ദേഷ്യം വന്നു.
"എന്നാ ശരി വായാടി.ഞങ്ങൾ ഇറങ്ങട്ടെ.."കണ്ണൻ അവർ രണ്ടും കേൾക്കാനായി വേണിയോട് പറഞ്ഞു.
അത് കേൾക്കുമ്പോഴെങ്കിലും  അവർ പരസ്പരം എന്തെങ്കിലും ഒന്ന് സംസാരിക്കുമെന്ന് കണ്ണനും വേണിയും വിചാരിച്ചു.പക്ഷെ പിന്നെയും അവർ അതെ നിൽപ്പ് തുടർന്നു.ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ജിതേഷ് അവളുടെ തൊട്ടിപ്പുറത്ത് കൈകെട്ടി വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു.
പെട്ടെന്ന് ശ്രീബാല ജിതേഷിന്റെ  കൈ വലിച്ചെടുത്തു. അതിൽ തന്റെ മുഖം ചേർത്ത് അവൾ അവന്റെ കൈക്കുമ്പിളിൽ ഉമ്മ വെച്ചു! എന്നിട്ട് ആരെയും നോക്കാതെ അവിടെ നിന്നും കരഞ്ഞുകൊണ്ട്  വീടിനകത്തേക്ക് ഓടിക്കയറി.കണ്ണനും വേണിയും ജിതേഷും എല്ലാവരും സ്തബ്ധരായി  നിന്നു!
കണ്ണന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.വേണി ജിതേഷിനെ നോക്കി.
അവൻ ശ്രീബാല ഉമ്മ വെച്ച കൈ മുഖത്തോടടുപ്പിച്ച് അതിൽ തന്നെ നോക്കി നിൽക്കുകയായണ്.അതിൽ അവളുടെ കണ്ണുനീർ പറ്റിപ്പിടിച്ചിരുന്നു.അവന് പെട്ടെന്ന് എന്തോ കുറ്റബോധം തോന്നി.ശ്രീബാലയെ  ഒന്നുകൂടി കാണണമെന്ന് തോന്നി. ജിതേഷ്  പെട്ടെന്ന് ആ കൈ  തന്റെ ചുണ്ടോട് ചേർത്തു.
"എടാ എടാ ഞങ്ങൾ കുറച്ച് പേർ ഇവിടൊക്കെ തന്നെ നിൽപ്പുണ്ട് കേട്ടോ.."കണ്ണൻ പറഞ്ഞത് കേട്ട് ജിതേഷ്  ചമ്മി.ഇതെല്ലം ആരെങ്കിലും കാണുന്നുണ്ടോ എന്നായിരുന്നു വേണിയുടെ ഭയം.
"അതെ അതുപോലെരെണ്ണം ഇവിടെയും ആവാം.."കണ്ണൻ തന്റെ കവിൾ അവൾക്ക്  നേരെ നീട്ടി .
"അയ്യടാ ആദ്യം കല്യാണം കഴിയട്ടെ..എന്നിട്ട് ആലോചിക്കാം.."വേണി ചുണ്ട് കൊട്ടി.അവരോട് യാത്ര പറഞ്ഞ് അവൾ വീട്ടിലേക്ക് കയറി.
അവിടെ തീന്മേശയുടെ അടുത്ത്  അവളെയും  കാത്ത് ശേഖരൻ നിൽപ്പുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം കണ്ടതും വേണിക്ക്   ചെറിയ ഭയം തോന്നി.വെളിയിൽ നടന്നതൊക്കെ അച്ഛൻ കണ്ടു കാണുമോ എന്നവൾ ഭയന്നു .ശ്രീബാലയെ അവിടെയെങ്ങും  കണ്ടില്ല.അവൾ മുറിയിലായിരിക്കുമെന്ന് വേണിക്ക്  മനസ്സിലായി.അവൾ ശേഖരന്റെ മുഖത്ത് നോക്കാതെ മുറിയിലേക്ക് നടക്കാൻ തുടങ്ങി.
"കുട്ടി അവിടൊന്ന് നിൽക്കു!"ശേഖരൻ പറഞ്ഞു.അയാളുടെ സ്വരം കനത്തതായിരുന്നു!
വേണിക്ക്  ഭയം തോന്നി.
"അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെ ആണ് ഞാൻ നിങ്ങളെ വളർത്തിയത് എന്നൊന്നും ഞാൻ പറയുന്നില്ല.കാരണം അമ്മയില്ലാത്തത്  ഒരു കുറവ് തന്നെയാണ്.പെണ്മക്കൾക്കളായാലും ആണ്മക്കൾക്കളായാലും കാര്യപ്രാപ്തി എത്തുന്നതുവരെ അമ്മമാർ എപ്പോഴും കൂടെ തന്നെ ഉണ്ടാവണം.പക്ഷെ എന്നാൽ കഴിയുന്നത് പോലെ ഞാൻ നിങ്ങൾക്ക് വേണ്ടിയതൊക്കെയും ചെയ്ത് തരാൻ ശ്രമിച്ചിട്ടുണ്ട്.എന്റെ വിഷമങ്ങളും കഷ്ടതകളും ഒക്കെ മനസ്സിലാക്കി ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ ആണ് നിങ്ങൾ ഇത്ര നാളും  വളർന്നത്.പക്ഷെ ഇപ്പൊ!" അദ്ദേഹത്തിന്റെ  ശബ്ദം ഇടറി.
ശേഖരൻ എന്താണ് പറഞ്ഞുവരുന്നതെന്ന് വേണിക്ക് മനസ്സിലായില്ല.വെളിയിൽ നടന്ന സംഭവത്തെ കുറിച്ചാണോ അദ്ദേഹം സംസാരിക്കുന്നതെന്ന് അവൾക്ക് പിടികിട്ടിയില്ല..അവൾ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയില്ല.
"ഇന്ന് അമ്പലത്തിൽ നടന്ന സംഭവം ഞാൻ അറിഞ്ഞു."ശേഖരൻ പറഞ്ഞു.ജിതേഷിന്റെ കൈയിൽ ശ്രീബാല ഉമ്മ വെച്ച സംഭവത്തെ പറ്റി അല്ല ശേഖരൻ  പറഞ്ഞുവരുന്നത് എന്നറിഞ്ഞപ്പോൾ  വേണിക്ക് സ്വൽപം ആശ്വാസം കിട്ടി.
"അച്ഛാ അത് ആ പ്രദീഷും  കൂട്ടരും.."വേണി എന്തോ പറയാൻ തുടങ്ങി.
"എന്തായിരുന്നു എന്തിനായിരുന്നു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല..ന്യായം ചിലപ്പോ നമ്മടെ ഭാഗത്തായിരിക്കും പക്ഷെ നിങ്ങൾ രണ്ട് പെൺകുട്ടികളാണ്.ഏതോ രണ്ട് ചെറുപ്പക്കാർ നിങ്ങളുടെ കൂടെ നടക്കുക,നിങ്ങൾക്ക്  വേണ്ടി അവിടെ തല്ലും പിടിയും ഉണ്ടാക്കുക..നാട്ടുകാർക്ക് പിന്നെ പറഞ്ഞ് നടക്കാൻ വേറെ എന്തെങ്കിലും വേണോ?" ശേഖരൻ  ചോദിച്ചു.വേണി ഒന്നും മിണ്ടാതെ കേട്ട് നിന്നു.
"കല്യാണം ആലോചിച്ചു എന്നല്ലാതെ ഉറപ്പിച്ചിട്ടൊന്നുമില്ലല്ലോ.നമ്മളെ നമ്മള് സൂക്ഷിച്ചാൽ നന്ന്.."ശേഖരൻ പറഞ്ഞു.
"അകത്തേക്ക് ഒരാള് കരഞ്ഞുകൊണ്ട് കയറിപ്പോയിട്ടുണ്ട്.ഞാൻ ഒന്നും ചോദിക്കാനും പറയാനും പോയില്ല.കുട്ടി ചെന്നൊന്ന് ആശ്വസിപ്പിക്കുക.."ശേഖരൻ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.അമ്പലത്തിൽ ജിതേഷ് പ്രദീഷിനോടും  കൂട്ടരോടും വഴക്കിട്ടത്  ശേഖരൻ എങ്ങനെയോ അറിഞ്ഞു.അതിന്റെ പേരിലാവും ശ്രീബാല വിഷമിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്.വീടിന്റെ വെളിയിൽ നടന്ന സംഭവം അദ്ദേഹം കണ്ടിട്ടില്ല എന്നവൾക്ക് മനസ്സിലായി.കണ്ടിരുന്നെങ്കിൽ ഇതാവില്ല അവസ്ഥ.ഓർത്തപ്പോൾ വേണിക്ക്  നല്ല പേടി തോന്നി.അവൾ വേഗം ശ്രീബാലയുടെ മുറിയിലേക്ക് ചെന്നു.
അവിടെ ശ്രീബാല കട്ടിലിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
വേണിയെ കണ്ടതും അവൾ ഏങ്ങലടിച്ച് കരഞ്ഞു.വേണി മുറിയുടെ വാതിലടച്ചിട്ടിട്ട് അവളുടെ അടുത്ത് ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
"ഞാൻ..ഞാൻ ഒരു ചീത്ത പെണ്ണാ അല്ലെ മോളെ..ഞാൻ ഇന്ന് ഒരന്യ പുരുഷനെ..ഞാൻ ഉമ്മ വെച്ചില്ലേ.."ശ്രീബാല കരഞ്ഞുകൊണ്ട് പറഞ്ഞു.
"കരയാതെ ചേച്ചി..അത് സാരമില്ല വിട്ടേക്ക്.."വേണി പറഞ്ഞു.
"എന്നാലും ഇന്നേ വരെ ഒരന്യ പുരുഷന്റെ മുഖത്ത് ഞാൻ അനാവശ്യമായി ഒന്ന് നോക്കിയിട്ട് കൂടി  ഇല്ല.ഇന്ന് ഞാൻ എന്നെ മറന്നു നിന്നെയും അച്ഛനെയും മറന്നു.പെട്ടെന്ന്..ഞാൻ അറിയാതെ ചെയ്തുപോയതാ.."ശ്രീബാല പിന്നെയും കരഞ്ഞുകൊണ്ടിരുന്നു.
"ചേച്ചിയെ എനിക്കറിയാമല്ലോ..ഇന്നേവരെ എന്റെ ചേച്ചി ഒരു പേരുദോഷവും കേൾപ്പിച്ചിട്ടില്ല.ചേച്ചിക്ക് ജിതേഷേട്ടനെ  അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടല്ലേ..അത് സാരമില്ല.മറന്ന് കളഞ്ഞേക്ക്‌..ഇങ്ങനെ കരയല്ലേ.."വേണി അവളുടെ മുടിയിൽ തലോടി.ശ്രീബാല അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു..
അന്ന് രാത്രി തന്നെ  ശേഖരൻ രാഘവന്റെ വീട്ടിൽ ചെന്നു.
"എന്താ മാഷെ ഈ നേരത്ത് ?"രാഘവൻ അമ്പരന്നു.
"നമ്മുക്ക് എത്രയും പെട്ടെന്ന് താൻ അന്ന് പറഞ്ഞ സുധിയുടെ  വീട്ടിൽ പോണം.ജിതേഷിനെയും കണ്ണനെയും പറ്റി അന്വേഷിക്കണം."ശേഖരൻ പറഞ്ഞു.അദ്ദേഹത്തിന്റെ മുഖത്തെ വെപ്രാളം കണ്ട് രാഘവൻ ഭാര്യയോട് അദ്ദേഹത്തിനെന്തെങ്കിലും കുടിക്കാൻ എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
"എന്താ മാഷെ പെട്ടെന്ന്?ഇന്ന്  അമ്പലത്തിൽ നടന്ന സംഭവം വെച്ചിട്ടാണോ?ഞാനും കേട്ടിരുന്നു."രാഘവൻ പറഞ്ഞു..
"അതുമുണ്ടെന്ന് കൂട്ടിക്കോളൂ.പിന്നെ നല്ല കാര്യങ്ങൾ വെച്ച് താമസിപ്പിക്കണ്ടല്ലോ.എന്റെ കുട്ടികൾക്ക് രണ്ടാളെയും നന്നായിട്ട് ബോധിച്ചിട്ടുണ്ട്.ജിതേഷിനും കണ്ണനും  ഉടനെ ഡെൽഹിയിലേക്ക് തിരികെ പോവണം എന്നല്ലേ അന്ന് പറഞ്ഞത് ?അതിന് മുൻപ് വിവാഹം നടത്താൻ താൽപര്യമുണ്ടെന്ന്? അതുകൊണ്ട് നമ്മുക്ക് നാളെ തന്നെ സുധിയുടെ വീട്ടിൽ പോകാം."ശേഖരൻ  പറഞ്ഞു.രാഘവന്റെ ഭാര്യ കൊണ്ടുകൊടുത്ത വെള്ളം കുടിച്ച് അദ്ദേഹം അവിടെ നിന്നിറങ്ങി.
പിറ്റേ ദിവസം രാവിലെ വേണി ശ്രീബാലയെ വിളിച്ചുണർത്തി.
"ചേച്ചി എഴുന്നേൽക്കുന്നില്ലേ?സ്കൂളിൽ പോവണ്ടേ?"വേണി ചോദിച്ചു.
ശ്രീബാലയുടെ കണ്ണുകൾ കരഞ്ഞ് വീർത്തിരുന്നു.
"ഇല്ല മോളെ..ഈ കോലത്തിൽ സ്കൂളിൽ പോയാൽ ശരി ആവില്ല..നാണക്കേടാവും.."ശ്രീബാല പറഞ്ഞു.
"എന്തൊരു കരച്ചിലായിരുന്നു ചേച്ചി..കുളിച്ചിട്ടൊക്കെ അച്ഛന്റെ മുൻപിലോട്ട്  ചെന്നാൽ മതി..കണ്ണ് രണ്ടും ഇപ്പൊ മത്തങ്ങാ പോലെ ആയി."വേണി അവളെ നോക്കി വിഷമത്തോടെ പറഞ്ഞു.
"അച്ഛൻ എന്തെങ്കിലും പറഞ്ഞോ നിന്നോട്?"ശ്രീബാല ചോദിച്ചു.
"ഇന്നലെ അമ്പലത്തിൽ നടന്ന സംഭവം മാത്രമേ അറിഞ്ഞിട്ടുള്ളു.."വേണി ശബ്ദം താഴ്ത്തി പറഞ്ഞു.
"അല്ലെങ്കിലേ ഹരിയേട്ടന്റെ കാര്യം കൊണ്ട് അച്ഛൻ ആധി പിടിച്ച് നടക്കുകയല്ലേ..അത് കൊണ്ട് എന്ത് കേട്ടാലും അച്ഛന് ഇപ്പൊ പേടിയാണ്.."വേണി പറഞ്ഞു.ശ്രീബാല ഒന്നും മിണ്ടിയില്ല.
"ഹരിയേട്ടൻ ഇപ്പൊ എവിടെയായിരിക്കും ചേച്ചി?ജീവനോടെ ഉണ്ടാവുമോ?എന്നെങ്കിലും നമ്മളുടെ അടുത്തേക്ക് തിരികെ വരുവോ?ഇത്ര നാളായിട്ടും ഒരു വിവരവുമില്ലല്ലോ.."വേണി ജനലിന്റെ അരികെ ചേർന്ന് നിന്ന് വിദൂരതയിലേക്ക്  നോക്കി പറഞ്ഞു.ശ്രീബാല അവളെ ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല...വേണി ശ്രീബാലയെ ഒന്ന് നോക്കിയിട്ട് റെഡി ആവാൻ പോയി.
വേണി പെട്ടെന്ന് കുളിച്ച് ഒരുങ്ങി വന്നു.ശ്രീബാല കട്ടിലിൽ കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.
"ഞാൻ ഇറങ്ങുവാണെ..ഓരോന്ന് ആലോചിച്ച് ഇവിടെ കരഞ്ഞോണ്ട് ഇരിക്കരുത് കേട്ടോ..അച്ഛനുള്ള കഞ്ഞി ഞാൻ അടുക്കളയിൽ എടുത്ത് വെച്ചിട്ടുണ്ട്.ഞാൻ വരുമ്പഴേക്ക് ഇലയട ഉണ്ടാക്കി വെച്ചേക്കണേ.. "വേണി പറഞ്ഞു.എന്നിട്ട് ശ്രീബാലയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് അവളിറങ്ങി.
വേണി പോയിക്കഴിഞ്ഞിട്ടും ശ്രീബാല കട്ടിലിൽ അതെ ഇരിപ്പ് തുടർന്നു.അവൾക്ക് ഒട്ടും ഉന്മേഷം തോന്നിയില്ല.കുറച്ച് കഴിഞ്ഞ് ശേഖരൻ അവളുടെ മുറിയിലേക്ക് വന്നു.അദ്ദേഹത്തെ കണ്ടതും ശ്രീബാല പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റു.അദ്ദേഹം എങ്ങോട്ടോ ഇറങ്ങാനുള്ള വേഷത്തിലായിരുന്നു.
"വേണി പറഞ്ഞു മോൾക്ക് നല്ല സുഖമില്ലാന്ന്..മോളുടെ ശരീരത്തിനല്ല മനസ്സിനാണ് സുഖമില്ലാത്തതെന്ന് അച്ഛന് അറിയാം.."ശേഖരൻ കട്ടിലിൽ ഇരുന്നുകൊണ്ട് ശ്രീബാലയുടെ മുഖത്തേക്ക്  വിഷമത്തോടെ നോക്കി.കണ്ണുകൾ നിറഞ്ഞതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല."ഇന്നലെ നടന്നതൊന്നും ഓർത്ത് വിഷമിക്കണ്ട..മറന്ന് കളഞ്ഞേക്ക്..അച്ഛൻ കുറച്ച് കഴിഞ്ഞ് ഒരിടം വരെ ഇറങ്ങുവാണ്..രാഘവനും ഒപ്പമുണ്ട്.."ശേഖരൻ പറഞ്ഞു.
"എവിടെക്കാ അച്ഛാ..?"കണ്ണുകൾ തുടച്ച് ശ്രീബാല ചോദിച്ചു.
"പറയാം..പോയി വന്നിട്ട് പറയാം."ശേഖരൻ പറഞ്ഞു.
"ഞാൻ അച്ഛന് കഞ്ഞി എടുത്ത് വെയ്ക്കാം.."ശ്രീബാല അടുക്കളയിലേക്ക് പോയി...
ഉച്ചയോട് കൂടി രാഘവനും ശേഖരനും ഒരു ഓട്ടോയിൽ സുധിയുടെ വീട്ടിലെത്തി. വലിയ മുറ്റവും വിശാലമായ വരാന്തയും ഉള്ള ഭംഗിയുള്ള ഒരു രണ്ടുനില വീടായിരുന്നു അത്.രാഘവന്റെ കൂടെ ഓട്ടോയിൽ നിന്നിറങ്ങി ശേഖരൻ ആ വീടൊന്ന് നോക്കി.പിന്നെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു.കാളിങ് ബെൽ അടിച്ചതും മധ്യവയസ്കയായ ഒരു സ്ത്രീ വാതിൽ തുറന്നു.
രാഘവനെ കണ്ടതും അവരുടെ മുഖം പ്രസന്നമായി.
"എന്താ രാഘവാ സുഖം തന്നെ അല്ലെ?"അവർ ചോദിച്ചു.
"അതെ കമലമ്മേ.."രാഘവൻ വിനയത്തോടെ ചിരിച്ചു.
"ഇത് സുധിയുടെ അമ്മയാ..കമലമ്മ  .."രാഘവൻ കമലയെ ചൂണ്ടി  ശേഖരനോട് പറഞ്ഞു.
"ഇതാരാ?"കമല ശേഖരനെ നോക്കി ചോദിച്ചു.
രാഘവൻ കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.
"നിങ്ങൾ അകത്തേക്ക് വാ.സുധി ഇവിടുണ്ട്.ഞാൻ വിളിക്കാം.."കമല പറഞ്ഞു.രാഘവനും ശേഖരനും വീടിനകത്തേക്ക് കയറി അവിടെ ഒരു സോഫയിൽ ഇരുന്നു.
"സാർ ഇവിടെ ഇല്ലേ?"രാഘവൻ ചോദിച്ചു.
"അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ പോയിരിക്കുകയാണ്.അവിടെ അമ്മ തനിച്ചല്ലേ  ഉള്ളു.രാത്രിയാവും  വരാൻ."കമല  പറഞ്ഞു.
അവർ അകത്തേക്ക് പോയി സുധിയെ  വിളിച്ചു.
"മോനും മോളും നല്ല ഉറക്കമാ..ഇന്നലയാണ് ഹണിമൂൺ കഴിഞ്ഞ് അവർ തിരികെ വന്നത്.."കമല ചിരിയോടെ പറഞ്ഞു.
എന്നിട്ട് അവർ അടുക്കളയിലേക്ക് പോയി.ശേഖരൻ ആ വീടിന്റെ ഭംഗി നോക്കി ഇരിക്കുകയായിരുന്നു.തങ്ങളുടെ വീട് ഇതിന്റെ പകുതിയേ കാണു എന്ന് അദ്ദേഹം മനസ്സിൽ ഓർത്തു.
അപ്പോഴേക്കും ഒരു കൈലിയും ടി ഷർട്ടും ഇട്ട് ഉറക്കച്ചടവോടെ സുധി മുറിയിൽ നിന്നും ഇറങ്ങി വന്നു.
"ഞങ്ങൾ ബുദ്ധിമുട്ടിച്ചു അല്ലെ.."രാഘവൻ ചോദിച്ചു.
"അയ്യോ അത് സാരമില്ല.ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ.."സുധി സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
"അങ്കിളിന് കണ്ണനെയും  ജിതേഷിനെയും കുറിച്ചല്ലേ  അറിയേണ്ടത്.."സുധി ശേഖരനോട് ചോദിച്ചു.അദ്ദേഹം തലയാട്ടി.
"എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഉറപ്പായും ഞാൻ ഇവരിൽ ആരെക്കൊണ്ടെങ്കിലും കെട്ടിച്ചേനേം.. അത്രയ്ക്ക് വിശ്വാസമാ എനിക്ക് രണ്ടാളെയും.."സുധിയുടെ വാക്കുകൾ കേട്ടപ്പോൾ ശേഖരന് കുറച്ചൊന്നുമല്ല ആശ്വാസം ആയത്.
"ഞാൻ കുറച്ച് വർഷങ്ങളായി  അവരുടെ കൂടെ ഡൽഹിയിൽ ഒരേ സ്കൂളിൽ തന്നെ ജോലി ചെയ്യുന്നു.രണ്ടാൾക്കും ഒരു ദുശീലങ്ങളുമില്ല ചീത്ത കൂട്ടുകെട്ടുകളുമില്ല.സ്കൂളിലും അവരെ പറ്റി  എല്ലാവർക്കും  നല്ല അഭിപ്രായമാണ്. രണ്ടാളും ഒരു ഫ്ലാറ്റിൽ ഒരു സർദാർജിയുടെ  ഒപ്പം ഷെയർ ചെയ്താണ് ഇപ്പൊ താമസിക്കുന്നത്.രണ്ടുപേരും സമ്പാദ്യ  ശീലം ഉള്ളവർ ആണ്.ജിതേഷിന് റിയൽ എസ്റ്റേറ്റിന്റെ പരിപാടി കൂടി ഉണ്ട്.അനാഥർ ആണ് എന്നത് ഒരു ബ്ലാക്ക് മാർക്ക് ആയി തോന്നുന്നില്ല എങ്കിൽ ധൈര്യമായി ഈ പ്രൊപ്പോസൽ മുൻപോട്ട് കൊണ്ടുപോയ്ക്കോളു .അങ്കിളിന്റെ മക്കളെ അവർ പൊന്നുപോലെ നോക്കിക്കോളും."സുധി പറഞ്ഞു.ശേഖരന്റെ മുഖം തെളിഞ്ഞു.അദ്ദേഹം രാഘവനെ ആശ്വാസത്തോടെ നോക്കി.
"ഇവൻ പറയുന്നത് ശരി ആണ് കേട്ടോ.."കമല രണ്ടു ഗ്ലാസ് സംഭാരവുമായി അങ്ങോട്ട് വന്നു.
"എനിക്ക് അവരെ നന്നായി അറിയാം.ഇവന്റെ കൂടെ ഒന്നു രണ്ട് പ്രാവശ്യം ഇവിടെ വന്ന് താമസിച്ചിട്ടുണ്ട്.ഇപ്പഴത്തെ ചെറുപ്പക്കാരുടെ യാതൊരു വിധ ദുശീലങ്ങളുമില്ല. ഇവിടെ വന്നാ പിന്നെ അമ്മെ അമ്മെ എന്ന് വിളിച്ച് എന്റെ പിറകെ നടക്കും.വെയ്ക്കാനൊന്നുമറിയില്ലെങ്കിലും എന്നെ അടുക്കളയിൽ എന്തെങ്കിലുമൊക്കെ സഹായിക്കും.പോത്ത്  പോലെ വളർന്നിട്ടും ഇവനിപ്പഴും ഉപ്പും പഞ്ചാരയും കണ്ടാ പോലും തിരിച്ചറിയില്ല."കമല സ്നേഹത്തോടെ സുധിയുടെ  തലയിൽ തട്ടി.അത് കണ്ട് രാഘവനും ശേഖരനും ചിരിച്ചു.
"ഈ അമ്മ.."സുധി പിറുപിറുത്തു.
"ഇപ്പഴാ എന്റെ മനസ്സൊന്ന് തണുത്ത..അമ്മയില്ലാതെ വളർന്ന രണ്ട് കുട്ടികളാണ്..സൗകര്യങ്ങൾ  ഒരുപാടൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാളുടെയും കണ്ണ് നിറയാൻ ഞാൻ ഇട  വരുത്തിയിട്ടില്ല.അത്കൊണ്ട് എന്റെ അടുത്തൂന്ന് പോയാലും രണ്ടാളുടെയും കണ്ണുകൾ നിറയില്ലെന്ന് ഉറപ്പ് വരുത്തണമല്ലോ..ഈ വയസാം കാലത്ത് ഡൽഹി വരെ ഒക്കെ പോയി അന്വേഷിക്കുക എന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യം അല്ലല്ലോ..അതാ രാഘവനേം കൂട്ടി ഇങ്ങോട്ട് വന്നത്..ഇവിടെ വന്ന് നിങ്ങടെ നാവിൽ  നിന്ന് ഇത്രയും കേട്ടപ്പോൾ മനസ്സിന് ഒരുപാട്  സന്തോഷം.."ശേഖരൻ  സംഭാരം കുടിച്ച് കൊണ്ട് പറഞ്ഞു.
പിന്നെയും കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് അവർ അവിടെ നിന്നിറങ്ങി.
"രാഘവാ.. ജിതേഷിനെയും കണ്ണനെയും വിവരം അറിയിക്കു നമ്മക്ക് എത്രയും പെട്ടെന്ന് ഈ വിവാഹം നടത്താമെന്ന്.."തിരികെ വരുന്ന വഴി ശേഖരൻ രാഘവനോട് പറഞ്ഞു.
"ജാതകം ഒക്കെ നോക്കണ്ടേ ?" രാഘവൻ ചോദിച്ചു.
"ജാതകം നോക്കിയിട്ടല്ലല്ലോ ഞാനും അവളും സ്നേഹിച്ചതും ഒരുമിച്ചൊരു  ജീവിതം തുടങ്ങിയതും.മനപ്പൊരുത്തം..അതൊന്ന് മാത്രം മതി.."ശേഖരൻ  പറഞ്ഞു..
അവിടെ  ഓട്ടോ കാത്ത് നിന്ന സമയം കുറച്ച് ദൂരെ മാറിയുള്ള ഒരു പെട്ടിക്കടയിൽ നിന്നും അതിന്റെ ഉടമസ്ഥൻ എന്ന് തോന്നിക്കുന്ന ഒരാൾ അവരെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
"ഇയാളെന്താ നമ്മളെ ഇങ്ങനെ നോക്കി നിൽക്കുന്നത്?"ശേഖരൻ ചോദിച്ചു.അപ്പോഴേക്കും രാഘവൻ ഒരു ഓട്ടോ കൈ കാണിച്ച് നിർത്തി.
"എന്തെങ്കിലും  ആയിക്കോട്ടെ..ദാ ഓട്ടോ വന്ന് മാഷെ..കയറാം.."രാഘവൻ പറഞ്ഞു.അവർ രണ്ടും ഓട്ടോയിൽ കയറി.ശേഖരൻ തിരിഞ്ഞ് നോക്കിയപ്പോൾ പെട്ടിക്കടയിലെ  മനുഷ്യൻ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു...അപ്പോഴേക്കും ഓട്ടോ നീങ്ങി തുടങ്ങിയിരുന്നു..

തുടരും.....( ഇന്ന് ഒരു പാർട്ട് കൂടി വരുന്നുണ്ടേ...കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ  )

അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo